Showing posts with label ഷാനവാസ്. എസ്. Show all posts
Showing posts with label ഷാനവാസ്. എസ്. Show all posts

Saturday, May 17, 2014

ചാലക്കുടിയില്‍ താരത്തിളക്കത്തില്‍ ഇടതുപക്ഷത്തിന് ജയം

ഷാനവാസ്.എസ്‌ | May 16, 2014 - http://tvnew.in/news/31254.html

innocentതൃശൂര്‍: ചാലക്കുടി മണ്ഡലത്തില്‍ നിന്നും ചരിത്ര വിജയം നേടിയാണ് ഇന്നസെന്റ് പാര്‍ലമെന്റിലെത്തുന്നത്. 13,884 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ഇന്നസെന്റ് ഇതോടെ കേരളത്തില്‍ നിന്ന് പാര്‍ലമെന്റിലെത്തുന്ന ആദ്യ സിനിമാ താരം കൂടിയായി. 3,58,440 വോട്ടുകളാണ് ഇന്നസെന്റ് നേടിയത്. തൊട്ടുപിന്നിലുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് വക്താവുമായ പി.സി ചാക്കോ 3,44,556 വോട്ടുകളോടെ രണ്ടാം സ്ഥാനത്തും ബിജെപിയുടെ ബി. ഗോപാകൃഷ്ണന്‍ 92,848 വോട്ടുകളോടെ മൂന്നാം സ്ഥാനത്തുമെത്തി.
ആം ആദ്മി സ്ഥാനാര്‍ത്ഥി കെ.എം നൂര്‍ദ്ദീന്‍ 35,000 ത്തോളം വോട്ടുകളും എസ്ഡിപിഐ 14.000ത്തോളം വോട്ടുകളും വെല്‍ഫയര്‍ പാര്‍ട്ടി 12,000ത്തോളം വോട്ടുകളും നേടിയപ്പോള്‍ നോട്ട 10552 വോട്ടുകളും നേടി. യുഡിഎഫിന് മേല്‍ക്കൈയുള്ള മണ്ഡലം തിരിച്ചുപിടിക്കാന്‍ സിപിഐഎം നടത്തീയ നീക്കം ഫലം കണ്ടുവെന്നാണ് ചാലക്കുടിയിലെ തിരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലത്തില്‍ പുരുഷന്മാരേക്കാള്‍ ഇരുപത്തിയൊന്നായിരത്തിലധികം വരുന്ന സ്ത്രീവോട്ടര്‍മാരും അമ്പതിലായിരത്തിലധികം വരുന്ന പുതിയ വോട്ടര്‍മാരുമാണ് എല്‍ഡിഎഫിനെ തുണച്ചത്. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പെരിഞ്ഞനത്ത് നടന്ന കൊലപാതകത്തില്‍ സി.പി.എം ലോക്കല്‍കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റിലായത് ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പില്‍ പ്രധാന വെല്ലുവിളിയായിരുന്നു.
സി.പി.എമ്മിന്റേത് കൊലപാതകരാഷ്ട്രീയമാണെന്ന് ആരോപിച്ച യുഡിഎഫ് സംഭവത്തെ പരമാവധി മുതലെടുത്തിരുന്നു. അതിനാല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് തിരിച്ചടിയാകുമെന്ന കണക്കുക്കൂട്ടലാണ് ഇന്നസെന്റിനെ പോലൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയിലേക്ക് ഇടതുപക്ഷത്തെ എത്തിച്ചത്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നീക്കം മികച്ച ഫലം കണ്ടു. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച ലീഡ് നേടാന്‍ ഇടതു മുന്നണിക്കായി.
2009ലെ പൊതു തെരഞ്ഞെടുപ്പിനുശേഷം ചാലക്കുടിയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കും മാറ്റമുണ്ടായിരുന്നു. 2009ലെ തെരഞ്ഞെടുപ്പില്‍ കയ്പ്പമംഗലത്ത് മാത്രമാണ് എല്‍ഡിഎഫിന് ലീഡ് നേടാനായത്. മറ്റു ആറ് നിയമസഭാ മണ്ഡലങ്ങള്‍ യുഡിഎഫിന് ഒപ്പമാണ് നിന്നത്. 2010ലെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും അത് പ്രതിഫലിച്ചു. എല്ലായിടത്തും യുഡിഎഫ് അധികാരത്തിലെത്തി.
എന്നാല്‍ 2011ലെ തെരഞ്ഞെടുപ്പില്‍ ചില മാറ്റങ്ങള്‍ കണ്ടു. കൈപ്പമംഗലം, ചാലക്കുടി, പെരുമ്പാവൂര്‍, അങ്കമാലി മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വിജയക്കൊടി പാറിച്ചപ്പോള്‍ കൊടുങ്ങല്ലൂര്‍, ആലുവ, കുന്നത്തുനാട് എന്നീ മണ്ഡലങ്ങളാണ് യുഡിഎഫിന് ലഭിച്ചത്. ഇത്തവണ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ലീഡ് നേടാന്‍ എല്‍ഡിഎഫിന് കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്. ചാലക്കുടി മണ്ഡലം നിലവില്‍ വന്ന ശേഷമുള്ള രണ്ടാമത്തെ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഇന്നസെന്റിലൂടെ ഇടതു മുന്നണിക്കു കഴിഞ്ഞു.
അതേസമയം, കോണ്‍ഗ്രസിനുള്ള അഭിപ്രായ ഭിന്നതയും തമ്മില്‍തല്ലുമാണ് യുഡിഎഫിന് ക്ഷീണം ചെയ്തത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെപ്പോലും വൈകിപ്പിച്ചത് ചാലക്കുടി മണ്ഡലം സംബന്ധിച്ച തര്‍ക്കങ്ങളായിരുന്നു. തൃശൂര്‍ ഡിസിസി പ്രസിഡന്റ് ഐ ഗ്രൂപ്പില്‍ നിന്ന് എ ഗ്രൂപ്പ് പദം പിടിച്ചെടുത്തതാണ് കോണ്‍ഗ്രസിനുള്ളില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്. കാലങ്ങളായി ഐ ഗ്രൂപ്പ് ആയിരുന്നു ഡി.സി.സി. അടക്കിവാണിരുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.സി ചാക്കോ വിജയിക്കുമ്പോള്‍ സി.എന്‍.ബാലകൃഷ്ണനാണു ഡി.സി.സിയുടെ ചുക്കാന്‍ പിടിച്ചിരുന്നത്. പുന:സംഘടനയില്‍ എ ഗ്രൂപ്പുകാരനായ ഒ.അബ്ദുറഹ്മാന്‍കുട്ടി ഡി.സി.സി. പ്രസിഡന്റായത് പി.സി.ചാക്കോയുടെ താത്പര്യപ്രകാരമായിരുന്നു. ഇതേത്തുടര്‍ന്ന് ഐ ഗ്രൂപ്പിന് ചാക്കോയോട് കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു. പരദേശിക്കു സീറ്റു കൊടുക്കരുതെന്ന അഭിപ്രായവുമായി ഐ ഗ്രൂപ്പ് രംഗത്തെത്തിയതോടെ എ.കെ ആന്റണിക്കുപോലും വിഷയത്തില്‍ ഇടപെടേണ്ടിവന്നു. ചാക്കോയ്ക്കും പകരം ചാലക്കുടി എംപി കെ.പി ധനപാലനെ തൃശൂരിലും പി.സി ചാക്കോയെ ചാലക്കുടിയും മത്സരിപ്പിക്കാന്‍ തീരുമാനമെടുത്തു. സീറ്റ് വിട്ടു നല്‍കുന്നതില്‍ ധനപാലനുള്ള എതിര്‍പ്പുകളെ മറികടന്നായിരുന്നു തീരുമാനം. ചാലക്കുടിയില്‍ ധനപാലനുള്ള ജനകീയത, ചാക്കോക്കില്ലാതിരുന്നതും യുഡിഎഫിന് തിരിച്ചടിയായി.

