കേരളത്തില്‍ നിരോധനങ്ങള്‍ക്ക് ഒരു പഞ്ഞവുമുണ്ടായിട്ടില്ല, ഒരുകാലത്തും. നിരോധനങ്ങള്‍ നടപ്പിലാകുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കുന്നതിലെ അലംഭാവത്തിനുമില്ല, ഒരു പഞ്ഞവും.
സ്കൂളുകളുടെയും കോളെജുകളുടെയും 400 മീറ്റര്‍ ചുറ്റളവില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുളള മന്ത്രിസഭാ തീരുമാനമായിരുന്നു ഈ നിരയില്‍ ഏറ്റവും അവസാനത്തേത്. നേരത്തെ 100 മീറ്ററായിരുന്നു ദൂരപരിധി. അതിനോടൊപ്പം, 18 വയസിന് താഴെയുളളവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കരുതെന്ന വ്യവസ്ഥ കര്‍ശനമായി നടപ്പാക്കുമെന്നും അതിനാവാശ്യമായ നിര്‍ദ്ദേശങ്ങള്‍ പൊലീസിന് നല്‍കുമെന്നുമായിരുന്നു ജൂണ്‍ ആദ്യവാരം നടന്ന മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. എന്നാല്‍, പിന്നിടുമ്പോഴേക്കും നിരോധനം അവഗണിച്ചുകൊണ്ട് സ്കൂള്‍, കോളെജ് പരിസരങ്ങളില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പന നിര്‍ബാധം തുടരുകയാണ്.
ചെറിയ പെട്ടിക്കടകള്‍ മുതല്‍ സ്റ്റേഷനറി കടകളില്‍ വരെ പുകയില ഉല്‍പ്പന്നങ്ങള്‍ യഥേഷ്ടം ലഭിക്കാറുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ തന്നെ സമ്മതിക്കുന്നു. “സിഗരറ്റിനേക്കാള്‍, ശംഭു, ഹാന്‍സ് പോലുളള പാന്‍ മസാലകള്‍ക്കാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രിയം. സ്കൂളില്‍ വരുന്ന കുട്ടികളില്‍ പലരുടെയും കൈയില്‍ (ബാഗില്‍) പാന്‍മസാലകള്‍ കാണാറുണ്ട്. അധ്യാപകര്‍ അതറിയുന്നില്ലെന്നു മാത്രം. ഇന്‍റര്‍വെല്‍ സമയങ്ങളിലും ഉച്ചയൂണു കഴിഞ്ഞുളള സമയങ്ങളിലും അവ ഉപയോഗിച്ചശേഷം വായും മുഖവും കഴുകി ക്ലാസില്‍ കയറുന്നവര്‍ ഏറെയുണ്ടെന്ന്” ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥിയായ അഭിജിത്ത് തുറന്നു പറയുന്നു. ക്ലാസിലെ പലര്‍ക്കും ഇതറിയാമെങ്കിലും ആരും പരാതി പറയാന്‍ ധൈര്യപ്പെടാറില്ല, അഭിജിത്ത് വെളിപ്പെടുത്തുന്നു.
