ഷാനവാസ് എസ് | April 6, 2014 - Published on TV New - http://tvnew.in/news/24651.html
ബിജെപിയുടെ രാജ്യസഭാ പ്രതിപക്ഷ ഉപനേതാവും മാധ്യമ വിഭാഗം തലവനുമായ രവിശങ്കര്‍ പ്രസാദ് 16ാം ലോക്സഭയിലെ പാര്‍ട്ടി നിലപാടുകളെക്കുറിച്ചും കേരളത്തിലെ വിജയപ്രതീക്ഷയെക്കുറിച്ചും…
പ്രകടന പത്രിക പോലുമില്ലാതെയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ വിമര്‍ശനത്തെക്കുറിച്ച് ?
അത്തരം വിമര്‍ശനങ്ങളില്‍ കഴമ്പില്ല. ബിജെപിക്ക് രാജ്യത്തെ ജനങ്ങളോട് പറയാനുള്ളതെല്ലാം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡി ഇതിനോടകം പറഞ്ഞു കഴിഞ്ഞു. ഭരണ സ്ഥിരതയും വികസനവുമാണ് ബിജെപി മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാട്. മോഡിയുടെ വിഷന്‍ 2020 രാജ്യത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യമിട്ടുള്ളതാണ്. അധികാരത്തിലെത്തുന്ന പാര്‍ട്ടിയെന്ന നിലയില്‍ രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങളെ പാര്‍ട്ടിക്ക് വിശകലനം ചെയ്യേണ്ടിവരും. അതിനാലാണ് പ്രകടന പത്രിക താമസിക്കുന്നത്. പ്രകാശ് കാരാട്ടിന്റെ വിമര്‍ശനങ്ങളില്‍ കാര്യമില്ല. എന്തുകൊണ്ടാണ് കാരാട്ട് ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നും മനസിലാകുന്നില്ല. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പതനമായിരിക്കും സിപിഎമ്മിന് ഈ തെരഞ്ഞെടുപ്പിലുണ്ടാവുക.
മോഡിയുടെ കാഴ്ചപ്പാടുകളല്ലാതെ ബിജെപിക്ക് സ്വന്തമായൊരു തെരഞ്ഞെടുപ്പ് കാഴ്ചപ്പാടില്ലേ?
മോഡിയുടെ കാഴ്ചപ്പാട് ബിജെപിയുടെ കാഴ്ചപ്പാട് എന്നിങ്ങനെ വേര്‍തിരിച്ചു കാണേണ്ടതില്ല. പാര്‍ട്ടി മുന്നോട്ടുവെക്കുന്ന നയങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കും. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
പരാജയഭീതി മുലമാണ് മോഡി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടുന്നതെന്ന സീതാറാം യെച്ചൂരിയുടെ ആരോപണത്തെക്കുറിച്ച്?
നരേന്ദ്ര മോഡിയുടെ വിജയത്തുടര്‍ച്ചയ്ക്ക് സീതാറാം യെച്ചൂരിയുടെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. പാര്‍ട്ടി തന്ത്രത്തിന്റെ ഭാഗമായാണ് മോഡി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുന്നത്. ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുന്നതിന്റെ ഭാഗമായണത്. പരാജയ ഭീതി മൂലം സുരക്ഷിത മണ്ഡലം തേടിയെന്ന ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണ്.
കേരളത്തിലെ ബിജെപിയെക്കുറിച്ച്?
കേരളത്തില്‍ ഇത്തവണ താമര വിരിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കേരളത്തില്‍ നിന്ന് കേന്ദ്രമന്ത്രിയുണ്ടാവും. കേരളത്തില്‍ ബിജെപിയുടെ വോട്ട് ശതമാനം 11 ശതമാനമായി ഉയരുമെന്ന റിപ്പോര്‍ട്ടുകള്‍ ശുഭസൂചനയാണ്. ബിജെപിയെ സംബന്ധിച്ചിടത്തോളം കേരളം പ്രിയപ്പെട്ടതാണ്. വാജ്പേയി സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് എംപി ഇല്ലാതിരുന്നിട്ടും മലയാളിയായ രാജഗോപാലിനെ കേന്ദ്രമന്ത്രിയാക്കിയത് അതിനാലാണ്.
തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ബിജെപിക്കുള്ളില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ടോ. പാര്‍ട്ടി വിട്ട ജസ്വന്ത് സിങ്ങിന്റെ നടപടിയെ എങ്ങനെ കാണുന്നു?
ബിജെപി ഒരു കുടുംബാധിപത്യത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയല്ല. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. എന്നാല്‍ അതൊക്കെ പരിഹരിക്കാനുള്ള വേദിയും പാര്‍ട്ടിയിലുണ്ട്. ജസ്വന്ത് സി്ങ്ങിനെ സംബന്ധിച്ചിടത്തോളം പാര്‍ട്ടി അധ്യക്ഷ പദവിയും പ്രധാനമന്ത്രി സ്ഥാനവുമൊഴികെ സുപ്രധാന പദവികളെല്ലാം തന്നെ പലപ്പോഴായി നല്‍കിയിട്ടുണ്ട്. ഇത്രയൊക്കെ പരിഗണന നല്‍കിയിട്ടും ജസ്വന്ത് സിങ് പുറത്തുപോയതിനെ ന്യായീകരിക്കാനാവില്ല. സീറ്റ് നല്‍കിയിലെന്ന കാരണത്താല്‍ വിമതനാകുന്നതും ശരിയല്ല. കേരളത്തില്‍ നിന്ന് പാര്‍ട്ടിക്ക് ഒരു എംഎല്‍എ പോലുമില്ലാഞ്ഞിട്ടും ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് സജീവമായി പ്രവര്‍ത്തിക്കുന്നത്. ഏത് രാഷ്ട്രീയപാര്‍ട്ടിയിലും അത്തരം സ്ഥിതിവിശേഷങ്ങളുണ്ട്.
ദേശീയ തലത്തില്‍ ബിജെപിയുടെ വിജയപ്രതീക്ഷകള്‍?
യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് താഴെയിറങ്ങേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. രാജ്യം കണ്ടതില്‍ ഏറ്റവും വലിയ അഴിമതിക്കാണ് രണ്ടാം യു.പി.എ സര്‍ക്കാര്‍ കൂട്ടുനിന്നത്. രാജീവ് ഗാന്ധിയുടെ കാലത്ത് 60 കോടി രൂപയുടെ ബോഫോഴ്സ് കോഴയായിരുന്നു വലുത്. എന്നാല്‍ പതിനായിരം മുതല്‍ രണ്ട് ലക്ഷം കോടി വരെയുള്ള അഴിമതികളാണ് യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായത്. അഴിമതിക്കാരെ സംരക്ഷിക്കുന്ന നയമാണ് യുപിഎയുടേത്. ഇത്രയൊക്കെ അഴിമതി നടന്നിട്ടും അതിനെതിരെ ഫലപ്രദമായ അന്വേഷണത്തിനു പോലും യുപിഎയ്ക്ക് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ് തയ്യാറായില്ല. ദേശീയ സുരക്ഷയ്ക്കും ആഭ്യന്തര സുരക്ഷയ്ക്കും ഏറെ ഭീഷണി ഉയര്‍ന്നിട്ടും ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ യുപിഎ സര്‍ക്കാരിനായില്ല. വില വര്‍ധനയും വളര്‍ച്ചാ മുരടിപ്പും ദുര്‍ഭരണവും മാത്രമാണ് യുപിഎയുടെ നേട്ടങ്ങള്‍.
അഴിമതിയെക്കുറിച്ച് ബിജെപിയുടെ നിലപാട്, ബി.എസ് യെദ്യൂരപ്പയെ തിരിച്ചെടുത്തതിനെ ന്യായീകരിക്കാനാകുമോ, അഴിമതിക്കാരെ ബിജെപിയും സ്വീകരിക്കുന്നുവെന്നാണോ?
അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം എന്നതാണ് ബിജെപിയുടെ നിലപാട്. അതും യെദ്യൂരപ്പയുമായി ബന്ധമില്ല. അഴിമതിയുടെ പേരില്‍ ഭരണം നഷ്ടമായ ശേഷം യെദ്യൂരപ്പ പുതിയ പാര്‍ട്ടിയുണ്ടാക്കി. എന്നാല്‍ അത് യെദ്യൂരപ്പയ്ക്കോ ബിജെപിക്കോ ഗുണം ചെയ്തില്ല. രണ്ടു കൂട്ടര്‍ക്കുമുണ്ടായ നഷ്ടം മനസിലായതിനെത്തുടര്‍ന്നും ഒന്നിച്ചുനില്‍ക്കേണ്ടതിന്റെ ആവശ്യകത ബോധ്യമായതിനാലുമാണ് അദ്ദേഹം വീണ്ടും പാര്‍ട്ടിയിലെത്തിയത്. അല്ലാതെ അഴിമതിക്കാരെ സംരക്ഷിക്കുന്ന തരത്തില്‍ അതിലൊന്നുമില്ല. അഴിമതി കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും പാര്‍ട്ടി തയ്യാറല്ല.
പ്രതിരോധ മന്ത്രി എ.കെ ആന്റണിയെ ബിജെപി നേതൃത്വം കടന്നാക്രമിക്കുന്നുണ്ടല്ലോ?
രാജ്യം കണ്ട ഏറ്റവും ദുര്‍ബലനായ പ്രതിരോധ മന്ത്രിയാണ് എ.കെ ആന്റണി. അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണി വര്‍ധിക്കുമ്പോഴും തീരുമാനമെടുക്കാന്‍ പോലും കഴിവില്ലാത്ത മന്ത്രിയെന്ന നിലയിലാണ് പാര്‍ട്ടി നേതൃത്വം ആന്റണിയെ കടന്നാക്രമിക്കുന്നത്. 500 തവണ ചൈന അതിര്‍ത്തിയില്‍ കടന്നാക്രമണം നടത്തി. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടിയൊന്നുമുണ്ടായില്ല. അതിര്‍ത്തിയില്‍ പാക്കിസ്ഥാന് നടത്തിയ ആക്രമണത്തെക്കുറിച്ച്, പാക് പട്ടാള വേഷമിട്ട ഭീകരരാണ് ആക്രമണം നടത്തിയതെന്ന ആന്റണിയുടെ പ്രസ്താവന പ്രതിരോധ മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവുകേട് വ്യക്തമാക്കുന്നതായിരുന്നു.
കൊച്ചി: തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച് എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി തോമസിന്റെ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതായി ആരോപണം. ഭരണ നേട്ടങ്ങള്‍ അവകാശപ്പെടുന്ന ഫഌ്സ് ബോര്‍ഡുകളാണ് മണ്ഡലത്തില്‍ പലയിടത്തും ഇപ്പോഴും സജീവമായിട്ടുള്ളത്. ചട്ട ലംഘനത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട ഫ്ളക്സ് ബോര്‍ഡുകളാണ് മണ്ഡലത്തില്‍ വീണ്ടും ഇടം നേടിയിരിക്കുന്നത്.
രാജ്യത്തെ രാഷ്ട്രീയ മാറ്റത്തിന് കണ്ണിയാകാന്‍ കഴിയുമെന്ന പ്രതീക്ഷയോടെയാണ് എറണാകുളം ലോക്സഭ ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന് മത്സരത്തിനിറങ്ങുന്നത്. ജനകീയ പ്രശ്നങ്ങളെ ഏറ്റെടുക്കുന്നതിലൂടെ കേരളത്തില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാനാകുമെന്നും അദ്ദേഹം. 16ാം ലോക്സഭ തെരഞ്ഞെടുപ്പിലെ ബിജെപി നിലപാടുകളെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ രാധാകൃഷ്ണന് സംസാരിക്കുന്നു.
