Monday, November 14, 2011

സമരം ചെയ്യേണ്ടത് പ്രേക്ഷകര്‍

പരമാവധി ലാഭം നേടാവുന്ന വ്യവസായമായി മലയാള സിനിമയെ മാറ്റിത്തീര്‍ക്കുന്നവര്‍ പ്രേക്ഷകന്‍റെ ന്യായമായ അവകാശങ്ങള്‍ പോലും മറക്കുന്നു
ഷാനവാസ്. എസ് | നവംബര് 12, 2011 15:56
http://thesundayindian.com/ml/story/now-its-the-turn-of-audience-to-protest/13/1871/

ഓലമേഞ്ഞ വലിയ ഷെഡുകളില്‍ വെളള കര്‍ട്ടന്‍ വലിച്ചുകെട്ടി സ്ക്രീനും ബഞ്ചുകള്‍ നിരത്തിയിട്ട് സീറ്റുകളുമൊരുക്കി നിലനിന്നിരുന്ന തീയേറ്ററുകളില്‍ നിന്നും ഒന്നിലധികം സിനിമകള്‍ പ്രദര്‍ശിപ്പിക്കാവുന്ന, ആയിരങ്ങളെ ഉള്‍ക്കൊളളുന്ന, ശീതീകരിച്ച, ഡിജിറ്റല്‍ ശബ്ദാനുഭവവും ഹൈ ക്വാളിറ്റി കാഴ്ചാനുഭവവും നല്‍കുന്ന മള്‍ട്ടിപ്ലെക്സ് തീയേറ്ററുകളുടെ കാലത്തേക്ക് മലയാള ചലച്ചിത്ര ‘വ്യവസായം’ വളര്‍ന്നിരിക്കുന്നു. സിനിമ വളര്‍ന്നില്ലെങ്കിലും അതിന്‍റെ കച്ചവട സാധ്യതകള്‍ ഇത്രത്തോളം വളര്‍ച്ചയിലെത്തി നില്‍ക്കുമ്പോഴും, സിനിമാ പ്രേമികള്‍ക്കും, പ്രേക്ഷകനും ഇന്നും ‘കഞ്ഞി കുമ്പിളില്‍’ തന്നെ എന്നതാണ് തികഞ്ഞ വൈരുദ്ധ്യവും, മേഖലയിലെ പരിഹരിക്കപ്പെടേണ്ട പ്രശ്നവും.

ലോകോത്തര സിനിമകള്‍ പിറവിയെടുത്തിട്ടുളള, ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുളള നിരവധി സിനിമകള്‍ സൃഷ്ടിച്ച മലയാള ചലച്ചിത്ര മേഖല ഇന്ന് പ്രതിസന്ധികളും സമരങ്ങളും നേരിടുന്നു. സര്‍വ്വകലയുടെയും സമര്‍ത്ഥമായ കൂടിച്ചേരലായി കരുതപ്പെടുന്ന സിനിമ, മികച്ച ആസ്വാദ്യത പകര്‍ന്നുനല്‍കുന്ന കലാരൂപം/വിനോദോപാധി എന്നതില്‍ നിന്നും മികച്ച വ്യവസായ മാര്‍ഗമായതോടെയാണ് കേരളത്തില്‍ തിരിച്ചടികള്‍ ഏറ്റുവാങ്ങി തുടങ്ങിയത്.

പ്രതിഭാധനരായ എഴുത്തുകാരും സംവിധായകരും ചലച്ചിത്രനിര്‍മ്മാതാക്കളും ഇല്ലാതെയായത് മലയാള സിനിമക്ക് ശരിക്കുമൊരു തിരിച്ചടി തന്നെയായിരുന്നു. അപ്രകാരം കഥയില്ലായ്മയും ആശയദാരിദ്ര്യവും മലയാള സിനിമക്കുളള ആദ്യ വെല്ലുവിളിയായി-സിനിമയിലെ നമ്മുടെ മുന്‍ഗാമികള്‍ പറഞ്ഞുവെച്ച മാതൃകകള്‍ പിന്തുടരാന്‍ പലരും ശ്രമിച്ചില്ല എന്നത് നിലനില്‍ക്കുന്ന സത്യമാണ്. സ്വഭാവികമായും സൂപ്പര്‍ സിനിമകളെക്കാള്‍ സൂപ്പര്‍ താരങ്ങളുടെ സിനിമയെന്ന ലേബലിലേക്കു തന്നെയായിരുന്നു പിന്നീടുളള ചായ്‌വ്. ഒട്ടും പുതുമ അവകാശപ്പെടാനില്ലാത്ത സൂപ്പര്‍ താര ചിത്രങ്ങള്‍ പലതും കലാമൂല്യത്തില്‍ പിന്നിലായപ്പോള്‍, അന്യ ഭാഷാ ചിത്രങ്ങള്‍ മൊഴി മാറ്റിയും മാറ്റാതെയുമൊക്കെ മലയാളക്കരയില്‍ നിന്നും കാശ് വാരിക്കൂട്ടി. മലയാള സിനിമകളെ കൈവിട്ട് അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തീയേറ്ററുകള്‍ മത്സരിക്കുന്നതും കാണാനായി. മലയാള സിനിമ മൂക്കുംകുത്തി വീഴുകയും വ്യവസായം തകര്‍ന്നുതുടങ്ങുകയും ചെയ്തപ്പോള്‍ സംഘടനകള്‍ പരസ്പരം പഴിചാരിക്കൊണ്ട് രംഗപ്രവേശം ചെയ്തു. ഒന്നിച്ചുപ്രവര്‍ത്തിക്കേണ്ട താരങ്ങളും സാങ്കേതിക വിദഗ്ധരും സംവിധായകരും നിര്‍മ്മാതാക്കളുമെല്ലാം പല തട്ടിലായി. പ്രതിസന്ധിയുടെ പുത്തന്‍ പതിപ്പുകള്‍ക്ക് ഇവരെല്ലാവരും ഒരുപോലെ ഓഹരിക്കാരായി.

