Saturday, May 17, 2014

ചാലക്കുടിയില്‍ താരത്തിളക്കത്തില്‍ ഇടതുപക്ഷത്തിന് ജയം

ഷാനവാസ്.എസ്‌ | May 16, 2014 - http://tvnew.in/news/31254.html

innocentതൃശൂര്‍: ചാലക്കുടി മണ്ഡലത്തില്‍ നിന്നും ചരിത്ര വിജയം നേടിയാണ് ഇന്നസെന്റ് പാര്‍ലമെന്റിലെത്തുന്നത്. 13,884 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ഇന്നസെന്റ് ഇതോടെ കേരളത്തില്‍ നിന്ന് പാര്‍ലമെന്റിലെത്തുന്ന ആദ്യ സിനിമാ താരം കൂടിയായി. 3,58,440 വോട്ടുകളാണ് ഇന്നസെന്റ് നേടിയത്. തൊട്ടുപിന്നിലുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് വക്താവുമായ പി.സി ചാക്കോ 3,44,556 വോട്ടുകളോടെ രണ്ടാം സ്ഥാനത്തും ബിജെപിയുടെ ബി. ഗോപാകൃഷ്ണന്‍ 92,848 വോട്ടുകളോടെ മൂന്നാം സ്ഥാനത്തുമെത്തി.
ആം ആദ്മി സ്ഥാനാര്‍ത്ഥി കെ.എം നൂര്‍ദ്ദീന്‍ 35,000 ത്തോളം വോട്ടുകളും എസ്ഡിപിഐ 14.000ത്തോളം വോട്ടുകളും വെല്‍ഫയര്‍ പാര്‍ട്ടി 12,000ത്തോളം വോട്ടുകളും നേടിയപ്പോള്‍ നോട്ട 10552 വോട്ടുകളും നേടി. യുഡിഎഫിന് മേല്‍ക്കൈയുള്ള മണ്ഡലം തിരിച്ചുപിടിക്കാന്‍ സിപിഐഎം നടത്തീയ നീക്കം ഫലം കണ്ടുവെന്നാണ് ചാലക്കുടിയിലെ തിരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലത്തില്‍ പുരുഷന്മാരേക്കാള്‍ ഇരുപത്തിയൊന്നായിരത്തിലധികം വരുന്ന സ്ത്രീവോട്ടര്‍മാരും അമ്പതിലായിരത്തിലധികം വരുന്ന പുതിയ വോട്ടര്‍മാരുമാണ് എല്‍ഡിഎഫിനെ തുണച്ചത്. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പെരിഞ്ഞനത്ത് നടന്ന കൊലപാതകത്തില്‍ സി.പി.എം ലോക്കല്‍കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റിലായത് ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പില്‍ പ്രധാന വെല്ലുവിളിയായിരുന്നു.
സി.പി.എമ്മിന്റേത് കൊലപാതകരാഷ്ട്രീയമാണെന്ന് ആരോപിച്ച യുഡിഎഫ് സംഭവത്തെ പരമാവധി മുതലെടുത്തിരുന്നു. അതിനാല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് തിരിച്ചടിയാകുമെന്ന കണക്കുക്കൂട്ടലാണ് ഇന്നസെന്റിനെ പോലൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയിലേക്ക് ഇടതുപക്ഷത്തെ എത്തിച്ചത്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നീക്കം മികച്ച ഫലം കണ്ടു. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച ലീഡ് നേടാന്‍ ഇടതു മുന്നണിക്കായി.
2009ലെ പൊതു തെരഞ്ഞെടുപ്പിനുശേഷം ചാലക്കുടിയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കും മാറ്റമുണ്ടായിരുന്നു. 2009ലെ തെരഞ്ഞെടുപ്പില്‍ കയ്പ്പമംഗലത്ത് മാത്രമാണ് എല്‍ഡിഎഫിന് ലീഡ് നേടാനായത്. മറ്റു ആറ് നിയമസഭാ മണ്ഡലങ്ങള്‍ യുഡിഎഫിന് ഒപ്പമാണ് നിന്നത്. 2010ലെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും അത് പ്രതിഫലിച്ചു. എല്ലായിടത്തും യുഡിഎഫ് അധികാരത്തിലെത്തി.