തിരഞ്ഞെടുപ്പില്‍ താരമായി ഇന്നസെന്റ്

ഷാനവാസ്.എസ്‌ | May 16, 2014 - http://tvnew.in/news/31277.html

innocent-1ചാലക്കുടി: കടുത്ത മത്സരം നടന്ന ചാലക്കുടിയില്‍ വിജയിച്ചതോടെ കേരളത്തില്‍ നിന്ന് പാര്‍ലമെന്റിലെത്തുന്ന ആദ്യ സിനിമാ താരം എന്ന ബഹുമതി കൂടി ഇന്നസെന്റിനു സ്വന്തമായി. തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കുന്ന നാലാമത്തെ സിനിമാ താരം കൂടിയാണ് ഇന്നസെന്റ്.
സിനിമയും രാഷ്ട്രീയവും കൂടിക്കുഴഞ്ഞ തമിഴ്‌നാട്ടില്‍ നിന്ന് വ്യത്യസ്തമാണ് കേരളത്തിലെ രാഷ്ട്രീയ സാഹചര്യം. സിനിമയെയും രാഷ്ട്രീയത്തെയും വെവ്വേറെയായി കാണുന്നതാണ് മലയാളിയുടെ ശീലം. മികച്ച രാഷ്ട്രീയ സിനിമകള്‍ക്ക് കൈയ്യടിക്കുന്ന മലയാളികള്‍ അതുകൊണ്ട് തന്നെ സിനിമാക്കാരെ അത്രയധികം രാഷ്ട്രീയത്തില്‍ തുണച്ചിട്ടില്ല. രാഷ്ട്രീയക്കാരും സിനിമാക്കാരെ കളത്തിലിറക്കി കളിക്കാന്‍ മെനക്കെടാറുമില്ല. തോപ്പില്‍ ഭാസി, രാമു കാര്യാട്ട്, കെ.ബി ഗണേഷ്‌കുമാര്‍ എന്നിവരാണ് ഇതിനു മുന്‍പ് തെരഞ്ഞെടുപ്പിലെ ഭാഗ്യം പരീക്ഷ ജയിച്ച സിനിമാക്കാര്‍.
1957 ല്‍ പത്തനംതിട്ടയില്‍ നിന്ന് ജയിച്ച തോപ്പില്‍ ഭാസി നിയമസഭാംഗമായി. 1965 ല്‍ നാട്ടികയില്‍ നിന്ന് ഇടതു സ്വതന്ത്രനായി സംവിധായകന്‍ രാമുകാര്യാട്ട് ജയിച്ചെങ്കിലും നിയമസഭ ചേരാനായില്ല. രാഷ്ട്രീയ പാരമ്പര്യമുള്ള കെ. ബി ഗണേഷ് കുമാറാണ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി സിനിമാക്കാരന്‍. പത്തനാപുരത്ത് നിന്ന് മൂന്നു തവണ നിയമസഭാംഗമായ ഗണേഷ്‌കുമാര്‍ മന്ത്രിയുമായി. അതേസമയം, മുരളി, ദേവന്‍, ശ്രീനാഥ് എന്നിവര്‍ പരാജയത്തിന്റെ കയ്പ്പറിയുകയും ചെയ്തു. ദീര്‍ഘകാലം ഇടതു സഹയാത്രികനായിരുന്ന മുരളി 1999ല്‍ ആലപ്പുഴയില്‍ സിപിഎം സ്ഥാനാര്‍ഥിയായി വി എം സുധീരനെതിരെ മത്സരിച്ചെങ്കിലും ജനം കൈവിട്ടു. കേരള പീപ്പിള്‍ പാര്‍ട്ടി എന്ന സംഘടനുയമായെത്തിയ ദേവനും ശിവസേന സ്ഥാനാര്‍ഥിയായി മല്‍സരിച്ച ശ്രീനാഥിന്റെ വിധിയും മറിച്ചായിരുന്നില്ല.
ഇടതു മുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇന്നസെന്റിനെ പ്രഖ്യാപിച്ചതു മുതല്‍ മാധ്യമങ്ങളുടെ ശ്രദ്ധ ചാലക്കുടി മണ്ഡലത്തിലേക്കായിരുന്നു. രാഷ്ട്രീയ പരിചയങ്ങളേതുമില്ലാത്ത ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയാക്കിയ സിപിഐഎമ്മിന്റെ രാഷ്ട്രീയ യുക്തിയെപ്പോലും പലരും വിമര്‍ശിച്ചു. എന്നാല്‍ ഇന്നസെന്റിനെ ജനകീയത വോട്ടാക്കി മാറ്റാമെന്ന കണക്കുക്കൂട്ടലിലായിരുന്നു ഇടതുപക്ഷം. പുരുഷന്മാരേക്കാള്‍ ഇരുപത്തൊന്നായിരത്തിലധികം വരുന്ന സ്ത്രീ വോട്ടര്‍മാരെയും അമ്പതിനായിരത്തോളം വരുന്ന പുതിയ വോട്ടര്‍മാരെയും ലക്ഷ്യമിട്ടുള്ള ഇടത് തീരുമാനത്തെ ശരിവെയ്ക്കുന്ന ഇന്നസെന്റിന്റെ വിജയം മുണ്ടുടുക്കാനറിയാത്ത ഇന്നസെന്റ് പാര്‍ലമെന്റില്‍ പോയി എന്തു പറയുമെന്ന് പരിഹസിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള മറുപടി കൂടിയാണ്. ഒപ്പം ജനകീയനായ സിനിമാക്കാരനെ ജനം സ്വീകരിക്കുമെന്നതിന്റെ തെളിവും.

Thursday, April 3, 2014

കെ.വി തോമസിന്റെ ഫ്ളക്‌സ്‌ ബോര്‍ഡുകള്‍ ചട്ടം ലംഘിക്കുന്നതായി ആരോപണം

ഷാനവാസ് എസ്‌ | April 2, 2014 - http://tvnew.in/news/24039.html

K-V_Thomasകൊച്ചി: തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച് എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി തോമസിന്റെ ഫ്ളക്‌സ്‌ ബോര്‍ഡുകള്‍ സ്ഥാപിച്ചതായി ആരോപണം. ഭരണ നേട്ടങ്ങള്‍ അവകാശപ്പെടുന്ന ഫഌ്‌സ് ബോര്‍ഡുകളാണ് മണ്ഡലത്തില്‍ പലയിടത്തും ഇപ്പോഴും സജീവമായിട്ടുള്ളത്. ചട്ട ലംഘനത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട ഫ്ളക്‌സ്‌  ബോര്‍ഡുകളാണ് മണ്ഡലത്തില്‍ വീണ്ടും ഇടം നേടിയിരിക്കുന്നത്.
ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന ബോര്‍ഡുകളാണ് വീണ്ടും സ്ഥാപിച്ചിരിക്കുന്നത്. അറിവും ആഹാരവും വിദ്യാപോഷണം പോഷക സമൃദ്ധം, പ്രൊഫ. കെ.വി തോമസ് സംരംഭം എന്ന പേരില്‍ എറണാകുളത്തിന്റെ സ്വന്തം പദ്ധതിയെന്ന എഴുത്തോടുകൂടിയ ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കോട്ടയം എറണാകുളം മണ്ഡലങ്ങളുടെ അതിര്‍ത്തിയായ പൂത്തോട്ടയിലെ െ്രെപവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം, പണി പൂരോഗമിക്കുന്ന കടയുടെ മുന്നില്‍ പൊതു നിരത്തിലേക്ക് നീങ്ങിനില്‍ക്കുന്ന വിധത്തിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
പുത്തന്‍കാവിലും കൂറ്റന്‍ ഫഌ്‌സ് ബോര്‍ഡ് കാണാം. എന്നാല്‍ ഇത് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് റോഡിനു സമീപം മതിലിനോടു ചേര്‍ത്താണ് സ്ഥാപിച്ചിരിക്കുന്നത്. അതിനു മുന്നിലെ മതിലില്‍ കെ.വി തോമസിന് വോട്ടഭ്യര്‍ത്ഥിച്ചുള്ള ചുവരെഴുത്തും കാണാം. തൃപ്പുണിത്തുറ പേട്ട ബൈപ്പാസ് കഴിഞ്ഞുള്ള പൂണിത്തുറയിലും കെ.വി തോമസിന്റെ ഫ്ളക്‌സ്‌ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അടച്ചിട്ട കടയുടെ മുന്നിലായി, പൊതു നിരത്തിലേക്കിറക്കിവെച്ച നിലയിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. അതിനു ചുറ്റുമുള്ള ചുവരുകളില്‍ കെ.വി തോമസിന് വോട്ടഭ്യര്‍ത്ഥിച്ചുള്ള പോസ്റ്റുകളും പതിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ടുള്ള എം.സി.സി. സ്‌ക്വാഡിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പൊതു ഇടങ്ങളില്‍ നിന്ന് ഇത്തരം ബോര്‍ഡുകളും പോസ്റ്ററുകള്‍ നീക്കം ചെയ്തിരുന്നു. കൂടാതെ, സ്ഥാനാര്‍ത്ഥികളുടെ പ്രചരണ, പ്രവര്‍ത്തനങ്ങള്‍ അനുദിനം നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും ശക്തമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ചൂടില്‍ പഴയ ഫ്ളക്‌സ്‌ ബോര്‍ഡുകളും പോസ്റ്ററുകളും തിരികെയെത്തിയത് അധികൃതരാരും കണ്ടതായി തോന്നുന്നില്ല.

