Saturday, January 7, 2012

ആശങ്ക വളര്‍ത്തുന്ന പ്രചരണങ്ങള്‍

'മന്തു'ള്ള ചിക്കനും മന്തില്ലാത്ത കോഴിയും

ഷാനവാസ്. എസ് | കൊച്ചി, ജനുവരി 7, 2012 16:17
http://thesundayindian.com/ml/story/chicken-debate-in-kerala-hormones-and-estrogen-in-chicken/14/2258/

മലയാളിയുടെ വര്‍ധിച്ച മാംസ ഉപഭോഗമായിരുന്നു കഴിഞ്ഞവര്‍ഷത്തെ പ്രധാന വാര്‍ത്തകളിലൊന്ന്. പ്രതിദിനം 1000-1500 ടണ്‍ മാംസം കേരളീയര്‍ക്ക് ആവശ്യമായി വരുന്നെന്നായിരുന്നു കണക്കുകള്‍. അതില്‍ പോത്ത്, കോഴി, ആട്, പന്നി, താറാവ്, മുയല്‍ തുടങ്ങിയവ ഉള്‍പ്പെട്ടിരുന്നെങ്കിലും കോഴിയിറച്ചിയുടെ ഉപഭോഗത്തില്‍ കഴിഞ്ഞനാളുകളെക്കാള്‍ ഉയര്‍ന്ന നിരക്ക് വര്‍ധനയാണ് കാണാനായത്. 1990കളില്‍ സംസ്ഥാനത്തെ മൊത്തം മാംസ ഉത്പാദനത്തിന്‍റെ ആറ് ശതമാനമായിരുന്നു കോഴിയെങ്കില്‍, ആവശ്യക്കാരുടെ വര്‍ധനയില്‍ ഇന്നത് 45 ശതമാനായാണ് വര്‍ധിച്ചത്. മലയാളിയുടെ ഭക്ഷണശീലത്തില്‍ കാര്യമായ മാറ്റം വന്നപ്പോഴും, മാംസാഹാര പ്രിയം വര്‍ധിച്ചപ്പോഴും കോഴിയിറച്ചി സ്ഥാനം പതുക്കെ മുന്നിലേക്കെത്തുകയായിരുന്നു.

കോഴിയിറച്ചിയോടുള്ള കേരളീയന്‍റെ ഇഷ്ടം അയല്‍സംസ്ഥാനങ്ങളില്‍ നിന്നും അനധികൃത കോഴിക്കടത്തിന് വരെ കാരണമായി. ഒരു മാസം കോടികണക്കിന് രൂപയുടെ കോഴികള്‍ ചെക്കുപോസ്റ്റുകള്‍ വഴിയല്ലാതെ കേരളത്തിലെത്തുന്നുണ്ട്. ഇപ്രകാരം കേരളത്തിലെത്തുന്ന കോഴികളില്‍ പലതും ശാസ്ത്രീയമായ പരിശോധന പൂര്‍ത്തിയാക്കുന്നില്ല എന്നതാണ് സത്യം. അതിനിടയിലാണ് ഹോര്‍മോണ്‍ കുത്തിവെച്ച കോഴികള്‍ സംസ്ഥാനത്തിനകത്തേക്ക് കടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കേള്‍ക്കാനായത്. നിയമസഭയില്‍ വരെ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ച സംഭവത്തില്‍ പക്ഷേ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായില്ല. "സര്‍ക്കാര്‍ തലത്തില്‍, ആധികാരികമായൊരു റിപ്പോര്‍ട്ട് അതിനെക്കുറിച്ച് ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് കിട്ടിയെങ്കില്‍ മാത്രമെ അത് സംബന്ധിച്ച് എന്തെങ്കിലും നടപടികള്‍ എടുക്കാനാകൂ'' എന്നായിരുന്നു സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ പറഞ്ഞത്.

