Saturday, October 29, 2011

മലയാളിക്ക് മാംസക്കൊതി

മലയാളിക്ക് മാംസക്കൊതി

സംസ്ഥാനത്ത് 85 ശതമാനം ആളുകളും മാംസാഹാരം കഴിക്കുന്ന വരാണെന്ന റിപ്പോര്‍ട്ടുകള്‍, നിയന്ത്രിക്കാനാവുന്നതിനും അപ്പുറത്തേക്ക് മലയാളിയുടെ മാംസാഹാര പ്രിയം കടന്നുപോയിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു.
ഷാനവാസ്.എസ് | Issue Dated: നവംബര് 29, 2011

മാറുന്ന ലോകത്തിനും ഒരുപടി മുമ്പെ മാറുകയെന്നതാണ് മലയാളിയുടെ ശീലം. നല്ലതെന്നോ ചീത്തയെന്നോ ഉളള വകഭേദങ്ങളൊന്നും ചിലപ്പോള്‍ അതില്‍ കണ്ടില്ലെന്നും വരാം. ഒരേ സമയം പാരമ്പര്യത്തില്‍ മുറുകെ പിടിക്കുകയും പരിമിതിക ളില്ലാത്ത പുതിയ ലോകത്തിന്‍റെ സങ്കീര്‍ണമായ അവസ്ഥകളിലേക്കു യാതൊരു മുന്‍വിധികളും കൂടാതെ നടന്നുപോകുകയും ചെയ്യുന്ന മലയാളി ശരിക്കുമൊരു വിസ്മയം തന്നെയാണ്. ആഗോളവത്കരണാനന്തരമുണ്ടായ പുതിയ ലോകക്രമത്തിലെ, മികച്ച ഉപഭോഗ സംസ്കാരത്തിന്‍റെ വേദി കൂടിയായ കേരളത്തില്‍ എല്ലാ മേഖലയിലുമെന്നപോലെ രുചിയുടെ ലോകത്തും പുതിയൊരു സംസ്കാരത്തിലേക്ക് കേരള ജനത അതിവേഗം നടന്നുനീങ്ങുന്നതായാണ് അടുത്തിടെയുളള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജനത യില്‍ ഭൂരിഭാഗവും മാംസാഹാരം ഇഷ്ടപ്പെടുന്നവരും കഴിക്കുന്നവരുമാണെന്ന റിപ്പോര്‍ട്ട് മലയാളികള്‍ മാംസാഹാരത്തോട് അമിതാവേശം പുലര്‍ത്തുന്നതായി പറഞ്ഞുവെക്കുന്നു.

കേരളത്തില്‍ ഓണം പരാമ്പരാഗത ശൈലിയിലുളള സസ്യാഹാരങ്ങളുടെ വൈവിധ്യത്തിന്‍റെ ആഘോഷമാണ്. തൂശനിലയില്‍ വിഭവസമൃദ്ധമായ സദ്യ വിളമ്പി, ഓണാഘോഷത്തിന് മലയാളികള്‍ തിരക്കുക്കൂട്ടുന്നതിനിടയിലാണ് കേരളത്തിന്‍റെ മാംസാഹാര ഭ്രമം വിളിച്ചോതുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. സംസ്ഥാന ജനതയില്‍ 85 ശതമാനത്തോളം ആളുകള്‍ മാംസാഹാരം കഴിക്കുന്നവരാണെന്ന റിപ്പോര്‍ട്ടുകള്‍ ഏതൊരാളെയും അതിശയിപ്പിക്കുന്നതായിരുന്നു. എന്നാല്‍ പ്രതിദിനം 5000 ടണ്‍ മാംസം സംസ്ഥാനത്തിന് ആവശ്യമായി വരുന്നെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന കണക്കുകള്‍ പക്ഷെ തെറ്റായിരുന്നു. സംസ്ഥാനത്ത് പ്രതിദിനമുളള പാല്‍ ഉപഭോഗത്തിന്‍റെ കണക്കായിരുന്നു അത്. എന്നിരുന്നാലും പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് പ്രതിദിനം 30 ഗ്രാം മാംസം ആവശ്യമായി വരുമെന്ന പഠന റിപ്പോര്‍ട്ടുകള്‍ കണക്കിലെടുക്കുമ്പോള്‍, കേരളത്തില്‍ പ്രതിദിനം 1000-1500 ടണ്‍ മാംസം ആവശ്യമായിവരുമെന്ന് അനുമാനിക്കാം. ശുദ്ധവെജിറ്റേറിയന്‍ ഭക്ഷണത്തോടെ ഓണം ആഘോഷിച്ച മലയാളി, തിരുവോണം കഴിഞ്ഞുളള മുന്നുനാല് ദിവസങ്ങളിലായി മാത്രം തിന്നു തീര്‍ത്തത് 1759 ടണ്‍ മാംസമാണെന്നതും കൂടി ചേര്‍ത്തുവായിക്കുമ്പോള്‍, റിപ്പോര്‍ട്ടിന്‍റെ ഗൌരവവും മലയാളിയുടെ മാറുന്ന ഭക്ഷണശീലത്തിന്‍റെ നേര്‍ചിത്രവും വ്യക്തമാകും. അതില്‍, 45 % ബീഫും 35 % കോഴിയും 14 % മട്ടണും ആറ് ശതമാനം പന്നി, താറാവ് തുടങ്ങിയവയും അകത്താക്കിയാണ് കേരളീയന്‍ അമിതമായ മാംസാഹാര പ്രിയത്തിന് അടിവരയിട്ടത്.

മലയാളിയുടെ ഭക്ഷണ സംസ്കാരത്തില്‍ വന്ന മാറ്റം ‘കായ സഞ്ചിയില്‍ നിന്നും ചൈനീസ് ഡ്രാഗണി’ലേക്കുളളതായിരുന്നു. കേരളത്തിലെ ‘ഭക്ഷണ അധിനിവേശത്തിന്’ തുടക്കമിട്ടത് തമിഴരായിരുന്നുവെന്ന് പറയാം. തമിഴിന്‍റെ രുചിക്കൂട്ടുമായി വന്ന ദോശയും, വടയും, മസാലദോശയും സാമ്പാറും ഊത്തപ്പവും മലയാളിയുടെ നാവില്‍ പുതിയ രുചി പകര്‍ന്നു നല്‍കി. ആര്യഭ വന്‍, ശരവണാസ്, മദ്രാസ് കഫെ, ഉഡുപ്പി ബ്രാഹ്മിണ്‍സ് പോലുളള ഹോട്ടലുകളിലൂടെ കേരളത്തില്‍ പുതിയൊരു ഭക്ഷണ സംസ്കാരം സ്ഥാപനവത്കരിക്കപ്പെടുകയും കച്ചവടത്തിന്‍റെ പുതിയ സാധ്യതകള്‍ കണ്ടെത്തുകയും ചെയ്തു. അങ്ങനെ തമിഴ് കായത്തിന്‍റെ തുണി സഞ്ചി കേരളത്തിലെ ഭക്ഷണ സംസ്കാരത്തിലുണ്ടായ ആദ്യ മാറ്റത്തിന്‍റെ അടയാളമായി. തമിഴ് രുചിയില്‍ നിന്നും പിന്നീടു വന്ന മാറ്റം ഉത്തരേന്‍ഡ്യന്‍ രുചികളിലേക്കായിരുന്നു. അവിടെയും വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ തന്നെ യായിരുന്നു മലയാളിയെ പ്രധാനമായും ആകര്‍ഷിച്ചത്. റൊട്ടിയും ചപ്പാത്തിയും ദാലും ഉരുളക്കിഴങ്ങും തുടങ്ങി സമോസയും മറ്റു പല തരത്തിലുളള സബ്ജിയും പനീറും പാലക്കും അടങ്ങുന്ന ഉത്തരേന്‍ഡ്യന്‍ വിഭവങ്ങള്‍ മലയാളിയുടെ രുചിപ്രിയത്തിലേക്ക് ഏറെ അടുത്തു. ഉത്തരേന്‍ഡ്യന്‍ തനത് ശൈലിയിലെ നോണ്‍വെജ് വിഭവങ്ങള്‍ ഇതിനിടയില്‍ വിറ്റുപോയെങ്കിലും വെജിറ്റേറിയന്‍ വിഭവങ്ങള്‍ക്കു തന്നെയായിരുന്നു ‘ഡിമാന്‍റ്’.

