ഷാനവാസ് എസ് | ജൂലായ് 4, 2011 12:25
പ്രേക്ഷകരും നിരൂപകരും കൈവിട്ട് ആരും തിരിഞ്ഞുനോക്കാനില്ലാതെ അവശകലയായിക്കിടന്ന (പീഡിത വ്യവസായം എന്ന പദവി വേണമെന്നത് മലയാള സിനിമാ പ്രവര്‍ത്തകരുടെ ചിരകാല അഭിലാഷമാണ്) മലയാള സിനിമയെ പിടിച്ചെഴുന്നേല്‍പ്പിച്ചുനിര്‍ത്താനാണ് പഴയ ഹിറ്റ് ചിത്രങ്ങളുടെ റീമേയ്ക്കുകളുമായി കൌശലക്കാരായ ചില സിനിമാ സംവിധായകര്‍ രംഗത്തെത്തിയത്. ഇപ്പോഴതൊരു ട്രെന്‍റായി. ഒന്നിനുപുറകെ ഒന്നായി പഴയ കഥകള്‍ പുതിയ പേച്ചുമായെത്തുന്നു.
നേരത്തെതന്നെ പരീക്ഷിച്ച് വിജയിച്ചിട്ടുളള മറ്റൊരു സൂത്രവാക്യത്തിലേക്ക് മലയാള സിനിമാ വ്യവസായം ചാഞ്ഞു. തീയേറ്റര്‍ വിജയം നേടിയ ചിത്രങ്ങളുടെ തുടര്‍ ഭാഗങ്ങള്‍ ഒരുക്കുക. ആക്ഷനും, സസ്പെന്‍സും നിറഞ്ഞ, നായകന്‍റെ (വല്ലപ്പോഴുമൊരിക്കല്‍ നായികയുടെയും) വാചക കസര്‍ത്തുകളിലൂടെയും ആര്‍ക്കും കീഴ്പ്പെടുത്താനാവാത്ത (കീഴ്പ്പെടാത്ത) ശക്തിപ്രകടനത്തിലൂടെയും അല്ലെങ്കില്‍ മുഴു കോമഡിയിലൂടെയും ഒരു കാലത്ത് സിനിമാ കൊട്ടകകളില്‍ ആളുകളെ ആകര്‍ഷിച്ച ചിത്രങ്ങളുടെ തുടര്‍ ഭാഗങ്ങള്‍ ഒരുക്കുന്നതിന്‍റെ തിരക്കാണ് ഇപ്പോള്‍. ഒന്നും രണ്ടും മുതല്‍ അഞ്ചാം ഭാഗം വരെ പുറത്തിറക്കിയ ചിത്രങ്ങള്‍ ഈക്കുട്ടത്തിലുണ്ട്. അതിനിടെ നായകന്‍ കൊല്ലപ്പെടുന്ന അല്ലെങ്കില്‍ മരിക്കുന്ന സിനിമകളുടെ തുടര്‍ഭാഗങ്ങള്‍ക്ക് സാധ്യതയില്ലാത്തതിനാല്‍ അവയുടെ ഒന്നാം ഭാഗം പുറത്തിറക്കാനുളള ശ്രമവും നടക്കുന്നുണ്ട്. രണ്ടു വ്യത്യസ്ത സിനിമകളിലെ കഥാപാത്രങ്ങളെ ഒന്നിച്ചിണക്കി പുതിയൊരു സിനിമയെന്ന ‘ഭയങ്കരമായ’ പുത്തന്‍ പരീക്ഷണത്തിനും മലയാള സിനിമാ മേഖല ഇന്ന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
കാലത്തിനു മുമ്പെ നടന്നുനീങ്ങേണ്ട മലയാള സിനിമ പിന്നോട്ടു നടക്കാനുളള പ്രവണത തുടരുന്നതിനിടയിലാണ് പഴയ സിനിമകളെ പുനര്‍ നിര്‍മ്മിക്കുന്ന തരത്തിലേക്കുകൂടി കാര്യങ്ങള്‍ മാറിയത്. തീയേറ്ററുകളില്‍ അത്രയൊന്നും ഇളക്കാതെ കടന്നുപോയ എംടി വാസുദേവന്‍ നായരുടെ നീലത്താമര എന്ന ചിത്രം പുതിയ ക്യാന്‍വാസില്‍ അണിയിച്ചൊരുക്കി സംവിധായകന്‍ ലാല്‍ ജോസാണ് ഇത്തരമൊരു സാഹസത്തിന് തുടക്കമിട്ടത് (അതിനുമുമ്പ്, ഈറ്റ, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ പോലുളള സിനിമകള്‍ പുതിയ സാങ്കേതിക വിദ്യയില്‍ പുനര്‍ അവതരിപ്പിച്ചിരുന്നു. മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ ഏതാനും ചില സീനുകള്‍ കൂടി ചേര്‍ത്തിരുന്നെങ്കില്‍ ഈറ്റ മാറ്റങ്ങളൊന്നുമില്ലാതെയാണ് പുനരവതരിപ്പിച്ചത്). എന്നാല്‍ ഒരു സിനിമയെ അതേ ഭാഷയില്‍ തന്നെ പൂര്‍ണ്ണമായും പുനര്‍നിര്‍മ്മിക്കുന്ന ചിത്രമെന്ന ലേബലായിരുന്നു നീലത്താമരക്ക്.
