ഷാനവാസ്. എസ് | കൊച്ചി, ആഗസ്റ്റ് 22, 2011 16:14
ദൈവത്തിന്‍റെ സ്വന്തം നാട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്തരിച്ച ചിത്രകാരന്‍ എം എഫ് ഹുസൈനെക്കൊണ്ട് ചിത്രപരമ്പര വരപ്പിച്ചു. കേരളത്തിന്‍റെ വര്‍ണങ്ങള്‍ പകര്‍ത്തുകയായിരുന്നു ലക്‌ഷ്യം. ആ ചിത്രപരമ്പരയ്ക്ക്കല്യാണിക്കുട്ടിയുടെ കേരളം എന്നാണ് പേരിട്ടത്. ഇന്ന്, കേരളം കല്യാണിക്കുട്ടിമാര്‍ക്ക് ജീവിക്കാന്‍ (വഴിനടക്കാന്‍ പോലും) പറ്റാത്ത നാടായി മാറിയിരിക്കുന്നു. കണക്കുകള്‍ വെളിപ്പെടുത്തുന്നത് ഒരു നാടിന്‍റെ അധഃപതനമാണ്.ലൈംഗിക അരാജകത്വത്തിന്‍റെ നാട് എന്ന് പദവിയിലേക്ക് കേരളം അതിവേഗം ബഹൂദൂരം കുതിക്കുകയാണ്. ചില വസ്തുതകള്‍
- ബലാത്സംഗവും സ്ത്രീപീഡനവും എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക്
- ദിവസവും പത്ത് സ്ത്രീപീഡനങ്ങള്‍/ബലാത്സംഗങ്ങള്‍
- ഈ വര്‍ഷം ഇതുവരെ 546 ബലാത്സംഗകേസുകള്‍
- ഈവര്‍ഷം ജൂണ്‍ വരെ 1816 സ്ത്രീപീഡന കേസുകള്‍
- 96 ബലാത്സംഗകേസുകളുമായി കാസര്‍ഗോഡ് ഒന്നാമത്
- പൊതുസ്ഥലത്തെ ലൈംഗികാതിക്രമങ്ങള്‍ 347
- സ്ത്രീകളെ തട്ടിക്കൊണ്ടുപോകല്‍ 101
ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുളള വാര്‍ത്തകള്‍ കേരളത്തിലിന്ന് സര്‍വ്വസാധാരണമായിരിക്കുന്നു. ദിവസവും കുറഞ്ഞത് പത്ത് സംഭവങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ 95 ശതമാനത്തിലധികവും സ്ത്രീകള്‍ക്കെതിരെയാണ് നടക്കുന്നത്. മൂന്ന് വയസുളള പെണ്‍കുട്ടി മുതല്‍ 80 കഴിഞ്ഞ വൃദ്ധ വരെ ഇത്തരത്തില്‍ ഇരയാകുന്നുവെന്നതാണ് ആശങ്കാജനകമായ വസ്തുത. കഴിഞ്ഞകാലങ്ങളില്‍ കൊലപാതക, മോഷണ കേസുകളാണ് സംസ്ഥാനത്ത് വര്‍ധിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ, പ്രത്യേകിച്ചും ലൈഗിംകാതിക്രമങ്ങളുടെ കാര്യത്തിലാണ് ക്രമാതീതമായ വര്‍ധന കാണാനാകുന്നത്. വികലമായ ലൈംഗിക കാഴ്ചപ്പാടുകളെ അനുകരിക്കാനും ആവര്‍ത്തിക്കാനും വെമ്പുന്ന കേരളം അതിവേഗം ലൈംഗിക അരാജകത്വത്തിലേക്ക് വീഴുകയാണോ എന്ന സംശയത്തിനിട നല്‍കുന്നതാണ് പുതിയ സ്ഥിതിവിശേഷം.
സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നതായാണ് ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തുവിട്ട അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2011 ജൂണ്‍ വരെയുളള ആറു മാസത്തെ, റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുളള കേസുകളുടെ എണ്ണമാണ് ബ്യൂറോ പ്രസിദ്ധീകരിച്ചത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ബലാത്സംഗത്തിന്‍റെയും പീഡനത്തിന്‍റെയും എണ്ണം എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് കുതിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
2010ല്‍ ആകെ 617 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്ത സ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 546 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. മുന്‍ വര്‍ഷങ്ങളില്‍ ഇത് 500 (2007), 548 (2008), 554 (2009) എന്നിങ്ങനെയായിരുന്നു. 96 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുളള കാസര്‍ഗോഡ് ആണ് ബലാത്സംഗ കേസില്‍ ഒന്നാം സ്ഥാനത്തുളളത്. പീഡനങ്ങളുടെ കാര്യത്തില്‍ 2011 ജൂണ്‍ വരെ 1816 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2010ല്‍ ആകെ പീഡനക്കേസുകള്‍ 2939 ആയിരുന്നു. 2007ല്‍ ഇത് 2604, 2008ല്‍ 2756, 2009ല്‍ 2539 എന്നിങ്ങനെയായിരുന്നു. 165 കേസുകളുമായി കൊല്ലം സിറ്റിയാണ് ഇക്കാര്യത്തില്‍ മുന്നിലുളളത്.
2011 ജൂണ്‍ വരെ, സ്ത്രീകളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് 101 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. 11 വീതം കേസുകളുമായി തൃശൂരും കൊല്ലം സിറ്റിയുമാണ് മുന്നില്‍. 2007, 2008, 2009, 2010 വര്‍ഷങ്ങളില്‍ ഇത് യഥാക്രമം 166, 167, 171, 175 എന്നിങ്ങനെയായിരുന്നു. പൊതുസ്ഥലത്തെ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച് ഇതുവരെയുളള കേസുകള്‍ 347 ആണ്. കഴിഞ്ഞവര്‍ഷമിത് 539 ആയിരുന്നു. 66 കേസുകളോടെ കോഴിക്കോട് സിറ്റിയാണ് പട്ടികയില്‍ മുന്നിലുളളത്.
സ്ത്രീധന മരണത്തിന്‍റെ കാര്യത്തില്‍ മാത്രമാണ് അല്‍പ്പമെങ്കിലും കുറവ് കാണാനാകുന്നത്. ഇതുവരെ ആറ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുളളത്. കഴിഞ്ഞ വര്‍ഷം സ്ത്രീധന മരണം 21 ആയിരുന്നു. 2007ല്‍ 22ഉം, 2008ല്‍ 25ഉം, 2009ല്‍ 21ഉം കേസുകള്‍ സ്ത്രീധന മരണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഈ വര്‍ഷം ഇതുവരെ പാലക്കാട് നിന്നും രണ്ടും കോട്ടയം, എറണാകുളം റൂറല്‍, തൃശൂര്‍ സിറ്റി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഒരോ കേസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഭര്‍ത്താവ് അല്ലെങ്കില്‍ ബന്ധുക്കളില്‍ നിന്നുളള പീഡനങ്ങള്‍ സംബന്ധിച്ച കേസുകളുടെ എണ്ണം 2679 ആണ്. കഴിഞ്ഞവര്‍ഷം 4788 ആയിരുന്നു. 2007ല്‍ 3976 കേസുകളും 2008ല്‍ 4135 കേസുകളും 2009ല്‍ 3976 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂണ്‍ വരെ 340 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മലപ്പുറമാണ് പട്ടികയില്‍ മുന്നിലുളളത്. സ്ത്രീകള്‍ക്കെതിരായ മറ്റു കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍, 2011 ജൂണ്‍ വരെ ആകെ 1109 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൃശൂര്‍ സിറ്റിയില്‍ മാത്രം 159 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1851 (2007), 1820 (2008), 1699 (2009), 1702 (2010) എന്നിങ്ങനെയായിരുന്നു മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍.
