ബന്ധങ്ങള്‍ ബന്ധനങ്ങളാകുന്നതിന്‍റെ സാക്‌ഷ്യം മാത്രമല്ല സ്വയംപര്യാപ്തത നേടിയ സ്ത്രീയും പുരുഷനും പരസ്പരം വിട്ടുവീഴ്ചക്കു തയ്യാറാകാത്തതിന്‍റെ അനന്തരഫലങ്ങള്‍ കൂടിയാണ് വര്‍ധിക്കുന്ന വിവാഹമോചനങ്ങള്‍...
http://www.thesundayindian.com/ml/story/how-divorces-happen-divorce-in-kerala/2906/
വിവാഹം സ്വര്‍ഗത്തിലുംവിവാഹമോചനം കുടുംബകോടതിയിലും എന്നതാണ് പുതിയ ചൊല്ല്. സാമൂഹ്യ ജീവീതത്തില്‍ അനിവാര്യമായ ഒരു സ്ഥാപനമെന്ന നിലയില്‍നിന്നും ജീവിതത്തില്‍ എപ്പോഴോ കടന്നുപോകേണ്ട ഒരു ഘട്ടം എന്ന നിലയിലേക്ക് വിവാഹവും ദാമ്പത്യ ജീവിതവും മാറിയിരിക്കുന്നു. സാമുഹികവും കുടുംബപരവുമായ ഉത്തരവാദിത്വങ്ങള്‍ വ്യക്തി സ്വാതന്ത്ര്യത്തിന് തന്നെ വിലങ്ങുതടിയാണെന്ന ചിന്താഗതിയാണ് പുതുതലമുറക്കുളളത്. വ്യവസ്ഥാപിതങ്ങളെ പൊളിച്ചെഴുതാന്‍ വെമ്പല്‍കൊളളുന്ന ഒരു കാലഘട്ടത്തില്‍ വിവാഹ സങ്കല്‍പ്പങ്ങളും മാറിനില്‍ക്കുന്നില്ല. സാമുഹ്യ, കുടുംബ ബന്ധങ്ങളുടെ മൂല്യത്തേക്കാള്‍ വ്യക്തി ജീവീതത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കാന്‍ പുതുതലമുറ ദമ്പതികള്‍ ശ്രമിക്കുന്നതിലൂടെ ഒന്നു നഷ്ടപ്പെട്ടാല്‍ മറ്റൊന്ന് എന്ന സാമാന്യതത്വം തന്നെയാണ് കുടുംബജീവിതത്തിലും പ്രാവര്‍ത്തികമാകുന്നത്. വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, ആരോഗ്യ, സാങ്കേതിക മേഖലകളില്‍ ഉന്നത സ്ഥാനം അലങ്കരിക്കുന്ന ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തില്‍ അധികരിക്കുന്ന വിവാഹമോചന കഥകള്‍ സമൂഹത്തിന് നല്‍കുന്നത് ഒരിക്കലും നല്ല സൂചനകളല്ല.
അടുത്തിടെയുണ്ടായ ചില സംഭവങ്ങള്‍ നോക്കുക:
മൂന്നുവര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ നിഖിലും ജ്യോതിയും ഒരു കാര്യത്തില്‍ യോജിച്ചു. നിര്‍ഭാഗ്യവശാല്‍ ദാമ്പത്യ ജീവിതത്തെ സംബന്ധിച്ചിടത്തോളം നല്ല കാര്യത്തിനായിരുന്നില്ല അത്. കുടുംബകോടതിയില്‍ പരസ്പര സമ്മതത്തോടെ വിവാഹമോചന ഹര്‍ജി സമര്‍പ്പിക്കാനായിരുന്നു കാലങ്ങള്‍ക്കൊടുവില്‍ ഇരുവരും യോജിച്ചൊരു തീരുമാനമെടുത്തത്.
രണ്ടു വയസുപോലും പ്രായമാകാത്ത മകനെ ഓര്‍ത്തു സിന്ധു തിരികെ ചെന്നു. എന്നാല്‍, സിന്ധുവിന്‍റെ മാതാപിതാക്കളുടെ രഹസ്യ അന്വേഷണത്തെ ക്കുറിച്ചറിഞ്ഞ രാജന്‍ സിന്ധുവിനെ മര്‍ദ്ദിച്ചവശയാക്കി. ദേഹം മുഴുവന്‍ മുറിവുകളേറ്റു കിടന്ന സിന്ധുവിനെ ആശുപത്രിയില്‍ പോകാന്‍ പോലും അനുവദിച്ചില്ല. മകനെപ്പോലും പീഡിപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എ ത്തി |
കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും അതൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു. പുതു തലമുറ കുടുംബത്തിന്‍റെ പ്രതീകങ്ങളായ നിഖിലും ജ്യോതിയും അത്യാവശ്യം നല്ല കുടുംബ സാഹചര്യത്തില്‍ വളര്‍ന്നവരാണ്. രണ്ടുപേര്‍ക്കും പ്രശസ്തമായ ഐടി കമ്പനിയിലാണ് ജോലി. അവിടെ വെച്ചാണ് രണ്ടുപേരും കാണുന്നതും പ്രണയത്തിലാകുന്നതും. രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കുടുംബാംഗങ്ങള്‍ വളരെ ആര്‍ഭാടമായാണ് ഇരുവരുടെയും വിവാഹം നടത്തിയത്. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ മാതൃകാ ദമ്പതികളുടെ സ്ഥാനമായിരുന്നു ഇരുവര്‍ക്കും. ജോലിയിലെ മികവ് പോലെ അവരുടെ കുടുംബ ജീവിതവും മികച്ചതാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ മൂന്നു വര്‍ഷങ്ങള്‍ പിന്നിടുമ്പോഴേക്കും ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചതു കേട്ട് ഒന്നും മനസിലാക്കാനാകാത്ത അവസ്ഥയിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും.