കൊച്ചി: പി.എം ഹമീദെന്ന ഹമീദിക്കയെയും ഫുട്ബോളിനെയും അടര്‍ത്തി ചിന്തിക്കാന്‍ കൊച്ചിക്കാര്‍ക്ക് ആകില്ല. ആറ് പതിറ്റാണ്ട് പിന്നിടുന്ന ജീവിതത്തില്‍ 30 വര്‍ഷമായി ഒരു ഫുട്ബോള്‍ ടൂര്‍ണമെന്റ് മുടങ്ങാതെ നടത്തിയാണ് ഹമീദിക്ക കായിക ലോകത്തിന് പ്രിയപ്പെട്ടവനാകുന്നത്.
കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മാത്യു ടി തോമസിന്റെ പ്രചരണം ശക്തമാകുമ്പോഴും സ്ഥാനാര്‍ത്ഥിയായി ആദ്യം നിശ്ചയിച്ച പി.കെ ഹരികുമാറിനെ മറക്കാനാകാതെ വൈക്കം. ഹരികുമാറിനു വോട്ടഭ്യര്‍ത്ഥിച്ചുള്ള ചുവരെഴുത്തുകളും ഫേസ്ബുക്ക് അക്കൗണ്ടും ഇപ്പോഴും സജീവം. പാര്‍ട്ടി അവഗണിച്ചാലും വൈക്കത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഹരികുമാറിനെ അവഗണിക്കാനാവില്ലെന്നതിന്റെയും പാര്‍ട്ടി തീരുമാനത്തോടുള്ള നീരസത്തിന്റെയും നേര്‍ച്ചിത്രങ്ങള്‍ കൂടിയാണ് ഈ ചുവരെഴുത്തുകള്‍.
അധ്യയന വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും സൗജന്യ സ്കൂള്‍ യൂണിഫോം വിതരണം എങ്ങുമെത്തിയിട്ടില്ല. സര്‍ക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും അലംഭാവം കുട്ടികളെയും രക്ഷിതാക്കളെയും പോലെ സ്കൂള്‍ അധികൃതരെയും സാരമായി ബാധിച്ചു. അസംബന്ധങ്ങളും അബദ്ധങ്ങളും നിറഞ്ഞ ഉത്തരവുകളിലൂടെ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളെ കുത്തക കമ്പനികള്‍ക്കു തീറെഴുതി നല്കിയ അധികൃതര്‍ ലാഭവിഹിതം പറ്റുന്നതില്‍ മാത്രം ശ്രദ്ധവെച്ചതാണ് പദ്ധതിയെ അനിശ്ചിതത്വത്തിലാക്കിയത്.
നിലവില്‍ പല സ്കൂളുകളിലും അഞ്ചാം ക്ലാസ് മുതല്‍ പാന്റ്സ് ആണ്. കേരളത്തിലെ കുട്ടികളുടെ ശാരീരിക വളര്‍ച്ചയും വസ്ത്രധാരണത്തില്‍ വന്ന മാറ്റവും മനസിലാക്കാത്ത മണ്ടന്‍ ഉത്തരവിനെതിരേ രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ ചാട്ടവാറെടുത്തപ്പോള്‍, ആണ്കുട്ടികള്ക്കെല്ലാം പാന്റ്സ് ആകാമെന്ന് ഉത്തരവു തിരുത്തി. എന്നാല്‍ യൂണിഫോമിന് ഉപയോഗിക്കേണ്ട തുണിയുടെ അളവ് കണ്ടതോടെ, ഈ പദ്ധതിയും ഉത്തരവും നിരുത്തരപാദമായ തീരുമാനങ്ങളാണെന്ന് വ്യക്തമാകുകയായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിക്ക് 52 സെ.മി വീതിയും 160 സെ.മി നീളവുമുള്ള ദുപ്പട്ടയാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ 12 മുതല്‍ 14 വരെ വയസിനിടക്ക് പ്രായമുള്ള ശരാശരി വിദ്യാര്‍ഥിനിക്ക് ദുപ്പട്ടക്കായി 90 സെ.മി വീതിയും 2 മീറ്റര്‍ നീളവുമുള്ള തുണി വേണമെന്നു തയ്യല്‍ക്കാര്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായി വരുന്ന തുണിയുടെ അളവ് ശേഖരിച്ചു നല്‍കാനുള്ള ചുമതല സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കാണ് ആദ്യം നല്‍കിയിരിക്കുന്നത്. ഷര്‍ട്ട്, സ്യൂട്ടിംഗ്, പാന്റ്, ദുപ്പട്ട, നിക്കര്‍ എന്നിവയുടെ അളവെടുപ്പിച്ച് വിദ്യാഭ്യാസ ഉപജില്ലാ ഓഫീസര്‍മാര്‍ക്ക് നല്‍കണമെന്നായിരുന്നു ആദ്യ നിര്‍ദേശം. നിര്‍ദേശത്തിനെതിരെ രക്ഷിതാക്കള്‍ ശബ്ദമുയര്‍ത്തിയപ്പോള്‍, രക്ഷിതാക്കള്‍ തന്നെ അളവെടുത്ത് സ്കൂള്‍ അധികൃതര്‍ക്കു നല്‍കണമെന്ന പുതിയ നിര്‍ദേശം പിന്നാലെയെത്തി.
