കേരളത്തില്‍, പൊലീസിന്‍റെ ക്രിമിനല്‍ സ്വഭാവം നിരവധി കേസുകളില്‍ വെളിപ്പെടുന്നതായി കഴിഞ്ഞ ദിവസം ഹൈക്കോടതി നിരീക്ഷിച്ചു. ക്രിമിനലുകള്‍ പൊലീസാകുന്നത് സാധാരണക്കാര്‍ക്ക് ദോഷം ചെയ്യുമെന്നും കോടതി അഭിപ്രായപ്പെട്ടു. പിഎസ്എസി വഴി കോണ്‍സ്റ്റബിള്‍ നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ചെങ്കിലും ക്രിമിനല്‍ കേസിലുള്‍പ്പെട്ടതിനാല്‍ നിയമനം നിഷേധിച്ചതിനെതിരെ കാസര്‍കോട് നീലേശ്വരം സ്വദേശി എം. ശ്രീകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് എസ്. സിരിജഗന്‍റെ ശ്രദ്ധേയമായ നിരീക്ഷണം.
അടുത്തകാലത്ത് നടന്ന കോണ്‍സ്റ്റബിള്‍ നിയമനത്തിലൂടെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ നൂറിലധികം പേര്‍ പൊലീസില്‍ കടന്നുകൂടിയിട്ടുണ്ടെന്നാണ് കോടതിയുടെ മറ്റൊരു നിരീക്ഷണം. കേരള പൊലീസില്‍ ക്രിമിനല്‍ ബന്ധമുള്ള 860 പേരുണ്ടെന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ നാല് വര്‍ഷം മുമ്പ് സമ്മതിച്ചിരുന്നു. പൊലീസിനെ ശുദ്ധീകരിക്കുമെന്ന പ്രസ്താവനകള്‍ നിരന്തരം പുറത്തുവന്നുകൊണ്ടിരുന്നു. എന്നാല്‍ നടപടികള്‍ ഒന്നുമുണ്ടായില്ല.
ഹൈക്കോടതി നിരീക്ഷണം പരിശോധിക്കുമ്പോള്‍, സംസ്ഥാനത്തെ പൊലീസ്-നിയമന, പ്രവര്‍ത്തന-സംവിധാനങ്ങള്‍ അത്രത്തോളം മോശമാണോയെന്ന ചിന്ത തോന്നുക സ്വഭാവികമാണ്. ക്രിമിനലുകള്‍ക്ക് പൊലീസില്‍ അവസരം ലഭ്യമാക്കുന്നതിന്, പൊലീസില്‍ ക്രിമിനലുകള്‍ ഉയര്‍ന്നുവരുന്നതിന് ആരാണ് ഉത്തരവാദികള്‍? സംസ്ഥാനത്തെ പൊലീസ് സംവിധാനങ്ങള്‍ അവയെ ചെറുക്കുന്നതിന് പര്യാപ്തമല്ലേ? എന്നിങ്ങനെയുളള സംശയങ്ങള്‍ ഉയര്‍ന്നുവന്നേക്കാം.
രാഷ്ട്രീയ ഇടപെടലുകളാണ് പൊലീസിനുളളില്‍ ക്രിമിനലുകള്‍ പെരുകുന്നതിനുളള സുപ്രധാന കാരണമെന്ന് നിസ്സംശയം പറയാം. മാറിമാറി ഭരണത്തില്‍ വരുന്ന രാഷ്ട്രീയ കക്ഷികള്‍ പൊലീസിനെ തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നു. അതിനനുസരിച്ച് അവര്‍ക്ക് പദവികളും പാരിതോഷികങ്ങളും നല്‍കുന്നു. രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി, തങ്ങള്‍ക്ക് വഴങ്ങുന്ന കോണ്‍സ്റ്റബിള്‍ മുതല്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വരെ സ്ഥലം മാറ്റുവാനും (ചിലപ്പോഴൊക്കെ, ഇഷ്ടപ്പെടാത്തവരെയും) അല്ലാത്തവരെ ചവിട്ടിത്താഴ്ത്തി ‘ആദരിക്കുന്നതില്‍’ നിന്നും ഒരു മുന്നണിയും മാറി നില്‍ക്കാറില്ലെന്നത്, അതാത് മുന്നണി ഭരണകാലത്തെ സംഭവങ്ങള്‍ നമുക്ക് പറഞ്ഞുതരുന്നുണ്ട്. പൊലീസിലെ നിയമനങ്ങള്‍, സ്ഥാനക്കയറ്റം, സ്ഥലമാറ്റം തുടങ്ങിയ കാര്യങ്ങള്‍, ഡിജിപി കൃത്യമായി പഠിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ അധികാരികള്‍ നടത്തണമെന്നാണ് വ്യവസ്ഥയെങ്കിലും രാഷ്ട്രീയക്കാരുടെ ആഗ്രഹത്തിനും പ്രീതിക്കുമനുസരിച്ചാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെന്ന വസ്തുത നമ്മുടെ പൊലീസ് സംവിധാനം എത്രത്തോളം മലിനമായിരിക്കുന്നുവെന്നതിന്‍റെ തെളിവാണ്.
