Monday, April 7, 2014

മോഡി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് മന്ത്രിയുണ്ടാവും: രവിശങ്കര്‍ പ്രസാദ്

ഷാനവാസ് എസ് | April 6, 2014 - Published on TV New - http://tvnew.in/news/24651.html

ബിജെപിയുടെ രാജ്യസഭാ പ്രതിപക്ഷ ഉപനേതാവും മാധ്യമ വിഭാഗം തലവനുമായ രവിശങ്കര്‍ പ്രസാദ് 16ാം ലോക്‌സഭയിലെ പാര്‍ട്ടി നിലപാടുകളെക്കുറിച്ചും കേരളത്തിലെ വിജയപ്രതീക്ഷയെക്കുറിച്ചും…
ravishankar-prasadപ്രകടന പത്രിക പോലുമില്ലാതെയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ വിമര്‍ശനത്തെക്കുറിച്ച് ?
അത്തരം വിമര്‍ശനങ്ങളില്‍ കഴമ്പില്ല. ബിജെപിക്ക് രാജ്യത്തെ ജനങ്ങളോട് പറയാനുള്ളതെല്ലാം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡി ഇതിനോടകം പറഞ്ഞു കഴിഞ്ഞു. ഭരണ സ്ഥിരതയും വികസനവുമാണ് ബിജെപി മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാട്. മോഡിയുടെ വിഷന്‍ 2020 രാജ്യത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യമിട്ടുള്ളതാണ്. അധികാരത്തിലെത്തുന്ന പാര്‍ട്ടിയെന്ന നിലയില്‍ രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളെ പാര്‍ട്ടിക്ക് വിശകലനം ചെയ്യേണ്ടിവരും. അതിനാലാണ് പ്രകടന പത്രിക താമസിക്കുന്നത്. പ്രകാശ് കാരാട്ടിന്റെ വിമര്‍ശനങ്ങളില്‍ കാര്യമില്ല. എന്തുകൊണ്ടാണ് കാരാട്ട് ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നും മനസിലാകുന്നില്ല. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പതനമായിരിക്കും സിപിഎമ്മിന് ഈ തെരഞ്ഞെടുപ്പിലുണ്ടാവുക.
മോഡിയുടെ കാഴ്ചപ്പാടുകളല്ലാതെ ബിജെപിക്ക് സ്വന്തമായൊരു തെരഞ്ഞെടുപ്പ് കാഴ്ചപ്പാടില്ലേ?
മോഡിയുടെ കാഴ്ചപ്പാട് ബിജെപിയുടെ കാഴ്ചപ്പാട് എന്നിങ്ങനെ വേര്‍തിരിച്ചു കാണേണ്ടതില്ല. പാര്‍ട്ടി മുന്നോട്ടുവെക്കുന്ന നയങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കും. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
പരാജയഭീതി മുലമാണ് മോഡി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടുന്നതെന്ന സീതാറാം യെച്ചൂരിയുടെ ആരോപണത്തെക്കുറിച്ച്?
നരേന്ദ്ര മോഡിയുടെ വിജയത്തുടര്‍ച്ചയ്ക്ക് സീതാറാം യെച്ചൂരിയുടെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. പാര്‍ട്ടി തന്ത്രത്തിന്റെ ഭാഗമായാണ് മോഡി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുന്നത്. ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുന്നതിന്റെ ഭാഗമായണത്. പരാജയ ഭീതി മൂലം സുരക്ഷിത മണ്ഡലം തേടിയെന്ന ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണ്.
bjpകേരളത്തിലെ ബിജെപിയെക്കുറിച്ച്?
കേരളത്തില്‍ ഇത്തവണ താമര വിരിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കേരളത്തില്‍ നിന്ന് കേന്ദ്രമന്ത്രിയുണ്ടാവും. കേരളത്തില്‍ ബിജെപിയുടെ വോട്ട് ശതമാനം 11 ശതമാനമായി ഉയരുമെന്ന റിപ്പോര്‍ട്ടുകള്‍ ശുഭസൂചനയാണ്. ബിജെപിയെ സംബന്ധിച്ചിടത്തോളം കേരളം പ്രിയപ്പെട്ടതാണ്. വാജ്‌പേയി സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് എംപി ഇല്ലാതിരുന്നിട്ടും മലയാളിയായ രാജഗോപാലിനെ കേന്ദ്രമന്ത്രിയാക്കിയത് അതിനാലാണ്.
തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ബിജെപിക്കുള്ളില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ടോ. പാര്‍ട്ടി വിട്ട ജസ്വന്ത് സിങ്ങിന്റെ നടപടിയെ എങ്ങനെ കാണുന്നു?