ഉത്തരേന്‍ഡ്യന്‍ രുചികളില്‍ നിന്നും മല യാളിയുടെ നാവ് പിന്നെ തേടിയതും അറിഞ്ഞതും കീഴ്പ്പെട്ടതും ചൈനീസ് ഭക്ഷണ വൈവിധ്യത്തിലായിരുന്നു. ഫ്രൈഡ്റൈസും, ചില്ലി ചിക്കനും, നോണ്‍ വെജ് സൂപ്പുകളും പരിചയപ്പെട്ട കേരളീയര്‍ ചില്ലി ചിക്കനൊപ്പം ചില്ലി ബീഫും ചില്ലി ഡക്കും തുടങ്ങി കേരളത്തില്‍ കഴിക്കുന്ന എല്ലാത്തരം മാംസത്തെയും ചൈനീസ് ശൈലിയില്‍ ഭക്ഷിച്ചു തുടങ്ങി. കച്ചവടത്തിന്‍റെ അനന്ത സാധ്യതകള്‍ വ്യത്യസ്തമായ ഒട്ടനവധി ചൈനീസ് വിഭവങ്ങള്‍ മറ്റു രാജ്യങ്ങളില്‍ നിന്നും പാക്കറ്റുകളിലായി കേരള ത്തിന്‍റെ മണ്ണിലെത്തിച്ചു. സോസോജും ബര്‍ഗറും ഹോട്ട്ഡോഗും പിന്നിട്ട് നോണ്‍ വെജ് പോപ്പ്കോണും കഴിഞ്ഞ് നോണ്‍വെജിന്‍റെ രുചി പകരുന്ന 2 മിനിറ്റ് അല്ലെങ്കില്‍ 5 മിനിറ്റ് ന്യൂഡില്‍സുമായി ചൈനീസ് രുചിഭേദങ്ങള്‍ കേരളക്കരയാകെ കീഴടക്കിയിരിക്കുന്നു. ചൈനീസ് രുചിക്കൊപ്പം മലയാളിയുടെ നാവില്‍ വെളളമൂറിക്കുന്നത് അറേബ്യന്‍ രുചിഭേദങ്ങളാണ്. അറേബ്യന്‍ ചിക്കനും, ബാര്‍ബിക്യൂ ചിക്കനും ചേര്‍ന്നാണ് മലയാളിയെ തീന്‍മേശയില്‍ കീഴടക്കിയത്.

കേരളത്തില്‍ വന്ന സകല രുചിഭേദങ്ങളെയും ഭക്ഷണശൈലിയെയും കടമെടുത്തുകൊണ്ട് ‘ഫാസ്റ്റ് ഫുഡ്’സംസ്കാരം സംസ്ഥാനമാകെ വ്യാപിച്ചതോടെ, പുതുരുചികള്‍ തേടി മലയാളികള്‍ തെരുവോര ങ്ങളിലും എത്തിത്തുടങ്ങി. അവിടെയും പ്രിയം മാംസാഹാരങ്ങളോടായിരുന്നു. നാ ടന്‍ തട്ടുകടകളും ചൈനീസ് തട്ടുകടകളും ചെറുതും വലുതുമായ ഹോട്ടലുകളും ക ളളുഷാപ്പുകളും ബാറുകളും ആളുകളെ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായി പ്രത്യേകം പേരുകളില്‍, ശൈലിയില്‍ പുതിയ നോണ്‍ വെജ് വിഭവങ്ങള്‍ വിളമ്പി വിപണിയിലെ മത്സരം കടുത്തതാക്കി. അങ്ങനെ മാംസാഹാരത്തിന്‍റെ വൈവിധ്യത്തിലേക്ക് വന്നടുത്തതോടെ നിയന്ത്രിക്കാനാവാത്ത വിധത്തിലുളള അമിതമായ മാംസാഹാര ഭ്രമത്തിലേക്ക് മലയാളികളില്‍ ഭൂരിഭാഗവും വീണുപോയി. ഇന്ന് നോണ്‍വെജ് വിഭവങ്ങളെ ഒഴിച്ചുനിര്‍ത്തിയുളള ഭക്ഷണക്രമത്തെക്കുറിച്ച് ചിന്തിക്കാന്‍ കേരളത്തിലെ ജനതക്കാവില്ല.


കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലാണ് കേരളീയരുടെ ഭക്ഷണ രീതിയില്‍ ഇത്രയും തീവ്രമായ മാറ്റങ്ങള്‍ സംഭവിച്ചത്. കേ രളത്തിനു പുറത്തും ഇന്‍ഡ്യക്കു പുറത്തുമായി ജോലി ചെയ്യുന്നവര്‍ക്കൊപ്പം കുടിയേറിയ രുചിക്കൂട്ടുകള്‍ രുചിയുടെ പുതിയ ലോകങ്ങള്‍ നമുക്ക് മുന്നില്‍ തുറന്നിട്ടു. അങ്ങനെ ദക്ഷിണേന്‍ഡ്യയുടെ വടയും മസാലദോശയും ഊത്തപ്പവും സാമ്പാറും, ഉത്തരേന്‍ഡ്യയുടെ റൊട്ടിയും ചപ്പാത്തിയും ദാലും ഉരുളക്കിഴങ്ങും കേരളത്തിലെത്തിയപോലെ ഗള്‍ഫ്, അറബ് രാജ്യങ്ങളില്‍ നിന്നായി അറേബ്യന്‍ രുചിയും അഫ്ഗാന്‍ രുചിയും ചൈനീസ്, തായ് തുടങ്ങി സകല കോണ്ടിനെന്‍റല്‍ വിഭവങ്ങളും ഇവിടെയെത്തി. ആളുകളുടെ ജീവിത നിലവാരത്തില്‍ വന്ന മാറ്റവും വരുമാന വര്‍ധനവും വിദ്യാഭ്യാസ മേഖലയിലെ മുന്നേ റ്റവും നോണ്‍ വെജ് ഭക്ഷണത്തെ, പ്രധാനമായും പ്രൊട്ടീന്‍ സമ്പന്ന ഭക്ഷണങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും അവ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമുളള സാധ്യതകള്‍ വര്‍ധിപ്പിച്ചു. വിപണന സാധ്യതകള്‍ അന്വേഷിച്ചെത്തിയ ഇത്തര ത്തിലുളള സ്ഥാപനങ്ങളെ ഉപഭോഗ സംസ്കാരത്തിന്‍റെ തേരിലേറ്റി മലയാളികള്‍ സ്വാഗതം ചെയ്തു. ഗോവധ നിരോധനം പോലുളള നിയമങ്ങളോ, നിരോധനമോ കേരളത്തിലില്ലയെന്നതും കച്ചവടക്കാര്‍ക്കും ആവശ്യക്കാര്‍ക്കും ഒരേപോലെ ഗു ണകരമായി. “ആളുകള്‍ മാംസാഹാരത്തോട് പെട്ടെന്ന് അടുത്തതല്ല. നേരത്തെ മുതലേ മാംസാഹാരം പൊതുവെ ഉപയോഗിക്കുന്നുണ്ടെങ്കിലും അടുത്ത കാലത്തായാണ് ഇത്രയധികം വര്‍ധനവ് കാണുന്നത്. പൊതുവെ ആളുകളുടെ ജീവിത ശൈലിയിലും നിലവാരത്തിലും വന്ന മാറ്റമാണ് ഇവിടെ പ്രതിഫലിക്കുന്നത്. ആവശ്യകതയിലെന്നതുപോലെ ലഭ്യതയിലും വര്‍ധനവുണ്ടായി. ഐടി മേഖലയിലെ വളര്‍ച്ചയിലുടെ, നോണ്‍ വെജ് ഭക്ഷണ സംസ്കാരവും വളര്‍ന്നു. ദിവസത്തിന്‍റെ ഭൂരിഭാഗം സമയം ജോലി ചെയ്യുന്ന ഇത്തരക്കാരില്‍ പലരും വളരെ ചുരുങ്ങിയ സമയത്തില്‍ വളരേയെറെ നേരം ശാരീരകമായി പിടിച്ചുനില്‍ക്കാനാകുമെന്ന രീതിയില്‍ നോണ്‍ വെജ്, ഫാസ്റ്റ്ഫുഡ് ഭക്ഷണത്തെ ആശ്രയിച്ചുതുടങ്ങിയിട്ടുണ്ട്”, സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. വിജയകുമാര്‍ പറയുന്നു.

