സിഎംഎസ് കോളെജ് : ചരിത്രത്തിനൊപ്പം
വിദ്യാഭ്യാസ രംഗത്തെന്നപോലെ സാമൂഹ്യ, സാംസ്കാരിക, സേവന രംഗത്തും സിഎംഎസ് പൈതൃകം പിന്തുടരാനാവുന്ന മാതൃകയാണ്കോട്ടയം നഗരത്തില്‍, ബേക്കര്‍ ജംഗ്ഷനു സമീപം ചാലുകുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഹരിതമനോഹരമായ സിഎംഎസ് കോളെജിന്‍റെ ചരിത്രത്തിന് കേരളത്തിലെ വിദ്യാഭ്യാസ സംസ്കാരവുമായി അഭേദ്യമായ ബന്ധമുണ്ട്. ദക്ഷിണേന്‍ഡ്യയിലെ, ഇന്‍ഡ്യയിലെയും വിദ്യാഭ്യാസ വിപ്ലവത്തിന്‍റെ തുടക്കം സിഎംഎസ് കോളെജില്‍ നിന്നായിരുന്നുവെന്ന് പറഞ്ഞാല്‍, അതൊരു അതിശയോക്തിയാകില്ല. തക്ഷശിലയും നളന്ദയും പ്രതാപകാലങ്ങള്‍ ചരിത്രത്തില്‍ ശേഷിപ്പിച്ചു തകര്‍ക്കപ്പെട്ടതോടെ നിശ്ചലമായ ഇന്‍ഡ്യന്‍ വിദ്യാഭ്യാസ രംഗം, ഇന്‍ഡ്യാക്കാരെ പഠിപ്പിക്കാനായി ഒരു ലക്ഷം രൂപ ഈസ്റ്റ് ഇന്‍ഡ്യാ കമ്പനി നീക്കിവെച്ച 1813-ലെ ചാര്‍ട്ടര്‍ ആക്ടിലൂടെയാണ് പിന്നീട് ഉണര്‍വ്വ് നേടിയത്. എങ്കിലും വിഭ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പഠനത്തിനുമായി കാലങ്ങള്‍ പിന്നെയും കാത്തിരിക്കേണ്ടി വന്നു. ഇക്കാലയളവിലാണ് ദക്ഷിണേന്‍ഡ്യയിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന്‍റെ ചരിത്രം സിഎംഎസ് കോളെജിലൂടെ എഴുതപ്പെടുന്നത്.
ഇംഗ്ലണ്ടില്‍ നിന്നുളള ചര്‍ച്ച് മിഷണറി സൊസൈറ്റിയായിരുന്നു 1813ല്‍ കോളെജ് കെട്ടിടം പണി തുടങ്ങി പുതിയ ദിശാബോധത്തിന് തുടക്കമിട്ടത്. 1816ല്‍ കൊട്ടിയം കോളെജ് എന്ന പേരില്‍ 25 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഔദ്യോഗിക രേഖകളില്‍ 1817 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്ന ത്. അന്നുമുതല്‍ സിഎംസ് കോളെജ് എന്നറിയപ്പെടുന്നു. ഇന്‍ഡ്യയിലെ ആദ്യത്തെ സര്‍വ്വകലാശാലകളായ കല്‍ക്കത്ത, ബോംബെ, മദ്രാസ് എന്നിവക്കുമുമ്പെ സിഎംഎസ് കോളെജ് പ്രവര്‍ത്തനം ആരംഭിച്ചിരു ന്നു. 1854ല്‍ സര്‍ ചാള്‍സ് വുഡ്സിന്‍റെ എഡ്യൂക്കേഷന്‍ ഡിസ്പാച്ചിനെത്തുടര്‍ന്ന് 1857ലാണ് ഈ സര്‍വ്വകലാശാലകള്‍ സ്ഥാപിതമായത്. ലാറ്റിന്‍, ഗ്രീക്ക്, ഹീബ്രു, ഗണിതശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം,എന്നീ വിഷയങ്ങള്‍ക്കൊപ്പം മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, സുറിയാനി ഭാഷകളും പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. തിരുവിതാംകൂറിലെ അച്ചടിയുടെ പിതാവ് ബെഞ്ചമിന്‍ ബെയ്‌ലിയായിരുന്നു ആദ്യ പ്രിന്‍സിപ്പല്‍.