Sunday, March 23, 2014

ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു: എ.എന്‍ രാധാകൃഷ്ണന്‍

ഷാനവാസ്.എസ്‌ | March 22, 2014 - http://tvnew.in/news/22370.html

radhakrishnan_രാജ്യത്തെ രാഷ്ട്രീയ മാറ്റത്തിന് കണ്ണിയാകാന്‍ കഴിയുമെന്ന പ്രതീക്ഷയോടെയാണ് എറണാകുളം ലോക്‌സഭ ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്‍ മത്സരത്തിനിറങ്ങുന്നത്. ജനകീയ പ്രശ്‌നങ്ങളെ ഏറ്റെടുക്കുന്നതിലൂടെ കേരളത്തില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാനാകുമെന്നും അദ്ദേഹം. 16ാം ലോക്‌സഭ തെരഞ്ഞെടുപ്പിലെ ബിജെപി നിലപാടുകളെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ രാധാകൃഷ്ണന്‍ സംസാരിക്കുന്നു.
മൂന്നാം തവണയാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. എന്താണ് വിജയപ്രതീക്ഷ?
മോഡി നേരിട്ടു ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് മത്സരിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ രാജ്യത്ത് നരേന്ദ്ര മോഡിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളത്. മോഡിയെ ശക്തിപ്പെടുത്തുന്ന തരത്തിലുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കാണ് ബിജെപി മുന്‍തൂക്കം കൊടുക്കുന്നത്.
രാജ്യത്തെന്ന പോലെ കേരളത്തിലും ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. ബിജെപിയുടെ നിലപാട് അറിയാനും അവര്‍ക്ക് ആഗ്രഹമുണ്ട്. ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അത് ബിജെപിക്ക് നേട്ടമാകും. കേരളത്തില്‍ ഇപ്പോള്‍ താമര വിരിയാന്‍ തക്ക സാഹചര്യമാണ് നിലനില്‍ക്കുന്നത്. ജയിക്കുമെന്ന ഉറപ്പോടെയാണ് ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. എറണാകുളത്ത് നിന്നും ലോക്‌സഭയിലെത്താനാകുമെന്ന ഉറച്ച വിശ്വാസമുണ്ട്.
മണ്ഡലത്തിലെ പ്രധാന പ്രശ്‌നങ്ങളെക്കുറിച്ച്?
രൂക്ഷമായ കുടിവെള്ള പ്രശ്‌നം, എല്‍എന്‍ജി, ഫാക്ട്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍, എച്ച്എംടി, സ്മാര്‍ട് സിറ്റി തുടങ്ങിയ പൊതുമേഖലാവ്യവസായ സ്ഥാപനങ്ങളുടെ ദുരവസ്ഥ, സാധാരണക്കാരന് വെല്ലുവിളി സൃഷ്ടിക്കുന്ന തീരദേശ പരിപാലന നിയമം തുടങ്ങിയവയാണ് എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍. ജയിക്കുന്ന പക്ഷം, ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണാന്‍ ശ്രമിക്കും. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍, ഓള്‍ഡ് റെയില്‍വേ സ്‌റ്റേഷന്‍ നവീകരണം തുടങ്ങിയ കാര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കും.
ജനകീയ പ്രശ്‌നങ്ങളെ ഏറ്റെടുത്ത ആം ആദ്മി പാര്‍ട്ടിയുടെ രീതി പിന്തുടരുകയാണോ?
അങ്ങനെ പറയാനാവില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ആളല്ല ഞാന്‍. കുടിവെള്ള പ്രശ്‌നം, ഭൂഗര്‍ഭ ജലസംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ നേരിട്ട് ഇടപെടുന്നുണ്ട്. ഫാക്ട് ഉള്‍പ്പെടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും സജീവമായി ഇടപെടാറുണ്ട്.
ഒരു വര്‍ഷം പോലുമാകാത്ത ആം ആദ്മി പാര്‍ട്ടി ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വിജയിച്ചു. ഇത്രയും കാലമായിട്ടും കേരളത്തില്‍ എന്തുകൊണ്ടാണ് ബിജെപിക്ക് ജയിക്കാനാകാത്തത്
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വിജയം പതിനേഴാം വയസ്സില്‍ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത് പോലെയാണ്. അത് ചിലപ്പോഴൊക്കെ സംഭവിക്കാം. ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ അതില്‍ കൂടുതലായി ഒന്നുമില്ല. ബിജെപിയെ സംബന്ധിച്ചിടത്തോളം ഇടത്‌വലത് രാഷ്ട്രീയ പാര്‍ട്ടികളുടെ സമര്‍ദ്ദം മൂലമാണ് കേരളത്തില്‍ വിജയിക്കാന്‍ കഴിയാതിരുന്നത്.
എന്‍.ഡി.എയെ പിന്തുണക്കുമെന്ന കേരള കോണ്‍ഗ്രസ് നാഷണലിസ്റ്റിന്റെ നിലപാടിനെക്കുറിച്ച്?
ചെറുതും വലുതുമായ പാര്‍ട്ടികളെ നിസാരവത്ക്കരിക്കേണ്ട കാര്യമില്ല. പ്രാദേശിക പാര്‍ട്ടികള്‍ക്ക് കേരളത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്. മറ്റു കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പരിശോധിക്കാം.

Friday, March 21, 2014

പി.കെ ഹരികുമാറിനെ മറക്കാതെ വൈക്കം

ഷാനവാസ് എസ് | March 19, 2014 - Published in TV New - http://tvnew.in/news/21906.html

