ശക്തമായ പ്രതിപക്ഷവും അതിലേറെ ശക്തമായ വെല്ലുവിളികളും കേരളത്തില്‍ നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ മുതല്‍ യുഡിഎഫ് പ്രതീക്ഷിക്കുന്നതാണ്. എന്നാല്‍ അധികാരത്തിലേറി ഒരു മാസം മാത്രം പിന്നിടുമ്പോള്‍ തന്നെ ഇത്ര കലുഷിതമായ ഒരു രാഷ്ട്രീയ സ്ഥിതി കോണ്‍ഗ്രസും സഖ്യകക്ഷികളും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. നൂറു ദിവസത്തെ കര്‍മ്മ പരിപാടികളുമായി മികച്ച തുടക്കം പ്രതീക്ഷിച്ച യുഡിഎഫിന്‍റെ കൈയില്‍ നിന്നും കാര്യങ്ങള്‍ വഴുതി വീണത് പെട്ടെന്നായിരുന്നു.
പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയുളള യു ഡിഎഫ് സര്‍ക്കാരിന്‍റെ തുടക്ക നടപടികള്‍ ജനങ്ങള്‍ക്ക് നല്‍കിയ പ്രതീക്ഷകള്‍ വളരെയേറെയായിരുന്നു. എന്നാല്‍ ആ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്ന രീതിയിലായിരുന്നു പിന്നീടുളള സര്‍ക്കാര്‍ നയങ്ങള്‍. മുന്‍ ആലോചനയില്ലാതെ എടുക്കുന്ന തീരുമാനങ്ങള്‍ ജനകീയ പ്രതിഷേധങ്ങള്‍ക്കും പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കും സമരങ്ങള്‍ക്കും തുറന്ന അവസരങ്ങള്‍ സൃഷ്ടിക്കുന്നതായി. നിയമസഭക്കകത്തും പുറത്തും സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലേക്കും ആ പ്രതിഷേധം പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയതോടെ, സ്വയം പ്രതിരോധമെന്ന അടവു നയത്തിലേക്ക് ചുവടുമാറിയിരിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍.
സര്‍ക്കാരിനെതിരെ തുറന്ന പ്രക്ഷോഭത്തിനുളള തയ്യാറെടുപ്പിലാണ് പ്രതിപക്ഷമെന്ന് അടുത്തിടെ നടന്ന സംസ്ഥാന സമിതി യോഗത്തിനുശേഷം സിപിഎം നടത്തിയ പത്രസമ്മേളനത്തില്‍ നിന്നും വ്യക്തമാണ്. രാഷ്ട്രീയ രാഷ്ട്രീയേതര സംഘടനകള്‍ രംഗത്തുണ്ടാകുമെന്ന സൂചന കൂടിയായിരുന്നു അത്. അഴിമതി, സ്വാശ്രയം, ലോട്ടറി, ഐസ്ക്രീം കേസ് തുടങ്ങിയവ അട്ടിമിറക്കാന്‍ യുഡിഎഫ് ശ്രമം നടത്തുന്നുവെന്ന് പ്രതിപക്ഷം ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഇതിനെതിരെ സംസ്ഥാനത്തിന്‍റെ വിവിധ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രക്ഷോഭ സമരങ്ങള്‍ക്ക് തുടക്കമിടാനും അതിന് ജനകീയ മുഖം നല്‍കാനുമുളള നീക്കങ്ങള്‍ ഇടതു പാര്‍ട്ടികള്‍ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. പാര്‍ട്ടി പിന്തുണ നല്‍കിയാലും ഇല്ലെങ്കിലും സംസ്ഥാന സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തന്‍റെ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും വ്യക്തമാക്കിയിട്ടുണ്ട്. അച്യുതാനന്ദന്‍റെ ജനകീയത പലതവണ മനസിലാക്കിയിട്ടുളള പാര്‍ട്ടി ഇക്കാര്യത്തില്‍ അച്യുതാനന്ദനൊപ്പം കാണുമെന്നു തന്നെ കരുതാം. ഇടതു പാര്‍ട്ടികള്‍ക്കൊപ്പം, ജനവിരുദ്ധ നടപടികള്‍ക്കും വിദ്യാഭാസ കച്ചവടത്തിനുമെതിരെ ഡി വൈ എഫ് ഐയും എ ഐ വൈ എഫും വിദ്യാഭ്യാസാവകാശങ്ങള്‍ക്കായി എസ്എഫ്ഐ, എഐഎസ്എഫ് സംഘടനകളും സമരവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും ജന വിരുദ്ധ നയങ്ങള്‍ക്കെതിരെ സംഘടിക്കാനും പ്രതിഷേധിക്കാനും, സിവില്‍ സര്‍വ്വീസും ജീവനക്കാരുടെ സേവന വ്യവസ്ഥകളും കാത്തുസൂക്ഷിക്കാനും യോജിച്ചുളള പ്രക്ഷോഭങ്ങള്‍ അനിവാര്യമാണെന്ന് കഴിഞ്ഞ ദിവസം നടന്ന എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിലും ഉയര്‍ന്നുകേട്ടു. സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലായിരുന്നു സമരത്തിനുളള ആഹ്വാനം. ഇതെല്ലാം യുഡിഎഫ് സര്‍ക്കാരിന് തലവേദനയാകുമെന്ന് തീര്‍ച്ച.
