Thursday, October 2, 2014

രോഗികള്‍ക്ക് സാന്ത്വന സംഗീതം പകര്‍ന്ന് രഞ്ജിനി ജോസ്

October 1, 2014 - http://tvnew.in/news/54764.html

RANJINI-JOSEഎറണാകുളം ജനറല്‍ ആശുപത്രിയില്‍ സാന്ത്വന സംഗീതം പകര്‍ന്ന് രഞ്ജിനി ജോസ്. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ആര്‍ട്‌സ് ആന്റ് മെഡിസിനെന്ന പ്രതിവാര കലാപരിപാടിയുടെ ഭാഗമായാണ് രഞ്ജിനി ജോസ് ഗാനങ്ങള്‍ ആലപിച്ചത്.
മരുന്നിന്റെയും കുത്തിവെയ്പ്പുകളുടെയും വേദന നിറഞ്ഞ അന്തരീക്ഷത്തില്‍ സംഗീതത്തിന്റെ കുളിര്‍ മഴ പെയ്തപ്പോള്‍ രോഗികള്‍ക്ക് അതൊരു പ്രതീക്ഷയായി. ലോകം മുഴുവന്‍ സുഖം പകരാന്‍ സ്‌നേഹദീപമേ മിഴി തുറക്കൂ എന്നു പാടി തുടങ്ങിയ രഞ്ജിനി ജോസ്് എസ്. ജാനകിയുടെയും പി. സുശീലയുടെയും ലതാ മങ്കേഷ്‌ക്കറിന്റെയും ഗാനങ്ങളിലൂടെ സാന്ത്വനമേകി. തിരുമുറിവുകളില്‍ കുളിരമൃതായി പെയ്തിറങ്ങിയ സംഗീതത്തിന് മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര പിന്നണിയൊരുക്കി.
രോഗികളെ സന്ദര്‍ശിച്ച് സ്‌നേഹം പങ്കിട്ട, രഞ്ജിനി ജോസിന്റെ വാക്കുകളിലും സംതൃപ്തി. ഇത്തരമൊരു സാന്ത്വന പരിപാടിയില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇതൊരു പുണ്യ പ്രവര്‍ത്തിയാണ്. മറ്റേത് പരിപാടിയില്‍ പങ്കെടുക്കുന്നതിലും അധികം സന്തോഷം ഇതില്‍ അനുഭവിക്കുന്നുണ്ട്. നമ്മുടെ ഗാനങ്ങള്‍ മറ്റുള്ളവര്‍ക്ക് ആശ്വാസമാകുന്നുവെന്ന് കാണുന്നതിലും സന്തോഷമുണ്ടെന്നും രഞ്ജിനി ജോസ് പറഞ്ഞു.
കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ആര്‍ട്ട് ആന്റ് മെഡിസിന്‍ സാന്ത്വന പരിപാടിയുടെ ഭാഗമാണ് ജനറല്‍ ആശുപത്രിയില്‍ എല്ലാ ആഴ്ച്ചയും കലാപരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്രമന്ത്രിയായിരുന്ന കെ.വി തോമസ് ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഇതുവരെ 32 ഓളം കലാപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കലയുടെ നന്മ സമൂഹത്തിന് പ്രയോജനപ്പെടുത്തുകയാണ് പരിപാടിയുടെ ഉദ്ദേശ്യമെന്ന് കൊച്ചി ബിനാലെ റിസര്‍ച്ച് ഡയറക്ടര്‍ ബോണി തോമസ് പറഞ്ഞു.
സംഗീതംകൊണ്ട് രോഗം ഭേദമാക്കാനാകുമോയെന്ന് തീര്‍ച്ചയില്ല. എന്നാല്‍, രോഗബാധിതമായ മനസിനെ ജീവിതത്തിന്റെ നല്ല നാളെയിലേക്ക് കൈപിടിച്ച് ഉണര്‍ത്താന്‍ സംഗീതത്തിനാകുമെന്ന് ഇവിടത്തെ കാഴ്ചകള്‍ നമ്മെ പഠിപ്പിക്കുന്നു.