ഇത്തരത്തില്‍, ടെണ്ടര്‍ നല്കിയ കമ്പനികളെ സഹായിക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ വീണ്ടും സര്‍ക്കാരിന് തിരിച്ചടിയായി. സ്കൂള്‍ യൂണിഫോം കരാര്‍ സ്വകാര്യകമ്പനികള്‍ക്ക് നല്കിയതും വന്‍ വിവാദമായി. സ്വകാര്യ വസ്ത്രനിര്‍മ്മാണ കമ്പനികളെ ഏല്പിച്ചതു വഴിയാണ് കോടികളുടെ തട്ടിപ്പിന് സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും ആക്ഷേപമുയര്‍ന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ ടെക്സ്റ്റൈല്‍ കോര്‍പറേഷനെ ഒഴിവാക്കിയായിരുന്നു സര്‍ക്കാര്‍ തീരുമാനങ്ങള്‍. ഖാദി, കൈത്തറി പോലുള്ള കേരളത്തിലെ പരമ്പരാഗത വസ്ത്ര നിര്‍മ്മാണ സ്ഥാപനങ്ങളെയും സര്‍ക്കാര്‍ ഒഴിവാക്കി. യൂണിഫോമിനായി വകയിരുത്തിയ 113 കോടിയുടെ കമ്മീഷന് ഇനത്തില്‍ 20 ശതമാനം, ഏകദേശം 23 കോടിയോളം രൂപ തട്ടിയെടുക്കാനുള്ള നീക്കമാണ് ഇതിനെല്ലാം പിന്നിലെന്നും ആക്ഷേപമുയര്‍ന്നിട്ടും വ്യക്തമായ തീരുമാനം കൈക്കൊള്ളാനോ വിശദീകരണം നല്‍കാനോ സര്‍ക്കാര്‍ മെനക്കെട്ടില്ല.
കൊച്ചി: പുതുവൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനലിന്റെ ശേഷി പൂര്‍ണമായി വിനിയോഗിക്കുന്ന തരത്തില്‍ സാഹചര്യങ്ങള്‍ അനുകൂലമാക്കണമെന്ന് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി. നിലവില്‍ എട്ട് ശതമാനം മാത്രമാണ് ശേഷി വിനിയോഗം. എല്‍എന്‍ജിക്കുള്ള ഉയര്‍ന്ന വിലയാണ് പല സ്ഥാപനങ്ങളെയും നിരുത്സാഹപ്പെടുത്തുന്നത്. ഇത്തരം സാഹചര്യങ്ങള്‍ അതിജീവിക്കാനായില്ലെങ്കില്‍ പദ്ധതി കൊണ്ടുള്ള പ്രയോജനം ലഭിക്കില്ല. പ്രകൃതി വാതകത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 18ന് ചേംബര്‍ ആസ്ഥാനത്ത് ശില്‍പ്പശാല സംഘടിപ്പിച്ചിട്ടുണ്ടെന്നും കെസിസിഐ ഭാരവാഹികള്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.