kottayam-LDFകോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മാത്യു ടി തോമസിന്റെ പ്രചരണം ശക്തമാകുമ്പോഴും സ്ഥാനാര്‍ത്ഥിയായി ആദ്യം നിശ്ചയിച്ച പി.കെ ഹരികുമാറിനെ മറക്കാനാകാതെ വൈക്കം. ഹരികുമാറിനു വോട്ടഭ്യര്‍ത്ഥിച്ചുള്ള ചുവരെഴുത്തുകളും ഫേസ്ബുക്ക് അക്കൗണ്ടും ഇപ്പോഴും സജീവം. പാര്‍ട്ടി അവഗണിച്ചാലും വൈക്കത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഹരികുമാറിനെ അവഗണിക്കാനാവില്ലെന്നതിന്റെയും പാര്‍ട്ടി തീരുമാനത്തോടുള്ള നീരസത്തിന്റെയും നേര്‍ച്ചിത്രങ്ങള്‍ കൂടിയാണ് ഈ ചുവരെഴുത്തുകള്‍.
ഹരികുമാര്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നറിഞ്ഞതോടെ കോട്ടയത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ പ്രചരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. ഹരികുമാറിന്റെ സ്വന്തം സ്ഥലമായ വൈക്കത്തെ പാലാംകടവ്, ചുങ്കം, കൂട്ടുമ്മേല്‍, തുരുത്തുമ്മ എന്നിവിടങ്ങളില്‍ ചുവരെഴുത്തുകള്‍ പൂര്‍ത്തിയാക്കിയതിനൊപ്പം സോഷ്യല്‍ മീഡിയകളിലും പ്രചരണം ശക്തമാക്കിയിരുന്നു. ഹരികുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ മാറ്റമുണ്ടാകില്ലെന്ന കണക്കുക്കൂട്ടലിനപ്പുറം ജനകീയ നേതാവിനോടുള്ള ആദരവ് കൂടിയായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍.
2014 തെരഞ്ഞെടുപ്പിനായി എല്‍ഡിഎഫ് ബുക്ക് ചെയ്ത മതിലുകളിലെല്ലാം ഹരികുമാറിന് വോട്ട് നല്‍കണമെന്ന അഭ്യര്‍ത്ഥനകള്‍ നിറഞ്ഞു. അതിനിടെയാണ് ജനതാദള്‍ മുന്നണി വിടുമെന്ന സാഹചര്യത്തില്‍ കോട്ടയം സീറ്റ് വിട്ടുകൊടുക്കാന്‍ ഇടതു മുന്നണി തീരുമാനിച്ചത്. തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരെ, പ്രത്യേകിച്ചും വൈക്കം നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരെ നിരാശരാക്കി. മാത്യു ടി തോമസിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുമ്പോഴും ഹരികുമാറിനായി തയ്യാറാക്കിയ ഫഌക്‌സ് ബോര്‍ഡുകള്‍ എടുത്തു കളയാനോ ചുവരെഴുത്തുകള്‍ മായ്ക്കാനോ പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല.
എസ്.എഫ്.ഐ.യിലൂടെ സംഘടനാ രംഗത്തെത്തിയ ഹരികുമാര്‍ ജനതാദളിനുവേണ്ടി രണ്ടാം തവണയാണ് മത്സരത്തില്‍ നിന്നും പിന്മാറുന്നത്. 1996ല്‍ പ്രൊഫ. ബി. ജയലക്ഷ്മിക്കുവേണ്ടി സീറ്റ് വിട്ടുനല്‍കേണ്ടി വന്നിരുന്നു. ആറു തവണ ഹരികുമാര്‍ ഡമ്മി സ്ഥാനാര്‍ത്ഥിയായിട്ടുണ്ട്. സുരേഷ് കുറുപ്പ് മത്സരിച്ചപ്പോഴെല്ലാം ഹരികുമാറായിരുന്നു ഡമ്മി സ്ഥാനാര്‍ത്ഥി. മൂന്നു പതിറ്റാണ്ട് പിന്നിടുന്ന സംഘടനാ പ്രവര്‍ത്തനത്തില്‍ ക്ലീന്‍ ഇമേജ് കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഹരികുമാര്‍ രണ്ടു തവണ വൈക്കം നഗരസഭാ ചെയര്‍മാനായിരുന്നു. രണ്ടു തവണ മഹാത്മാഗാന്ധി സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗമായി. ഇപ്പോള്‍ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗമാണ്.
കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രസിഡന്റ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. പാര്‍ട്ടി തീരുമാനത്തില്‍ നിരാശയില്ലെന്നും പ്രചരണ രംഗത്ത് സജീവമാകുമെന്നും ഹരികുമാര്‍ പറയുമ്പോഴും അത്ര പെട്ടെന്നൊന്നും വഴങ്ങാത്ത മനസോടെയാണ് വൈക്കത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍.

Friday, January 17, 2014

മിഷന്‍ എല്‍എന്‍ജി നേതൃത്വവുമായി കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ്

