നിരീക്ഷണം
http://thesundayindian.com/ml/story/nurses-on-strike-the-pains-they-take/13/2253/
കച്ചവട സാധ്യതകള്‍ തിരിച്ചറിഞ്ഞ് പരസ്പരം മത്സരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വെല്ലുന്ന മത്സരമാണ് ആരോഗ്യരംഗത്തെ നെടുംതൂണുകളായ ആശുപത്രികളില്‍ അരങ്ങേറുന്നത്. ലാഭക്കൊതിയോടെ പ്രവര്‍ത്തിക്കുന്ന ആശുപത്രിക്കുള്ളില്‍ നടക്കുന്ന സംഭവങ്ങള്‍ പക്ഷെ വളരെ ഗൌരവത്തോടെ ചര്‍ച്ച ചെയ്യേണ്ടതാണ്. അതോടൊപ്പം തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടതും ശാശ്വത പരിഹാരം കാണേണ്ടതുമായ വിഷയമാണ് നേഴ്സുമാര്‍ക്കെതിരെ ആശുപത്രി മാനേജ്മെന്‍റുകള്‍ കാണിക്കുന്ന ക്രൂരതകള്‍.
മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയില്‍ ഗത്യന്തരമില്ലാതെ അടിമവേല ചെയ്യേണ്ടിവരുന്ന അവസ്ഥയിലാണ് നേഴ്സുമാര്‍. നേരത്തെ മുംബൈയിലും ഡല്‍ഹിയിലും കൊല്‍ക്കത്തയിലുമായി നടന്നിരുന്ന ചൂഷണം, കേരളത്തിലെ ആശുപത്രികളിലേക്കു കൂടി വ്യാപിച്ചിരിക്കുന്നു. സര്‍ക്കാര്‍ ആശുപത്രിയെന്നോ സ്വകാര്യ ആശുപത്രിയെന്നോ ജീവകാരുണ്യത്തിന്‍റെ പേരില്‍ നടത്തുന്ന ആശുപ്രതികളോ എന്നുവേണ്ട സകല ആശുപത്രികളിലും നേഴ്സുമാരുടെ സ്ഥിതി വിഭിന്നമല്ല. ഏതാനും ചില ആശുപത്രികള്‍ മാത്രമാണ് ഇതിനൊരപവാദം. സര്‍ക്കാര്‍ ആശുപത്രികളില്‍ ഗവണ്‍മെന്‍റ് നേഴ്സസ് അസോസിയേഷന്‍ പോലുള്ള സംഘടനകള്‍ ഉള്ളതിനാല്‍ അത്രയധികം പ്രശ്നങ്ങള്‍ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നില്ല. എന്നാല്‍ സ്വകാര്യ ആശുപത്രികളിലാകട്ടെ അടിസ്ഥാനമുള്ള ഒരു സംഘടന ഇല്ലെന്നു മാത്രമല്ല, സംഘടിക്കാനുള്ള സാഹചര്യങ്ങളും നീക്കങ്ങളും പലപ്പോഴും ഇല്ലാതാക്കപ്പെടുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ഇവിടങ്ങളില്‍ നേഴ്സുമാര്‍ അനുഭവിക്കുന്ന കഷ്ടപാടുകള്‍ ചെറിയൊരു പക്ഷത്തിന്‍റെ നിലവിളി മാത്രമായി ഒതുങ്ങിപ്പോകുന്ന കാഴ്ചയാണ് കാലങ്ങളായി നാം കണ്ടുവരുന്നത്.