Tuesday, September 30, 2014

കൊച്ചിയില്‍ പോസ്റ്റ്മാന്റെ പേരിലും റോഡ്

September 30, 2014 - http://tvnew.in/news/54491.html - http://tvnew.in/news/50400.html

postman-roadകൊച്ചി: മഹാത്മാഗാന്ധിയുടെയും നെഹ്‌റുവിന്റെയും അംബേദ്ക്കറിന്റെയും പേരുകളില്‍ റോഡുകളുള്ള നാട്ടില്‍ പോസ്റ്റ്മാന്റെ പേരിലും ഒരു റോഡ്. കൊച്ചി തോപ്പുംപടിയിലാണ് പി.എം ചാക്കോയെന്ന പോസ്റ്റ്മാനോടുള്ള ആദര സൂചകമായി റോഡിന് അദ്ദേഹത്തിന്റെ പേര് നല്‍കിയിരിക്കുന്നത്.
സ്വാതന്ത്ര്യസമരത്തിന്റെ വിപ്ലവവീര്യം തലയ്ക്കുപിടിച്ച നാളിലാണ് ചേര്‍ത്തലക്കാരനായ പി.എം ചാക്കോയെ കൊച്ചിയില്‍ അഞ്ചലോട്ടക്കാരനായിരുന്ന പിതാവും ജ്യേഷ്ഠനും നിര്‍ബന്ധിച്ച് സര്‍വ്വീസില്‍ കൊണ്ടുവന്നത്. പതിനാലാമത്തെ വയസില്‍ സര്‍വ്വീസിലെത്തിയ ചാക്കോയുടെ പിന്നീടുള്ള ഓട്ടം കൊച്ചിക്കാര്‍ക്കു വേണ്ടിയായിരുന്നു.
പശ്ചിമ കൊച്ചിയും ഇടക്കൊച്ചിയും മുതല്‍ ചെല്ലാനം വരെ ദിവസവും നാല്‍പ്പത് അന്‍പത് കിലോമീറ്ററുകള്‍. എഴുത്തും മണിയോര്‍ഡറുകള്‍ക്കുമൊപ്പം, ജനനവും, മരണവും വാര്‍ത്തയും വിശേഷങ്ങളുമൊക്കെ നാട്ടുകാര്‍ അറിഞ്ഞത് ചാക്കോയിലൂടെയായിരുന്നു. പള്ളുരുത്തി പോസ്റ്റല്‍ ഓഫീസില്‍ നിന്നു 1979ല്‍ വിരമിക്കുന്നതുവരെ ഇത് തുടര്‍ന്നതായി മകന്‍ ജോസ് തമ്പി പറഞ്ഞു.
മറവി ബാധിച്ചെങ്കിലും ചാക്കോയുടെ ജോലിയിലുള്ള കണിശതയെ ഓര്‍ത്തെടുക്കുന്നുണ്ട് അദ്ദേഹത്തിന്റെ പത്‌നി അന്നമ്മ ചാക്കോ. 1987ല്‍ 71ാം വയസിലായിരുന്നു ചാക്കോയുടെ മരണമെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അദ്ദേഹത്തിന്റെ പേരിലൊരു റോഡ് എന്ന ആശയം നാട്ടുകാരും സുഹൃത്തുക്കളും മുന്നോട്ടുവെച്ചത്. കൗണ്‍സിലറായിരുന്ന കെ.ജെ മാക്‌സി ഇക്കാര്യം ഉന്നയിക്കുകയും 2004ല്‍ കോര്‍പ്പറേഷന്‍ അത് അംഗീകരിക്കുകയും ചെയ്തു. സംസ്ഥാനത്ത്, ഒരു പോസ്റ്റമാന്റെ പേര് പൊതു റോഡിന് നല്‍കിയ ഏക സംഭവവും ഇതാണ്.
ഫേസ്ബുക്ക്, വാട്ട്‌സ് അപ്പ് സന്ദേശങ്ങളിലേക്ക് ജീവിതം പറിച്ചുനട്ട പുതു തലമുറയോടുള്ള ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ റോഡ്. അഞ്ചലോട്ടക്കാരനില്‍ നിന്ന് പോസ്റ്റ്മാനിലെക്കെത്തിയ ആശയ വിനിമയ സംവിധാനത്തിന്റെയും അവയ്ക്ക് സമൂഹത്തിലുണ്ടായിരുന്ന സ്വാധീനത്തിന്റെയും ചരിത്രമാണ് ഇത് പറഞ്ഞുതരുന്നത്.

