Saturday, February 18, 2012

ജേക്കബില്ലാതെ കോണ്‍ഗ്രസ് പിറവത്തെത്തുമ്പോള്‍


ഷാനവാസ്.എസ് | കൊച്ചി, ഫെബ്രുവരി 18, 2012 10:03
http://thesundayindian.com/ml/story/piravam-byelection-challenges-before-congress-udf/2645/

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം ഫോട്ടോഫിനിഷിംഗിലേക്ക് നീങ്ങിയപ്പോള്‍ കേരളക്കരയാകെ ഉറ്റുനോക്കിയ മണ്ഡലമായിരുന്നു പിറവം. ആദ്യം മുതല്‍ ലീഡ് നിലനിര്‍ത്തിയ എം.ജെ ജേക്കബിനെ ഏറ്റവും ഒടുവില്‍ പിന്തള്ളി നേരിയ ഭൂരിപക്ഷത്തിന് ടി.എം. ജേക്കബ് പിറവത്ത് വിജയിച്ചതോടെയാണ് യു.ഡി.എഫിന് ശ്വാസം നേരെ വീണത്. ഇരു മുന്നണിയും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തില്‍ വെറും 157 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് യുഡിഎഫിന് നേടാനായത്.

ഈ നി­യ­മ­സ­ഭ­യിലെ യു­ഡി­എ­ഫ് - എല്‍ഡി­എ­ഫ് അനു­പാ­തവും യുഡിഎഫ് ഭരണത്തിന്‍റെ ഭാവിയും നിര്‍ണ്ണയിക്കുന്നത് പിറവം ഉപതെരഞ്ഞെടുപ്പ് ഫലമായിരിക്കും. 68നെതിരെ 72 സീറ്റുകള്‍ മാത്രം നേടി അധികാരത്തിലെത്തിയ യുഡിഎഫിന് നിലവിലുള്ളത് 71 സീറ്റുകളാണ്. സ്പീക്കറെ മാറ്റിനിര്‍ത്തിയാല്‍ എഴുപത്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ചാല്‍ അവരുടെ അംഗബലം 69 സീറ്റാകും. സഭയിലെ വോട്ടെടുപ്പ് വേളകളിലെല്ലാം യുഡിഎഫിനത് തലവേദന സൃഷ്ടിക്കും. എല്ലാ അംഗങ്ങളും സഭയില്‍ എപ്പോഴും ഉണ്ടായിരിക്കേണ്ടതായി വരും. അല്ലാത്ത പക്ഷം ബില്ലുകളോ, പ്രമേയങ്ങളോ പാസാക്കുന്ന അവസരത്തില്‍, ഭരണപക്ഷത്തിന്‍റെ തീരുമാനങ്ങളെയാകെ മറിച്ചിടാന്‍ പ്രതിപക്ഷത്തിന് അവസരമൊരുങ്ങും. ഏതെങ്കിലും ഒരംഗത്തിന് 'മൂത്രശങ്ക' തോന്നിയാല്‍ സര്‍ക്കാര്‍ മറിഞ്ഞുവീഴും. സ്പീക്കര്‍ക്ക് കാസ്റ്റിംഗ് വോട്ട് വിനിയോഗിക്കേണ്ടിവരാവുന്ന സ്ഥിതിയില്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകും. 'കാസ്റ്റിംഗ് സ്പീക്കര്‍' എന്ന പരിഹാസമേറ്റ് സ്ഥാനത്ത് തുടരുകയെന്നത് ജി കാര്‍ത്തികേയനെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടായിരിക്കും. ബഹളമായ അന്തരീക്ഷത്തില്‍ ഭരണം പോലും നിശ്ചലമാകുന്ന അവസ്ഥയാണ് സംജാതമാകുക. ഭരണ പ്രതിസന്ധിയുടെ നിരന്തര പരീക്ഷണങ്ങളായിരിക്കും കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന് നേരിടേണ്ടിവരുക.

