Showing posts with label Election 2014. Show all posts
Showing posts with label Election 2014. Show all posts

Saturday, May 17, 2014

ചാലക്കുടിയില്‍ താരത്തിളക്കത്തില്‍ ഇടതുപക്ഷത്തിന് ജയം

ഷാനവാസ്.എസ്‌ | May 16, 2014 - http://tvnew.in/news/31254.html

innocentതൃശൂര്‍: ചാലക്കുടി മണ്ഡലത്തില്‍ നിന്നും ചരിത്ര വിജയം നേടിയാണ് ഇന്നസെന്റ് പാര്‍ലമെന്റിലെത്തുന്നത്. 13,884 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ഇന്നസെന്റ് ഇതോടെ കേരളത്തില്‍ നിന്ന് പാര്‍ലമെന്റിലെത്തുന്ന ആദ്യ സിനിമാ താരം കൂടിയായി. 3,58,440 വോട്ടുകളാണ് ഇന്നസെന്റ് നേടിയത്. തൊട്ടുപിന്നിലുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് വക്താവുമായ പി.സി ചാക്കോ 3,44,556 വോട്ടുകളോടെ രണ്ടാം സ്ഥാനത്തും ബിജെപിയുടെ ബി. ഗോപാകൃഷ്ണന്‍ 92,848 വോട്ടുകളോടെ മൂന്നാം സ്ഥാനത്തുമെത്തി.
ആം ആദ്മി സ്ഥാനാര്‍ത്ഥി കെ.എം നൂര്‍ദ്ദീന്‍ 35,000 ത്തോളം വോട്ടുകളും എസ്ഡിപിഐ 14.000ത്തോളം വോട്ടുകളും വെല്‍ഫയര്‍ പാര്‍ട്ടി 12,000ത്തോളം വോട്ടുകളും നേടിയപ്പോള്‍ നോട്ട 10552 വോട്ടുകളും നേടി. യുഡിഎഫിന് മേല്‍ക്കൈയുള്ള മണ്ഡലം തിരിച്ചുപിടിക്കാന്‍ സിപിഐഎം നടത്തീയ നീക്കം ഫലം കണ്ടുവെന്നാണ് ചാലക്കുടിയിലെ തിരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലത്തില്‍ പുരുഷന്മാരേക്കാള്‍ ഇരുപത്തിയൊന്നായിരത്തിലധികം വരുന്ന സ്ത്രീവോട്ടര്‍മാരും അമ്പതിലായിരത്തിലധികം വരുന്ന പുതിയ വോട്ടര്‍മാരുമാണ് എല്‍ഡിഎഫിനെ തുണച്ചത്. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പെരിഞ്ഞനത്ത് നടന്ന കൊലപാതകത്തില്‍ സി.പി.എം ലോക്കല്‍കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റിലായത് ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പില്‍ പ്രധാന വെല്ലുവിളിയായിരുന്നു.
സി.പി.എമ്മിന്റേത് കൊലപാതകരാഷ്ട്രീയമാണെന്ന് ആരോപിച്ച യുഡിഎഫ് സംഭവത്തെ പരമാവധി മുതലെടുത്തിരുന്നു. അതിനാല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് തിരിച്ചടിയാകുമെന്ന കണക്കുക്കൂട്ടലാണ് ഇന്നസെന്റിനെ പോലൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയിലേക്ക് ഇടതുപക്ഷത്തെ എത്തിച്ചത്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നീക്കം മികച്ച ഫലം കണ്ടു. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച ലീഡ് നേടാന്‍ ഇടതു മുന്നണിക്കായി.