Tuesday, September 9, 2014

ഒരു നേരത്ത അന്നം പോലുമില്ലാതെ തെരുവിലെ ഓണം

September 7, 2014 - http://tvnew.in/news/50617.html

street-onamകൊച്ചി: ആഘോഷത്തിന്റെ ധൂര്‍ത്തുകളില്‍ നാടും നഗരവും മുങ്ങുമ്പോള്‍ സന്തോഷത്തിന് മറുവഴി ഇല്ലാതെ ചിലര്‍. തെരുവിലെ ചില ജീവിതങ്ങളാണ് ആഘോഷനാളില്‍ ഒരു നേരത്ത അന്നം പോലും ലഭിക്കാതെ പട്ടിണി അനുഭവിക്കുന്നത്.  നാടും നഗരവും ഓണാഘോഷത്തില്‍ മതിമയങ്ങുമ്പോള്‍, ആഘോഷത്തിന്റെ ചെറു നിമിഷം പോലും സ്വന്തമായില്ലാത്ത ചില ജീവിതങ്ങള്‍. ഓണപ്പാട്ടുകളോ, പൂവിളികളോ, പുത്തന്‍ വസ്ത്രങ്ങളോ ഇല്ലാതെ ഒരു നേരത്തെ അന്നത്തിനായി യാചിക്കുന്നവര്‍.
പറയാനേറേയുണ്ട്… പക്ഷേ കേള്‍ക്കാന്‍ ആരുമില്ലെങ്കില്‍ എന്ത് ചെയ്യാന്‍… ജോലിയും കാശും ഉണ്ടായിരുന്നപ്പോള്‍ എല്ലാവരും ഉണ്ടായിരുന്നു, കൂട്ടുകാരും വീട്ടുകാരും… എന്നാല്‍ ആരോഗ്യവും സമ്പാദ്യവുമെല്ലാം ക്ഷയിച്ച നാളില്‍, തെരവിലേക്ക് ഇറങ്ങിയപ്പോള്‍ ഒറ്റയ്ക്കായിരുന്നു.
വീടുകളിലും, ചെറുതും വലുതുമായ ഹോട്ടലുകളിലും ഒരുക്കുന്ന ഓണസദ്യയില്‍ മിച്ചം വന്ന വറ്റുകള്‍ ഇലയില്‍ പൊതിഞ്ഞ് വലിച്ചെറിയുമ്പോള്‍ ഒന്നോര്‍ക്കുക. ഒരു നേരത്തെ ഭക്ഷണത്തിനായി തെരുവില്‍ ഇപ്പോഴും ചില ജീവിതങ്ങള്‍ കൈ നീട്ടുന്നുണ്ട്.