മു­ന്ന­ണി­യെ­ന്ന നി­ല­യി­ലും ഭരണപക്ഷം എന്ന നിലയിലും പിറവം ഉപതെരഞ്ഞെടുപ്പ് യുഡിഎഫിന് ആസിഡ് ടെസ്റ്റ് തന്നെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെന്ന പോലെ ഈ ഉപതെരഞ്ഞെടുപ്പിലും പിറവത്തെ മത്സരഫലം നിര്‍ണ്ണായകമാണ്. അതിനാല്‍ തന്നെ കഴിഞ്ഞ തവണത്തേക്കാള്‍ മത്സരത്തിന് ഇത്തവണ വീറും വാശിയും കൂടും. സീറ്റ് നിലനിര്‍ത്താന്‍ യുഡിഎഫും സീറ്റ് പിടിക്കാന്‍ എല്‍ഡിഎഫും മൂര്‍ച്ചേറിയ രാഷ്ട്രീയ തന്ത്രങ്ങള്‍ തന്നെ പയറ്റുമെന്ന് ഉറപ്പാണ്. കഴിഞ്ഞ തവണത്തെ തുശ്ചമായ ഭൂരിപക്ഷത്തെ കണക്കിലെടുത്താല്‍, ബിജെപി, എസ്‌യുഐസി, സ്വതന്ത്രന്‍ തുടങ്ങിയ ചെറിയ കക്ഷികളുടെ സാന്നിധ്യവും വോട്ടുനേട്ടം വരെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധിനീക്കും. അതിനാല്‍ തികഞ്ഞ ആശങ്കകളോടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. അതേസമയം ഭരണപക്ഷത്തിനെതിരെ തുറന്ന സമരത്തിന് ആഹ്വാനം ചെയ്ത സിപിഎം നയിക്കുന്ന എല്‍ഡിഎഫ്, യുഡിഎഫിനെ താഴെയിറക്കി അധികാരം കൈയ്യടക്കാനുള്ള ആദ്യ അവസരമായാണ് പിറവം ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്.

സഹതാപ തരംഗം മുതലാക്കുന്നതിനൊപ്പം ടി.എം ജേക്കബിന്‍റെ വികസന നേട്ടങ്ങളെ കൂടി ഓര്‍മ്മപ്പെടുത്തുകയായിരിക്കും അനൂപ് ജേക്കബിലൂടെ യുഡിഎഫ് ലക്‌ഷ്യമിടുന്നത്. ടി.എം ജേക്കബിന്‍റെ സംസ്കാരചടങ്ങുകള്‍ പൂര്‍ത്തിയാക്കി നിമിഷങ്ങള്‍ മാത്രം പിന്നിടുമ്പോഴേക്കും ജേക്കബിന്‍റെ കുടുംബത്തില്‍ നിന്നുള്ള ഒരാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും മന്ത്രിയാക്കണമെന്നും ആവശ്യപ്പെട്ട് യാക്കോബായ സഭ തന്നെ രംഗത്തെത്തിയിരുന്നതിനാല്‍ സഭയുടെ പിന്തുണ അനൂപിനു ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ടി.എം ജേക്കബിന്‍റെ വികസന പ്രവര്‍ത്തനങ്ങളെ ആശ്രയിച്ചും പൂര്‍ത്തിയാക്കാനിരിക്കുന്ന പദ്ധതികളുടെ പേരിലുമാകും പ്രധാനമായും വോട്ടഭ്യര്‍ത്ഥന നടക്കുക. അഞ്ചു മാസ കാലയളവില്‍ ടി.എം ജേക്കബ് ചെയ്തതും ചെയ്യാനിരുന്നതുമായ വികസന പ്രവര്‍ത്തനങ്ങളെ ജനങ്ങളിലെത്തിക്കുക എന്നതാകും ആദ്യ ഘട്ട പ്രചരണം.

