Friday, March 2, 2012

ലീഗ് വീണ്ടും പത്തി വിരിച്ചു: യുഡിഎഫില്‍ തര്‍ക്കം മുറുകുന്നു


ഷാനവാസ്.എസ് | കൊച്ചി, മാര്ച്ച് 2, 2012 12:52
http://www.thesundayindian.com/ml/story/muslim-league-looses-cool-again-demands-fifth-ministry-berth/2/2761/

ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അനൂപ് ജേക്കബിനെ മന്ത്രിയാക്കുമെന്ന് പ്രഖ്യാപിച്ച് പിറവത്തെ അഗ്നിപരീക്ഷ നേരിടുന്ന കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന് ഘടകകക്ഷിയായ മുസ്ലീം ലീഗില്‍ നിന്നും ഇരുട്ടടി. ഉപതെരഞ്ഞെടുപ്പിനു ശേഷം യു ഡി എഫിന്‍റെ അവസാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് അനൂപ് ജേക്കബായിരിക്കില്ലെന്നും, ലീഗിന്‍റെ അഞ്ചാം മന്ത്രിയായിരിക്കുമെന്നും ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രസ്താവനയാണ് യുഡിഎഫിലെ അസ്വാരസ്യങ്ങള്‍ വെളിപ്പെടുത്തിയത്.

മുസ്ലിം ലീഗിന് അഞ്ചാം മന്ത്രി സ്ഥാനമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും പിറവം ഉപതെരഞ്ഞെടുപ്പിന് ശേഷം ഇതുസംബന്ധിച്ച സംശയം തീരുമെന്നും തങ്ങള്‍. വ്യക്തമാക്കി. യു.ഡി.എഫിലെ അവസാനത്തെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക അനൂപ് ജേക്കബാകില്ലെന്നും ലീഗിന്‍റെ അഞ്ചാംമന്ത്രി ആരെന്ന് എല്ലാവര്‍ക്കും അറിയാം, തങ്ങള്‍ പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ കാലം മുതല്‍ അഞ്ചാം മന്ത്രിസ്ഥാനത്തിനായി ലീഗ് സമ്മര്‍ദ്ദം ചെലുത്തുന്നതാണ്. മന്ത്രിസ്ഥാനത്തേക്ക് മഞ്ഞളാംകുഴി അലിയെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റു ഘടകകക്ഷികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ലീഗ് ഇക്കാര്യം യുഡിഎഫിന്‍റെ തീരുമാനത്തിന് വിടുകയായിരുന്നു. പിറവം ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ തങ്ങളുടെ നിലപാട് നിര്‍ണ്ണായകമാണെന്ന് യുഡിഎഫിനെ ബോധ്യപ്പെടുത്തി വിലപേശുകയെന്ന രാഷ്ട്രീയ അടവാണ് ലീഗ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. പിറവത്ത് അനൂപ് ജയിച്ചാലും തോറ്റാലും ഈ തര്‍ക്കം അതിരൂക്ഷമാകുമെന്നാണ് സൂചനകള്‍.

അനൂപിന്‍റെ മന്ത്രി സ്ഥാനം സംബന്ധിച്ച് മുന്നണിയില്‍ നേരത്തേ തന്നെ അഭിപ്രായ വ്യത്യാസം ഉയര്‍ന്നിരുന്നു. എംഎല്‍എയായി പിറക്കും മുമ്പേ ആരും മന്ത്രിയാകില്ലെന്നായിരുന്നു കോണ്‍ഗ്രസിന്‍റെയും ചില മുന്നണി കക്ഷികളുടെയും നിലപാട്. മന്ത്രിയായി ജനവിധി തേടി പരാജയപ്പെട്ട കെ.മുരളീധരന്‍റെ അനുഭവം സൂചനയായി കാണണമെന്നു വാദിച്ചവരും കുറവല്ലായിരുന്നു. ടി.എം ജേക്കബിന്‍റെ വിയോഗത്തോടെ പ്രാതിനിധ്യമില്ലാതായ ഘടകകക്ഷിക്ക് മന്ത്രിസ്ഥാനം കൊടുക്കേണ്ടതില്ലെന്ന അഭിപ്രായവും ഒരു വിഭാഗം ഉന്നയിച്ചിരുന്നു. അതിനിടയിലാണ് മുസ്ലീം ലീഗിന്‍റെ ഭാഗത്തു നിന്നും ഇത്തരത്തിലൊരു അഭിപ്രായം ഉയര്‍ന്നിരിക്കുന്നത്.

മഞ്ഞളാംകുഴി അലിയെ മന്ത്രിയാക്കുന്ന കാര്യം യുഡിഎഫില്‍ ആലോചിച്ച് തീരുമാനിച്ചിട്ടുണ്ടെന്നും പിറവം തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അക്കാര്യങ്ങള്‍ തീരുമാനിക്കുമെന്നും പറഞ്ഞ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടിറി കെപിഎ മജീദാണ് അവകാശവാദത്തിന്‍റെ പുതിയ പതിപ്പിന്‍റെ ആദ്യ വെടിപ്പൊട്ടിച്ചത്. അഞ്ചാം മന്ത്രിസ്ഥാനം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അതു സംബന്ധിച്ച് യുഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ഇതിനോട് പ്രതികരിച്ചത്.

അതേസമയം, യുഡിഎഫിലെ മന്ത്രിസ്ഥാനം സംബന്ധിച്ച തര്‍ക്കങ്ങളെ മുതലെടുക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷം. യുഡിഎഫിനുള്ളില്‍ മന്ത്രിസ്ഥാനം ചൊല്ലിയുള്ള തര്‍ക്കം മുറുകുകയാണെന്നും ഇത് വലിയ കുഴപ്പത്തിലേക്കാണ് നീങ്ങുന്നതെന്നും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

No comments:

Post a Comment