കോഴിയിറച്ചിയില്‍ ഈസ്ട്രജന്‍ പോലുള്ള ഹോര്‍മോണുകള്‍ കുത്തിവെക്കുന്നുവെന്ന പ്രചരണങ്ങള്‍ക്ക് അഞ്ച് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. എന്നാല്‍ കുത്തിവെക്കപ്പെടുന്ന ഈസ്ട്രജന്‍ പോലുള്ള ഹോര്‍മോണുകള്‍ കോഴിയുടെ ശരീരത്തില്‍ സാന്ദ്രീകരിക്കപ്പെടുന്നില്ല എന്നതിനാല്‍ അത് കഴിക്കുന്നയാള്‍ക്ക് ദോഷം ചെയ്യില്ലെന്ന ശാസ്ത്രീയ വെളിപ്പെടുത്തലുകള്‍ അതിനൊപ്പം ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ അര്‍ബുദം പോലുള്ള രോഗത്തിന് കാരണമാകുന്ന, 1970കളില്‍ നിരോധിക്കപ്പെട്ട ഡിഇഎസ് പോലുള്ള കൃത്രിമ ഈസ്ട്രജന്‍ ഇനിയും ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കാന്‍ നമുക്കായിട്ടില്ല. പല രാജ്യങ്ങളും നിരോധിച്ച കീടനാശിനികളും കൃത്രിമ വസ്തുക്കളും ഇപ്പോഴും ഉപയോഗിക്കുന്ന ഇന്‍ഡ്യയില്‍ ഇക്കാര്യത്തില്‍ മാത്രം എന്ത് ഉറപ്പാണ് പറയാനാകുക?

ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ്, കൃത്യവും ശാസ്ത്രീയവുമായ പരിശോധനള്‍ കൂടാതെയുള്ള കോഴിയിറച്ചികള്‍ ഉപയോഗിക്കുന്ന ഹോട്ടലുകളും തട്ടുകടകളും ഫാസ്റ്റ്ഫുഡ് സെന്‍റ്റുകളും ഫ്രോസന്‍ മീറ്റ് സെന്‍ററുകളും ചേര്‍ന്ന് മറ്റൊരു തരത്തിലുള്ള ഭീതി വളര്‍ത്തിയത്. ഒപ്പം യാതൊരു പരിശോധനകളും പൂര്‍ത്തിയാക്കാതെ, കെഎഫ്സി, ആര്‍എഫ്സി, ചിക്കന്‍ കോര്‍ണര്‍ (പലതും വിദേശ കമ്പനികള്‍) പോലുള്ള കോഴിയിറച്ചി വിഭവങ്ങള്‍ മാത്രം വില്‍ക്കുന്ന ഭോജനശാലകള്‍ കേരളത്തിലുടനീളം തലയുയര്‍ത്തിയത്. ഹോര്‍മോണ്‍ വിവാദവും പക്ഷിപ്പനിയും എല്ലാം അതിജീവിച്ച് കേരളത്തിലെ കോഴിയിറച്ചി വ്യാപാരം ഇതുവരെ കാണാത്ത തരത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുമ്പോഴാണ് പുതിയ പ്രചരണങ്ങള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്.

ഇറച്ചിക്കോഴിയുടെ തൂക്കം വര്‍ധിപ്പിക്കാന്‍ മന്തുരോഗികളുടെ സിറം കുത്തിവെക്കുന്നുവെന്ന പ്രചരണമാണ് മലബാറില്‍ നിന്നും ആരംഭിച്ചിരിക്കുന്നത്. പ്രചരണത്തിന് രണ്ടു മാസം മാത്രം പ്രായമാകുമ്പോള്‍, ഇങ്ങ് മധ്യ തിരുവിതാംകൂര്‍ വരെ അത് വ്യാപിച്ചിരിക്കുന്നു. കേരളത്തിലെ ഇറച്ചിക്കോഴി കച്ചവടത്തെയും ഹോട്ടല്‍ വിപണിയെയും വളരെ സാരമായി ബാധിക്കുന്നതാണ് പ്രചരണം. പ്രചരണത്തിന്‍റെ ആദ്യ ഘട്ടത്തിലെങ്കിലും ജനങ്ങള്‍ കോഴിയിറച്ചിയോട് അകന്നുനില്‍ക്കുന്നത് കോഴിയിറച്ചി വ്യാപാരത്തെയും ഉത്പാദനത്തെയും സാരമായി ബാധിക്കും.

ശക്തമായ പ്രചരണം നടക്കുന്ന മലബാറില്‍ കോഴിയിറച്ചിയോടും ബിരിയാണിയോടുമുള്ള പ്രിയം ഉപേക്ഷിച്ച പലരും മീന്‍ ബിരിയാണിയിലേക്ക് കൂറുമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹമുള്‍പ്പെടെയുള്ള സല്‍ക്കാരങ്ങളില്‍ നിന്നും കോഴിയിറച്ചി പുറത്തായി. മലബാറില്‍ നിന്നും പ്രചരണവും കോഴിയിറച്ചി ബഹിഷ്കരണവും പതുക്കെ മധ്യതിരുവിതാംകുറിനെ തഴുകി നീങ്ങുകയാണ്. എങ്കിലും പലയിടത്തും അത്ര വലിയ സ്വീകാര്യത ഇതിന് കൈവന്നിട്ടില്ല. മന്തുരോഗത്തിന്‍റെ സിറം എന്നു കേള്‍ക്കുമ്പോഴുള്ള ഒരു അറപ്പ് മാത്രമാണ് ഇപ്പോള്‍ പ്രശ്നമായിരിക്കുന്നത്. തുടക്കത്തിലുള്ള ജനങ്ങളുടെ എതിര്‍പ്പ് മാറുന്നതായാണ് കോഴിയിറച്ചിയുടെ കാര്യത്തില്‍ ഇതുവരെയുള്ള ചരിത്രം നമുക്ക് പറഞ്ഞുതരുന്നത്.