2009ലെ പൊതു തെരഞ്ഞെടുപ്പിനുശേഷം ചാലക്കുടിയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കും മാറ്റമുണ്ടായിരുന്നു. 2009ലെ തെരഞ്ഞെടുപ്പില്‍ കയ്പ്പമംഗലത്ത് മാത്രമാണ് എല്‍ഡിഎഫിന് ലീഡ് നേടാനായത്. മറ്റു ആറ് നിയമസഭാ മണ്ഡലങ്ങള്‍ യുഡിഎഫിന് ഒപ്പമാണ് നിന്നത്. 2010ലെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും അത് പ്രതിഫലിച്ചു. എല്ലായിടത്തും യുഡിഎഫ് അധികാരത്തിലെത്തി.
എന്നാല്‍ 2011ലെ തെരഞ്ഞെടുപ്പില്‍ ചില മാറ്റങ്ങള്‍ കണ്ടു. കൈപ്പമംഗലം, ചാലക്കുടി, പെരുമ്പാവൂര്‍, അങ്കമാലി മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വിജയക്കൊടി പാറിച്ചപ്പോള്‍ കൊടുങ്ങല്ലൂര്‍, ആലുവ, കുന്നത്തുനാട് എന്നീ മണ്ഡലങ്ങളാണ് യുഡിഎഫിന് ലഭിച്ചത്. ഇത്തവണ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ലീഡ് നേടാന്‍ എല്‍ഡിഎഫിന് കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്. ചാലക്കുടി മണ്ഡലം നിലവില്‍ വന്ന ശേഷമുള്ള രണ്ടാമത്തെ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഇന്നസെന്റിലൂടെ ഇടതു മുന്നണിക്കു കഴിഞ്ഞു.
അതേസമയം, കോണ്‍ഗ്രസിനുള്ള അഭിപ്രായ ഭിന്നതയും തമ്മില്‍തല്ലുമാണ് യുഡിഎഫിന് ക്ഷീണം ചെയ്തത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെപ്പോലും വൈകിപ്പിച്ചത് ചാലക്കുടി മണ്ഡലം സംബന്ധിച്ച തര്‍ക്കങ്ങളായിരുന്നു. തൃശൂര്‍ ഡിസിസി പ്രസിഡന്റ് ഐ ഗ്രൂപ്പില്‍ നിന്ന് എ ഗ്രൂപ്പ് പദം പിടിച്ചെടുത്തതാണ് കോണ്‍ഗ്രസിനുള്ളില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്. കാലങ്ങളായി ഐ ഗ്രൂപ്പ് ആയിരുന്നു ഡി.സി.സി. അടക്കിവാണിരുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.സി ചാക്കോ വിജയിക്കുമ്പോള്‍ സി.എന്‍.ബാലകൃഷ്ണനാണു ഡി.സി.സിയുടെ ചുക്കാന്‍ പിടിച്ചിരുന്നത്. പുന:സംഘടനയില്‍ എ ഗ്രൂപ്പുകാരനായ ഒ.അബ്ദുറഹ്മാന്‍കുട്ടി ഡി.സി.സി. പ്രസിഡന്റായത് പി.സി.ചാക്കോയുടെ താത്പര്യപ്രകാരമായിരുന്നു. ഇതേത്തുടര്‍ന്ന് ഐ ഗ്രൂപ്പിന് ചാക്കോയോട് കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു. പരദേശിക്കു സീറ്റു കൊടുക്കരുതെന്ന അഭിപ്രായവുമായി ഐ ഗ്രൂപ്പ് രംഗത്തെത്തിയതോടെ എ.കെ ആന്റണിക്കുപോലും വിഷയത്തില്‍ ഇടപെടേണ്ടിവന്നു. ചാക്കോയ്ക്കും പകരം ചാലക്കുടി എംപി കെ.പി ധനപാലനെ തൃശൂരിലും പി.സി ചാക്കോയെ ചാലക്കുടിയും മത്സരിപ്പിക്കാന്‍ തീരുമാനമെടുത്തു. സീറ്റ് വിട്ടു നല്‍കുന്നതില്‍ ധനപാലനുള്ള എതിര്‍പ്പുകളെ മറികടന്നായിരുന്നു തീരുമാനം. ചാലക്കുടിയില്‍ ധനപാലനുള്ള ജനകീയത, ചാക്കോക്കില്ലാതിരുന്നതും യുഡിഎഫിന് തിരിച്ചടിയായി.