നിയമസഭയില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അപ്പപ്പോള്‍ തന്നെ കൃത്യമായ മറുപടിയും ആക്ഷേപവും ഉന്നയിക്കുന്നതില്‍ പ്രതിപക്ഷം മടി കാണിക്കുന്നില്ല. മന്ത്രി വാക്കാല്‍ ഉത്തരം പറയാന്‍ വ്യവസ്ഥ ചെയ്യുന്ന നക്ഷത്രചിഹ്നമുളള ചോദ്യങ്ങളെ സാധാരണ ചോദ്യങ്ങളാക്കി സര്‍ക്കാരിനെ രക്ഷിക്കാന്‍ സ്പീക്കര്‍ കാണിച്ച അതിബുദ്ധിയും പാളുന്നതായി കണ്ടു. നടപടി ചോദ്യം ചെയ്ത പ്രതിപക്ഷം വിശദീകരണവും ആവശ്യപ്പെട്ടു. സഭാ നടപടികള്‍ ബഹിഷ്കരിക്കുന്നതിനു വരെ പ്രതിപക്ഷം തയ്യാറായി. അതു വെറുമൊരു തുടക്കം മാത്രമായിരുന്നു. സ്വാശ്രയ പ്രശ്നത്തിനെതിരെ സമരം നടത്തുന്ന വിദ്യാര്‍ത്ഥി-യുവജന സംഘടനകളെ പൊലീസിനെകൊണ്ട് തല്ലിച്ചതക്കുന്നതിനെതിരെ (പൊലീസിന്‍റെ ലാത്തിയടിയില്‍ മാവേലിക്കര എംഎല്‍എ എ.ആര്‍ രാജേഷിനും പരുക്കേറ്റിരുന്നു) പ്രതിപക്ഷം സഭയില്‍ കൊണ്ടുവന്ന അടിയന്തിര പ്രമേയത്തെത്തുടര്‍ന്ന് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിയും നടന്നു.നിലവില്‍ സര്‍ക്കാരിനെതിരെ ഉയരുന്ന പ്രധാന ആരോപണങ്ങളിലൊന്നാണ് സ്വാശ്രയ പ്രശ്നം. എം ബി ബി എസ്, മെഡിക്കല്‍ പിജി പ്രവേശനത്തിനുളള 50% മെറിറ്റ് സീറ്റുകള്‍ കൂടി കച്ചവടം ചെയ്യാനുളള സാമുദായിക സംഘടനങ്ങളുടെ താല്‍പ്പര്യത്തിന് വളംവെക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ പലകോണുകളില്‍ നിന്നും ചോദ്യങ്ങളുയരുന്നുണ്ട്. ഹൈക്കോടതി കടന്ന് സുപ്രിം കോടതി വരെയെത്തിയിരിക്കുന്ന സ്വാശ്രയ, മാനേജ്മെന്‍റ് പ്രശ്നത്തില്‍ തൃപ്തികരമായൊരു നടപടി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകാത്ത കാലത്തോളം സമര പരമ്പരകള്‍ നീളും. സ്വാശ്രയ വിദ്യഭ്യാസ കച്ചവടക്കാര്‍ക്ക് വിദ്യാഭ്യാസ നയങ്ങള്‍ തീറെഴുതാനുളള സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ നടന്നുവരുന്ന യുവജന-വിദ്യാര്‍ത്ഥി സംഘടനകളുടെ സമരം ഇതിനോടകം സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളില്‍ രക്തമൊഴുകുന്ന സമരമായി പരിണമിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ പൊലീസ് (അങ്ങനെ പറയുന്നതില്‍ തെറ്റിലെന്ന് തോന്നുന്നു. ഒരു മാസത്തിനിടെ മൂവായിരത്തോളം പൊലീസുകാരെയാണ് സ്ഥലം മാറ്റിയത്. നടപടി സ്റ്റേ ചെയ്ത ഹൈക്കോടതി വിശദീകരണവും തേടിയിട്ടുണ്ട്) സമരങ്ങളെ അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സമര വീര്യത്തിന് കുറവുണ്ടായിട്ടില്ല. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലായി പുതിയ സമരങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകുന്ന സാഹചര്യത്തില്‍, പൊലീസ് നടപടി എത്രത്തോളം ഗുണകരമാകുമെന്നത് സംശയകരമാണ്.
കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടായ ഡീസല്‍, പാചകവാത വില വര്‍ധനയുടെ ഭാഗമായി സംസ്ഥാനത്ത് സംഭവിച്ചേക്കാവുന്ന സമരങ്ങളായിരുന്നു മറ്റൊരു അവസരം. അഴിമതിയും വിലക്കയറ്റവും ഉള്‍പ്പെടെ രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ക്കെതിരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിഞ്ഞില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് തന്നെ അഭിപ്രായപ്പെട്ടതോടെ കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന് അപകടം മണത്തു. സമര പരമ്പരകളെ മുന്‍കൂട്ടി കണ്ട് ഡീസല്‍ വര്‍ധനയിലൂടെ സര്‍ക്കാരിനുണ്ടേയാക്കാവുന്ന അധിക നികുതി വേണ്ടെന്നുവെക്കാനുളള ബുദ്ധി ഉമ്മന്‍ചാണ്ടി കാണിച്ചു. അതെസമയം തന്നെ സമര പ്രഖ്യാപനവുമായി ബസ് തൊഴിലാളികളും ഉടമകളും രംഗത്തെത്തി. എന്നാല്‍ ആദ്യ ഘട്ടം ചര്‍ച്ചകളെത്തുടര്‍ന്ന് ബസ് ഉടമകളുമായി ഒരു ധാരണയിലെത്താന്‍ സര്‍ക്കാരിനായതോടെ അവര്‍ സമരത്തില്‍ നിന്നും പിന്മാറി. എങ്കിലും ഡീസല്‍ വില വര്‍ധനയെത്തുടര്‍ന്നുണ്ടാകുന്ന ഗതാഗത ചെലവ് വര്‍ധന, അതോടൊപ്പമുളള സാധന, സേവന സാമഗ്രികളുടെ വില വര്‍ധന എന്നീ വിഷയങ്ങളെ മുന്‍നിര്‍ത്തി സമരവുമായി മുന്നോട്ടുപോകാനാണ് ഇടതു സംഘടനകളുടെ ലക്ഷ്യം. എക്കാലത്തെയും പ്രധാന പ്രശ്നങ്ങളിലൊന്നായ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് എന്നതിലേക്ക് കാര്യങ്ങള്‍ എത്തുമ്പോള്‍ ഏതെങ്കിലുമൊരു വിട്ടുവീഴ്ചക്ക് ബസ് തൊഴിലാളികളോ, ഉടമകളോ തയ്യാറാകുമെന്ന് കരുതാന്‍ വയ്യ. അങ്ങനെ സംഭവിച്ചാല്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ സമരവുമായി തെരുവുകള്‍ കൈയടക്കുമെന്നതില്‍ സംശയം വേണ്ട. കണ്‍സഷന്‍ കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് കെഎസ്യു നേതൃത്വത്തില്‍ നിന്നു തന്നെ അഭിപ്രായങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍, ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭം തന്നെ സര്‍ക്കാര്‍ നേരിടേണ്ടിവരും.
പൊലീസിലെ അഴിച്ചുപണി തിടുക്കം കൂടി പോയതായിരുന്നു. ഒരു മാസത്തിനിടെ മൂവായിരത്തോളം പൊലീസുകാരെ സ്ഥലം മാറ്റിയ നടപടിയെ ചോദ്യം ചെയ്ത ഹൈക്കോടതി അത് സ്റ്റേ ചെയ്തിരുന്നു. ഭരണ തലത്തിലെ പ്രതിപക്ഷ ബഹളത്തിന് എണ്ണ പകരുന്ന വിധമാണ് സര്‍ക്കാരിന്‍റെ നീക്കങ്ങള്‍. അന്വേഷണ സ്ഥാനത്തുളള പലരെയും സ്ഥാനം മാറ്റിയതും സ്ഥലം മാറ്റിയതും സര്‍ക്കാരിന്‍റെ ഗൂഢനീക്കത്തിന്‍റെ ഭാഗമാണെന്ന് പ്രതിപക്ഷം ഇതിനോടകം തന്നെ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. വിജിലന്‍സ്, ക്രിമിനല്‍, അഴിമതി അന്വേഷണം നേരിടുന്ന നേതാക്കളുളള മന്ത്രിസഭയില്‍ നിന്നുണ്ടാകുന്ന ഇത്തരത്തിലെ നീക്കങ്ങള്‍ പ്രതിപക്ഷത്തിന്‍റെ കൈയില്‍ വടിയേല്‍പ്പിക്കുന്നതിന് തുല്യമാണ്.