കൃത്യവും ഫലപ്രദവുമായ നിയമ വ്യവസ്ഥകളുണ്ടെങ്കിലും സംവിധാനങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും അതിനതീതമായാണ് നടക്കുന്നത്. പൊലീസിനുളളില്‍ ക്രിമിനല്‍ സ്വഭാവത്തെക്കുറിച്ച് അറിയാവുന്ന, അറിവ് വേണ്ട ഡിജിപി പോലും അതേക്കുറിച്ച് മൌനം പാലിക്കുന്നത് ഭരണഘടനാനുസൃതമായ ഒരു ജനാധിപത്യ രാജ്യത്തിലെ കൃത്യവിലോപമായി കണക്കാക്കണം.
ആരാണ് ക്രിമിനലുകള്‍? പൊലീസിലെത്തി, രാത്രി വെളുക്കുമ്പോള്‍ ക്രിമിനലുകളായി മാറുന്ന ഒരു അത്ഭുത വര്‍ഗമൊന്നുമല്ല ഇവര്‍. കൃത്യമായ ക്രിമിനല്‍ പശ്ചാത്തലത്തില്‍ നിന്നും വരുന്നവരോ, ക്രിമിനല്‍ സംഘങ്ങളോട് അടുത്ത ബന്ധം പുലര്‍ത്തുന്നവരോ ആയിരിക്കും ഇവര്‍. നിയമപാലകരുടെ വേഷത്തില്‍ എത്തുമ്പോള്‍ ഇത്തരക്കാര്‍ക്ക് ലഭിക്കുന്ന നിയമ പരിരക്ഷകളും സൌകര്യങ്ങളും തങ്ങളുടെ ക്രിമിനല്‍ പശ്ചാത്തലത്തെ പരിപോഷിപ്പിക്കാന്‍ ഉപയോഗപ്പെടുത്തുന്നവരും കുറവല്ല. അധികാര ദുര്‍വിനിയോഗത്തിലൂടെ രാഷ്ട്രീയ, സാമൂഹ്യ വ്യവസ്ഥകളില്‍ ഇത്തരക്കാര്‍ നേടിയെടുക്കുന്ന സ്വാധീനം ചെറുതല്ല. മാധ്യമ പ്രവര്‍ത്തകനായ ഉണ്ണിത്താനെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ കൂട്ടുപിടിച്ച പൊലീസ് ബുദ്ധി പുറത്തുവന്നിട്ട് അധികം നാളായിട്ടില്ല.
1861ലെ കൊളോണിയല്‍ പൊലീസ് നിയമം അതേപടി പകര്‍ത്തിവെച്ചതായിരുന്നു 1960 ലെ കേരള പൊലീസ് ആക്ട്. അത് പരിഷ്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് 2010 വരെ കാത്തിരിക്കേണ്ടി വന്നു. ജേക്കബ് പുന്നൂസ് അധ്യക്ഷനായ റിവ്യു കമ്മിറ്റിയാണ് കരട് ബില്ലിന് രൂപം നല്‍കിയത്. 2008ല്‍ കരട് പുറത്തുവന്നപ്പോള്‍ പൊലീസിനെ നിയന്ത്രിക്കുന്ന കൊളോണിയല്‍ മാറാപ്പുകളെയും രാഷ്ട്രീയ ബാധ്യതകളെയും കുറിച്ച് വിശദമായി പറഞ്ഞിരുന്നു. കക്ഷിരാഷ്ട്രീയത്തിന്‍റെ അതിപ്രസരത്തില്‍ നിന്നും പൊലീസിനെ രക്ഷിക്കുന്നതിനുള്ള ശ്രമം ഈ ബില്ലിന്‍റെ ലക്‌ഷ്യങ്ങളിലൊന്നായി വിവക്ഷിക്കപ്പെട്ടിരുന്നു. കരട് ബില്ലായി പുറത്തുവരുമ്പോള്‍ പൊലീസിലെ ക്രിമിനലുകളെ നിയന്ത്രിക്കാനുള്ള നിയമപരമായ ജാഗ്രത അതില്‍ നിഴലിക്കുന്നുണ്ട്.