Sunday, September 7, 2014

പൂക്കളങ്ങള്‍ക്ക് പൂര്‍ണ്ണതയേകാന്‍ ഓണത്തപ്പന്‍മാര്‍ തയ്യാറായി

September 6, 2014

onathappanകൊച്ചി: പൂക്കളങ്ങള്‍ക്ക് പൂര്‍ണ്ണത നല്‍കാന്‍ ഓണത്തപ്പന്‍മാര്‍ തയ്യാറായിക്കഴിഞ്ഞു. ഓണത്തിന് തൃക്കാക്കരയപ്പനെ വീടിനുള്ളിലേക്ക് ആനയിക്കുന്നതിന്റെ പ്രതീകമായാണ് ഓണത്തപ്പനെ പൂക്കളങ്ങളില്‍ ഒരുക്കുന്നത്. തൃപ്പൂണിത്തുറ ഏരൂരിലെ അമ്പതോളം കുടുംബങ്ങളില്‍ നിന്നാണ് ഓണത്തപ്പന്മാര്‍ വിപണിയിലെത്തുന്നത്.
തൃക്കാക്കരയപ്പന്റെ പ്രതിരൂപമായാണ് ഓണത്തപ്പനെ നിര്‍മ്മിക്കുന്നത്. കളിമണ്ണില്‍ ചെയ്‌തെടുക്കുന്ന രൂപങ്ങള്‍ക്ക് ചുവന്ന നിറം നല്‍കി ഭംഗി വരുത്തും. ഓണത്തപ്പനൊപ്പം, ഉരല്‍, ചിരവ, അരകല്ല്, മുത്തി, നിലവിളക്ക് എന്നിങ്ങനെ ചെറുരൂപങ്ങളും ഉണ്ടാകും. ഓണത്തിന് തൃക്കാക്കരയപ്പനെ വീടിനുള്ളിലേക്ക് ആനയിക്കുന്നതിന്റെ പ്രതീകമായാണ് ഇവ പൂക്കളത്തില്‍ ഒരുക്കുന്നത്. മഴയില്‍ കുതിര്‍ന്ന് മണ്ണില്‍ തന്നെ ഇവ അലിഞ്ഞുചേരണമെന്നാണ് വിശ്വാസം.
തൃപ്പൂണിത്തുറ ഏരൂരിലെ അമ്പതോളം കുടുംബങ്ങളാണ് പരമ്പരാഗതമായി ഓണത്തപ്പന്മാരെ നിര്‍മ്മിക്കുന്നത്. സെറ്റിന് നൂറ് രൂപ മുതലാണ് വില. തൃപ്പൂണിത്തുറയാണ് പ്രധാന വിപണന കേന്ദ്രം. എന്നാല്‍ കളിമണ്ണ് ലഭിക്കാത്തത് പലരെയും ഈ മേഖലയില്‍ നിന്ന് അകറ്റിയിട്ടുണ്ട്.

