Wednesday, January 18, 2012

നഴ്സുമാര്‍ മിനിമം വേതനം: 'തല്‍സ്ഥിതി' തുടരുന്നതിലെ കളികള്‍


ഷാനവാസ്.എസ് | കൊച്ചി, ജനുവരി 18, 2012 10:40
http://thesundayindian.com/ml/story/minimum-wages-for-nurses-who-stopped-wage-reforms/13/2362/

ഏതൊരു സ്ഥാപനത്തിലെയും തൊഴിലാളിയുടെ ന്യായമായ അവകാശമാണ് മിനിമം വേതനമെന്നത്. ഒരു തൊഴിലാളിക്ക് വാഗ്‌ദാനം ചെയ്യപ്പെട്ടതും അംഗീകരിക്കപ്പെട്ടതുമായ വേതനം ലഭ്യമാക്കേണ്ടത് തൊഴില്‍ സ്ഥാപനത്തിന്‍റെ ഉത്തരവാദിത്വവും അത് ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കേണ്ടത് അതാത് സര്‍ക്കാരിന്‍റെയും നിയമ വ്യവസ്ഥകളുടെയും കടമയുമാണ്. എന്നാല്‍ ഉത്തരവാദിത്വപ്പെട്ടവര്‍ എല്ലാവരും ചേര്‍ന്ന് മിനിമം വേതനം നല്‍കാതിരിക്കുക മാത്രമല്ല അതാവശ്യപ്പെടുന്നവരെ ശാരീരകവും മാനസികവുമായി പീഡീപ്പിക്കുക കൂടി ചെയ്യുന്നതായാണ് കേരളത്തിലെ നേഴ്സുമാരുടെ സമരം വ്യക്തമാക്കുന്നത്. സേവന-വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കുക, ജോലി സമയം ക്ലിപ്തപ്പെടുത്തുക, തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ നേഴ്സുമാര്‍ സമരം നടത്തുന്നത്.

സ്വകാര്യാശുപത്രികളില്‍ നേഴ്സുമാരുടെ വേതനവും ആനുകൂല്യങ്ങളും പരിഷ്കരിക്കുകയും ഉറപ്പാക്കുകയും ചെയ്യുന്ന നിയമങ്ങളും വ്യവസ്ഥകളും കേരളത്തിലില്ലാത്തതിനാലാണ് ഇത്തരത്തില്‍ സമരം ചെയ്യേണ്ടിവരുന്നതെന്ന് ചിന്തിക്കരുത്. ഒരുപിടി നിയമങ്ങളും വ്യവസ്ഥകളും വേതന പരിഷ്കരണ സംവിധാനങ്ങളും നമുക്കിവിടെയുണ്ട്. എന്നാല്‍ വൈകിപ്പോകുന്ന സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കൊപ്പം അത് നടപ്പാക്കാന്‍ കാണിക്കുന്ന ശുഷ്കാന്തിയില്ലായ്മയും സര്‍ക്കാര്‍ തീരുമാനങ്ങളെ പാടെ അവഗണിക്കുന്നവരും അതിനെതിരെ കേസ് നടത്തുന്നവരും സ്റ്റേ വാങ്ങുന്നവരും ചേര്‍ന്ന് പലപ്പോഴും ഇത്തരം ഉത്തരവുകളെയും വ്യവസ്ഥകളെയും അക്ഷരകൂട്ടങ്ങള്‍ക്കുള്ളില്‍ തന്നെ ഒതുക്കിതീര്‍ക്കുകയാണ്. നീതിനിര്‍വഹണത്തില്‍ കൃത്യത പാലിക്കേണ്ട കോടതികളാകട്ടെ കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ വര്‍ഷങ്ങള്‍ തന്നെ എടുക്കുമ്പോള്‍ നീതി നിഷേധത്തിന്‍റെ ദൂഷിതവലയം പൂര്‍ണമാവുന്നു.