എന്നാല്‍ തന്‍റെ കന്നിയങ്കത്തിനിറങ്ങുന്ന അനൂപിന് അനുഭവ സമ്പത്ത് കുറവാണെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യുഡിഎഫിന് പ്രതികൂലമായി നില്‍ക്കുന്നുണ്ട്. മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്‍റെ കലക്കലില്‍ രാഷ്ട്രീയനേട്ടം കൊയ്യാമെന്ന യുഡിഎഫിന്‍റെ മോഹങ്ങള്‍ക്ക് ഇനിയും പിറവത്ത് സ്ഥാനം നേടാനായേക്കില്ല. പ്രശ്നത്തില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും മറ്റും ഘടക കക്ഷികളും സ്വീകരിച്ച വ്യത്യസ്ത നിലപാടുകള്‍ വിനയാകാനോ തരമുള്ളു. അനൂപിന്‍റെ സ്ഥാനാര്‍ത്ഥിത്വം ആവശ്യപ്പെട്ട് യാക്കോബായ സഭ കാണിച്ച തിടുക്കവും യുഡിഎഫിന് പ്രതികൂലമായി ബാധിച്ചേക്കാം. യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ നേതൃത്വങ്ങള്‍ക്ക് ഒരുപോലെ സ്വീകാര്യനായിരുന്നു ജേക്കബ്. എന്നാല്‍, സഭാ തര്‍ക്കത്തിന് ഒരു പരിഹാരം കാണാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കാതിരുന്നതും കോടതി വിധി പാലിക്കുന്നതിന് യാക്കോബായ സഭയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താതിരുന്നതുമെല്ലാം ചേരുമ്പോള്‍ ഓര്‍ത്തഡോക്സ് സഭയെ വോട്ടു മറിച്ചു ചെയ്യാന്‍ നിര്‍ബന്ധിച്ചേക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പ് വിജയം സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുന്നതിന് സുപ്രിം കോടതിക്കു വരെ ഇടപെടേണ്ടി വന്നു എന്നതും വിസ്മരിക്കാവുന്നതല്ല.

പിറവത്ത് ജയിക്കുന്നയാള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്നൊക്കെ പ്രഖ്യാപിച്ച് അനൂപ് ജേക്കബിനെ വിജയിപ്പിച്ചെടുക്കാമെന്നായിരുന്നു യുഡിഎഫിന്‍റെ ആദ്യ ശ്രമം. എന്നാല്‍ മന്ത്രിസ്ഥാനത്തിനെതിരെ മുന്നണിക്കുള്ളില്‍ തന്നെ മുറുമുറുപ്പ് ഉയര്‍ന്നിരുന്നു. എംഎല്‍എയായി പിറക്കും മുമ്പേ ആരും മന്ത്രിയാകില്ലെന്നായിരുന്നു കോണ്‍ഗ്രസിലെയും ചില മുന്നണി കക്ഷികളുടെയും നിലപാട്. മന്ത്രിയായി ജനവിധി തേടി പരാജയപ്പെട്ട കെ.മുരളീധരന്‍റെ അനുഭവം സൂചനയായി കാണണമെന്നു വാദിക്കുന്നവരും കുറവല്ല. ടി.എം ജേക്കബിന്‍റെ വിയോഗത്തോടെ പ്രാതിനിധ്യമില്ലാതായ ഘടകകക്ഷിക്ക് മന്ത്രിസ്ഥാനം കൊടുക്കേണ്ടതില്ലെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. ചുരുക്കത്തില്‍ അനുപിന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചു തന്നെ കോണ്‍ഗ്രസില്‍ വ്യത്യസ്ത അഭിപ്രായമാണുണ്ടായിരിക്കുന്നത്.