Saturday, May 17, 2014

ചാലക്കുടിയില്‍ താരത്തിളക്കത്തില്‍ ഇടതുപക്ഷത്തിന് ജയം

ഷാനവാസ്.എസ്‌ | May 16, 2014 - http://tvnew.in/news/31254.html

innocentതൃശൂര്‍: ചാലക്കുടി മണ്ഡലത്തില്‍ നിന്നും ചരിത്ര വിജയം നേടിയാണ് ഇന്നസെന്റ് പാര്‍ലമെന്റിലെത്തുന്നത്. 13,884 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ഇന്നസെന്റ് ഇതോടെ കേരളത്തില്‍ നിന്ന് പാര്‍ലമെന്റിലെത്തുന്ന ആദ്യ സിനിമാ താരം കൂടിയായി. 3,58,440 വോട്ടുകളാണ് ഇന്നസെന്റ് നേടിയത്. തൊട്ടുപിന്നിലുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് വക്താവുമായ പി.സി ചാക്കോ 3,44,556 വോട്ടുകളോടെ രണ്ടാം സ്ഥാനത്തും ബിജെപിയുടെ ബി. ഗോപാകൃഷ്ണന്‍ 92,848 വോട്ടുകളോടെ മൂന്നാം സ്ഥാനത്തുമെത്തി.
ആം ആദ്മി സ്ഥാനാര്‍ത്ഥി കെ.എം നൂര്‍ദ്ദീന്‍ 35,000 ത്തോളം വോട്ടുകളും എസ്ഡിപിഐ 14.000ത്തോളം വോട്ടുകളും വെല്‍ഫയര്‍ പാര്‍ട്ടി 12,000ത്തോളം വോട്ടുകളും നേടിയപ്പോള്‍ നോട്ട 10552 വോട്ടുകളും നേടി. യുഡിഎഫിന് മേല്‍ക്കൈയുള്ള മണ്ഡലം തിരിച്ചുപിടിക്കാന്‍ സിപിഐഎം നടത്തീയ നീക്കം ഫലം കണ്ടുവെന്നാണ് ചാലക്കുടിയിലെ തിരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലത്തില്‍ പുരുഷന്മാരേക്കാള്‍ ഇരുപത്തിയൊന്നായിരത്തിലധികം വരുന്ന സ്ത്രീവോട്ടര്‍മാരും അമ്പതിലായിരത്തിലധികം വരുന്ന പുതിയ വോട്ടര്‍മാരുമാണ് എല്‍ഡിഎഫിനെ തുണച്ചത്. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പെരിഞ്ഞനത്ത് നടന്ന കൊലപാതകത്തില്‍ സി.പി.എം ലോക്കല്‍കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റിലായത് ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പില്‍ പ്രധാന വെല്ലുവിളിയായിരുന്നു.
സി.പി.എമ്മിന്റേത് കൊലപാതകരാഷ്ട്രീയമാണെന്ന് ആരോപിച്ച യുഡിഎഫ് സംഭവത്തെ പരമാവധി മുതലെടുത്തിരുന്നു. അതിനാല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് തിരിച്ചടിയാകുമെന്ന കണക്കുക്കൂട്ടലാണ് ഇന്നസെന്റിനെ പോലൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയിലേക്ക് ഇടതുപക്ഷത്തെ എത്തിച്ചത്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നീക്കം മികച്ച ഫലം കണ്ടു. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച ലീഡ് നേടാന്‍ ഇടതു മുന്നണിക്കായി.
