Tuesday, August 23, 2011

കല്യാണിക്കുട്ടിമാര്‍ക്ക് ജീവിക്കാന്‍ കൊള്ളാതാവുന്ന കേരളം

സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ സംസ്ഥാനത്ത് ക്രമാതീതമായി വര്‍ധിക്കുന്നതിന്‍റെ ഞെട്ടിക്കുന്ന (ലജ്ജിപ്പിക്കുന്ന) കണക്കുകള്‍
ഷാനവാസ്. എസ് | കൊച്ചി, ആഗസ്റ്റ് 22, 2011 16:14

ദൈവത്തിന്‍റെ സ്വന്തം നാട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്തരിച്ച ചിത്രകാരന്‍ എം എഫ് ഹുസൈനെക്കൊണ്ട് ചിത്രപരമ്പര വരപ്പിച്ചു. കേരളത്തിന്‍റെ വര്‍ണങ്ങള്‍ പകര്‍ത്തുകയായിരുന്നു ലക്‌ഷ്യം. ആ ചിത്രപരമ്പരയ്ക്ക്കല്യാണിക്കുട്ടിയുടെ കേരളം എന്നാണ് പേരിട്ടത്. ഇന്ന്, കേരളം കല്യാണിക്കുട്ടിമാര്‍ക്ക് ജീവിക്കാന്‍ (വഴിനടക്കാന്‍ പോലും) പറ്റാത്ത നാടായി മാറിയിരിക്കുന്നു. കണക്കുകള്‍ വെളിപ്പെടുത്തുന്നത് ഒരു നാടിന്‍റെ അധഃപതനമാണ്.ലൈംഗിക അരാജകത്വത്തിന്‍റെ നാട് എന്ന് പദവിയിലേക്ക് കേരളം അതിവേഗം ബഹൂദൂരം കുതിക്കുകയാണ്. ചില വസ്തുതകള്‍

  • ബലാത്സംഗവും സ്ത്രീപീഡനവും എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക്
  • ദിവസവും പത്ത് സ്ത്രീപീഡനങ്ങള്‍/ബലാത്സംഗങ്ങള്‍
  • വര്‍ഷം ഇതുവരെ 546 ബലാത്സംഗകേസുകള്‍
  • ഈവര്‍ഷം ജൂണ്‍ വരെ 1816 സ്ത്രീപീഡന കേസുകള്‍
  • 96 ബലാത്സംഗകേസുകളുമായി കാസര്‍ഗോഡ് ഒന്നാമത്
  • പൊതുസ്ഥലത്തെ ലൈംഗികാതിക്രമങ്ങള്‍ 347
  • സ്ത്രീകളെ തട്ടിക്കൊണ്ടുപോകല്‍ 101

    ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുളള വാര്‍ത്തകള്‍ കേരളത്തിലിന്ന് സര്‍വ്വസാധാരണമായിരിക്കുന്നു. ദിവസവും കുറഞ്ഞത് പത്ത് സംഭവങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ 95 ശതമാനത്തിലധികവും സ്ത്രീകള്‍ക്കെതിരെയാണ് നടക്കുന്നത്. മൂന്ന് വയസുളള പെണ്‍കുട്ടി മുതല്‍ 80 കഴിഞ്ഞ വൃദ്ധ വരെ ഇത്തരത്തില്‍ ഇരയാകുന്നുവെന്നതാണ് ആശങ്കാജനകമായ വസ്തുത. കഴിഞ്ഞകാലങ്ങളില്‍ കൊലപാതക, മോഷണ കേസുകളാണ് സംസ്ഥാനത്ത് വര്‍ധിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ, പ്രത്യേകിച്ചും ലൈഗിംകാതിക്രമങ്ങളുടെ കാര്യത്തിലാണ് ക്രമാതീതമായ വര്‍ധന കാണാനാകുന്നത്. വികലമായ ലൈംഗിക കാഴ്ചപ്പാടുകളെ അനുകരിക്കാനും ആവര്‍ത്തിക്കാനും വെമ്പുന്ന കേരളം അതിവേഗം ലൈംഗിക അരാജകത്വത്തിലേക്ക് വീഴുകയാണോ എന്ന സംശയത്തിനിട നല്‍കുന്നതാണ് പുതിയ സ്ഥിതിവിശേഷം.


    സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നതായാണ് ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തുവിട്ട അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2011 ജൂണ്‍ വരെയുളള ആറു മാസത്തെ, റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുളള കേസുകളുടെ എണ്ണമാണ് ബ്യൂറോ പ്രസിദ്ധീകരിച്ചത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ബലാത്സംഗത്തിന്‍റെയും പീഡനത്തിന്‍റെയും എണ്ണം എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് കുതിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.


    2010ല്‍ ആകെ 617 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്ത സ്ഥാനത്ത് വര്‍ഷം ഇതുവരെ 546 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. മുന്‍ വര്‍ഷങ്ങളില്‍ ഇത് 500 (2007), 548 (2008), 554 (2009) എന്നിങ്ങനെയായിരുന്നു. 96 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുളള കാസര്‍ഗോഡ് ആണ് ബലാത്സംഗ കേസില്‍ ഒന്നാം സ്ഥാനത്തുളളത്. പീഡനങ്ങളുടെ കാര്യത്തില്‍ 2011 ജൂണ്‍ വരെ 1816 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2010ല്‍ ആകെ പീഡനക്കേസുകള്‍ 2939 ആയിരുന്നു. 2007ല്‍ ഇത് 2604, 2008ല്‍ 2756, 2009ല്‍ 2539 എന്നിങ്ങനെയായിരുന്നു. 165 കേസുകളുമായി കൊല്ലം സിറ്റിയാണ് ഇക്കാര്യത്തില്‍ മുന്നിലുളളത്.


    2011 ജൂണ്‍ വരെ, സ്ത്രീകളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് 101 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. 11 വീതം കേസുകളുമായി തൃശൂരും കൊല്ലം സിറ്റിയുമാണ് മുന്നില്‍. 2007, 2008, 2009, 2010 വര്‍ഷങ്ങളില്‍ ഇത് യഥാക്രമം 166, 167, 171, 175 എന്നിങ്ങനെയായിരുന്നു. പൊതുസ്ഥലത്തെ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച് ഇതുവരെയുളള കേസുകള്‍ 347 ആണ്. കഴിഞ്ഞവര്‍ഷമിത് 539 ആയിരുന്നു. 66 കേസുകളോടെ കോഴിക്കോട് സിറ്റിയാണ് പട്ടികയില്‍ മുന്നിലുളളത്.


    സ്ത്രീധന മരണത്തിന്‍റെ കാര്യത്തില്‍ മാത്രമാണ് അല്‍പ്പമെങ്കിലും കുറവ് കാണാനാകുന്നത്. ഇതുവരെ ആറ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുളളത്. കഴിഞ്ഞ വര്‍ഷം സ്ത്രീധന മരണം 21 ആയിരുന്നു. 2007ല്‍ 22ഉം, 2008ല്‍ 25ഉം, 2009ല്‍ 21ഉം കേസുകള്‍ സ്ത്രീധന മരണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടു ചെയ്തിരുന്നു. വര്‍ഷം ഇതുവരെ പാലക്കാട് നിന്നും രണ്ടും കോട്ടയം, എറണാകുളം റൂറല്‍, തൃശൂര്‍ സിറ്റി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഒരോ കേസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


    ഭര്‍ത്താവ് അല്ലെങ്കില്‍ ബന്ധുക്കളില്‍ നിന്നുളള പീഡനങ്ങള്‍ സംബന്ധിച്ച കേസുകളുടെ എണ്ണം 2679 ആണ്. കഴിഞ്ഞവര്‍ഷം 4788 ആയിരുന്നു. 2007ല്‍ 3976 കേസുകളും 2008ല്‍ 4135 കേസുകളും 2009ല്‍ 3976 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂണ്‍ വരെ 340 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മലപ്പുറമാണ് പട്ടികയില്‍ മുന്നിലുളളത്. സ്ത്രീകള്‍ക്കെതിരായ മറ്റു കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍, 2011 ജൂണ്‍ വരെ ആകെ 1109 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൃശൂര്‍ സിറ്റിയില്‍ മാത്രം 159 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1851 (2007), 1820 (2008), 1699 (2009), 1702 (2010) എന്നിങ്ങനെയായിരുന്നു മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍.


    ബലാത്സംഗം, പീഡനം തുടങ്ങി സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങളെക്കുറിച്ച് വര്‍ഷം ജൂണ്‍ വരെ 6604 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആകെ 632 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന മലപ്പുറം ആണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുളളത്. 18 കേസുകളുമായി റെയില്‍വേ ആണ് പട്ടികയില്‍ ഏറ്റവും താഴെയുളളത്. 2010ല്‍ ആകെ കേസുകള്‍ 10781 ആയിരുന്നു. 2007ല്‍ 9381 കേസുകളും 2008ല്‍ 9706 കേസുകളും 2009ല്‍ 9354 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.


    ഇവിടെ പറഞ്ഞിരിക്കുന്ന കണക്കുകളില്‍ മാത്രം ഒതുങ്ങുന്നതല്ല സംസ്ഥാനത്തെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍. ഇതെല്ലാം പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിളളവയുടെ എണ്ണം മാത്രമാണ്. ഏതെങ്കിലും വിധത്തിലുളള അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളില്‍ ചെറിയ ശതമാനമെ പൊലീസ് സ്റ്റേഷനിലോ, കുടുംബകോടതികളിലോ, വനിതാ കമ്മീഷനിലോ, സ്ത്രീവേദി പോലുളള മറ്റേതെങ്കിലും സംഘടനകളിലോ പരാതി നല്‍കുന്നുളളു. 2002ലെ നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം ഇന്‍ഡ്യയില്‍ ഒരോ 3.5 മിനുറ്റിലും സ്ത്രീകള്‍ക്കെതിരായ ഒരു കുറ്റകൃത്യം നടക്കുന്നുണ്ടെന്നാണ്. അങ്ങനെ വലിയൊരു ശതമാനം കേസുകളും റിപ്പോര്‍ട്ടു ചെയ്യപ്പെടാതെ പോകുന്നു. 2010 ആകുമ്പോള്‍ രാജ്യത്തെ ജനസംഖ്യാ വര്‍ധന നിരക്കിനേക്കാള്‍ വളരെ ഉയര്‍ന്നതായിരിക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ നിരക്കെന്ന് 1998ല്‍ നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നതു കൂടി ചേര്‍ത്തു വായിക്കുമ്പോള്‍, നിലവിലുളള കണക്കുകള്‍ യാഥാര്‍ത്ഥ്യത്തിന്‍റെ ഒരംശം മാത്രമാണെന്ന് മനസിലാക്കാം.


    കൊലപാതകങ്ങളും മോഷണങ്ങളുള്‍പ്പെടെയുളള കുറ്റകൃത്യങ്ങള്‍ക്ക് പഞ്ഞമില്ലാതിരുന്ന കേരളമിന്ന് ലൈംഗിക അതിക്രമങ്ങളുടെ വിളനിലമാണ്. കുട്ടികളും മുതിര്‍ന്നവരും പ്രായമായവരും ഒരുപോലെ ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയായിത്തീരുന്നുവെന്ന വസ്തുത സമൂഹത്തെയാകെ ബാധിച്ചിരിക്കുന്ന ഗുരുതരമായൊരു പ്രശ്നമാണിതെന്ന സത്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സാക്ഷരതയിലും സാംസ്കാരിക മേഖലയിലും രാജ്യത്തിനും ലോകസമൂഹങ്ങള്‍ക്കും മാതൃകയായിട്ടുളള ഒരു സമൂഹം ഇത്തരത്തില്‍ നീങ്ങിക്കൊണ്ടിരിക്കുന്നത് ആപത്കരമായ പ്രവണതയാണ്. സ്ഥിതിയിലെങ്കിലും കാര്യങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്താനാകുന്നില്ലെങ്കില്‍ ഒരു ലൈംഗിക അരാജകത്വത്തിന്‍റെ നാടെന്ന നിലയിലേക്കുള്ള കേരളത്തിന്‍റെ വളര്‍ച്ച അതിവേഗം ബഹുദൂരം ആയിരിക്കും.
  • http://thesundayindian.com/ml/story/kerala-the-most-dangerous-place-for-women/13/1246/

Monday, August 8, 2011

Kerala: Health

In the clutches of fever

SHANAVAS. S | Issue Dated: August 5, 2011, New Delhi

Kerala is in the clutches of various types of fevers ranging from H1N1, dengue, viral fever, malaria, chikun gunya, leptospirosis, and Japanese encephalitis to the Congo fever. The total number of fever patients in the government hospitals has reached a staggering 26,53,245 so far. The actual figure will be higher as the present figure excludes the patients gone to private hospitals.

