ഷാനവാസ് എസ് | January 16, 2014 - http://tvnew.in/news/10083.html
എല്‍എന്‍ജി ടെര്‍മിനല്‍ പ്രവര്‍ത്തനക്ഷമമായെങ്കിലും വിവിധ കാരണങ്ങളാല്‍ ടെര്‍മിനലിന്റെ ശേഷി പ്രയോജനപ്പെടുത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് മിഷന്‍ എല്‍എന്‍ജി ദൗത്യവുമായി മുന്നിട്ടിറങ്ങിയതെന്ന് കെസിസിഐ മുന്‍ ചെയര്‍മാന്‍ കെ. എന്‍ മര്‍സൂ്ക് പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. നിലവില്‍ പല സുപ്രധാന വ്യവസായ സ്ഥാപനങ്ങളും പ്രതിസന്ധി നേരിടുകയാണ്. ഊര്‍ജ ലഭ്യതയും വിതരണവുമൊക്കെയാണ് അതിനുള്ള പ്രധാന കാരണങ്ങള്‍. ജോലി സാധ്യത വര്‍ധിക്കുന്നതിനും, വളര്‍ച്ചയ്ക്കും നിലവിലുള്ള വ്യവസായങ്ങള്‍ മെച്ചപ്പെടേണ്ടത് ആവശ്യമാണ്. എങ്കില്‍ മാത്രമേ പുതിയ നിക്ഷേപം സാധ്യമാകൂ. നിലവിലുള്ള വ്യവസായങ്ങള്‍ മുടങ്ങുന്നത് നിക്ഷേപത്തെയും പുരോഗതിയെയും സാരമായി ബാധിക്കും. അതിനാലാണ് എല്‍എന്‍ജി പദ്ധതിയെ പ്രയോജനകരമാക്കുവാനുള്ള പ്രയത്‌നങ്ങള്‍ക്ക് കെസിസിഐ നേതൃത്വം കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
4600 കോടി ചെലവിട്ട ടെര്‍മിനലില്‍ നിന്നു നാല് കമ്പനികളാണ് വാതകം വാങ്ങിയിരുന്നത്. എന്നാല്‍ ഉയര്‍ന്ന വില കാരണം ബിപിസിഎല്‍, നിറ്റ ജലാറ്റിന്‍, കൊച്ചി റിഫൈനറീസ്, ഫാക്ട് തുടങ്ങിയവര്‍ ഭാഗികമായി പിന്മാറിയിരുന്നു. ദീര്‍ഘകാല കരാറില്ലാതെ, ആഗോള വിപണിയിലെ അതതു സമയത്തെ വിലയ്ക്കു വാങ്ങേണ്ടിവരുന്നതാണ് വില വര്‍ധനയ്ക്കു കാരണം. 17 ഡോളറിന് ലഭിച്ചിരുന്ന എല്‍എന്‍ജി 23.74 ഡോളര്‍ എന്ന കൂടിയ യൂണിറ്റ് നിരക്കിനാണ് ഇപ്പോള്‍ വില്‍ക്കുന്നത്. വളം, ഊര്‍ജം തുടങ്ങി വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ എല്‍എന്‍ജിയിലേക്ക് മാറുന്നതില്‍ നിന്നു പിന്നോട്ടടിക്കുന്നതും ഉയര്‍ന്ന വില വര്‍ധനയാണ്. കൂടാതെ, എല്‍എന്‍ജി കൊണ്ടുവരുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള പൈപ്പ്‌ലൈന്‍ സംവിധാനം കാര്യക്ഷമമാകാതിരുന്നതും പ്രതിസന്ധിയുടെ ആഴം കൂട്ടി. ഈ സാഹചര്യം അതിജീവിക്കാനായില്ലെങ്കില്‍ ഹരിത ഊര്‍ജമെന്ന നിലയിലും സ്ംസ്ഥാനത്തിന്റെ രണ്ടാംഘട്ട വികസനത്തിന് ചാലകശക്തിയായും വിലയിരുത്തപ്പെടുന്ന എല്‍എന്‍ജികൊണ്ട് ഉദ്ദേശിച്ച പ്രയോജനം ലഭിക്കില്ല. അതിനാല്‍, കുറഞ്ഞ നിരക്കിലുള്ള ഹരിതോര്‍ജമെന്ന വ്യവസായ, ഗാര്‍ഹിക മേഖലയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചാണ് കെസിസിഐ ശില്‍പ്പശാലയില്‍ ചര്‍ച്ച ചെയ്യുന്നത്.