ഏറെ ആഘോഷത്തോടെയായിരുന്നു രാജന്‍റെയും സിന്ധുവിന്‍റെയും വിവാഹം. ഇടത്തരം സാമ്പത്തികശേഷിയുളള വീട്ടിലെ ഏകമകളായിരുന്നു സിന്ധു. സര്‍ക്കാര്‍ ഓഫീസില്‍ അറ്റന്‍ഡറായിരുന്നു രാജന്‍. അമ്മയും പെങ്ങളും അടങ്ങുന്ന ചെറിയ കുടുംബം. എന്നാല്‍, വിവാഹശേഷം കാര്യങ്ങള്‍ അത്ര ശുഭമായിരുന്നില്ല. രാജന്‍റെ സ്വഭാവത്തിനുണ്ടായ മാറ്റം സിന്ധുവിനെ ഞെട്ടിച്ചു. ജോലി കഴിഞ്ഞ് മദ്യപിച്ചെത്തി സിന്ധുവിനെ ദേഹോപദ്രവം ഏല്‍പ്പിക്കുന്നത് രാജന്‍റെ ഒരു ശീലമായി. ആദ്യകാല ങ്ങളില്‍ മദ്യപിച്ചാല്‍ മാത്രമായിരുന്നു ഉപദ്രവമെങ്കില്‍ പിന്നീട് നിസാര കാര്യങ്ങള്‍ക്കുപോലും വലിയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടതായി വന്നു. അമ്മയോടും പെങ്ങളോടും പറഞ്ഞപ്പോള്‍, സിന്ധുവിന്‍റെ കഴിവില്ലായ്മയാണെന്ന് കുറ്റപ്പെടുത്തി. സ്വന്തം വീട്ടില്‍ പോകാന്‍ പോലും അനുവാദമില്ലാതെയായി. സ്ത്രീധനമായി കൊടുത്ത പണവും ആഭരണങ്ങളുമെല്ലാം സ്ഥലം വാങ്ങാനും പുതിയ വീടു വെയ്ക്കാനുമാണെന്നും പറഞ്ഞു പലപ്പോഴായി വിറ്റു. ഒരു ദിവസം സ്ഥലം രജിസ്ട്രേഷന് കുറച്ചു പണം കൂടി ആവശ്യമാണെന്നും അല്ലെങ്കില്‍ ഇപ്പോള്‍ കൊടുത്ത തുക നഷ്ടപ്പെടുമൊന്നൊക്കെ പറഞ്ഞ് മാതാപിതാക്കളില്‍ നിന്നും പണം വാങ്ങിവരാന്‍ നിര്‍ബന്ധിച്ച് സിന്ധുവിനെ അവളുടെ വീട്ടിലേക്കയച്ചു. കാര്യങ്ങളറിഞ്ഞ മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ മനസിലാകുന്നത്. പെങ്ങളുടെ വിവാഹത്തിനുളള ശ്രമത്തിലായിരുന്നു രാജന്‍. സ്ത്രീധന തുകയും സ്വര്‍ണ്ണവും കൊടുത്ത് വാങ്ങിയ സ്ഥലം പെങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. രാജനും വീട്ടുകാരും ചേര്‍ന്ന് സിന്ധുവിനെയും കുടുംബത്തെയും സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നു. എല്ലാമറിഞ്ഞപ്പോള്‍ തളര്‍ന്നുപോയെങ്കിലും രണ്ടു വയസുപോലും പ്രായമാകാത്ത മകനെ ഓര്‍ത്തു സിന്ധു തിരികെ ചെന്നു. എന്നാല്‍, സിന്ധുവിന്‍റെ മാതാപിതാക്കളുടെ രഹസ്യ അന്വേഷണത്തെ ക്കുറിച്ചറിഞ്ഞ രാജന്‍ സിന്ധുവിനെ മര്‍ദ്ദിച്ചവശയാക്കി. ദേഹം മുഴുവന്‍ മുറിവുകളേറ്റു കിടന്ന സിന്ധുവിനെ ആശുപത്രിയില്‍ പോകാന്‍ പോലും അനുവദിച്ചില്ല. മകനെപ്പോലും പീഡിപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എ ത്തിയപ്പോള്‍ അവിടെ നിന്നും രക്ഷപെട്ട സിന്ധു മാതാപിതാക്കള്‍ വഴി പൊലീസ് വനിതാ സെല്ലില്‍ പരാതി നല്‍കി. ഇതില്‍ പ്രകോപിതരായ രാജനും പെങ്ങളും പൊലീസ് സ്റ്റേഷനു വെളിയില്‍, നാട്ടു കാര്‍ നോക്കിനില്‍ക്കെ സിന്ധുവിനെ മര്‍ദ്ദിച്ച് അവശയാക്കിയതുവരെ കാര്യങ്ങളെത്തി നില്‍ക്കുന്നു.
ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു ഷിബുവിന്‍റെയും ഹിമയുടേതും. നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്ന ഷിബു പക്ഷേ വീട്ടില്‍ തികഞ്ഞ ചട്ടമ്പിയായിരുന്നു. മാതാപിതാക്കള്‍ക്കുപോലും ഷിബുവിനെ പേടിയായിരുന്നു എന്നതാണ് സത്യം. ലൈംഗിക ജീവീതത്തില്‍ പലപ്പോഴും പരാജയമായിരുന്ന ഷിബു അതു മറച്ചുവെക്കാന്‍ എന്തിനും ഏതിനും ഹേമയെ കുറ്റപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. അതിനു തടസം നിന്ന മാതാപിതാക്കളെ പോലും ഷിബു മര്‍ദ്ദിക്കുമായിരുന്നു. ഭര്‍ത്താവില്‍ നിന്നും സ്നേഹവും ആശ്വാസവും ലഭിക്കില്ലെന്നു കണ്ടപ്പോള്‍ ഷിബുവിന്‍റെ മാതാപിതാക്കളുടെ സഹായത്തോടെ മൂന്നു മാസത്തിനുളളില്‍ തന്നെ ഹിമ അവിടെ നിന്നും രക്ഷപെട്ടു. വിവാഹമോചനത്തിന് ഒരു വര്‍ഷം വരെ കാത്തിരുന്ന ഹേമ ഇപ്പോള്‍ രണ്ടാം വിവാഹത്തിന്‍റെ തിരക്കിലാണ്.
സംസ്ഥാനത്ത് അരങ്ങേറുന്ന ഒട്ടനവധി സംഭവങ്ങളില്‍ ചിലതു മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. ശിഥിലമാകുന്ന കുടും ബജീവിതങ്ങള്‍ ഇന്നിവിടെ സാധാരണ സംഭവമായിരിക്കുന്നു. വിവാഹം പരിപാവനമായ ആചാരമായും വിവാഹമോചനം അസാധ്യമാണെന്നും തെറ്റാണെന്നുമൊക്കെ കരുതിയിരുന്ന ഒരു സമൂഹം പൊടുന്നനെ അതിനെയെല്ലാം നിസാരവത്കരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. സംസ്ഥാനത്ത് മുമ്പെങ്ങുമില്ലാത്ത വിധം വിവാഹമോചന നിരക്ക് വര്‍ധിക്കുന്നതായാണ് അടുത്തിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞ മറുപടിയില്‍ നിന്നും മനസിലാക്കാനാകുന്നത്. 2011 ജനുവരി മുതല്‍ 2012 ജനുവരി വരെ 44,236 വിവാഹമോചന കേസുകള്‍ സംസ്ഥാനത്തെ പതിനാറോളം കുടുംബകോടതികളിലായി ഫയല്‍ ചെയ്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ വിവാഹമോചന നിരക്കില്‍ 350% വര്‍ധനയുണ്ടാതായാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലാണ് വിവാഹ മോചന കേ സുകള്‍ വളരെയധികം വര്‍ധിച്ചത്. 2005- 06ല്‍ ഏകദേശം 8,456 കേസുകളാണ് വിവിധ കുടുംബകോടതികളിലായി ഫയല്‍ ചെയ്തിരുന്നത്. 2006-07ല്‍ അത് 9,775 ആയി ഉയര്‍ന്നു. 2007-08ല്‍ 9,937ആയും 2008-09ല്‍ 11,194 ആയും 2009-10ല്‍ 11,600 ആയും 20098-10ല്‍ ഏകദേശം 24,515 ആയും അത് വര്‍ധിച്ചു. പ്രതിദിനം 100 മുതല്‍ 150 വരെ ഹര്‍ജികള്‍ കുടുംബകോടതിയിലെത്തുന്നുണ്ട്. ഓരോ വര്‍ഷവും 10-40 ശതമാനം വരെ വര്‍ധന!!!
