Tuesday, January 10, 2012

മെസി യുഗം


എസ്‌ ഷാനവാസ്‌
2011ല്‍ ടൈം മാഗസിന്‍ പുറത്തുവിട്ട ലോകത്തെ ഏറ്റവും കൂടുതല്‍ പേരെ സ്വാധീനിച്ച വ്യക്തികളുടെ പട്ടികയില്‍ ഒരാള്‍ മെസിയായിരുന്നു. മിന്നല്‍ വേഗതയില്‍ എതിരാളികളെ കളിപ്പിച്ച് ഗോള്‍വല കുലുക്കുന്ന താരമെന്ന നിലയിലും കണിശവും കൃത്യവുമായ പാസുകളിലൂടെ ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കുന്ന അപകടകാരിയായ പ്ലെമേക്കറെന്ന നിലയിലുമാണ് മെസി ആരാധക ഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്
ഫുട്ബോള്‍ പ്രേമികളുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായില്ല. കളിക്കളത്തില്‍ ആരെയും കബളിപ്പിച്ചു മുന്നേറുന്ന അതേ പ്രാഗത്ഭ്യത്തോടെ 2011ലെ മികച്ച ഫുട്ബോളര്‍ക്കുള്ള ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്കാരത്തിന്‍റെ അവസാന റൌണ്ട് മത്സരവും കടന്ന് അര്‍ജന്‍റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി ചരിത്ര നേട്ടം കൊയ്തു. ഇതോടെ തുടര്‍ച്ചയായി മൂന്നു തവണ ഫിഫ ലോക ഫുട്ബോളര്‍ സ്ഥാനം കരസ്ഥമാക്കുന്ന ആദ്യ താരമെന്ന ബഹുമതിക്കും മെസി അര്‍ഹനായി. അവസാന റൗണ്ടില്‍ റയല്‍ മാഡ്രിഡിന്‍റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെയും സ്പാനിഷ് താരം സാവി ഹെര്‍ണാണ്ടസിനെയും മറി കടന്നാണ് ബാഴ്സിലോണ താരം കൂടിയായ മെസി ചരിത്രത്തില്‍ തന്‍റെ പേരെഴുതി ചേര്‍ത്തത്. ബാഴ്സലോണക്കുവേണ്ടി നടത്തിയ മികച്ച പ്രകടനങ്ങളാണ് മെസിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. 2011ല്‍ ബാഴ്സക്കുവേണ്ടി 61 കളികളില്‍ നിന്നായി 55 ഗോളുകള്‍ നേടിയ മെസി, ക്ലബിന് സ്പാനിഷ് ലീഗും ചാമ്പ്യന്‍സ് ലീഗും യൂറോപ്യന്‍ സൂപ്പര്‍ കപ്പും ലോക ക്ലബ് കപ്പും നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു.
അന്താരാഷ്ട്ര ഫുട്‌ബോള്‍ ടീമുകളുടെ പരിശീലകരും ക്യാപ്ടന്മാരും ഫുട്‌ബോള്‍ കളിയെഴുത്തുകാരും ചേര്‍ന്നാണ് മികച്ച ഫുട്‌ബോള്‍ താരത്തെ തിരഞ്ഞെടുത്തത്. മെസിക്ക് 47.88 ശതമാനം വോട്ടു ലഭിച്ചപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് 21.6 ശതമാനവും സാവിക്ക് 9.23 ശതമാനം വോട്ടും ലഭിച്ചു. പ്ലെയറായും പ്ലെമേക്കറായും തിളങ്ങാനുള്ള കഴിവാണ് മെസിയെ റൊണാള്‍ഡോയെയും സാവിയെയും മറികടക്കാന്‍ സഹായിച്ചത്.
ഫാക്ടറി തൊഴിലാളിയായ ജോര്‍ജ് ഹൊറാസിയോ മെസിയുടെയും സെലിയ മറിയ കുചിറ്റിനിയുടെയും മകനായി 1987 ജൂണ്‍ 24ന് അര്‍ജന്‍റീനയിലെ റൊസാരിയോയിലായിരുന്നു മെസിയുടെ ജനനം. അഞ്ചാമത്തെ വയസില്‍, പിതാവ് പരിശീലിപ്പിച്ചിരുന്ന ഗ്രന്‍ഡോളിയെന്ന പ്രാദേശിക ക്ലബില്‍ ചേര്‍ന്നു കളിച്ചുകൊണ്ടാണ് മെസി ഫുട്ബോള്‍ രംഗത്തേക്ക് കടന്നുവരുന്നത്. 