http://thesundayindian.com/ml/story/k-j-yesudas-completes-50-years-of-play-back-singing/14/1886/
അനന്തവും അഗാധവുമായ സ്വരസഞ്ചയത്തിന്‍റെ കുളിരില്‍ മലയാളികള്‍ സ്വയം മറന്നലിയാന്‍ തുടങ്ങിയിട്ട് അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിടുന്നു. ആഴമേറിയ തന്‍റെ സ്വര സൌകുമാര്യത്താല്‍ സംഗീത പ്രേമികളുടെയാകെ ഹൃദയങ്ങളെ കവര്‍ന്ന ഡോ. കെ.ജെ യേശുദാസെന്ന മലയാളിയുടെ സ്വന്തം ദാസേട്ടന്‍ പാടിത്തുടങ്ങിയിട്ട് അമ്പതു വര്‍ഷങ്ങള്‍ പിന്നിടുകയാണ്. കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത, പുതുമ നഷ്ടപ്പെടാത്ത ഗാനങ്ങള്‍... ദൈവം വരദാനംനല്‍കിയ സ്വരസൌകുമാര്യം കാത്തുസൂക്ഷിക്കുന്നതിനൊപ്പം കാലഘട്ടങ്ങള്‍ക്കനുസരിച്ച് പുതുഭാവങ്ങള്‍ നിരത്തിയ ആ സ്വരമാധുര്യത്തിന്‍റെ അളവുകോലില്‍ മലയാള ചലച്ചിത്ര ഗാന ചരിത്രത്തെ തന്നെ അടയാളപ്പെടുത്തിവെക്കാനാകും.
1962ല്‍ ശ്രീനാരായണഗുരുദേവന്‍റെ ജീവീതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച കാല്‍പ്പാടുകള്‍എന്ന ചിത്രത്തില്‍ ഗുരുദേവന്‍റെ ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്” എന്ന ശ്ലോകം ചൊല്ലിക്കൊണ്ട് ചലച്ചിത്ര സംഗീതത്തിന്‍റെ പുതിയ യുഗത്തിന് അരങ്ങുണര്‍ത്തുമ്പോള്‍, അതിന്പ്രശസ്ത സംഗീത സംവിധായകന്‍ എം.ബിശ്രീനീവാസന്‍ സാക്ഷിയായിരുന്നു. 1962 മുതല്‍ 2011 ലും തുടരുന്ന സംഗീത സപര്യ... സംഗീതത്തിന്‍റെ അഗാധമായ ആഴത്തിലേക്ക് അനുവാചകന്‍റെ ഹൃദയത്തെ പറിച്ചുനട്ടതിനൊപ്പം അക്ഷര സ്ഫുടതയും, ഭാവവും, വികാരവും, മാധുര്യവും ഒരേപോലെ സമന്വയിച്ച ശബ്ദം അവരെയെത്തിച്ചത് അനിര്‍വചനീയമായ പുതിയൊരു ലോകത്തേക്കായിരുന്നു. അതിനെ വിട്ടുമാറാന്‍ മലയാളികള്‍ ഇന്നും കാണിക്കുന്ന മടി-ഒരുപക്ഷെ മലയാളികള്‍ ഇന്നും പഴഞ്ചനായിരിക്കാന്‍ താല്‍പ്പര്യപ്പെടുന്ന വിഷയം അതു മാത്രമായിരിക്കാം- ആ സംഗീത സ്വര സാഗരത്തോടുളള ഇനിയും അടങ്ങാത്ത ആരാധനയുടെയും അഭിനിവേശത്തിന്‍റെയും ഉത്തമ ഉദാഹരണമാണ്.
1940 ജനുവരി പത്തിന് സംഗീത-നാടക നടനും പാട്ടുകാരനുമായ അഗസ്റ്റിന്‍ ജോസഫിന്‍റെയും എലിസബത്തിന്‍റെയും മൂത്ത മകനായിട്ടായിരുന്നു യേശുദാസിന്‍റെ ജനനം. 1949ല്‍, എറണാകുളം സെന്റ‍്. ആല്‍ബര്‍ട്ട് സ്കൂള്‍ഗ്രൌണ്ടില്‍ അച്ഛനൊപ്പം ശാസ്ത്രീയ സംഗീത കച്ചേരി അവതരിപ്പിച്ചുകൊണ്ട് ഏവരെയും അതിശയിപ്പിച്ച യേശുദാസിന്‍റെ സ്വരലോകത്തെ പ്രയാണം കഠിനാധ്വാനത്തിന്‍റെയും ദൃഢനിശ്ചയത്തിന്‍റെയും നേര്‍രേഖ കൂടിയാണ്. 1960ല്‍ ആകാശവാണി പ്രേക്ഷേപണ യോഗ്യമല്ലെന്ന് വിധിയെഴുതിയ ശബ്ദഗാംഭീര്യത്തെ ഇന്‍ഡ്യയില്‍ അസമിയ, കാശ്മീരി, കൊങ്കിണി ഒഴികെയുളള മറ്റു ഭാഷകള്‍ നെഞ്ചേറ്റി. ഇതുവരെ 50,000ഓളം ഗാനങ്ങള്‍ ആ സ്വരമാധുരിയില്‍ പുറത്തുവന്നിട്ടുണ്ട്. ഇംഗ്ലീഷ്, അറബി, റഷ്യന്‍, ലാറ്റിന്‍ ഭാഷകളിലും ഒരുപടി നല്ല ഗാനങ്ങള്‍ പാടിയിട്ടുണ്ട്. 1962ല്‍ ഇരുപത്തിയൊന്നാം വയസില്‍ പാടിയ ജാതിഭേദം മതദ്വേഷം... മുതല്‍ 1975ല്‍ പിക്നിക് എന്ന ചിത്രത്തില്‍ ശ്രീകുമാരന്‍ തമ്പി-എം.െക അര്‍ജുനന്‍ കൂട്ടുകെട്ടില്‍ യേശുദാസ്പാടി ഹിറ്റാക്കിയ കസ്തൂരിമണക്കുന്നല്ലോ... എന്ന ഗാനത്തിന് 71-ാം വയസില്‍ അതേ കൂട്ടുകെട്ടില്‍ 2011ല്‍ ജയരാജ് സംവിധാനം ചെയ്ത നായിക എന്ന ചിത്രത്തിലൂടെ പുതുഭാവം പകര്‍ന്നുനല്‍കുമ്പോള്‍ ഏത് സംഗീത പ്രേമിയാണ് തരിച്ചിരിക്കാത്തത്... ഒമ്പതോളം സിനിമകള്‍ക്ക് സംഗീതമൊരുക്കി അദ്ദേഹം തന്‍റെ പ്രതിഭ മലയാളികള്‍ക്ക് പരിചയപ്പെടുത്താനും മറന്നില്ല.
ഏഴു തവണ മികച്ച ഗായകനുളള ദേശീയ അവാര്‍ഡും, 24 തവണ കേരള സംസ്ഥാന അവാര്‍ഡും മറ്റു പല സംസ്ഥാനങ്ങളില്‍ നിന്നുളള അവാര്‍ഡുകളും ഉള്‍പ്പെടെയുളള നിരവധി പുരസ്കാരങ്ങളും,1975ല്‍ പദ്മശ്രീയും2002ല്‍ പദ്മഭൂഷണുംനേടി, കേരളത്തിന്‍റെ ആസ്ഥാന ഗായക പട്ടം കരസ്ഥമാക്കിയ ദാസേട്ടന്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ്.
No comments:
Post a Comment