നേഴ്സുമാരുടെ മിനിമം വേതനം നടപ്പാക്കാന്‍ 1990ലാണ് ആദ്യമായി കമ്മിറ്റി രൂപീകരിക്കുന്നത്. 1994ല്‍ കമ്മിറ്റി തീരുമാനങ്ങള്‍ പ്രഖ്യാപിച്ച യുഡിഎഫ് സര്‍ക്കാര്‍ പുതുക്കിയ മിനിമം വേതനവും പ്രഖ്യാപിച്ചു. എന്നാല്‍ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ ഹൈക്കോടതിയില്‍ അതിനെതിരെ കേസ് വന്നു എന്നതാണ് വിചിത്രമായ സത്യം. ഒടുവില്‍ ആറുവര്‍ഷത്തെ ഇടവേളക്കു ശേഷം കേസ് തീര്‍പ്പാക്കിയ 2000ലാണ് 1990ല്‍ ലഭിക്കേണ്ട മിനിമം വേതനം ലഭിക്കുന്നത്. ഒരുപക്ഷേ 1994ല്‍ എങ്കിലും ലഭിക്കാമായിരുന്ന ന്യായമായ അവകാശത്തിനായി 2000 വരെയുള്ള കാത്തിരിപ്പ്.

നേഴ്സുമാരുടേതുള്‍പ്പെടെയുള്ളവരുടെ മിനിമം വേതനം പരിഷ്കരിച്ചതു പ്രഖ്യാപിച്ചുകൊണ്ടുള്ള ഏറ്റവും പുതിയ സര്‍ക്കാര്‍ വിജ്ഞാപനം ഉണ്ടായത് 2009ലാണ്. 2009 ഡിസംബര്‍ 16ന് കേരള സര്‍ക്കാര്‍ തൊഴിലും പുനരധിവാസവും (ഇ) വകുപ്പ് പ്രകാരം പുറപ്പെടുവിച്ച അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍, ഡിസ്പെന്‍സറികള്‍, ഫാര്‍മസികള്‍ ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് നല്‍കേണ്ട കുറഞ്ഞ കൂലി നിരക്കിനെക്കുറിച്ച് പ്രഖ്യാപിച്ചത്. അതിന് 2009 ജൂണ്‍ മാസം ഒന്നുമുതല്‍ ആറുമാസത്തെ മുന്‍കാല പ്രാബല്യവും പ്രഖ്യാപിച്ചിരുന്നു.

വിജ്ഞാപനത്തിലെ നേഴ്സുമാരുടെ പ്രതിമാസ വേതന വ്യവസ്ഥകള്‍ ഇങ്ങനെയാണ്.