The new government has also stopped last government’s initiatives for controlling disease and the monitoring cell has fettered epidemic prevention-control mechanisms in the state. More than 100 people have died of H1N1, dengue, leptospirosis, and Japanese encephalitis. Confirmed cases of cholera, malaria, chikun gunya and typhoid have been reported from different parts of the state.

In 2007, the number of fever patients in the state was 35,63,585. In 2008, it dipped to 22,24,086 but rose again to 31,46,941 the next year. In 2010 the figure was 23,76,577 (Source: Integrated Disease Surveillance Project on Communicable and Non-communicable diseases, National Rural Health Mission). This year, the number is close to 30,00,000 so far.

State health minister Adoor Prakash said in the Assembly that the health department was taking various steps to tackle the situation and was making elaborate arrangements for sanitation in each and every ward of the state. But the health department is yet to take effective steps.

The situation is worsened by severe shortage of essential drugs and doctors in government hospitals. Cleaning and sanitation, solid waste management, mosquito eradication and awareness programmes are wanting. In brief, the situation is not under control despite the health minister claiming to that effect.

Poor sanitation, accumulation of solid waste on the streets and improper water storage breeding mosquitoes are the key reasons for the state’s present situation. “This situation has not arisen suddenly. This has been going on year after year with a new variety of flu or disease emerging every year.

So, we should have a permanent system— an epidemic cell— to control and monitor the infections. We should take essential precautionary measures before anything happens. An effective solid waste management can reduce the breeding of mosquitoes and fever cases. Good sanitation, mosquito eradication, waste management and good health routines are key to a healthy society,” says Indian Dr. Rajagopalan Nair, secretary, Kerala Medical Association. Meanwhile, if the situtaion remains the same, this year will see the number of fever cases touching a new high.

http://thesundayindian.com/en/story/in-the-clutches-of-fever/27/19866/

പൈതൃക കോളെജുകള്‍

സിഎംഎസ് കോളെജ് : ചരിത്രത്തിനൊപ്പം

വിദ്യാഭ്യാസ രംഗത്തെന്നപോലെ സാമൂഹ്യ, സാംസ്കാരിക, സേവന രംഗത്തും സിഎംഎസ് പൈതൃകം പിന്തുടരാനാവുന്ന മാതൃകയാണ്
ഷാനവാസ്. എസ് | Issue Dated: ആഗസ്റ്റ് 5, 2011

കോട്ടയം നഗരത്തില്‍, ബേക്കര്‍ ജംഗ്ഷനു സമീപം ചാലുകുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഹരിതമനോഹരമായ സിഎംഎസ് കോളെജിന്‍റെ ചരിത്രത്തിന് കേരളത്തിലെ വിദ്യാഭ്യാസ സംസ്കാരവുമായി അഭേദ്യമായ ബന്ധമുണ്ട്. ദക്ഷിണേന്‍ഡ്യയിലെ, ഇന്‍ഡ്യയിലെയും വിദ്യാഭ്യാസ വിപ്ലവത്തിന്‍റെ തുടക്കം സിഎംഎസ് കോളെജില്‍ നിന്നായിരുന്നുവെന്ന് പറഞ്ഞാല്‍, അതൊരു അതിശയോക്തിയാകില്ല. തക്ഷശിലയും നളന്ദയും പ്രതാപകാലങ്ങള്‍ ചരിത്രത്തില്‍ ശേഷിപ്പിച്ചു തകര്‍ക്കപ്പെട്ടതോടെ നിശ്ചലമായ ഇന്‍ഡ്യന്‍ വിദ്യാഭ്യാസ രംഗം, ഇന്‍ഡ്യാക്കാരെ പഠിപ്പിക്കാനായി ഒരു ലക്ഷം രൂപ ഈസ്റ്റ് ഇന്‍ഡ്യാ കമ്പനി നീക്കിവെച്ച 1813-ലെ ചാര്‍ട്ടര്‍ ആക്ടിലൂടെയാണ് പിന്നീട് ഉണര്‍വ്വ് നേടിയത്. എങ്കിലും വിഭ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പഠനത്തിനുമായി കാലങ്ങള്‍ പിന്നെയും കാത്തിരിക്കേണ്ടി വന്നു. ഇക്കാലയളവിലാണ് ദക്ഷിണേന്‍ഡ്യയിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന്‍റെ ചരിത്രം സിഎംഎസ് കോളെജിലൂടെ എഴുതപ്പെടുന്നത്.

ഇംഗ്ലണ്ടില്‍ നിന്നുളള ചര്‍ച്ച് മിഷണറി സൊസൈറ്റിയായിരുന്നു 1813ല്‍ കോളെജ് കെട്ടിടം പണി തുടങ്ങി പുതിയ ദിശാബോധത്തിന് തുടക്കമിട്ടത്. 1816ല്‍ കൊട്ടിയം കോളെജ് എന്ന പേരില്‍ 25 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഔദ്യോഗിക രേഖകളില്‍ 1817 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്ന ത്. അന്നുമുതല്‍ സിഎംസ് കോളെജ് എന്നറിയപ്പെടുന്നു. ഇന്‍ഡ്യയിലെ ആദ്യത്തെ സര്‍വ്വകലാശാലകളായ കല്‍ക്കത്ത, ബോംബെ, മദ്രാസ് എന്നിവക്കുമുമ്പെ സിഎംഎസ് കോളെജ് പ്രവര്‍ത്തനം ആരംഭിച്ചിരു ന്നു. 1854ല്‍ സര്‍ ചാള്‍സ് വുഡ്സിന്‍റെ എഡ്യൂക്കേഷന്‍ ഡിസ്പാച്ചിനെത്തുടര്‍ന്ന് 1857ലാണ് ഈ സര്‍വ്വകലാശാലകള്‍ സ്ഥാപിതമായത്. ലാറ്റിന്‍, ഗ്രീക്ക്, ഹീബ്രു, ഗണിതശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം,എന്നീ വിഷയങ്ങള്‍ക്കൊപ്പം മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, സുറിയാനി ഭാഷകളും പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. തിരുവിതാംകൂറിലെ അച്ചടിയുടെ പിതാവ് ബെഞ്ചമിന്‍ ബെയ്‌ലിയായിരുന്നു ആദ്യ പ്രിന്‍സിപ്പല്‍.


1855വരെ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം കോളെജ് വിദ്യാഭ്യാസം സൌജന്യമായിരുന്നു. അതിനുശേഷം, വിദ്യാര്‍ത്ഥികളില്‍ നിന്നും മാസം ഒരു രൂപ ഈടാക്കിയിരുന്നു. 1864ല്‍ ഇന്‍ഡ്യയിലെ തന്നെ ആദ്യ കോളെജ് മാഗസിന്‍ ‘വിദ്യാസംഗ്രഹം’ സിഎംഎസില്‍ നിന്നും പുറത്തിറങ്ങി. ഡോ. കെ.എം ജോര്‍ജ് അവതാരിക എഴുതിയ മാഗസിനിലെ ആദ്യ ലേഖനത്തില്‍ ‘കേരളത്തിന്‍റെ വൈജ്ഞാനിക പൈതൃകം’ എന്നാണ് ഡോ. സാമുവല്‍ നെല്ലിമുകള്‍ വിദ്യാസംഗ്രഹത്തെ വിവരിച്ചിരിക്കുന്നത്. 1857ല്‍ മദ്രാസ് സര്‍വ്വകലാശാല നിലവില്‍ വന്നപ്പോള്‍ കോളെജിന്‍റെ പ്രവര്‍ത്തനം അതിന്‍റെ കീഴിലായി. 1892ല്‍ സെക്കന്‍ഡ് ഗ്രേഡ് കോളെജ് ആയി സിഎംഎസ് ഉയര്‍ത്തപ്പെട്ടു.


1905ല്‍ കലാലയ ചരിത്ര ത്തിലെ ആദ്യ കോളെജ്ഡേ ആഘോഷങ്ങള്‍ക്ക് സിഎംഎസ് വേദിയായി.1913ല്‍ വിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി സ്ത്രീകള്‍ക്ക് കോളെജ് വിദ്യാഭ്യാസം അനുവദിച്ചു. എന്നാല്‍ 1918ല്‍ അത് നിര്‍ത്തലാക്കി, കാരണമിന്നും വ്യക്തമല്ല. മദ്രാസ് പ്രസിഡന്‍സിയുടെ സെക്കന്‍ഡ് ഗ്രേഡ് കോളെജ് പരിവേഷമായിരുന്നു സിഎംഎസിന് അക്കാലത്ത്.


1937ല്‍ കോളെജിനെ തിരുവിതാംകൂര്‍ സര്‍വ്വകലാശാലയുമായി സംയോജിപ്പിച്ചു. 1938-42 കാലയളവില്‍ സേവനമനുഷ്ഠിച്ച റവ. ഫിലിപ്പ് ലീ ആയിരുന്നു അവസാനത്തെ മിഷണറി പ്രിന്‍സിപ്പല്‍. 1938ല്‍ 20 വര്‍ഷത്തിനു ശേഷം സ്ത്രീകള്‍ക്ക് വീണ്ടും കോളെജ് പ്രവേശനം നല്‍കി. 1965ല്‍ ഫസ്റ്റ് ഗ്രേഡ് കോളെജായി. അക്കാലത്ത് കോളെജ് കേരള സര്‍വ്വകലാശാലയുമായി സംയോജിപ്പിച്ചു. പ്രൊഫ.പി.ടി എ ബ്രഹാമിന്‍റെ കാലത്ത്, കാമ്പസില്‍ ഹരിത വിപ്ലവം തന്നെ അരങ്ങേറി. കാറ്റാടി മുതല്‍ തേക്കുവരെയുളള മരങ്ങള്‍ കാമ്പസില്‍ നട്ടുവളര്‍ത്തി.


1992ല്‍ കോളെജ് 175-ാം വാര്‍ഷികം ആഘോഷിച്ചു. ഇന്നും സജീവമായ, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടന ‘വിദ്യാ സൌഹൃദം’ തുടക്കമിട്ടതും ഇതേ വര്‍ഷം തന്നെയായിരുന്നു. മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്‍, യു.എസ്.എസ്.ആറിലെ മുന്‍ ഇന്‍ഡ്യന്‍ നയതന്ത്ര പ്രതിനിധി കെ.പി.എസ് മേനോന്‍, ഭൌതിക ശാസ്ത്രജ്ഞന്‍ ഡോ. ജോര്‍ജ് സുദര്‍ശന്‍, കാവാലം നാരായണ പണിക്കര്‍, ജസ്റ്റീസ് കെ.ടി തോമസ്, മനോരമ മുന്‍ ചീഫ് എഡിറ്റര്‍ കെ. എം മാത്യു, കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ. സുരേഷ് കുറുപ്പ്, സംവിധായകന്‍ ജയരാജ് എന്നിങ്ങനെ കലാ, സാംസ്കാരിക, രാഷ്ട്രീയ, അക്കാദമിക രംഗത്ത് പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ഒരു നീണ്ട നിര തന്നെ സിഎംസിനുണ്ട്.


1999ല്‍ കോളെജിന് നാഷണല്‍ അസെസ്മെന്‍റ് ആന്‍റ് അക്രഡിറ്റേഷന്‍ കൌണ്‍സിലിന്‍റെ ഫൈവ് സ്റ്റാര്‍ പദവി ലഭിച്ചു.2004ല്‍ കോളെജിന് യൂണിവേഴ്സിറ്റി ഗ്രാന്‍റ്‌സ്‌ കമ്മീഷന്‍റെ സെന്‍റര്‍ വിത്ത് പൊട്ടന്‍ഷ്യല്‍ ഫോര്‍ എക്സലന്‍സ് പദവിയും 2009ല്‍ ന്യൂനപക്ഷ പദവിയും ലഭിച്ചു.


2009ല്‍ ചുമതലയേറ്റ പ്രൊഫ. എം.എം. കോരയാണ് ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍. 14 ബിരുദാനന്തര ബിരുദവും 13 ബിരുദവും മൂന്ന് ആഡ് ഓണ്‍ കോഴ്സുകളും ഫാഷന്‍ ഡിസൈനിംഗിലെ ഒരു സര്‍ട്ടിഫിക്കറ്റ്കോഴ്സും ഐടി, മാനേജ്മെന്‍റ് മേഖലയിലെ 19 കോഴ്സുകളും ഉള്‍പ്പെടെ 53 കോഴ്സുകളാണ് സിഎംഎസില്‍ ഇപ്പോഴുളളത്. നിലവില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളെജില്‍ 2000ഒളം വിദ്യാര്‍ത്ഥികളും 90 അധ്യാപകരും 43 അനധ്യാപകരും, 20 കരാര്‍ അധ്യാപകരുമുണ്ട്. വിപുലമായ പുസ്തക ശേഖരവും, ജേണലുകളു മുളള കോളെജ് ലൈബ്രറിക്ക് 1855-66 കാലഘട്ടത്തില്‍ പ്രിന്‍സിപ്പലായിരുന്ന റവ. റിച്ചാര്‍ഡ് കോളിന്‍സിന്‍റെ പേരാണ്-കോളിന്‍സ് ലൈബ്രറി.