പിറവം തെരഞ്ഞെടുപ്പിന് കാലതാമസം വരുത്തുകയും അതിനിടയില്‍ അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചെടുക്കാമെന്നുമായിരുന്നു യുഡിഎഫ് കണക്കു കൂട്ടല്‍. ധൃതി പിടിച്ചു സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടികളും, പിറവുമായി ബന്ധപ്പെട്ട് കിടന്ന വികസന പ്രവര്‍ത്തനങ്ങളെ പൊടിതട്ടിയെടുത്തുമായിരുന്നു യുഡിഎഫിന്‍റെ സാഹസങ്ങള്‍. കൂടാതെ, സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് പിറവത്തെ ജനങ്ങളെ മോഹിപ്പിക്കാമെന്നും കണക്കു കൂട്ടിയിരുന്നു. ഇതെല്ലാം കഴിഞ്ഞ് ഏപ്രിലില്‍ തെരഞ്ഞെടുപ്പിനെ നേരിടാമെന്നായിരുന്നു യുഡിഎഫ് ധാരണ. എന്നാല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ബജറ്റ് തെരഞ്ഞെടുപ്പു കഴിഞ്ഞേ സാധ്യമാകൂ. എന്തൊക്കെയായാലും, സര്‍ക്കാരിനെ രക്ഷിച്ചു നിര്‍ത്താന്‍ യുഡിഎഫിന്‍റെ എല്ലാ ഉന്നത നേതാക്കളും പിറവത്തെത്തുമെന്ന് ഉറപ്പാണ്. മുന്നണിയിലെ എല്ലാ കക്ഷിപ്രമുഖരെയും അതിനായി രംഗത്തിറക്കാനാണ് യുഡിഎഫിന്‍റെ പരിപാടി. മുതിര്‍ന്ന നേതാക്കള്‍ തന്നെ പിറവത്തു ക്യാംപ് ചെയ്തു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തേക്കും.

അതേസമയം, ഇടതു പാളയത്തില്‍ കാര്യങ്ങള്‍ കൂറേക്കൂടി അനുകൂലമാണ്. പിറവത്ത് ടി.എം ജേക്കബിനോളമോ അതില്‍ കൂടുതലോ സ്വീകാര്യനാണ് എം.ജെ ജേക്കബ്. രാഷ്ട്രീയ അനുഭവ സമ്പത്തും ജനപ്രിയതയും ജേക്കബിന് സര്‍വ്വസമ്മതനായ സ്ഥാനാര്‍ത്ഥിയുടെ പരിവേഷം നല്‍കുന്നുണ്ട്. ജേക്കബിന്‍റെ ഈ ഗുണങ്ങള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലും കാണാനായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തര്‍ കാണിച്ച പാകപ്പിഴ മൂലമാണ് എം.ജെ ജേക്കബ് പരാജയപ്പെട്ടതെന്ന കാര്യം വി.എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ നേതാക്കള്‍ ആവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ പിഴവുകളില്ലാതെ മുന്നോട്ടു പോകുക എന്നതായിരിക്കും ഇടതുപക്ഷത്തിന്‍റെ നയം. കൂടാതെ, ഇടതുമുന്നണിയിലുള്ള പി.സി തോമസ് വിഭാഗത്തിലെ ഏതാനും വോട്ടുകള്‍ ടി,എം ജേക്കബിന് അനുകൂലമായി പോയിട്ടുണ്ടെന്ന് ഇടതു നേതൃത്വം വിലയിരുത്തിയിരുന്നു. ഇത്തവണ അത്തരത്തിലൊരു ചീത്തപ്പേര് കേള്‍പ്പിക്കാന്‍ പി.സി തോമസ് വിഭാഗം ഇഷ്ടപ്പെട്ടേക്കില്ല. സിപിഎമ്മില്‍ ഔദ്യോഗിക പക്ഷത്തിന്‍റെ ആളായാണ് എം.ജെ ജേക്കബ് അറിയപ്പെടുന്നതെങ്കിലും ഇരുപക്ഷത്തിനും സ്വീകാര്യനാണ് അദ്ദേഹം. വി.എസ് പക്ഷത്തിന് ഏറെ സ്വാധീനമുള്ള പിറവത്ത്, ജേക്കബിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ഉദ്ഘാടനം ചെയ്തത് അച്യുതാനന്ദനായിരുന്നു. യുഡിഎഫിനെ താഴെയിറക്കി അധികാരം കൈയടക്കുകയാണ് എല്‍ഡിഎഫിന്‍റെ ശ്രമമെന്നതിനാലും മുഖ്യമന്ത്രി കസേര പിണറായി വിജയന്‍ സ്വപ്നം കാണുന്നതുകൊണ്ടും തെരഞ്ഞെടുപ്പില്‍ വിഭാഗീയത വലിയ പ്രശ്നം സൃഷ്ടിച്ചേക്കില്ലെന്ന് അനുമാനിക്കാം. ഒളി ക്യാമറാ വിവാദം വരുത്തിയ ചീത്തപ്പേര് ഇല്ലാതാക്കാന്‍ കിട്ടിയ അവസരമായി വിഎസ് വിഭാഗം തെരഞ്ഞെടുപ്പിനെ വിനിയോഗിച്ചേക്കാം. പാര്‍ട്ടി സമ്മേളനങ്ങളുടെ തിരക്കുകളിലാണെങ്കിലും ഉപതെരഞ്ഞെടുപ്പിനു കൂടുതല്‍ ശ്രദ്ധനല്‍കണമെന്നാണ് സിപിഎം നേതൃത്വം അണികളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ വന്‍ സംഘത്തെ തന്നെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജനായിരിക്കും തെരഞ്ഞെടുപ്പു ചുമതല. സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള തെരഞ്ഞെടുപ്പിനായി പിണറായി വിജയനും പിറവത്തെത്തും. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനാകും നേതൃത്വം നല്‍കുക.

