Monday, February 13, 2012

മണ്ണിന്‍റെ മണം പരത്തി മജീദും സുഹ്‌റയും


ഷാനവാസ്. എസ് | കൊച്ചി, ഫെബ്രുവരി 10, 2012 16:26
http://thesundayindian.com/ml/story/balyakala-sakhi-remake-vaikkam-muhammed-basheer-mammootty-as-majeed/14/2579/

വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ വിഖ്യാത നോവല്‍ ബാല്യകാലസഖിയുടെ സിനിമാഭാഷ്യം ഒട്ടനവധി പ്രത്യേകതകളുള്ള പുതിയൊരു അത്ഭുതമാകുന്നു. പുത്തന്‍ പരീക്ഷണങ്ങളുമായാണ് സിനിമ പുറത്തിറങ്ങുന്നത്. ബാല്യകാല സഖിയുടെ പോസ്റ്ററുകള്‍ കളിമണ്ണില്‍ ഒരുക്കിയാണ് മലയാള സിനിമ മാറ്റത്തിന്‍റെ പുതിയ ചുവടുവെപ്പ് നടത്തുന്നത്. സിനിമാപോസ്റ്ററുകള്‍ കളിമണ്ണില്‍ നിര്‍മ്മിക്കാനുള്ള ശ്രമം ലോകത്താദ്യമായാണ്. പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ബാല്യകാല സഖിക്കുവേണ്ടി ഷെരീഫ് നിലമ്പൂര്‍ എന്ന കലാകാരനാണ് ടെറാക്കോട്ട പോസ്റ്ററുകള്‍ തയ്യാറാക്കുന്നത്.

മജീദും മറ്റു പ്രധാന കഥാപാത്രങ്ങളുമൊക്കെ ടെറാക്കോട്ട പോസ്‌റ്ററില്‍ സ്ഥാനംപിടിക്കുന്നുണ്ട്‌. ചിത്രം റിലീസ് ചെയ്യുന്ന കേരളത്തിലെ 40 തീയേറ്ററുകളില്‍ പോസ്റ്റര്‍ സ്ഥാപിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്‌ഷ്യമിടുന്നത്. ലോക സിനിമക്ക് മലയാള സിനിമ നല്‍കിയിട്ടുള്ള ക്രിയാത്മകമായ ഒട്ടനവധി സംഭാവനകളില്‍ ഏറ്റവും പുതിയതാകും കളിമണ്‍ പോസ്റ്ററുകള്‍.