> വിവാഹമോചനം ഇനി കൂടുതല്‍ എളുപ്പം: ഹിന്ദു വിവാഹനിയമ ഭേദഗതിക്ക് അംഗീകാരം> "മുസ്ലീം സ്ത്രീക്കും തലാക്ക് ചൊല്ലാം" |
ലോക്സഭയില്‍ കഴിഞ്ഞവര്‍ഷം രാജ്യത്തെമ്പാടുമുളള വിധവകളുടെയും അഗതികളായ സ്ത്രീകളുടെയും സ്ഥിതിയെക്കുറിച്ചുളള ചോദ്യത്തിന് നല്‍കിയ ഉത്തരം കേരളത്തിലെ അവസ്ഥ എത്രമാത്രം ഭീകരമാണെന്ന് വ്യക്തമാക്കുന്നതാണ്. രാജ്യത്ത് വിധവകളുടെയും അഗതികളായ സ്ത്രീകളുടെയും മൊത്തം എണ്ണം23.43 ലക്ഷം, കേരളത്തിന്‍റെ പങ്ക് 1.96 ലക്ഷം, അതായത് 8.36%. രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ കേരളത്തിന്‍റെ സംഭാവന വെറും മൂന്ന് ശതമാനം മാത്രമായിരുന്നു. ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ കുടുംബ ബന്ധങ്ങള്‍ എത്രത്തോളം തകര്‍ച്ചയിലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകളും റിപ്പോര്‍ട്ടുകളും. സംസ്ഥാനത്തെ പുതുതലമുറയുടെ വക്താക്കളായ ദമ്പതികള്‍ക്കിടയിലുണ്ടാകുന്ന ഇത്തരം പൊട്ടിത്തെറികള്‍ ആശങ്കയുണ്ടാക്കുന്നതാണ്.
കഴിഞ്ഞവര്‍ഷങ്ങളില്‍ മുന്നില്‍ നിന്നിരുന്ന തൃശൂര്‍, എറണാകുളം, പത്തനംതിട്ട ജില്ലകളെ മറികടന്ന് തലസ്ഥാന നഗരിയായ തിരുവനന്തപുരം ഇത്തവണ പട്ടികയില്‍ ഒന്നാമതെത്തി. മദ്യപാനത്തിന്‍റെയും സ്ത്രീപീഡനത്തിനും പിറകെ വിവാഹമോചനത്തിന്‍റെ കാര്യത്തിലും ജില്ലകള്‍ തമ്മില്‍ മത്സരിക്കുകയാണ്. ആകെ 44236 കേസുകളില്‍ 6000ഓളം കേസുകളുമായി മുന്നിട്ടുനില്‍ക്കുന്ന തിരുവനന്തപുരം വിവാഹമോചനത്തിന്‍റെ തലസ്ഥാനം കൂടിയായി പേരെടുത്തിരിക്കുകയാണ്. നെടുമങ്ങാടും തിരുവനന്തപുരത്തുമായി രണ്ട് കുടുംബകോടതികളാണ് ജില്ലയിലുളളത്. 4243 കേസുകളുമായി കൊല്ലം ജില്ല യാണ് രണ്ടാം സ്ഥാനത്തുളളത്. തൃശൂര്‍ (4063), കോഴിക്കോട് (4008), മലപ്പുറം (3934), എറണാകുളം (3712), കോട്ടയം (2880), പത്തനംതിട്ട (2044),ആലപ്പുഴ (2361), ഇടുക്കി (1161), കാസര്‍ഗോഡ് (987) എന്നിങ്ങനെയാണ് പട്ടിക. സംസ്ഥാനത്ത് ഏറ്റവും കുറവ് കേസുകള്‍ (341) ഫയല്‍ ചെയ്തിരിക്കുന്നത് വയനാട് ജില്ലയിലാണ്. 1976ലെ വിവാഹമോചന ആക്ട് ഭേദഗതി ചെയ്തതിലൂടെ ദമ്പതിമാരുടെ പരസ്പര സമ്മതത്തോടെ വിവാഹമോചനം വേഗം സാധ്യമാകുമെന്നതും വേര്‍പിരിയല്‍ കാലാവധി രണ്ടു വര്‍ഷത്തില്‍ നിന്നും ഒരു വര്‍ഷമായി കുറച്ചുകൊണ്ടുളള കേരള ഹൈക്കോടതി വിധിയുമാണ് ഇക്കാലയളവില്‍ വിവാഹമോചന നിരക്ക് വര്‍ധിക്കാന്‍ കാരണമായത്. കുടുംബകോടതികളില്‍ മാത്രമുളള കേസുകളുടെ കാര്യമാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. പൊലീസ് വനിതാ സെല്ലിലെയും സ്ത്രീപക്ഷ-നിയമ വേദികളിലുമുളള പരാതികളും കേസുകളും കൂടി പരിഗണിച്ചാല്‍ നിരക്ക് ഇനിയും ഉയരും. മത, സമുദായ തലവന്മാരുടെ കീഴിലുളള കേസുകളൊന്നും തന്നെ കണക്കില്‍പ്പെടുന്നില്ല. വിവാഹമോചനം തേടുന്നവരില്‍ 80 ശതമാനവും 25-35 വയസിനിടയിലുളളവരാണെന്നതാണ് ആശങ്കാജനകമായ വസ്തുത.