അതാത് കാലഘട്ടങ്ങളില്‍ പുതുമയുളള, സിനിമാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ ഈ സിനിമകള്‍, ഇപ്പോള്‍ വീണ്ടും പറയുന്നതിന്‍റെ ഉദ്ദേശ്യം കച്ചവടം മാത്രമെണന്നതില്‍ സംശയമില്ല. നായികയുടെ മേനിയും അഴകളവും പരമാവധി പ്രദര്‍ശിപ്പിക്കുക (അതിന് സാധ്യതകളുളള സിനികളാണല്ലോ വീണ്ടും നിര്‍മ്മിക്കപ്പെടാന്‍ പോകുന്നത്) എന്ന ഒറ്റ ലക്‌ഷ്യത്തിലേക്ക് മാത്രം അതിന്‍റെ ഉദ്ദേശ്യ ശുദ്ധി ഒതുങ്ങുന്നു. വെറും ഇക്കിളി സിനിമകള്‍ (നീല ചിത്രങ്ങള്‍) പുറത്തിറക്കുന്നതിനു പിന്നിലെ താല്‍പ്പര്യം മാത്രമെ ഇതിലും കാണാനാകൂ. പഴയ സിനിമകളെ എരിവും പുളിയും ചേര്‍ത്ത് പുത്തന്‍ സാങ്കേതിക വിദ്യയില്‍ പറയുമ്പോള്‍, പഴയ വിപ്ലവ/ക്ലാസിക്ക് സിനിമയെ കാലോചിതമായതിനാല്‍ പുനര്‍നിര്‍മ്മിക്കുന്നുവെന്ന് തട്ടിവിട്ട് പുതിയ സംവാദങ്ങള്‍ക്ക് തിരികൊളുത്താം ഒപ്പം ഇമേജ് കോട്ടം തട്ടാതെ കാത്തുസൂക്ഷിക്കാം. അല്ലെങ്കില്‍ പിന്നെ എന്തിന്‍റെ പേരിലാണ് ഇത്തരം സിനിമകള്‍ പുനര്‍നിര്‍മ്മിക്കുന്നത്? കലാ, സാംസ്കാരിക മൂല്യങ്ങളുളള സിനിമകള്‍ പുനര്‍നിര്‍മ്മിക്കപ്പെടാത്തതെന്തുകൊണ്ട്?