ബലാത്സംഗം, പീഡനം തുടങ്ങി സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങളെക്കുറിച്ച് ഈ വര്‍ഷം ജൂണ്‍ വരെ 6604 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആകെ 632 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന മലപ്പുറം ആണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുളളത്. 18 കേസുകളുമായി റെയില്‍വേ ആണ് പട്ടികയില്‍ ഏറ്റവും താഴെയുളളത്. 2010ല്‍ ആകെ കേസുകള്‍ 10781 ആയിരുന്നു. 2007ല്‍ 9381 കേസുകളും 2008ല്‍ 9706 കേസുകളും 2009ല്‍ 9354 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇവിടെ പറഞ്ഞിരിക്കുന്ന കണക്കുകളില്‍ മാത്രം ഒതുങ്ങുന്നതല്ല സംസ്ഥാനത്തെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍. ഇതെല്ലാം പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിളളവയുടെ എണ്ണം മാത്രമാണ്. ഏതെങ്കിലും വിധത്തിലുളള അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളില്‍ ചെറിയ ശതമാനമെ പൊലീസ് സ്റ്റേഷനിലോ, കുടുംബകോടതികളിലോ, വനിതാ കമ്മീഷനിലോ, സ്ത്രീവേദി പോലുളള മറ്റേതെങ്കിലും സംഘടനകളിലോ പരാതി നല്‍കുന്നുളളു. 2002ലെ നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം ഇന്‍ഡ്യയില്‍ ഒരോ 3.5 മിനുറ്റിലും സ്ത്രീകള്‍ക്കെതിരായ ഒരു കുറ്റകൃത്യം നടക്കുന്നുണ്ടെന്നാണ്. അങ്ങനെ വലിയൊരു ശതമാനം കേസുകളും റിപ്പോര്‍ട്ടു ചെയ്യപ്പെടാതെ പോകുന്നു. 2010 ആകുമ്പോള്‍ രാജ്യത്തെ ജനസംഖ്യാ വര്‍ധന നിരക്കിനേക്കാള്‍ വളരെ ഉയര്‍ന്നതായിരിക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ നിരക്കെന്ന് 1998ല്‍ നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നതു കൂടി ചേര്‍ത്തു വായിക്കുമ്പോള്‍, നിലവിലുളള കണക്കുകള്‍ യാഥാര്‍ത്ഥ്യത്തിന്‍റെ ഒരംശം മാത്രമാണെന്ന് മനസിലാക്കാം.
കൊലപാതകങ്ങളും മോഷണങ്ങളുള്‍പ്പെടെയുളള കുറ്റകൃത്യങ്ങള്‍ക്ക് പഞ്ഞമില്ലാതിരുന്ന കേരളമിന്ന് ലൈംഗിക അതിക്രമങ്ങളുടെ വിളനിലമാണ്. കുട്ടികളും മുതിര്‍ന്നവരും പ്രായമായവരും ഒരുപോലെ ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയായിത്തീരുന്നുവെന്ന വസ്തുത സമൂഹത്തെയാകെ ബാധിച്ചിരിക്കുന്ന ഗുരുതരമായൊരു പ്രശ്നമാണിതെന്ന സത്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സാക്ഷരതയിലും സാംസ്കാരിക മേഖലയിലും രാജ്യത്തിനും ലോകസമൂഹങ്ങള്‍ക്കും മാതൃകയായിട്ടുളള ഒരു സമൂഹം ഇത്തരത്തില്‍ നീങ്ങിക്കൊണ്ടിരിക്കുന്നത് ആപത്കരമായ പ്രവണതയാണ്. ഈ സ്ഥിതിയിലെങ്കിലും കാര്യങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്താനാകുന്നില്ലെങ്കില്‍ ഒരു ലൈംഗിക അരാജകത്വത്തിന്‍റെ നാടെന്ന നിലയിലേക്കുള്ള കേരളത്തിന്‍റെ വളര്‍ച്ച അതിവേഗം ബഹുദൂരം ആയിരിക്കും. - http://thesundayindian.com/ml/story/kerala-the-most-dangerous-place-for-women/13/1246/
No comments:
Post a Comment