ഷാനവാസ്.എസ് | March 22, 2014 | Published in TV New (http://tvnew.in/news/22315.html)
മുന്‍ മുഖ്യമന്ത്രി സിഎച്ച് മുഹമ്മ് കോയയുടെ പേരിലുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 30 വര്‍ഷം പിന്നിടുമ്പോള്‍ അതിന്റെ എല്ലാമെല്ലാമായി ഹമീദിക്കയുണ്ട്. അരനൂറ്റാണ്ടു പിന്നിട്ട വടുതല ഡോണ്‍ ബോസ്‌കോ ട്രോഫി കഴിഞ്ഞാല്‍ കൊച്ചിയില്‍ മുടക്കമില്ലാതെ തുടരുന്ന അംഗീകൃത ടൂര്‍ണമെന്റുകളില്‍ രണ്ടാം സ്ഥാനമുണ്ട് സിഎച്ച് സ്മാരക ഫുട്‌ബോളിന്. കേരളം കണ്ട പ്രമുഖ താരങ്ങളില്‍ പലരും ഈ ടൂര്‍ണമെന്റില്‍ കളിച്ചുവളര്‍ന്നവരാണ്.
ഡോണ്‍ ബോസ്‌കോ ട്രോഫിക്കു വലിയൊരു പ്രസ്ഥാനത്തിന്റെ പിന്തുണയുള്ളപ്പോള്‍ സിഎച്ച് സ്മാരക ഫുട്‌ബോളിനു പിന്നില്‍ ഹമീദിക്ക ഒറ്റയ്ക്കാണ്. മത്സരം സംഘടിപ്പിച്ച് ടീമുകളെ ക്ഷണിക്കുന്നതിനൊപ്പം കളിക്കളമൊരുക്കുന്നതും കുമ്മായ വരയിടുന്നതും അനൗണ്‍സ്‌മെന്റും തുടങ്ങി ഇടവേളയില്‍ കളിക്കാര്‍ക്കു വെള്ളവും മറ്റും നല്‍കുന്നത് ഉള്‍പ്പെടെ കാര്യങ്ങളില്‍ പുലര്‍ത്തുന്ന ശ്രദ്ധയാണ് മറ്റു സംഘാടകരില്‍ നിന്നു ഹമീദിക്കയെ വ്യത്യസ്തനാക്കുന്നത്. 30 വര്‍ഷത്തെ ടൂര്‍ണമെന്റ് നടത്തിപ്പില്‍ നിരാശകളൊന്നുമില്ലെങ്കിലും മികച്ച കളി മൈതാനങ്ങള്‍ ഇല്ലാത്തതിലും ഫുട്‌ബോളിന്റെ ജനകീയത നഷ്ടപ്പെടുന്നതിലും ഹമീദിക്ക തെല്ലു നിരാശനാണ്.
യാതൊരു നഷ്ടവും കൂടാതെ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടത്താമെന്ന് തെളിയിച്ച ഹമീദിന്റെ സംഘാടന രീതി അനുകരണീയവും അഭിനന്ദനാര്‍ഹവുമാണെന്ന ഇന്ത്യയുടെ മുന്‍ ഫുട്‌ബോള്‍ താരവും കോച്ചുമായ സി.സി ജേക്കബ് അഭിപ്രായപ്പെടുന്നു. ഫുട്‌ബോളിനോടുള്ള പ്രതിബദ്ധതയാണ് ഹമീദിക്കയുടെ ശ്രമങ്ങളിലേക്ക് മറ്റുവരെ ആകര്‍ഷിക്കുന്നത്. തികച്ചും ജനകീയമായ രീതിയിലുള്ള ഹമീദിക്കയുടെ രീതികള്‍ കായിക വകുപ്പുകള്‍ക്കോ, സംഘടനകള്‍ക്കോ പരീക്ഷീക്കാവുന്നതാണെന്നും ജേക്കബ് പറയുന്നു.
ഫുട്‌ബോളിനോടുള്ള ഹമീദിക്കയുടെ ആത്മാര്‍ത്ഥ തിരിച്ചറിഞ്ഞ തേവരയിലെ എസ്.എച്ച് കോളജ് അധികൃതരും ഫിസിക്കല്‍ എജ്യുക്കേഷന്‍ വകുപ്പും ഹമീദിന്റെ പരിശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി സിഎച്ച് സ്മാരക ടൂര്‍ണമെന്റിന് കോളെജ് ഗ്രൗണ്ട് സൗജന്യമായി വിട്ടു നല്‍കുന്നുണ്ട്. മികച്ച കളിസ്ഥലങ്ങള്‍ ഇല്ലാതെയാകുമ്പോഴും ഉള്ളതിന് മികച്ച വാടക നല്‍കേണ്ടിവരുന്ന അവസ്ഥയിലും കോളെജ് ഗ്രൗണ്ട് ലഭ്യമാകുന്നത് ഹമീദിക്കയെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്.
മത്സരം സംഘടിപ്പിച്ച് ലാഭം കൊയ്യുന്നതിനപ്പുറം, ചൂടിലും പൊടിയിലും പയറ്റി വിയര്‍പ്പണിഞ്ഞ് കളം വിടുന്ന കളിക്കാരുടെ മുഖത്തെ വിസ്മയവും ആഹ്ലാദവുമാണ് ഹമീദിക്കയുടെ സംതൃപ്തി. കായിക മേഖലയെ മുന്നോട്ടു നയിക്കുന്നതില്‍ പലരും പരാജയപ്പെടുമ്പോള്‍, കഴിഞ്ഞ 30 വര്‍ഷമായി ഹമീദിക്ക പിന്തുടരുന്ന രീതി ഏതൊരു കായിക സംഘടനയക്കും മാതൃകയാണ്.
No comments:
Post a Comment