കേരളത്തില്‍ ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയുമാണ് പരാമ്പരാഗതമായി മാംസാഹാര പ്രിയരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സമീപകാലത്തായി ഹൈന്ദവ സമുദായത്തിലെ പല സമൂഹങ്ങളും മാംസാഹാരത്തോട് താല്‍പ്പര്യം കാണിച്ചുതുടങ്ങിയതാണ്, മാംസ ഉപഭോഗ നിരക്ക് ഇത്രയധികം ഉയരാന്‍ കാരണം. മാംസാഹാരത്തോടുളള ഇഷ്ടം എന്നതില്‍ നിന്നും വലിയൊരളവ് ആര്‍ത്തിയിലേക്കോ ഭ്രമത്തിലേക്കോ കടന്നിരിക്കുന്ന മാറ്റമാണ് ഇന്ന് ദൃശ്യമാകുന്നത്. മാംസാഹാരത്തിന്‍റെ ഗണത്തില്‍ പശുവും കാളയും പോത്തും എരുമയും അടങ്ങുന്ന ബീഫ് വിഭവങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയുളളത്. രണ്ടാം സ്ഥാനം ചിക്കന്‍ വിഭവങ്ങള്‍ക്കാണ്. മട്ടണ്‍ വിഭവങ്ങള്‍ മൂ ന്നാം സ്ഥാനത്തും പന്നി, ആട്, മുയല്‍ തുടങ്ങിയവ അതിനു പിറകിലുമായി സ്ഥാനം പിടിക്കുന്നു.

2009-10ല്‍ അംഗീകൃത മേഖലയിലെ മൊത്തം കന്നുകാലി മാംസ ഉത്പാദനം 102026 മെട്രിക് ടണ്ണായിരുന്നു. ഇതേവര്‍ഷം കോഴിയിറച്ചി ഉത്പാദനം 15482 മെട്രിക് ടണ്‍ ആയിരുന്നു. അംഗീകൃത മേഖല യില്‍ നിന്നുളള 117508 മെട്രിക് ടണും, അംഗീകൃതമല്ലാത്ത മേഖലകളില്‍ നിന്നുളള ഉത്പാദനവും കൂട്ടി 321560 മെട്രിക് ടണ്ണായിരുന്നു ആകെ ഉത്പാദനം. സംസ്ഥാനത്ത് 330105 മെട്രിക് ടണ്ണിന്‍റെ ആവശ്യകത യുണ്ടായിരുന്നു. 8545 മെട്രിക് ടണ്ണിന്‍റെ കുറവാണ് സംസ്ഥാനത്ത് അനുഭവപ്പെട്ടത്. 2010-11 ല്‍ ലഭ്യമായ കണക്കുകള്‍ പരിശോധിക്കുമ്പോള്‍, അംഗീകൃത മേഖല യില്‍ നിന്നുളള ആകെ മാംസ ഉത്പാദനം 124551 ടണ്ണും ആവശ്യകത 277120 ടണ്ണുമാണ്. അവിടെയും 152569 ടണ്ണിന്‍റെ കുറവ് കാണാനാകും.ഐക്യരാഷ്ട്ര സഭ ഭക്ഷ്യ കാര്‍ഷിക സംഘടന (എഫ്എഒ) റിപ്പോര്‍ട്ട് പ്രകാരം, ഇന്‍ഡ്യാക്കാരുടെ ഒരു വര്‍ഷ ത്തെ പ്രതിശീര്‍ഷ മാംസ ഉപഭോഗം 5.0-5.5 കിലോഗ്രാമാണ്. എന്നാല്‍ കേരളീയരുടെ കാര്യത്തില്‍ അത് 15-20 കിലോഗ്രാം, നാലിരട്ടിയോളം അധികം വരുമെ ന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിനാല്‍ തന്നെ പലപ്പോഴും ഉല്‍പാദനവും ആവശ്യകതയും തമ്മില്‍ പൊരുത്തപ്പെടാറില്ല. ആഭ്യന്തര മാംസ ഉത്പാദനം (ബീഫ്, മട്ടണ്‍, ചിക്കന്‍, പന്നി, താറാവ് തുട ങ്ങിയവ) വെറും 364.32 ടണ്‍ മാത്രമാണ്. തമിഴ്നാട് ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ് ബാക്കിയുളള മാംസം എത്തുന്നത്. ഒറീസ, മഹാരാഷ്ട്ര പോലുളള സംസ്ഥാനങ്ങളും നമുക്കാവ ശ്യമുളള മാംസം നല്‍കുന്നുണ്ട്.

