Thursday, November 17, 2011

തിരക്കഥയും ക്ലൈമാക്സുമില്ലാതെ സിനിമാസമരങ്ങള്‍

ഷാനവാസ്.എസ് | കൊച്ചി, നവംബര് 16, 2011 17:34
http://thesundayindian.com/ml/story/malayalam-film-crisis-a-story-sans-script/14/1904/

മലയാള സിനിമയില്‍ പ്രതിസന്ധി പുതിയ കഥയല്ലെങ്കിലും ഇപ്പോഴുളള സമരങ്ങളും പ്രതിസന്ധിയും ഇതിനുമുമ്പു സംഭവിക്കാത്ത തരത്തിലുളളതാണ്. സിനിമാ വ്യവസായത്തിലെ എല്ലാ ഘടകങ്ങളും ഒരേപോലെ പ്രതിസന്ധിക്കു കാരണമാകുന്നു എന്നതാണ് സ്ഥിതിവിശേഷം. സമരങ്ങള്‍ക്കും പ്രതിസന്ധിക്കും എങ്ങനെ പരിഹാരം കാണുമെന്നറിയാതെ സിനിമാലോകം സ്തംഭിച്ചു നില്‍ക്കുകയാണ്.

നവംബര്‍ മാസം മുതല്‍ റീലീസിംഗ് നിര്‍ത്തിവെച്ചുകൊണ്ട് തീയേറ്റര്‍ ഉടമകളുടെ സംഘടനയാണ് ഇത്തവണ സമരത്തിന് തുടക്കമിട്ടത്. അതിനു പിന്നാലെ വിതരണക്കാരുടെ സംഘടനയും ഫെഫ്കയും ഒടുവില്‍ നിര്‍മ്മാതാക്കളും സമരവുമായി രംഗത്തെത്തിയതോടെ വലിയ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച പല ചിത്രങ്ങളും പെട്ടിയില്‍ തന്നെയിരിക്കുകയാണ്. റിലീസിംഗ് പ്രഖ്യാപിച്ച് നാടു നീളെ പോസ്റ്റര്‍ ഒട്ടിച്ച സിനിമകള്‍ വൈകുന്നതോടെ നിര്‍മ്മാതാക്കള്‍ക്കും, സിനിമാ വ്യവസായത്തിനും ഉണ്ടാകുന്ന നഷ്ടം ഏറെ വലുതാണ്.

സിനിമയുടെ ചുമതലയുളള മന്ത്രി കെ.ബി ഗണേഷ്കുമാര്‍ തീയേറ്ററുകളുടെ നവീകരണവും ഗ്രേഡിംഗും നിര്‍ബന്ധമായും നടപ്പാക്കണമെന്ന് നിര്‍ദ്ദേശമിട്ടതോടെയാണ് പുതിയ സമരാവേശങ്ങള്‍ക്ക് മലയാള സിനിമ വേദിയായത്. എ ക്ലാസ് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ മന്ത്രിയുടെ നീക്കത്തെ എതിര്‍ത്തു സമരവുമായി മുന്നോട്ടുവരികയായിരുന്നു. അപ്പോള്‍ തന്നെ ബി, സി തീയേറ്റര്‍ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ ഫെഡറേഷന്‍റെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു. തീയേറ്ററുകളുടെ നിലവാരവും, അവര്‍ നല്‍കുന്ന സൌകര്യങ്ങളും അനുസരിച്ച് അവയെ വര്‍ഗീകരിക്കുന്നതിനോടും അവര്‍ യോജിക്കുന്നുണ്ട്. കൂടാതെ, കൂടുതല്‍ തീയേറ്ററുകളില്‍ മലയാള സിനിമ റിലീംസ് ചെയ്യുന്നതിനെ, വൈഡ് റിലീസിംഗിനെ അവര്‍ പിന്തുണക്കുന്നുണ്ട്. ഫെഡറേഷനാകട്ടെ, മലയാളം സിനിമകളുടെ വൈഡ് റിലീസിംഗിന് എതിരും അന്യഭാഷാ ചിത്രങ്ങളുടെ വൈഡ് റിലീസിംഗിനായി കൊടി പിടിക്കുന്നവരുമാണ്. മന്ത്രി ഗണേഷ്കൂമാര്‍ വിളിച്ച പ്രശ്ന പരിഹാര ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം.സി ബോബി സംഘടനയുടെ അനുമതിയില്ലാതെ പോയതും അതിനെത്തുടര്‍ന്നുണ്ടായ പുകിലുകളും സംഘടനക്കുളളിലെ ഭിന്നതയെയും വ്യക്തമാക്കുന്നുണ്ട്. പരിഹാര നിര്‍ദ്ദേശങ്ങളൊന്നുമില്ലാതെ സമരവുമായി മുന്നോട്ടുപോകുന്നതിനോട് സംഘടനക്കുളളില്‍ തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നുവരുന്നുണ്ടെന്ന് സാരം.