  • ഗ്രൂപ്പ് എ- നേഴ്സിംഗ് സൂപ്രണ്ട് (ബിഎസ്.സി നേഴ്സിംഗും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ജനറല്‍ നേഴ്സിംഗും പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയവും), മൈക്രോ ബയോളജിസ്റ്റ് ഗ്രേഡ് ഒന്ന് (ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും), ഫാര്‍മസി സൂപ്രണ്ട് (ഫാര്‍മസി ബിരുദവും/ഡിപ്ലോമയും ആറു വര്‍ഷത്തെ പ്രവൃത്തി പരിചയവും) എന്നിവര്‍ക്ക് 5610-6810 രൂപ.
  • ഗ്രൂപ്പ് ബി- സ്റ്റാഫ് നേഴ്സ് (ബിഎസ്.സി നേഴ്സിംഗ്), അസിസ്റ്റന്‍റ് നേഴ്സിംഗ് സൂപ്രണ്ട് (ബിഎസ്.സി നേഴ്സിംഗും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ജനറല്‍ നേഴ്സിംഗും പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയവും), ട്യൂട്ടര്‍ നേഴ്സ്, ഹെഡ് നേഴ്സ്, സിസ്റ്റര്‍-ഇന്‍-ചാര്‍ജ് തുടങ്ങിയവര്‍ക്ക് 5310-6460 രൂപ.
  • ഗ്രൂപ്പ് സി- സ്റ്റാഫ് നേഴ്സ് (ജനറല്‍ നേഴ്സിംഗ്), നേഴ്സിംഗ് അസിസ്റ്റന്‍റ്-സ്പെഷ്യല്‍ ഗ്രേഡ് (12 വര്‍ഷത്തിലധികം സര്‍വീസ് ഉള്ളവര്‍) തുടങ്ങിയവര്‍ക്ക് 5100-6200 രൂപ.
  • ഗ്രൂപ്പ് ഡി- നേഴ്സിംഗ് അസിസ്റ്റന്‍റ്-ഗ്രേഡ് ഒന്ന് (മിനിമം പത്ത് വര്‍ഷം സര്‍വീസുള്ളവര്‍) തുടങ്ങിയവര്‍ക്ക് 5040-6140 രൂപ.
  • ഗ്രൂപ്പ് ഇ- നേഴ്സിംഗ് അസിസ്റ്റന്‍റ് രണ്ടാം ഗ്രേഡ് (അഞ്ച് വര്‍ഷത്തില്‍ കൂടുതലും ഏഴ് വര്‍ഷത്തില്‍ താഴെയും സര്‍വീസുള്ളവര്‍) 4770-5795 രൂപ.
  • ഗ്രൂപ്പ് എഫ്- നേഴ്സിംഗ് എയ്ഡ്/ നേഴ്സിംഗ് അസിസ്റ്റന്‍റ് മൂന്നാം ഗ്രേഡ് (അഞ്ച് വര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവര്‍) 4630-5630 രൂപ.
എംബിബിഎസ്, എം ഡി (ജനറല്‍ മെഡിസിന്‍) വിഭാഗത്തിലെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്ന 20 കിടക്കകള്‍ വരെയുള്ള പ്രൈമറി കെയര്‍ സെന്‍ററിലെ നേഴ്സുമാര്‍ക്കാണ് മുന്‍പറഞ്ഞ വേതന വ്യവസ്ഥകള്‍ ലഭ്യമാക്കേണ്ടത്. സ്പെഷ്യാലിറ്റി സെന്‍റര്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി സെന്‍റര്‍, സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ മിനിമം വേതനത്തിനു പുറമേ അതാതു കാലങ്ങളില്‍ അവര്‍ക്കു നല്‍കുന്ന അടിസ്ഥാന വേതനത്തിന്‍റെ 10 ശതമാനം, 15 ശതമാനം, 20 ശതമാനം, 30 ശതമാനം വരുന്ന തുക അധിക അലവന്‍സായും നല്‍കേണം. ഇതിനൊപ്പം അടിസ്ഥാന വേതനത്തിനും അധിക അലവന്‍സിനും പുറമേ സംസ്ഥാന ഇക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഓരോ മാസവും പ്രസിദ്ധീകരിക്കുന്ന 1998-99=100 എന്ന ഉപഭോക്തൃ വിലസൂചികയിലെ അതത് ജില്ലാ കേന്ദ്രത്തിന്‍റെ ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സൂചികയില്‍ 130ന് മേല്‍ വര്‍ധിക്കുന്ന ഓരോ പോയിന്‍റിനും പ്രതിമാസം 26.65 രൂപ നിരക്കില്‍ ക്ഷാമബത്തയും നല്‍കണം.

ഇങ്ങനെ മിനിമം വേതനം, അധിക അലവന്‍സ്, ക്ഷാമബത്ത, സര്‍വീസ് വെയിറ്റേജ്, ദിവസ വേതനം, ഉയര്‍ന്ന വേതനം എന്നിങ്ങനെ നേഴ്സുമാരുടെ സേവന, വേതന ആനുകൂല്യങ്ങളെക്കുറിച്ച് വളരെ വിശദമായി തന്നെ വിജ്ഞാപനത്തില്‍ പറയുന്നു. വിജ്ഞാപനപ്രകാരമുള്ള വേതന നിരക്കുകളേക്കാള്‍ ഉയര്‍ന്ന വേതനം ഈ മേഖലയില്‍ ഏതെങ്കിലും തൊഴിലാളികള്‍ക്ക് ഇപ്പോള്‍ നല്‍കുന്നുണ്ടെങ്കില്‍ അത്തരം തൊഴിലാളികള്‍ക്ക് അപ്രകാരമുള്ള ഉയര്‍ന്ന വേതന നിരക്ക് തുടര്‍ന്നും നല്‍കേണ്ടതാണെന്നും വിജ്ഞാപനം പറഞ്ഞുവെക്കുന്നു.