മാംസാഹാരത്തിലും വിഭവങ്ങളുടെ കാര്യത്തില്‍ തന്നെയും മാറ്റങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്. ബീഫ് വിഭവങ്ങളില്‍ നിന്നും ചിക്കന്‍ വിഭവങ്ങളിലേക്കാണ് പുതിയ മാറ്റം. താരതമ്യേനേ വിലക്കുറവും, ഉയ ര്‍ന്ന ലഭ്യതയും പാകം ചെയ്യുന്നതിനുളള എളുപ്പവുമാണ് ബീഫില്‍ നിന്നും ചിക്ക നിലേക്കുളള മാറ്റത്തിന് വഴി തെളിച്ചത്. കൂടാതെ ബീഫ് പോലുളള റെഡ് മീറ്റുകളില്‍ പൂരിത കൊഴുപ്പിന്‍റെ അംശം കൂടുതലും കോഴിയില്‍ പ്രധാനമായും തൊലിപ്പുറത്താണ് കൊഴുപ്പെന്നതിനാല്‍ തൊലി നീക്കം ചെയ്താല്‍ കൊഴുപ്പ് നിയന്ത്രിക്കാമെന്നുളളതും ചിക്കനോടുളള പ്രിയം വര്‍ധിക്കാന്‍ കാരണമായി. 1990കളില്‍ മൊത്തം മാംസ ഉത്പാദനത്തിന്‍റെ ആറ് ശതമാനം മാത്രമായിരുന്നു കോഴിയെങ്കില്‍ ഇന്ന്, ആവശ്യക്കാരുടെ വര്‍ധനവിനെത്തുടര്‍ന്ന് അത് 45 ശതമാനം വരെ ഉയര്‍ന്നിരിക്കുന്നു. നോണ്‍ വെജ് വിഭവങ്ങള്‍ വിളമ്പുന്ന ഒട്ടനവധി ഹോട്ടലുകളും തട്ടുകടകളും സംസ്ഥാനമൊട്ടാകെ നിറഞ്ഞുനില്‍ക്കുമ്പോള്‍ തന്നെ ചിക്കന്‍ വിഭവങ്ങള്‍ക്കു മാത്രമായുളള നിരവധി ഭോജനശാലകള്‍ ഉയര്‍ന്നുവരുന്നത് കോഴി, കോഴിവിഭവങ്ങളോടുളള മലയാളിയുടെ ആര്‍ത്തിക്ക് ഉദാഹരണങ്ങളാണ്. അറേബ്യന്‍ ചിക്കന്‍ സെന്‍റര്‍, ബാര്‍ബിക്യൂ ചിക്കന്‍ കോര്‍ണര്‍, കെഎഫ്സി, യുഎസ് ഫ്രൈഡ് ചിക്കന്‍, റോയല്‍ ഫ്രൈഡ് ചിക്കന്‍, ചിക്കിംഗ് തുടങ്ങിയ സ്ഥാപനങ്ങള്‍ സംസ്ഥാനത്തുടനീളം കൂണുപോലെ മുളച്ചുവരികയും വിപണിയില്‍ മികച്ച നേട്ടം കൊയ്യുകയും ചെയ്യുന്നുണ്ട്. മക്ഡൊണാള്‍ഡും പിസാ ഹട്ടും നോണ്‍ വെജ് സ്പെഷ്യലുകളുമായി രംഗത്തുണ്ട്.

സംസ്ഥാനത്തുളള ഹോട്ടലുകളിലെയും തട്ടുകടകളിലെയും സ്ഥിതിയും ഇതില്‍ നിന്നൊട്ടും വ്യത്യസ്തമല്ല. ശുദ്ധ വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ ആളുകള്‍ കുറയുകയും നോണ്‍ വെജ് കടകളില്‍ ആളുകള്‍ ഇടിച്ചുകേറുകയും ചെയ്യുന്നു. “നേരത്തെ മസാല ദോശ, പൂരി മസാല, വട, ഇഡലി പോലുളള വെജിറ്റേറിയന്‍ വിഭവങ്ങള്‍ക്കായാണ് ആളുകള്‍ എത്തിയിരുന്നത്. ഞങ്ങളുടെ വരുമാനത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍ നിശ്ചയിച്ചിരുന്നതും ഇത്തരത്തിലെ വെജിറ്റേറിയന്‍ വിഭവങ്ങളായിരുന്നു. എന്നാലിന്ന് സ്ഥിതി മാറിയിരിക്കുന്നു. കുട്ടികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് ആവശ്യം നോണ്‍ വെജ് വിഭവങ്ങളാണ്.അതില്‍ ചിക്കന്‍ ഒന്നാം സ്ഥാനത്തും ബീഫ് രണ്ടാമതുമാണ്. 65-70% ആളുകള്‍ മാംസാഹാരം, പ്രത്യേകിച്ചും ചിക്കന്‍ ആണ് കഴിക്കുന്നത്” കേരളത്തിലെ ഏറ്റവും വ ലിയ റെസ്റ്റോറന്‍റ് ശൃംഖലയായ ഇന്‍ഡ്യന്‍ കോഫീ ഹൌസിലെ ജീവനക്കാരന്‍ പറഞ്ഞു.

നേരത്തെ വിശേഷ ദിവസങ്ങളില്‍ മാത്രമായിരുന്നു വീടുകളില്‍ മാംസ വിഭവങ്ങള്‍ തയ്യാറാക്കിയിരുന്നത്. എന്നാലിന്ന് ആ പതിവും മാറിയിരിക്കുന്നു. സാധാരണ ദിവസങ്ങളിലും മാംസാഹാരം ഒഴിച്ചുകൂടാനാവാത്തതായിരിക്കുന്നു. കേരളത്തിലുണ്ടാകുന്ന ഹര്‍ത്താല്‍ ദിനം വരെ കോഴിയുടെയും ബീഫീന്‍റെയുമൊക്കെ വില്‍പ്പനയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. ‘ഏതാഘോഷം വന്നാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല’ എന്ന പറച്ചില്‍ അന്വര്‍ത്ഥമായിരിക്കുന്നു. നേരത്തെ വീടുകളില്‍ ത യ്യാറാക്കിയിരുന്ന നോണ്‍ വെജ് വിഭവങ്ങളായിരുന്നു പലര്‍ക്കും താല്‍പ്പര്യം. എന്നാലിന്ന് ഹോട്ടലുകള്‍, റെസ്റ്റോറന്‍റുകള്‍, ത ട്ടുകടകള്‍ എന്നിവിടങ്ങളില്‍ നിന്നും ഒറ്റക്കും കുടുംബമൊന്നാകെയും ഭക്ഷണം കഴിക്കുന്ന തരത്തിലേക്ക്, ഉപഭോഗ സംസ്കാരത്തിലേക്ക് നമ്മുടെ ഭക്ഷണശീലം വഴിമാറി. വീട്ടിലുണ്ടാക്കുന്ന ചിക്കന്‍, മട്ടണ്‍, ബീഫ് കറികള്‍/പൊരിച്ചത്, ബിരിയാണി എന്നിവയേക്കാള്‍ ‘ബ്രാന്‍ഡ്’ പേര് പതിഞ്ഞ വിഭവങ്ങളോട് ഇഷ്ടം കൂടി. പുട്ടും പഴവും, അപ്പവും കടലയും മുട്ടക്കറിയും കഴിഞ്ഞ് പൊറോട്ടയും ബീഫ്/ചിക്കനിലേക്കും ബിരിയാണിയിലേക്കും ചിക്കന്‍/ ബീഫ് മഞ്ജൂരിയനിലേക്കും കെന്‍റുക്കി ചിക്കന്‍, ചിക്കന്‍ പോപ്കോണ്‍, ബര്‍ഗര്‍, ഹോട്ട്ഡോഗ്, റോയല്‍ ക്രഞ്ചി, ക്രഞ്ചി സുപ്രീം, ഹോട്ട് ആന്‍റ് ക്രിസ്പ്, ഹോട്ട് വിംഗ്സ്, ചിക്കന്‍ സ്ട്രിപ്സ്,ചിക്പോപ് തുടങ്ങി കമ്പനി പേരുകളിലിറങ്ങുന്ന വിഭവങ്ങളിലേക്ക് മലയാളിയുടെ ചിക്കന്‍ വിഭവ ഭ്രമം നീണ്ടു. മാംസാഹാരത്തോടു ളള അമിതമായ ആര്‍ത്തി വര്‍ധിക്കുന്നതിനൊപ്പം ആഗോളകുത്തകകളുടെ ഭോജനശാലകളെ കേരളത്തിന്‍റെ മണ്ണിലേക്കടുപ്പിക്കുന്നു എന്നതാണ് ഈ ഉപഭോഗ സംസ്കാരത്തിന്‍റെ മറുപുറം.