സിഎംഎസില്‍ നടത്തിവരുന്ന കാമ്പസ് പ്ലേസ്മെന്‍റിലൂടെ പ്രതിവര്‍ഷം 100-150 വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കുന്നുണ്ട്. എന്നാല്‍ അക്കാദമിക, ബൌദ്ധികരംഗത്ത് മാത്രം ഒതുങ്ങുന്നതല്ല സിഎംഎസിന്‍റെ പ്രവര്‍ത്തനം. കാമ്പസിനുപുറത്ത്, സാമൂഹ്യ, സാംസ്കാരിക മണ്ഡല ങ്ങളില്‍ സക്രിയമായി ഇട പെടുന്നതാണ് സിഎംഎസിന്‍റെ പാരമ്പര്യം.“ജാതി, മത, വര്‍ണ്ണ ഭേദമില്ലാതെ എല്ലാവ ര്‍ക്കും വിദ്യാഭ്യാസം എന്ന ആപ്തവാക്യം ഉള്‍ക്കൊണ്ടുളളതാണ് സിഎംഎസിന്‍റെ പ്രവര്‍ത്തനം. സമൂഹ സേവ നത്തിനും സാംസ്കാരിക വികാസത്തിനുമുളള പ്രതിബദ്ധത നിറവേറ്റുന്നതിലാണ് കോളെജ് അഭിമാനം കൊളളുന്നത്.” പ്രിന്‍സിപ്പല്‍ പ്രൊഫ. എം.എം കോര പറഞ്ഞു.


പുറത്തുനിന്നുളളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് അവസരമൊരുക്കുക, തൊഴിലധിഷ്ഠിത മേഖലകളില്‍ പരിശീലനം നല്‍കുക, വൃദ്ധജനങ്ങളെ പരിപാലിക്കുന്നതിനും ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍,‘അഡോപ്റ്റ് എ വില്ലേജ്’ എന്ന ആരും പരീക്ഷിക്കപ്പെടാത്ത ആശയങ്ങള്‍ എന്നിങ്ങനെ ഒട്ടനവധി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സിഎംഎസ് ചുമല്‍കൊടുക്കുന്നുണ്ട്. സാമൂഹ്യ, സാംസ്കാരിക, സേവനരംഗങ്ങളി ലും, ആര്‍ക്കും പിന്തുടരാവുന്ന മാതൃകയായി ഒരു ചുവട് മുന്നില്‍ തന്നെയാണ് സിഎംഎസ് കോളെജ്.

http://thesundayindian.com/ml/story/cms-college-with-history-with-society/26/1094/

Saturday, August 6, 2011

കൊച്ചി ലോക ഫാഷന്‍ ഭൂപടത്തിലേക്ക്

മുംബൈക്കും ബാംഗ്ലൂരിനും ഡല്‍ഹിക്കുമൊപ്പം കൊച്ചിയും ഫാഷന്‍ കേന്ദ്രമായി മാറുന്നു. ഇന്‍റര്‍നാഷണല്‍ ഫാഷന്‍ വീക്കിന് കൊച്ചി വേദിയാവുന്നു.
ആഗസ്റ്റ് 5, 2011 17:25

മലയാളിയുടെ മാറുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങളെക്കുറിച്ചുളള ചര്‍ച്ചകള്‍ക്ക് ഇനിയും ഒരു അവസാനം വന്നിട്ടില്ല. പുതുതലമുറയുടെ വസ്ത്ര സങ്കല്‍പ്പങ്ങളും വസ്ത്രധാരണ രീതികളും ശരിയോ തെറ്റോ, ഗുണമോ ദോഷമോ, സാന്മാര്‍ഗികമോ അസന്മാര്‍ഗിമോ എന്നിങ്ങനെയുളള ചൂടന്‍ ചര്‍ച്ചകള്‍ക്കിടയിലും കേരളം പുതിയ ഫാഷന്‍ സങ്കല്‍പ്പങ്ങളെ രണ്ടും കൈയും നീട്ടി സ്വീകരിക്കുന്നുവെന്നതാണ് വാസ്തവം. ചുരുക്കി പറഞ്ഞാല്‍, ഗ്രാമീണ, ശാലീന വേഷങ്ങളില്‍ നിന്നും നാഗരികതയുടെ, കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ സമകാലീന ഫാഷന്‍ സങ്കല്‍പ്പങ്ങളോട് ആഭിമുഖ്യം കാണിച്ചുതുടങ്ങിയ പുതു തലമുറ അവ പിന്തുടരുന്നതും വളരെ വേഗത്തിലാണ്. അങ്ങനെ, മാറുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങളുടെ നേര്‍ക്കാഴ്ചയെന്നോണം കൊച്ചി ഇന്‍ഡ്യയിലെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ ഫാഷന്‍ കേന്ദ്രങ്ങളുടെ പട്ടികയിലേക്കും എത്തിപ്പെടുകയാണ്.

കൊച്ചിയിപ്പോള്‍ ഫാഷന്‍ ഷോകളുടെ ആകര്‍ഷണ കേന്ദ്രമാണ്. എല്ലാ വര്‍ഷവും ചെറുതും വലുതുമായ നിരവധി ഫാഷന്‍ ഷോകളാണ് ഇവിടെ നടത്തപ്പെടുന്നത്. കഴിഞ്ഞ ഒന്നു, രണ്ടു വര്‍ഷങ്ങളായി ഇത്തരം ഫാഷന്‍ ഷോകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയാണുണ്ടായിരിക്കുന്നത്. വര്‍ഷം അഞ്ചില്‍ താഴെ മാത്രം ഷോകള്‍ നടന്നിരുന്ന സ്ഥാനത്തിപ്പോള്‍ പതിനഞ്ചും ഇരുപതും ഷോകള്‍ നടത്തപ്പെടുന്നു. കേരളത്തിനുളളില്‍ മാത്രം നടത്തപ്പെടുന്ന ഫാഷന്‍ ഷോകളില്‍ നിന്നും ദക്ഷിണേന്‍ഡ്യന്‍, ഇന്‍ഡ്യന്‍, ഇന്‍റര്‍നാഷണല്‍ ഷോകളിലേക്കുളള വളര്‍ച്ചയാണ് കൊച്ചിയെ പുതിയ ഫാഷന്‍ കേന്ദ്രമാക്കി മാറ്റുന്നത്.

2011 ജനുവരി മുതല്‍ ഇതുവരെ 16 ഒളം ഫാഷന്‍ ഷോകളാണ് കൊച്ചിയില്‍ അരങ്ങേറിയത്. കേരള ഇന്‍റര്‍നാഷണല്‍ ഫാഷന്‍ വീക്ക്, മിനിസ്ക്രീന്‍ താരങ്ങള്‍ക്കായുളള സ്മോള്‍ സ്ക്രീന്‍ മഹാറാണി, ഐഐഎംഎസ് ഫാഷന്‍ ഷോ തുടങ്ങി ചെന്നൈ ഫാഷന്‍ വീക്ക് പോലുളള, മറുനാടന്‍ ഫാഷന്‍ ഷോകളും കൊച്ചിയില്‍ നടത്തി വന്‍ വിജയം നേടിയിട്ടുണ്ട്. കൊച്ചിയിലെ നടത്തിപ്പ് വിജയമാണ് സംഘാടകരെയും സ്പോണ്‍സര്‍മാരെയും കൊച്ചിയിലേക്ക് വീണ്ടും വീണ്ടും ആകര്‍ഷിക്കുന്നത്. കൊച്ചി ഇന്‍റര്‍നാഷണല്‍ ഫാഷന്‍ വീക്കിനാണ് കൊച്ചിയിപ്പോള്‍ വേദിയായിരിക്കുന്നത്. ആഗസ്റ്റ് നാലിന് കാസിനോ ഹോട്ടലില്‍ ആരംഭിച്ച ഷോ ഏഴിന് അവസാനിക്കും. കേരളത്തില്‍ നിന്നുളള 14 മോഡലുകള്‍ ഉള്‍പ്പെടെ 50ഒളം മോഡലുകളാണ് റാമ്പിലുളളത്. പ്രശസ്ത സിനിമാ താരവും ഗായികയുമായ മംമ്ത മോഹന്‍ദാസ് ബ്രാന്‍ഡ് അംബാസഡറായ ഷോയില്‍ മംമ്തയെ കൂടാതെ റീമ കല്ലിങ്കല്‍, ഭാവന, രമ്യാ നമ്പീശന്‍ തുടങ്ങിയ നടിമാരും റാമ്പില്‍ ചുവടുവെക്കും. ലോക പ്രശസ്ത ഫാഷന്‍ വിദഗ്ധന്‍ ജയിംസ് ഫെരിയേറ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളണിഞ്ഞ് മോഡലുകള്‍ അണിനിരന്നതോടെ തുടക്കമിട്ട ഷോയുടെ ഫൈനലില്‍ സഞ്ജന ജോണ്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളായിരിക്കും മോഡലുകള്‍ അണിയുക. ലോക പ്രശസ്തരായ പതിനാറോളം ഫാഷന്‍ ഡിസൈനര്‍മാരുടെ വസ്ത്രങ്ങളാവും വേദിയില്‍ പ്രദര്‍ശിപ്പിക്കുക. കേരളത്തിന്‍റെ പാരമ്പര്യത്തിനും സംസ്കാരത്തിനും പ്രാധാന്യം നല്‍കിയുളള ഡിസൈനുകളായിരിക്കും ഫാഷന്‍ വീക്കില്‍ പ്രദര്‍ശിപ്പിക്കുയെന്നാണ് സംഘാടകര്‍പറഞ്ഞിരുന്നത്. മാറുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങളുടെ ഒരു ‘സ്പെസിമെന്‍’ പോലെ വളരുന്ന കൊച്ചി, ഇപ്പോള്‍ പഴയ കൊച്ചിയല്ല.

http://www.thesundayindian.com/ml/story/kochi-catwalks-in-to-international-fashion-ramp/14/1104/

Thursday, August 4, 2011

മലയാള സിനിമ എന്ന ആക്രിക്കച്ചവടം

പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ എന്തുചെയ്യുണമെന്നറിയാതെ നട്ടം തിരിയുന്ന മലയാള സിനിമ പഴയ സൂപ്പര്‍ ഹിറ്റുകള്‍ റീസൈക്കിള്‍ ചെയ്തെടുത്ത് പുതിയ പരീക്ഷണം നടത്തുന്നു. സിനിമ എന്നത് ഒരു പരിസ്ഥിതി സൌഹൃദ "റീ സൈക്ലിങ്ങ്" ബിസിനസ്സായി മലയാളികള്‍ മാറ്റിയിരിക്കുന്നു, പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ഒന്നാംതരം ആക്രിക്കച്ചവടം.
ഷാനവാസ് എസ് | ജൂലായ് 4, 2011 12:25

ട്രെന്‍റുകള്‍ക്ക് പുറകെ സിനിമ പായുന്നത് ഇത് ആദ്യമായൊന്നുമല്ല. അത് ഗുരുതരമായ തെറ്റുമല്ല. എന്നാല്‍ അതൊരു രോഗലക്ഷണമാണ്. മുരടിപ്പിന്‍റെയും ഭാവനാശൂന്യതയുടെയും വ്യക്തമായ സൂചകങ്ങളുമാണവ.
പ്രേക്ഷകരും നിരൂപകരും കൈവിട്ട് ആരും തിരിഞ്ഞുനോക്കാനില്ലാതെ അവശകലയായിക്കിടന്ന (പീഡിത വ്യവസായം എന്ന പദവി വേണമെന്നത് മലയാള സിനിമാ പ്രവര്‍ത്തകരുടെ ചിരകാല അഭിലാഷമാണ്) മലയാള സിനിമയെ പിടിച്ചെഴുന്നേല്‍പ്പിച്ചുനിര്‍ത്താനാണ് പഴയ ഹിറ്റ് ചിത്രങ്ങളുടെ റീമേയ്ക്കുകളുമായി കൌശലക്കാരായ ചില സിനിമാ സംവിധായകര്‍ രംഗത്തെത്തിയത്. ഇപ്പോഴതൊരു ട്രെന്‍റായി. ഒന്നിനുപുറകെ ഒന്നായി പഴയ കഥകള്‍ പുതിയ പേച്ചുമായെത്തുന്നു.