ഷാനവാസ് എസ് | January 16, 2014 - http://tvnew.in/news/10083.html 

KCCI-LNG-3കൊച്ചി: പുതുവൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനലിന്റെ ശേഷി പൂര്‍ണമായി വിനിയോഗിക്കുന്ന തരത്തില്‍ സാഹചര്യങ്ങള്‍ അനുകൂലമാക്കണമെന്ന് കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി. നിലവില്‍ എട്ട് ശതമാനം മാത്രമാണ് ശേഷി വിനിയോഗം. എല്‍എന്‍ജിക്കുള്ള ഉയര്‍ന്ന വിലയാണ് പല സ്ഥാപനങ്ങളെയും നിരുത്സാഹപ്പെടുത്തുന്നത്. ഇത്തരം സാഹചര്യങ്ങള്‍ അതിജീവിക്കാനായില്ലെങ്കില്‍ പദ്ധതി കൊണ്ടുള്ള പ്രയോജനം ലഭിക്കില്ല. പ്രകൃതി വാതകത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 18ന് ചേംബര്‍ ആസ്ഥാനത്ത് ശില്‍പ്പശാല സംഘടിപ്പിച്ചിട്ടുണ്ടെന്നും കെസിസിഐ ഭാരവാഹികള്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
എല്‍എന്‍ജി ടെര്‍മിനല്‍ പ്രവര്‍ത്തനക്ഷമമായെങ്കിലും വിവിധ കാരണങ്ങളാല്‍ ടെര്‍മിനലിന്റെ ശേഷി പ്രയോജനപ്പെടുത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് മിഷന്‍ എല്‍എന്‍ജി ദൗത്യവുമായി മുന്നിട്ടിറങ്ങിയതെന്ന് കെസിസിഐ മുന്‍ ചെയര്‍മാന്‍ കെ. എന്‍ മര്‍സൂ്ക് പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. നിലവില്‍ പല സുപ്രധാന വ്യവസായ സ്ഥാപനങ്ങളും പ്രതിസന്ധി നേരിടുകയാണ്. ഊര്‍ജ ലഭ്യതയും വിതരണവുമൊക്കെയാണ് അതിനുള്ള പ്രധാന കാരണങ്ങള്‍. ജോലി സാധ്യത വര്‍ധിക്കുന്നതിനും, വളര്‍ച്ചയ്ക്കും നിലവിലുള്ള വ്യവസായങ്ങള്‍ മെച്ചപ്പെടേണ്ടത് ആവശ്യമാണ്. എങ്കില്‍ മാത്രമേ പുതിയ നിക്ഷേപം സാധ്യമാകൂ. നിലവിലുള്ള വ്യവസായങ്ങള്‍ മുടങ്ങുന്നത് നിക്ഷേപത്തെയും പുരോഗതിയെയും സാരമായി ബാധിക്കും. അതിനാലാണ് എല്‍എന്‍ജി പദ്ധതിയെ പ്രയോജനകരമാക്കുവാനുള്ള പ്രയത്‌നങ്ങള്‍ക്ക് കെസിസിഐ നേതൃത്വം കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
4600 കോടി ചെലവിട്ട ടെര്‍മിനലില്‍ നിന്നു നാല് കമ്പനികളാണ് വാതകം വാങ്ങിയിരുന്നത്. എന്നാല്‍ ഉയര്‍ന്ന വില കാരണം ബിപിസിഎല്‍, നിറ്റ ജലാറ്റിന്‍, കൊച്ചി റിഫൈനറീസ്, ഫാക്ട് തുടങ്ങിയവര്‍ ഭാഗികമായി പിന്മാറിയിരുന്നു. ദീര്‍ഘകാല കരാറില്ലാതെ, ആഗോള വിപണിയിലെ അതതു സമയത്തെ വിലയ്ക്കു വാങ്ങേണ്ടിവരുന്നതാണ് വില വര്‍ധനയ്ക്കു കാരണം. 17 ഡോളറിന് ലഭിച്ചിരുന്ന എല്‍എന്‍ജി 23.74 ഡോളര്‍ എന്ന കൂടിയ യൂണിറ്റ് നിരക്കിനാണ് ഇപ്പോള്‍ വില്‍ക്കുന്നത്. വളം, ഊര്‍ജം തുടങ്ങി വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ എല്‍എന്‍ജിയിലേക്ക് മാറുന്നതില്‍ നിന്നു പിന്നോട്ടടിക്കുന്നതും ഉയര്‍ന്ന വില വര്‍ധനയാണ്. കൂടാതെ, എല്‍എന്‍ജി കൊണ്ടുവരുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള പൈപ്പ്‌ലൈന്‍ സംവിധാനം കാര്യക്ഷമമാകാതിരുന്നതും പ്രതിസന്ധിയുടെ ആഴം കൂട്ടി. ഈ സാഹചര്യം അതിജീവിക്കാനായില്ലെങ്കില്‍ ഹരിത ഊര്‍ജമെന്ന നിലയിലും സ്ംസ്ഥാനത്തിന്റെ രണ്ടാംഘട്ട വികസനത്തിന് ചാലകശക്തിയായും വിലയിരുത്തപ്പെടുന്ന എല്‍എന്‍ജികൊണ്ട് ഉദ്ദേശിച്ച പ്രയോജനം ലഭിക്കില്ല. അതിനാല്‍, കുറഞ്ഞ നിരക്കിലുള്ള ഹരിതോര്‍ജമെന്ന വ്യവസായ, ഗാര്‍ഹിക മേഖലയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചാണ് കെസിസിഐ ശില്‍പ്പശാലയില്‍ ചര്‍ച്ച ചെയ്യുന്നത്.
വില നിര്‍ണയം, വിതരണം എന്നിവയില്‍ സര്‍ക്കാര്‍ നയങ്ങളില്‍ കാതലായ മാറ്റമാണ് വ്യവസായ ലോകം ആവശ്യപ്പെടുന്നതെന്ന് മാനേജ്‌മെന്റ് വിദഗ്ധന്‍ ഡോ. എം.പി. സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. അവശ്യ സാധനമെന്ന നിലയില്‍ രാജ്യമൊട്ടാകെ എല്‍എന്‍ജിക്ക് ഏകീകൃത വില ഏര്‍പ്പെടുത്തണം. സംസ്ഥാനങ്ങള്‍ക്കിടയില്‍ സമീകൃതമായ വിതരണ സംവിധാനം രൂപപ്പെടുത്തണം. ഇറക്കുമതി ചെയ്ത എല്‍എന്‍ജി രാജ്യത്തെ സംബന്ധിച്ചിടത്തോളം പുതിയതാണെന്നിരിക്കെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നികുതി ഇളവ് സംബന്ധിച്ച് ഗൗരവമായി ചിന്തിക്കണം. എല്‍എന്‍ജി ഇന്ധനമാക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങളില്‍ മാ്റ്റം വരുത്താന്‍ പൊതു, സ്വകാര്യ, സ്ഥാപനങ്ങള്‍ക്കും ചെറികിട, സൂക്ഷ്മ വ്യവസായങ്ങള്‍ക്കും സാമ്പത്തിക പിന്തുണ നല്‍കണം. പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് എതിര്‍പ്പുകള്‍ ഇല്ലാതാക്കാന്‍ ബോധവത്കരണം പോലുള്ള നടപടികളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ദീര്‍ഘകാല കരാറില്ലാത്തതാണ് പ്രകൃതി വാതക വില വര്‍ധനയക്ക് കാരണം. പദ്ധതി നടപ്പിലാക്കുന്നതിലുള്ള കാലതാമസമാണ് ദീര്‍ഘകാല കരാര്‍ ലഭിക്കാതിരുന്നതിനു കാരണം. പുതുവൈപ്പിനൊപ്പം ഗുജറാത്തിലെ ദഹേജില്‍ പ്രഖ്യാപിച്ച ടെര്‍മിനല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ, കേരളത്തിനു ലഭിക്കേണ്ട പല ദീര്‍ഘകാല കരാറുകളും നഷ്ടമായി. പദ്ധതിയിലുണ്ടായ കാലതാമസം 80,000 കോടി രൂപ സംസ്ഥാനത്തിന് നഷ്ടം വന്നു. ഇത്തരം സാഹചര്യങ്ങളെ ഫലപ്രദമായി അതിജീവിക്കണം. ആഗോളതലത്തില്‍ ദീര്‍ഘകാല കരാര്‍ ലഭിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കേണ്ടത് ടെര്‍മിനലിന്റെ നിലനില്‍പ്പിന് തന്നെ അനിവാര്യമാണെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതില്‍ വന്ന കാലതാമസമാണ് എല്‍എന്‍ജി ടെര്‍മിനലിന്റെ പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുന്നത്. ഗുജറാത്തില്‍ മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തിയായ പദ്ധതി കേരളത്തില്‍ നടപ്പിലാകാന്‍ 12 വര്‍ഷമെടുത്തു. ദീര്‍ഘകാല കരാര്‍ ലഭിക്കുന്നത് ഉള്‍പ്പെടെ കാര്യങ്ങളെ ഇത് ബാധിച്ചു. ഈ സാഹചര്യം തുടര്‍ന്നാല്‍ സംസ്ഥാനത്തിന് കോടികളുടെ ബാധ്യതയാവും ടെര്‍മിനല്‍ മൂലം ഉണ്ടാവുകയെന്നും കെസിസിഐ ഭാരവാഹികള്‍ പറഞ്ഞു. ഡോ. എം.പി. സുകുമാരന്‍ നായര്‍, കെസിസിഐ മുന്‍ ചെയര്‍മാന്‍ കെ.എന്‍. മര്‍സൂക്, വൈസ് പ്രസിഡന്റ് വി.പി. ഷിയാദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Wednesday, July 11, 2012

ചരിത്രത്തിന്‍റെ കാഴ്ചയനുഭവങ്ങള്‍


ഡിജിറ്റല്‍ ക്യാമറകളുടെ മൂന്നാം തലമുറ വരെയെത്തി നില്‍ക്കുന്ന ഫോട്ടോഗ്രാഫി ചരിത്രത്തിന്‍റെ കാഴ്ചാനുഭവം പകരുന്ന ക്യാമറാശേഖരണത്തെക്കുറിച്ച്
ഷാനവാസ്.എസ് | Issue Dated: ജൂണ് 10, 2012
സാങ്കേതിക വിദ്യയില്‍ മാറ്റം സംഭവിക്കുന്നത് വളരെ വേഗത്തിലാണ്. അതിനാല്‍ ഒന്നിനെ മനസിലാക്കിത്തുടങ്ങുന്നതിനു മുമ്പുതന്നെ മറ്റൊന്നിലേക്ക് എത്തിപ്പെടാന്‍ നമ്മള്‍ വല്ലാതെ നിര്‍ബന്ധിക്കപ്പെടാറുണ്ട്. ക്യാമറകളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ക്യാമറാ ഫ്ളാഷിന്‍റെ വെളളിവെളിച്ചം മിന്നിമറയുന്നതിന്‍റെ സമയനിഷ്ഠക്കുളളില്‍ തന്നെ നവീനതയുടെ ചില വകഭേദങ്ങള്‍ ഫോട്ടോഗ്രാഫി മേഖലയിലാകെ സംഭവിച്ചിട്ടുണ്ടാകും. ആ വകഭേദങ്ങളിലേക്ക് വളരുന്നതിനേക്കാള്‍ അതിനൊപ്പം സഞ്ചരിക്കുന്നതാണ് മികച്ച ഫോട്ടോഗ്രാഫറുടെ ലക്ഷണമെന്ന് കരുതുന്നവരാണ് പലരും. അതിനാല്‍ സാങ്കേതികവിദ്യയുടെ കാലികമായ മാറ്റത്തിനിടയില്‍ ക്യാമറകള്‍ക്ക് സംഭവിച്ച മാറ്റത്തെ അ റിയാവുന്നവര്‍ ചുരുക്കമാണ്. കാരണം, ചരിത്രത്തെ അടുത്തറിയാന്‍ പലരും പലപ്പോഴും ശ്രമിക്കാറില്ല അല്ലെങ്കില്‍ അത്തരമൊരു പരിശ്രമം എല്ലാവര്‍ക്കും കഴിയുന്നതുമല്ല. അതിന് ശ്രമിക്കുന്നവരാകട്ടെ അവയുടെ നിഗൂഢമായ വഴികളിലുടെ പോലും നടന്നുകയറാറുണ്ട്. ഒരുപക്ഷെ മറ്റാര്‍ക്കും മനസിലാക്കാനാവാത്തതാല്‍പ്പര്യത്തോടെ. പഴമയെ പിന്‍പറ്റുകയും ശേഖരിക്കുകയും അവയെ കാത്തൂസൂക്ഷിക്കുന്നതും ശ്രമകരമായ ജോലി തന്നെയാണ്.