ഇനിയും പരിഷ്കരിക്കാത്ത സേവനവ്യവസ്ഥകളാണ് ഏറ്റവും വലിയ ശാപം. കൂടാതെ അധിക ജോലി സമയവും. എപ്പോള്‍ വിളിച്ചാലും ജോലി ചെയ്യാന്‍ തയ്യാറായിരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നവര്‍ പക്ഷെ, ശമ്പള പരിഷ്കരണത്തോട് അത്ര താല്‍പ്പര്യമൊന്നും കാണിക്കാറില്ല. അത്തരമൊരു അവസ്ഥയിലാണ് മറുനാട്ടില്‍ സേവന വേതന വ്യവസ്ഥകള്‍ ആവശ്യപ്പെട്ട് മലയാളി നേഴ്സുമാര്‍ നടത്തിയ സമരങ്ങളുടെ ചുവടുപിടിച്ച് കേരളത്തിലും സമരങ്ങള്‍ക്ക് തുടക്കമായത്. കൊല്ലം ശങ്കേഴ്സിലും, കൊച്ചി അമൃതയിലും, ചെറുപുഷ്പത്തിലും, മൂത്തുറ്റിലും തിരുവല്ല പുഷ്പഗിരിയിലുമായി അതിന്‍റെ തിരയിളക്കങ്ങള്‍. കാണാനായി. ചില സ്ഥലങ്ങളില്‍ മാനേജ്മെന്‍റ് തുടക്കത്തില്‍ തന്നെ ഒത്തുതീര്‍പ്പു വ്യവസ്ഥകളുമായി രംഗത്തെത്തി പ്രശ്നത്തിന് പരിഹാരം കണ്ടപ്പോള്‍ ചിലയിടത്ത് അത് രക്തരൂക്ഷിതമായ അക്രമങ്ങള്‍ വരെയെത്തി.
3500-7000 രൂപ വരെയാണ് കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ വേതനം. അതില്‍ ഹോസ്റ്റല്‍ ഫീസും മെസ്സ് ഫീസും കഴിഞ്ഞ് കൈയ്യില്‍ കിട്ടുന്ന തുക നേഴ്സിംഗ് പഠനത്തിനായി എടുത്ത ബാങ്ക് ലോണ്‍ അടയ്ക്കാന്‍ പോലും തികയില്ല എന്നതാണ് സ്ഥിതിവിശേഷം. 12-15 മണിക്കൂര്‍ വരെ പലപ്പോഴും ജോലി ചെയ്യാന്‍ നിയോഗിക്കപ്പെടുന്നവര്‍ക്ക് വസ്ത്രം മാറുന്നതുള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യങ്ങള്‍ പോലും ലഭിക്കുന്നില്ലെന്ന സ്ഥിതിയാണുള്ളത്. അതുകൂടാതെയാണ് ബോണ്ട് സമ്പ്രദായം എന്ന ഊരാകുരുക്ക്. സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരില്‍ ഭൂരിഭാഗവും ആശുപത്രി മാനേജ്‌മെന്‍റിന്‍റെ ബോണ്ട് സമ്പ്രദായത്തിന് ഇരകളാണ്. ഒരിക്കല്‍ ജോലിക്കു കയറിയാല്‍ ബോണ്ട് കാലാവധി തീരുന്നത് വരെ ഇവര്‍ക്ക് രക്ഷയില്ല. 2-3 വര്‍ഷത്തേക്കാണ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അധികാരികള്‍ ബോണ്ട് എഴുതി വാങ്ങുന്നത്. ഈ കാലയളവിനുള്ളില്‍, ഉപരി പഠനത്തിനായോ മികച്ച സാഹചര്യങ്ങളുള്ള മറ്റേതെങ്കിലും ആശുപത്രിയില്‍ ജോലിക്കു ചേരുന്നതിനായോ ജോലി വിടണമെങ്കില്‍ 50,000 മുതല്‍ രണ്ട് ലക്ഷം രൂപ വരെ ബോണ്ടില്‍ പറഞ്ഞ പ്രകാരം പിഴയൊടുക്കേണ്ടിവരും. സ്വന്തം ആശുപ്രതിയില്‍നിന്നും നേഴ്സുമാര്‍ കൊഴിഞ്ഞുപോകാതിരിക്കാനുള്ള, അത്തരമൊരു സാധ്യതക്കു തടയിടുക എന്ന മാനേജ്മെന്‍റിന്‍റെ ദുഷ്ടബുദ്ധിയാണ് ബോണ്ട് സമ്പ്രദായത്തിനു പിന്നില്‍. ചില ആശുപത്രികളാകട്ടെ, ബോണ്ട് കാലാവധി കഴിഞ്ഞാലും ഇത്തരത്തില്‍ ചില കടുംപിടുത്തങ്ങള്‍ നടത്താറുണ്ട്. എക്സ്പീരീയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൂട്ടാക്കാത്ത ആശുപത്രികളും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വന്‍ തുക ആവശ്യപ്പെടുന്ന ആശുപത്രികളുമുണ്ട്. ഇതിനിടയില്‍, അവകാശത്തിനായി മുറവിളി കൂട്ടിയവരും സമരങ്ങളുമായി രംഗത്തെത്തിയവരും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷാവസാനത്തില്‍ ഇന്‍ഡ്യന്‍ രജിസ്റ്റേഡ് നഴ്‍സസ് അസോസിയേഷന്‍ എന്ന പേരില്‍ ഒരു സംഘടനക്ക് രൂപം കൊടുത്തു എന്നതുമാത്രമാണ് അല്‍പ്പമെങ്കിലും പ്രതീക്ഷ നല്‍കുന്ന കാര്യം.
