Wednesday, February 29, 2012

പിറവത്തെ പോരിനിടയില്‍ ബജറ്റ് സമ്മേളനം നാളെ മുതല്‍


ഷാനവാസ്. എസ് | തിരുവനന്തപുരം, ഫെബ്രുവരി 29, 2012 12:36
http://www.thesundayindian.com/ml/story/kerala-assembly-budget-session-piravam-by-election-latest-kerala/2/2744/
പിറവം ഉപതെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ പതിമൂന്നാം നിയമസഭയുടെ നാലാം സമ്മേളനത്തിന് വ്യാഴാഴ്ച തുടക്കമാകും. മാര്‍ച്ച് ഒന്നുമുതല്‍ ഏപ്രില്‍ നാല് വരെയാണ് സമ്മേളന കാലയളവെങ്കിലും ഇടവേളകളും അവധികളും കഴിഞ്ഞ് 17 ദിവസം മാത്രമേ സഭ സമ്മേളിക്കുകയുള്ളൂ. പിറവം ഉപതെരഞ്ഞെടുപ്പ് കാരണം മാര്‍ച്ച് ഒമ്പത് മുതല്‍ 18വരെ, പത്തുദിവസം സഭ നിര്‍ത്തിവെക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ബജറ്റ് അവതരിപ്പിക്കും.

നാളെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനങ്ങള്‍ക്ക് തുടക്കമാകുന്നത്. മാര്‍ച്ച് രണ്ടിന് ഗവര്‍ണര്‍ എം.ഒ.എച്ച് ഫാറൂഖിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സഭ പിരിയും. അഞ്ച്, ആറ്, എട്ട് തീയതികളില്‍ ഗവര്‍ണ്ണറുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ഏഴാം തീയതി ചേരില്ല.

പത്തു ദിവസത്തെ അവധിക്കുശേഷം, മാര്‍ച്ച് 19ന് 2011-12ലെ സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റിലേക്കുള്ള ഉപധനാഭ്യര്‍ത്ഥനകളുടെ ഫൈനല്‍ സ്റ്റേറ്റ്മെന്‍റ് മേശപ്പുറത്ത് വെയ്ക്കും. അതിനെത്തുടര്‍ന്ന് 2012-13 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റും വോട്ട് ഓണ്‍ അക്കൌണ്ടും സഭയില്‍ സമര്‍പ്പിക്കും. 20ന് 2011-12ലെ ബജറ്റിലേക്കുള്ള ഫൈനല്‍ സപ്ലിമെന്‍ററി ഗ്രാന്‍റിനുള്ള ധനാഭ്യര്‍ത്ഥനകളെ സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലായി ബജറ്റിനെക്കുറിച്ചുള്ള പൊതു ചര്‍ച്ചകള്‍ നടക്കും.

26നാണ് 2011-12 സാമ്പത്തിക വര്‍ഷത്തെ ബജറ്റിനെക്കുറിച്ചുള്ള പൊതുചര്‍ച്ച. 27ന് വോട്ട് ഓണ്‍ അക്കൌണ്ടും, അതിനെ സംബന്ധിച്ച ചര്‍ച്ചകളും വോട്ടെടുപ്പും നടക്കും. 28ന് 2011-12 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള ഫൈനല്‍ സപ്ലിമെന്‍ററി ഗ്രാന്‍റിനെ സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലും 29ന് ധനവിനിയോഗ (വോട്ട് ഓണ്‍ അക്കൌണ്ട്) ബില്ലും അവതരിപ്പിക്കും. 30ന് സഭ ചേരില്ല. ഏപ്രില്‍ നാലോടെ സമ്മേളനം അവസാനിക്കും.
ടി.എം ജേക്കബിന്‍റെ മരണത്തെത്തുടര്‍ന്ന് നാമമാത്രമായ ഭൂരിപക്ഷത്തിലേക്ക് ഒതുങ്ങിയ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ബജറ്റ് സമ്മേളനം ആശങ്കകളാണ് സൃഷ്ടിക്കുന്നത്. ചര്‍ച്ചകളിലൂടെ പ്രതിപക്ഷം സഭയെ പ്രക്ഷുബ്ധമാക്കുമെന്ന കാര്യം തീര്‍ച്ചയാണ്. സമ്മേളനകാലയളവില്‍ തന്നെ പിറവം ഉപതെരഞ്ഞെടുപ്പ് ഫലം വരുമെന്നതിനാല്‍ അതിന്‍റെ പ്രതിഫലനങ്ങള്‍ സഭയെ കൂടുതല്‍ ബഹളമയമാക്കിയേക്കും. സഭയില്‍ ഓരോ വോട്ടും നിര്‍ണ്ണായകമായതിനാല്‍ ഇരു കക്ഷികള്‍ക്കും തങ്ങളുടെ മുഴുവന്‍ അംഗങ്ങളുടെയും ഹാജര്‍ ഉറപ്പാക്കേണ്ടതായി വരും. ഘടകക്ഷികളുടെ ചാഞ്ചാട്ടവും പ്രശ്നം സൃഷ്ടിച്ചേക്കാം. അതിനാല്‍ അവരെയെല്ലാം പ്രീണിപ്പിച്ചു നിര്‍ത്തുക യുഡിഎഫിന്‍റെ തന്ത്രവും അത്തരക്കാരെ ആകര്‍ഷിക്കുക എല്‍ഡിഎഫിന്‍റെ തന്ത്രവുമാകും. പ്രതിപക്ഷം ഭരണപക്ഷമാകാനും ഭരണപക്ഷം പ്രതിപക്ഷമാകാനും നിമിഷ നേരങ്ങള്‍ മതിയെന്നതാണ് ഏറ്റവും രസകരമായ യാഥാര്‍ത്ഥ്യം.

No comments:

Post a Comment