പകര്‍ച്ചവ്യാധികള്‍ കൊണ്ട് പൊറുതിമുട്ടുമ്പോഴും അവശ്യമരുന്നുകള്‍ പോലും സ്റ്റോക്കില്ലാതെ കേരളത്തിന്‍റെ ആരോഗ്യമേഖല കടുത്ത രോഗാവസ്ഥയില്‍. സംസ്ഥാനത്തെ വെയര്‍ഹൌസുകളില്‍ അവശ്യമരുന്നുകളില്‍ പലതും സ്റ്റോക്കില്ല. ഈ വര്‍ഷം 198 ഇനം മരുന്നുകള്‍ വാങ്ങി നല്‍കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് കഴിഞ്ഞിട്ടില്ല. പല കമ്പനികളും ടെന്‍ഡറില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുകയും ചെയ്തതോടെ സംസ്ഥാനത്തെ മരുന്ന് ക്ഷാമം രൂക്ഷമാവുകയായിരുന്നു. ഇന്‍ഡ്യയില്‍ 65 ശതമാനം ആളുകള്‍ക്കും അവശ്യ മരുന്നുകള്‍ പോലും ലഭിക്കില്ലെന്ന ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോര്‍ട്ടിനെ നൂറു ശതമാനവും ശരിവെക്കുന്നതാണ് കേരളത്തിലെ നിലവിലെ സ്ഥിതി.
മഴക്കാല രോഗങ്ങള്‍ സംസ്ഥാനത്താകെ ബാധിച്ചപ്പോഴും, പനിബാധിതരുടെ എണ്ണം സര്‍വ്വകാല റെക്കോഡിലെത്തിയപ്പോഴും കേരളത്തില്‍ ആവശ്യത്തിനുള്ള മരുന്നുകള്‍ ലഭിച്ചിരുന്നില്ല. ഡോക്ടര്‍മാരുടെ എണ്ണത്തിലെ കുറവും മരുന്നുകളുടെ ക്ഷാമവും നിരവധി ജീവനെടുത്തിട്ടും പ്രശ്നത്തെ ഗൌരവമായി പരിഗണിക്കുന്നതിന് ബന്ധപ്പെട്ടവര്‍ മടി കാണിക്കുകയാണ്.
ഡ്രിപ്പ് ഇടുന്നതിനായി ആശുപത്രികളില്‍ ഏറ്റവും കൂടുതല്‍ ആവശ്യമായി വരുന്ന സോഡിയം ക്ലോറൈഡ് ഐ.വി ഫ്ലൂയ്ഡ് പത്ത് ദിവസത്തേക്കുള്ളതുകൂടിമാത്രമേ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍റെ പക്കലുള്ളൂ. ബാന്‍ഡേജ്, പ്ലാസ്റ്റര്‍ ഓഫ് പാരിസ് എന്നിവയ്ക്കും കടുത്ത ക്ഷാമം നേരിടുന്നുണ്ട്. പല മെഡിക്കല്‍ കോളെജികളിലേക്കും പൊതുവിപണിയില്‍നിന്ന് ഉയര്‍ന്ന വിലയ്ക്ക് കോര്‍പ്പേറഷന്‍ ഇവ വാങ്ങി നല്‍കേണ്ടി വരുന്നുണ്ട്. അതാകട്ടെ കോര്‍പ്പറേഷന് അധിക ബാധ്യതക്കും കാരണമാകുന്നുണ്ട്.
ആന്‍റി വൈറല്‍ സിറപ്, ടാബ്‌ലറ്റ്, ഇന്‍ജക്ഷന്‍ എന്നിവക്കൊപ്പം ഹൃദ്രോഗ ചികിത്സയ്ക്കുള്ള സ്‌ട്രെപ്‌റ്റോകൈനസും കോര്‍പ്പറേഷന്‍റെ വെയര്‍ ഹൗസുകളില്‍ ഇല്ല. അര്‍ബുദ ചികിത്സയ്ക്കായി ഡോക്ടര്‍മാര്‍ കുറിച്ചുനല്‍കുന്ന വിലകൂടിയ മരുന്നുകളില്‍ പകുതി പോലും നേരത്തെതന്നെ കോര്‍പ്പറേഷന്‍ വിതരണം ചെയ്യാത്തവയാണ്. ഫിനര്‍ഗന്‍ ഇന്‍ജക്ഷന്‍, ലാറ്റിക്‌സ്, സിരാരോഗചികിത്സയ്ക്ക് വേണ്ട എപ്‌റ്റോയിന്‍ ഗുളികയും ഇന്‍ജക്ഷനും ഹൃദ്രോഗികള്‍ക്ക് വേദന ശമിക്കാന്‍ നല്‍കുന്ന ഗ്രാമഡോണ്‍ ഇന്‍ജക്ഷന്‍ എന്നിവയ്ക്കും ക്ഷാമം നേരിടുന്നുണ്ട്.
വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിവാരം ഉറപ്പിക്കുന്നതിനായി 20 കോടിക്കുമേല്‍ വിറ്റുവരവുള്ള കമ്പനികളെ മാത്രമാണ് കോര്‍പ്പറേഷന്‍ ഈ വര്‍ഷം ടെന്‍ഡറില്‍ പങ്കെടുപ്പിച്ചത്. എന്നാല്‍ പല മരുന്നുകള്‍ക്കും യോഗ്യരായ കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുക്കാതിരുന്നതിനെത്തുടര്‍ന്ന്, വിറ്റുവരവ് പരിധി പത്തു കോടിയായി കോര്‍പ്പറേഷന്‍ കുറച്ചെങ്കിലും 420 മരുന്നുകള്‍ മാത്രമാണ് ലഭിച്ചത്. ബാക്കി മരുന്നുകള്‍ക്കായി വിറ്റുവരവ് പരിധി അഞ്ച് മുതല്‍ രണ്ട് കോടി വരെയായി കുറച്ചുകൊണ്ട് ഷോര്‍ട്ട് ടെന്‍ഡര്‍ വിളിച്ചിരിക്കുകയാണ് കോര്‍പ്പറേഷന്‍.
അതേസമയം, 96 ഇനം അവശ്യമരുന്നുകള്‍ക്ക് കോര്‍പ്പറേഷന്‍ ടെന്‍ഡര്‍ നിശ്ചയിച്ച് ആഗസ്റ്റില്‍ ഓര്‍ഡര്‍ നല്‍കിയിരുന്നെങ്കിലും, കമ്പനികള്‍ മരുന്ന് എത്തിക്കാത്തതാണ് ഇപ്പോഴത്തെ ക്ഷാമത്തിനുള്ള കാരണമായി കോര്‍പ്പേറഷന്‍ ചൂണ്ടിക്കാട്ടുന്നത്. ഉത്തരേന്ത്യയില്‍ നിന്നും എത്തേണ്ട മരുന്നുകള്‍ക്ക്, പൂജ, ദീപാവലി അവധികളും കാലതാമസത്തിന് കാരണമായിട്ടുണ്ട്. ഈ വര്‍ഷം പുതുതായി ഉള്‍പ്പെടുത്തിയ 130 ഇനം മരുന്നുകള്‍ ഉള്‍പ്പെടെ 625 ഇനങ്ങള്‍ക്കായാണ് കോര്‍പ്പറേഷന്‍ ഈ വര്‍ഷം ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിയത്.
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും അവശ്യമരുന്നുകളുടെ ലഭ്യത എല്ലായ്പ്പോഴും ഉറപ്പുവരുത്തുന്ന രീതിയില്‍ വര്‍ഷാരംഭത്തില്‍തന്നെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി, ചുരുങ്ങിയത് മൂന്നുമാസത്തേക്കുള്ള മരുന്നുകളുടെ ബഫര്‍ സ്റ്റോക്ക് സജ്ജീകരിച്ചിരുന്ന രീതിയില്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് തുടങ്ങിവെച്ച ആരോഗ്യരംഗത്തെ പല പദ്ധതികളും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ നിര്‍ത്തിവെച്ചിരുന്നു. മൂന്നുമാസത്തേക്കായി കരുതിയിരുന്ന മരുന്നുകളുടെ ബഫര്‍ സ്റ്റോക്കില്‍നിന്നുള്ള മരുന്നുകള്‍ വിതണം ചെയ്തു തീര്‍ത്തു. കൂടാതെ ആശുപത്രികളിലെ ചികിത്സാ സംവിധാനവുമായി ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് ഫണ്ട്, രാഷ്ട്രീയ സ്വാസ്ഥ്യ ഭീമായോജന-ആര്‍എസ്ബിവൈ- പദ്ധതി പ്രകാരമുള്ള പണമെടുത്ത് ചെലവാക്കുകയും ചെയ്തു.
ആരോഗ്യമേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും ലോകാരോഗ്യ സംഘടനയുടെ വരെ അഭിനന്ദനത്തിന് അര്‍ഹമായിട്ടുള്ള കേരളത്തിലെ നിലവിലെ സ്ഥിതി വളരെ അപകടകരമാണ്. സാംക്രമിക രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളുടെ പിടിയില്‍ കേരളം അമര്‍ന്നുകൊണ്ടിരിക്കെ, മരുന്നുകളുടെയും ഡോക്ടര്‍മാരുടെയും അഭാവവും ബന്ധപ്പെട്ട വകുപ്പുകളുടെയും ഉദ്യോഗസ്ഥുടെ അലംഭാവവും ആശങ്കാജനകമാണ്.
http://thesundayindian.com/ml/story/kerala-medical-sector-in-dire-states/13/1738/
No comments:
Post a Comment