‘ഫോട്ടം പിടിക്കണ വലുതും ചെറുതുമായ പെട്ടികള്‍’ മുതല്‍ കൈപ്പത്തിയിലൊളിപ്പിക്കാവുന്ന ഡിജിറ്റല്‍ ക്യാമറകള്‍ വരെയുളളവയുടെ ചരിത്രം അന്വേഷിച്ചിറങ്ങുന്നവര്‍ക്ക് ശരണം ഇന്‍റര്‍നെറ്റ് തന്നെയായിരിക്കും. ഫോട്ടോഗ്രാഫിയെക്കുറിച്ച് പഠിക്കുന്നവര്‍ക്കും ഗവേഷണം ചെയ്യുന്നവര്‍ക്കും ക്യാമറാ ചരിത്രത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ കാണണമെങ്കിലോ? അവയുടെ രൂപ, ഗുണ, സ്വഭാവത്തിലുണ്ടായ പരിണാമത്തെക്കുറിച്ച് മനസിലാക്കണമെങ്കിലോ? നേരേ പാലായിലേക്ക് പോകുക, അവിടെ ജയ്സണ്‍ പഴേട്ട് എന്ന ഒരു പഴയ ഫോട്ടോഗ്രാഫറെ കാണാം. ഒരു കൂട്ടം ക്യാമറകളുടെ അപൂര്‍വ്വ ശേഖരവുമായി ചരിത്ര
വിദ്യാര്‍ത്ഥികളെ കാത്തിരിക്കുകയാണ് ജയ്സണ്‍ പഴേട്ട്. നൂറ്റാണ്ടുകളുടെ പഴക്കമുളള ക്യാമറകള്‍ അവിടെ കണ്ടെത്താം. ക്രൌണ്‍ ഗ്രാഫിക്, പിന്‍ഹോള്‍, ബോക്സ്, ഫീല്‍ഡ്, ഫോള്‍ഡിംഗ് ക്യാമറകള്‍, പണ്ടുകാലത്തെ സിനിമാ ചിത്രീകരണ
ത്തിനുപയോഗിച്ചിരുന്ന ക്യാമറകള്‍, കാനോണ്‍ മൂവീ ക്യാമറകള്‍, സിനി പ്രൊജക്ടര്‍ ലെന്‍സുകള്‍, ഫില്‍റ്റര്‍ ഹോള്‍ഡറുകള്‍, റേഞ്ച് ഫൈന്‍ഡര്‍ ക്യാമറകള്‍, വിവിധ തരം 110 ഫിലിം ക്യാമറകള്‍, എടുത്തയുടനെ പാസ്പോര്‍ട്ട് ഫോട്ടോകള്‍ ലഭിക്കുന്ന പോളറോയ്ഡ് ക്യാമറകള്‍, കേബിള്‍ റീലീസറുകള്‍, ബള്‍ബ് ഉപയോഗിച്ചുളള ഫ്ളാഷുകള്‍, ഷട്ടര്‍ ലെന്‍സുകള്‍ തുടങ്ങി ടിഎല്‍ആറും എസ്എല്‍ആറും അടക്കമുളള അത്യാധുനിക ക്യാമറകളുടെയും ലെന്‍സുകളുടേയും അപൂര്‍വ്വ ശേഖരണമാണ് ജയ്സണിന്‍റെ പക്കലുളളത്. ഒരു പക്ഷേ, കേരളത്തിലോ ഇന്‍ഡ്യയില്‍ തന്നെയോ ഉളള ഫോട്ടോഗ്രാഫി
ഈ ലക്കത്തില്‍
പഠന കേന്ദ്രത്തിലൊന്നും കാണാന്‍ കഴിയാത്ത തരത്തിലുളള ശേഖരമാണ് ജയ്സണ്‍ കാത്തുസൂക്ഷിക്കുന്നത്. അപൂര്‍വ്വവും അമൂല്യവുമായ ശേഖരം ലോക ഫോട്ടോഗ്രാഫിയുടെ പരിണാമത്തെയും കാലഘട്ടത്തെയുമാണ് പറഞ്ഞുതരുന്നത്. ലോക ഫോട്ടോഗ്രാഫി ചരിത്രം ഡിജിറ്റല്‍ ക്യാമറകളുടെ മൂന്നാം തലമുറ വരെയെത്തി നില്‍ക്കുന്ന തെങ്ങനെയെന്ന ഒരു കാഴ്ചാനുഭവം ലഭ്യമാക്കുകയാണ് ജയ്സണിന്‍റെ ലക്‌ഷ്യം. ക്യാമറാ ചരിത്രത്തിന്‍റെ വഴിയിലേക്ക് ജയ്സണ്‍ എത്തിപ്പെട്ടത് തികച്ചും യാദൃശ്ചികമായാണ്. പണ്ടെങ്ങോ തനിക്കു ലഭിച്ച അഗ്ഫാ ത്രീ ക്ലിക്ക് ക്യാമറ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന്, അതു തിരിച്ചുപിടി ക്കാനുളള ശ്രമത്തില്‍ താനറിയാതെ തന്നെ പഴയ ക്യാമറകളുടെയും ഫിലിമുകളുടെയും ഫോട്ടോഗ്രഫി മാഗസിനുകളുടെയും അനുബന്ധ സാമഗ്രികളുടെയും ശേഖരണത്തിലേക്ക് മനസുടക്കുകയും അതിനെ സംതൃപ്തകരമായൊരു ഹോബിയാക്കി മാറ്റുകയുമായിരുന്നു ജയ്സണ്‍. 