ഫെഡറേഷന്‍ കൊണ്ടുവന്ന പ്രതിസന്ധിക്ക് ആഴം കുട്ടിക്കൊണ്ടാണ് കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ രംഗത്തെത്തുന്നത്. മലയാളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തീയേറ്റര്‍ ഉടമകള്‍ വാശി പിടിച്ചപ്പോള്‍ അത്തരക്കാര്‍ക്ക് അന്യഭാഷാ ചിത്രങ്ങള്‍ ഉള്‍പ്പെടെ പുതിയ ചിത്രങ്ങള്‍ ഒന്നും തന്നെ വിതരണം ചെയ്യില്ലെന്ന നിലപാടുമായി അസോസിയേഷന്‍ രംഗത്തെത്തിയതോടെ തീയേറ്ററുകള്‍ പലതും പഴയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് തുടരാന്‍ നിര്‍ബന്ധിതരാകുകയും സിനിമാ മേഖല മുമ്പെങ്ങും കാണാത്തവിധത്തിലുളള പുതിയൊരു പ്രതിസന്ധിയിലേക്കും നിശ്ചലാവസ്ഥയിലേക്കും കൂപ്പുകുത്തുകയും ചെയ്തു. സൂപ്പര്‍ താരങ്ങളുടേതുള്‍പ്പെടെയുളള ഒരു പിടി പുതിയ ചിത്രങ്ങള്‍ റിലീസിംഗിന് കാത്തിരിക്കുമ്പോള്‍, ദുര്‍വാശിയും സമരവും മൂലം, കൈയ്യിലുളള പഴയ സിനിമകള്‍ തന്നെ മാറിമാറി പ്രദര്‍ശിപ്പിക്കേണ്ട അവസ്ഥയാണ് തീയേറ്ററുകള്‍ക്കുളളത്.

ഇതിനിടയിലാണ് പറഞ്ഞു പഴകിയ കുറ്റങ്ങളും കാരണങ്ങളുമായി സിനിമാ തൊഴിലാളികളുടെ സംഘടനയായ ഫെഫ്ക രംഗത്തെത്തിയത്. വേതനം നവീകരിക്കുന്നതുള്‍പ്പെടെയുളള ആവശ്യങ്ങള്‍ അവരുടെ ഭാഗത്തു നിന്നുണ്ടായപ്പോള്‍, അതിനെ ചെവിക്കൊളളാന്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, നിര്‍മ്മാതാക്കളുടെ സംഘടന തയ്യാറായില്ല. താരങ്ങള്‍ വലിയ പ്രതിഫലം വാങ്ങുന്നുവെന്നും, മലയാള സിനിമയുടെ നിര്‍മ്മാണ ചെലവ് വളരെ കൂടുതലാണെന്നുമുളള വാദങ്ങളുമായി അവരും രംഗത്തെത്തി. പരിഹാരം തേടുന്നതിന്‍റെ ഭാഗമായി നിര്‍മ്മാതാക്കളും സമരത്തിന് തുടക്കമിട്ടതോടെ പ്രതിസന്ധി അതിന്‍റെ മൂര്‍ധന്യത്തിലെത്തി. മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലാണ് നിര്‍മ്മാണം നിര്‍ത്തിവെക്കുന്നതെന്ന് വിലപിക്കാനും അവര്‍ മറന്നില്ല. കലക്കവെളളത്തില്‍ മീന്‍ പിടിക്കുക എന്ന അടവുനയത്തോടെയാണ് എല്ലാ സംഘടനകളും രംഗത്തെത്തിയത്. ലഭിക്കുന്ന ലാഭത്തിന്‍റെ വലിയൊരു ഭാഗം നേടിയെടുക്കുക എന്ന ഒറ്റ ലക്ഷ്യവും പിടിവാശിയുമാണ് എല്ലാ സംഘടനകള്‍ക്കുമുളളത്.