നേരത്തെതന്നെ പരീക്ഷിച്ച് വിജയിച്ചിട്ടുളള മറ്റൊരു സൂത്രവാക്യത്തിലേക്ക് മലയാള സിനിമാ വ്യവസായം ചാഞ്ഞു. തീയേറ്റര്‍ വിജയം നേടിയ ചിത്രങ്ങളുടെ തുടര്‍ ഭാഗങ്ങള്‍ ഒരുക്കുക. ആക്ഷനും, സസ്പെന്‍സും നിറഞ്ഞ, നായകന്‍റെ (വല്ലപ്പോഴുമൊരിക്കല്‍ നായികയുടെയും) വാചക കസര്‍ത്തുകളിലൂടെയും ആര്‍ക്കും കീഴ്പ്പെടുത്താനാവാത്ത (കീഴ്പ്പെടാത്ത) ശക്തിപ്രകടനത്തിലൂടെയും അല്ലെങ്കില്‍ മുഴു കോമഡിയിലൂടെയും ഒരു കാലത്ത് സിനിമാ കൊട്ടകകളില്‍ ആളുകളെ ആകര്‍ഷിച്ച ചിത്രങ്ങളുടെ തുടര്‍ ഭാഗങ്ങള്‍ ഒരുക്കുന്നതിന്‍റെ തിരക്കാണ് ഇപ്പോള്‍. ഒന്നും രണ്ടും മുതല്‍ അഞ്ചാം ഭാഗം വരെ പുറത്തിറക്കിയ ചിത്രങ്ങള്‍ ഈക്കുട്ടത്തിലുണ്ട്. അതിനിടെ നായകന്‍ കൊല്ലപ്പെടുന്ന അല്ലെങ്കില്‍ മരിക്കുന്ന സിനിമകളുടെ തുടര്‍ഭാഗങ്ങള്‍ക്ക് സാധ്യതയില്ലാത്തതിനാല്‍ അവയുടെ ഒന്നാം ഭാഗം പുറത്തിറക്കാനുളള ശ്രമവും നടക്കുന്നുണ്ട്. രണ്ടു വ്യത്യസ്ത സിനിമകളിലെ കഥാപാത്രങ്ങളെ ഒന്നിച്ചിണക്കി പുതിയൊരു സിനിമയെന്ന ‘ഭയങ്കരമായ’ പുത്തന്‍ പരീക്ഷണത്തിനും മലയാള സിനിമാ മേഖല ഇന്ന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

കാലത്തിനു മുമ്പെ നടന്നുനീങ്ങേണ്ട മലയാള സിനിമ പിന്നോട്ടു നടക്കാനുളള പ്രവണത തുടരുന്നതിനിടയിലാണ് പഴയ സിനിമകളെ പുനര്‍ നിര്‍മ്മിക്കുന്ന തരത്തിലേക്കുകൂടി കാര്യങ്ങള്‍ മാറിയത്. തീയേറ്ററുകളില്‍ അത്രയൊന്നും ഇളക്കാതെ കടന്നുപോയ എംടി വാസുദേവന്‍ നായരുടെ നീലത്താമര എന്ന ചിത്രം പുതിയ ക്യാന്‍വാസില്‍ അണിയിച്ചൊരുക്കി സംവിധായകന്‍ ലാല്‍ ജോസാണ് ഇത്തരമൊരു സാഹസത്തിന് തുടക്കമിട്ടത് (അതിനുമുമ്പ്, ഈറ്റ, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ പോലുളള സിനിമകള്‍ പുതിയ സാങ്കേതിക വിദ്യയില്‍ പുനര്‍ അവതരിപ്പിച്ചിരുന്നു. മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ ഏതാനും ചില സീനുകള്‍ കൂടി ചേര്‍ത്തിരുന്നെങ്കില്‍ ഈറ്റ മാറ്റങ്ങളൊന്നുമില്ലാതെയാണ് പുനരവതരിപ്പിച്ചത്). എന്നാല്‍ ഒരു സിനിമയെ അതേ ഭാഷയില്‍ തന്നെ പൂര്‍ണ്ണമായും പുനര്‍നിര്‍മ്മിക്കുന്ന ചിത്രമെന്ന ലേബലായിരുന്നു നീലത്താമരക്ക്.

നീലത്താമര തീയേറ്ററില്‍ നല്‍കിയ വിജയപാഠം പുതിയൊരു പ്രവണതക്ക് തുടക്കമിട്ടു. പദ്മരാജന്‍റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത, ഒരു കാലഘട്ടത്തിന്‍റെ തന്നെ രോമാഞ്ചമായിരുന്ന രതിനിര്‍വ്വേദം പുതിയ സിനിമാ ചട്ടക്കൂടില്‍ പുനര്‍നിര്‍മ്മിക്കപ്പെട്ടു. ടി.കെ രാജീവ് കുമാറായിരുന്നു സംവിധായകന്‍. കലാപരമായി അധികമൊന്നും അവകാശപ്പെടാനില്ലാഞ്ഞിട്ടും തീയേറ്ററുകളില്‍ ആളുകള്‍ ഇടിച്ചുകയറിയതോടെ സിനിമ പണം വാരിക്കൂട്ടി. അതിന്‍റെ തിരയിളക്കമാകണം, തകര, ‘എ’ സര്‍ട്ടിഫിക്കറ്റ് കിട്ടിയ ആദ്യ മലയാള സിനിമയായ അവളുടെ രാവുകള്‍, ഇതാ ഇവിടെ വരെ, നാടുവാഴികള്‍, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ (ഇവയാണ് ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ഇനിയും പ്രതീക്ഷിക്കാം) തുടങ്ങിയ സിനിമകള്‍ പുനര്‍ നിര്‍മ്മിക്കാന്‍ സിനിമാ നിര്‍മ്മാതാക്കളെ നിര്‍ബന്ധിച്ചത്. നീലത്താമരയും, രതിനിര്‍വ്വേദവും പുനര്‍നിര്‍മ്മിച്ച്, പുതിയ ട്രെന്‍ഡിന് തുടക്കമിട്ട ജി. സുരേഷ്കുമാറിന്‍റെ രേവതി കലാമന്ദിര്‍ തന്നെയാണ് തകര, ഇതാ ഇവിടെ വരെ എന്നീ ചിത്രങ്ങളും പുനര്‍നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നത്.

അതാത് കാലഘട്ടങ്ങളില്‍ പുതുമയുളള, സിനിമാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ ഈ സിനിമകള്‍, ഇപ്പോള്‍ വീണ്ടും പറയുന്നതിന്‍റെ ഉദ്ദേശ്യം കച്ചവടം മാത്രമെണന്നതില്‍ സംശയമില്ല. നായികയുടെ മേനിയും അഴകളവും പരമാവധി പ്രദര്‍ശിപ്പിക്കുക (അതിന് സാധ്യതകളുളള സിനികളാണല്ലോ വീണ്ടും നിര്‍മ്മിക്കപ്പെടാന്‍ പോകുന്നത്) എന്ന ഒറ്റ ലക്‌ഷ്യത്തിലേക്ക് മാത്രം അതിന്‍റെ ഉദ്ദേശ്യ ശുദ്ധി ഒതുങ്ങുന്നു. വെറും ഇക്കിളി സിനിമകള്‍ (നീല ചിത്രങ്ങള്‍) പുറത്തിറക്കുന്നതിനു പിന്നിലെ താല്‍പ്പര്യം മാത്രമെ ഇതിലും കാണാനാകൂ. പഴയ സിനിമകളെ എരിവും പുളിയും ചേര്‍ത്ത് പുത്തന്‍ സാങ്കേതിക വിദ്യയില്‍ പറയുമ്പോള്‍, പഴയ വിപ്ലവ/ക്ലാസിക്ക് സിനിമയെ കാലോചിതമായതിനാല്‍ പുനര്‍നിര്‍മ്മിക്കുന്നുവെന്ന് തട്ടിവിട്ട് പുതിയ സംവാദങ്ങള്‍ക്ക് തിരികൊളുത്താം ഒപ്പം ഇമേജ് കോട്ടം തട്ടാതെ കാത്തുസൂക്ഷിക്കാം. അല്ലെങ്കില്‍ പിന്നെ എന്തിന്‍റെ പേരിലാണ് ഇത്തരം സിനിമകള്‍ പുനര്‍നിര്‍മ്മിക്കുന്നത്? കലാ, സാംസ്കാരിക മൂല്യങ്ങളുളള സിനിമകള്‍ പുനര്‍നിര്‍മ്മിക്കപ്പെടാത്തതെന്തുകൊണ്ട്?

തരംഗങ്ങള്‍: ഷക്കീല മുതല്‍ രതിച്ചേച്ചി വരെ

ലോകത്തിലെ ചലച്ചിത്ര വ്യവസായങ്ങളില്‍ ട്രെന്‍ഡ്/തരംഗം ഉണ്ടാകുന്നതും അതിനു പിറകെ സിനിമകള്‍ (കുറച്ചുനാളെങ്കിലും) പായുന്നതും പുതിയ കാഴ്ചയല്ല. ഹോളിവുഡും ബോളിവുഡും മുതല്‍ ടോളിവുഡും മോളിവുഡും വരെയുളള ചലച്ചിത്ര വ്യവസായം ഇതില്‍ നിന്നും മാറിനില്‍ക്കുന്നില്ല. ഈ പ്രവണത ഗുരുതരമായൊരു തെറ്റാണെന്ന് പറയാനാകില്ലെങ്കിലും ട്രെന്‍ഡുകള്‍ക്കു പിന്നാലെയോടുന്ന ചലച്ചിത്ര മേഖലക്ക് പ്രമേയപരമായും സാങ്കേതികപരവുമായ പുതുമയിലേക്ക് ഒരടി പോലും വളരാനാകുന്നില്ലെങ്കില്‍ എന്തു പ്രയോജനമാണ് ലഭിക്കുക. ലോകോത്തര നിലവാരമുളള ക്ലാസിക് സിനിമകള്‍ പിറവിയെടുത്തിട്ടുളള, ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുളള നിരവധി സിനിമകള്‍ സൃഷ്ടിച്ച മലയാള ചലച്ചിത്ര വ്യവസായവും ചില ട്രെന്‍ഡുകള്‍ക്കു പിറകെ പോയി മുരടിക്കുന്ന കാഴ്ചയാണ് അടുത്ത കാലത്തായി കാണാനാകുന്നത്.

1930ല്‍ പുറത്തുവന്ന നിശബ്ദ ചിത്രമായ വിഗതകുമാരനും 1938ല്‍ ഇറങ്ങിയ ബാലന്‍ എന്ന ശബ്ദ ചിത്രത്തിനും ശേഷം 50, 60കളില്‍ മലയാള സിനിമ (ചെമ്മീന്‍, മുറപ്പെണ്ണ്, ഇരുട്ടിന്‍റെ ആത്മാവ്, കണ്ടംവെച്ച കോട്ട് തുടങ്ങിയ ചിത്രങ്ങള്‍) വളര്‍ന്നുതുടങ്ങുകയായിരുന്നു. 60കളില്‍ ഓടയില്‍ നിന്ന്, ഭാര്‍ഗവി നിലയം തുടങ്ങിയ ചിത്രങ്ങള്‍ മലയാള സിനിമയുടെ ശക്തി തെളിയിച്ചു. 60, 70 കാലഘട്ടത്തില്‍ വിഖ്യാത എഴുത്തുകാരുടെ നോവലുകള്‍ അല്ലെങ്കില്‍ കഥകളെ ആസ്പദമാക്കി സിനിമ നിര്‍മ്മിക്കുന്ന ഒരു രീതി മലയാളത്തില്‍ വന്നു. വീണും എഴുന്നേറ്റും പതുക്കെ പിച്ചവെച്ച മലയാള സിനിമാ മേഖല 70കളില്‍ പുതിയ പ്രതീക്ഷകള്‍ (സ്വയംവരം, നിര്‍മ്മാല്യം, ഉത്തരായനം, തമ്പ്, കുമ്മാട്ടി, ചിദംബരം, ഒരിടത്ത്, വാസ്തുഹാര തുടങ്ങിയവ) കൊണ്ടുവന്നു. 80കളുടെ തുടക്കം മുതല്‍ 90കളുടെ അവസാനം വരെ മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നുവെന്ന് സിനിമാ പ്രേമികളും നിരൂപകരും ഒരുപോലെ സാക്‌ഷ്യപ്പെടുത്തുന്നു. നടപ്പുരീതികളെ മാറ്റിമറിച്ച നിരവധി പുതിയ പരീക്ഷണങ്ങള്‍ മലയാള സിനിമാ ലോകത്ത് സംഭവിച്ചിരുന്നു. കാലത്തോട് കലഹിച്ച്, സമൂഹത്തോടുളള വിളംബരമെന്നോണം പുതിയ പ്രമേയങ്ങളും അവതരണ രീതിയും പരീക്ഷിക്കാന്‍ ധൈര്യം കാണിച്ച കഥ, തിരാക്കഥാകൃത്തുക്കളും സംവിധായകരും മലയാളത്തിലുണ്ടായി (എലിപ്പത്തായം, മുഖാമുഖം, അനന്തരം, കാണാമറയത്ത്, കൂടെവിടെ, ആദിപാപം, മതിലുകള്‍..…). 90കളിലും പുപുതുമയും വ്യത്യസ്തയുമുളള പ്രമേയങ്ങളെ ശക്തമായി അവതരിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു (വിധേയന്‍, ഭരതം, ഉളളടക്കം, കിലുക്കം, കമലദളം, ദേവാസുരം, മണിച്ചിത്രത്താഴ്, പൊന്തന്മാട, സ്വാഹം, ഗുരു, ദേശാടനം).