1855വരെ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം കോളെജ് വിദ്യാഭ്യാസം സൌജന്യമായിരുന്നു. അതിനുശേഷം, വിദ്യാര്‍ത്ഥികളില്‍ നിന്നും മാസം ഒരു രൂപ ഈടാക്കിയിരുന്നു. 1864ല്‍ ഇന്‍ഡ്യയിലെ തന്നെ ആദ്യ കോളെജ് മാഗസിന്‍ ‘വിദ്യാസംഗ്രഹം’ സിഎംഎസില്‍ നിന്നും പുറത്തിറങ്ങി. ഡോ. കെ.എം ജോര്‍ജ് അവതാരിക എഴുതിയ മാഗസിനിലെ ആദ്യ ലേഖനത്തില്‍ ‘കേരളത്തിന്‍റെ വൈജ്ഞാനിക പൈതൃകം’ എന്നാണ് ഡോ. സാമുവല്‍ നെല്ലിമുകള്‍ വിദ്യാസംഗ്രഹത്തെ വിവരിച്ചിരിക്കുന്നത്. 1857ല്‍ മദ്രാസ് സര്‍വ്വകലാശാല നിലവില്‍ വന്നപ്പോള്‍ കോളെജിന്‍റെ പ്രവര്‍ത്തനം അതിന്‍റെ കീഴിലായി. 1892ല്‍ സെക്കന്‍ഡ് ഗ്രേഡ് കോളെജ് ആയി സിഎംഎസ് ഉയര്‍ത്തപ്പെട്ടു.
1905ല്‍ കലാലയ ചരിത്ര ത്തിലെ ആദ്യ കോളെജ്ഡേ ആഘോഷങ്ങള്‍ക്ക് സിഎംഎസ് വേദിയായി.1913ല്‍ വിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി സ്ത്രീകള്‍ക്ക് കോളെജ് വിദ്യാഭ്യാസം അനുവദിച്ചു. എന്നാല്‍ 1918ല്‍ അത് നിര്‍ത്തലാക്കി, കാരണമിന്നും വ്യക്തമല്ല. മദ്രാസ് പ്രസിഡന്‍സിയുടെ സെക്കന്‍ഡ് ഗ്രേഡ് കോളെജ് പരിവേഷമായിരുന്നു സിഎംഎസിന് അക്കാലത്ത്.
1937ല്‍ കോളെജിനെ തിരുവിതാംകൂര്‍ സര്‍വ്വകലാശാലയുമായി സംയോജിപ്പിച്ചു. 1938-42 കാലയളവില്‍ സേവനമനുഷ്ഠിച്ച റവ. ഫിലിപ്പ് ലീ ആയിരുന്നു അവസാനത്തെ മിഷണറി പ്രിന്‍സിപ്പല്‍. 1938ല്‍ 20 വര്‍ഷത്തിനു ശേഷം സ്ത്രീകള്‍ക്ക് വീണ്ടും കോളെജ് പ്രവേശനം നല്‍കി. 1965ല്‍ ഫസ്റ്റ് ഗ്രേഡ് കോളെജായി. അക്കാലത്ത് കോളെജ് കേരള സര്‍വ്വകലാശാലയുമായി സംയോജിപ്പിച്ചു. പ്രൊഫ.പി.ടി എ ബ്രഹാമിന്‍റെ കാലത്ത്, കാമ്പസില്‍ ഹരിത വിപ്ലവം തന്നെ അരങ്ങേറി. കാറ്റാടി മുതല്‍ തേക്കുവരെയുളള മരങ്ങള്‍ കാമ്പസില്‍ നട്ടുവളര്‍ത്തി.
1992ല്‍ കോളെജ് 175-ാം വാര്‍ഷികം ആഘോഷിച്ചു. ഇന്നും സജീവമായ, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടന ‘വിദ്യാ സൌഹൃദം’ തുടക്കമിട്ടതും ഇതേ വര്‍ഷം തന്നെയായിരുന്നു. മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്‍, യു.എസ്.എസ്.ആറിലെ മുന്‍ ഇന്‍ഡ്യന്‍ നയതന്ത്ര പ്രതിനിധി കെ.പി.എസ് മേനോന്‍, ഭൌതിക ശാസ്ത്രജ്ഞന്‍ ഡോ. ജോര്‍ജ് സുദര്‍ശന്‍, കാവാലം നാരായണ പണിക്കര്‍, ജസ്റ്റീസ് കെ.ടി തോമസ്, മനോരമ മുന്‍ ചീഫ് എഡിറ്റര്‍ കെ. എം മാത്യു, കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ. സുരേഷ് കുറുപ്പ്, സംവിധായകന്‍ ജയരാജ് എന്നിങ്ങനെ കലാ, സാംസ്കാരിക, രാഷ്ട്രീയ, അക്കാദമിക രംഗത്ത് പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ഒരു നീണ്ട നിര തന്നെ സിഎംസിനുണ്ട്.