ബിജെപി ഒരു കുടുംബാധിപത്യത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയല്ല. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. എന്നാല്‍ അതൊക്കെ പരിഹരിക്കാനുള്ള വേദിയും പാര്‍ട്ടിയിലുണ്ട്. ജസ്വന്ത് സി്ങ്ങിനെ സംബന്ധിച്ചിടത്തോളം പാര്‍ട്ടി അധ്യക്ഷ പദവിയും പ്രധാനമന്ത്രി സ്ഥാനവുമൊഴികെ സുപ്രധാന പദവികളെല്ലാം തന്നെ പലപ്പോഴായി നല്‍കിയിട്ടുണ്ട്. ഇത്രയൊക്കെ പരിഗണന നല്‍കിയിട്ടും ജസ്വന്ത് സിങ് പുറത്തുപോയതിനെ ന്യായീകരിക്കാനാവില്ല. സീറ്റ് നല്‍കിയിലെന്ന കാരണത്താല്‍ വിമതനാകുന്നതും ശരിയല്ല. കേരളത്തില്‍ നിന്ന് പാര്‍ട്ടിക്ക് ഒരു എംഎല്‍എ പോലുമില്ലാഞ്ഞിട്ടും ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് സജീവമായി പ്രവര്‍ത്തിക്കുന്നത്. ഏത് രാഷ്ട്രീയപാര്‍ട്ടിയിലും അത്തരം സ്ഥിതിവിശേഷങ്ങളുണ്ട്.
ദേശീയ തലത്തില്‍ ബിജെപിയുടെ വിജയപ്രതീക്ഷകള്‍?
യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് താഴെയിറങ്ങേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. രാജ്യം കണ്ടതില്‍ ഏറ്റവും വലിയ അഴിമതിക്കാണ് രണ്ടാം യു.പി.എ സര്‍ക്കാര്‍ കൂട്ടുനിന്നത്. രാജീവ് ഗാന്ധിയുടെ കാലത്ത് 60 കോടി രൂപയുടെ ബോഫോഴ്‌സ് കോഴയായിരുന്നു വലുത്. എന്നാല്‍ പതിനായിരം മുതല്‍ രണ്ട് ലക്ഷം കോടി വരെയുള്ള അഴിമതികളാണ് യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായത്. അഴിമതിക്കാരെ സംരക്ഷിക്കുന്ന നയമാണ് യുപിഎയുടേത്. ഇത്രയൊക്കെ അഴിമതി നടന്നിട്ടും അതിനെതിരെ ഫലപ്രദമായ അന്വേഷണത്തിനു പോലും യുപിഎയ്ക്ക് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ് തയ്യാറായില്ല. ദേശീയ സുരക്ഷയ്ക്കും ആഭ്യന്തര സുരക്ഷയ്ക്കും ഏറെ ഭീഷണി ഉയര്‍ന്നിട്ടും ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ യുപിഎ സര്‍ക്കാരിനായില്ല. വില വര്‍ധനയും വളര്‍ച്ചാ മുരടിപ്പും ദുര്‍ഭരണവും മാത്രമാണ് യുപിഎയുടെ നേട്ടങ്ങള്‍.
അഴിമതിയെക്കുറിച്ച് ബിജെപിയുടെ നിലപാട്, ബി.എസ് യെദ്യൂരപ്പയെ തിരിച്ചെടുത്തതിനെ ന്യായീകരിക്കാനാകുമോ, അഴിമതിക്കാരെ ബിജെപിയും സ്വീകരിക്കുന്നുവെന്നാണോ?
അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം എന്നതാണ് ബിജെപിയുടെ നിലപാട്. അതും യെദ്യൂരപ്പയുമായി ബന്ധമില്ല. അഴിമതിയുടെ പേരില്‍ ഭരണം നഷ്ടമായ ശേഷം യെദ്യൂരപ്പ പുതിയ പാര്‍ട്ടിയുണ്ടാക്കി. എന്നാല്‍ അത് യെദ്യൂരപ്പയ്‌ക്കോ ബിജെപിക്കോ ഗുണം ചെയ്തില്ല. രണ്ടു കൂട്ടര്‍ക്കുമുണ്ടായ നഷ്ടം മനസിലായതിനെത്തുടര്‍ന്നും ഒന്നിച്ചുനില്‍ക്കേണ്ടതിന്റെ ആവശ്യകത ബോധ്യമായതിനാലുമാണ് അദ്ദേഹം വീണ്ടും പാര്‍ട്ടിയിലെത്തിയത്. അല്ലാതെ അഴിമതിക്കാരെ സംരക്ഷിക്കുന്ന തരത്തില്‍ അതിലൊന്നുമില്ല. അഴിമതി കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും പാര്‍ട്ടി തയ്യാറല്ല.
പ്രതിരോധ മന്ത്രി എ.കെ ആന്റണിയെ ബിജെപി നേതൃത്വം കടന്നാക്രമിക്കുന്നുണ്ടല്ലോ?
രാജ്യം കണ്ട ഏറ്റവും ദുര്‍ബലനായ പ്രതിരോധ മന്ത്രിയാണ് എ.കെ ആന്റണി. അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണി വര്‍ധിക്കുമ്പോഴും തീരുമാനമെടുക്കാന്‍ പോലും കഴിവില്ലാത്ത മന്ത്രിയെന്ന നിലയിലാണ് പാര്‍ട്ടി നേതൃത്വം ആന്റണിയെ കടന്നാക്രമിക്കുന്നത്. 500 തവണ ചൈന അതിര്‍ത്തിയില്‍ കടന്നാക്രമണം നടത്തി. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടിയൊന്നുമുണ്ടായില്ല. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തെക്കുറിച്ച്, പാക് പട്ടാള വേഷമിട്ട ഭീകരരാണ് ആക്രമണം നടത്തിയതെന്ന ആന്റണിയുടെ പ്രസ്താവന പ്രതിരോധ മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവുകേട് വ്യക്തമാക്കുന്നതായിരുന്നു.

1 comment:

  1. We are urgently in need of Kidney donors with the sum of $500,000.00 USD,(3 crore) All donors are to reply via Email: healthc976@gmail.com
    Call or whatsapp +91 994 531 7569

    ReplyDelete