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പതിമൂന്നാം നിയമസഭ നിലവില്‍ വന്നതിനുശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പ് എന്നതിനൊപ്പം മണ്ഡലം നിലവില്‍ വന്നശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പ് എന്ന ചരിത്രപരമായ പ്രത്യേകത കൂടിയുണ്ട് പിറവം ഉപതെരഞ്ഞെടുപ്പിന്. 1976ല്‍ നിലവില്‍വന്ന പിറവം മണ്ഡലത്തില്‍ ഇതുവരെ നടന്നിട്ടുള്ള എട്ട് തെരഞ്ഞെടുപ്പുകളില്‍ അഞ്ചുതവണ യുഡിഎഫും മൂന്നുതവണ എല്‍ഡിഎഫും വിജയിച്ചിട്ടുണ്ട്‌. 1977ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ആലുങ്കല്‍ ദേവസിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് ടി.എം ജേക്കബ് പിറവത്തെ തന്‍റെ രാഷ്ട്രീയ തേരോട്ടത്തിന് ആരംഭം കുറിക്കുന്നത്. അന്നുമുതല്‍ പിറവം മണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്നു ജേക്കബ്. 1982ലും 1987ലും പിറവം വിട്ടു കോതമംഗലത്തേക്ക് ജേക്കബ് തന്‍റെ ഭാഗ്യപരീക്ഷണം മാറ്റിയെങ്കിലും 1991ല്‍ അദ്ദേഹം വീണ്ടും പിറവത്തേക്കു തന്നെ വന്നു. 2006ല്‍ മാത്രമാണ് ജേക്കബ് പിറവത്ത് പരാജയപ്പെട്ടത്. 1980ല്‍ എല്‍ഡിഎഫിലെ പി.സി ചാക്കോയും 1982ല്‍ യുഡിഎഫിലെ ബെന്നി ബഹനാനും 1987ല്‍ എല്‍ഡിഎഫിലെ ഗോപി കോട്ടമുറിക്കലും പിറവത്ത് ജയിച്ചു. 1991ലും 2001ലും 1996ലും വിജയം നേടിയ ടി.എം ജേക്കബ് 2006ല്‍ 5150 വോട്ടിന് എല്‍ഡിഎഫിലെ എം.ജെ ജേക്കബിനോട് പരാജയപ്പെട്ടു. 2011ല്‍ എം.ജെ ജേക്കബിനെ പരാജയപ്പെടുത്തിക്കൊണ്ട് ടി.എം ജേക്കബ് മണ്ഡലം തിരിച്ചുപിടിച്ചു.

പിറവത്തെ കോണ്‍ഗ്രസിന്‍റെ വിജയങ്ങള്‍ക്കെല്ലാം കാരണക്കാരന്‍ ടി.എം ജേക്കബ് തന്നെയായിരുന്നു. പിറവത്ത് അത് പലപ്പോഴായി കോണ്‍ഗ്രസ് മനസിലാക്കിയതുമാണ്. അതിനാല്‍, ഇപ്പോള്‍ ജേക്കബിന്‍റെ അഭാവത്തില്‍ പിറവം കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കടുത്ത അഗ്നി പരീക്ഷണമാണ് മുന്നോട്ടുവെക്കുന്നത്.

No comments:

Post a Comment