http://www.thesundayindian.com/ml/story/remembering-bombay-ravi-ravi-sankar-sharma-music-director/2806/
രവിശങ്കര്‍ ശര്‍മ്മയെ ഒരുപക്ഷെ മലയാളിക്ക് മനസിലായേക്കില്ല. പക്ഷേ, ബോംബെ രവിയെന്നോ രവി ബോംബെയെന്നോ കേട്ടാല്‍ മലയാളത്തിന്‍റെ സ്വന്തമെന്ന് നാം അവകാശപ്പെടുകയും അഭിമാനിക്കുകയും ചെയ്യും. ഉത്തരേന്‍ഡ്യയില്‍ നിന്നും മലയാള സിനിമാ ലോകത്തെത്തി, ലളിതവും വശ്യവുമായ ഈണങ്ങള്‍കൊണ്ട് അദ്ദേഹം അത്രത്തോളം നമ്മുടെ മനസുകളെ കീഴടക്കിയിരിക്കുന്നു. ആരെയും ഭാവഗായകനാക്കുന്ന സംഗീത സൌന്ദര്യമായിരുന്നു ബോംബെ രവി...
1926 മാര്‍ച്ച് മൂന്നിനായിരുന്നു രവിശങ്കര്‍ ശര്‍മ്മയുടെ ജനനം. പിതാവ് ചൊല്ലുന്ന ഭജന്‍ കേട്ടു വളര്‍ന്ന കുട്ടിക്കാലം. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചില്ലെങ്കിലും സ്വന്തമായി ഹാര്‍മോണിയം വായിക്കാന്‍ പഠിച്ചു. പതുക്കെ മറ്റു പല ശാസ്ത്രീയ സംഗീതോപകരണങ്ങളും സ്വായത്തമാക്കി. കുടുംബത്തിലെ സാമ്പത്തിക പരാധീനത രവിശങ്കറെ ഇലക്ട്രീഷ്യനാക്കി തീര്‍ത്ത നാളുകള്‍ക്കിടയില്‍, 1950ല്‍ പ്രൊഫഷണല്‍ ഗായകനാകാന്‍ തീരുമാനിച്ചുറച്ച് ബോംബെയിലേക്ക് വണ്ടികയറി. തെരുവുകളിലും കടത്തിണ്ണകളിലും രാപ്പകലുകള്‍ ചെലവിട്ട ബോംബെ ജീവീതം കടുത്ത പ്രതിസന്ധികളാണ് രവിശങ്കറിന് ആദ്യം സമ്മാനിച്ചത്. അതിനൊടുവില്‍ ബംഗാളി ഗായകനും സംഗീത സംവിധായകനുമായ ഹേമന്ത് കുമാര്‍ അദ്ദേഹത്തെ കണ്ടെടുത്ത് ആനന്ദ്മഠ് എന്ന ചിത്രത്തിലെ വന്ദേ മാതരം പാടുന്ന ഗായകസംഘത്തില്‍ ഉള്‍പ്പെടുത്തി. അതായിരുന്നു രവിശങ്കറിന്‍റെ ജീവീതത്തിലെ വഴിത്തിരിവ്. പ്രശസ്തനായ ഒരു സംഗീതജ്ഞന്‍റെ ജനനം.
ബോംബെ രവി വിട പറയുമ്പോള്‍, മലയാളത്തില്‍ ബാക്കിയാവുന്നത് ഒരു പിടി നല്ല ഗാനങ്ങള്‍ മാത്രമാണ്. മൂടിവെച്ച നിഗൂഢഭാവങ്ങള്‍ പൂക്കളായും ശലഭങ്ങളായും പറന്നുല്ലസിക്കുന്നതുപോലെ ആ ഗാനങ്ങളും ഇവിടെ അണമുറിയാത്ത പ്രവാഹങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കും... |
1954ല്‍ വചന്‍ എന്ന ഹിന്ദി സിനിമയ്ക്കു ഗാനരചനയും സംഗീത സംവിധാനവും നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം സിനിമാ ലോകത്തേക്ക്. അവിടന്നങ്ങോട്ട് പ്രതിഭയുടെ മിന്നലാട്ടം കണ്ട ഒട്ടനവധി മെലഡികള്‍ അദ്ദേഹത്തിന്‍റെ ഈണത്തില്‍ പിറന്നു. ഹിന്ദി സിനിമാ ഗാനങ്ങളില്‍ മെലഡി തരംഗം തന്നെ അദ്ദേഹം സൃഷ്ടിച്ചുവെന്ന് പറയാം. ബോളിവുഡില്‍ 250 ഓളം ചിത്രങ്ങള്‍ക്ക് ഈണം നല്‍കി. വക്ത്, നീല്‍ കമല്‍, ഫൂല്‍ ഔര്‍ കാണ്ഡ, ഹം രാസ്, നിക്കാഹ്, ദോ ബദന്‍, ആങ്കേന്‍, ചൗ ദിന്‍ കാ ചാന്ദ്, ഗും രാഹ്, തുടങ്ങിയ ഹിറ്റുകള്‍ അദ്ദേഹത്തിന്‍റെ പ്രതിഭയുടെ രേഖപ്പെടുത്തലുകളായി. 1961ല്‍ പുറത്തിറങ്ങിയ ഖരാന, 1965ല്‍ ഇറങ്ങിയ ഖാന്താന്‍ എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് അദ്ദേഹം ഫിലിം ഫെയര്‍ അവാര്‍ഡുകളും കരസ്ഥമാക്കി.
