Tuesday, January 10, 2012

വൈഡ് റിലീസിംഗ്: പുതിയ പ്രതീക്ഷയുമായി മലയാള സിനിമ

ഷാനവാസ്.എസ് | കൊച്ചി, ജനുവരി 10, 2012 13:07
http://thesundayindian.com/ml/story/wide-releasing-new-hope-for-malayalam-film-industry/3/2287/


2011 മലയാള സിനിമാ വ്യവസായത്തെ സംബന്ധിച്ചിടത്തോളം സമരങ്ങളുടെയും പ്രതിസന്ധിയുടെയും വര്‍ഷമായിരുന്നു. ഇടക്കിടെ വന്നുപോയ അംഗീകാരത്തിന്‍റെ വെള്ളിവെളിച്ചത്തെയും നിഷ്പ്രഭമാക്കുന്ന തരത്തില്‍ രൂക്ഷമായിരുന്നു ആ പ്രതിസന്ധി. സംഘടനകളുടെ പടലപിണക്കങ്ങള്‍ക്കൊപ്പം രാഷ്ട്രീയ നിറവും കൂടിക്കലര്‍ന്ന സമരങ്ങള്‍ ഒരുപക്ഷേ മലയാള സിനിമാ വ്യവസായത്തില്‍ തന്നെ ആദ്യമായിരുന്നു.

കഴിഞ്ഞ വര്‍ഷം വളരെ ചര്‍ച്ച ചെയ്യപ്പെടുകയും, പലപ്പോഴും സമവായമാകാതെ കൂടുതല്‍ സമരങ്ങളിലേക്ക് സിനിമാ ലോകത്തെ മുഴുവന്‍ കൊണ്ടെത്തിക്കുകയും ചെയ്ത വിഷയമായിരുന്നു വൈഡ് റിലീസ്. ഒരു സിനിമ തന്നെ സംസ്ഥാനത്തിനകത്ത്, സാധ്യമായ-പരമാവധി- എല്ലാ തീയേറ്ററുകളിലും ഒരേ സമയം റിലീസ് ചെയ്യുക എന്നതാണ് വൈഡ് റിലീസ് അഥവാ വ്യാപക റിലീസ് അര്‍ത്ഥമാക്കുന്നത്.

വൈഡ് റിലീസ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബി ക്ലാസ് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ സിനി എക്സിബിറ്റേഴ്സ് അസോസിയേഷനാണ് പ്രദര്‍ശനം നിര്‍ത്തിവെച്ചുകൊണ്ട് സമരവുമായി ആദ്യം രംഗത്തെത്തിയത്. വൈഡ് റിലീസിംഗിനെ എതിര്‍ത്തുകൊണ്ട് എ ക്ലാസ് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ രംഗത്തെത്തിയതോടെ സിനിമാപ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ തര്‍ക്കം രൂക്ഷമായി. അതിനിടെ സിനിമാ വിതരണം നിര്‍ത്തിവെച്ചുകൊണ്ട് വിതരണക്കാരുടെ സംഘടനയും സമരരംഗത്തെത്തിയതോടെയാണ് ഇതുവരെ കാണാത്ത പ്രതിസന്ധിക്ക് മലയാള സിനിമ വേദിയായത്.

അപ്രകാരം സിനിമാ മേഖലയെയാകെ ബാധിച്ച ഒരു വിഷയത്തിലാണ് 2012ന്‍റെ ആരംഭത്തില്‍ സിനിമാ സംഘടനകള്‍ ചേര്‍ന്നൊരു തീരുമാനമെടുത്തിരിക്കുന്നത്. ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന വിവിധ സിനിമാ സംഘടനകളുടെ യോഗം വൈഡ് റിലീസിംഗ് അംഗീകരിച്ചു. ഫെബ്രുവരി 9 മുതല്‍ വൈഡ്‌ റിലീസിംഗ് നടപ്പാക്കാനും യോഗത്തില്‍ തീരുമാനമായി. അതേസമയം, വൈഡ് റിലീസിംഗിനെ ശക്തമായി എതിര്‍ക്കുന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ യോഗത്തില്‍ പങ്കെടുത്തില്ല. സംഘടനയുടെ ജനറല്‍ബോഡി യോഗത്തിനു ശേഷം മാത്രമെ ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനം എടുക്കാനാകൂവെന്ന നിലപാടിലാണ് ഫെഡറേഷന്‍. എങ്കിലും ഫിലിം ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലിം ചേംബര്‍, ഫെഫ്‌ക്ക, അമ്മ, ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ തുടങ്ങി ഏറെക്കുറെ എല്ലാ സംഘടനകളും പങ്കെടുത്ത യോഗത്തിലെ തീരുമാനം ഏകകണ്ഠമായിരുന്നതിനാല്‍ ഫെഡറേഷന്‌ ഇനിയും എതിര്‍പ്പുമായി മുന്നോട്ടുപോകാനാവില്ലെന്നാണ് കരുതുന്നത്.

തീയേറ്റര്‍ ക്ലാസിഫിക്കേഷന്‍റെ അടിസ്ഥാനത്തില്‍ നിശ്ചയിച്ച തീയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ നടപടിയെടുത്തുകൊണ്ടാണ് വൈഡ്‌ റിലീസിംഗ് നടപ്പാക്കുക. 30 സെന്‍ററുകളിലായി 56 പുതിയ തീയേറ്ററുകള്‍ കൂടി ഇതോടെ റിലീസിംഗ് തീയേറ്ററുകളായി മാറും. നിലവില്‍ 72 സെന്‍ററുകളിലായി 290 തീയേറ്ററുകളാണ് റിലീസിംഗ് തീയേറ്ററുകളായുള്ളത്. ക്ലാസിഫിക്കേഷന്‍ കമ്മിറ്റി നടത്തിയ പരിശോധനയില്‍ അടിസ്ഥാന സൗകര്യമില്ലെന്ന് കണ്ടെത്തിയ, നിലവില്‍ റിലീസ്‌ നടത്തുന്ന 43 തീയേറ്ററുകള്‍ക്ക്‌ സൗകര്യം വര്‍ധിപ്പിക്കുന്നതിനായി ആറ് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്‌. ജൂലായ്‌ ഒന്നു വരെ ഈ തീയറ്ററുകള്‍ക്ക് സിനിമ നല്‍കുമെങ്കിലും, തുടര്‍ന്ന് സിനിമ നല്‍കണമോയെന്ന കാര്യം കമ്മിറ്റിയുടെ പിന്നീടുള്ള പരിശോധനക്കു ശേഷം മാത്രമെ തീരുമാനിക്കൂ. മലയാള സിനിമാ വ്യവസായത്തിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും വൈഡ് റിലീസിംഗിനുള്ള സാധ്യതകള്‍ കണ്ടെത്തുന്നതിനുമായി സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി, സിനിമയുടെ ചുമതലയുള്ള മന്ത്രി കെ.ബി ഗണേഷ്കുമാറിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു തീയേറ്റര്‍ ക്ലാസിഫിക്കേഷന്‍ കമ്മിറ്റിയുടെ പരിശോധന.

2011ല്‍ നിന്നും വിഭിന്നമായി 2012 മലയാള സിനിമാ വ്യവസായത്തിനാകെ പുതിയ ഊര്‍ജം പകരുമെന്ന പ്രതീക്ഷകള്‍ക്ക് ആക്കം പകരുന്നതാണ് പുതിയ തീരുമാനങ്ങള്‍.

No comments:

Post a Comment