Saturday, October 29, 2011

ദിശയറിയാതെ യുഡിഎഫ്

നിരീക്ഷണം

ഷാനവാസ്.എസ് | കൊച്ചി, ഒക്ടോബര് 28, 2011 15:15

വീറോടും വാശിയോടും പറഞ്ഞ പ്രസ്താവനകള്‍ തിരിച്ചെടുക്കുന്നതും മാപ്പു പറയുന്നതും രാഷ്ട്രീയമണ്ഡലത്തില്‍ പുതിയ കഥയല്ല. തികച്ചും രാഷ്ട്രീയ സ്വഭാവമുള്ളതു മുതല്‍ സ്വഭാവഹത്യ നടത്തുന്ന തരത്തിലുള്ള ഇത്തരം പ്രസ്താവനകളും ആരോപണ പ്രത്യാരോപണങ്ങളും നിറഞ്ഞുനിന്നിരുന്ന സംസ്ഥാന രാഷ്ട്രീയത്തിന്‍റെ സകല രൂപഭാവങ്ങളും മാറ്റുന്നതായിരുന്നു സാംസ്കാരിക മന്ത്രിയായ കെ.ബി ഗണേഷ്കുമാര്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദനെതിരെ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന. സിനിമാസ്റ്റെലില്‍ ഗണേഷ്കുമാര്‍ നടത്തിയ പ്രസ്താവന സംസ്കാരശൂന്യവും ആഭാസകരവും ഒരു സാംസ്കാരികമന്ത്രിക്കോ ജനപ്രതിനിധിക്കോ ചേരാത്തതുമായിരുന്നു. വളരെ വേഗം വിവാദ വിഷയമായി മാറിയ സംഭവത്തില്‍ നിയമസഭാ നടപടികള്‍ സ്തംഭിച്ചു. സംസ്ഥാനത്തെമ്പാടും വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുള്ള വിഷയത്തില്‍ കൂടുതലെന്തെങ്കിലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് യുഡിഎഫ് നേതൃത്വം.
വി.എസ് കാമഭ്രാന്തനും ഞരമ്പ് രോഗിയുമാണെന്നായിരുന്നു ഗണേഷ്കുമാറിന്‍റെ പ്രസ്താവന. ഒരു പ്രായം കഴിഞ്ഞാല്‍ ചെയ്യാന്‍ പറ്റാത്ത കാര്യത്തെക്കുറിച്ച് വിഷമമുണ്ടാകും. പിന്നെയെപ്പോഴും അതിനെക്കുറിച്ചു മാത്രമാവും സംസാരം. ഇതൊരു തരം ഞരമ്പ് രോഗമാണ്. ആരെയും കള്ളനെന്ന് വിളിക്കുന്ന വി.എസ്സിന്‍റെ വീട്ടിലാണ് ഏറ്റവും വലിയ കള്ളനുള്ളത്. അധികം താമസിയാതെ അച്യുതാനന്ദന്‍റെ മകന്‍ അരുണ്‍കുമാര്‍ ജയിലില്‍ പോകും. മകന്‍ ജയിലില്‍ പോകുന്ന ദിവസം വി.എസ് കരയുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. വാളകം സംഭവത്തെക്കുറിച്ച് പത്തനാപുരത്ത് ഇന്നലെ യു ഡി എഫ് നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ഗണേഷ് കുമാര്‍ വിവാദ പ്രസ്താവനയിലൂടെ പുലിവാല്‍ പിടിച്ചത്.

യുഡിഎഫിലെ തന്നെ പല മുതിര്‍ന്ന നേതാക്കളും വിഎസിനെതിരെ കടുത്തഭാഷയില്‍ പ്രതികരിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു പ്രസ്താവന അവരിലാരിലും നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. അതിനാല്‍ തന്നെ പ്രശ്നത്തെ എങ്ങനെ പരിഹരിക്കാമെന്നതിനെക്കുറിച്ച് യുഡിഎഫില്‍ തന്നെ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഗണേഷിന്‍റേത് യുഡിഎഫിന്‍റെ പ്രസ്താവനയോ നിലപാടോ അല്ലെന്ന് മുഖ്യമന്ത്രി സഭയില്‍ അറിയിച്ചിട്ടുണ്ടെങ്കിലും മന്ത്രിയെന്ന നിലയിലും യുഡിഎഫിന്‍റെ രാഷ്ട്രീയവിശദീകരണ യോഗത്തിലാണ് വിവാദ പ്രസ്താവന നടന്നതിനെന്നാലും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിവാകാന്‍ യുഡിഎഫിനാകില്ല. പ്രസ്താവനയോട് യുഡിഎഫിനുള്ളില്‍ തന്നെ പലര്‍ക്കും എതിര്‍പ്പുണ്ട്. പ്രസ്താവനയെ അനുകൂലിക്കുന്നില്ലെന്ന ചീഫ് വിപ്പ് പി.സി ജോര്‍ജിന്‍റെ വാക്കുകള്‍ അത് വ്യക്തമാക്കുന്നുണ്ട്.
ടൈറ്റാനിയം കേസില്‍ പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും യുക്തമായ മറുപടിയോ നിലപാടുകളോ സ്വീകരിക്കാന്‍ ബദ്ധപ്പെടുന്ന യുഡിഎഫ് സര്‍ക്കാരിന് കിട്ടിയ മറ്റൊരു പ്രഹരമാണ് ഗണേഷ്കുമാറിന്‍റെ പ്രസ്താവന. വാളകം സംഭവത്തില്‍ ബാലകൃഷ്ണപിള്ളക്കും ഗണേഷ്കുമാറിനും എതിരായി വി.എസ് നടത്തിയ പരാമര്‍ശങ്ങളാണ് ഗണേഷ്കുമാറിന്‍റെ പ്രതികരണത്തിന് കാരണമായി പറയപ്പെടുന്നത്. വാളകം സംഭവം ഒരു മാസം പിന്നിടുമ്പോഴും അന്വേഷണത്തില്‍ ഏതെങ്കിലും രീതിയിലുള്ള പുരോഗതിയുണ്ടായിട്ടില്ല. ആരുടെയോ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായോ, ആരെയോ രക്ഷിക്കുന്നതിന്‍റെ ഭാഗമായോ ആണ് സര്‍ക്കാര്‍ അന്വേഷണം വൈകിപ്പിക്കുന്നതെന്ന ആരോപണങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് ഗണേഷ്കുമാറിന്‍റെ പ്രസംഗം. ഘടകകക്ഷികളുടെ ചുമലിലിരുന്ന് ഭരണചക്രം മുന്നോട്ടുനയിക്കുന്ന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ എന്തു വിശദീകരണം നല്‍കുമെന്ന് കാത്തിരുന്നു കാണേണ്ടതുണ്ട്.

http://thesundayindian.com/ml/story/udf-on-a-rough-raunchy-track/2/1753/

No comments:

Post a Comment