ജയ്സണിന്‍റെ യാത്രകള്‍ കേരളവും തമിഴ്നാടും ജയ്പ്പൂരും ഡല്‍ഹിയും കടന്ന് ഇന്‍ഡ്യയില്‍ പലയിടത്തേക്കുമായി നീണ്ടു. അവിടെ നിന്നൊക്കെ കിട്ടിയ പഴയ ക്യാമറകള്‍ വില കൊടുത്തും ചിലതൊക്കെ പാരിതോഷികമായും ചിലര്‍ ശല്യമൊഴിവാക്കുന്നതുപോ ലെയും ജയ്സണിന് നല്‍കി. എല്ലാം സന്തോഷത്തോടെ വാങ്ങിക്കൂട്ടിയപ്പോള്‍ വീടിനകം മതിയാവില്ലെന്ന് വന്നു. അങ്ങനെ ഫോട്ടം പിടിക്കണ പെട്ടികളെയെല്ലാം അടുക്കിവെക്കാന്‍ പാലായില്‍ ഒരു മുറി വാടകക്കെടുത്തു. കവര്‍ പൊട്ടിക്കാത്ത പഴയ ഫിലിമികുകള്‍, ഫിലിം സ്ലൈഡുകള്‍, പല കാലഘട്ടങ്ങളിലെയും പല തരത്തിലുളളതും ഇവിടെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. പഴയ
ക്യാമറകളുടെ ശേഖരണത്തിനായി ഇന്‍റര്‍നെറ്റിനെയും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളെയും പ്രയോജനപ്പെടുത്തുന്നുണ്ട് ജയ്സണ്‍. അതിനായി ഒരു ബ്ലോഗും ഇദ്ദേഹം തുടങ്ങിയിട്ടുണ്ട്  (http://antiqueframes.blogspot.in) ഇടക്കൊക്കെ സ്കൂള്‍, കോളെജുകളില്‍ തന്‍റെ ക്യാമറാ പ്രദര്‍ശനം നടത്താന്‍ പോകുമായിരുന്നു. എന്നാല്‍ അതൊക്കെ ശ്രമകരമായ പണിയാണെന്നു വന്നപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ജയ്സണ്‍ പറയുന്നു. ഉപയോഗശൂന്യമായി മാത്രം കൈയ്യില്‍ കിട്ടുന്ന ക്യാമറകളെല്ലാം ലഭ്യമാകുന്ന സ്പെയര്‍ പാര്‍ട്സുകള്‍ സംഘടിപ്പിച്ച് ഉപയോഗപ്രദമാക്കിയാണ് ജയ്സണ്‍ സൂക്ഷിക്കുന്നത്. “പഴയ ക്യാമറകളുടെ ഉപയോഗം നിന്നതോടെ പലതിന്‍റെയും സ്പെയര്‍ പാര്‍ട്സുകള്‍ ലഭിക്കാനില്ല. എങ്കിലും ഒന്നിലധികം ഉളളതില്‍ നിന്നും മാറ്റിയെടുത്തും, ലഭ്യമായ സോഴ്സുകളില്‍ നിന്നും വാങ്ങിയും പലതും ഉപയോഗിക്കാനാവുന്ന വിധത്തിലാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്” ജയ്സണ്‍ പറയുന്നു. 

സെക്കന്‍ഡ് ഹാന്‍ഡ് ക്യാമറകള്‍ വില്‍ക്കുന്നതിനും ങ്ങുന്നതിനുമുളള സൌകര്യങ്ങളും, ക്യാമറാ വാങ്ങുന്ന വര്‍ക്ക് തന്‍റെ പരിമിതമായ അറിവില്‍ നിന്നുളള സഹായങ്ങള്‍ ചെയ്യുന്നതിനും സമയം കണ്ടെത്താറുളള ജയ്സണിന് പുതിയ ക്യാമറകളുടെ വില്‍പ്പനയുമുണ്ട്. 1986 മുതല്‍ ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ അംഗവും പാലാ ഫിലാറ്റെലിക് ക്ലബ്ബിലെ അംഗവും കൂടിയായ ജയ്സണിന്  വിപുലമായ തപാല്‍ സ്റ്റാമ്പ്, നാണയ ശേഖരവുമുണ്ട്. ചരിത്രത്തിന്‍റെ തിരുശേഷിപ്പുകളെ മറ്റുളളവര്‍ക്കും കൂടി മനസിലാക്കാനാകും വിധം കാത്തൂസൂക്ഷിക്കുകയാണ് ഈ പാലാക്കാരന്‍.

Thursday, April 5, 2012

വൈകാരിക തലത്തിനപ്പുറം...


പുതിയകാലത്തെ പൂര്‍വ വിദ്യാര്‍ഥി - അധ്യാപകസംഗമങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് കച്ചവട താല്‍പ്പര്യങ്ങള്‍
ഷാനവാസ്. എസ് | Issue Dated: ഏപ്രില് 31, 2012
http://www.thesundayindian.com/ml/story/the-business-of-alumni-associations/7/2971/
ഓട്ടോഗ്രാഫില്‍ കുറിക്കുന്ന ‘ഓര്‍ക്കുക വല്ലപ്പോഴും’ എന്ന ഒറ്റ വരിയില്‍ കലാലയ ജീവീതത്തിന്‍റെ നിറമുളള ഓര്‍മ്മകളെയെല്ലാം ചേര്‍ത്തുവെക്കുന്നതായിരുന്നു പഴയ കാഴ്ച. ഇന്‍ലന്‍ഡും പോസ്റ്റ്കാര്‍ഡും എഴുത്തുപെട്ടികളും ചേര്‍ന്ന ആശയവിനിമയത്തിന്‍റെ പരിമിതമായ ലോകത്ത് വീണ്ടും കണ്ടുമുട്ടാനുളള സാധ്യത കുറവാണെന്ന ബോധമായിരുന്നു ഇത്തരം കുറിപ്പുകളില്‍ നിഴലിച്ചിരുന്നത്. അങ്ങനെ ഓട്ടോഗ്രാഫിലെ വരികള്‍, സൌഹൃദത്തിന്‍റെ അക്ഷര സ്മരണകളായി. എന്നാല്‍, ഇതിനിടയിലും പരസ്പരം പിരിയുന്നതിനു മുമ്പെ, വര്‍ഷത്തിലെ ഏതെങ്കിലുമൊരു ദിവസം നിശ്ചയിച്ച്, അന്നേ ദിവസം പഴയ കൂട്ടു കാരും അധ്യാപകരുമെല്ലാം വീണ്ടും കലാലയമുറ്റത്ത് സമ്മേളിക്കുമായിരുന്നു. ഇന്ന്, ആഘോഷപൂര്‍വ്വമായി നടത്തുന്ന പൂര്‍വ്വ വിദ്യാര്‍ഥി-അധ്യാപക-അനധ്യാപക സംഗമങ്ങളുടെ ചരിത്രം തുടങ്ങുന്നത് അവിടെ നിന്നാണ്.

മനുഷ്യജീവിതത്തിന്‍റെ സുവര്‍ണ്ണ കാലഘട്ടമെന്ന് വിശേഷിപ്പിക്കുന്ന കലാലയ ജീവീതത്തെ ആര്‍ക്കും പെട്ടെന്നൊന്നും മറക്കാനാവുന്നതല്ലെന്ന് പലരും സാക്‌ഷ്യപ്പെടുത്തുന്നുണ്ട്. “പഴയ വിദ്യാര്‍ത്ഥികളും, കോളെജു വിട്ടുപോയ ചില അധ്യാപകരുമൊക്കെ വിളിക്കുമ്പോള്‍ പൂര്‍വ വിദ്യാര്‍ത്ഥി-അധ്യാപക സംഗമത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. ചിലര്‍ക്ക്, പഴയ ബെഞ്ചിലിരുന്ന് ഒന്നുകൂടി പഠിക്കണം, ക്ലാസ് കേള്‍ക്കണം എന്നിങ്ങനെയൊക്കെയാണ് ആഗ്രഹം. ക്ലാസ്മേറ്റ്സ് എന്ന സിനിമ വന്നതിനുശേഷം, ഗൃഹാതുരമായ ഓര്‍മ്മകളിലേക്ക് ഒരു നിമിഷമെങ്കിലും മടങ്ങിപ്പോകാന്‍ പലരും ശ്രമിക്കുന്നുവെന്നതിന്‍റെ തെളിവാണിത്. സന്തോഷത്തിന്‍റെ ദിനങ്ങള്‍ മാത്രമല്ല, പണ്ടു ചെയ്തുകൂട്ടിയ കുസൃതികളും അതിരുകടന്ന തെറ്റുകളെയും പക്വതയുടെ കാലത്തിരുന്ന് നോക്കിക്കാണുമ്പോഴുളള വിങ്ങലുകള്‍ പങ്കുവെക്കാനുളള വേദിയായാണ് പലരും ഇത്തരം സംഗമങ്ങളെ കാണുന്നത്. പഴയ സഹപാഠികള്‍ തമ്മില്‍ പുതിയൊരു തരം സുഹൃദ്-കുടുംബ ബന്ധം വളര്‍ത്തിയെടുക്കാനും ഇതുമൂലം അവസരമൊരുങ്ങുന്നു എന്നത് ഒരു നല്ല കാര്യം തന്നെയാണ്” വൈക്കം സെന്‍റ് സേവ്യേഴ്സ് കോളെജില്‍ നിന്നും വിരമിച്ച പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകന്‍ എം.എം. മത്തായി പറയുന്നു.