1995ല്‍ പ്രാദേശിക പട്ടണമായ റൊസാരിയോവിലെ ന്യൂവെല്‍സ് ഓള്‍ഡ്‌ ബോയ്സ് എന്ന ക്ലബില്‍ ചേര്‍ന്നു കളിച്ചു. ഫുട്ബോള്‍ പ്രേമികള്‍ക്കിടയില്‍ മെസി പതുക്കെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയെങ്കിലും വളര്‍ച്ചക്കാവശ്യമായ ഹോര്‍മോണിന്‍റെ കുറവും പൊക്കമില്ലായ്മയും അദ്ദേഹത്തിന് പലപ്പോഴും വിനയായി. കളിക്കളത്തില്‍ മെസിയുടെ മുന്നേറ്റങ്ങളില്‍ പ്രതിഭയുടെ മിന്നലാട്ടം കണ്ട് പല ക്ലബുകളും മെസിയെ കൂടെ നിര്‍ത്താന്‍ ആഗ്രഹിച്ചെങ്കിലും അദ്ദേഹത്തിന്‍റെ ഭീമമായ ചികിത്സാ ചെലവ് കണക്കിലെടുത്തു പലരും അദ്ദേഹത്തെ തഴഞ്ഞു. എന്നാല്‍ മെസിയിലെ പ്രതിഭ തിരിച്ചറിഞ്ഞ ബാഴ്സലോണയുടെ സ്പോര്‍ട്ടിംഗ് ഡയറക്ടറായിരുന്ന കാര്‍ലെസ് റെക്സാച്ച് മെസിയുടെ കളി നിരീക്ഷിക്കുകയും മെസിയുമായി കരാറിലേര്‍പ്പെടുകയും ചെയ്തു. സ്പെയിനിലേക്ക് മാറി താമസിച്ചാല്‍ ചികിത്സാചെലവ് ക്ലബ് വഹിച്ചോളാമെന്ന് പറഞ്ഞതോടെ മെസിയുടെ കുടുംബം സ്പെയിനിലേക്ക് മാറി താമസിക്കുകയായിരുന്നു.
പൊക്കമില്ലായ്മയെ കളിക്കളത്തില്‍ തന്‍റെ പ്രധാന ആയുധമാക്കിയ മെസിയെ ശക്തമായ പ്രതിരോധങ്ങള്‍ക്കിടയിലൂടെ മിന്നല്‍ പോലെ പായാന്‍ അത് സഹായിച്ചു. 2003ല്‍ പോര്‍ട്ടോയുമായുള്ള സൌഹൃദ മത്സരം കളിച്ചുകൊണ്ട് ഔദ്യോഗിക മത്സരരംഗത്തേക്ക് പ്രവേശിച്ച മെസി പിന്നീട് ബാഴ്സയുടെ ഒന്നാം നിര ടീമിലേക്ക് ഉയര്‍ത്തപ്പെട്ടു. 2004ല്‍ അണ്ടർ20 സൗഹൃദ മത്സരത്തില്‍ പരാഗ്വേക്കെതിരെ കളിച്ചുകൊണ്ട് മെസി അർജന്റീനക്കു വേണ്ടി അരങ്ങേറ്റം നടത്തി. 2006, 2010 ലോകകപ്പിലും 2007, 2011ല്‍ കോപ്പ അമേരിക്കയിലും 2008 വേനല്‍ക്കാല ഒളിംപിക്സിലും മെസി അര്‍ജന്‍റീനയുടെ ജേഴ്സിയണിഞ്ഞു. ക്ലബ് മത്സരങ്ങളില്‍ 326 കളികളില്‍ നിന്നായി 222 ഗോളുകളും അര്‍ജന്‍റീന ദേശീയ ടീമിനുവേണ്ടി 66 മത്സരങ്ങളില്‍ നിന്നായി 19 ഗോളുകളും നേടിയിട്ടുള്ള മെസി പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ ഒട്ടനവധി പുരസ്കാരങ്ങള്‍ ചെറുപ്രായത്തിനുള്ളില്‍ തന്നെ നേടിയിട്ടുണ്ട്.
ഡീഗോ മറഡോണയുടെ ചടുലതാളങ്ങളെ അനുസ്മരിപ്പിക്കുന്ന മുന്നേറ്റങ്ങള്‍ മെസിയെ മറഡോണയുമായി പലപ്പോഴും താരതമ്യപ്പെടുത്തുന്നതിന് കാരണമായി. ഒരിക്കല്‍ മറഡോണ തന്നെ മെസിയെ തന്‍റെ പിന്‍ഗാമിയെന്ന് വിശേഷിപ്പിച്ചിരുന്നു. 2011ല്‍ ടൈം മാഗസിന്‍ പുറത്തുവിട്ട ലോകത്തെ ഏറ്റവും കൂടുതല്‍ പേരെ സ്വാധീനിച്ച വ്യക്തികളുടെ പട്ടികയില്‍ ഒരാള്‍ മെസിയായിരുന്നു. മിന്നല്‍ വേഗതയില്‍ എതിരാളികളെ കളിപ്പിച്ച് ഗോള്‍വല കുലുക്കുന്ന താരമെന്ന നിലയിലും കണിശവും കൃത്യവുമായ പാസുകളിലൂടെ ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കുന്ന അപകടകാരിയായ പ്ലെമേക്കറെന്ന നിലയിലുമാണ് മെസി ആരാധക ഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഫുട്ബോളില്‍ ഇത് മെസി യുഗമാണെന്ന വിലയിരുത്തലുകളെ ശരി വെക്കുന്നതാണ് അദ്ദേഹത്തിന്‍റെ ഓരോ നേട്ടവും.

No comments:

Post a Comment