എന്നാല്‍ വളര്‍ച്ചയുടെ പടവുകള്‍ കയറിക്കൊണ്ടിരുന്ന മലയാള ചലച്ചിത്ര മേഖലക്ക് 2000 ആയതോടെ കിതപ്പ് അനുഭവപ്പെട്ടുതുടങ്ങി. സൂപ്പര്‍താരങ്ങളും സാമ്രാജ്യങ്ങളും ഉയര്‍ന്നുവന്നതോടെ താര കേന്ദ്രീകൃത സിനിമകള്‍ രൂപപ്പെട്ടുതുടങ്ങി. താരങ്ങളുടെ അഭിനയ പാടവം പരമാവധി ഉപയോഗപ്പെടുത്തുന്നതിലുപരി വീര സാഹസങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്ന തരത്തില്‍ സിനിമയുടെ കഥ പറച്ചിലുകള്‍ മാറി. ആവര്‍ത്തന വിരസതയുടെ അവസാന വാക്കായി മലയാള സിനിമാ വ്യവസായം തകര്‍ന്നടിഞ്ഞപ്പോള്‍, മുന്‍നിര താരങ്ങളുടെ ചിത്രങ്ങള്‍ തീയേറ്ററുകളില്‍ മൂക്കുംകുത്തി വീണപ്പോള്‍, അന്യഭാഷാ ചിത്രങ്ങള്‍ക്കും മൊഴിമാറ്റ ചിത്രങ്ങള്‍ക്കും കേരളത്തില്‍ പ്രേക്ഷകരുണ്ടായി. ഷക്കീല, രേഷ്മ, മറിയ പോലുളള മാദകത്തിടമ്പുകളുടെ സിനിമകള്‍ക്ക് ആളുകള്‍ കൂടി. തീയേറ്ററുകളില്‍ ആര്‍പ്പുവിളികളും കൈയ്യടികളും കുറഞ്ഞു. സൂപ്പര്‍ താര ചിത്രങ്ങളുടെ പേരിന് സമാനമായ പേരുകളുമായി തിളങ്ങി നിന്ന ഷക്കീല, ഒരു തരംഗം തന്നെ സൃഷ്ടിച്ചു. ഷക്കീല നായികയായ കിന്നാരത്തുമ്പികള്‍ സൂപ്പര്‍താര ചിത്രങ്ങളെ കവച്ചുവെച്ച് റെക്കോഡ് വിജയം നേടി. ഈ നൂറ്റാണ്ടിന്‍റെ ആദ്യവര്‍ഷങ്ങളില്‍ മലയാള സിനിമയെ താങ്ങി നിര്‍ത്തിയത് ഷക്കീലയായിരുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. അതിനിടെ മിമിക്രി താരങ്ങളെവെച്ചുളള സിനിമാ പരീക്ഷണങ്ങള്‍ നടന്നെങ്കില്‍ എട്ടുനിലയില്‍ പൊട്ടി.

2000ത്തിന്‍റെ പകുതിയോടെയാണ് മലയാള സിനിമ വീണ്ടും ജീവന്‍ പ്രാപിച്ചത്. പ്രതിഭയുളള ഒരുപിടി സംവിധായകരും സിനിമകളും (കാഴ്ച, നോട്ട്‌ബുക്ക്, ഉദയനാണ് താരം, അറബിക്കഥ, കഥ പറയുമ്പോള്‍ തുടങ്ങിയവ) മലയാളത്തിന് ലഭിച്ചതോടെ 90കളിലെ മലയാള സിനിമകളെ ഒര്‍പ്പിക്കുന്ന വിധത്തില്‍ മലയാള സിനിമ വളര്‍ന്നു തുടങ്ങി. അവിടെ നിന്നും ഉയര്‍ച്ച താഴ്ചകളോടെ മലയാള സിനിമ പതുക്കെ മുന്നോട്ടു പോയെങ്കിലും പ്രതിഭാ ദാരിദ്യ്രവും കലാമൂല്യമില്ലാത്ത പ്രമേയങ്ങളും അധികരിച്ചതോടെ മലയാള സിനിമ വീണ്ടും പ്രതിസന്ധിയിലായി. ഈ കാലയളവിലാണ് മള്‍ട്ടിസ്റ്റാര്‍, ഒന്നിലധികം താരങ്ങളെ അണിനിരത്തുന്ന പഴയകാല സിനിമാ സങ്കല്‍പ്പങ്ങളെ പൊടിതട്ടിയെടുത്ത് മോളിവുഡില്‍ വീണ്ടും പരീക്ഷിച്ചത്. പരീക്ഷണം വിജയം കണ്ടതോടെ പിന്നീടങ്ങോട്ട് അത്തരത്തിലുളള ഒട്ടനവധി ചിത്രങ്ങള്‍ പുറത്തുവന്നു. സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ അമ്മ, മലയാളത്തിലെ ശ്രദ്ധേയരായ താരങ്ങളെ അണിനിരത്തി 20-20 എന്ന സിനിമയെടുത്ത് അന്യ ഭാഷാ ചലച്ചിത്ര വ്യവസായങ്ങളെ തന്നെ ഞെട്ടിച്ചുകളഞ്ഞു. പഴയ കാലത്ത് സാധാരണമായിരുന്ന (അന്യഭാഷാ ചിത്രങ്ങളിലും) ഒന്നിലധികം നായകരെന്ന കാര്യം ഇന്നത്തെ നിലയില്‍ വീണ്ടും പരീക്ഷിച്ച് വിജയിച്ചപ്പോള്‍ അതൊരു ട്രെന്‍ഡായി മോളിവുഡില്‍ മാറുകയായിരുന്നു. ഒന്നിനു പിറകെ ഒന്നായി സൂപ്പര്‍ താരങ്ങളും പുതുമുഖങ്ങളും ശ്രദ്ധേയരായ യുവതാരങ്ങളും ഉള്‍പ്പെടെയുളള കൂട്ടുകെട്ടുകളുമായി ഒട്ടനവധി ചിത്രങ്ങള്‍ ആ ശ്രേണിയില്‍ പുറത്തുവന്നു. ട്രെന്‍ഡിന് പിന്നാലെ പോകുകയെന്ന സ്ഥിരം കലാപരിപാടി തുടര്‍ന്നു. ഒന്നിലധികം താരങ്ങള്‍ ഉളളതിനാല്‍ അവരുടെയൊക്കെ ഫാന്‍സ് ക്ലബ്ബുകള്‍ ചിത്രത്തിന് സാമ്പത്തിക ലാഭം നേടിത്തരുമെന്ന കച്ചവട ബുദ്ധിയും ഇതിന്‍റെ പിന്നില്‍ മറഞ്ഞിരിക്കുന്നുണ്ടായിരുന്നു. അതിനാല്‍ തന്നെ അത്തരമൊരു ട്രെന്‍ഡ് പിന്തുടരാന്‍ പഴയതും പുതിയതുമായ സംവിധായകര്‍ ഒരുപോലെ ഉത്സാഹം കാണിച്ചു. പുതിയൊരു ട്രെന്‍ഡ് വരുന്നതുവരെ, പഴയതിന്‍റെ ഒഴുക്കില്‍ അങ്ങനെ തുടര്‍ന്നുപോകുക എന്ന ശാപം അല്ലെങ്കില്‍ മോശം പ്രവണത തുടര്‍ന്നു. ഇതിനിടയിലും പുതിയ കൂട്ടുകെട്ടുകളില്‍ ചില നല്ല സിനിമകളും ഉണ്ടായിട്ടുണ്ട്.

മലയാള സിനിമ രൂക്ഷമായ പ്രതിസന്ധി നേരിടുകയാണെന്ന് കഴിഞ്ഞ കുറച്ചു നാളുകളായി കേട്ടുവരുന്നതാണ്. സിനിമാ വ്യവസായത്തില്‍ ആശയപരവും ക്രിയാത്മകവുമായ ഒരു തടസം ഉണ്ടായിരിക്കുന്നതായി പലരും അഭിപ്രായപ്പെടുന്നുണ്ട്. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ പുതുമുഖ സംവിധായകരും താരങ്ങളും നടപ്പുരീതികളെ വിട്ടു സിനിമയെടുക്കാന്‍ ധൈര്യം കാണിക്കുമ്പോള്‍ മലയാള സിനിമയില്‍ പുതിയ പരീക്ഷണങ്ങള്‍ നടക്കുന്നില്ലെന്ന് നടനും സിനിമയുടെ ചുമതലയുളള മന്ത്രിയുമായ കെ. ബി ഗണേഷ്കുമാര്‍ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.

തുടര്‍ ഭാഗങ്ങള്‍ ഒരുക്കുക അല്ലെങ്കില്‍ പുനര്‍നിര്‍മ്മിക്കുക എന്ന പുതിയ പ്രവണതകളെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും സിനിമാ വ്യവസായത്തിലുണ്ട്. മുടക്കുമുതല്‍ കിട്ടുകയെന്നതാണ് (കൊളളലാഭം എന്നു പറയുന്നില്ലെന്നേയുളളു) നിര്‍മ്മാതാക്കളെ സംബന്ധിച്ചിടത്തോളം പ്രധാനം. തീയേറ്റര്‍ വിജയം നേടിയ ചിത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കുമ്പോള്‍ ആ വിജയം ആവര്‍ത്തിക്കപ്പെടുമെന്ന വിശ്വാസമുണ്ട്. പുതിയൊരു സിനിമയെടുക്കുമ്പോള്‍ എന്ത് ഉറപ്പാണ് പറയാനാകുകയെന്ന നീരീക്ഷണമാണ് നിര്‍മ്മാതാക്കള്‍ പങ്കുവെക്കുന്നത്. തുടര്‍ ഭാഗങ്ങള്‍ ഒരുക്കുന്നത് അത്ര എളുപ്പമുളള കാര്യമല്ലെന്നും ആദ്യ ഭാഗങ്ങളുടെ വിജയം ആവര്‍ത്തിക്കുന്ന തരത്തില്‍ സിനിമ നിര്‍മ്മിക്കുക എന്നത് സംവിധായകനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണെന്നും അഭിപ്രായമുണ്ട്. അതോടൊപ്പം തന്നെ, പുതിയ ആശയങ്ങള്‍ കണ്ടെത്തി അത് സിനിമയാക്കുന്നതിന് ശ്രമിക്കാനോ കഷ്ടപ്പെടാനോ തയ്യാറാകാതെ തുടര്‍ഭാഗങ്ങള്‍ അല്ലെങ്കില്‍ റീമേക്കുകള്‍ ഒരുക്കുന്നത് കുറുക്കുവഴിയാണെന്ന അഭിപ്രായവും സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്.

കലാപരമോ, പ്രമേയപരമോ, സാങ്കേതികപരമോ ആയ വളര്‍ച്ചയുടെ നേരിയ സൂചന പോലും നല്‍കാതെ മൃതിയടയുകാണ് മലയാള സിനിമയെന്ന് പറഞ്ഞാല്‍ അതിശയപ്പെടാനില്ല. ആവര്‍ത്തന വിരസതയും മടുപ്പുളവാക്കുന്ന അവതരണ രീതിയും കാലഹരണപ്പെട്ട സിനിമാ സങ്കല്‍പ്പങ്ങളും ഇഴ ചേര്‍ന്നതാണ് ഇന്നുളള സിനിമകള്‍. ഇതിനിടയിലും അന്തര്‍ദേശീയ,ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട, പുരസ്കാരങ്ങള്‍ നേടിയ സിനിമകള്‍ ഉണ്ടാകുന്നുണ്ടെന്നത് മാത്രമാണ് ആശ്വാസത്തിന് വക നല്‍കുന്നത് (ട്രാഫിക്ക്, പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്, ടി ഡി ദാസന്‍ ആറ് ബി, കോക്‌ ടെയില്‍, മേല്‍വിലാസം, ആദാമിന്‍റെ മകന്‍ അബു തുടങ്ങിയവ). മലയാള സിനിമയെ ബാധിച്ച ദുഷിച്ച പ്രവണതകളെ തുടച്ചുനീക്കാനായില്ലെങ്കില്‍ തുടങ്ങിയിടത്തുതന്നെ ഒടുങ്ങാനാകും മലയാള സിനിമയുടെ വിധി.

