Friday, March 9, 2012

വനിതാ ദിന ചിന്തകള്‍


ഷാനവാസ്.എസ് | കൊച്ചി, മാര്ച്ച് 7, 2012 18:09
http://www.thesundayindian.com/ml/story/womens-day-musings-story-of-womens-day/14/2803/



മാര്‍ച്ച് എട്ട്... കലണ്ടറില്‍ ചുവപ്പു നിറത്തിന്‍റെ അകമ്പടിയില്ലെങ്കിലും അതൊരു ഓര്‍മ്മപ്പെടുത്തലാണ്. അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയതിന്‍റെ സ്മരണകള്‍ പേറുന്ന ഒരു ദിനം. ദേശത്തിന്‍റെ അതിര്‍ത്തികര്‍ക്കും ഭൂഖണ്ഡങ്ങളുടെ സംസ്‌കാരങ്ങള്‍ക്കുമപ്പുറത്ത് ഭാഷാ, ദേശ, സാമ്പത്തിക, രാഷ്ട്രീയ വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും മറന്ന്, വനിതകള്‍ക്കായി ഒരു ദിനം.

അവകാശ സമരത്തിന്‍റെ ഒരുപിടി അനുഭവ സാക്‌ഷ്യമുണ്ട് ആ ദിനത്തിന്. അതില്‍ കണ്ണീരിന്‍റെ നനവുണ്ട്, അധ്വാനത്തിന്‍റെ വിയര്‍പ്പുണ്ട്, ദുഷിച്ച മുതലാളിത്ത, വ്യവസായിക, കുത്തക ആധിപത്യത്തോട് ഒരിക്കലും സന്ധി ചെയ്യതെ പോരാടിയ വിപ്ലവ വീര്യമുണ്ട്, ചരിത്രത്തിന്‍റെ പിന്‍ബലമുണ്ട്.

പല രാജ്യങ്ങളും വ്യാവസായിക വളര്‍ച്ചയിലേക്ക് നടന്നുനീങ്ങിയ ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍, സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താന്‍ സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്‍റെയും വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേല്‍ വരിച്ച വിജയത്തിന്‍റെയും ഓര്‍മ്മപ്പെടുത്തലാണ് അന്താരാഷ്ട്ര വനിതാ ദിനം. കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴില്‍ സാഹചര്യത്തിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ നിശ്ചയദാര്‍ഢ്യമാണ് അന്താരാഷ്ട്ര വനിതാ ദിനമെന്ന ആശയത്തിന് കാരണമായത്.

1857 മാര്‍ച്ച് എട്ടിന്, ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത്. തുണി മില്ലുകളില്‍ തൊഴിലെടുത്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍, കുറഞ്ഞ ശമ്പളത്തിനും ദീര്‍ഘസമയ തൊഴിലിനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടി ആദ്യമായി ഉയര്‍ത്തിയ ശബ്ദം അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയായിരുന്നു.

ന്യൂയോര്‍ക്കില്‍ ഉയര്‍ന്ന ഈ സമരാഗ്നി ലോകമാകെ പടര്‍ന്നുപിടിക്കാന്‍ അധികകാലം കാത്തിരിക്കേണ്ടിവന്നില്ല. ലോകത്തിന്‍റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ സംഘടിക്കാനും അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും തുടങ്ങി. യു.എസ്സില്‍ 1909 ഫെബ്രുവരി 28ന് വനിതാദിനം ആചരിച്ചു. 1910ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന സമ്മേളനത്തില്‍, ലോക വനിതാ ദിനം ആചരിക്കണമെന്ന ആവശ്യമുയര്‍ന്നു. തുടര്‍ന്ന്, 1911 മാര്‍ച്ച് 19ന് ജര്‍മ്മനിയും സ്വിറ്റ്സര്‍ലന്‍ഡും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വനിതാ ദിനം ആചരിച്ചു. ജര്‍മ്മനിയിലെ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി വനിതാ വിഭാഗം അദ്ധ്യക്ഷ ക്ലാര-സെട്കിനിന്‍റെ നേതൃത്വത്തിലായിരുന്നു ഇത്. അന്ന് 17 രാജ്യങ്ങളില്‍നിന്നുള്ള വനിതാ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന ആശയത്തിന് അപ്പോള്‍ത്തന്നെ അംഗീകാരം നല്‍കി. തൊട്ടടുത്ത വര്‍ഷം, ഇന്നേക്ക് നൂറുവര്‍ഷങ്ങള്‍ക്കുമുമ്പ്,1911 മാര്‍ച്ച്‌ എട്ടിന്, അന്താരാഷ്ട്രതലത്തില്‍ ഈ ദിനം ആചരിച്ചു. 1917 മാര്‍ച്ച്‌ എട്ടിന് റഷ്യയില്‍ നടത്തിയ വനിതാ ദിന പ്രകടനം, റഷ്യന്‍ വിപ്ലവത്തിന്റെ ഒന്നാം ഘട്ടമായാണ് കണക്കാക്കപ്പെടുന്നത്. 1975ല്‍, ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചു.