മാംസാഹാരത്തോട് അമിത ഭ്രമം പുലര്‍ത്തുന്ന ജനത പക്ഷെ പലപ്പോഴും അതു മൂലമുണ്ടാകുന്ന കുഴപ്പങ്ങളെ മറന്നുകള യുന്നുണ്ട്. നമുക്കാവശ്യമുളള മാംസം ആ ഭ്യന്തരമായി ഉത്പാദിപ്പിക്കാന്‍ നമുക്ക് ക ഴിയാതിരിക്കെ നാം കടപ്പെട്ടിരിക്കുന്നത് അയല്‍ സംസ്ഥാനങ്ങളോടാണ്. 2010ല്‍ 2231070 കിലോഗ്രാം ഡ്രസ് ചെയ്ത ചിക്ക നും 48621246 കോഴികളും 6077031 കന്നുകാലികളും 2822 ആടുകളും 5043 പന്നിക ളുമാണ് വിവിധ ചെക്കുപോസ്റ്റുകളിലൂടെ കേരളത്തിലെത്തിയത്. അംഗീകൃതമായതും അല്ലാതെയുമുളള വഴികളിലൂടെ എത്തിപ്പെടുന്ന കന്നുകാലികളില്‍ യാതൊരു വിധ ശുചിത്വവും പലപ്പോഴും അ വകാശപ്പെടാനാവില്ല. നിയമപ്രകാരം അ നുവദിച്ചതിനേക്കാള്‍ പതിന്മടങ്ങാണ് കേ രളത്തിലുളള അറവുശാലകളുടെ എണ്ണം എന്നതും വിസ്മരിക്കരുത്. കൂണുപോലെ മുളക്കുന്ന ചിക്കന്‍ വിഭവങ്ങള്‍ വില്‍ക്കു ന്ന കടകളില്‍ ഉപയോഗിക്കുന്ന മാംസത്തിന്‍റെയും മറ്റു ഭക്ഷണ സാധനങ്ങളുടെയും ഗുണനിലവാരം പരിശോധിച്ചറിയുന്നതിനോ അവ എവിടെ നിന്നും എങ്ങനെ വരു ന്നുവെന്നതിനെക്കുറിച്ച് കൃത്യമായി അറിയുന്നതിനുളള ഉപാധികളോ ഇവിടില്ല. “പലപ്പോഴും അത്തരം കാര്യങ്ങളില്‍ കണിശത കാണിക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. എന്നാല്‍ പേരിനു പോലും പരിശോധനകള്‍ നടത്താതെയാണ് ഇത്തരത്തിലുളള ഭോജനശാലകള്‍ക്ക് അനുമതി നല്‍കുന്നത് എന്നതാണ് വാസ്തവം. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉ ണ്ടെങ്കിലും, കാര്യക്ഷമമായ രീതിയിലുളള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. നിലവിലു ളള സംവിധാനത്തെ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്” ഡോ. ആര്‍ വിജയകുമാര്‍ അഭിപ്രായപ്പെട്ടു.

ആരോഗ്യ പ്രശ്നങ്ങളാണ് ചിന്തിക്കേണ്ട മറ്റൊരു വിഷയം. പൊണ്ണത്തടിയും ഹൃദയരോഗങ്ങളും കേരളത്തില്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മാംസാഹാരം ശരീരത്തിന് നല്ലതല്ലെന്നോ പൂര്‍ണമായി ഒഴിവാക്കണമെന്നോ അതിന ര്‍ത്ഥമില്ല. കന്നുകാലി വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ഹോര്‍മോണുകള്‍ മാംസത്തിലൂടെ മനുഷ്യ ശരീരത്തില്‍ കടന്ന് അപകട മുണ്ടാക്കുമെന്നുളള പ്രചാരണങ്ങള്‍ കാല ങ്ങളായി നടക്കുന്നുണ്ടെങ്കിലും ശാസ്ത്രീയമായ പഠനങ്ങളിലൂടെ അത് സ്ഥാപിക്കാനോ തെളിയിക്കാനോ കഴിഞ്ഞിട്ടില്ല. ഈ സ്ട്രജന്‍ പോലുളള ഹോര്‍മോണ്‍ കുത്തിവെച്ച ചിക്കന്‍ കഴിക്കുന്നത് പെണ്‍കുട്ടിക ളില്‍ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ക്കും ആര്‍ത്തവ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്ന പ്രചാരണങ്ങളാണ് മറ്റൊന്ന്. 1950കള്‍ മുതല്‍ അത്തരത്തിലുളള സംവാദങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ കന്നുകാലികളിലോ പക്ഷികളിലോ ഹോര്‍മോണുകള്‍ അവയുടെ മാംസത്തില്‍ സാന്ദ്രീകരിക്കുന്നില്ലെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. ഈസ്ട്രജന്‍റെ കാര്യത്തിലാണെങ്കില്‍, കുത്തിവെച്ച മാംസത്തിലുളള ഹോര്‍മോണ്‍ നിലയിലേക്കാള്‍ പതിന്മടങ്ങ് ഹോര്‍മോണ്‍ നാം സ്ഥിരമായി കഴിക്കുന്ന പല ആഹാരത്തിലുമുണ്ട്. ഒരു ഗ്ലാസ് പശുവിന്‍ പാലില്‍ 250 ഗ്രാം മാട്ടിറച്ചിയിലുളളതിനേക്കാള്‍ ഒമ്പതിരട്ടി ഈസ്ട്രജന്‍ കുടുതലുണ്ട്. മനുഷ്യ ശരീരത്തിലാകട്ടെ ഇ തിന്‍റെ പതിനായിരം ഇരട്ടി വരെ സ്റ്റീറോയ്ഡ് ഹോര്‍മോണുകള്‍ പ്രകൃത്യാ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. അതിനാല്‍ അത്ത രത്തിലുളള തര്‍ക്കങ്ങളില്‍ കാര്യമില്ല. വൃത്തിയുളള പരിതസ്ഥിതിയില്‍ ശരിയായി പാകം ചെയ്താല്‍ സസ്യാഹാരം പോലെ തന്നെ സുരക്ഷിതമാണ് മാംസാഹാരവും. പച്ചക്കറികളില്‍ കീടനാശിനികള്‍ തളിക്കുന്നതുപോലെയും വളര്‍ച്ച ത്വരിതപ്പെടുത്താന്‍ മരുന്നുകള്‍ തളിക്കുന്നതുപോലെയും മാത്രമാണ് മാംസാഹാരത്തിന്‍റെ കാര്യത്തിലുമുളളത്. എന്നാല്‍ 1970കളില്‍ നിരോധിച്ച അര്‍ബുദം പോലുളള മാരക രോഗത്തിന് കാരണമാകുന്ന ഡിഇഎസ് എന്ന കൃത്രിമ ഈസ്ട്രജന്‍ ഉപയോഗിക്കുന്നത് ഇന്‍ഡ്യയില്‍ പൂര്‍ണമായി നിര്‍ത്തലാക്കിയെന്ന് ഉറപ്പു പറയാനാകില്ല. പല രാജ്യങ്ങളിലും നിരോധിച്ച മാരകമായ കീടനാശിനികള്‍ ഇപ്പോഴും ഇന്‍ഡ്യന്‍ വിപണിയില്‍ സുലഭമാണെന്ന് ഓര്‍ക്കുക. ഭക്ഷണത്തിന് കൂടുതല്‍ സ്വാദ് പകരാന്‍ കറിക്കൂട്ടുകളില്‍ ഉപയോഗിക്കുന്ന കൃത്രിമ രുചി വര്‍ധക സാധനങ്ങളും പൊടികളും, അജിനോമോട്ടോ പോലുളള ഉപ്പും മാരകമായ ഉദരരോഗങ്ങള്‍ക്ക് വഴി തെളിച്ചേക്കാം. “മാംസാഹാരം പൂര്‍ണമായി വര്‍ജിക്കണമെന്നോ, സസ്യാഹാരമാണ് നല്ലതെന്നോ പറയാനാകില്ല. നമ്മുടെ ശരീരത്തിനാവശ്യമായ പ്രൊട്ടീന്‍ നല്‍കുന്നതില്‍ മാംസാഹാരം മുഖ്യപങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ അമിതോപയോഗം പൂരിത കൊഴുപ്പുകള്‍ ശരീരത്തിലടിയുന്നതിന് കാരണമാകും.ചിട്ടയായ ഭക്ഷണശീലമോ, വ്യായാമോ ഇല്ലാതെ വന്നാല്‍ ഉദര രോഗത്തിനെന്ന പോലെ ഹൃദ്രോഗത്തിനും അത് കാരണമാകും. പച്ചക്കറിയില്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നതുപോലെയും, പഴങ്ങളില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതുപോലെയുമാണ് കോഴികളിലും കന്നുകാലികളിലും ഹോര്‍മോണുകള്‍ കുത്തിവെക്കുന്നത്. മാംസാഹാരത്തിലൂടെ ഹോര്‍മോണുകള്‍ ശരീരത്തിലെത്തി രോഗങ്ങള്‍ക്കോ ശാരീരക പ്രശ്നങ്ങള്‍ക്കോ കാരണമാകുമെന്ന് സ്ഥാപിക്കുന്ന തരത്തില്‍ കൃത്യമായ പഠനങ്ങള്‍ ഇനിയും നടന്നിട്ടില്ല. മാംസാഹാരമായാലും സസ്യാഹാരമായാലും വളരെ ശുചിയായി, കൃത്യമായ രീതിയില്‍ പാകം ചെയ്തു കഴിക്കണം” ഡയറ്റീഷ്യന്‍ കൂടിയായ ഡോ. ഷീബാ വര്‍ക്കി പറഞ്ഞു.