കച്ചവട സിനിമയുടെ ചേരുവകളില്ലാതെയാണ് ബാല്യകാല സഖി അണിയിച്ചൊരുക്കുന്നത്. അതിനാല്‍ തന്നെ, ആര്‍ട്ട് സിനിമയോട് അകന്നു നില്‍ക്കുന്നവരെ കൂടി ചിത്രത്തിലേക്ക് ആകര്‍ഷിക്കാന്‍ പോസ്റ്റര്‍ പരീക്ഷണത്തിന് സാധിച്ചേക്കും.
മമ്മൂട്ടിയാണ് കേന്ദ്രകഥാപാത്രമായ മജീദിനെ അവതരിപ്പിക്കുന്നത്. മജീദിനെയും സുഹ്റയെയും കൂടാതെ ബഷീറിന്‍റെ മറ്റു കൃതികളിലെ കഥാപാത്രങ്ങളായ ആനവാരി രാമന്‍നായര്‍, എട്ടുകാലി മമ്മൂഞ്ഞ്‌, ഒറ്റക്കണ്ണന്‍ പോക്കര്‍, പൊന്‍കുരിശു തോമ, സൈനബ എന്നിവരും ബാല്യകാല സഖിയിലെത്തുന്നുണ്ട്. പുതുമുഖങ്ങള്‍ക്കാണ് അതിനുള്ള അവസരം നല്‍കുന്നത്. 35 പുതുമുഖങ്ങളെ സിനിമയില്‍ അവതരിപ്പിക്കുമെന്നാണ് സംവിധായകന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അത്ഭുതങ്ങള്‍ അവസാനിക്കുന്നില്ല. ബാല്യകാല സഖിയുടെ സംഗീതത്തിനും ഒട്ടനവധി പ്രത്യേകതകളുണ്ട്. 97-ാം വയസില്‍ കെ. രാഘവന്‍ മാസ്റ്റര്‍-കെ.ജെ യേശുദാസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഗാനവും ചിത്രത്തില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. കൂടാതെ, ഒ.എന്‍.വി കുറുപ്പ്-ദേവരാജന്‍-പി.ജയചന്ദ്രന്‍ കൂട്ടുകെട്ടില്‍ പിറന്ന് വളരെ ഹിറ്റായ 'ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ...' എന്ന ഗാനം ചിത്രത്തില്‍ അതേപടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ നാല് പാട്ടുകള്‍ ചിത്രത്തിലുണ്ട്. പി.ഭാസ്കരന്‍ മാഷിന്‍റെ വരികളാണ് ശീര്‍ഷക ഗാനമാകുന്നത്. ശ്രീകുമാരന്‍ തമ്പി രചിച്ച യുഗ്മ ഗാനവുമുണ്ട്. കാവാലം നാരായണപ്പണിക്കരാണ് മറ്റൊരു ഗാനം രചിച്ചിരിക്കുന്നത്. ബഷീറിന്‍റെ നോവലുകളില്‍ മാത്രമുള്ള പദപ്രയോഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് അദ്ദേഹം ഈ ഗാനം രചിച്ചിരിക്കുന്നതെന്നതാണ് അതിന്‍റെ പ്രത്യേകത. ഷഹ്ബാസ് അമനാണ് ഈ പാട്ടുകള്‍ക്ക് സംഗീതം നല്‍കുന്നത്.
ചിത്രീകരണ മികവിനും മജീദും സുഹ്റയും ഉള്‍പ്പെടുന്ന കഥാപാത്രങ്ങളുടെ ജീവീതകാലഘട്ടം മാറ്റങ്ങളില്ലാതെ വെള്ളിത്തിരയിലെത്തിക്കുന്നതിനുമായി ബഷീറിന്‍റെ ഗ്രാമം പുനസൃഷ്ടിക്കാനും അണിയറ പ്രവര്‍ത്തര്‍ ശ്രമിക്കുന്നുണ്ട്.
1967ലാണ് ബാല്യകാല സഖി ആദ്യമായി സിനിമായായത്. ബഷീറിന്‍റെ നീലവെളിച്ചം എന്ന നോവലിനുശേഷം (ഭാര്‍ഗവിനിലയം-1964) സിനിമയായിത്തീര്‍ന്ന ബഷീറിന്‍റെ രണ്ടാമത്തെ നോവലായിരുന്നു ബാല്യകാല സഖി. കണ്മണി ഫിലിംസിന്‍റെ ബാനറില്‍, എച്ച് എച്ച് ഇബ്രാഹിം നിര്‍മ്മിച്ച്, ശശികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിത്യഹരിത നായകന്‍ പ്രേംനസീറാണ് മജീദായി അഭിനയിച്ചത്.

18ഓളം ഭാഷകളിലായി മൊഴിമാറ്റം ചെയ്തിട്ടുള്ള ബാല്യകാല സഖി ബഷീറിന്‍റെ ജീവീതത്തിന്‍റെ ഒരു ഭാഗം തന്നെയാണ്. "ബാല്യകാല സഖി ജീവിതത്തില്‍ നിന്നു വലിച്ച് ചീന്തിയ ഒരു ഏടാണ്. വാക്കില്‍ രക്തം പൊടിഞ്ഞിരിയ്ക്കുന്നു." എന്ന് അവതാരികയില്‍ എം.പി പോള്‍ നിരീക്ഷിക്കുന്നുണ്ട്. തമാശ-ആക്ഷന്‍-മൃദുരതി ചിത്രങ്ങള്‍ റീമേക്ക് ചെയ്ത് കച്ചവടം നടത്തുന്ന ഒരു മേഖലയില്‍, വിഖ്യാതമായ നോവലിന്‍റെ ചലച്ചിത്ര ഭാഷ്യത്തെ പുതുമകളോടെയും ഒട്ടനവധി പരീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളിച്ചും വീണ്ടും പുറത്തിറക്കുമ്പോള്‍, പുതിയ കുപ്പിയിലെ പഴയ വീഞ്ഞ് എന്ന സങ്കല്‍പ്പത്തിനപ്പുറം പുതിയൊരു ആസ്വാദനതലം സൃഷ്ടിക്കാന്‍ കഴിയുമെന്ന എന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.

No comments:

Post a Comment