ഓരോ വനിതാ ദിനവും ഓരോ മുദ്രവാക്യവുമായാണ് വനിതാ ദിനം ആചരിക്കപ്പെടുന്നത്. വനിതാ ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസഭ പുറത്തുവിടുന്ന മുദ്രാവാക്യമാണ് ലോകമൊട്ടാകെ അംഗീകരിക്കപ്പെടുന്നത്. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് പദ്ധതികളും നയങ്ങളും സ്വീകരിക്കുന്നത്. രാഷ്ട്രങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മുദ്രാവാക്യങ്ങള്‍ തയ്യാറാക്കാറുമുണ്ട്.

ശാസ്ത്ര-സാങ്കേതിക-വിദ്യാഭ്യാസ-പരിശീലന രംഗത്ത് തുല്യത, സ്ത്രീകള്‍ക്ക് മാന്യമായ തൊഴിലിലേക്ക് മാര്‍ഗദര്‍ശനം (Equal access to education, training and science and technology) എന്നതായിരുന്നു 2011 ലെ മുദ്രാവാക്യം. 2012 ലെ മുദ്രാവാക്യം "ഗ്രാമീണവനിതകളെ ശാക്തീകരിക്കുക - ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാക്കുക" (Empower Rural Women–End Hunger and Poverty) എന്നതാണ്.

ഗ്രാമീണവനിതകള്‍ക്കായി നിക്ഷേപിക്കുക, നിയമത്തിലും പ്രയോഗത്തിലും അവര്‍ക്കെതിരായ വിവേചനങ്ങള്‍ക്കറുതിവരുത്തുക, അവരുടെ ആവശ്യങ്ങള്‍ക്കനുസൃതമായ നയങ്ങള്‍ നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്തുക, വിഭവങ്ങളില്‍ തുല്യ ലഭ്യത ഉറപ്പുവരുത്തുക, തീരുമാനമെടുക്കല്‍ പ്രക്രിയയില്‍ ഗ്രാമീണവനിതകളെ പങ്കാളികളാക്കുക എന്നിങ്ങനെയാണ് മുദ്രാവാക്യം പ്രഖ്യാപിച്ചുകൊണ്ട് ഐക്യ രാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍-കി-മൂണ്‍് ആഹ്വാനം ചെയ്തത്.

ശതവാര്‍ഷിക നിറവിലായിരുന്നു 2011ല്‍ വനിതാദിനം ആഘോഷിക്കപ്പെട്ടത്. പക്ഷേ കാലങ്ങള്‍ ഏറെ പിന്നിടുമ്പോഴും ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ പിന്നെയും ബാക്കി നില്‍ക്കുകയാണ്. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് സ്ത്രീകള്‍ സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ മേഖലയിലെ അനുകൂല സാഹചര്യങ്ങള്‍ മുതലെടുത്ത് മുന്‍പന്തിയിലേക്ക് കടന്നുവരുന്നുണ്ടെങ്കിലും സമൂഹത്തില്‍ അവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് ഇനിയും അറുതി വരുത്താനായിട്ടില്ല.

