Tuesday, February 7, 2012

ഫേസ്ബുക്കില്‍ കാരുണ്യസന്ദേശവുമായി മമ്മൂട്ടി


ഷാനവാസ്.എസ് | കൊച്ചി, ഫെബ്രുവരി 7, 2012 15:45
http://thesundayindian.com/ml/story/mammootty-hits-facebook-with-charity-call/14/2548/

കൊച്ചുവര്‍ത്തമാനങ്ങളുടെ കുത്തൊഴുക്കിനിടയില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകളെ എങ്ങനെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന പരീക്ഷണത്തിലാണ് മലയാളത്തിന്‍റെ സ്വന്തം മമ്മൂട്ടി. താന്‍ രക്ഷാധികാരിയായ കെയര്‍ ആന്‍ഡ് .ഷെയര്‍ ഇന്‍റര്‍നാഷണണല്‍ ഫണ്ടേഷന്‍ ഹൃദയസ്പര്‍ശം എന്ന പേരില്‍ സംഘടിപ്പിക്കുന്ന സൗജന്യ ഹൃദയശസ്ത്രക്രിയാ പദ്ധതിക്കു വേണ്ടി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ വഴി അദ്ദേഹം നടത്തിയ സഹായ അഭ്യര്‍ത്ഥനകള്‍ക്ക് വന്‍പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഫേസ്ബുക്ക്, ട്വിറ്റര്‍, ബ്ലോഗര്‍ തുടങ്ങിയവയില്‍ മമ്മൂട്ടി നേരിട്ട് നടത്തിയ അഭ്യര്‍ത്ഥനയിലൂടെ 12 മണിക്കൂറിനുള്ളില്‍ തന്നെ ഒരു കോടിയുടെ സഹായ വാഗ്ദാനം അദ്ദേഹത്തെ തേടിയെത്തി. ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ ഫേസ്ബുക്കിലൂടെ അറിഞ്ഞു ആദ്യമായി
സഹായഹസ്തം നീട്ടിയത് അബുദാബിയിലെ ഷെര്‍വുഡ് ഇന്‍റര്‍നാഷണല്‍ സ്‌കൂള്‍ ഗ്രൂപ്പായിരുന്നു. ഒരു കോടി രൂപയാണ് അവര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. നൂറു കുട്ടികളുടെ ശസ്ത്രക്രിയയ്ക്കു സഹായിക്കാന്‍ തയ്യാറാണെന്നാണ് ഷെര്‍വുഡ് ഇന്‍റര്‍നാഷണല്‍ സ്‌കൂളിലെ മലയാളി ഉദ്യോഗസ്ഥ സുശീല ജോര്‍ജ്ജ് അറിയിച്ചത്. വര്‍ഷം 20 കുട്ടികള്‍ക്കു വീതം അഞ്ചുവര്‍ഷം കൊണ്ട് നൂറു കുട്ടികളുടെ ശസ്ത്രക്രിയയ്ക്കാണ് ഇവര്‍ സഹായിക്കുക. ഇതില്‍ ഇരുപത് ലക്ഷം രൂപ ആദ്യഗഡുവായി സ്‌കൂള്‍ മാനേജര്‍ നെബു മാത്യു മമ്മൂട്ടിയെ നേരത്തെ ഏല്പിച്ചിരുന്നു. ഇന്നലെ എറണാകുളത്തെ ഷൂട്ടിംഗ് ലോക്കേഷനില്‍ ഫേസ്ബുക്കിലെ സൌഹൃദങ്ങളുടെ എണ്ണം 123456 എന്ന മാന്ത്രിക സംഖ്യ കടന്നതിന്‍റെ ആഘോഷങ്ങള്‍ക്കിടയില്‍ സ്ഥലത്തെത്തിയ സുശീല ജോര്‍ജ്ജ് 30 ലക്ഷം രൂപ കൂടി മമ്മൂട്ടിക്ക് കൈമാറി. ബാക്കി 50 ലക്ഷം രൂപ അബുദാബിയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് മമ്മൂട്ടിക്ക് പിന്നീട് കൈമാറും.

ഹൃദ്രോഗികളായ നിര്‍ധന കുട്ടികളെ സഹായിക്കുകയാണ് കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍റെ പ്രധാന ദൗത്യം. ഫൗണ്ടേഷനില്‍ മാത്രമായി നിര്‍ധനരായ 3000 അപേക്ഷകരാണു ശസ്ത്രക്രിയ കാത്തുകിടക്കുന്നത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവരാണ് ഏറെയും. ഇതില്‍ 60 കുഞ്ഞുങ്ങള്‍ക്ക് മമ്മൂട്ടി സഹായമെത്തിച്ചിരുന്നു. ബാക്കിയുള്ളവരുടെ ശസ്ത്രക്രിയക്കായാണ് മമ്മൂട്ടി ട്വിറ്റര്‍, ബ്ലോഗ്, ഫേസ്ബുക്ക് തുടങ്ങിയവയിലൂടെ സഹായമഭ്യര്‍ഥിച്ചത്. ഒരുപാട് കുരുന്നുകളുടെ കണ്ണീരൊപ്പാന്‍ കഴിഞ്ഞതിനൊപ്പം തന്‍റെ പ്രയത്നങ്ങളില്‍ മറ്റുള്ളവരെ കൂടി പങ്കെടുപ്പിക്കാനും താരത്തിനായി. അങ്ങനെ ഫേസ്ബുക്കിലെ സൌഹൃദങ്ങളുടെ എണ്ണം 123456 എന്ന സംഖ്യ കടന്നതിന്‍റെ ആഘോഷങ്ങള്‍, താന്‍ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനത്തിന്‍റെ കൂടി ആഘോഷമായി. നിലവില്‍ ഫേസ്ബുക്കില്‍ മമ്മൂട്ടിക്ക് 137343 സൌഹൃദങ്ങളുണ്ട്. ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ സൌഹൃദങ്ങളുള്ള മലയാളി താരമാണ് മമ്മൂട്ടിയെന്നാണ് താരത്തിന്‍റെ ആരാധകരുടെ അവകാശവാദം.

No comments:

Post a Comment