എന്നാല്‍ 2011ലെ തെരഞ്ഞെടുപ്പില്‍ ചില മാറ്റങ്ങള്‍ കണ്ടു. കൈപ്പമംഗലം, ചാലക്കുടി, പെരുമ്പാവൂര്‍, അങ്കമാലി മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വിജയക്കൊടി പാറിച്ചപ്പോള്‍ കൊടുങ്ങല്ലൂര്‍, ആലുവ, കുന്നത്തുനാട് എന്നീ മണ്ഡലങ്ങളാണ് യുഡിഎഫിന് ലഭിച്ചത്. ഇത്തവണ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ലീഡ് നേടാന്‍ എല്‍ഡിഎഫിന് കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്. ചാലക്കുടി മണ്ഡലം നിലവില്‍ വന്ന ശേഷമുള്ള രണ്ടാമത്തെ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഇന്നസെന്റിലൂടെ ഇടതു മുന്നണിക്കു കഴിഞ്ഞു.
അതേസമയം, കോണ്‍ഗ്രസിനുള്ള അഭിപ്രായ ഭിന്നതയും തമ്മില്‍തല്ലുമാണ് യുഡിഎഫിന് ക്ഷീണം ചെയ്തത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെപ്പോലും വൈകിപ്പിച്ചത് ചാലക്കുടി മണ്ഡലം സംബന്ധിച്ച തര്‍ക്കങ്ങളായിരുന്നു. തൃശൂര്‍ ഡിസിസി പ്രസിഡന്റ് ഐ ഗ്രൂപ്പില്‍ നിന്ന് എ ഗ്രൂപ്പ് പദം പിടിച്ചെടുത്തതാണ് കോണ്‍ഗ്രസിനുള്ളില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്. കാലങ്ങളായി ഐ ഗ്രൂപ്പ് ആയിരുന്നു ഡി.സി.സി. അടക്കിവാണിരുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.സി ചാക്കോ വിജയിക്കുമ്പോള്‍ സി.എന്‍.ബാലകൃഷ്ണനാണു ഡി.സി.സിയുടെ ചുക്കാന്‍ പിടിച്ചിരുന്നത്. പുന:സംഘടനയില്‍ എ ഗ്രൂപ്പുകാരനായ ഒ.അബ്ദുറഹ്മാന്‍കുട്ടി ഡി.സി.സി. പ്രസിഡന്റായത് പി.സി.ചാക്കോയുടെ താത്പര്യപ്രകാരമായിരുന്നു. ഇതേത്തുടര്‍ന്ന് ഐ ഗ്രൂപ്പിന് ചാക്കോയോട് കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു. പരദേശിക്കു സീറ്റു കൊടുക്കരുതെന്ന അഭിപ്രായവുമായി ഐ ഗ്രൂപ്പ് രംഗത്തെത്തിയതോടെ എ.കെ ആന്റണിക്കുപോലും വിഷയത്തില്‍ ഇടപെടേണ്ടിവന്നു. ചാക്കോയ്ക്കും പകരം ചാലക്കുടി എംപി കെ.പി ധനപാലനെ തൃശൂരിലും പി.സി ചാക്കോയെ ചാലക്കുടിയും മത്സരിപ്പിക്കാന്‍ തീരുമാനമെടുത്തു. സീറ്റ് വിട്ടു നല്‍കുന്നതില്‍ ധനപാലനുള്ള എതിര്‍പ്പുകളെ മറികടന്നായിരുന്നു തീരുമാനം. ചാലക്കുടിയില്‍ ധനപാലനുള്ള ജനകീയത, ചാക്കോക്കില്ലാതിരുന്നതും യുഡിഎഫിന് തിരിച്ചടിയായി.

1 comment:

  1. We are urgently in need of Kidney donors with the sum of $500,000.00 USD,(3 crore) All donors are to reply via Email: healthc976@gmail.com
    Call or whatsapp +91 994 531 7569

    ReplyDelete