Wednesday, February 29, 2012

നിയമസഭയും ഹൈടെക്: സഭാ നടപടികള്‍ ഇനി തത്സമയം ഓണ്‍ലൈനില്‍


ഷാനവാസ്.എസ് | കൊച്ചി, ഫെബ്രുവരി 29, 2012 15:28
http://www.thesundayindian.com/ml/story/kerala-assembly-go-live-online/14/2748/
ഇത്തവണ മുതല്‍ നിയമസഭാ സമ്മേളന നടപടികള്‍ വെബ്സൈറ്റിലൂടെ തത്സമയം വീക്ഷിക്കാനാകും. നമ്മുടെ പ്രിയപ്പെട്ട പ്രതിനിധികള്‍ സഭയില്‍ നടത്തുന്ന ചര്‍ച്ചകളും വാഗ്വാദങ്ങളും ബഹളവും അടിയുമെല്ലാം പൊതുജനങ്ങളിലേക്കെത്തുന്ന വിധം സുതാര്യമാകുന്നുവെന്ന് സാരം. എല്ലാ ബജറ്റിലും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ആകുലപ്പെടുന്നുണ്ടെങ്കിലും നിയമസഭയിലെ ദൃശ്യശ്രാവ്യ സംവിധാനങ്ങളുടെ നവീകരണത്തിന് 5.88 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്.

മാര്‍ച്ച് ഒന്നിന് ഗവര്‍ണ്ണര്‍ നടത്തുന്ന നയപ്രഖ്യാപന പ്രസംഗവും ബജറ്റുമാണ് ആദ്യ ഘട്ടത്തില്‍ സംപ്രേഷണം ചെയ്യുക. പിന്നീട് പാര്‍ലമെന്‍റ് മാതൃകയില്‍ അര മണിക്കൂര്‍ വ്യത്യാസത്തില്‍ എല്ലാ നടപടികളും കാണിക്കും. അതിനായി പഴയ
ക്യാമറകള്‍ മാറ്റി എട്ട് പുതിയ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് സ്പീക്കര്‍ അറിയിച്ചിരിക്കുന്നത്. അംഗങ്ങള്‍ സംസാരിക്കുന്നത് അപ്പോള്‍ തന്നെ പല ഭാഷകളില്‍ പരിഭാഷപ്പെടുത്തി കേള്‍ക്കാനാവുന്ന സംവിധാനവും അണിയറയില്‍ തയ്യാറാകുന്നുണ്ട്.
സംയോജിത കമ്പ്യൂട്ടര്‍ നിയന്ത്രിത സമ്മേളന സംവിധാനം, ഇലക്ട്രോണിക് വോട്ടിങ് സംവിധാനം, ലൈവ് ട്രാന്‍സ്‌ലേഷന്‍, ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ സിസ്റ്റം, വീഡിയോ ആര്‍ക്കൈവല്‍ സംവിധാനം എന്നിവ നിയമസഭാ ഹാളിനുള്ളില്‍ സ്ഥാപിച്ചിട്ടുണ്ട്. മീഡിയാ റൂമില്‍ മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറകള്‍ക്ക് ആംബിയന്‍റ് ഓഡിയോ ഔട്ട് സൌകര്യം ലഭ്യമാക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജര്‍മ്മന്‍ കമ്പനിയുടെ ഓഡിയോ വിഷ്വല്‍ സംവിധാനമാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. മൂന്നു ബട്ടണുകളുള്ള വോട്ടിങ് സംവിധാനം, ഹെഡ് ഫോണ്‍ നേരിട്ട് ഘടിപ്പിക്കാവുന്ന സംവിധാനം, വിവിധ ഭാഷകള്‍ കേള്‍ക്കാനുള്ള സംവിധാനം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇതുമൂലം ശബ്ദപ്രവാഹത്തിന് യാതൊരുവിധ തടസമോ വ്യക്തത കുറവോ ഉണ്ടാകില്ല. ഇനിമുതല്‍ ലാപ്ടോപ് വഴി സഭയില്‍ രേഖകള്‍ പ്രദര്‍ശിപ്പിക്കാനാവും. സഭയിലെ നടപടിക്രമങ്ങളെല്ലാം പകര്‍ത്താനും ശേഖരിക്കാനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനുമാത്രമായി ആപ്പിളിന്‍റെ ആറ് സെര്‍വറുകളാണ് സജ്ജമാക്കിയിട്ടുണ്ട്. പ്ലാസ്മാ ഡിസ്പ്ലേകളാണ് അടുത്ത പ്രത്യേകത. സഭയില്‍ പ്രസംഗിക്കു
ന്നവരുടെ പേര്, വോട്ടിങ് ഫലം, സന്ദേശങ്ങള്‍, പ്രസന്‍റേഷനുകള്‍ എന്നിവ ഇത്തരത്തിലുള്ള മൂന്നു ഡിസ്പ്ലേകളിലൂടെ പ്രദര്‍ശിപ്പിക്കും. അതിനൂതനമായ സാങ്കേതിക വിദ്യകളാണ് ഇതിനായി നിയമസഭയില്‍ ഉപയോഗിച്ചിരിക്കുന്നത്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍ററിന്‍റെ സഹകരണത്തോടെയാണ് വെബ്കാസ്റ്റിംഗിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.

ഇനിയിപ്പോള്‍ സഭയിലിരുന്ന് ഉറങ്ങുന്നതും മുണ്ടുരിയുന്നതും തെറിവിളിക്കുന്നതും തുടങ്ങി വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളിയോ ഇല്ലയോ എന്നൊക്കെ മറ്റു മാധ്യമങ്ങള്‍ പറഞ്ഞുതരുന്നതിനു മുമ്പെ, പൊതുജനങ്ങള്‍ക്ക് നേരിട്ടു കാണാനാകുമെന്ന് പ്രതീക്ഷിക്കാം. മുഖ്യമന്ത്രിയുടെ ഓഫീസ് 24 മണിക്കൂറും തുറന്ന കാഴ്ചയായത് വലിയ വാര്‍ത്തയായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ നിയമസഭാ സമ്മേളനവും ഓണ്‍ലൈന്‍ ലൈവ് ആവുന്നത്.

No comments:

Post a Comment