കാലാനുസൃത മാറ്റങ്ങള്‍, ശാസ്ത്ര-വിവര സാങ്കേതിക വിദ്യകളുടെ വളര്‍ച്ച ആശയവിനിമയത്തിനുളള സാധ്യതകള്‍ വര്‍ധിപ്പിച്ചപ്പോള്‍ സൌഹൃദത്തിന്‍റെ പുതിയ തലം തന്നെ സൃഷ്ടിക്കപ്പെട്ടു. മൊബൈലും ഇന്‍റര്‍നെറ്റും അതിനു ഉപാധികളായി. 20-30 വര്‍ഷങ്ങള്‍ക്കു മുമ്പ് ചിന്തിക്കാന്‍ കഴിയാഞ്ഞ കാര്യങ്ങള്‍ ഇന്ന് നടപ്പിലാകുന്നു. പഴയ സുഹൃത്തുക്കളെയും സഹപാഠികളെയും കണ്ടെത്താനോ സ്കൂളിലെയോ കോളെജിലെയോ പൂര്‍വ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും കണ്ടെത്താനോ ഇന്ന് ബുദ്ധിമുട്ടില്ല. ഓര്‍ക്കുട്ട്, ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുളള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളും പഴയ കൂട്ടുകാരെയും സഹപാഠികളെയും കണ്ടെത്താന്‍ മാത്രമുളള സൈറ്റുകളും കാര്യങ്ങള്‍ എളുപ്പമാക്കിയതോടെ ഏതൊരു സ്കൂളും കോളെജും പൂര്‍വ വിദ്യാര്‍ത്ഥി- അധ്യാപക-അനധ്യാപക സംഗമങ്ങള്‍ക്ക് വേദിയൊരുക്കുന്നതില്‍ മത്സരിച്ചു തുടങ്ങി. സംഘടനകളുടെ എണ്ണത്തിലും വന്‍വര്‍ധനയുണ്ടായി.

പഴയ കൂട്ടുകാരുമായി ഗൃഹാതുരമായ ഓര്‍മ്മകള്‍ പങ്കുവെക്കുന്നതിനൊപ്പം ജീവീതത്തില്‍ വിജയം സമ്മാനിച്ച പഴയ കലാലയത്തിന് തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കുക എന്ന നന്മയുടെ വശം കൂടി ഇത്തരം പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കുണ്ടായിരുന്നു. സമൂഹത്തോടുളള പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിനുളള ഒരു വേദിയായി ഇത്തരം സംഗമങ്ങള്‍ മാറുന്ന കാഴ്ചയും കാണാനായി. ഇതില്‍ മുമ്പന്തിയിലുളള മഹാരാജാസ് കോളെജില്‍ നടത്തപ്പെടുന്ന ‘മഹാരാജകീയം’ പോലുളള പൂര്‍വ വിദ്യാര്‍ത്ഥി സംഗമങ്ങള്‍ ആര്‍ക്കും അനുകരിക്കാനാകുന്ന മാതൃകയാണ്. ഏതെങ്കിലുമൊരു വര്‍ഷത്തെയോ, ഡിപ്പാര്‍ ട്ടുമെന്‍റിലെയോ വിദ്യാര്‍ത്ഥികള്‍ക്കു പകരം കോളെജിന്‍റെ ആരംഭം മുതലുളള, ജീവിച്ചിരിക്കുന്ന പഴയ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അനധ്യാപകരെ യും ഉള്‍പ്പെടുത്തികൊണ്ടുളളതാണ് മഹാരാജകീയം. “ദേശീയ-സംസ്ഥാന രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, സാമുദായിക, അക്കാദമി രംഗങ്ങളില്‍ പ്രശ സ്തരായ ഒട്ടനവധി വ്യക്തികള്‍ മഹാരാജാസിലൂടെ കടന്നുവന്നവരാണ്. കോളെജിന്‍റെ എല്ലാ ആവശ്യങ്ങള്‍ക്കും, ന്യായമായ പോരാട്ടങ്ങള്‍ക്കുമായി ഇന്നും മുന്നില്‍ നില്‍ക്കുന്നത് കോളെജിലെ പഴയ വിദ്യാര്‍ത്ഥികളും സംഘടനയുമാണ്. കോളെജ് ഭൂമി സംരക്ഷണമായാലും, വികസന പ്രവര്‍ത്തനങ്ങളായാലും അങ്ങനെതന്നെ. കച്ചവട താല്‍പ്പര്യങ്ങള്‍ ലക്‌ഷ്യമിട്ട് കോളെജുകളും സ്കൂളുകളും നടത്തുന്ന സംഗമങ്ങളില്‍ നിന്നും മഹാരാജകീയം മാറി നില്‍ക്കുന്നു. വിദേശത്തുളള 344ഓളം പേര്‍ ഒരു ദിവസത്തെ പരിപാടിക്കായി മാത്രം കൊച്ചിയിലെത്തി എന്നു പറയുമ്പോള്‍, മഹാരാജകീയത്തിന്‍റെ പ്രസക്തി മനസിലാകും. ഗൃഹാതുരമായ ഓര്‍മ്മകള്‍ പുതുക്കുകയും ഗുരുക്കന്മാരെ ആദരിക്കുകയും കോളെജിന്‍റെ സംസ്കൃതി ഉയര്‍ത്തിപ്പിടിക്കുന്നതിനുമൊപ്പം ഒരു ഫാമിലി ഗെറ്റ് ടുഗദറിനും മഹാരാജകീയം വേദിയാകുന്നുണ്ട്”. 2012ലെ മഹാരാജകീയത്തിന്‍റെ കണ്‍വീനറായിരുന്ന സിഐസിസി ജയചന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ പറയത്തക്ക പാരമ്പര്യമില്ലാത്ത സ്കൂളുകളും കോളെജുകളും ‘നൊസ്റ്റാള്‍ജിയ’യുടെ പേരില്‍ നടത്തുന്ന പൂര്‍വ വിദ്യാര്‍ത്ഥി-അധ്യാപക-അനധ്യാപക സംഗമങ്ങള്‍ മറ്റുളളവര്‍ക്കു മുന്നില്‍ ജീവിത നിലവാരം പ്രദര്‍ശിപ്പിക്കാനുളള വേദിയായി മാത്രം മാറിയെന്നതാണ് അംഗീകരിക്കാനാവാത്ത പ്രവണത. അംഗത്വഫീസും, സംഘാടക ചെലവുകളും തുടങ്ങി കച്ചവട താല്‍പ്പര്യത്തിന്‍റെ പുതിയൊരു ഭാവം കൂടി ഇതിന് കൈവന്നിട്ടുണ്ട്. സ്കൂള്‍/കോളെജിന്‍റെ വിവിധ ഫണ്ടിലേക്കുളള ധനസഹായങ്ങള്‍ മുതല്‍ ഡസ്കും ബെഞ്ചും കംപ്യൂട്ടറുകളുമൊക്കെ സംഭാവനകളായതോടെ പൂര്‍വ വിദ്യാര്‍ത്ഥി-അധ്യാപക സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ ഇപ്പോള്‍ തിരക്കു കൂട്ടുന്നത് സ്കൂള്‍, കോളെജ് അധികൃതരാണ്.

ജീവിതത്തിലെ സുവര്‍ണ്ണ കാലഘട്ടത്തെ ആവേശത്തോടെ ഓര്‍ക്കാനും സൌഹൃദം പുതുക്കാനുമാണ് പഴയ തലമുറ സൌഹൃദ കൂട്ടായ്മകള്‍ കൊണ്ട് ലക്‌ഷ്യമിട്ടിരുന്നതെങ്കില്‍, ഇന്നത് വൈകാരികമായ തലത്തിനപ്പുറം സാമ്പത്തിക നേട്ടത്തിനുളള എളുപ്പവഴിയായാണ് പല സംഘാടകരും കാണുന്നത്. ഒര്‍മ്മകളെപ്പോഴും ‘വിലയേറിയതാണെന്ന്’ പറയുന്നതില്‍ അര്‍ത്ഥമില്ലാതില്ല.