ഉപഭോഗ സംസ്കാരത്തിന്‍റെ കുത്തൊഴുക്കില്‍ പാഞ്ഞുപോകുന്ന മലയാളി, ഭക്ഷണ കാര്യത്തിലും സ്വന്തം ആരോഗ്യകാര്യത്തിലും ഇതേ രീതി തന്നെയാണ് പിന്തുടരുന്നത്. യുവജനത തന്നൊണ് ഇവിടെയും മുന്നിലുളളത്. അമിതമായ ആര്‍ത്തിക്ക് അടിമപ്പെട്ട മലയാളിയുടെ മാംസാഹാര പ്രിയം കൂടുതല്‍ ദോഷകരമായ അവസ്ഥയിലേക്ക് പോകുന്നതിനുളള എല്ലാ സാധ്യതകും ഇന്നിവിടെയുണ്ട്. അതിനാല്‍ ശരീരത്തെ മറന്നുളള ഭ ക്ഷണശീലവും, സംസ്കാരവും ഒരിക്ക ലും ശുഭ പര്യവസായിയായിരിക്കില്ല എ ന്നോര്‍ക്കേണ്ടതുണ്ട്. ‘അധികമായാല്‍ അമൃതും വിഷം’ എന്നും ‘സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട’എന്നുമുളള ചൊല്ലുകള്‍ നാം അറിയാത്തവരല്ലല്ലോ.


അഭിമുഖം

ഉത്പാദനം വര്‍ധിപ്പിക്കണം

Issue Dated: നവംബര് 29, 2011



മാംസാഹാരത്തോട് മലയാളികള്‍ കാണിക്കുന്ന അമിതമായ ഭ്രമം
സംസ്ഥാനത്തെ മാംസ ഉത്പാദന, വിപണന രംഗത്ത് പുതിയ
സാധ്യതകള്‍ തുറക്കുമെന്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്
ഡയറക്ടര്‍ ഡോ. ആര്‍. വിജയകുമാര്‍ ടിഎസ്ഐയോട്...


കേരളത്തിലെ മാംസ ഉപഭോഗം പ്രതിദിനം 5000 ടണ്ണിലധികമാണെന്ന് മൃഗ സംരക്ഷണ വകുപ്പ് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സംസ്ഥാനത്തെ മാംസ ഉപഭോഗം വാസ്തവത്തില്‍ അത്രത്തോളം വര്‍ധിച്ചിട്ടുണ്ടോ?
മാധ്യമങ്ങളില്‍ അത്തരത്തില്‍ വന്ന റിപ്പോര്‍ട്ടുകളും കണക്കുകളും തെറ്റായിരുന്നു. സംസ്ഥാനത്തെ പ്രതിദിന പാല്‍ ഉപഭോഗത്തിന്‍റെ കണക്കായിരുന്നു അത്. വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തയാള്‍ക്ക് സംഭവിച്ച തെറ്റ് മറ്റു പല പത്രങ്ങളിലും ആവര്‍ത്തിക്കപ്പെടുകയായിരുന്നു. ഗുജറാത്തില്‍ മാംസ ഉത്പാദന/ഉപഭോഗത്തെക്കുറിച്ചുളള സമ്മേളനം നടക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. സത്യത്തില്‍ അതും തെറ്റായിരുന്നു. കൊച്ചിയില്‍ നിന്നും ആട് വളര്‍ത്തലിനെക്കുറിച്ച് അറിയാനെന്നും പറഞ്ഞ് വിളിച്ചയാളുമായി സംസാരിക്കവെ, സംസ്ഥാനത്തെ മാംസ ഉത്പാദനത്തെക്കുറിച്ചും അതിന്‍റെ കണക്കുകളെ കുറിച്ചും പറഞ്ഞിരുന്നു. കഴിഞ്ഞ മാസം ഗുജറാത്തില്‍, സംസ്ഥാനങ്ങളിലെ കഴിഞ്ഞവര്‍ഷത്തെ പാല്‍-പാല്‍ അനുബന്ധ ഉത്പന്നങ്ങളുടെ കണക്കുകള്‍ വിലയിരുത്തുന്നതിനായി തയ്യാറാക്കിയ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്ന കണക്കുകളാണ് മാധ്യമങ്ങള്‍ തെറ്റായി പകര്‍ത്തിയത്. ഇത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്നും വകുപ്പുതല വിശദീകരണം ചോദിച്ചിട്ടുണ്ട്.

സംസ്ഥാന ജനതയില്‍ 80 ശതമാനത്തോളം ആളുകളും മാംസാഹാരം ഉപയോഗിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്താണ് അതിന്‍റെ യഥാര്‍ത്ഥ്യം? ഇതൊക്കെയും പെട്ടെന്നുണ്ടായ ഒരു മാറ്റമാണോ?