ഇതിനിടയിലാണ് എ ക്ലാസ് തീയേറ്ററുകളുടെ ശോച്യാവസ്ഥ മലയാള സിനിമക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും സിനിമകള്‍ നഷ്ടത്തിലാകാന്‍ അത് കാരണമാകുന്നുവെന്നും അഭിപ്രായപ്പെട്ട സിനിമാനടനും സിനിമയുടെ ചുമതലയുളള മന്ത്രിയുമായ ഗണേഷ്കുമാര്‍, തീയേറ്ററുകള്‍ നിര്‍ബന്ധമായും ഗ്രേഡിംഗ് പുനര്‍വിന്യസിക്കണമെന്നും നവീകരിക്കണമെന്നും നിര്‍ദ്ദേശമിട്ടത്. ഗ്രേഡിംഗ് പൂര്‍ത്തിയാകും വരെ ടിക്കറ്റൊന്നിന് രണ്ടു രൂപ നിരക്കില്‍ മേടിച്ചുകൊണ്ടിരിക്കുന്ന സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നത് നിര്‍ത്തലാക്കാനും നിര്‍ദ്ദേശിച്ചു. വ്യാജ ടിക്കറ്റിനെതിരെ റെയ്ഡിനും നിര്‍ദ്ദേശമുണ്ടായി. എന്നാല്‍ നീക്കത്തെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തിയ എ ക്ലാസ് തീയേറ്റര്‍ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍, മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്നും സമരം ചെയ്യുമെന്നും ആഹ്വാനം ചെയ്തു. മലയാള സിനിമകള്‍ക്ക് വൈഡ് റീലിസിംഗിന് അവസരമൊരുക്കാനുളള നീക്കമാണിതെന്നായിരുന്നു അവരുടെ വാദം. സര്‍വ്വീസ് ചാര്‍ജ് ഈടാക്കരുതെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും ഇനിയും ഉത്തരവായിട്ടില്ലാത്തതിനാല്‍ തീയേറ്ററുകള്‍ അത് നിര്‍ത്തലാക്കിയിട്ടില്ല. എന്നിട്ടും അതിന്‍റെ പേരില്‍ തീയേറ്റര്‍ സംഘടന സമരത്തിനൊരുങ്ങി എന്നതാണ് അത്ഭുതപ്പെടുത്തുന്നത്. അതിനിടെ, ഒരാഴ്ചയായി മലയാള ചിത്രങ്ങള്‍ ഒഴിവാക്കി അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന എക്സിബിറ്റേഴ്സ് ഫെഡറേഷന്‍റെ കീഴിലുളള 48 റീലീസ് കേന്ദ്രങ്ങളുള്‍പ്പെടെ 250ഓളം തീയേറ്ററുകള്‍ക്ക് പുതിയ ചിത്രങ്ങളൊന്നും നല്‍കേണ്ടെന്ന തീരുമാനവുമായി കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ രംഗത്തെത്തിയിരിക്കുന്നതാണ്പുതിയ പ്രതിസന്ധി. വൈഡ് റീലിസിംഗ്,സര്‍വ്വീസ് ചാര്‍ജ് തുടങ്ങിയ വിഷയത്തില്‍ സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന ഫെഡറേഷന് വിതരണക്കാരുടെ തീരുമാനം തിരിച്ചടിയാകും.