കേരളത്തിലെ വിവാഹമോചനത്തിന് കൃത്യമായ ഒരു കാരണം കണ്ടെത്തുക അസാധ്യമാണ്. എന്തും വിവാഹമോചനത്തിന് കാരണമാകാമെന്നാണ് ഹര്‍ജികള്‍ പരിശോധിക്കുമ്പോള്‍ മനസിലാകുന്നതെന്ന് കുടുംബ കേസുകള്‍ കൈകാര്യം ചെയ്യുന്നവരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ഭര്‍ത്താവിന്‍റെ വിയര്‍പ്പുനാറ്റവും കൂര്‍ക്കംവലിച്ചുളള ഉറക്കവും തുടങ്ങി വളരെ ഗൌരവമായ വിഷയങ്ങള്‍ വരെയത് നീണ്ടുകിടക്കുന്നു. സ്ത്രീധന പീഡനം, മദ്യപാനം, അവിഹിത ബന്ധം, വിവാഹേതര ബന്ധങ്ങള്‍, അരക്ഷിതാവസ്ഥ, മാനസികവും ലൈംഗികവും ശാരീരികവുമായ പീഡനം, വിഷാദം, നിരാശ, ലൈംഗിക പ്രശ്നങ്ങള്‍, പ്രത്യുല്‍പ്പാദന ശേഷിക്കുറവ്, മാനസിക രോഗം, ഭാര്യ/ഭര്‍ത്താവിന്‍റെ വീട്ടുകാരുമായി പരസ്പരം സഹകരിക്കാനുളള ബുദ്ധിമുട്ടുകള്‍, കുടുംബങ്ങള്‍ തമ്മിലുളള പ്രശ്നങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍, മതപരമായ പ്രശ്നങ്ങള്‍, നിയമസാക്ഷരത, സ്ത്രീകളുടെ സാമ്പത്തിക സ്വാശ്രയത്വം, സ്വയം പര്യാപ്തത എന്നിങ്ങനെ നിരവധി കാരണങ്ങള്‍ വിവാഹ മോചനത്തിനായി നിരത്തിക്കാട്ടാം.
മദ്യം, മയക്കുമരുന്ന്, രാത്രിസല്‍ക്കാരങ്ങള്‍, വിവാഹത്തിനു മുമ്പും പിന്നിടുമുളള ലൈംഗിക ബന്ധത്തിനുളള സാധ്യതകള്‍, പര സ്പരം ഒളിച്ചുവെക്കുന്ന ജീവീത സത്യങ്ങള്‍ എന്നിവയെല്ലാം കുടുംബബന്ധങ്ങള്‍ തകരാന്‍ കാരണമാകുന്നുണ്ട്. |
വിവാഹമോചന കേസുകളില്‍ 40% മദ്യപാനം കാരണമാണ്. 35% വിവാഹേതര ലൈംഗിക ബന്ധങ്ങളും സംതൃപ്തമല്ലാത്ത ലൈംഗിക ജീവീതവും (ലൈംഗിക വൈകൃതങ്ങളും) കാരണമാണുണ്ടാകുന്ന ത്.15% മാനസിക പ്രശ്നങ്ങള്‍ കാരണവും അവശേഷിക്കുന്ന 10% സ്ത്രീധന പീഡനവും ഭര്‍തൃവീട്ടിലെ പീഡനവും ഉള്‍പ്പെടെയുളള മറ്റു കാരണങ്ങളും കൊണ്ടുളളതുമാണ്. അതേസമയം, മദ്യപാനവും കുടുംബജീവിതത്തിന്‍റെയും സാമ്പത്തിക സ്ഥിതിയുടെയും തകര്‍ച്ച, ശാരീരിക പീഡ നങ്ങള്‍, അരക്ഷിതാവസ്ഥ, അനുകൂലമല്ലാത്ത കുടുംബാന്തരീക്ഷം എന്നിങ്ങനെയുളള കാരണങ്ങളുമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കേരളത്തില്‍ സ്ത്രീധന പീഡന നിരക്കും മരണവും വളരെ കുറഞ്ഞതായി സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. അതേസമയം, ഗാര്‍ഹിക പീഡനത്തിന്‍റെ കാര്യത്തില്‍ വര്‍ധനവ് കാണാനാകുന്നുണ്ട്. മദ്യപാന സംസ്കാരത്തെയാണ് അതിനു കാരണമായി പറയുന്നത്. നാഷണല്‍ ഫാമിലി സര്‍വേ-3 പ്രകാരം 16% കുടുംബങ്ങളെ ഗാര്‍ഹിക പീഡനം സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഗ്രാമീണ മേഖലകളില്‍ മദ്യപാനവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളുമാണ് വിവാഹമോചനത്തിനുളള പ്രധാന കാരണമാകുന്നത്. എന്നാല്‍ നഗര