ഇത്തരം പ്രചരണങ്ങളുടെ സ്ഥിരം വേദിയായി മലബാര്‍ മേഖല മാറുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. അടുത്തിടെ സംസ്ഥാനത്താകെ ചര്‍ച്ചാവിഷയമായ മൈദ, പൊറോട്ട വിരദ്ധ പ്രചരണങ്ങളും മലബാര്‍ മേഖലയില്‍ നിന്നാണുണ്ടായത്. അവിടെ നിന്നും അത് സംസ്ഥാനത്താകെ പ്രചരിക്കുകയും തുടക്കത്തില്‍ ആളുകള്‍ അതിനെ പരിഗണിച്ചെങ്കിലും പിന്നീട് അതിനെ വിട്ടുകളഞ്ഞു. വെളിച്ചെണ്ണയുടെ കാര്യത്തില്‍ പാമോയില്‍ ലോബിയുടെ സാന്നിധ്യം സംശയിച്ചതുപോലെ മൈദയുടെ കാര്യത്തിലും സംശയിച്ചിരുന്നു. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കോഴിയിറച്ചിക്കെതിരായ പ്രചരണത്തിന്‍റെ പിന്നിലും അത്തരത്തില്‍ ഏതെങ്കിലുമൊരു സാന്നിധ്യം കാണാതിരിക്കില്ല.

ഇത്തരം സംശയങ്ങളും പ്രചരണങ്ങളും അരങ്ങു തകര്‍ക്കുമ്പോഴും കോഴിയിറച്ചി വിപണി സജീവമായി തുടരുന്നുണ്ട്. പലയിടത്തും "ഹോര്‍മോണ്‍ ഫ്രീ കോഴിയിറച്ചി ലഭിക്കും" എന്ന ബോര്‍ഡും അത്തരത്തിലുള്ള കടകളും കാണാനാകുന്നുണ്ട്. ഇത്തരത്തില്‍ കടകള്‍ ഉയര്‍ന്നുവരുന്നത് ഒരു തരത്തില്‍ ആളുകളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. വിപണിയില്‍ ഹോര്‍മോണ്‍ ഉപയോഗിക്കുന്നതും അല്ലാത്തതുമായ കോഴിയിറച്ചി ലഭ്യമാകുന്നുണ്ടെന്നതിന്‍റെ ദൃഷ്ടാന്തമായാണ് പലരും ഇതിനെ വിലയിരുത്തുന്നത്. സര്‍ക്കാരിന്‍റെയോ ബന്ധപ്പെട്ട വകുപ്പിന്‍റെയോ ഭാഗത്തു നിന്നും ഇനിയും ഔദ്യോഗികമായ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള, കേരള പൌള്‍ട്രി വികസന കോര്‍പ്പറേഷന്‍റെ കീഴിലെ ചിക്കന്‍ സെന്‍ററുകളാകട്ടെ തലസ്ഥാന നഗരിയില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്.

രോഗം വന്നും അല്ലാതെയും ചത്തതും, പരിശോധന നടത്താത്തുമായ കോഴിയിറച്ചി സംസ്ഥാനത്തിനകത്ത് വില്‍ക്കപ്പെടുന്ന സാഹചര്യമുള്ളപ്പോഴും വളരെ ഗൌരവമായ, ആരോഗ്യപ്രശ്നമുണ്ടാക്കുന്ന ഹോര്‍മോണ്‍ കുത്തിവെച്ച കോഴികള്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നുവെന്ന പ്രചരണങ്ങള്‍ ശക്തമാകുമ്പോഴും ഇവയെല്ലാം ശരിവെക്കുന്ന രീതിയില്‍ അനധികൃതമായി, ചെക്പോസ്റ്റുകളിലൂടെ അല്ലാതെ കോഴിക്കടത്ത് സജീവമായി തുടരുമ്പോഴും സംശയ നിവാരണത്തിനൊപ്പം, കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ട ബന്ധപ്പെട്ട അധികാരികള്‍ മൌനവ്രതത്തിലാണ് എന്നതാണ് സങ്കടകരമായ വസ്തുത.

No comments:

Post a Comment