തരംഗങ്ങള്‍: ഷക്കീല മുതല്‍ രതിച്ചേച്ചി വരെ
1930ല്‍ പുറത്തുവന്ന നിശബ്ദ ചിത്രമായ വിഗതകുമാരനും 1938ല്‍ ഇറങ്ങിയ ബാലന്‍ എന്ന ശബ്ദ ചിത്രത്തിനും ശേഷം 50, 60കളില്‍ മലയാള സിനിമ (ചെമ്മീന്‍, മുറപ്പെണ്ണ്, ഇരുട്ടിന്‍റെ ആത്മാവ്, കണ്ടംവെച്ച കോട്ട് തുടങ്ങിയ ചിത്രങ്ങള്‍) വളര്‍ന്നുതുടങ്ങുകയായിരുന്നു. 60കളില്‍ ഓടയില്‍ നിന്ന്, ഭാര്‍ഗവി നിലയം തുടങ്ങിയ ചിത്രങ്ങള്‍ മലയാള സിനിമയുടെ ശക്തി തെളിയിച്ചു. 60, 70 കാലഘട്ടത്തില്‍ വിഖ്യാത എഴുത്തുകാരുടെ നോവലുകള്‍ അല്ലെങ്കില്‍ കഥകളെ ആസ്പദമാക്കി സിനിമ നിര്‍മ്മിക്കുന്ന ഒരു രീതി മലയാളത്തില്‍ വന്നു. വീണും എഴുന്നേറ്റും പതുക്കെ പിച്ചവെച്ച മലയാള സിനിമാ മേഖല 70കളില്‍ പുതിയ പ്രതീക്ഷകള്‍ (സ്വയംവരം, നിര്‍മ്മാല്യം, ഉത്തരായനം, തമ്പ്, കുമ്മാട്ടി, ചിദംബരം, ഒരിടത്ത്, വാസ്തുഹാര തുടങ്ങിയവ) കൊണ്ടുവന്നു. 80കളുടെ തുടക്കം മുതല്‍ 90കളുടെ അവസാനം വരെ മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നുവെന്ന് സിനിമാ പ്രേമികളും നിരൂപകരും ഒരുപോലെ സാക്‌ഷ്യപ്പെടുത്തുന്നു. നടപ്പുരീതികളെ മാറ്റിമറിച്ച നിരവധി പുതിയ പരീക്ഷണങ്ങള്‍ മലയാള സിനിമാ ലോകത്ത് സംഭവിച്ചിരുന്നു. കാലത്തോട് കലഹിച്ച്, സമൂഹത്തോടുളള വിളംബരമെന്നോണം പുതിയ പ്രമേയങ്ങളും അവതരണ രീതിയും പരീക്ഷിക്കാന്‍ ധൈര്യം കാണിച്ച കഥ, തിരാക്കഥാകൃത്തുക്കളും സംവിധായകരും മലയാളത്തിലുണ്ടായി (എലിപ്പത്തായം, മുഖാമുഖം, അനന്തരം, കാണാമറയത്ത്, കൂടെവിടെ, ആദിപാപം, മതിലുകള്‍..…). 90കളിലും പുപുതുമയും വ്യത്യസ്തയുമുളള പ്രമേയങ്ങളെ ശക്തമായി അവതരിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു (വിധേയന്‍, ഭരതം, ഉളളടക്കം, കിലുക്കം, കമലദളം, ദേവാസുരം, മണിച്ചിത്രത്താഴ്, പൊന്തന്മാട, സ്വാഹം, ഗുരു, ദേശാടനം).
എന്നാല്‍ വളര്‍ച്ചയുടെ പടവുകള്‍ കയറിക്കൊണ്ടിരുന്ന മലയാള ചലച്ചിത്ര മേഖലക്ക് 2000 ആയതോടെ കിതപ്പ് അനുഭവപ്പെട്ടുതുടങ്ങി. സൂപ്പര്‍താരങ്ങളും സാമ്രാജ്യങ്ങളും ഉയര്‍ന്നുവന്നതോടെ താര കേന്ദ്രീകൃത സിനിമകള്‍ രൂപപ്പെട്ടുതുടങ്ങി. താരങ്ങളുടെ അഭിനയ പാടവം പരമാവധി ഉപയോഗപ്പെടുത്തുന്നതിലുപരി വീര സാഹസങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്ന തരത്തില്‍ സിനിമയുടെ കഥ പറച്ചിലുകള്‍ മാറി. ആവര്‍ത്തന വിരസതയുടെ അവസാന വാക്കായി മലയാള സിനിമാ വ്യവസായം തകര്‍ന്നടിഞ്ഞപ്പോള്‍, മുന്‍നിര താരങ്ങളുടെ ചിത്രങ്ങള്‍ തീയേറ്ററുകളില്‍ മൂക്കുംകുത്തി വീണപ്പോള്‍, അന്യഭാഷാ ചിത്രങ്ങള്‍ക്കും മൊഴിമാറ്റ ചിത്രങ്ങള്‍ക്കും കേരളത്തില്‍ പ്രേക്ഷകരുണ്ടായി. ഷക്കീല, രേഷ്മ, മറിയ പോലുളള മാദകത്തിടമ്പുകളുടെ സിനിമകള്‍ക്ക് ആളുകള്‍ കൂടി. തീയേറ്ററുകളില്‍ ആര്‍പ്പുവിളികളും കൈയ്യടികളും കുറഞ്ഞു. സൂപ്പര്‍ താര ചിത്രങ്ങളുടെ പേരിന് സമാനമായ പേരുകളുമായി തിളങ്ങി നിന്ന ഷക്കീല, ഒരു തരംഗം തന്നെ സൃഷ്ടിച്ചു. ഷക്കീല നായികയായ കിന്നാരത്തുമ്പികള്‍ സൂപ്പര്‍താര ചിത്രങ്ങളെ കവച്ചുവെച്ച് റെക്കോഡ് വിജയം നേടി. ഈ നൂറ്റാണ്ടിന്‍റെ ആദ്യവര്‍ഷങ്ങളില്‍ മലയാള സിനിമയെ താങ്ങി നിര്‍ത്തിയത് ഷക്കീലയായിരുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. അതിനിടെ മിമിക്രി താരങ്ങളെവെച്ചുളള സിനിമാ പരീക്ഷണങ്ങള്‍ നടന്നെങ്കില്‍ എട്ടുനിലയില്‍ പൊട്ടി.