എന്നാല്‍ മുകളില്‍ പറഞ്ഞിരിക്കുന്ന വിജ്ഞാപനവും ചട്ടങ്ങളും നിയമങ്ങളുമെല്ലാം ഇനിയും അന്തിമ തീരുമാനമാകാതെ സര്‍ക്കാരിന്‍റെയും കോടതിയുടേയും കനിവ് തേടുകയാണെന്നതാണ് വാസ്തവം. 2009 ഡിസംബര്‍ 16ന് ആറുമാസത്തെ മുന്‍കാല പ്രാബല്യത്തോടെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിച്ചുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനെതിരെ പല സംഘടനകളില്‍ നിന്നും വിഭാഗങ്ങളില്‍ നിന്നുമായി ഹൈക്കോടതിയില്‍ കേസ് വന്നു. ഡോക്ടര്‍മാരും അവരുടെ പല സംഘടനകളും, സ്വകാര്യ ആശുപത്രികളും മാനേജ്മെന്‍റും അവരുടെ പല സംഘടനകളും ഉള്‍പ്പെടെ വിവിധ മെഡിക്കല്‍സ്ഥാപനങ്ങളായിരുന്നു നാല്‍പ്പതോളം വരുന്ന കേസുകളുടെ പിന്നില്‍. അങ്ങനെ രണ്ട് വര്‍ഷം പിന്നിടുമ്പോഴും സര്‍ക്കാര്‍ ഉത്തരവ് സംബന്ധിച്ച് ഇനിയും അന്തിമ തീരുമാനമാകാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയിലെ ഈ കേസുകള്‍ ചൂണ്ടിക്കാണിച്ചും സ്റ്റേയുടെ പേര് പറഞ്ഞും സ്വകാര്യ ആശുപ്രതികളും മാനേജ്മെന്‍റും മിനിമം വേതനമെന്ന തൊഴിലാളികളുടെ അവകാശത്തെ നിഷേധിക്കുകയാണ്. സ്ഥിര ജോലിക്കാര്‍ക്ക് കൃത്യമായ വേതനവും ആനുകൂല്യങ്ങളും നല്‍കേണ്ടി വരുമെന്നതിനാല്‍ കരാറടിസ്ഥാനത്തില്‍ തൊഴിലാളികളെ നിയമിക്കുകയെന്ന കുടില തന്ത്രമാണ് ഭൂരിഭാഗം സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകളുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

മിനിമം വേതന പരിഷ്കരണ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ബന്ധപ്പെട്ട മാനേജ്മെന്‍റുകളെ കൂടി അതിന്‍റെ പ്രക്രിയകളില്‍ ഉള്‍പ്പെടുത്താറുണ്ട്. അപ്രകാരം കമ്മിറ്റിയുടെ വ്യവസ്ഥകളെല്ലാം തന്നെ മാനേജ്മെന്‍റുകളുടെ അറിവും അംഗീകാരവും ഉള്ളതായിരിക്കും. എന്നിട്ടും വിജ്ഞാപനത്തിനൊടുവില്‍ അതിനെതിരെ കേസിനു പോകാനും സ്റ്റേ വാങ്ങാനും മാനേജ്മെന്‍റുകള്‍ തയ്യാറെടുക്കുന്നു എന്നതാണ് വിചിത്രം. വേതന പരിഷ്കരണത്തിന് ചുമല്‍കൊടുക്കുന്നവരും (പരോക്ഷമായി സര്‍ക്കാര്‍) മാനേജ്മെന്‍റും തമ്മിലുള്ള വൃത്തികെട്ട പൊറാട്ട് നാടകമാണ് ഇവിടെ അരങ്ങേറുന്നത്. അതിന് കോടതികളും കൂടി അറിഞ്ഞോ അറിയാതെയോ കൂട്ടുനില്‍ക്കുന്നുവെന്നു.

1990ലും 1994ലും സംഭവിച്ചതു തന്നെയാകുമോ 2009ലെ വേതന പരിഷ്കരണത്തിന്‍റെ കാര്യത്തിലും സംഭവിക്കുന്നതെന്ന ആശങ്കയിലാണ് അര്‍ഹതപ്പെട്ട ആനുകൂല്യത്തിനായി വിലപിക്കുന്ന നേഴ്സുമാര്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ 25,000-30,000 രൂപ വരെ നേഴ്സുമാര്‍ക്ക് ശമ്പളം ലഭ്യമാകുമ്പോള്‍, സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍ക്ക് 3000 രൂപ പോലും തികച്ചു കിട്ടുന്നില്ലെങ്കിലും പകലെന്നോ, രാത്രിയെന്നോ ഭേദമില്ലാതെ ഡ്യൂട്ടി സമയത്തിന് ഒട്ടും കുറവില്ല. സര്‍ക്കാര്‍ വേതനപരിഷ്കാരങ്ങള്‍ കൊണ്ടുവന്ന 2009ലെയും ഇപ്പോഴത്തെയും ജീവീത, വിലനിലവാര സാഹചര്യങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ടെങ്കിലും ഒന്നുമില്ലാത്തതിനേക്കാള്‍ ഭേദമാണല്ലോ എന്തെങ്കിലുമുള്ളത്.

No comments:

Post a Comment