Wednesday, January 18, 2012

വീണ്ടുമൊരു മകരവിളക്ക്: പുല്ലുമേട്ടിലെ ഇരുട്ട് അകലുന്നില്ല

നിരീക്ഷണം


ഷാനവാസ്. എസ് | കൊച്ചി, ജനുവരി 13, 2012 10:50
http://thesundayindian.com/ml/story/makaravilakku-again-scary-images-of-pullumedu-haunt-again/14/2318/

ജനുവരി 15ന് നടക്കുന്ന മകരവിളക്ക് ദര്‍ശനത്തിന് മുന്നോടിയായി, ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും ദുരന്ത നിവാരണത്തിനുള്ള മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് ശബരിമല അയ്യപ്പക്ഷേത്രം നടത്തിപ്പുകാരായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും സംസ്ഥാന സര്‍ക്കാരിനോടും കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചു. രാജ്യത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ എത്തുന്ന സാഹചര്യത്തില്‍ ആവശ്യമായ ഭക്ഷണത്തിന്‍റെയും കുടിവെള്ളത്തിന്‍റെയും ലഭ്യത അധികൃതര്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മകരവിളക്കിനോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ കൈക്കൊണ്ട നടപടികളെ കോടതി സ്വമേധയാ വിലയിരുത്തിയ ജസ്റ്റീസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണനും സി. ടി. രവികുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ആണ് ഈ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഏതു അടിയന്തിര സാഹചര്യത്തിലും കര്‍മ്മനിരതരാകുവാന്‍ തക്കവിധം സേന സജ്ജമാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നും ഏതെങ്കിലും വിധത്തിലുള്ള വീഴ്ചക്ക് ഉദ്യോഗസ്ഥര്‍ വ്യക്തിപരമായി ഉത്തരവാദികളായിരിക്കുമെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു. ഇത്തവണ മകരവിളക്ക് ജനുവരി15-നാണ്. വൈകിട്ട് 6.30ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കുന്ന സമയത്താണ് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിക്കുക.

2011 ജനുവരി 14ന് മകരവിളക്ക് ദിനത്തില്‍ പുല്ലുമേട്ടിലുണ്ടായ തിക്കിലും തിരക്കിലും 102 അയ്യപ്പഭക്തന്മാര്‍ ദാരുണമായി കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ക്കൊപ്പം ദുരന്ത നിവാരണത്തിനുള്ള മുന്‍കരുതലുകളും നടപടിക്രമങ്ങളും സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. വണ്ടിപ്പെരിയാറിലെ പുല്ലുമേട്ടില്‍ മകരവിളക്ക് ദര്‍ശനം കഴിഞ്ഞ് മലയിറങ്ങിയ തീർത്ഥാടകര്‍ വള്ളക്കടവ് ഉപ്പുപാറയില്‍ തിക്കിലും തിരക്കിലും പെട്ടതിനെത്തുടര്‍ന്നാണ് ശബരിമലയിലെ ഏറ്റവും വലിയ ദുരന്തമുണ്ടായത്. മൂന്നു ലക്ഷത്തിലധികം അയ്യപ്പഭക്തരാണ് പുല്ലുമേട്ടില്‍ അന്ന് തടിച്ചുകൂടിയിരുന്നത്. ദുരന്തത്തില്‍ മരിച്ചവരില്‍ ഏറെയും തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരായിരുന്നു.

പുല്ലുമേട് ദുരന്തത്തെത്തുടര്‍ന്ന് വള്ളക്കടവ്- കോഴിക്കാനം- പുല്ലുമേട് റൂട്ടിലൂടെയുള്ള വാഹന ഗതാഗതം ഹൈക്കോടതി നിരോധിച്ചിരുന്നു. ഈ വര്‍ഷം മുതല്‍ പരമ്പരാഗത പാതയായ വണ്ടിപ്പെരിയാര്‍-സത്രം-പുല്ലുമേട് റൂട്ടാണ് ഔദ്യോഗികമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എങ്കിലും മണ്ഡലകാലം ആരംഭിച്ചതോടെ തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ആയിരണക്കിന് അയ്യപ്പഭക്തര്‍ ഈ കാനന പാത തന്നെയാണ് ശബരിമലയിലേക്കുള്ള എളുപ്പമാര്‍ഗമെന്നോണം സ്വീകരിച്ചിരിക്കുന്നത്.

