http://thesundayindian.com/ml/story/antibiotic-use-suspected-to-cause-high-impotency-rates-in-kerala/13/2302/
കേരളത്തില്‍ വന്ധ്യതാ നിരക്ക് ഏറിവരുന്നതിന് പിന്നില്‍ നിയന്ത്രണമില്ലാത്ത ആന്‍റിബയോട്ടിക് ഉപയോഗവും കാരണമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ മലയാളികളുടെ ആരോഗ്യശീലങ്ങളെക്കുറിച്ച് കടുത്ത ആശങ്കയുണര്‍ത്തുന്നു. ആന്‍റിബയോട്ടിക്കുകളുടെ അമിതോപയോഗം ബീജോത്പാദനകോശങ്ങളെ ബാധിക്കുന്നതിനാല്‍ വന്ധ്യതക്കു കാരണമാകുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഡോക്ടര്‍മാരുടെ ഉപദേശപ്രകാരവും അല്ലാതെയും ആന്‍റിബയോട്ടിക്കുകള്‍ ധാരാളമായി ഉപയോഗിക്കുന്നത് ദൂരവ്യാപകമായ ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്നതിന്‍റെ മറ്റൊരു ഉദാഹരണം കൂടിയാണിത്.
ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ആന്‍റിബയോട്ടിക്കുകള്‍ അനുവദനീയമല്ലാത്ത അളവിലും ശരിയായ രീതിയിലും ഉപയോഗിക്കാത്തതും, ഒരു രോഗത്തിന് തന്നെ ഡോക്ടര്‍മാര്‍ പലതരം ആന്‍റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കുന്നതും, കുറിച്ചുകൊടുത്ത ആന്‍റിബയോട്ടിക്കുകള്‍, ആളുകള്‍ പിന്നീട് പല തവണയും ഡോക്ടറുടെ നിര്‍ദ്ദേശം കൂടാതെ വാങ്ങിച്ചു കഴിക്കുന്നതുമാണ് ഗൌരവമേറിയ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൂടാതെ അര്‍ബുദം പോലുള്ള മാരകരോഗങ്ങള്‍ക്കു നല്‍കുന്ന ആന്‍റിബയോട്ടിക്കുകള്‍ ബീജോത്പാദനത്തെ ബാധിക്കാറുണ്ടെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. അതിനാല്‍ പല ഡോക്ടര്‍മാരും ആന്‍റിബയോട്ടിക്കുകള്‍ കുറിച്ചുനല്‍കാന്‍ ഇപ്പോള്‍ മടി കാണിക്കുന്നുണ്ട്. അതിനെത്തുടര്‍ന്ന് പത്തോളം മരുന്നു കമ്പനികള്‍ തങ്ങളുടെ മരുന്നുകള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്.
കേരളത്തില്‍ വന്ധ്യതാ നിരക്കിലുണ്ടായിരിക്കുന്ന വര്‍ധനയെ പ്രതിഫലിപ്പിക്കുന്നതാണ് സംസ്ഥാനത്തെ ജനന നിരക്ക്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേ പ്രകാരം കേരളത്തിലെ ഫെര്‍ട്ടിലിറ്റി നിരക്ക് 1.9 ശതമാനമാണ്. ഇന്‍ഡ്യയിലെ മൊത്തം നിരക്ക് 2.6 ശതമാനമാണ്. ഹിമാചല്‍ പ്രദേശാണ് കേരളത്തിനൊപ്പമുള്ള മറ്റൊരു സംസ്ഥാനം. 