ഒന്നോ രണ്ടോ ആശുപത്രി അധികാരികള്‍ മാത്രം മുന്നോട്ടുവന്നാല്‍ തീരുന്ന ഒരു പ്രശ്നമല്ലിത്. അതിനാല്‍ തന്നെ, കാലോചിതമായി നേഴ്സുമാരുടെ വേതനസേവന വ്യവസ്ഥകള്‍ പരിഷ്കരിക്കേണ്ടതുണ്ട്. വേതനം വര്‍ധിപ്പിക്കുക, അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാക്കുക, ജോലിസമയം ക്ലിപ്തപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ നടപടി ആശുപത്രി അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പുകളും സര്‍ക്കാരും ഉറപ്പാക്കുകയാണ് പരമപ്രധാനം. നിര്‍ബന്ധിത ബോണ്ട് സമ്പ്രദായത്തിനൊപ്പം ഉദ്യോഗാര്‍ത്ഥിയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി സൂക്ഷിക്കുന്നതുപോലെയുള്ള നടപടികളും ഇല്ലാതാക്കണം. ലോകത്തിന്‍റെ പല ഭാഗത്തും വളരെ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന മലയാളി നേഴ്സുമാര്‍ക്ക് സ്വന്തം നാട്ടില്‍ നിന്നുണ്ടാകുന്ന ദുരനുഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടരുത്. രാവും പകലും ജോലി ചെയ്യാന്‍ ബാധ്യസ്ഥരാകുന്ന ഇവരുടെ ബുദ്ധിമുട്ടുകള്‍ (സാമ്പത്തികവും, ശാരീരികവും, മാനസികവും) കണ്ടില്ലെന്ന് നടിക്കരുത്. ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ വരെ അംഗീകാരവും അഭിനന്ദനവും ലഭിച്ച കേരളത്തിന്‍റെ ആരോഗ്യമേഖലയുടെ കാവലാളുകളാണ് നേഴ്സുമാര്‍.