ഇനിയുമൊരു ദുരന്തം ഉണ്ടാകാതിരിക്കേണ്ടതിന് മുന്‍കരുതലിനേക്കാള്‍ നമ്മുടെ സുരക്ഷാ സംവിധാനങ്ങളില്‍ സമൂലമായൊരു മാറ്റമാണ് ആവശ്യം. കാരണം പഠനങ്ങളും റിപ്പോര്‍ട്ടുകളും നിര്‍ദ്ദേശങ്ങളുമൊക്കെ നമുക്ക് ഇതിനു മുമ്പു പല തവണയും ലഭിച്ചിട്ടുണ്ട്. ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ജസ്റ്റീസ് ചന്ദ്രശേഖര മേനോന്‍ കമ്മീഷനും, സംസ്ഥാനത്തെ നിയമസഭാ സമിതിയും പലപ്പോഴായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1999 ജനുവരി 14-ന്‌ മകരവിളക്ക്‌ ദിനത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 53 തീര്‍ത്ഥാടകര്‍ മരിക്കാനിടയായതിനെത്തുടര്‍ന്നാണ് ജസ്റ്റിസ്‌ ചന്ദ്രശേഖരമേനോന്‍ കമ്മീഷനെ അന്നത്തെ ഇടതുമുന്നണി സര്‍ക്കാര്‍ അന്വേഷണത്തിനു നിയോഗിച്ചത്‌. 2000 ജൂണ്‍ ഏഴിന്‌ തന്നെ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല. അതിനുശേഷം അധികാരത്തിലെത്തിയ എ.കെ.ആന്‍റണി സര്‍ക്കാരും റിപ്പോര്‍ട്ട്‌ അനക്കിയില്ല. പിന്നീടുവന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍, അഞ്ചു വര്‍ഷത്തിനുശേഷം റിപ്പോര്‍ട്ട് സഭയില്‍വെച്ചെങ്കിലും നടപടിയുണ്ടായില്ല. യുഡിഎഫ് മാറി എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോഴും റിപ്പോര്‍ട്ടിന്‍റെ വിധി പഴയതു തന്നെയായിരുന്നു. പഴയ റിപ്പോര്‍ട്ട് അവഗണിച്ചുകളഞ്ഞതാണ് പുല്ലുമേട് പോലൊരു ദുരന്തത്തിനുള്ള സാധ്യതകള്‍ വര്‍ധിപ്പിച്ചതെന്ന ആരോപണങ്ങള്‍ അതിനാല്‍ തന്നെ ശക്തമായിരുന്നു.

നല്ല റോഡും ഗതാതഗത സൌകര്യവും, ശക്തമായ ബാരിക്കേഡുകളും വേണമെന്നും ജനത്തിരക്ക് എത്ര കൂടിയാലും അത്‌ ദുരന്തമായി മാറാതിരിക്കാനുള്ള സന്നാഹങ്ങളും ക്രമീകരണങ്ങളും വേണമെന്നും ചന്ദ്രശേഖര മേനോന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ജനത്തിരക്കേറുമ്പോള്‍ അപകടത്തിനുള്ള സാധ്യത വര്‍ധിക്കും എന്ന തരത്തിലുള്ള നിരുത്തരവാദപരമായ സമീപനം സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന്‌ ഉണ്ടാകരുതെന്നും കമ്മീഷന്‍ പറഞ്ഞിരുന്നു. ഇതിനെല്ലാം പുറമെ, നിയമസഭാ പരിസ്ഥിതി കമ്മിറ്റി പലതവണ ശബരിമലയും പുല്ലുമേടും സന്ദര്‍ശിക്കുകയും റിപ്പോര്‍ട്ടുകള്‍ സഭയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നെങ്കിലും ഏതെങ്കിലും സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും അനുയോജ്യമായ ഒരു നടപടിയും ഉണ്ടായില്ല എന്നതാണ് വാസ്തവം.

സീസണ്‍ അടുക്കുമ്പോള്‍ മാത്രം അപകട സാധ്യതയെക്കുറിച്ച് ബോധവാന്മാരാകുകയും എന്തെങ്കിലും ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്യുന്ന രീതി മാറേണ്ടതുണ്ട്. ദുരന്തം ആകസ്മികമായിരുന്നവെന്ന റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അനിയന്ത്രിതമായ തോതിലുള്ള ജനത്തിരക്ക്, മോശം സുരക്ഷാ ക്രമീകരണങ്ങള്‍, ഇടുങ്ങിയ വനപാത, വെളിച്ചക്കുറവ് എന്നിവയെല്ലാം ദുരന്തത്തിന് കാരണമായ വസ്തുതകളാണെന്നത് വിസ്മരിക്കാനാവില്ല. നിര്‍ദ്ദേശങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും മുമ്പെ, ശരിയായ കാരണങ്ങള്‍ കണ്ടെത്തി പരിഹാരം കാണുക എന്നതാണ് ആവശ്യം. ഒരു സീസണില്‍ തന്നെ കോടികളുടെ വരുമാനം നേടുന്ന ശബരിമലയെ പോലുള്ള തീര്‍ത്ഥാടന കേന്ദ്രത്തിന് ഇനിയും പക്വമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ല അല്ലെങ്കില്‍ സുരക്ഷാ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന് പറയുന്നത് നാണക്കേടു തന്നെയാണ്.

No comments:

Post a Comment