തുടര്‍ ഭാഗങ്ങള്‍ വന്ന/പ്രഖ്യാപിച്ചിരിക്കുന്ന സിനിമകള്‍


ആവനാഴി (1986)-ഇന്‍സ്പെക്ടര്‍ ബല്‍റാം (1991)
നിന്നിഷ്ടം എന്നിഷ്ടം (1986)- നിന്നിഷ്ടം എന്നിഷ്ടം (2010)
നാടോടിക്കാറ്റ് (1987)-പട്ടണപ്രവേശം (1988)-അക്കരെ അക്കരെ അക്കരെ (1990)
ആഗസ്റ്റ് 1 (1988)-ആഗസ്റ്റ് 15 (2011)
ഒരു സിബിഐ ഡയറിക്കുറിപ്പ് (1988)-ജാഗ്രത (1989)-സേതുരാമയ്യര്‍ സിബിഐ (2004)- നേരറിയാന്‍ സിബിഐ (2005)
കിരീടം (1989)- ചെങ്കോല്‍ (1993)
ഇന്‍ ഹരിഹര്‍ നഗര്‍ (1990)- ടു ഹരിഹര്‍ നഗര്‍ (2009)- ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ (2010)
കിലുക്കം (1991)-കിലുക്കം കിലുകിലുക്കം (2006)
മിമിക്സ് പരേഡ് (1991)-കാസര്‍ഗോഡ് കാദര്‍ ഭായി (1992)- എഗെയ്ന്‍ കാസര്‍ഗോഡ് കാദര്‍ ഭായി (2011)
കമ്മീഷണര്‍ (1994)- ഭരത്ചന്ദ്രന്‍ ഐപിഎസ് (2005)
റാംജി റാവു സ്പീക്കീംഗ് (1989)-മാന്നാര്‍ മത്തായി സ്പീക്കിംഗ് (1995)
ദേവാസുരം (1993)-രാവണപ്രഭു (2001)
ഉപ്പുകണ്ടം ബ്രദേഴ്സ് (1993)-ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇന്‍ ആക്ഷന്‍ (2011)
ജൂനിയര്‍ മാന്‍ഡ്രേക്ക് (1997) - സീനിയര്‍ മാന്‍ഡ്രേക്ക് (2010)
ഫോര്‍ ദി പീപ്പിള്‍ (2004)-ബൈ ദി പീപ്പിള്‍ (2005) ഒഫ് ദി പീപ്പിള്‍ (2008)
കീര്‍ത്തിചക്ര (2006)-കുരുക്ഷേത്ര (2008)-കാണ്ഡഹാര്‍ (2010)
മതിലുകള്‍ (1965) -മതിലുകള്‍ക്കപ്പുറം
മലപ്പുറം ഹാജി മഹാനായ ജോജി (1994)
റണ്‍വേ (2004)- വാളയാര്‍ പരമശിവം
രാജാവിന്‍റെ മകന്‍ (1986)
സിഐഡി മൂസ (2003)
സന്ദേശം (1991)
പാവം ക്രൂരന്‍ (1984)
പഞ്ചാബി ഹൌസ് (1998)
മൂക്കില്ലാ രാജ്യത്ത് (1991)
മേലേപ്പറമ്പില്‍ ആണ്‍വീട് (1993)
യോദ്ധ (1992)

രണ്ടു സിനിമകള്‍/കഥാപാത്രങ്ങള്‍ ചേര്‍ന്ന സിനിമ
ബല്‍റാം വേഴ്സസ് താരാദാസ്-2006 (മമ്മൂട്ടി ചിത്രങ്ങളായ 1984 ലെ അതിരാത്രം (താരാദാസ്),1991 ലെ ഇന്‍സ്പെകര്‍ ബല്‍റാം (ബല്‍റാം))
ദി കിംഗ് ആന്‍റ് കമ്മീഷണര്‍ 2011 (മമ്മൂട്ടിയുടെ 1995 ല്‍ ഇറങ്ങിയ ദി കിംഗ് സുരേഷ്ഗോപിയുടെ 1994ല്‍ ഇറങ്ങിയ കമ്മീഷണര്‍)

പുനര്‍നിര്‍മ്മിച്ച/പ്രഖ്യാപിച്ചിരിക്കുന്ന സിനിമകള്‍
നീലത്താമര (1979, 2009)
രതിനിര്‍വ്വേദം (1978, 2011)
അവളുടെ രാവുകള്‍ (1978)
തകര (1980)
ഇതാ ഇവിടെ വരെ (1977)
നാടുവാഴികള്‍ (1989)
വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ (1980)
http://thesundayindian.com/ml/story/malayalam-film-as-a-recycling-genre/779/

"സൂചന കണ്ടു പഠിച്ചില്ലെങ്കില്‍..."

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ 'പുരപ്പുറം തൂക്കല്‍ ' കഴിഞ്ഞു. സര്‍ക്കാരിന്‍റെ മധുവിധു നേരത്തെ അവസാനിപ്പിക്കാന്‍ പ്രതിപക്ഷം വിട്ടുവീഴ്ചയില്ലാത്ത സമരവുമായി തെരുവിലിറങ്ങിക്കഴിഞ്ഞു. ഇനി സമരകലുഷമായ നാളുകള്‍... സൂചനകളില്‍ നിന്ന് എന്താണ് പഠിക്കാനുള്ളത്...
ഷാനവാസ്. എസ് | കൊച്ചി, ജൂണ് 30, 2011 16:25

ശക്തമായ പ്രതിപക്ഷവും അതിലേറെ ശക്തമായ വെല്ലുവിളികളും കേരളത്തില്‍ നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ മുതല്‍ യുഡിഎഫ് പ്രതീക്ഷിക്കുന്നതാണ്. എന്നാല്‍ അധികാരത്തിലേറി ഒരു മാസം മാത്രം പിന്നിടുമ്പോള്‍ തന്നെ ഇത്ര കലുഷിതമായ ഒരു രാഷ്ട്രീയ സ്ഥിതി കോണ്‍ഗ്രസും സഖ്യകക്ഷികളും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. നൂറു ദിവസത്തെ കര്‍മ്മ പരിപാടികളുമായി മികച്ച തുടക്കം പ്രതീക്ഷിച്ച യുഡിഎഫിന്‍റെ കൈയില്‍ നിന്നും കാര്യങ്ങള്‍ വഴുതി വീണത് പെട്ടെന്നായിരുന്നു.

പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയുളള യു ഡിഎഫ് സര്‍ക്കാരിന്‍റെ തുടക്ക നടപടികള്‍ ജനങ്ങള്‍ക്ക് നല്‍കിയ പ്രതീക്ഷകള്‍ വളരെയേറെയായിരുന്നു. എന്നാല്‍ ആ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്ന രീതിയിലായിരുന്നു പിന്നീടുളള സര്‍ക്കാര്‍ നയങ്ങള്‍. മുന്‍ ആലോചനയില്ലാതെ എടുക്കുന്ന തീരുമാനങ്ങള്‍ ജനകീയ പ്രതിഷേധങ്ങള്‍ക്കും പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കും സമരങ്ങള്‍ക്കും തുറന്ന അവസരങ്ങള്‍ സൃഷ്ടിക്കുന്നതായി. നിയമസഭക്കകത്തും പുറത്തും സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലേക്കും ആ പ്രതിഷേധം പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയതോടെ, സ്വയം പ്രതിരോധമെന്ന അടവു നയത്തിലേക്ക് ചുവടുമാറിയിരിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍.

സര്‍ക്കാരിനെതിരെ തുറന്ന പ്രക്ഷോഭത്തിനുളള തയ്യാറെടുപ്പിലാണ് പ്രതിപക്ഷമെന്ന് അടുത്തിടെ നടന്ന സംസ്ഥാന സമിതി യോഗത്തിനുശേഷം സിപിഎം നടത്തിയ പത്രസമ്മേളനത്തില്‍ നിന്നും വ്യക്തമാണ്. രാഷ്ട്രീയ രാഷ്ട്രീയേതര സംഘടനകള്‍ രംഗത്തുണ്ടാകുമെന്ന സൂചന കൂടിയായിരുന്നു അത്. അഴിമതി, സ്വാശ്രയം, ലോട്ടറി, ഐസ്ക്രീം കേസ് തുടങ്ങിയവ അട്ടിമിറക്കാന്‍ യുഡിഎഫ് ശ്രമം നടത്തുന്നുവെന്ന് പ്രതിപക്ഷം ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഇതിനെതിരെ സംസ്ഥാനത്തിന്‍റെ വിവിധ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രക്ഷോഭ സമരങ്ങള്‍ക്ക് തുടക്കമിടാനും അതിന് ജനകീയ മുഖം നല്‍കാനുമുളള നീക്കങ്ങള്‍ ഇടതു പാര്‍ട്ടികള്‍ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. പാര്‍ട്ടി പിന്തുണ നല്‍കിയാലും ഇല്ലെങ്കിലും സംസ്ഥാന സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തന്‍റെ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും വ്യക്തമാക്കിയിട്ടുണ്ട്. അച്യുതാനന്ദന്‍റെ ജനകീയത പലതവണ മനസിലാക്കിയിട്ടുളള പാര്‍ട്ടി ഇക്കാര്യത്തില്‍ അച്യുതാനന്ദനൊപ്പം കാണുമെന്നു തന്നെ കരുതാം. ഇടതു പാര്‍ട്ടികള്‍ക്കൊപ്പം, ജനവിരുദ്ധ നടപടികള്‍ക്കും വിദ്യാഭാസ കച്ചവടത്തിനുമെതിരെ ഡി വൈ എഫ് ഐയും എ ഐ വൈ എഫും വിദ്യാഭ്യാസാവകാശങ്ങള്‍ക്കായി എസ്എഫ്ഐ, എഐഎസ്എഫ് സംഘടനകളും സമരവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും ജന വിരുദ്ധ നയങ്ങള്‍ക്കെതിരെ സംഘടിക്കാനും പ്രതിഷേധിക്കാനും, സിവില്‍ സര്‍വ്വീസും ജീവനക്കാരുടെ സേവന വ്യവസ്ഥകളും കാത്തുസൂക്ഷിക്കാനും യോജിച്ചുളള പ്രക്ഷോഭങ്ങള്‍ അനിവാര്യമാണെന്ന് കഴിഞ്ഞ ദിവസം നടന്ന എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിലും ഉയര്‍ന്നുകേട്ടു. സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലായിരുന്നു സമരത്തിനുളള ആഹ്വാനം. ഇതെല്ലാം യുഡിഎഫ് സര്‍ക്കാരിന് തലവേദനയാകുമെന്ന് തീര്‍ച്ച.

നിയമസഭയില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അപ്പപ്പോള്‍ തന്നെ കൃത്യമായ മറുപടിയും ആക്ഷേപവും ഉന്നയിക്കുന്നതില്‍ പ്രതിപക്ഷം മടി കാണിക്കുന്നില്ല. മന്ത്രി വാക്കാല്‍ ഉത്തരം പറയാന്‍ വ്യവസ്ഥ ചെയ്യുന്ന നക്ഷത്രചിഹ്നമുളള ചോദ്യങ്ങളെ സാധാരണ ചോദ്യങ്ങളാക്കി സര്‍ക്കാരിനെ രക്ഷിക്കാന്‍ സ്പീക്കര്‍ കാണിച്ച അതിബുദ്ധിയും പാളുന്നതായി കണ്ടു. നടപടി ചോദ്യം ചെയ്ത പ്രതിപക്ഷം വിശദീകരണവും ആവശ്യപ്പെട്ടു. സഭാ നടപടികള്‍ ബഹിഷ്കരിക്കുന്നതിനു വരെ പ്രതിപക്ഷം തയ്യാറായി. അതു വെറുമൊരു തുടക്കം മാത്രമായിരുന്നു. സ്വാശ്രയ പ്രശ്നത്തിനെതിരെ സമരം നടത്തുന്ന വിദ്യാര്‍ത്ഥി-യുവജന സംഘടനകളെ പൊലീസിനെകൊണ്ട് തല്ലിച്ചതക്കുന്നതിനെതിരെ (പൊലീസിന്‍റെ ലാത്തിയടിയില്‍ മാവേലിക്കര എംഎല്‍എ എ.ആര്‍ രാജേഷിനും പരുക്കേറ്റിരുന്നു) പ്രതിപക്ഷം സഭയില്‍ കൊണ്ടുവന്ന അടിയന്തിര പ്രമേയത്തെത്തുടര്‍ന്ന് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിയും നടന്നു.