Also read >

സ്ത്രീ ശരീരം, പുരുഷന്‍റെ മൂല്യങ്ങള്‍

തലയില്‍ ജീവിതഭാരം

"വനിതാ കമ്മീഷന്‍ വെറും നോക്കുകുത്തി"

വിദ്യാഭ്യാസത്തിന്‍റെയും സംസ്കാരത്തിന്‍റെയും കാര്യത്തില്‍ ഏറെ ഉന്നതരാണെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എക്കാലത്തേക്കാളും ഉയര്‍ന്ന നിരക്കിലാണിന്ന്. കഴിഞ്ഞ വനിതാ ദിനത്തില്‍ സൌമ്യയായിരുന്നു നമുക്കു മുന്നിലെ വേദന. കുടുംബത്തിലും സമൂഹത്തിലും തൊഴിലിടത്തിലും എന്നുവേണ്ട യാത്രയില്‍ പോലും സ്ത്രീ പലവിധ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുവെന്നതാണ് ഇന്നിന്‍റെ യാഥാര്‍ത്ഥ്യം. സ്ത്രീയെന്നാല്‍ ഉപഭോഗ വസ്തു മാത്രമാണെന്നും ജനിച്ചുവീഴുന്ന പിഞ്ചുകുട്ടി മുതല്‍ മരണം കാത്തുകിടക്കുന്ന പടുവൃദ്ധ വരെ അത്തരത്തിലൊരു വസ്തു മാത്രമായി വര്‍ഗീകരിരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഇന്നത്തെ ഏറ്റവും ദുഷിച്ച അവസ്ഥ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ധിക്കുന്ന ലൈംഗിക അതിക്രമങ്ങളും, ശാരീരിക-മാനസിക പീഢനങ്ങളും, സ്ത്രീജനങ്ങള്‍ക്കിടയില്‍ വര്‍ധിക്കുന്ന ആത്മഹത്യകളുമെല്ലാം ഉദാഹരണങ്ങളാണ്. സദാചാര പൊലീസാണ് പുതിയൊരു പ്രവണത. സ്ത്രീയുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയാണിവര്‍. അങ്ങനെ, സമൂഹത്തില്‍ നിയമവും വ്യവസ്ഥകളും പലപ്പോഴും നോക്കുക്കുത്തികളാകുമ്പോള്‍, സ്ത്രീകള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ ആശങ്കാജനകമായ രീതിയിലേക്ക് മാറുകയാണ്. ഒരുപിടി വിലക്കുകളും നിയന്ത്രണങ്ങളും വേലി തീര്‍ക്കുന്ന പരിമിതമായ ഇടത്തില്‍ ഒതുങ്ങിക്കൂടേണ്ടവളാണ് സ്ത്രീകളെന്ന കാഴ്ചപ്പാടിന് ഇനിയും ഇവിടെ മാറ്റം വന്നിട്ടില്ല. സ്ത്രീകള്‍ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് ഉയര്‍ന്നുവരുന്നതിനെയും വ്യവഹരിക്കുന്നതിനെയും ഭയപ്പെടുന്ന പുരുഷ മേധാവിത്വത്തിന്‍റെ ബോധപൂര്‍വ്വമായ ചെറുത്തുനില്‍പ്പായും ഈ സംഭവങ്ങളെ വിവക്ഷിക്കുന്നുണ്ട്. ട്രെയിന്‍ യാത്രയില്‍ ടിടിഇ-മാരില്‍ തിക്താനുഭവങ്ങള്‍ നേരിടേണ്ടിവന്ന ജയഗീതയും ഹേമലതയും ഈ വനിതാ ദിനത്തില്‍ പുതിയൊരു ചിന്തക്കു കൂടി വഴിയൊരുക്കട്ടെ...

ഓര്‍ക്കുക... വേദികള്‍ തോറും പ്രസംഗിച്ച്, ആവേശം വിതറി ഈയൊരു ദിവസം മാത്രമായി നടത്തപ്പെടുന്ന നാടകങ്ങളല്ല, സ്ഥിരവും കാര്യക്ഷമവുമായ നടപടികളുമാണ് കാലഘട്ടത്തിന്‍റെ ആവശ്യം.

No comments:

Post a Comment