Tuesday, March 8, 2011

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം


ഷാനവാസ്. എസ് | മാര്ച്ച് 8, 2011 10:42
http://www.thesundayindian.com/ml/story/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D-%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0-%E0%B4%B5%E0%B4%A8%E0%B4%BF%E0%B4%A4%E0%B4%BE-%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82/4/119/

ശതവാര്‍ഷികത്തിന്‍റെ നിറവിലാണ് അന്താരാഷ്ട്ര വനിതാ ദിനം. അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയതിന്‍റെ സ്മരണകള്‍ പേറുന്ന ഒരു ദിനം. ദേശത്തിന്‍റെ അതിർത്തികൾക്കും ഭൂഖണ്ഡങ്ങളുടെ സംസ്‌കാരങ്ങൾക്കുമപ്പുറത്ത് ഭാഷാ, ദേശ, സാമ്പത്തിക, രാഷ്ട്രീയ വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും മറന്ന്, വനിതകൾക്കായി ഒരു ദിനം.

അവകാശ സമരത്തിന്‍റെ ഒരുപിടി അനുഭവ സാക്ഷ്യമാണ് മാര്‍ച്ച് എട്ട് ലോകത്തോട് വിളിച്ചുപറയുന്നത്. അതില്‍ കണ്ണീരിന്‍റെ നനവുണ്ട്, അധ്വാനത്തിന്‍റെ വിയര്‍പ്പുണ്ട്, ദുഷിച്ച മുതലാളിത്ത, വ്യവസായിക, കുത്തക ആധിപത്യത്തോട് സന്ധി ചെയ്യാത്ത വിപ്ലവ വീര്യമുണ്ട്, ചരിത്രത്തിന്‍റെ പിന്‍ബലമുണ്ട്.

പല രാജ്യങ്ങളും വ്യാവസായിക വളര്‍ച്ചയിലേക്ക് നടന്നുനീങ്ങിയ ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍, സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താന്‍ സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിന്‍റെയും വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വരിച്ച വിജയത്തിന്‍റെയും ഓര്‍മ്മപ്പെടുത്തലാണ് അന്താരാഷ്ട്ര വനിതാ ദിനം. കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴില്‍ സാഹചര്യത്തിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ നിശ്ചയദാര്‍ഢ്യമാണ് അന്താരാഷ്ട്ര വനിതാ ദിനമെന്ന ആശയത്തിന് കാരണമായത്.

1857 മാർച്ച് എട്ടിന്, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത്. തുണി മില്ലുകളിൽ തൊഴിലെടുത്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ, കുറഞ്ഞ ശമ്പളത്തിനും ദീർഘസമയ തൊഴിലിനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടി ആദ്യമായി ഉയര്‍ത്തിയ ശബ്ദം അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയായിരുന്നു.

ന്യൂയോര്‍ക്കില്‍ ഉയര്‍ന്ന ഈ സമരാഗ്നി ലോകമാകെ പടര്‍ന്നുപിടിക്കാന്‍ അധികകാലം കാത്തിരിക്കേണ്ടിവന്നില്ല. ലോകത്തിന്‍റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ സംഘടിക്കാനും അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും തുടങ്ങി. യു.എസ്സില്‍ 1909 ഫെബ്രുവരി 28ന് വനിതാദിനം ആചരിച്ചു. 1910ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന സമ്മേളനത്തില്‍, ലോക വനിതാ ദിനം ആചരിക്കണമെന്ന ആവശ്യമുയര്‍ന്നു. തുടര്‍ന്ന്, 1911 മാര്‍ച്ച് 19ന് ജര്‍മ്മനിയും സ്വിറ്റ്സര്‍ലന്‍ഡും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വനിതാ ദിനം ആചരിച്ചു. ജർമ്മനിയിലെ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി വനിതാ വിഭാഗം അദ്ധ്യക്ഷ ക്ലാര-സെട്കിനിന്‍റെ നേതൃത്വത്തിലായിരുന്നു ഇത്. അന്ന് 17 രാജ്യങ്ങളിൽനിന്നുള്ള വനിതാ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ ഉയര്‍ന്നുവന്ന ആശയത്തിന് അപ്പോൾത്തന്നെ അംഗീകാരം നൽകി. തൊട്ടടുത്ത വർഷം, ഇന്നേക്ക് നൂറുവർഷങ്ങൾക്കുമുമ്പ്,1911 മാർച്ച്‌ എട്ടിന്, അന്താരാഷ്ട്രതലത്തിൽ ഈ ദിനം ആചരിച്ചു. 1917 മാർച്ച്‌ എട്ടിന് റഷ്യയിൽ നടത്തിയ വനിതാ ദിന പ്രകടനം , റഷ്യൻ വിപ്ലവത്തിന്റെ ഒന്നാം ഘട്ടമായാണ് കണക്കാക്കപ്പെടുന്നത്. 1975ല്‍, ഐക്യരാഷ്ട്ര സഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചു.

നൂറുവര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇപ്പോഴും ഉത്തരം തേടുന്ന ചോദ്യങ്ങള്‍ ബാക്കിനില്‍ക്കുകയാണ്. കഴിഞ്ഞ നൂറ്റാണ്ടുകളെ അപേക്ഷിച്ച് സ്ത്രീകള്‍ സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ മേഖലയില്‍ മുന്‍പന്തിയിലേക്ക് കടന്നുവരുന്നുണ്ടെങ്കിലും അവര്‍ക്ക് സമൂഹത്തില്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍ക്ക് മാറ്റമില്ലാതാകുകയാണ്. അവയെല്ലാം ഇനിയും ആവര്‍ത്തിച്ചെഴുതുന്നതില്‍ കാര്യമില്ല. വേദികള്‍ തോറും പ്രസംഗിച്ച്, ആവേശം വിതറുന്നതിലും അര്‍ത്ഥമില്ല. ഈയൊരു ദിവസം മാത്രമായി നടത്തപ്പെടുന്ന ഇത്തരം നാടകങ്ങളല്ല, ഏറെക്കുറെയെങ്കിലും സ്ഥിരവും കാര്യക്ഷമവുമായ നടപടികളാണ് ആവശ്യം. സ്വപ്നം കണ്ട പുതിയ ജീവിതം പോലും നിഷേധിക്കപ്പെട്ട സൌമ്യയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് നിര്‍ത്തട്ടെ.

No comments:

Post a Comment