മലയാള സിനിമയുടെ പ്രതിസന്ധി തീയേറ്ററുകളില്‍ മാത്രം ഒതുങ്ങുന്നതല്ലെങ്കിലും ‘നാടോടുമ്പോള്‍ നടുവെ ഓടുന്ന’ നാട്ടില്‍ തീയേറ്ററുകള്‍ മാത്രം വളര്‍ച്ച തൊട്ടുതീണ്ടാതെ നില്‍ക്കുന്നത് ഒട്ടും യോജിച്ചതല്ല. മാത്രമല്ല, അന്യഭാഷാ ചിത്രങ്ങള്‍ക്ക് വൈഡ് റീലിസിംഗ് അനുവദിക്കുന്ന തീയേറ്ററുകളുടെ മലയാളത്തോടുളള സമീപനം ഉള്‍ക്കൊളളാനാവുന്നതുമല്ല. ഇത്രയും കാലം രണ്ട് രൂപവീതം വാങ്ങിയിട്ടും പ്രേക്ഷകര്‍ക്കുളള മിനിമം സൌകര്യങ്ങള്‍ പോലും നല്‍കാന്‍ അവര്‍ ശ്രമിച്ചിട്ടില്ല. ഡിറ്റിഎസ്, എ സി എ ന്നു പേരിനൊപ്പം ചേര്‍ത്തിട്ടുളള തീയേ റ്ററുകള്‍ എയര്‍കൂളറുകള്‍ പ്രവര്‍ത്തിപ്പി ച്ചും വലിയ സ്പീക്കറുകളിലൂടെ പരമാവ ധി ശബ്ദത്തില്‍ കാതടപ്പിക്കുന്ന കോലാഹലം സൃഷ്ടിച്ച് പറഞ്ഞ കാശിന് ടിക്ക റ്റെടുത്തവനെ ക്രൂരമായി വഞ്ചിക്കുന്നത് തുടരുകയാണ്. മഴയോ കാറ്റോ വന്നാല്‍ വൈദ്യുതി നിലച്ച് കുറച്ചു സമയത്തേ ക്കെങ്കിലും പ്രദര്‍ശനം മുടങ്ങുന്ന തീയേറ്ററുകളും ഇല്ലാതില്ല. ഇടവേളക്കൊന്ന് ‘ശങ്ക’ തീര്‍ക്കാന്‍ പോലും സൌകര്യമില്ലാത്ത തീയേറ്ററുകളും ‘ഫാമിലി ക്ലാസ് ടിക്കറ്റ്’ വില്‍ക്കുന്നുണ്ട്.

പ്രതിസന്ധികളുടെയും സമരങ്ങളുടെയും സ്വന്തം ലൊക്കേഷനായി മാറിയിരിക്കുന്ന മലയാള ചലച്ചിത്ര മേഖലയെ ഇനിയും പൂര്‍ണ്ണമായി കൈവിട്ടിട്ടില്ലാത്ത പ്രേക്ഷക സമൂഹത്തെ കണ്ടില്ലെന്ന് നടിക്കുന്നത് ഈ വ്യവസായത്തെ എന്നെന്നേക്കുമായി നശിപ്പിക്കുന്നതിന് തുല്യമായിരിക്കും. ചലച്ചിത്ര അക്കാദമി പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കി വരുന്ന തീയേറ്റര്‍ പരിശോധനകള്‍ അതിനാല്‍ തന്നെ സ്വാഗതാര്‍ഹമാണ്. ഓസ്കറിന്‍റെ പെരുമക്കൊപ്പം മലയാള സിനിമ വീണ്ടും എത്തിനില്‍ക്കുന്ന അവസരത്തിലും, വ്യാജ സിഡികളിലൂടെയും ഇന്‍റര്‍നെറ്റിലൂടെയും പുതുപുത്തന്‍ സിനിമകള്‍ ലഭിക്കുമെന്ന സ്ഥിതി ആളുകളെ തീയേറ്ററില്‍ പോയി സിനിമ കാണുന്നതില്‍ നിന്നും പിന്നോട്ടു വലിക്കുന്ന സാഹചര്യമുളള പ്പോഴും പ്രേക്ഷകരെ വെറുപ്പിക്കുന്ന തരത്തില്‍ സിനിമാ മേഖലക്ക് പുതിയൊരു പ്രതിസന്ധി നല്‍കുന്ന രീതിയിലാണ് തീയേറ്റര്‍ ഉടമകളുടെ പ്രവര്‍ത്തനങ്ങള്‍. മോശം സിനിമകളെ ബഹിഷ്കരിക്കുന്നതുപോലെ നല്‍കുന്ന പണത്തിന് മികച്ച സൌകര്യങ്ങള്‍ നല്‍കാത്ത തീയേറ്ററുകളെയും ബഹിഷ്കരിക്കുക എന്നതാണ് അതിനുളള മറുപടി. അതിനാല്‍ ഇനിയുളള സമരവും പ്രതിസന്ധികളും ഉണ്ടാകേണ്ടത് പ്രേക്ഷകരില്‍ നിന്നാകണം. നല്ല സിനിമക്കും തീയേറ്റര്‍ സൌകര്യങ്ങള്‍ക്കുമായി സിനിമാ പ്രേമികള്‍ നടത്തുന്ന സമരങ്ങള്‍ ഇവിടെയുണ്ടാകണം. ആളില്ലാതെ, നഷ്ടത്തിലായി ഓഡിറ്റോറിയങ്ങളും കല്യാണ മണ്ഡപങ്ങളുമായി മാറിയ നിരവധി സിനിമാ തീയേറ്ററുകളുളള കേരളത്തില്‍, പ്രേക്ഷകരാകണം താരങ്ങളും സൂപ്പര്‍ താരങ്ങളും.

No comments:

Post a Comment