മാംസാഹാരം കഴിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുന്നുവെന്നത് സത്യസന്ധമായ കാര്യമാണ്. നിലവില്‍ 80-85 ശതമാനത്തോളം ആളുകള്‍ മാംസാഹാരം ഇഷ്ടപ്പെടുന്നവരും, കഴിക്കുന്നവരുമാണ്. എന്നാല്‍ ഇതൊക്കെയും പെട്ടെന്നുണ്ടായ മാറ്റങ്ങളാണെന്ന് തീര്‍ത്തുപറയാനാവില്ല. മുന്‍കാലങ്ങളിലും കേരളത്തിലെ ജനതയില്‍ ഭൂരിഭാഗം വിശേഷാവസരങ്ങളില്‍ മാംസാഹാരം കഴിച്ചിരുന്നു. എന്നാല്‍, അടുത്തകാലത്തായാണ് അക്കാര്യത്തില്‍ ഇത്രയധികം വര്‍ധന കാണാനാകുന്നത്. മാറുന്ന ജീവിതശൈലിയും വളര്‍ന്നുവരുന്ന ഫാസ്റ്റ്ഫുഡ് സംസ്കാരവുമെല്ലാം അതിനു കാരണമാകുന്നുണ്ട്. കുട്ടികള്‍ക്കാണെങ്കില്‍ പോലും വീടുകളില്‍ നിന്നോ പുറത്തുനിന്നോ ഭക്ഷണം തെരഞ്ഞെടുക്കുന്നതില്‍ നിയന്ത്രണങ്ങളൊന്നും ഇല്ലാതായി. ഭക്ഷണകാര്യത്തില്‍ ലഭിച്ച സ്വാതന്ത്ര്യം അവര്‍ തങ്ങളുടെ ഇഷ്ടപ്രകാരം വിനിയോഗിക്കുന്നു. കൂടാതെ വീടുകളില്‍ നിന്നും മാറി, പഠനാവശ്യങ്ങള്‍ക്കും ജോലിക്കുമായി ഹോസ്റ്റലുകളിലോ വാടകക്കോ തനിയെ താമസിക്കുന്നവര്‍ മിക്കവാറും ഫാസ്റ്റ് ഫുഡിലാണ് രുചി തേടുന്നത്. മാംസാഹാരത്തിന്‍റെ ഗുണങ്ങളെ മനസിലാക്കുന്ന തരത്തില്‍ സാമുഹ്യ സാഹചര്യങ്ങള്‍ വര്‍ധിച്ചതിനോടൊപ്പം അവയുടെ ലഭ്യത വര്‍ധിച്ചതും ആളുകളെ മാംസാഹാരത്തോട് കൂടുതല്‍ അടുപ്പിച്ചു. ഇന്‍ഡ്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി ഗോവധ നിരോധനമോ, മറ്റു നിയമ തടസങ്ങളോ ഇവിടെയില്ലാത്തതിനാല്‍, മാംസ ഉത്പാദനത്തിനും വിപണത്തിനുമുളള മികച്ച സാഹചര്യവും ഇവിടെയുണ്ട്.

സംസ്ഥാനത്തെ ആവശ്യകതക്കനുസരിച്ചുളള മാംസം ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ടോ?

ഇല്ല. ഇവിടെ നാം പ്രധാനമായും ഉപയോഗിക്കുന്നത് ബീഫ്, ചിക്കന്‍, മട്ടണ്‍ എന്നിവയാണ്. എന്നാല്‍ കേരളത്തില്‍ പ്രതിദിനമുളള മാംസ ലഭ്യത 360 ടണ്‍ മാത്രമാണ്. അതിനാല്‍ പച്ചക്കറിയുള്‍പ്പെടെയുളള ആഹാരസാധനങ്ങള്‍ക്കായി തമിഴ്നാടിനെ ആശ്രയിച്ചിരിക്കുന്ന നാം ഇക്കാര്യത്തിലും പ്രധാനമായും തമിഴ്നാടിനെയാണ് ആശ്രയിക്കുന്നത്. ആന്ധ്രപ്രദേശില്‍ നിന്നും നാം കന്നുകാലികളെയും കോഴികളെയും ഇറക്കുമതി ചെയ്യുന്നുണ്ട്. നേരത്തെ കര്‍ണ്ണാടകയില്‍ നിന്നും ലഭിക്കുന്നുണ്ടായിരുന്നെങ്കിലും ഇപ്പോഴില്ല. ഒറീസ, മഹാരാഷ്ട്ര പോലുളള സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതിയുണ്ട്. 2010ല്‍ 2231070 കിലോഗ്രാം ഡ്രസ് ചെയ്ത ചിക്കനും 48621246 കോഴികളും 6077031 കന്നുകാലികളും 2822 ആടുകളും 5043 പന്നികളുമാണ് വിവിധ ചെക്കുപോസ്റ്റുകളിലൂടെ കേരളത്തിലെത്തിയത്.

ഇപ്രകാരം, മറുനാടുകളില്‍ നിന്നെത്തുന്ന കോഴികളിലും കന്നുകാലികളിലും ഏതങ്കിലും വിധത്തിലുളള പരിശോധനകള്‍ നടക്കാറുണ്ടോ? ചെക്പോസ്റ്റുകളിലൂടെയല്ലാതെ, അന്യായമായ വഴികളിലൂടെ എത്തുന്നവയുടെ കാര്യത്തില്‍ എന്ത് ക്രമീകരണമാണ് ചെയ്തിരിക്കുന്നത്?

ചെക്പോസ്റ്റുകളില്‍ വരുന്ന കോഴികളെയും കന്നുകാലികളെയും വെറ്റിനറി സര്‍ജന്‍റെ നേതൃത്വത്തില്‍ പരിശോധിച്ച്, രോഗമോ മറ്റേതെങ്കിലും തരത്തിലുളള പ്രശ്നങ്ങളോ ഇല്ലെന്ന് ഉറപ്പാക്കേണ്ടതാണ്. എന്നാല്‍ ചെക്പോസ്റ്റുകള്‍ വഴിയെത്തുന്ന ചരക്കുകളുടെ ബാഹുല്യം നിമിത്തം അത്തരത്തില്‍ മുഴുവന്‍ കന്നുകാലികളെയും കോഴികളെയും പരിശോധിക്കുക പലപ്പോഴും സാധ്യമാകാറില്ല. കുറെയൊക്കെ പരിശോധനക്ക് വിധേയമാക്കിയും ബാക്കിയുളളവ അല്ലാതെയുമാണ് കേരളത്തിലേക്കെത്തുന്നത്. നിലവിലുളള സംവിധാനം അപര്യാപ്തതകള്‍ നികത്തി, കാര്യക്ഷമമായും കര്‍ക്കശമായും നടത്തേണ്ടതുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ ഊടുവഴികളിലൂടെ അന്യായമായ രീതിയില്‍ നിന്നും വരുന്ന ചരക്കുകളുടെ കാര്യത്തിലും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.

ഹോര്‍മോണ്‍ കുത്തിവെച്ച കന്നുകാലികളും കോഴികളും സംസ്ഥാനത്തേക്ക് കടത്തുന്നുണ്ടെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

ഹോര്‍മോണ്‍ കുത്തിവെച്ച കന്നുകാലികളും കോഴികളും സംസ്ഥാനത്തേക്ക് കടത്തുന്നില്ല എന്നൊന്നും ഞാന്‍ പറയുന്നില്ല. മാധ്യമങ്ങളില്‍ അത്തരത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിച്ചിരുന്നെങ്കിലും അതിനെക്കുറിച്ച് ആധികാരികമായ ഒരു റിപ്പോര്‍ട്ട് നമുക്ക് ലഭിച്ചിട്ടില്ല. അടുത്തിടെ നിയമസഭയിലും അതിനെക്കുറിച്ച് ചോദ്യങ്ങള്‍ കേട്ടിരുന്നു. റിപ്പോര്‍ട്ട് കിട്ടിയെങ്കില്‍ മാത്രമെ, എന്തെങ്കിലും നടപടികള്‍ എടുക്കാനാകൂ.