തിരഞ്ഞെടുപ്പില്‍ താരമായി ഇന്നസെന്റ്

ഷാനവാസ്.എസ്‌ | May 16, 2014 - http://tvnew.in/news/31277.html

innocent-1ചാലക്കുടി: കടുത്ത മത്സരം നടന്ന ചാലക്കുടിയില്‍ വിജയിച്ചതോടെ കേരളത്തില്‍ നിന്ന് പാര്‍ലമെന്റിലെത്തുന്ന ആദ്യ സിനിമാ താരം എന്ന ബഹുമതി കൂടി ഇന്നസെന്റിനു സ്വന്തമായി. തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കുന്ന നാലാമത്തെ സിനിമാ താരം കൂടിയാണ് ഇന്നസെന്റ്.
സിനിമയും രാഷ്ട്രീയവും കൂടിക്കുഴഞ്ഞ തമിഴ്‌നാട്ടില്‍ നിന്ന് വ്യത്യസ്തമാണ് കേരളത്തിലെ രാഷ്ട്രീയ സാഹചര്യം. സിനിമയെയും രാഷ്ട്രീയത്തെയും വെവ്വേറെയായി കാണുന്നതാണ് മലയാളിയുടെ ശീലം. മികച്ച രാഷ്ട്രീയ സിനിമകള്‍ക്ക് കൈയ്യടിക്കുന്ന മലയാളികള്‍ അതുകൊണ്ട് തന്നെ സിനിമാക്കാരെ അത്രയധികം രാഷ്ട്രീയത്തില്‍ തുണച്ചിട്ടില്ല. രാഷ്ട്രീയക്കാരും സിനിമാക്കാരെ കളത്തിലിറക്കി കളിക്കാന്‍ മെനക്കെടാറുമില്ല. തോപ്പില്‍ ഭാസി, രാമു കാര്യാട്ട്, കെ.ബി ഗണേഷ്‌കുമാര്‍ എന്നിവരാണ് ഇതിനു മുന്‍പ് തെരഞ്ഞെടുപ്പിലെ ഭാഗ്യം പരീക്ഷ ജയിച്ച സിനിമാക്കാര്‍.
1957 ല്‍ പത്തനംതിട്ടയില്‍ നിന്ന് ജയിച്ച തോപ്പില്‍ ഭാസി നിയമസഭാംഗമായി. 1965 ല്‍ നാട്ടികയില്‍ നിന്ന് ഇടതു സ്വതന്ത്രനായി സംവിധായകന്‍ രാമുകാര്യാട്ട് ജയിച്ചെങ്കിലും നിയമസഭ ചേരാനായില്ല. രാഷ്ട്രീയ പാരമ്പര്യമുള്ള കെ. ബി ഗണേഷ് കുമാറാണ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി സിനിമാക്കാരന്‍. പത്തനാപുരത്ത് നിന്ന് മൂന്നു തവണ നിയമസഭാംഗമായ ഗണേഷ്‌കുമാര്‍ മന്ത്രിയുമായി. അതേസമയം, മുരളി, ദേവന്‍, ശ്രീനാഥ് എന്നിവര്‍ പരാജയത്തിന്റെ കയ്പ്പറിയുകയും ചെയ്തു. ദീര്‍ഘകാലം ഇടതു സഹയാത്രികനായിരുന്ന മുരളി 1999ല്‍ ആലപ്പുഴയില്‍ സിപിഎം സ്ഥാനാര്‍ഥിയായി വി എം സുധീരനെതിരെ മത്സരിച്ചെങ്കിലും ജനം കൈവിട്ടു. കേരള പീപ്പിള്‍ പാര്‍ട്ടി എന്ന സംഘടനുയമായെത്തിയ ദേവനും ശിവസേന സ്ഥാനാര്‍ഥിയായി മല്‍സരിച്ച ശ്രീനാഥിന്റെ വിധിയും മറിച്ചായിരുന്നില്ല.
ഇടതു മുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇന്നസെന്റിനെ പ്രഖ്യാപിച്ചതു മുതല്‍ മാധ്യമങ്ങളുടെ ശ്രദ്ധ ചാലക്കുടി മണ്ഡലത്തിലേക്കായിരുന്നു. രാഷ്ട്രീയ പരിചയങ്ങളേതുമില്ലാത്ത ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയാക്കിയ സിപിഐഎമ്മിന്റെ രാഷ്ട്രീയ യുക്തിയെപ്പോലും പലരും വിമര്‍ശിച്ചു. എന്നാല്‍ ഇന്നസെന്റിനെ ജനകീയത വോട്ടാക്കി മാറ്റാമെന്ന കണക്കുക്കൂട്ടലിലായിരുന്നു ഇടതുപക്ഷം. പുരുഷന്മാരേക്കാള്‍ ഇരുപത്തൊന്നായിരത്തിലധികം വരുന്ന സ്ത്രീ വോട്ടര്‍മാരെയും അമ്പതിനായിരത്തോളം വരുന്ന പുതിയ വോട്ടര്‍മാരെയും ലക്ഷ്യമിട്ടുള്ള ഇടത് തീരുമാനത്തെ ശരിവെയ്ക്കുന്ന ഇന്നസെന്റിന്റെ വിജയം മുണ്ടുടുക്കാനറിയാത്ത ഇന്നസെന്റ് പാര്‍ലമെന്റില്‍ പോയി എന്തു പറയുമെന്ന് പരിഹസിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള മറുപടി കൂടിയാണ്. ഒപ്പം ജനകീയനായ സിനിമാക്കാരനെ ജനം സ്വീകരിക്കുമെന്നതിന്റെ തെളിവും.