2000ത്തിന്‍റെ പകുതിയോടെയാണ് മലയാള സിനിമ വീണ്ടും ജീവന്‍ പ്രാപിച്ചത്. പ്രതിഭയുളള ഒരുപിടി സംവിധായകരും സിനിമകളും (കാഴ്ച, നോട്ട്‌ബുക്ക്, ഉദയനാണ് താരം, അറബിക്കഥ, കഥ പറയുമ്പോള്‍ തുടങ്ങിയവ) മലയാളത്തിന് ലഭിച്ചതോടെ 90കളിലെ മലയാള സിനിമകളെ ഒര്‍പ്പിക്കുന്ന വിധത്തില്‍ മലയാള സിനിമ വളര്‍ന്നു തുടങ്ങി. അവിടെ നിന്നും ഉയര്‍ച്ച താഴ്ചകളോടെ മലയാള സിനിമ പതുക്കെ മുന്നോട്ടു പോയെങ്കിലും പ്രതിഭാ ദാരിദ്യ്രവും കലാമൂല്യമില്ലാത്ത പ്രമേയങ്ങളും അധികരിച്ചതോടെ മലയാള സിനിമ വീണ്ടും പ്രതിസന്ധിയിലായി. ഈ കാലയളവിലാണ് മള്‍ട്ടിസ്റ്റാര്‍, ഒന്നിലധികം താരങ്ങളെ അണിനിരത്തുന്ന പഴയകാല സിനിമാ സങ്കല്‍പ്പങ്ങളെ പൊടിതട്ടിയെടുത്ത് മോളിവുഡില്‍ വീണ്ടും പരീക്ഷിച്ചത്. പരീക്ഷണം വിജയം കണ്ടതോടെ പിന്നീടങ്ങോട്ട് അത്തരത്തിലുളള ഒട്ടനവധി ചിത്രങ്ങള്‍ പുറത്തുവന്നു. സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ അമ്മ, മലയാളത്തിലെ ശ്രദ്ധേയരായ താരങ്ങളെ അണിനിരത്തി 20-20 എന്ന സിനിമയെടുത്ത് അന്യ ഭാഷാ ചലച്ചിത്ര വ്യവസായങ്ങളെ തന്നെ ഞെട്ടിച്ചുകളഞ്ഞു. പഴയ കാലത്ത് സാധാരണമായിരുന്ന (അന്യഭാഷാ ചിത്രങ്ങളിലും) ഒന്നിലധികം നായകരെന്ന കാര്യം ഇന്നത്തെ നിലയില്‍ വീണ്ടും പരീക്ഷിച്ച് വിജയിച്ചപ്പോള്‍ അതൊരു ട്രെന്‍ഡായി മോളിവുഡില്‍ മാറുകയായിരുന്നു. ഒന്നിനു പിറകെ ഒന്നായി സൂപ്പര്‍ താരങ്ങളും പുതുമുഖങ്ങളും ശ്രദ്ധേയരായ യുവതാരങ്ങളും ഉള്‍പ്പെടെയുളള കൂട്ടുകെട്ടുകളുമായി ഒട്ടനവധി ചിത്രങ്ങള്‍ ആ ശ്രേണിയില്‍ പുറത്തുവന്നു. ട്രെന്‍ഡിന് പിന്നാലെ പോകുകയെന്ന സ്ഥിരം കലാപരിപാടി തുടര്‍ന്നു. ഒന്നിലധികം താരങ്ങള്‍ ഉളളതിനാല്‍ അവരുടെയൊക്കെ ഫാന്‍സ് ക്ലബ്ബുകള്‍ ചിത്രത്തിന് സാമ്പത്തിക ലാഭം നേടിത്തരുമെന്ന കച്ചവട ബുദ്ധിയും ഇതിന്‍റെ പിന്നില്‍ മറഞ്ഞിരിക്കുന്നുണ്ടായിരുന്നു. അതിനാല്‍ തന്നെ അത്തരമൊരു ട്രെന്‍ഡ് പിന്തുടരാന്‍ പഴയതും പുതിയതുമായ സംവിധായകര്‍ ഒരുപോലെ ഉത്സാഹം കാണിച്ചു. പുതിയൊരു ട്രെന്‍ഡ് വരുന്നതുവരെ, പഴയതിന്‍റെ ഒഴുക്കില്‍ അങ്ങനെ തുടര്‍ന്നുപോകുക എന്ന ശാപം അല്ലെങ്കില്‍ മോശം പ്രവണത തുടര്‍ന്നു. ഇതിനിടയിലും പുതിയ കൂട്ടുകെട്ടുകളില്‍ ചില നല്ല സിനിമകളും ഉണ്ടായിട്ടുണ്ട്.