1.8 ശതമാനം ഫെര്‍ട്ടിലിറ്റി നിരക്കുമായി ആന്ധ്രപ്രദേശ്, ഗോവ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് കേരളത്തിനു പിന്നിലുള്ളത്. 2011ലെ ഇന്‍ഡ്യ ഹ്യൂമന്‍ ഡവലപ്മെന്‍റ് റിപ്പോര്‍ട്ട് പ്രകാരം, ഉയര്‍ന്ന വിദ്യാഭ്യാസ നിരക്കിന്‍റെ കാര്യത്തിലും മികച്ച ആരോഗ്യ പ്രവര്‍ത്തനത്തിന്‍റെയും സേവന-സൌകര്യങ്ങളുടെയും കാര്യത്തിലും കേരളമാണ് ഒന്നാം സ്ഥാനത്തുള്ളത്. എന്നാല്‍ വേണ്ടത്ര ആരോഗ്യസംരക്ഷണ സേവനങ്ങളും സൌകര്യങ്ങളുമില്ലാത്ത സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണ് കേരളത്തിലെ വന്ധ്യതാ നിരക്ക്. ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തിനും ലോകത്തിന് തന്നെയും ഒരേപോലെ മാതൃകയായിട്ടുള്ള സംസ്ഥാനമെന്ന നിലയില്‍ കേരളത്തില്‍ വര്‍ധിച്ചുവരുന്ന വന്ധ്യതാ നിരക്കിനെക്കുറിച്ച് ഇനിയും ശാസ്ത്രീമായ പഠനങ്ങള്‍ നടത്തേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
ജീവീതശൈലിയിലുള്ള മാറ്റമാണ് വന്ധ്യതാ നിരക്ക് വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണമായി പൊതുവെ ചൂണ്ടിക്കാട്ടുന്നത്. ശാരീരികവും ലൈംഗികവുമായ പ്രശ്നങ്ങളാല്‍ വന്ധ്യത ഉണ്ടാകാമെങ്കിലും മദ്യപാനം, പുകവലി, തൊഴില്‍സമ്മര്‍ദ്ദം, പൊണ്ണത്തടി, ക്രമമല്ലാത്ത ആരോഗ്യശീലം തുടങ്ങിയവയാണ് ഇക്കാലത്തെ പ്രധാന പ്രശ്നങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ, ഉത്തേജക മരുന്നുകള്‍, മയക്കുമരുന്ന് എന്നിവയുടെ അമിതോപയോഗവും ബീജോത്പാദനത്തെ കാര്യമായി ബാധിക്കാറുണ്ട്. ഇതിനെല്ലാം പുറമെയാണ് സംസ്ഥാനത്ത് ആന്‍റിബയോട്ടിക്കുകള്‍ അമിതമായി ഉപയോഗിക്കുന്നതിലൂടെ ലൈംഗിക-പ്രത്യുല്‍പ്പാദന-ശേഷി കുറയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. ശരീരത്തില്‍ രോഗത്തിന് കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാനോ വളര്‍ച്ച മുരടിപ്പിക്കാനോ ആണ് പൊതുവെ ആന്‍റിബാക്ടീരിയല്‍ അഥവാ ആന്‍റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ അവയുടെ അമിതമായ ഉപയോഗമോ രോഗാവസ്ഥക്കുശേഷമുള്ള ഉപയോഗമോ പലപ്പോഴും ശരീരത്തിന് ആവശ്യമായ ബാക്ടീരിയകളെയും നശിപ്പിക്കാറുണ്ട്. ഇതോടൊപ്പം തന്നെ പല ആന്‍റിബയോട്ടിക്കുകളും ബീജോല്‍പാദനത്തേയും ദോഷകരമായി ബാധിക്കുന്നു.