2009ലെ പൊതു തെരഞ്ഞെടുപ്പിനുശേഷം ചാലക്കുടിയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കും മാറ്റമുണ്ടായിരുന്നു. 2009ലെ തെരഞ്ഞെടുപ്പില്‍ കയ്പ്പമംഗലത്ത് മാത്രമാണ് എല്‍ഡിഎഫിന് ലീഡ് നേടാനായത്. മറ്റു ആറ് നിയമസഭാ മണ്ഡലങ്ങള്‍ യുഡിഎഫിന് ഒപ്പമാണ് നിന്നത്. 2010ലെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും അത് പ്രതിഫലിച്ചു. എല്ലായിടത്തും യുഡിഎഫ് അധികാരത്തിലെത്തി.
എന്നാല്‍ 2011ലെ തെരഞ്ഞെടുപ്പില്‍ ചില മാറ്റങ്ങള്‍ കണ്ടു. കൈപ്പമംഗലം, ചാലക്കുടി, പെരുമ്പാവൂര്‍, അങ്കമാലി മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വിജയക്കൊടി പാറിച്ചപ്പോള്‍ കൊടുങ്ങല്ലൂര്‍, ആലുവ, കുന്നത്തുനാട് എന്നീ മണ്ഡലങ്ങളാണ് യുഡിഎഫിന് ലഭിച്ചത്. ഇത്തവണ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ലീഡ് നേടാന്‍ എല്‍ഡിഎഫിന് കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്. ചാലക്കുടി മണ്ഡലം നിലവില്‍ വന്ന ശേഷമുള്ള രണ്ടാമത്തെ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഇന്നസെന്റിലൂടെ ഇടതു മുന്നണിക്കു കഴിഞ്ഞു.
അതേസമയം, കോണ്‍ഗ്രസിനുള്ള അഭിപ്രായ ഭിന്നതയും തമ്മില്‍തല്ലുമാണ് യുഡിഎഫിന് ക്ഷീണം ചെയ്തത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെപ്പോലും വൈകിപ്പിച്ചത് ചാലക്കുടി മണ്ഡലം സംബന്ധിച്ച തര്‍ക്കങ്ങളായിരുന്നു. തൃശൂര്‍ ഡിസിസി പ്രസിഡന്റ് ഐ ഗ്രൂപ്പില്‍ നിന്ന് എ ഗ്രൂപ്പ് പദം പിടിച്ചെടുത്തതാണ് കോണ്‍ഗ്രസിനുള്ളില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്. കാലങ്ങളായി ഐ ഗ്രൂപ്പ് ആയിരുന്നു ഡി.സി.സി. അടക്കിവാണിരുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.സി ചാക്കോ വിജയിക്കുമ്പോള്‍ സി.എന്‍.ബാലകൃഷ്ണനാണു ഡി.സി.സിയുടെ ചുക്കാന്‍ പിടിച്ചിരുന്നത്. പുന:സംഘടനയില്‍ എ ഗ്രൂപ്പുകാരനായ ഒ.അബ്ദുറഹ്മാന്‍കുട്ടി ഡി.സി.സി. പ്രസിഡന്റായത് പി.സി.ചാക്കോയുടെ താത്പര്യപ്രകാരമായിരുന്നു. ഇതേത്തുടര്‍ന്ന് ഐ ഗ്രൂപ്പിന് ചാക്കോയോട് കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു. പരദേശിക്കു സീറ്റു കൊടുക്കരുതെന്ന അഭിപ്രായവുമായി ഐ ഗ്രൂപ്പ് രംഗത്തെത്തിയതോടെ എ.കെ ആന്റണിക്കുപോലും വിഷയത്തില്‍ ഇടപെടേണ്ടിവന്നു. ചാക്കോയ്ക്കും പകരം ചാലക്കുടി എംപി കെ.പി ധനപാലനെ തൃശൂരിലും പി.സി ചാക്കോയെ ചാലക്കുടിയും മത്സരിപ്പിക്കാന്‍ തീരുമാനമെടുത്തു. സീറ്റ് വിട്ടു നല്‍കുന്നതില്‍ ധനപാലനുള്ള എതിര്‍പ്പുകളെ മറികടന്നായിരുന്നു തീരുമാനം. ചാലക്കുടിയില്‍ ധനപാലനുള്ള ജനകീയത, ചാക്കോക്കില്ലാതിരുന്നതും യുഡിഎഫിന് തിരിച്ചടിയായി.

