Sunday, March 23, 2014

ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു: എ.എന്‍ രാധാകൃഷ്ണന്‍

ഷാനവാസ്.എസ്‌ | March 22, 2014 - http://tvnew.in/news/22370.html

radhakrishnan_രാജ്യത്തെ രാഷ്ട്രീയ മാറ്റത്തിന് കണ്ണിയാകാന്‍ കഴിയുമെന്ന പ്രതീക്ഷയോടെയാണ് എറണാകുളം ലോക്‌സഭ ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്‍ മത്സരത്തിനിറങ്ങുന്നത്. ജനകീയ പ്രശ്‌നങ്ങളെ ഏറ്റെടുക്കുന്നതിലൂടെ കേരളത്തില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാനാകുമെന്നും അദ്ദേഹം. 16ാം ലോക്‌സഭ തെരഞ്ഞെടുപ്പിലെ ബിജെപി നിലപാടുകളെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ രാധാകൃഷ്ണന്‍ സംസാരിക്കുന്നു.
മൂന്നാം തവണയാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. എന്താണ് വിജയപ്രതീക്ഷ?
മോഡി നേരിട്ടു ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് മത്സരിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ രാജ്യത്ത് നരേന്ദ്ര മോഡിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളത്. മോഡിയെ ശക്തിപ്പെടുത്തുന്ന തരത്തിലുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കാണ് ബിജെപി മുന്‍തൂക്കം കൊടുക്കുന്നത്.
രാജ്യത്തെന്ന പോലെ കേരളത്തിലും ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. ബിജെപിയുടെ നിലപാട് അറിയാനും അവര്‍ക്ക് ആഗ്രഹമുണ്ട്. ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അത് ബിജെപിക്ക് നേട്ടമാകും. കേരളത്തില്‍ ഇപ്പോള്‍ താമര വിരിയാന്‍ തക്ക സാഹചര്യമാണ് നിലനില്‍ക്കുന്നത്. ജയിക്കുമെന്ന ഉറപ്പോടെയാണ് ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. എറണാകുളത്ത് നിന്നും ലോക്‌സഭയിലെത്താനാകുമെന്ന ഉറച്ച വിശ്വാസമുണ്ട്.
മണ്ഡലത്തിലെ പ്രധാന പ്രശ്‌നങ്ങളെക്കുറിച്ച്?
രൂക്ഷമായ കുടിവെള്ള പ്രശ്‌നം, എല്‍എന്‍ജി, ഫാക്ട്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍, എച്ച്എംടി, സ്മാര്‍ട് സിറ്റി തുടങ്ങിയ പൊതുമേഖലാവ്യവസായ സ്ഥാപനങ്ങളുടെ ദുരവസ്ഥ, സാധാരണക്കാരന് വെല്ലുവിളി സൃഷ്ടിക്കുന്ന തീരദേശ പരിപാലന നിയമം തുടങ്ങിയവയാണ് എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍. ജയിക്കുന്ന പക്ഷം, ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണാന്‍ ശ്രമിക്കും. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍, ഓള്‍ഡ് റെയില്‍വേ സ്‌റ്റേഷന്‍ നവീകരണം തുടങ്ങിയ കാര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കും.
ജനകീയ പ്രശ്‌നങ്ങളെ ഏറ്റെടുത്ത ആം ആദ്മി പാര്‍ട്ടിയുടെ രീതി പിന്തുടരുകയാണോ?
അങ്ങനെ പറയാനാവില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ആളല്ല ഞാന്‍. കുടിവെള്ള പ്രശ്‌നം, ഭൂഗര്‍ഭ ജലസംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ നേരിട്ട് ഇടപെടുന്നുണ്ട്. ഫാക്ട് ഉള്‍പ്പെടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും സജീവമായി ഇടപെടാറുണ്ട്.
ഒരു വര്‍ഷം പോലുമാകാത്ത ആം ആദ്മി പാര്‍ട്ടി ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വിജയിച്ചു. ഇത്രയും കാലമായിട്ടും കേരളത്തില്‍ എന്തുകൊണ്ടാണ് ബിജെപിക്ക് ജയിക്കാനാകാത്തത്
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വിജയം പതിനേഴാം വയസ്സില്‍ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത് പോലെയാണ്. അത് ചിലപ്പോഴൊക്കെ സംഭവിക്കാം. ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ അതില്‍ കൂടുതലായി ഒന്നുമില്ല. ബിജെപിയെ സംബന്ധിച്ചിടത്തോളം ഇടത്‌വലത് രാഷ്ട്രീയ പാര്‍ട്ടികളുടെ സമര്‍ദ്ദം മൂലമാണ് കേരളത്തില്‍ വിജയിക്കാന്‍ കഴിയാതിരുന്നത്.
എന്‍.ഡി.എയെ പിന്തുണക്കുമെന്ന കേരള കോണ്‍ഗ്രസ് നാഷണലിസ്റ്റിന്റെ നിലപാടിനെക്കുറിച്ച്?
ചെറുതും വലുതുമായ പാര്‍ട്ടികളെ നിസാരവത്ക്കരിക്കേണ്ട കാര്യമില്ല. പ്രാദേശിക പാര്‍ട്ടികള്‍ക്ക് കേരളത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്. മറ്റു കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പരിശോധിക്കാം.

1 comment:

  1. We are urgently in need of Kidney donors with the sum of $500,000.00 USD,(3 crore) All donors are to reply via Email: healthc976@gmail.com
    Call or whatsapp +91 994 531 7569

    ReplyDelete