സ്കൂളിനടുത്തു കച്ചവടം നടത്തുവരില്‍ നിന്നും ലഭിച്ച പ്രതികരണങ്ങള്‍ ഇതിനേക്കാള്‍ രസകരമായിരുന്നു. പുകയില, പുകയില ഉല്‍പ്പന്നങ്ങള്‍ തന്നെ നിരോധിക്കണമെന്ന അഭിപ്രായമാണ് ഭൂരിഭാഗം പേരും പങ്കുവെച്ചത്. “പുകയില ഉല്‍പ്പന്നങ്ങള്‍ സ്കൂള്‍ കുട്ടികള്‍ മാത്രമല്ല ഉപയോഗിക്കുന്നത്. സ്കൂളിന്‍റെ അടുത്താണ് കടയെന്നു കരുതി അവ വില്‍ക്കാതിരിക്കുന്നത് ഞങ്ങളുടെ കച്ചവടത്തെ ബാധിക്കും. അതിനാല്‍ നിരോധനം പ്രാവര്‍ത്തികമല്ല. പുകയില ഉല്‍പ്പന്നങ്ങള്‍ പാടെ നിരോധിക്കുകയാണെങ്കില്‍ മാത്രം അതിനെക്കുറിച്ച് ആലോചിക്കാം“ സ്കൂള്‍ പരിസരത്ത് വര്‍ഷങ്ങളായി കട നടത്തുന്ന രാധാകൃഷ്ണന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു. എന്തുകൊണ്ട് സ്കൂള്‍ കുട്ടികള്‍ക്ക് ലഹരി വസ്തുക്കള്‍ വില്‍ക്കുന്നു, അതെങ്കിലും ഒഴിവാക്കിക്കൂടേയെന്ന ചോദ്യത്തിന്, “ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ നിന്നും കുട്ടികളെ വിലക്കേണ്ടതും അതിനെതിരെ നല്ല രീതിയില്‍ ബോധവത്കരണം നടത്തേണ്ടതും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഉത്തരവാദിത്വമാണ്. അല്ലാതെ ഇതിനെല്ലാം കച്ചവടക്കാരെ കുറ്റപ്പെടുത്തുന്നത് ഉചിതമല്ല” എന്നായിരുന്നു മറുപടി.
പുകയില, പാന്‍പരാഗ് പോലുളള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബോധവത്കരണം നടത്തുമെന്നും അതിനുളള നിര്‍ദ്ദേശങ്ങള്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കുമെന്നുമാണ് നേരത്തെ അറിയിപ്പ് ഉണ്ടായിരുന്നത്. എന്നാല്‍ പല സ്കൂളുകള്‍ക്കും ഇതിനെക്കുറിച്ച് കൃത്യമായ ധാരണയില്ലെന്നതാണ് വാസ്തവം. തങ്ങളുടെ അധികാര പരിധിയിലുളള സ്കൂളിന്‍റെ പരിസരത്തുളള കടകളില്‍ നിന്നും പുകയില ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്യാനും വില്‍പ്പന തടയാനും ഏതാനും ഗ്രാമപഞ്ചായത്തുകള്‍ മുന്നിട്ടിറങ്ങിയിരുന്നു. എന്നാല്‍, ഒന്നോ രണ്ടോ ദിവസത്തേക്ക് വില്‍പ്പന തടയാനല്ലാതെ തുടര്‍നടപടികളൊന്നും ഉണ്ടായില്ല. വില്‍പന പിന്നെയും തകൃതി.
പൊലീസിന്‍റെയും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സംയുക്ത ശ്രമത്തിലൂടെയും സഹകരത്തിലൂടെയും മാത്രമെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പടര്‍ന്നിരിക്കുന്ന ഈ വിപത്തിനെ ഇല്ലാതാക്കാനാകൂ. സ്കൂള്‍, കോളെജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ -പെണ്‍കുട്ടികളില്‍ പോലും- ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം വര്‍ധിക്കുന്നുവെന്ന ആശങ്കാജനകമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ നിരോധനം കൃത്യമായി നടപ്പിലാക്കുന്നതിനുളള നടപടികള്‍ ഉടനെ ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മുഖവിലയ്ക്കെടുത്ത് കാത്തിരിക്കുകയാണ് പൊതുസമൂഹം.
Thursday, August 4, 2011
പുകയില ഉല്‍പ്പന്ന നിരോധനത്തിനും പാഴ്‌വില
സ്കൂള്‍-കോളെജ് പരിസരത്ത് പുകയില, പുകയില ഉല്‍പന്നങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിന് അതെഴുതിയ കടലാസിന്‍റെ വിലപോലുമില്ല. പെണ്‍കുട്ടികളടക്കം സ്കൂള്‍-കോളെജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം കൂടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ ഒരു നിരോധനം കൂടി പാഴാവുന്നുവെന്ന ആശങ്കയിലാണ് കേരളം.
ഷാനവാസ്. എസ് | ജൂണ് 15, 2011 12:59
Subscribe to:
Post Comments (Atom)
No comments:
Post a Comment