തിരഞ്ഞെടുപ്പില്‍ താരമായി ഇന്നസെന്റ്

ഷാനവാസ്.എസ്‌ | May 16, 2014 - http://tvnew.in/news/31277.html

innocent-1ചാലക്കുടി: കടുത്ത മത്സരം നടന്ന ചാലക്കുടിയില്‍ വിജയിച്ചതോടെ കേരളത്തില്‍ നിന്ന് പാര്‍ലമെന്റിലെത്തുന്ന ആദ്യ സിനിമാ താരം എന്ന ബഹുമതി കൂടി ഇന്നസെന്റിനു സ്വന്തമായി. തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കുന്ന നാലാമത്തെ സിനിമാ താരം കൂടിയാണ് ഇന്നസെന്റ്.
സിനിമയും രാഷ്ട്രീയവും കൂടിക്കുഴഞ്ഞ തമിഴ്‌നാട്ടില്‍ നിന്ന് വ്യത്യസ്തമാണ് കേരളത്തിലെ രാഷ്ട്രീയ സാഹചര്യം. സിനിമയെയും രാഷ്ട്രീയത്തെയും വെവ്വേറെയായി കാണുന്നതാണ് മലയാളിയുടെ ശീലം. മികച്ച രാഷ്ട്രീയ സിനിമകള്‍ക്ക് കൈയ്യടിക്കുന്ന മലയാളികള്‍ അതുകൊണ്ട് തന്നെ സിനിമാക്കാരെ അത്രയധികം രാഷ്ട്രീയത്തില്‍ തുണച്ചിട്ടില്ല. രാഷ്ട്രീയക്കാരും സിനിമാക്കാരെ കളത്തിലിറക്കി കളിക്കാന്‍ മെനക്കെടാറുമില്ല. തോപ്പില്‍ ഭാസി, രാമു കാര്യാട്ട്, കെ.ബി ഗണേഷ്‌കുമാര്‍ എന്നിവരാണ് ഇതിനു മുന്‍പ് തെരഞ്ഞെടുപ്പിലെ ഭാഗ്യം പരീക്ഷ ജയിച്ച സിനിമാക്കാര്‍.
1957 ല്‍ പത്തനംതിട്ടയില്‍ നിന്ന് ജയിച്ച തോപ്പില്‍ ഭാസി നിയമസഭാംഗമായി. 1965 ല്‍ നാട്ടികയില്‍ നിന്ന് ഇടതു സ്വതന്ത്രനായി സംവിധായകന്‍ രാമുകാര്യാട്ട് ജയിച്ചെങ്കിലും നിയമസഭ ചേരാനായില്ല. രാഷ്ട്രീയ പാരമ്പര്യമുള്ള കെ. ബി ഗണേഷ് കുമാറാണ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി സിനിമാക്കാരന്‍. പത്തനാപുരത്ത് നിന്ന് മൂന്നു തവണ നിയമസഭാംഗമായ ഗണേഷ്‌കുമാര്‍ മന്ത്രിയുമായി. അതേസമയം, മുരളി, ദേവന്‍, ശ്രീനാഥ് എന്നിവര്‍ പരാജയത്തിന്റെ കയ്പ്പറിയുകയും ചെയ്തു. ദീര്‍ഘകാലം ഇടതു സഹയാത്രികനായിരുന്ന മുരളി 1999ല്‍ ആലപ്പുഴയില്‍ സിപിഎം സ്ഥാനാര്‍ഥിയായി വി എം സുധീരനെതിരെ മത്സരിച്ചെങ്കിലും ജനം കൈവിട്ടു. കേരള പീപ്പിള്‍ പാര്‍ട്ടി എന്ന സംഘടനുയമായെത്തിയ ദേവനും ശിവസേന സ്ഥാനാര്‍ഥിയായി മല്‍സരിച്ച ശ്രീനാഥിന്റെ വിധിയും മറിച്ചായിരുന്നില്ല.
ഇടതു മുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇന്നസെന്റിനെ പ്രഖ്യാപിച്ചതു മുതല്‍ മാധ്യമങ്ങളുടെ ശ്രദ്ധ ചാലക്കുടി മണ്ഡലത്തിലേക്കായിരുന്നു. രാഷ്ട്രീയ പരിചയങ്ങളേതുമില്ലാത്ത ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയാക്കിയ സിപിഐഎമ്മിന്റെ രാഷ്ട്രീയ യുക്തിയെപ്പോലും പലരും വിമര്‍ശിച്ചു. എന്നാല്‍ ഇന്നസെന്റിനെ ജനകീയത വോട്ടാക്കി മാറ്റാമെന്ന കണക്കുക്കൂട്ടലിലായിരുന്നു ഇടതുപക്ഷം. പുരുഷന്മാരേക്കാള്‍ ഇരുപത്തൊന്നായിരത്തിലധികം വരുന്ന സ്ത്രീ വോട്ടര്‍മാരെയും അമ്പതിനായിരത്തോളം വരുന്ന പുതിയ വോട്ടര്‍മാരെയും ലക്ഷ്യമിട്ടുള്ള ഇടത് തീരുമാനത്തെ ശരിവെയ്ക്കുന്ന ഇന്നസെന്റിന്റെ വിജയം മുണ്ടുടുക്കാനറിയാത്ത ഇന്നസെന്റ് പാര്‍ലമെന്റില്‍ പോയി എന്തു പറയുമെന്ന് പരിഹസിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള മറുപടി കൂടിയാണ്. ഒപ്പം ജനകീയനായ സിനിമാക്കാരനെ ജനം സ്വീകരിക്കുമെന്നതിന്റെ തെളിവും.