ങ്ങളില്‍ സാമ്പത്തിക സ്വാശ്രയത്വവും സ്വയം പര്യാപ്തതയുമാണ് പെട്ടെന്നുളള വിവാഹമോചനങ്ങള്‍ക്കുളള പ്രധാന കാരണങ്ങളായി ചൂണ്ടികാണിക്കപ്പെടുന്നത്. മാനസിക പിരിമുറുക്കവും സമര്‍ദ്ദവും നിറഞ്ഞ തിരക്കിട്ട ജീവിതത്തില്‍ പരസ്പരം സമയം ചെലവിടാനോ, മനസിലാക്കാനോ വിട്ടുവീഴ്ച ചെയ്യാനോ തയ്യാറാകാതെ വരുമ്പോള്‍ കുടുംബജീവിതങ്ങള്‍ ശിഥിലമാകുന്നു. വിവാഹമോചനത്തിന്‍റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ തിരുവനന്തപുരം പോലൊരു നഗരത്തില്‍, വിവാഹമോചനത്തിന്‍റെ 30 ശതമാനവും ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കിടയിലാണ്. വിവാഹം കഴിഞ്ഞ് മൂന്നു വര്‍ഷം പോലും പിന്നിടുന്നതിനു മുമ്പു തന്നെ പലരും വിവാഹമോചനം തേടി കോടതിയിലെത്തുന്നു. പല കാരണങ്ങള്‍ പറയപ്പെടുന്നുണ്ട്. രാത്രിസമയ ജോലി, അശ്ലീല ചിത്രങ്ങളോടുമുളള അഭിനിവേ ശം, സ്ത്രീകള്‍ക്കിടയിലെ വര്‍ധിച്ച സ്വാശ്രയത്വ ബോധം എന്നിവയാണ് പ്രധാന കാരണങ്ങളായി എടുത്തുപറയുന്നത്. പരസ്പരം വിട്ടുവീഴ്ചയില്ലായ്മയും ഇത്തരം കുടുംബങ്ങളില്‍ സാധാരണമാണ്. മദ്യം, മയക്കുമരുന്ന്, രാത്രിസല്‍ക്കാരങ്ങള്‍, വിവാഹത്തിനു മുമ്പും പിന്നിടുമുളള ലൈംഗിക ബന്ധത്തിനുളള സാധ്യതകള്‍, പര സ്പരം ഒളിച്ചുവെക്കുന്ന ജീവീത സത്യങ്ങള്‍ എന്നിവയെല്ലാം കുടുംബബന്ധങ്ങള്‍ തകരാന്‍ കാരണമാകുന്നുണ്ട്. അമിതമായ ജോലിഭാരവും ഉത്ക്കണ്ഠകളും കൂടിയാകുമ്പോള്‍ ഇത്തരക്കാരുടെ ജീവിത ശൈലി തന്നെ പാടെ മാറിപ്പോകുന്നു. കുടുംബക്കാരില്‍ നിന്നും അടുത്ത ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമൊക്കെ അകന്ന് സ്വയം നിര്‍മ്മിച്ചെടുക്കുന്ന തുരുത്തുകളില്‍ താമസിക്കുന്ന ഇവരുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പലര്‍ക്കും മനസിലാക്കാനാകില്ല. ഒടുവില്‍ തകര്‍ത്തെറിഞ്ഞ ജീവിതവുമായി നില്‍ക്കുമ്പോള്‍ മാത്രമാകും പലരും ഇത്തരക്കാരുടെ ജീവിതത്തെ യഥാര്‍ത്ഥത്തില്‍ മനസിലാക്കുന്നത്. അതേസമയം, സാമ്പത്തികമായി സ്വയം പര്യാപ്തത പ്രാപിച്ച സ്ത്രീ, പീഡനങ്ങളും ദുരന്തങ്ങളും മാത്രം നിറഞ്ഞ വിവാഹ ജീവിത്തെ വിട്ട് സമൂഹത്തില്‍ നല്ലൊരു രീതിയിലേക്ക് കൂടേറാന്‍ കാണിക്കുന്ന ധൈര്യം അഭിനന്ദനീയമാണ്. വിവാഹമോചനം നേടിയ സ്ത്രീകളെ കളങ്കപ്പെട്ടവളായും കുറ്റവാളിയായും നോക്കികാണുന്ന സമൂഹത്തിന്‍റെ കാഴ്ചപ്പാടുകള്‍ക്കും മാറ്റം വന്നിട്ടുണ്ട്. രണ്ടാം വിവാഹത്തിന് വിവാഹ കമ്പോളത്തില്‍ നല്ല മാര്‍ക്കറ്റ് ഉണ്ടെന്നാണ് മാര്യേജ് ബ്യൂറോകളില്‍ നിന്നും അറിയാനിടയായത്. രണ്ടാം വിവാഹം പരസ്യപ്പെടുത്താന്‍ ആരും മടി കാണിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം.