ഇതിനെല്ലാം പുറമെ, മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകാത്ത തീയേറ്ററുകള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പി.സി വിഷ്ണുനാഥ് എംഎല്‍എയുടെയും എം. ലിജുവിന്‍റെയും വാക്കുകള്‍ കേട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭീഷണിയും മുദ്രാവാക്യവും ചെറിയ തോതിലുളള അക്രമങ്ങളുമായി രംഗപ്രവേശം ചെയ്തതോടെ സിനിമാ പ്രതിസന്ധിക്കും സമരങ്ങള്‍ക്കുമെല്ലാം പെട്ടെന്നൊരു രാഷ്ട്രീയ നിറം പടര്‍ന്നു. ഭരിക്കുന്നത് കോണ്‍ഗ്രസ് ആയതിനാലും ഉത്തരവുകളും നിര്‍ദ്ദേശങ്ങളുമെല്ലാം അവരുടേതായതിനാലും തീയേറ്ററുകളെ ആക്രമിക്കാന്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് മടിയുമുണ്ടായില്ല.

പ്രതിസന്ധിയും സമരവും തീര്‍ക്കുന്ന തീയേറ്ററുകളെ താര സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് ഇന്നസെന്‍റും കുറ്റപ്പെടുത്തി. മാതൃഭാഷയായ മലയാളത്തെ മറന്നുകൊണ്ടുളള തീയേറ്ററുകളുടെ തീരുമാനം ആത്മഹത്യാപരമാണെന്നും, സമരത്തിന്‍റെ ആശയും ബുദ്ധിശൂന്യതയും ആണെന്ന് തുറന്നടിച്ച അദ്ദേഹം ഇപ്പോള്‍ നടക്കുന്ന സമരമല്ല, ഒരു രോഗമാണെന്നും ആക്ഷേപിച്ചു.

നവംബറില്‍ ഇനി പുതിയ ചിത്രങ്ങളൊന്നും എത്തില്ലെന്നതാണ് നിലവിലെ സ്ഥിതി. നേരത്തെ, നവംബര്‍ മൂന്നാം വാരം കഴിഞ്ഞാല്‍ സൂപ്പര്‍താര-വന്‍ മുതല്‍മുടക്കുളള ചിത്രങ്ങളൊന്നും റിലീസ് ചെയ്യുന്ന പതിവില്ലായിരുന്നു. സ്കൂള്‍, കോളെജ് പരീക്ഷയും ക്രിസ്മസും കണക്കിലെടുത്ത് അവയെല്ലാം ക്രിസ്മസിനായി മാറ്റി നിര്‍ത്തുന്ന പതിവാണുണ്ടായിരുന്നത്. അതിനാല്‍ തന്നെ നവംബറില്‍ റിലീസിംഗ് പ്രഖ്യാപിച്ച പ്രിയദര്‍ശന്‍റെ മോഹന്‍ലാല്‍ ചിത്രം, അറബീം ഒട്ടകോം പിന്നെ മാധവന്‍ നായരും, ജയരാജിന്‍റെ ജയറാം ചിത്രം നായിക, ഷാഫിയുടെ മമ്മൂട്ടി ചിത്രം വെനിസീലെ വ്യാപാരി, രാജസേനന്‍റെ ഇന്നാണ് ആ കല്യാണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഇനി ക്രിസ്മസ് വരെ കാത്തിരിക്കേണ്ടിവരും. അതോടെ, ഇതുവരെ പോസ്റ്ററിനും പരസ്യത്തിനുമായി മുടക്കിയ തുക അവര്‍ക്ക് നഷ്ടമാകും. കൂടാതെ,പല തവണ നിര്‍മ്മാണം മുടങ്ങിയ കിംഗ് ആന്‍റ് കമ്മീഷണര്‍, കാസനോവ പോലുളള ചിത്രങ്ങള്‍ നിര്‍മ്മാതാക്കളുടെ സമരം മൂലം ഇനിയും മുടങ്ങുമെന്ന അവസ്ഥയിലാണ്. 2011 ല്‍ തീരുമെന്ന് കരുതിയ പല ചിത്രങ്ങളും 2012ലെ പൂര്‍ത്തിയാകുകയുളളു.

അതിനിടെ, സമരത്തിന് തുടക്കമിട്ട ഫെഡറേഷനുളളില്‍ തന്നെ ചില ഭിന്നതകള്‍ വന്നത് ശുഭ സൂചനയാണ്. സംഘടനക്കുളളിലെ പലര്‍ക്കും സമരവുമായി അധികം നാള്‍ മുന്നോട്ടുപോകുന്നതിനോട് താല്‍പ്പര്യമില്ലെന്നാണ് അറിയാനാകുന്നത്. അതിനാല്‍ അനൌദ്യോഗിക ചര്‍ച്ചകളിലൂടെയെങ്കിലും സമരത്തിന് ഒരു അവസാനം കണ്ടെത്താന്‍ അവര്‍ ശ്രമിക്കുന്നുണ്ടെന്നാണ് സൂചനകള്‍.

No comments:

Post a Comment