Friday, March 21, 2014

പി.കെ ഹരികുമാറിനെ മറക്കാതെ വൈക്കം

ഷാനവാസ് എസ് | March 19, 2014 - Published in TV New - http://tvnew.in/news/21906.html

kottayam-LDFകോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മാത്യു ടി തോമസിന്റെ പ്രചരണം ശക്തമാകുമ്പോഴും സ്ഥാനാര്‍ത്ഥിയായി ആദ്യം നിശ്ചയിച്ച പി.കെ ഹരികുമാറിനെ മറക്കാനാകാതെ വൈക്കം. ഹരികുമാറിനു വോട്ടഭ്യര്‍ത്ഥിച്ചുള്ള ചുവരെഴുത്തുകളും ഫേസ്ബുക്ക് അക്കൗണ്ടും ഇപ്പോഴും സജീവം. പാര്‍ട്ടി അവഗണിച്ചാലും വൈക്കത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഹരികുമാറിനെ അവഗണിക്കാനാവില്ലെന്നതിന്റെയും പാര്‍ട്ടി തീരുമാനത്തോടുള്ള നീരസത്തിന്റെയും നേര്‍ച്ചിത്രങ്ങള്‍ കൂടിയാണ് ഈ ചുവരെഴുത്തുകള്‍.
ഹരികുമാര്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നറിഞ്ഞതോടെ കോട്ടയത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ പ്രചരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. ഹരികുമാറിന്റെ സ്വന്തം സ്ഥലമായ വൈക്കത്തെ പാലാംകടവ്, ചുങ്കം, കൂട്ടുമ്മേല്‍, തുരുത്തുമ്മ എന്നിവിടങ്ങളില്‍ ചുവരെഴുത്തുകള്‍ പൂര്‍ത്തിയാക്കിയതിനൊപ്പം സോഷ്യല്‍ മീഡിയകളിലും പ്രചരണം ശക്തമാക്കിയിരുന്നു. ഹരികുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ മാറ്റമുണ്ടാകില്ലെന്ന കണക്കുക്കൂട്ടലിനപ്പുറം ജനകീയ നേതാവിനോടുള്ള ആദരവ് കൂടിയായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍.
2014 തെരഞ്ഞെടുപ്പിനായി എല്‍ഡിഎഫ് ബുക്ക് ചെയ്ത മതിലുകളിലെല്ലാം ഹരികുമാറിന് വോട്ട് നല്‍കണമെന്ന അഭ്യര്‍ത്ഥനകള്‍ നിറഞ്ഞു. അതിനിടെയാണ് ജനതാദള്‍ മുന്നണി വിടുമെന്ന സാഹചര്യത്തില്‍ കോട്ടയം സീറ്റ് വിട്ടുകൊടുക്കാന്‍ ഇടതു മുന്നണി തീരുമാനിച്ചത്. തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരെ, പ്രത്യേകിച്ചും വൈക്കം നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരെ നിരാശരാക്കി. മാത്യു ടി തോമസിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുമ്പോഴും ഹരികുമാറിനായി തയ്യാറാക്കിയ ഫഌക്‌സ് ബോര്‍ഡുകള്‍ എടുത്തു കളയാനോ ചുവരെഴുത്തുകള്‍ മായ്ക്കാനോ പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല.
എസ്.എഫ്.ഐ.യിലൂടെ സംഘടനാ രംഗത്തെത്തിയ ഹരികുമാര്‍ ജനതാദളിനുവേണ്ടി രണ്ടാം തവണയാണ് മത്സരത്തില്‍ നിന്നും പിന്മാറുന്നത്. 1996ല്‍ പ്രൊഫ. ബി. ജയലക്ഷ്മിക്കുവേണ്ടി സീറ്റ് വിട്ടുനല്‍കേണ്ടി വന്നിരുന്നു. ആറു തവണ ഹരികുമാര്‍ ഡമ്മി സ്ഥാനാര്‍ത്ഥിയായിട്ടുണ്ട്. സുരേഷ് കുറുപ്പ് മത്സരിച്ചപ്പോഴെല്ലാം ഹരികുമാറായിരുന്നു ഡമ്മി സ്ഥാനാര്‍ത്ഥി. മൂന്നു പതിറ്റാണ്ട് പിന്നിടുന്ന സംഘടനാ പ്രവര്‍ത്തനത്തില്‍ ക്ലീന്‍ ഇമേജ് കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഹരികുമാര്‍ രണ്ടു തവണ വൈക്കം നഗരസഭാ ചെയര്‍മാനായിരുന്നു. രണ്ടു തവണ മഹാത്മാഗാന്ധി സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗമായി. ഇപ്പോള്‍ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗമാണ്.
കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രസിഡന്റ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. പാര്‍ട്ടി തീരുമാനത്തില്‍ നിരാശയില്ലെന്നും പ്രചരണ രംഗത്ത് സജീവമാകുമെന്നും ഹരികുമാര്‍ പറയുമ്പോഴും അത്ര പെട്ടെന്നൊന്നും വഴങ്ങാത്ത മനസോടെയാണ് വൈക്കത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍.

No comments:

Post a Comment