മലയാള സിനിമ രൂക്ഷമായ പ്രതിസന്ധി നേരിടുകയാണെന്ന് കഴിഞ്ഞ കുറച്ചു നാളുകളായി കേട്ടുവരുന്നതാണ്. സിനിമാ വ്യവസായത്തില്‍ ആശയപരവും ക്രിയാത്മകവുമായ ഒരു തടസം ഉണ്ടായിരിക്കുന്നതായി പലരും അഭിപ്രായപ്പെടുന്നുണ്ട്. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ പുതുമുഖ സംവിധായകരും താരങ്ങളും നടപ്പുരീതികളെ വിട്ടു സിനിമയെടുക്കാന്‍ ധൈര്യം കാണിക്കുമ്പോള്‍ മലയാള സിനിമയില്‍ പുതിയ പരീക്ഷണങ്ങള്‍ നടക്കുന്നില്ലെന്ന് നടനും സിനിമയുടെ ചുമതലയുളള മന്ത്രിയുമായ കെ. ബി ഗണേഷ്കുമാര്‍ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.
തുടര്‍ ഭാഗങ്ങള്‍ ഒരുക്കുക അല്ലെങ്കില്‍ പുനര്‍നിര്‍മ്മിക്കുക എന്ന പുതിയ പ്രവണതകളെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും സിനിമാ വ്യവസായത്തിലുണ്ട്. മുടക്കുമുതല്‍ കിട്ടുകയെന്നതാണ് (കൊളളലാഭം എന്നു പറയുന്നില്ലെന്നേയുളളു) നിര്‍മ്മാതാക്കളെ സംബന്ധിച്ചിടത്തോളം പ്രധാനം. തീയേറ്റര്‍ വിജയം നേടിയ ചിത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കുമ്പോള്‍ ആ വിജയം ആവര്‍ത്തിക്കപ്പെടുമെന്ന വിശ്വാസമുണ്ട്. പുതിയൊരു സിനിമയെടുക്കുമ്പോള്‍ എന്ത് ഉറപ്പാണ് പറയാനാകുകയെന്ന നീരീക്ഷണമാണ് നിര്‍മ്മാതാക്കള്‍ പങ്കുവെക്കുന്നത്. തുടര്‍ ഭാഗങ്ങള്‍ ഒരുക്കുന്നത് അത്ര എളുപ്പമുളള കാര്യമല്ലെന്നും ആദ്യ ഭാഗങ്ങളുടെ വിജയം ആവര്‍ത്തിക്കുന്ന തരത്തില്‍ സിനിമ നിര്‍മ്മിക്കുക എന്നത് സംവിധായകനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണെന്നും അഭിപ്രായമുണ്ട്. അതോടൊപ്പം തന്നെ, പുതിയ ആശയങ്ങള്‍ കണ്ടെത്തി അത് സിനിമയാക്കുന്നതിന് ശ്രമിക്കാനോ കഷ്ടപ്പെടാനോ തയ്യാറാകാതെ തുടര്‍ഭാഗങ്ങള്‍ അല്ലെങ്കില്‍ റീമേക്കുകള്‍ ഒരുക്കുന്നത് കുറുക്കുവഴിയാണെന്ന അഭിപ്രായവും സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്.