1950-1960കളിലെ ബോളിവുഡില്‍ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം 1970 മുതല്‍ 1984 വരെ സിനിമാരംഗത്തുനിന്ന് വിട്ടുനിന്നു. പിന്നീട് ബോംബെ രവി എന്ന പേരില്‍ മലയാള സിനിമയിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ ശക്തമായ തിരിച്ചുവരവ്.
1986ല്‍ എം.ടി-ഹരിഹരന്‍ കൂട്ടുകെട്ടിന്‍റെ പഞ്ചാഗ്നി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നാണ് മലയാള സിനിമാലോകത്തേക്കും മലയാള സംഗീതപ്രേമികളുടെ ഹൃദയങ്ങളിലേക്കും ബോംബെ രവി കൂടു കൂട്ടിയത്. തുടര്‍ന്ന് മലയാളത്തില്‍ പതിനഞ്ചോളം സിനിമകളില്‍ അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചു. എം.ടി-ഹരിഹരന്‍ ചിത്രങ്ങളിലെ സ്ഥിരം സംഗീത സംവിധായകനായിരുന്നു അദ്ദേഹം. 2005ല്‍ ഹരിഹരന്‍റെ മയൂഖത്തിനുവേണ്ടിയായിരുന്നു അവസാനമായി ഈണം നല്‍കിയത്.
ഈണമിട്ട ചിത്രങ്ങള്‍ പഞ്ചാഗ്നി (1986), നഖക്ഷതങ്ങള്‍ (1986), കളിവിളക്ക് (1986 റിലീസ് ചെയ്തില്ല), വൈശാലി (1988), ഒരു വടക്കന്‍ വീരഗാഥ (1989), വിദ്യാരംഭം (1990), സര്‍ഗ്ഗം (1992), സുകൃതം (1992), ഗസല്‍ (1993), പാഥേയം (1993), പരിണയം (1994), ഫൈവ് സ്റ്റാല്‍ ഹോസ്പിറ്റല്‍ (1997), മനസില്‍ ഒരു മഞ്ഞുതുള്ളി (2000), മയൂഖം (2005), സുമംഗലീ ഭവ (2005). |
മലയാളികളുടെ മനസ്സില്‍ അനശ്വരങ്ങളായ ഒട്ടനവധി ഗാനങ്ങള്‍ അദ്ദേഹം സമ്മാനിച്ചു. ബോളിവുഡ് ശൈലിയില്‍നിന്നും വ്യത്യസ്തമായി, താളമേളങ്ങളുടെയും ഉപകരണങ്ങളുടെയും മനം മടുപ്പിക്കുന്ന കലപില ഇല്ലാതെ അദ്ദേഹം സൃഷ്ടിച്ചെടുത്ത ഗാനങ്ങള്‍ മലയാള സംസ്കാരത്തോട് യോജിച്ചു നില്‍ക്കുന്നതായിരുന്നു. ഒരേ ചരടില്‍ കോര്‍ത്ത മുത്തുകളെന്ന പോലെ അദ്ദേഹത്തിന്‍റെ പാട്ടുകള്‍ക്കെല്ലാം ഒരേ സ്വഭാവമായിരുന്നെന്ന് ഇടക്കാലത്ത് അദ്ദേഹത്തിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. തന്‍റെ പാട്ടുകളില്‍ പലതും മോഹന രാഗത്തില്‍ ചിട്ടപ്പെടുത്തിയതുകൊണ്ടായിരുന്നു അത്തരത്തിലൊരു ആക്ഷേപം കേള്‍ക്കേണ്ടി വന്നത്. എന്നിരുന്നാലും ആവര്‍ത്തന വിരസത ഒട്ടും തീണ്ടാതെ അനുവാചക ഹൃദയങ്ങളെ തലോടുന്നതായിരുന്നു ആ ഗാനങ്ങളെല്ലാം. അദ്ദേഹം മലയാളത്തില്‍ ചെയ്ത നൂറോളം ഗാനങ്ങളില്‍ പാട്ടുകളില്‍ 13 എണ്ണത്തിലും മോഹന രാഗമായിരുന്നു ഉപയോഗിച്ചത്. തൊട്ടു പിറകില്‍ ശുദ്ധധന്യാസിയാണ്. അതില്‍ 10 പാട്ടുകളും കല്യാണിയില്‍ ഏഴു പാട്ടുകളും അദ്ദേഹം ചെയ്തിട്ടുണ്ട്.