സ്വന്തമായി രോഗനിര്‍ണ്ണയം നടത്തി ചികിത്സ നടത്തുന്ന സമ്പ്രദായം കേരളത്തിലെ ആരോഗ്യരംഗത്തെ വളര്‍ച്ചക്കാകെ തടസം നില്‍ക്കുന്ന ഒന്നാണ്. പലപ്പോഴും രോഗശമനത്തേക്കാള്‍ മാരകമായ രോഗാവസ്ഥയിലേക്കാണ് അത് പലരേയും കൊണ്ടുചെന്നെത്തിക്കാറുള്ളത്. സംസ്ഥാനത്താകട്ടെ, സ്വന്തമായി രോഗനിര്‍ണ്ണയം നടത്തി, സ്വയം ചികിത്സ നടത്തുന്നവരുടെ എണ്ണം ഗ്രാമ, നഗര വ്യത്യാസമില്ലാതെ വര്‍ധിക്കുകയാണ്. പ്രധാനമായും വീട്ടമ്മമാര്‍ രോഗം വരുമ്പോള്‍, മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും നേരിട്ടു മരുന്നു വാങ്ങുകയോ അല്ലെങ്കില്‍ മുമ്പെങ്ങോ കഴിച്ച മരുന്ന് തന്നെ വാങ്ങി കഴിക്കുകയാണ് ചെയ്യുന്നത്. ഇതുതന്നെയാണ് ആന്‍റിബയോട്ടിക്കുകളുടെ കാര്യത്തിലും സംഭവിക്കാറുള്ളത്.
വന്ധ്യത വര്‍ധിക്കുന്നതിനാല്‍, അതിനു ചികിത്സ തേടിയെത്തുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം മുമ്പെങ്ങുമില്ലാത്ത വിധം സംസ്ഥാനത്ത് വര്‍ധിച്ചിട്ടുണ്ട്. അതിനൊപ്പം വന്ധ്യതക്കും മറ്റും ലൈംഗിക പ്രശ്നങ്ങള്‍ക്കും രോഗങ്ങള്‍ക്കുമുള്ള മരുന്നുകളും വില്‍പ്പനയും വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങളും ഏറിവരുന്നതാണ് ഈ പ്രശ്നത്തിന്‍റെ മറുവശം. ശരീരത്തിന് ഹാനികരമാകുന്നതും, കൃത്യമായ മെഡിക്കല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ വിപണിയിലെത്തുന്ന മരുന്നുകളും, അനധികൃതമായി മുളച്ചുവരുന്ന ചികിത്സാ കേന്ദ്രങ്ങളും ഒരേ പോലെ നേട്ടം കൊയ്യുകയാണ്. പല പല പേരുകളിലും വിലകളിലും മരുന്നുകള്‍ ഇറക്കിയാണ് മരുന്നു കമ്പനികള്‍ ലാഭം കൊയ്യുന്നത്. വന്ധ്യതക്കുള്ള ജനകീയമായ ചികിത്സാ രീതീയായ ഇന്‍വിട്രോ ഫെര്‍ടിലൈസേഷന്‍ (ഐവിഎഫ്) ചികിത്സക്ക് ലക്ഷങ്ങള്‍ വാങ്ങിയാണ് ചികിത്സാ കേന്ദ്രങ്ങള്‍ കൊള്ളലാഭം നേടുന്നത്. മികച്ച പരിശീലനമോ അനുഭവസമ്പത്തോ ഇല്ലാത്തവര്‍ നടത്തുന്ന ഇത്തരം കേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ ഒട്ടും ചെറുതല്ല താനും.
കാര്യങ്ങള്‍ ഇത്രയൊക്കെയായിട്ടും സര്‍ക്കാരിന്‍റെയും ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തു നിന്നും ഇതിനെക്കുറിച്ച് എന്തെങ്കിലും നടപടി ഇനിയും ഉണ്ടായിട്ടില്ല. മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്ക് ഫലപ്രദമായ ആന്‍റിബയോട്ടിക്ക് നയം കൊണ്ടുവരേണ്ടത് ആവശ്യമാണ്. ഡോക്ടര്‍മാരുടെ കുറിപ്പടി കൂടാതെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും മരുന്നുകള്‍ ലഭ്യമാകുന്ന അവസ്ഥയും ഇല്ലാതാക്കണം. അതിനൊപ്പം കൂണുപോലെ മുളച്ചുവരുന്ന വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നതിനും മികച്ച സൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും കൊണ്ടുവരേണ്ടതുണ്ട്.
No comments:
Post a Comment