Sunday, March 23, 2014

ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു: എ.എന്‍ രാധാകൃഷ്ണന്‍

ഷാനവാസ്.എസ്‌ | March 22, 2014 - http://tvnew.in/news/22370.html

radhakrishnan_രാജ്യത്തെ രാഷ്ട്രീയ മാറ്റത്തിന് കണ്ണിയാകാന്‍ കഴിയുമെന്ന പ്രതീക്ഷയോടെയാണ് എറണാകുളം ലോക്‌സഭ ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്‍ മത്സരത്തിനിറങ്ങുന്നത്. ജനകീയ പ്രശ്‌നങ്ങളെ ഏറ്റെടുക്കുന്നതിലൂടെ കേരളത്തില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാനാകുമെന്നും അദ്ദേഹം. 16ാം ലോക്‌സഭ തെരഞ്ഞെടുപ്പിലെ ബിജെപി നിലപാടുകളെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ രാധാകൃഷ്ണന്‍ സംസാരിക്കുന്നു.
മൂന്നാം തവണയാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. എന്താണ് വിജയപ്രതീക്ഷ?
മോഡി നേരിട്ടു ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് മത്സരിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ രാജ്യത്ത് നരേന്ദ്ര മോഡിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളത്. മോഡിയെ ശക്തിപ്പെടുത്തുന്ന തരത്തിലുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കാണ് ബിജെപി മുന്‍തൂക്കം കൊടുക്കുന്നത്.
രാജ്യത്തെന്ന പോലെ കേരളത്തിലും ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. ബിജെപിയുടെ നിലപാട് അറിയാനും അവര്‍ക്ക് ആഗ്രഹമുണ്ട്. ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അത് ബിജെപിക്ക് നേട്ടമാകും. കേരളത്തില്‍ ഇപ്പോള്‍ താമര വിരിയാന്‍ തക്ക സാഹചര്യമാണ് നിലനില്‍ക്കുന്നത്. ജയിക്കുമെന്ന ഉറപ്പോടെയാണ് ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. എറണാകുളത്ത് നിന്നും ലോക്‌സഭയിലെത്താനാകുമെന്ന ഉറച്ച വിശ്വാസമുണ്ട്.
മണ്ഡലത്തിലെ പ്രധാന പ്രശ്‌നങ്ങളെക്കുറിച്ച്?
രൂക്ഷമായ കുടിവെള്ള പ്രശ്‌നം, എല്‍എന്‍ജി, ഫാക്ട്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍, എച്ച്എംടി, സ്മാര്‍ട് സിറ്റി തുടങ്ങിയ പൊതുമേഖലാവ്യവസായ സ്ഥാപനങ്ങളുടെ ദുരവസ്ഥ, സാധാരണക്കാരന് വെല്ലുവിളി സൃഷ്ടിക്കുന്ന തീരദേശ പരിപാലന നിയമം തുടങ്ങിയവയാണ് എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍. ജയിക്കുന്ന പക്ഷം, ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണാന്‍ ശ്രമിക്കും. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍, ഓള്‍ഡ് റെയില്‍വേ സ്‌റ്റേഷന്‍ നവീകരണം തുടങ്ങിയ കാര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കും.
ജനകീയ പ്രശ്‌നങ്ങളെ ഏറ്റെടുത്ത ആം ആദ്മി പാര്‍ട്ടിയുടെ രീതി പിന്തുടരുകയാണോ?
അങ്ങനെ പറയാനാവില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ആളല്ല ഞാന്‍. കുടിവെള്ള പ്രശ്‌നം, ഭൂഗര്‍ഭ ജലസംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ നേരിട്ട് ഇടപെടുന്നുണ്ട്. ഫാക്ട് ഉള്‍പ്പെടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും സജീവമായി ഇടപെടാറുണ്ട്.
ഒരു വര്‍ഷം പോലുമാകാത്ത ആം ആദ്മി പാര്‍ട്ടി ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വിജയിച്ചു. ഇത്രയും കാലമായിട്ടും കേരളത്തില്‍ എന്തുകൊണ്ടാണ് ബിജെപിക്ക് ജയിക്കാനാകാത്തത്
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വിജയം പതിനേഴാം വയസ്സില്‍ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത് പോലെയാണ്. അത് ചിലപ്പോഴൊക്കെ സംഭവിക്കാം. ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ അതില്‍ കൂടുതലായി ഒന്നുമില്ല. ബിജെപിയെ സംബന്ധിച്ചിടത്തോളം ഇടത്‌വലത് രാഷ്ട്രീയ പാര്‍ട്ടികളുടെ സമര്‍ദ്ദം മൂലമാണ് കേരളത്തില്‍ വിജയിക്കാന്‍ കഴിയാതിരുന്നത്.
എന്‍.ഡി.എയെ പിന്തുണക്കുമെന്ന കേരള കോണ്‍ഗ്രസ് നാഷണലിസ്റ്റിന്റെ നിലപാടിനെക്കുറിച്ച്?
ചെറുതും വലുതുമായ പാര്‍ട്ടികളെ നിസാരവത്ക്കരിക്കേണ്ട കാര്യമില്ല. പ്രാദേശിക പാര്‍ട്ടികള്‍ക്ക് കേരളത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്. മറ്റു കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പരിശോധിക്കാം.