ഫ്ളോറന്‍സ് നൈറ്റിംഗേലിന്‍റെ പിന്‍ഗാമികളെന്നാണ് ആതുരസേവന രംഗത്തു പ്രവര്‍ത്തിക്കുന്ന നേഴ്സിംഗ് തൊഴിലാളികള്‍ വിളിക്കപ്പെടുന്നത്. എന്നാല്‍ അവരനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ മഹത്തായ ജോലിയുടെ ഭാഗമാണെന്ന് കരുതാനാണ് പൊതുസമൂഹം എപ്പോഴും ഇഷ്ടപ്പെടുന്നത്. അതുകൊണ്ടാകണം സമൂഹ മനസാക്ഷിക്കു മുന്നിലേക്ക് ഇവരുടെ നീറുന്ന പ്രശ്നങ്ങള്‍ ഇനിയും കടന്നുചെല്ലാത്തത്. എന്തിനും ഏതിനും പ്രതികരിക്കുന്ന കേരളത്തിലെ പൊതുസമൂഹം ഇതിനെയും അത്ര കാര്യമായി എടുത്തില്ല. കേരളത്തിനുവെളിയില്‍ മലയാളി നേഴ്സ്മാര്‍ക്കെതിരെ നടന്ന അക്രമങ്ങളെയും അവര്‍ നടത്തിയ സമരത്തെയും വീറോടെ എഴുതിവെച്ച കേരളത്തിലെ സാമുഹ്യ പ്രതിബദ്ധതയുള്ള മുഖ്യധാരാ മാധ്യമങ്ങളില്‍ പലതും കണ്ണിനുമുന്നിലെ പ്രശ്നത്തെ നിസാരവല്‍ക്കരിച്ചു. ആശുപത്രികളും ഉടമകളും അത്ര വലിയ പരസ്യങ്ങളുമായി മാധ്യമങ്ങളുമായി അടുത്തബന്ധം കാത്തുസൂക്ഷിക്കുന്നവര്‍ അല്ലാതിരുന്നിട്ടും കേരളത്തിലെ ഭൂരിഭാഗം മാധ്യമങ്ങളും നേഴ്സുമാരുടെ അവകാശ സമരത്തെ കണ്ടില്ലെന്ന് നടിച്ചു. ഒരുപക്ഷെ സ്വകാര്യ ആശുപ്രതികളില്‍ പലതും സാമുദായിക സംഘടനകളുടെ കീഴില്‍ വരുന്നതുകൊണ്ടാകാം മാധ്യമങ്ങള്‍ കണ്ണടച്ചുകളഞ്ഞത്. അങ്ങിനെ ചിന്തിക്കുമ്പോള്‍ തന്നെയും ഇതിനെല്ലാം പിന്നില്‍ എന്തു യുക്തിയാണ് മറഞ്ഞുകിടക്കുന്നതെന്ന് ഇനിയും മനസിലാക്കാനാകാത്ത കാര്യമാണ്.
അപ്രകാരം മുഖ്യധാരാ മാധ്യമങ്ങള്‍ ഏറ്റെടുക്കാന്‍ മറന്നുപോയ അവകാശ സമരത്തെ ഫേസ്ബുക്ക്, ഓര്‍ക്കുട്ട് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളും ബ്ലോഗ് പോലുള്ള സമാന്തര മാധ്യമങ്ങളും ഏറ്റുപിടിച്ചത് സന്തോഷം നല്‍കുന്നുണ്ട്. പൊതുസമുഹത്തിനു മുന്നിലേക്ക് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ഇത്തരം ശ്രമങ്ങള്‍ക്ക് കഴിയുന്നുമുണ്ട്. അതിനാല്‍ ഇത്തരത്തിലെ സാധ്യതകളെ ഉപയോഗിച്ചുകൊണ്ട് സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ജനകീയ മുഖം നല്‍കാനുള്ള ശ്രമത്തിലാണ് നേഴ്സിംഗ് തൊഴിലാളികളും അവര്‍ രൂപംകൊടുത്ത പുതിയ സംഘടനകളും. ആഗോളസമൂഹത്തില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ വഴിയുള്ള ആഹ്വാനത്തോടെ വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ തന്നെ നടക്കുന്ന കാലയളവില്‍ അവകാശ സമരങ്ങള്‍ക്കായി അത്തരമൊരു വേദി കൂട്ടുപിടിക്കുക ബുദ്ധിപരമായ നീക്കം തന്നെയാണ്. മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍, അധികാരികളുടെ പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്ത പത്തനം തിട്ട സ്വദേശിനിയായ നേഴ്സ് ബീനാ ബേബി നമുക്കൊരു പാഠം തന്നെയാണ്. ഇനിയുമത് തിരിച്ചറിഞ്ഞില്ലെങ്കില്‍, ഇവിടെ നമ്മുടെ കൊച്ചു കേരളത്തിലും ബീനാ ബേബിമാരുണ്ടാകും, തീര്‍ച്ച.
No comments:
Post a Comment