വില നിര്‍ണയം, വിതരണം എന്നിവയില്‍ സര്‍ക്കാര്‍ നയങ്ങളില്‍ കാതലായ മാറ്റമാണ് വ്യവസായ ലോകം ആവശ്യപ്പെടുന്നതെന്ന് മാനേജ്‌മെന്റ് വിദഗ്ധന്‍ ഡോ. എം.പി. സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. അവശ്യ സാധനമെന്ന നിലയില്‍ രാജ്യമൊട്ടാകെ എല്‍എന്‍ജിക്ക് ഏകീകൃത വില ഏര്‍പ്പെടുത്തണം. സംസ്ഥാനങ്ങള്‍ക്കിടയില്‍ സമീകൃതമായ വിതരണ സംവിധാനം രൂപപ്പെടുത്തണം. ഇറക്കുമതി ചെയ്ത എല്‍എന്‍ജി രാജ്യത്തെ സംബന്ധിച്ചിടത്തോളം പുതിയതാണെന്നിരിക്കെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നികുതി ഇളവ് സംബന്ധിച്ച് ഗൗരവമായി ചിന്തിക്കണം. എല്‍എന്‍ജി ഇന്ധനമാക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങളില്‍ മാ്റ്റം വരുത്താന്‍ പൊതു, സ്വകാര്യ, സ്ഥാപനങ്ങള്‍ക്കും ചെറികിട, സൂക്ഷ്മ വ്യവസായങ്ങള്‍ക്കും സാമ്പത്തിക പിന്തുണ നല്‍കണം. പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് എതിര്‍പ്പുകള്‍ ഇല്ലാതാക്കാന്‍ ബോധവത്കരണം പോലുള്ള നടപടികളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ദീര്‍ഘകാല കരാറില്ലാത്തതാണ് പ്രകൃതി വാതക വില വര്‍ധനയക്ക് കാരണം. പദ്ധതി നടപ്പിലാക്കുന്നതിലുള്ള കാലതാമസമാണ് ദീര്‍ഘകാല കരാര്‍ ലഭിക്കാതിരുന്നതിനു കാരണം. പുതുവൈപ്പിനൊപ്പം ഗുജറാത്തിലെ ദഹേജില്‍ പ്രഖ്യാപിച്ച ടെര്‍മിനല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ, കേരളത്തിനു ലഭിക്കേണ്ട പല ദീര്‍ഘകാല കരാറുകളും നഷ്ടമായി. പദ്ധതിയിലുണ്ടായ കാലതാമസം 80,000 കോടി രൂപ സംസ്ഥാനത്തിന് നഷ്ടം വന്നു. ഇത്തരം സാഹചര്യങ്ങളെ ഫലപ്രദമായി അതിജീവിക്കണം. ആഗോളതലത്തില്‍ ദീര്‍ഘകാല കരാര്‍ ലഭിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കേണ്ടത് ടെര്‍മിനലിന്റെ നിലനില്‍പ്പിന് തന്നെ അനിവാര്യമാണെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതില്‍ വന്ന കാലതാമസമാണ് എല്‍എന്‍ജി ടെര്‍മിനലിന്റെ പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുന്നത്. ഗുജറാത്തില്‍ മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തിയായ പദ്ധതി കേരളത്തില്‍ നടപ്പിലാകാന്‍ 12 വര്‍ഷമെടുത്തു. ദീര്‍ഘകാല കരാര്‍ ലഭിക്കുന്നത് ഉള്‍പ്പെടെ കാര്യങ്ങളെ ഇത് ബാധിച്ചു. ഈ സാഹചര്യം തുടര്‍ന്നാല്‍ സംസ്ഥാനത്തിന് കോടികളുടെ ബാധ്യതയാവും ടെര്‍മിനല്‍ മൂലം ഉണ്ടാവുകയെന്നും കെസിസിഐ ഭാരവാഹികള്‍ പറഞ്ഞു. ഡോ. എം.പി. സുകുമാരന്‍ നായര്‍, കെസിസിഐ മുന്‍ ചെയര്‍മാന്‍ കെ.എന്‍. മര്‍സൂക്, വൈസ് പ്രസിഡന്റ് വി.പി. ഷിയാദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
No comments:
Post a Comment