സര്‍ക്കാര്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ അക്കമിട്ടു നിരത്തുക സാധ്യമല്ലെങ്കിലും വരും നാളുകളില്‍ വന്‍ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ക്ക് സംസ്ഥാന രാഷ്ട്രീയ രംഗം സാക്‌ഷ്യം വഹിക്കുമെന്നത് തീര്‍ച്ചയാണ്. നിയമസഭയ്ക്കകത്തും പുറത്തും യുഡിഎഫ് സര്‍ക്കാര്‍ വിയര്‍ക്കുമെന്നതിനുളള വളരെ ചെറിയ സൂചനകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍. അടിയൊഴുക്കുകള്‍ ഏറെയുളള മൂന്നാര്‍ വിഷയത്തില്‍ റവന്യൂ മന്ത്രി ചാടിക്കേറി നടത്തിയ പ്രസ്താവനകള്‍ പാലിക്കാനാവാതെ വന്നാല്‍ പ്രതിപക്ഷം അടങ്ങിയിരിക്കുമെന്ന് കരുതാനാവില്ല. ഇടതുപാര്‍ട്ടികളിലെന്നപോലെ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഉള്‍പ്പെടെയുളള ഭരണകക്ഷിയിലെ ചില അംഗങ്ങളുടെ ഒത്താശയോടെ ചില സംഘങ്ങള്‍ മൂന്നാറില്‍ കൈയ്യേറ്റം നടത്തിയിട്ടുണ്ടെന്ന ചില റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. അതിനാല്‍ തന്നെ നിയമത്തിന്‍റെ ബുള്‍ഡോസര്‍ കൊണ്ട് കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന റവന്യൂ മന്ത്രിയുടെ പ്രഖ്യാപനങ്ങളെല്ലാം അതേപടി നടപ്പിലാകുന്ന കാര്യം സംശയകരമാണ്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഒഴിപ്പിച്ച പല സ്ഥലങ്ങളിലും വീണ്ടും കൈയ്യേറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഹൈക്കോടതി ജഡ്ജി സ്ഥാനത്തു നിന്നും നീക്കം ചെയ്ത കെ പി ദണ്ഡപാണിയെ സംസ്ഥാന അഡ്വേക്കറ്റ് ജനറലായി നിയമിച്ചതു മുതല്‍ സ്വാശ്രയ വിദ്യഭ്യാസം വരെയും ഔദ്യോഗിക നയപ്രഖ്യാപനത്തിന് മുമ്പെ പത്രസമ്മേളനത്തില്‍ സര്‍ക്കാര്‍ നയങ്ങള്‍ പരസ്യമാക്കിയതു മുതല്‍ നക്ഷത്ര ചിഹ്നമുളള ചോദ്യങ്ങള്‍ ഒഴിവാക്കപ്പെട്ടതുവരെയും പൊലീസിനെ കെട്ടഴിച്ചുവിട്ട് നടത്തുന്ന അടിച്ചൊതുക്കല്‍ വരെയുമുളള വിഷയങ്ങളില്‍ സര്‍ക്കാരിനെതിരായ വികാര വിക്ഷോഭങ്ങള്‍ പടരുകയാണ്. വരും നാളുകളിലും സഖ്യകക്ഷികളുടെ ഇഷ്ടം മാത്രം നോക്കി, വീണ്ടുവിചാരമില്ലാതെ തീരുമാനങ്ങളും നടപടികളും കൈക്കൊളളാന്‍ തന്നെയാണ് യുഡിഎഫ് സര്‍ക്കാര്‍ ആലോചിക്കുന്നതെങ്കില്‍ സംസ്ഥാനത്തെ ഭരണ സിരാകേന്ദ്രവും തെരുവുകളും ഒരുപോലെ സ്തംഭിക്കുമെന്ന് തീര്‍ച്ച.
http://thesundayindian.com/ml/story/lest-you-learn-from-the-writings-on-the-wall/2/753/
No comments:
Post a Comment