“നഗരവത്കരണവും പാശ്ചാത്യ ജീവിത ശൈലിയുടെ അന്ധമായ അനുകരണവുമാണ് നഗരങ്ങളിലെ വിവാഹമോചന നിരക്ക് വര്‍ധിക്കുന്നതിനുളള കാരണങ്ങളായി നാം പറഞ്ഞുവെച്ചിരുന്നത്. എന്നാല്‍ പലപ്പോഴും കുടുംബ ബന്ധങ്ങളുടെ മൂല്യങ്ങളെ മാറ്റി നിര്‍ത്തി, സ്വാര്‍ത്ഥമായ രീതിയില്‍ ജീവിതം നയിക്കുമ്പോഴാണ് പ്രശ്നങ്ങളുണ്ടാകുന്നത്. കരിയര്‍ ഓറിയന്‍റഡായി ജീവിതം മാറ്റി തീര്‍ക്കുന്നവരാണ് പലപ്പോഴും പെണ്‍കുട്ടികള്‍. അതിനുളള സാഹചര്യങ്ങളും സാമ്പത്തിക സഹായങ്ങളും നല്‍കി മാതാപിതാക്കള്‍ അതിനെ പിന്തുണക്കുന്നുണ്ട്. സ്വന്തം ഇഷ്ടങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും മാത്രം പ്രാധാന്യം നല്‍കുന്ന
പുതിയ കാലഘട്ടത്തിലെ സ്ത്രീക്ക് ലൈംഗികതയെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും പരിപൂര്‍ണ്ണ ബോധ്യമുണ്ട്. കുടുംബത്തിലുണ്ടാകുന്ന തിക്താനുഭവങ്ങള്‍ക്കെതിരെ മൌനം പാലിക്കാന്‍ അവളൊരിക്കലും തയ്യാറാകുന്നില്ല. അത്തരത്തിലുളള സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍, ഒട്ടും സന്തോഷം തരാത്ത കുടുംബജീവിതത്തേക്കാള്‍ വിവാഹമോചനത്തെ അവള്‍ ആശ്രയിക്കുന്നു. |
ജീവിതത്തില്‍ കുടുംബജീവിതത്തിന്‍റെ മൂല്യങ്ങള്‍ക്ക് പലപ്പോഴും സ്ഥാനമില്ലാതെ പോകുന്നു. മികച്ച വിദ്യാഭ്യാസത്തിനും ജോലിക്കുമൊടുവില്‍ സാമ്പത്തിക സ്വാശ്രയത്വം കൂടിയാകുമ്പോള്‍ സ്വന്തം ജീവീതത്തെ ഇത്തരക്കാര്‍ ആഘോഷമാക്കുന്നു. ഒന്നിനോടും ടോളറേറ്റ് ചെയ്യാന്‍ പറ്റാത്തവിധം പരസ്പരം വിട്ടുവീഴ്ചയില്ലാത്ത മനോഭാവവുമാണ് ഇവിടെ പ്രധാനമായും കാരണങ്ങളാകുന്നത്. പുതിയ കാലഘട്ടത്തിലെ സ്ത്രീക്ക് ലൈംഗികതയെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും പരിപൂര്‍ണ്ണ ബോധ്യമുണ്ട്. കുടുംബത്തിലുണ്ടാകുന്ന തിക്താനുഭവങ്ങള്‍ക്കെതിരെ മൌനം പാലിക്കാന്‍ അവളൊരിക്കലും തയ്യാറാകുന്നില്ല. അത്തരത്തിലുളള സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍, ഒട്ടും സന്തോഷം തരാത്ത കുടുംബജീവിതത്തേക്കാള്‍ വിവാഹമോചനത്തെ അവള്‍ ആശ്രയിക്കുന്നു. എല്ലാ വിവാഹ മോചനങ്ങളും നല്ലതാണെന്ന് അതിനര്‍ത്ഥമില്ല.” പ്രശസ്ത മനഃശാസ്ത്ര ജ്ഞയും മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസ് ഡയറക്ടറുമായ ഡോ. റസീന പദ്മം അഭിപ്രായപ്പെടുന്നു.
വിവാഹബന്ധം ബന്ധനമാകുമ്പോഴാണ് അതില്‍ നിന്നും മോചനം നേടുവാന്‍ പലരും കോടതികളെയും നിയമവേദികളെയും തേടുന്നത്. ഏതെങ്കിലും സമൂഹമോ, സമുദായമോ അതില്‍ നിന്നും മാറിനില്‍ക്കുന്നില്ല. ഗ്രാമ, നഗര വ്യത്യാസങ്ങളുമില്ല. നേരത്തെ വിവാഹമോചന കഥകളിലെ നിത്യസാന്നിധ്യം സിനിമാതാരങ്ങള്‍ ആയിരുന്നെങ്കില്‍, ഇന്ന് രാഷ്ട്രീയക്കാരും, ഐഎഎസുകാരും, ഡോക്ടര്‍മാരും, മാധ്യമപ്രവര്‍ത്തരും, അധ്യാപകരും, ശാസ്ത്ര-സാങ്കേതിക വിദഗ്ധരും തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗത്തിന്‍റെയും സാന്നിധ്യം കാണാനാകും. സമുദായ സംഘടനകളില്‍ നിന്നും നേതാക്കന്മാരില്‍ നിന്നും പരിഹാരമാകാതെ പല കേസുകളും കോടതിയിലെത്തുന്നുണ്ട്. മാധ്യമങ്ങളാകട്ടെ ഇവയെല്ലാം ആഘോഷമാക്കുകയാണ്, പ്രത്യേകിച്ചും സെലിബ്രിറ്റികളുടെ കഥകള്‍. കേസുകളുടെ വര്‍ധനക്കനുസരിച്ചാണ് സംസ്ഥാനത്ത് കുടുംബ കോടതികള്‍ വര്‍ധിക്കുന്നത്.
എന്നാല്‍ സമൂഹത്തിലെ മൂല്യവ്യവസ്ഥിതിയിലുണ്ടായ തകര്‍ച്ചയായി വിവാഹമോചനത്തെ കാണുന്നവരുണ്ട്.