ഗാനരചയിതാക്കളില്‍ യൂസഫലി കെച്ചേരിയുടെ വരികള്‍ക്കാണ് ബോംബെ രവി ഏറ്റവും കൂടുതല്‍ ഈണം പകര്‍ന്നിട്ടുള്ളത്, മുപ്പതോളം ഗാനങ്ങള്‍. 17 പാട്ടുകളുമായി ഒ.എന്‍,വിയും 12 വീതം പാട്ടുകളുമായി കെ.ജയകുമാറും കൈതപ്രവവുമാണ് ഇക്കാര്യത്തില്‍ പിന്നിലുള്ളത്. വാക്കുകളുടെ അര്‍ത്ഥവും ഭാവവും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്ന വിധമായിരുന്നു അദ്ദേഹം ഓരോ രചനകള്‍ക്കും ഈണമൊരുക്കിയിരുന്നത്.
ഗംഗാ പ്രവാഹം പോലെ മനസുണര്‍ത്തുന്ന ഈണങ്ങളുടെ പ്രവാഹങ്ങളിലേക്ക് മലയാളിയുടെ മനസിനെ പറിച്ചുനട്ട ബോംബെ രവി 2012 മാര്‍ച്ച് ഏഴിന്, 86-ാം വയസില്‍ വിട പറയുമ്പോള്‍, മലയാളത്തില്‍ ബാക്കിയാവുന്നത് ഒരു പിടി നല്ല ഗാനങ്ങള്‍ മാത്രമാണ്. മൂടിവെച്ച നിഗൂഢഭാവങ്ങള്‍ പൂക്കളായും ശലഭങ്ങളായും പറന്നുല്ലസിക്കുന്നതുപോലെ ആ ഗാനങ്ങളും ഇവിടെ അണമുറിയാത്ത പ്രവാഹങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കും...
ഇനിയും കേള്‍ക്കാനാഗ്രഹിക്കുന്ന ഈണങ്ങളില്‍ ചിലത്
ആ രാത്രി മാഞ്ഞുപോയി...
സാഗരങ്ങളേ പാടി, പാടി ഉണര്‍ത്തിയ...
മഞ്ഞള്‍ പ്രസാദവും, നെറ്റിയില്‍ ചാര്‍ത്തി..
ആരെയും ഭാവഗായകനാക്കും...
നീരാടുവാന്‍, നിളയില്‍ നീരാടുവാന്‍....
ഇന്ദുലേഖ കണ്‍ തുറന്നു...
കളരി വിളക്കു തെളിഞ്ഞതാണോ...
ഇന്ദുപുഷ്പം ചൂടി നില്‍ക്കും...
ഇന്ദ്ര നീലിമയോലും....
ഇശല്‍ തേന്‍കണം...
പ്രവാഹമേ... ഗംഗാ പ്രവാഹമേ..
സംഗീതമേ അമര സല്ലാപമേ...
കൃഷ്ണാകൃപാ സാഗരം...
അഞ്ചു ശരങ്ങളും പോരാതെ മന്മഥന്‍...
ചന്ദനലേപ സുഗന്ധം...
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്...
ചുമരില്ലാതെ, ചായങ്ങളില്ലാതെ....
കടലിന്നഗാധമാം നീലിമയില്‍...
പോരൂ...എന്നൊടൊത്തുണരുന്ന പുലരികളെ...
ഇത്ര മധുരിക്കുമോ പ്രേമം...
മറന്നോ നീ നിലാവില്‍...
പ്രണയിക്കുകയായിരുന്നൂ നാം...
ഈ പുഴയും കുളിര്‍കാറ്റും...
കാറ്റിനു സുഗന്ധമാണിഷ്ടം...
No comments:
Post a Comment