നിലവില്‍ സര്‍ക്കാരിനെതിരെ ഉയരുന്ന പ്രധാന ആരോപണങ്ങളിലൊന്നാണ് സ്വാശ്രയ പ്രശ്നം. എം ബി ബി എസ്, മെഡിക്കല്‍ പിജി പ്രവേശനത്തിനുളള 50% മെറിറ്റ് സീറ്റുകള്‍ കൂടി കച്ചവടം ചെയ്യാനുളള സാമുദായിക സംഘടനങ്ങളുടെ താല്‍പ്പര്യത്തിന് വളംവെക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ പലകോണുകളില്‍ നിന്നും ചോദ്യങ്ങളുയരുന്നുണ്ട്. ഹൈക്കോടതി കടന്ന് സുപ്രിം കോടതി വരെയെത്തിയിരിക്കുന്ന സ്വാശ്രയ, മാനേജ്മെന്‍റ് പ്രശ്നത്തില്‍ തൃപ്തികരമായൊരു നടപടി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകാത്ത കാലത്തോളം സമര പരമ്പരകള്‍ നീളും. സ്വാശ്രയ വിദ്യഭ്യാസ കച്ചവടക്കാര്‍ക്ക് വിദ്യാഭ്യാസ നയങ്ങള്‍ തീറെഴുതാനുളള സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ നടന്നുവരുന്ന യുവജന-വിദ്യാര്‍ത്ഥി സംഘടനകളുടെ സമരം ഇതിനോടകം സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളില്‍ രക്തമൊഴുകുന്ന സമരമായി പരിണമിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ പൊലീസ് (അങ്ങനെ പറയുന്നതില്‍ തെറ്റിലെന്ന് തോന്നുന്നു. ഒരു മാസത്തിനിടെ മൂവായിരത്തോളം പൊലീസുകാരെയാണ് സ്ഥലം മാറ്റിയത്. നടപടി സ്റ്റേ ചെയ്ത ഹൈക്കോടതി വിശദീകരണവും തേടിയിട്ടുണ്ട്) സമരങ്ങളെ അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സമര വീര്യത്തിന് കുറവുണ്ടായിട്ടില്ല. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലായി പുതിയ സമരങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകുന്ന സാഹചര്യത്തില്‍, പൊലീസ് നടപടി എത്രത്തോളം ഗുണകരമാകുമെന്നത് സംശയകരമാണ്.

കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടായ ഡീസല്‍, പാചകവാത വില വര്‍ധനയുടെ ഭാഗമായി സംസ്ഥാനത്ത് സംഭവിച്ചേക്കാവുന്ന സമരങ്ങളായിരുന്നു മറ്റൊരു അവസരം. അഴിമതിയും വിലക്കയറ്റവും ഉള്‍പ്പെടെ രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ക്കെതിരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിഞ്ഞില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് തന്നെ അഭിപ്രായപ്പെട്ടതോടെ കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന് അപകടം മണത്തു. സമര പരമ്പരകളെ മുന്‍കൂട്ടി കണ്ട് ഡീസല്‍ വര്‍ധനയിലൂടെ സര്‍ക്കാരിനുണ്ടേയാക്കാവുന്ന അധിക നികുതി വേണ്ടെന്നുവെക്കാനുളള ബുദ്ധി ഉമ്മന്‍ചാണ്ടി കാണിച്ചു. അതെസമയം തന്നെ സമര പ്രഖ്യാപനവുമായി ബസ് തൊഴിലാളികളും ഉടമകളും രംഗത്തെത്തി. എന്നാല്‍ ആദ്യ ഘട്ടം ചര്‍ച്ചകളെത്തുടര്‍ന്ന് ബസ് ഉടമകളുമായി ഒരു ധാരണയിലെത്താന്‍ സര്‍ക്കാരിനായതോടെ അവര്‍ സമരത്തില്‍ നിന്നും പിന്മാറി. എങ്കിലും ഡീസല്‍ വില വര്‍ധനയെത്തുടര്‍ന്നുണ്ടാകുന്ന ഗതാഗത ചെലവ് വര്‍ധന, അതോടൊപ്പമുളള സാധന, സേവന സാമഗ്രികളുടെ വില വര്‍ധന എന്നീ വിഷയങ്ങളെ മുന്‍നിര്‍ത്തി സമരവുമായി മുന്നോട്ടുപോകാനാണ് ഇടതു സംഘടനകളുടെ ലക്ഷ്യം. എക്കാലത്തെയും പ്രധാന പ്രശ്നങ്ങളിലൊന്നായ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് എന്നതിലേക്ക് കാര്യങ്ങള്‍ എത്തുമ്പോള്‍ ഏതെങ്കിലുമൊരു വിട്ടുവീഴ്ചക്ക് ബസ് തൊഴിലാളികളോ, ഉടമകളോ തയ്യാറാകുമെന്ന് കരുതാന്‍ വയ്യ. അങ്ങനെ സംഭവിച്ചാല്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ സമരവുമായി തെരുവുകള്‍ കൈയടക്കുമെന്നതില്‍ സംശയം വേണ്ട. കണ്‍സഷന്‍ കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് കെഎസ്യു നേതൃത്വത്തില്‍ നിന്നു തന്നെ അഭിപ്രായങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍, ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭം തന്നെ സര്‍ക്കാര്‍ നേരിടേണ്ടിവരും.

പൊലീസിലെ അഴിച്ചുപണി തിടുക്കം കൂടി പോയതായിരുന്നു. ഒരു മാസത്തിനിടെ മൂവായിരത്തോളം പൊലീസുകാരെ സ്ഥലം മാറ്റിയ നടപടിയെ ചോദ്യം ചെയ്ത ഹൈക്കോടതി അത് സ്റ്റേ ചെയ്തിരുന്നു. ഭരണ തലത്തിലെ പ്രതിപക്ഷ ബഹളത്തിന് എണ്ണ പകരുന്ന വിധമാണ് സര്‍ക്കാരിന്‍റെ നീക്കങ്ങള്‍. അന്വേഷണ സ്ഥാനത്തുളള പലരെയും സ്ഥാനം മാറ്റിയതും സ്ഥലം മാറ്റിയതും സര്‍ക്കാരിന്‍റെ ഗൂഢനീക്കത്തിന്‍റെ ഭാഗമാണെന്ന് പ്രതിപക്ഷം ഇതിനോടകം തന്നെ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. വിജിലന്‍സ്, ക്രിമിനല്‍, അഴിമതി അന്വേഷണം നേരിടുന്ന നേതാക്കളുളള മന്ത്രിസഭയില്‍ നിന്നുണ്ടാകുന്ന ഇത്തരത്തിലെ നീക്കങ്ങള്‍ പ്രതിപക്ഷത്തിന്‍റെ കൈയില്‍ വടിയേല്‍പ്പിക്കുന്നതിന് തുല്യമാണ്.

സര്‍ക്കാര്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ അക്കമിട്ടു നിരത്തുക സാധ്യമല്ലെങ്കിലും വരും നാളുകളില്‍ വന്‍ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ക്ക് സംസ്ഥാന രാഷ്ട്രീയ രംഗം സാക്‌ഷ്യം വഹിക്കുമെന്നത് തീര്‍ച്ചയാണ്. നിയമസഭയ്ക്കകത്തും പുറത്തും യുഡിഎഫ് സര്‍ക്കാര്‍ വിയര്‍ക്കുമെന്നതിനുളള വളരെ ചെറിയ സൂചനകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍. അടിയൊഴുക്കുകള്‍ ഏറെയുളള മൂന്നാര്‍ വിഷയത്തില്‍ റവന്യൂ മന്ത്രി ചാടിക്കേറി നടത്തിയ പ്രസ്താവനകള്‍ പാലിക്കാനാവാതെ വന്നാല്‍ പ്രതിപക്ഷം അടങ്ങിയിരിക്കുമെന്ന് കരുതാനാവില്ല. ഇടതുപാര്‍ട്ടികളിലെന്നപോലെ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഉള്‍പ്പെടെയുളള ഭരണകക്ഷിയിലെ ചില അംഗങ്ങളുടെ ഒത്താശയോടെ ചില സംഘങ്ങള്‍ മൂന്നാറില്‍ കൈയ്യേറ്റം നടത്തിയിട്ടുണ്ടെന്ന ചില റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. അതിനാല്‍ തന്നെ നിയമത്തിന്‍റെ ബുള്‍ഡോസര്‍ കൊണ്ട് കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന റവന്യൂ മന്ത്രിയുടെ പ്രഖ്യാപനങ്ങളെല്ലാം അതേപടി നടപ്പിലാകുന്ന കാര്യം സംശയകരമാണ്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഒഴിപ്പിച്ച പല സ്ഥലങ്ങളിലും വീണ്ടും കൈയ്യേറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഹൈക്കോടതി ജഡ്ജി സ്ഥാനത്തു നിന്നും നീക്കം ചെയ്ത കെ പി ദണ്ഡപാണിയെ സംസ്ഥാന അഡ്വേക്കറ്റ് ജനറലായി നിയമിച്ചതു മുതല്‍ സ്വാശ്രയ വിദ്യഭ്യാസം വരെയും ഔദ്യോഗിക നയപ്രഖ്യാപനത്തിന് മുമ്പെ പത്രസമ്മേളനത്തില്‍ സര്‍ക്കാര്‍ നയങ്ങള്‍ പരസ്യമാക്കിയതു മുതല്‍ നക്ഷത്ര ചിഹ്നമുളള ചോദ്യങ്ങള്‍ ഒഴിവാക്കപ്പെട്ടതുവരെയും പൊലീസിനെ കെട്ടഴിച്ചുവിട്ട് നടത്തുന്ന അടിച്ചൊതുക്കല്‍ വരെയുമുളള വിഷയങ്ങളില്‍ സര്‍ക്കാരിനെതിരായ വികാര വിക്ഷോഭങ്ങള്‍ പടരുകയാണ്. വരും നാളുകളിലും സഖ്യകക്ഷികളുടെ ഇഷ്ടം മാത്രം നോക്കി, വീണ്ടുവിചാരമില്ലാതെ തീരുമാനങ്ങളും നടപടികളും കൈക്കൊളളാന്‍ തന്നെയാണ് യുഡിഎഫ് സര്‍ക്കാര്‍ ആലോചിക്കുന്നതെങ്കില്‍ സംസ്ഥാനത്തെ ഭരണ സിരാകേന്ദ്രവും തെരുവുകളും ഒരുപോലെ സ്തംഭിക്കുമെന്ന് തീര്‍ച്ച.

http://thesundayindian.com/ml/story/lest-you-learn-from-the-writings-on-the-wall/2/753/

ക്രിമിനല്‍ പൊലീസിന് ആര് മണികെട്ടും?

പൊലീസിനുളളിലെ ക്രിമിനലുകളെ വളര്‍ത്തുന്നതാര്? മാറേണ്ടത് നിയമമോ സംവിധാനമോ? കേരള പൊലീസിന്‍റെ ക്രിമിനല്‍ സ്വഭാവത്തെക്കുറിച്ച് ഹൈക്കോടതി നിരീക്ഷണത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു വിശകലനം.
ഷാനവാസ്. എസ് | ജൂണ് 16, 2011 12:55

കേരളത്തില്‍, പൊലീസിന്‍റെ ക്രിമിനല്‍ സ്വഭാവം നിരവധി കേസുകളില്‍ വെളിപ്പെടുന്നതായി കഴിഞ്ഞ ദിവസം ഹൈക്കോടതി നിരീക്ഷിച്ചു. ക്രിമിനലുകള്‍ പൊലീസാകുന്നത് സാധാരണക്കാര്‍ക്ക് ദോഷം ചെയ്യുമെന്നും കോടതി അഭിപ്രായപ്പെട്ടു. പിഎസ്എസി വഴി കോണ്‍സ്റ്റബിള്‍ നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ചെങ്കിലും ക്രിമിനല്‍ കേസിലുള്‍പ്പെട്ടതിനാല്‍ നിയമനം നിഷേധിച്ചതിനെതിരെ കാസര്‍കോട് നീലേശ്വരം സ്വദേശി എം. ശ്രീകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് എസ്. സിരിജഗന്‍റെ ശ്രദ്ധേയമായ നിരീക്ഷണം.