സംസ്ഥാനത്തുടനീളം പൊന്തിവരുന്ന സ്വദേശീയവും വിദേശീയവുമായ നോണ്‍ വെജ്, പ്രത്യേകിച്ചും ചിക്കന്‍ വിഭവങ്ങള്‍ വില്‍ക്കുന്ന ഭോജനശാലകളിലെ മാംസത്തിന്‍റെയും ഭക്ഷണത്തിന്‍റെയും ഗുണനിലവാരം എങ്ങനെയാണ് ഉറപ്പാക്കുന്നത്?
അതിനുളള അധികാരം ബന്ധപ്പെട്ട സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കാണ്. അവരാണ് ലൈസന്‍സ് നല്‍കുന്നതും പുതുക്കുന്നതും അടക്കമുളള കാര്യങ്ങള്‍ ചെയ്യുന്നത്. അതിനായി നിയോഗിക്കപ്പെട്ട ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ അടക്കമുളള ഉദ്യോഗസ്ഥരുണ്ട്. എന്നാല്‍ അതൊന്നും കൃത്യമായി നടക്കുന്നില്ലെന്നാണ് പത്രവാര്‍ത്തകള്‍ നമുക്ക് പറഞ്ഞുതരുന്നത്. സംവിധാനങ്ങളില്ലാത്തതല്ല, അത് കാര്യക്ഷമമായി നടപ്പിലാക്കാത്തതാണ് പ്രധാനം പ്രശ്നം.

അംഗീകൃത അറവു ശാലകള്‍, മാലിന്യ സംസ്കരണം എന്നിവയെക്കുറിച്ച്?

സംസ്ഥാനത്ത് അംഗീകൃത അറവുശാലകളേക്കാള്‍ പതിന്മടങ്ങ് അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വഴിയോരത്തും തുറസായ സ്ഥലത്തുമെല്ലാം അറവുശാലകളുണ്ട്. അതിന്‍റെ മാലിന്യങ്ങള്‍ മൂലമുളള ആരോഗ്യ,പാരിസ്ഥിതിക പ്രശ്നങ്ങളും ചെറുതല്ല. അടുത്തിടെ ഈ വിഷയത്തില്‍ ഇടപ്പെട്ട സുപ്രിം കോടതി, ആറു മാസത്തിനുളളില്‍ ശാസ്ത്രീമായ രീതിയിലുളള അറവുശാലകള്‍ നിര്‍മ്മിക്കണമെന്ന് ഉത്തരവിട്ടിരുന്നു. ആറു മാസത്തിനുളളില്‍ സാധ്യമല്ലെന്നും സാവകാശം വേണമെന്നും സംസ്ഥാനം കോടതിയെ ബോധിപ്പിച്ചിരുന്നു. ഒരു പഞ്ചായ ത്തില്‍ കുറഞ്ഞത് ശാസ്ത്രീയമായ അത്യാധുനിക സൌകര്യമുളള ഒരു അറവുശാലയും അതിനോട് ചേര്‍ന്ന് ഓട്ട്ലെറ്റും സ്ഥാപിക്കാനു ളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പഞ്ചാ യത്തുകള്‍ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുകയും അപ്പ്രൈസല്‍ നടത്തി അംഗീകാരം നല്‍കുകയുമാണ് നടപടി. ശുചിത്വമിഷനാണ് അതിന്‍റെ ചുമതല.

മാംസാഹാര ഉപഭോഗത്തില്‍ വന്ന വര്‍ധനയെ എപ്രകാരമാണ് മൃഗസംരക്ഷണ വകുപ്പ് നോക്കിക്കാണുന്നത്?

മേഖലയില്‍ മികച്ച വ്യവസായത്തിനും നിക്ഷേപത്തിനും അവസരമുണ്ടാകും. നമുക്കാവശ്യമായ മാംസത്തിന്‍റെ ഭുരിഭാഗവും അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് വരുന്നത്. 2009-10 സാമ്പത്തിക വര്‍ഷത്തില്‍, 2,844 കോടി രൂപയാണ് കേരളം ചിക്കനുവേണ്ടി ചെലവിട്ടത്. അതില്‍ 1,752 കോടിയും സംസ്ഥാനത്തിനു പുറത്തുളള കോഴി ഫാമുകളിലേക്കാണ് പോയത്.2010-11ല്‍ ലഭ്യമായ കണക്കുകള്‍ പരിശോധിക്കുമ്പോള്‍, അംഗീകൃത മേഖലയില്‍ നിന്നുളള ആകെ മാംസ ഉത്പാദനം 124551 ടണും ആ വശ്യകത 277120 ടണുമാണ്. അവിടെയും 152569 ടണിന്‍റെ കുറവ് കാണാനാകും. ബീഫിനും ചിക്കനും ആടിനും പന്നിക്കും മുയലിനു പോലും ആവശ്യക്കാര്‍ ഏറുന്നതിനാല്‍ മാംസസംസ്കരണ മേഖലയില്‍ മികച്ച സാധ്യതകളാണ് സംസ്ഥാനത്തിനുളളത്. ഇപ്പോള്‍ നാം മുടക്കുന്നതില്‍ ഏറിയ പങ്കും അന്യ സംസ്ഥാനങ്ങളിലേക്കാണ് പോകുന്നത്. അതിനാല്‍ മേഖലയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കാനുളള ശ്രമത്തിലാണ് ഞങ്ങള്‍. ജനപങ്കാളിത്തത്തോടെ കന്നുകാലി, കോഴി വളര്‍ത്തലിന് ഊന്നല്‍ നല്‍കാനാണ് പദ്ധതിയിടുന്നത്. അതിന് കര്‍ഷകര്‍ക്ക് ആവശ്യമായ സൌകര്യങ്ങള്‍, സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ എന്നിവ സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കും. ജനങ്ങളത് സ്വീകരിക്കുന്ന പക്ഷം അവര്‍ക്കു തന്നെ അതില്‍ നിന്നും മികച്ച നേട്ടം കൊയ്യാനാകും. ഇതിന്‍റെയെല്ലാം ഫലം മികച്ചതും ഗുണനിലവാരവുമുളള മാംസത്തിന്‍റെ ലഭ്യത സംസ്ഥാനത്ത് ഉറപ്പുവരുത്താനാകും എന്നതാണ്. ശ്വേത വിപ്ലവത്തിന്‍റെ-പിങ്ക് റെവലൂഷന്‍- പടിവാതില്‍ക്കലാണ് നാം. അതിനുളള സാധ്യതകള്‍ ഇവിടുണ്ട്. 12-ാം പഞ്ചവത്സര പദ്ധതി കാലയളവില്‍ അതിന് തുടക്കമിടാനാകുമെന്നും കന്നുകാലി, കോഴി മാംസ ഉത്പാദന, സംസ്കരണ മേഖലയെ അത് പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും പ്രതീക്ഷിക്കാം.

http://thesundayindian.com/ml/story/malayalees-meat-addiction/1756/

No comments:

Post a Comment