വിവാഹമോചനം തേടുന്നവരെല്ലാം വലിയ പീഡനങ്ങള്‍ സഹിക്കുന്നവരാണെന്ന ചിന്ത തെറ്റാണെന്ന് അവര്‍ വാദിക്കുന്നുണ്ട്. ആ വാദം തളളികളയാനാവില്ല. അഭിഭാഷകനായ അരുണ്‍ ശങ്കര്‍ തന്‍റെ കാഴ്ചപ്പാട് വിവരിക്കുന്നത് ഇങ്ങനെയാണ്: “കേരളത്തില്‍ വര്‍ധിച്ചുവരുന്ന വിവാഹമോചനങ്ങളില്‍ ഭൂരിഭാഗവും പുതുതലമുറയിലെ ദമ്പതികളില്‍ നിന്നാണ്. 35 വയസിനു താഴെയുളളവരുടെ കേസുകളാണ് ഭൂരിഭാഗവും. സാധാരണ പറയപ്പെടുന്ന കാരണങ്ങളേക്കാള്‍, കുടുംബജീവിതത്തെ നോക്കിക്കാണുന്ന കാഴ്ചപ്പാടുകളും ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടാനുളള ശ്രമവുമാണ് ഇവിടെ കാരണമാകുന്നത്. സാമ്പത്തിക സ്വയംപര്യാപ്തത നേടുന്ന സ്ത്രീയും പുരുഷനും പരസ്പരം വിട്ടുവീഴ്ച ചെയ്യാനോ, മനസിലാക്കാനോ തയ്യാറാകുന്നില്ല. പണ്ടു കാലത്ത് കുടുംബം, കുട്ടികള്‍ എന്നൊരു കാഴ്ച്ചപ്പാടുണ്ടായിരുന്നു. പല പ്രശ്നങ്ങളും കുടുംബ ത്തിനകത്തു തന്നെ പരിഹരിക്കപ്പെടുമായിരുന്നു. എന്നാലിന്ന് അത്തരത്തിലുളള കാഴ്ചപ്പാടുകള്‍ പുതുതലമുറ ദമ്പതികള്‍ക്കില്ല. സഹിക്കാനും ക്ഷമിക്കാനും തയ്യാറാകാതെ പരസ്പരസമ്മതത്തോടെ കുടുംബജീവിതത്തെ അറുത്തുമുറിക്കുന്നത് നല്ല സൂചനയല്ല.” ബന്ധങ്ങള്‍ പരിഹരിക്കപ്പെടാനാകാത്ത ബന്ധനങ്ങളാകുമ്പോള്‍, പരസ്പരം വേര്‍പിരിയുന്നതാണ് നല്ലത്. എന്നാല്‍ തെറ്റിദ്ധാരണയുടെയും വിട്ടുവീഴ്ച ചെയ്യാത്ത സ്വഭാവത്തിന്‍റെയും പേരിലും ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടാനുമായി കുടുംബജീവിതത്തെ തകര്‍ത്തെറിയുന്നതിനോട് യോജിക്കാനാകില്ല. കൂടാതെ, കുട്ടികളുളള ദമ്പതികളുടെ വിവാഹമോചനം സൃഷ്ടിക്കുന്നത് വലിയൊരു പ്രശ്നമാണ്. കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി കോടതികളില്‍ പരസ്പരം വാദിക്കുന്നവര്‍ എന്ത് വികാരമാണ് അവരിലേക്ക് പകരാന്‍ ശ്രമിക്കുന്നത്? മാതാപിതാക്കളുടെ സ്നേഹവും സംരക്ഷണവും കിട്ടാതെ വ ളരുന്ന കുട്ടികള്‍ എങ്ങനെ സമൂഹത്തോടു പ്രതിബദ്ധത കാണിക്കും? വിവാഹമോചനത്തിനു കാരണമായി പറയപ്പെടുന്ന പല പ്രശ്നങ്ങള്‍ക്കും ശാസ്ത്രീയമായ ചികിത്സകളും പരിഹാരങ്ങളും ലഭ്യമാണെന്നിരിക്കെ, അതിനു തുനിയാതെ വിവാഹമോചനത്തെ മാത്രം ആശ്രയിക്കുന്നത് പ്രോത്സാഹിപ്പിക്കാനാവില്ല.
ജാതകവും പൊരുത്തവും ഒത്തുനോക്കുവാന്‍ കാണിക്കുന്ന ശ്രദ്ധ രണ്ടു മനസുകളെ തമ്മില്‍ അടുപ്പിക്കുന്ന കാര്യത്തിലും വേണം. യോജിക്കാത്തവയെ തമ്മില്‍ ചേര്‍ക്കാന്‍ ശ്രമിക്കരുത്. മാര്യേജ് ബ്യൂറോകള്‍ തങ്ങളുടെ കച്ചവടം നടത്താന്‍ പല സത്യങ്ങളും മറച്ചുവെക്കും. അത് വിവാഹ ബന്ധത്തെ സാരമായി ബാധിക്കുന്ന കാഴ്ചകള്‍ നാം കണ്ടുകഴിഞ്ഞതാണ്. അതിനാല്‍, കാല്‍പ്പനികമോ, സാങ്കല്‍പ്പികമോ ആയ മൂഢ സ്വര്‍ഗത്തിലല്ല യാഥാര്‍ത്ഥ്യത്തിന്‍റെയും വസ്തുതകളുടെയും വെളിച്ച ത്തില്‍ തന്നെ വേണം വിവാഹം നടത്തപ്പെടേണ്ടത്.
No comments:
Post a Comment