അടുത്തകാലത്ത് നടന്ന കോണ്‍സ്റ്റബിള്‍ നിയമനത്തിലൂടെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ നൂറിലധികം പേര്‍ പൊലീസില്‍ കടന്നുകൂടിയിട്ടുണ്ടെന്നാണ് കോടതിയുടെ മറ്റൊരു നിരീക്ഷണം. കേരള പൊലീസില്‍ ക്രിമിനല്‍ ബന്ധമുള്ള 860 പേരുണ്ടെന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ നാല് വര്‍ഷം മുമ്പ് സമ്മതിച്ചിരുന്നു. പൊലീസിനെ ശുദ്ധീകരിക്കുമെന്ന പ്രസ്താവനകള്‍ നിരന്തരം പുറത്തുവന്നുകൊണ്ടിരുന്നു. എന്നാല്‍ നടപടികള്‍ ഒന്നുമുണ്ടായില്ല.

ഹൈക്കോടതി നിരീക്ഷണം പരിശോധിക്കുമ്പോള്‍, സംസ്ഥാനത്തെ പൊലീസ്-നിയമന, പ്രവര്‍ത്തന-സംവിധാനങ്ങള്‍ അത്രത്തോളം മോശമാണോയെന്ന ചിന്ത തോന്നുക സ്വഭാവികമാണ്. ക്രിമിനലുകള്‍ക്ക് പൊലീസില്‍ അവസരം ലഭ്യമാക്കുന്നതിന്, പൊലീസില്‍ ക്രിമിനലുകള്‍ ഉയര്‍ന്നുവരുന്നതിന് ആരാണ് ഉത്തരവാദികള്‍? സംസ്ഥാനത്തെ പൊലീസ് സംവിധാനങ്ങള്‍ അവയെ ചെറുക്കുന്നതിന് പര്യാപ്തമല്ലേ? എന്നിങ്ങനെയുളള സംശയങ്ങള്‍ ഉയര്‍ന്നുവന്നേക്കാം.

രാഷ്ട്രീയ ഇടപെടലുകളാണ് പൊലീസിനുളളില്‍ ക്രിമിനലുകള്‍ പെരുകുന്നതിനുളള സുപ്രധാന കാരണമെന്ന് നിസ്സംശയം പറയാം. മാറിമാറി ഭരണത്തില്‍ വരുന്ന രാഷ്ട്രീയ കക്ഷികള്‍ പൊലീസിനെ തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നു. അതിനനുസരിച്ച് അവര്‍ക്ക് പദവികളും പാരിതോഷികങ്ങളും നല്‍കുന്നു. രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി, തങ്ങള്‍ക്ക് വഴങ്ങുന്ന കോണ്‍സ്റ്റബിള്‍ മുതല്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വരെ സ്ഥലം മാറ്റുവാനും (ചിലപ്പോഴൊക്കെ, ഇഷ്ടപ്പെടാത്തവരെയും) അല്ലാത്തവരെ ചവിട്ടിത്താഴ്ത്തി ‘ആദരിക്കുന്നതില്‍’ നിന്നും ഒരു മുന്നണിയും മാറി നില്‍ക്കാറില്ലെന്നത്, അതാത് മുന്നണി ഭരണകാലത്തെ സംഭവങ്ങള്‍ നമുക്ക് പറഞ്ഞുതരുന്നുണ്ട്. പൊലീസിലെ നിയമനങ്ങള്‍, സ്ഥാനക്കയറ്റം, സ്ഥലമാറ്റം തുടങ്ങിയ കാര്യങ്ങള്‍, ഡിജിപി കൃത്യമായി പഠിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ അധികാരികള്‍ നടത്തണമെന്നാണ് വ്യവസ്ഥയെങ്കിലും രാഷ്ട്രീയക്കാരുടെ ആഗ്രഹത്തിനും പ്രീതിക്കുമനുസരിച്ചാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെന്ന വസ്തുത നമ്മുടെ പൊലീസ് സംവിധാനം എത്രത്തോളം മലിനമായിരിക്കുന്നുവെന്നതിന്‍റെ തെളിവാണ്.

കൃത്യവും ഫലപ്രദവുമായ നിയമ വ്യവസ്ഥകളുണ്ടെങ്കിലും സംവിധാനങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും അതിനതീതമായാണ് നടക്കുന്നത്. പൊലീസിനുളളില്‍ ക്രിമിനല്‍ സ്വഭാവത്തെക്കുറിച്ച് അറിയാവുന്ന, അറിവ് വേണ്ട ഡിജിപി പോലും അതേക്കുറിച്ച് മൌനം പാലിക്കുന്നത് ഭരണഘടനാനുസൃതമായ ഒരു ജനാധിപത്യ രാജ്യത്തിലെ കൃത്യവിലോപമായി കണക്കാക്കണം.

ആരാണ് ക്രിമിനലുകള്‍? പൊലീസിലെത്തി, രാത്രി വെളുക്കുമ്പോള്‍ ക്രിമിനലുകളായി മാറുന്ന ഒരു അത്ഭുത വര്‍ഗമൊന്നുമല്ല ഇവര്‍. കൃത്യമായ ക്രിമിനല്‍ പശ്ചാത്തലത്തില്‍ നിന്നും വരുന്നവരോ, ക്രിമിനല്‍ സംഘങ്ങളോട് അടുത്ത ബന്ധം പുലര്‍ത്തുന്നവരോ ആയിരിക്കും ഇവര്‍. നിയമപാലകരുടെ വേഷത്തില്‍ എത്തുമ്പോള്‍ ഇത്തരക്കാര്‍ക്ക് ലഭിക്കുന്ന നിയമ പരിരക്ഷകളും സൌകര്യങ്ങളും തങ്ങളുടെ ക്രിമിനല്‍ പശ്ചാത്തലത്തെ പരിപോഷിപ്പിക്കാന്‍ ഉപയോഗപ്പെടുത്തുന്നവരും കുറവല്ല. അധികാര ദുര്‍വിനിയോഗത്തിലൂടെ രാഷ്ട്രീയ, സാമൂഹ്യ വ്യവസ്ഥകളില്‍ ഇത്തരക്കാര്‍ നേടിയെടുക്കുന്ന സ്വാധീനം ചെറുതല്ല. മാധ്യമ പ്രവര്‍ത്തകനായ ഉണ്ണിത്താനെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ കൂട്ടുപിടിച്ച പൊലീസ് ബുദ്ധി പുറത്തുവന്നിട്ട് അധികം നാളായിട്ടില്ല.

1861ലെ കൊളോണിയല്‍ പൊലീസ് നിയമം അതേപടി പകര്‍ത്തിവെച്ചതായിരുന്നു 1960 ലെ കേരള പൊലീസ് ആക്ട്. അത് പരിഷ്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് 2010 വരെ കാത്തിരിക്കേണ്ടി വന്നു. ജേക്കബ് പുന്നൂസ് അധ്യക്ഷനായ റിവ്യു കമ്മിറ്റിയാണ് കരട് ബില്ലിന് രൂപം നല്‍കിയത്. 2008ല്‍ കരട് പുറത്തുവന്നപ്പോള്‍ പൊലീസിനെ നിയന്ത്രിക്കുന്ന കൊളോണിയല്‍ മാറാപ്പുകളെയും രാഷ്ട്രീയ ബാധ്യതകളെയും കുറിച്ച് വിശദമായി പറഞ്ഞിരുന്നു. കക്ഷിരാഷ്ട്രീയത്തിന്‍റെ അതിപ്രസരത്തില്‍ നിന്നും പൊലീസിനെ രക്ഷിക്കുന്നതിനുള്ള ശ്രമം ഈ ബില്ലിന്‍റെ ലക്‌ഷ്യങ്ങളിലൊന്നായി വിവക്ഷിക്കപ്പെട്ടിരുന്നു. കരട് ബില്ലായി പുറത്തുവരുമ്പോള്‍ പൊലീസിലെ ക്രിമിനലുകളെ നിയന്ത്രിക്കാനുള്ള നിയമപരമായ ജാഗ്രത അതില്‍ നിഴലിക്കുന്നുണ്ട്.

പുതിയ പൊലീസ് നിയമം ഇങ്ങനെ പറയുന്നു: സാന്മാര്‍ഗ്ഗിക അധഃപതനം ഉള്‍പ്പെടുന്ന ഒരു ക്രിമിനല്‍ കുറ്റത്തിന് കോടതിയാല്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍(അധ്യായം 6, 87 ബി) പൊലീസ് സേനയില്‍ ചേര്‍ക്കാന്‍ ഒരാള്‍ അയോഗ്യനായിരിക്കുമെന്ന വ്യവസ്ഥയോടൊപ്പം നിരവധി മാര്‍ഗ്ഗരേഖകള്‍ ആക്ട് മുന്നോട്ടുവെച്ചിട്ടുണ്ട്. കക്ഷിരാഷ്ട്രീയബന്ധം, നിയമാനുസൃതമല്ലാത്ത പ്രവൃത്തികള്‍ സംഘനടകളുമായി ബന്ധം എന്നിവയും അയോഗ്യതയായി കണക്കാക്കും (അധ്യായം 6, 87 ജി). നിയനത്തിന് ശേഷവും പൊലീസ് ഉദ്യോഗസ്ഥര്‍ ഇത്തരം ബന്ധങ്ങളിലോ പ്രവൃത്തികളിലോ ഏര്‍പ്പെട്ടാലും അയാളെ ഉടന്‍ തന്നെ സസ്പെന്‍റ് ചെയ്യാനും "മറിച്ച് തെളിയിക്കുന്നതിന് ന്യായമായി പ്രതിരോധിക്കുന്നതിനുള്ള അവസരം നല്‍കിയതിന് ശേഷം ബന്ധപ്പെട്ട ഡിസിപ്ലിന്‍, പണിഷ്മെന്‍റ് ആന്‍റ് അപ്പീല്‍ ചട്ടങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെ തന്നെ ഉദ്യോഗത്തില്‍ നിന്ന് പിരിച്ചുവിടാനോ നീക്കം ചെയ്യുവാനോ നിര്‍ബന്ധിത വിരമിക്കലിനോ" ബാധ്യസ്ഥനാക്കേണ്ടതാണ് (അധ്യായം 6, 87 ജി-3) എന്നും വ്യവസ്ഥ ചെയ്യുന്നു.

പി എസ് സി നടത്തുന്ന കോണ്‍സ്റ്റബിള്‍ നിയമനങ്ങള്‍ക്കു മുമ്പായി പൊലീസ് വെരിഫിക്കേഷണ്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. എന്നാല്‍, ഏതെങ്കിലും ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവര്‍ മാത്രമെ ഇതിലൂടെ റിക്രൂട്ട്‌മെന്‍റില്‍ നിന്നും ഒഴിവാക്കപ്പെടുകയുളളു. കുറ്റം സ്ഥാപിക്കാനാവാതെയോ, തെളിവുകളുടെ അഭാവത്തിലോ വെറുതെവിടുന്നവര്‍ മുതല്‍ ഉന്നത തലത്തില്‍ സ്വാധീനമുപയോഗിച്ച് കുറ്റ വിമുക്തരാകുന്നവരും ക്രിമിനല്‍ സംഘങ്ങളുമായി അടുത്തബന്ധം പുലര്‍ത്തുന്നവര്‍ വരെ നിയമനം നേടി ‘ഉത്തമ’ പൊലീസുകാരാകുന്നു. പൊലീസ് നിയമനത്തിനു മുമ്പും, പൊലീസിലെത്തിയതിനുശേഷമുളള സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, പ്രത്യേക പദവി നല്‍കല്‍ എന്നിവക്കും മുമ്പായി ഉദ്യോഗാര്‍ത്ഥിക്ക്/ഉദ്യോഗസ്ഥന് ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്ന് അന്വേഷിച്ചറിയുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിയമാനുസൃതമായ അധികാരമുണ്ട്. എന്നാല്‍ ശക്തമായ രാഷ്ട്രീയ ഇടപെടലുകളില്‍ ഈ മുന്‍കരുതല്‍ നടപടികളൊന്നും നടപ്പാകുന്നില്ലെന്നു മാത്രം.

നിയമവ്യവസ്ഥകളുടെ അപര്യാപ്തതയല്ല സംസ്ഥാനത്തെ സംവിധാനങ്ങള്‍ക്കേറ്റ പുഴുക്കുത്താണ് നിയമപാലക സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കിയിരിക്കുന്നത്. നിയമങ്ങള്‍ കൊണ്ടുമാത്രം നമ്മുടെ നിയമപാലകരെ പൂര്‍ണ്ണമായി നന്നാക്കാന്‍ പറ്റുമെന്ന് പറയാനാകില്ല. അതിന് പൊലീസിലെ രാഷ്ട്രീയ/ക്രിമിനല്‍/മാഫിയ ഇടപെടല്‍ പൂര്‍ണ്ണമായി ഇല്ലാതാക്കുന്നതിനൊപ്പം മുന്നണികള്‍ മികച്ച രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കുക കൂടി വേണം.

http://thesundayindian.com/ml/story/who-will-bell-the-criminal-police-/13/615/