തുടര്‍ ഭാഗങ്ങള്‍ വന്ന/പ്രഖ്യാപിച്ചിരിക്കുന്ന സിനിമകള്‍
ആവനാഴി (1986)-ഇന്‍സ്പെക്ടര്‍ ബല്‍റാം (1991)
നിന്നിഷ്ടം എന്നിഷ്ടം (1986)- നിന്നിഷ്ടം എന്നിഷ്ടം (2010)
നാടോടിക്കാറ്റ് (1987)-പട്ടണപ്രവേശം (1988)-അക്കരെ അക്കരെ അക്കരെ (1990)
ആഗസ്റ്റ് 1 (1988)-ആഗസ്റ്റ് 15 (2011)
ഒരു സിബിഐ ഡയറിക്കുറിപ്പ് (1988)-ജാഗ്രത (1989)-സേതുരാമയ്യര്‍ സിബിഐ (2004)- നേരറിയാന്‍ സിബിഐ (2005)
കിരീടം (1989)- ചെങ്കോല്‍ (1993)
ഇന്‍ ഹരിഹര്‍ നഗര്‍ (1990)- ടു ഹരിഹര്‍ നഗര്‍ (2009)- ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ (2010)
കിലുക്കം (1991)-കിലുക്കം കിലുകിലുക്കം (2006)
മിമിക്സ് പരേഡ് (1991)-കാസര്‍ഗോഡ് കാദര്‍ ഭായി (1992)- എഗെയ്ന്‍ കാസര്‍ഗോഡ് കാദര്‍ ഭായി (2011)
കമ്മീഷണര്‍ (1994)- ഭരത്ചന്ദ്രന്‍ ഐപിഎസ് (2005)
റാംജി റാവു സ്പീക്കീംഗ് (1989)-മാന്നാര്‍ മത്തായി സ്പീക്കിംഗ് (1995)
ദേവാസുരം (1993)-രാവണപ്രഭു (2001)
ഉപ്പുകണ്ടം ബ്രദേഴ്സ് (1993)-ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇന്‍ ആക്ഷന്‍ (2011)
ജൂനിയര്‍ മാന്‍ഡ്രേക്ക് (1997) - സീനിയര്‍ മാന്‍ഡ്രേക്ക് (2010)
ഫോര്‍ ദി പീപ്പിള്‍ (2004)-ബൈ ദി പീപ്പിള്‍ (2005) ഒഫ് ദി പീപ്പിള്‍ (2008)
കീര്‍ത്തിചക്ര (2006)-കുരുക്ഷേത്ര (2008)-കാണ്ഡഹാര്‍ (2010)
മതിലുകള്‍ (1965) -മതിലുകള്‍ക്കപ്പുറം
മലപ്പുറം ഹാജി മഹാനായ ജോജി (1994)
റണ്‍വേ (2004)- വാളയാര്‍ പരമശിവം
രാജാവിന്‍റെ മകന്‍ (1986)
സിഐഡി മൂസ (2003)
സന്ദേശം (1991)
പാവം ക്രൂരന്‍ (1984)
പഞ്ചാബി ഹൌസ് (1998)
മൂക്കില്ലാ രാജ്യത്ത് (1991)
മേലേപ്പറമ്പില്‍ ആണ്‍വീട് (1993)
യോദ്ധ (1992)
രണ്ടു സിനിമകള്‍/കഥാപാത്രങ്ങള്‍ ചേര്‍ന്ന സിനിമ
ബല്‍റാം വേഴ്സസ് താരാദാസ്-2006 (മമ്മൂട്ടി ചിത്രങ്ങളായ 1984 ലെ അതിരാത്രം (താരാദാസ്),1991 ലെ ഇന്‍സ്പെകര്‍ ബല്‍റാം (ബല്‍റാം))
ദി കിംഗ് ആന്‍റ് കമ്മീഷണര്‍ 2011 (മമ്മൂട്ടിയുടെ 1995 ല്‍ ഇറങ്ങിയ ദി കിംഗ് സുരേഷ്ഗോപിയുടെ 1994ല്‍ ഇറങ്ങിയ കമ്മീഷണര്‍)
പുനര്‍നിര്‍മ്മിച്ച/പ്രഖ്യാപിച്ചിരിക്കുന്ന സിനിമകള്‍
നീലത്താമര (1979, 2009)
രതിനിര്‍വ്വേദം (1978, 2011)
അവളുടെ രാവുകള്‍ (1978)
തകര (1980)
ഇതാ ഇവിടെ വരെ (1977)
നാടുവാഴികള്‍ (1989)
വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ (1980)
http://thesundayindian.com/ml/story/malayalam-film-as-a-recycling-genre/779/
No comments:
Post a Comment