പുതിയ പൊലീസ് നിയമം ഇങ്ങനെ പറയുന്നു: സാന്മാര്‍ഗ്ഗിക അധഃപതനം ഉള്‍പ്പെടുന്ന ഒരു ക്രിമിനല്‍ കുറ്റത്തിന് കോടതിയാല്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍(അധ്യായം 6, 87 ബി) പൊലീസ് സേനയില്‍ ചേര്‍ക്കാന്‍ ഒരാള്‍ അയോഗ്യനായിരിക്കുമെന്ന വ്യവസ്ഥയോടൊപ്പം നിരവധി മാര്‍ഗ്ഗരേഖകള്‍ ആക്ട് മുന്നോട്ടുവെച്ചിട്ടുണ്ട്. കക്ഷിരാഷ്ട്രീയബന്ധം, നിയമാനുസൃതമല്ലാത്ത പ്രവൃത്തികള്‍ സംഘനടകളുമായി ബന്ധം എന്നിവയും അയോഗ്യതയായി കണക്കാക്കും (അധ്യായം 6, 87 ജി). നിയനത്തിന് ശേഷവും പൊലീസ് ഉദ്യോഗസ്ഥര്‍ ഇത്തരം ബന്ധങ്ങളിലോ പ്രവൃത്തികളിലോ ഏര്‍പ്പെട്ടാലും അയാളെ ഉടന്‍ തന്നെ സസ്പെന്‍റ് ചെയ്യാനും "മറിച്ച് തെളിയിക്കുന്നതിന് ന്യായമായി പ്രതിരോധിക്കുന്നതിനുള്ള അവസരം നല്‍കിയതിന് ശേഷം ബന്ധപ്പെട്ട ഡിസിപ്ലിന്‍, പണിഷ്മെന്‍റ് ആന്‍റ് അപ്പീല്‍ ചട്ടങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെ തന്നെ ഉദ്യോഗത്തില്‍ നിന്ന് പിരിച്ചുവിടാനോ നീക്കം ചെയ്യുവാനോ നിര്‍ബന്ധിത വിരമിക്കലിനോ" ബാധ്യസ്ഥനാക്കേണ്ടതാണ് (അധ്യായം 6, 87 ജി-3) എന്നും വ്യവസ്ഥ ചെയ്യുന്നു.പി എസ് സി നടത്തുന്ന കോണ്‍സ്റ്റബിള്‍ നിയമനങ്ങള്‍ക്കു മുമ്പായി പൊലീസ് വെരിഫിക്കേഷണ്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. എന്നാല്‍, ഏതെങ്കിലും ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവര്‍ മാത്രമെ ഇതിലൂടെ റിക്രൂട്ട്‌മെന്‍റില്‍ നിന്നും ഒഴിവാക്കപ്പെടുകയുളളു. കുറ്റം സ്ഥാപിക്കാനാവാതെയോ, തെളിവുകളുടെ അഭാവത്തിലോ വെറുതെവിടുന്നവര്‍ മുതല്‍ ഉന്നത തലത്തില്‍ സ്വാധീനമുപയോഗിച്ച് കുറ്റ വിമുക്തരാകുന്നവരും ക്രിമിനല്‍ സംഘങ്ങളുമായി അടുത്തബന്ധം പുലര്‍ത്തുന്നവര്‍ വരെ നിയമനം നേടി ‘ഉത്തമ’ പൊലീസുകാരാകുന്നു. പൊലീസ് നിയമനത്തിനു മുമ്പും, പൊലീസിലെത്തിയതിനുശേഷമുളള സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, പ്രത്യേക പദവി നല്‍കല്‍ എന്നിവക്കും മുമ്പായി ഉദ്യോഗാര്‍ത്ഥിക്ക്/ഉദ്യോഗസ്ഥന് ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്ന് അന്വേഷിച്ചറിയുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിയമാനുസൃതമായ അധികാരമുണ്ട്. എന്നാല്‍ ശക്തമായ രാഷ്ട്രീയ ഇടപെടലുകളില്‍ ഈ മുന്‍കരുതല്‍ നടപടികളൊന്നും നടപ്പാകുന്നില്ലെന്നു മാത്രം.
നിയമവ്യവസ്ഥകളുടെ അപര്യാപ്തതയല്ല സംസ്ഥാനത്തെ സംവിധാനങ്ങള്‍ക്കേറ്റ പുഴുക്കുത്താണ് നിയമപാലക സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കിയിരിക്കുന്നത്. നിയമങ്ങള്‍ കൊണ്ടുമാത്രം നമ്മുടെ നിയമപാലകരെ പൂര്‍ണ്ണമായി നന്നാക്കാന്‍ പറ്റുമെന്ന് പറയാനാകില്ല. അതിന് പൊലീസിലെ രാഷ്ട്രീയ/ക്രിമിനല്‍/മാഫിയ ഇടപെടല്‍ പൂര്‍ണ്ണമായി ഇല്ലാതാക്കുന്നതിനൊപ്പം മുന്നണികള്‍ മികച്ച രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കുക കൂടി വേണം.
http://thesundayindian.com/ml/story/who-will-bell-the-criminal-police-/13/615/
No comments:
Post a Comment