1999ല്‍ കോളെജിന് നാഷണല്‍ അസെസ്മെന്‍റ് ആന്‍റ് അക്രഡിറ്റേഷന്‍ കൌണ്‍സിലിന്‍റെ ഫൈവ് സ്റ്റാര്‍ പദവി ലഭിച്ചു.2004ല്‍ കോളെജിന് യൂണിവേഴ്സിറ്റി ഗ്രാന്‍റ്‌സ് കമ്മീഷന്‍റെ സെന്‍റര്‍ വിത്ത് പൊട്ടന്‍ഷ്യല്‍ ഫോര്‍ എക്സലന്‍സ് പദവിയും 2009ല്‍ ന്യൂനപക്ഷ പദവിയും ലഭിച്ചു.
2009ല്‍ ചുമതലയേറ്റ പ്രൊഫ. എം.എം. കോരയാണ് ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍. 14 ബിരുദാനന്തര ബിരുദവും 13 ബിരുദവും മൂന്ന് ആഡ് ഓണ്‍ കോഴ്സുകളും ഫാഷന്‍ ഡിസൈനിംഗിലെ ഒരു സര്‍ട്ടിഫിക്കറ്റ്കോഴ്സും ഐടി, മാനേജ്മെന്‍റ് മേഖലയിലെ 19 കോഴ്സുകളും ഉള്‍പ്പെടെ 53 കോഴ്സുകളാണ് സിഎംഎസില്‍ ഇപ്പോഴുളളത്. നിലവില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളെജില്‍ 2000ഒളം വിദ്യാര്‍ത്ഥികളും 90 അധ്യാപകരും 43 അനധ്യാപകരും, 20 കരാര്‍ അധ്യാപകരുമുണ്ട്. വിപുലമായ പുസ്തക ശേഖരവും, ജേണലുകളു മുളള കോളെജ് ലൈബ്രറിക്ക് 1855-66 കാലഘട്ടത്തില്‍ പ്രിന്‍സിപ്പലായിരുന്ന റവ. റിച്ചാര്‍ഡ് കോളിന്‍സിന്‍റെ പേരാണ്-കോളിന്‍സ് ലൈബ്രറി.
സിഎംഎസില്‍ നടത്തിവരുന്ന കാമ്പസ് പ്ലേസ്മെന്‍റിലൂടെ പ്രതിവര്‍ഷം 100-150 വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കുന്നുണ്ട്. എന്നാല്‍ അക്കാദമിക, ബൌദ്ധികരംഗത്ത് മാത്രം ഒതുങ്ങുന്നതല്ല സിഎംഎസിന്‍റെ പ്രവര്‍ത്തനം. കാമ്പസിനുപുറത്ത്, സാമൂഹ്യ, സാംസ്കാരിക മണ്ഡല ങ്ങളില്‍ സക്രിയമായി ഇട പെടുന്നതാണ് സിഎംഎസിന്‍റെ പാരമ്പര്യം.“ജാതി, മത, വര്‍ണ്ണ ഭേദമില്ലാതെ എല്ലാവ ര്‍ക്കും വിദ്യാഭ്യാസം എന്ന ആപ്തവാക്യം ഉള്‍ക്കൊണ്ടുളളതാണ് സിഎംഎസിന്‍റെ പ്രവര്‍ത്തനം. സമൂഹ സേവ നത്തിനും സാംസ്കാരിക വികാസത്തിനുമുളള പ്രതിബദ്ധത നിറവേറ്റുന്നതിലാണ് കോളെജ് അഭിമാനം കൊളളുന്നത്.” പ്രിന്‍സിപ്പല്‍ പ്രൊഫ. എം.എം കോര പറഞ്ഞു.
പുറത്തുനിന്നുളളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് അവസരമൊരുക്കുക, തൊഴിലധിഷ്ഠിത മേഖലകളില്‍ പരിശീലനം നല്‍കുക, വൃദ്ധജനങ്ങളെ പരിപാലിക്കുന്നതിനും ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍,‘അഡോപ്റ്റ് എ വില്ലേജ്’ എന്ന ആരും പരീക്ഷിക്കപ്പെടാത്ത ആശയങ്ങള്‍ എന്നിങ്ങനെ ഒട്ടനവധി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സിഎംഎസ് ചുമല്‍കൊടുക്കുന്നുണ്ട്. സാമൂഹ്യ, സാംസ്കാരിക, സേവനരംഗങ്ങളി ലും, ആര്‍ക്കും പിന്തുടരാവുന്ന മാതൃകയായി ഒരു ചുവട് മുന്നില്‍ തന്നെയാണ് സിഎംഎസ് കോളെജ്.
http://thesundayindian.com/ml/story/cms-college-with-history-with-society/26/1094/
No comments:
Post a Comment