Monday, April 7, 2014

മോഡി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് മന്ത്രിയുണ്ടാവും: രവിശങ്കര്‍ പ്രസാദ്

ഷാനവാസ് എസ് | April 6, 2014 - Published on TV New - http://tvnew.in/news/24651.html

ബിജെപിയുടെ രാജ്യസഭാ പ്രതിപക്ഷ ഉപനേതാവും മാധ്യമ വിഭാഗം തലവനുമായ രവിശങ്കര്‍ പ്രസാദ് 16ാം ലോക്‌സഭയിലെ പാര്‍ട്ടി നിലപാടുകളെക്കുറിച്ചും കേരളത്തിലെ വിജയപ്രതീക്ഷയെക്കുറിച്ചും…
ravishankar-prasadപ്രകടന പത്രിക പോലുമില്ലാതെയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ വിമര്‍ശനത്തെക്കുറിച്ച് ?
അത്തരം വിമര്‍ശനങ്ങളില്‍ കഴമ്പില്ല. ബിജെപിക്ക് രാജ്യത്തെ ജനങ്ങളോട് പറയാനുള്ളതെല്ലാം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡി ഇതിനോടകം പറഞ്ഞു കഴിഞ്ഞു. ഭരണ സ്ഥിരതയും വികസനവുമാണ് ബിജെപി മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാട്. മോഡിയുടെ വിഷന്‍ 2020 രാജ്യത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യമിട്ടുള്ളതാണ്. അധികാരത്തിലെത്തുന്ന പാര്‍ട്ടിയെന്ന നിലയില്‍ രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളെ പാര്‍ട്ടിക്ക് വിശകലനം ചെയ്യേണ്ടിവരും. അതിനാലാണ് പ്രകടന പത്രിക താമസിക്കുന്നത്. പ്രകാശ് കാരാട്ടിന്റെ വിമര്‍ശനങ്ങളില്‍ കാര്യമില്ല. എന്തുകൊണ്ടാണ് കാരാട്ട് ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നും മനസിലാകുന്നില്ല. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പതനമായിരിക്കും സിപിഎമ്മിന് ഈ തെരഞ്ഞെടുപ്പിലുണ്ടാവുക.
മോഡിയുടെ കാഴ്ചപ്പാടുകളല്ലാതെ ബിജെപിക്ക് സ്വന്തമായൊരു തെരഞ്ഞെടുപ്പ് കാഴ്ചപ്പാടില്ലേ?
മോഡിയുടെ കാഴ്ചപ്പാട് ബിജെപിയുടെ കാഴ്ചപ്പാട് എന്നിങ്ങനെ വേര്‍തിരിച്ചു കാണേണ്ടതില്ല. പാര്‍ട്ടി മുന്നോട്ടുവെക്കുന്ന നയങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കും. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
പരാജയഭീതി മുലമാണ് മോഡി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടുന്നതെന്ന സീതാറാം യെച്ചൂരിയുടെ ആരോപണത്തെക്കുറിച്ച്?
നരേന്ദ്ര മോഡിയുടെ വിജയത്തുടര്‍ച്ചയ്ക്ക് സീതാറാം യെച്ചൂരിയുടെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. പാര്‍ട്ടി തന്ത്രത്തിന്റെ ഭാഗമായാണ് മോഡി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുന്നത്. ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുന്നതിന്റെ ഭാഗമായണത്. പരാജയ ഭീതി മൂലം സുരക്ഷിത മണ്ഡലം തേടിയെന്ന ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണ്.
bjpകേരളത്തിലെ ബിജെപിയെക്കുറിച്ച്?
കേരളത്തില്‍ ഇത്തവണ താമര വിരിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കേരളത്തില്‍ നിന്ന് കേന്ദ്രമന്ത്രിയുണ്ടാവും. കേരളത്തില്‍ ബിജെപിയുടെ വോട്ട് ശതമാനം 11 ശതമാനമായി ഉയരുമെന്ന റിപ്പോര്‍ട്ടുകള്‍ ശുഭസൂചനയാണ്. ബിജെപിയെ സംബന്ധിച്ചിടത്തോളം കേരളം പ്രിയപ്പെട്ടതാണ്. വാജ്‌പേയി സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് എംപി ഇല്ലാതിരുന്നിട്ടും മലയാളിയായ രാജഗോപാലിനെ കേന്ദ്രമന്ത്രിയാക്കിയത് അതിനാലാണ്.
തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ബിജെപിക്കുള്ളില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ടോ. പാര്‍ട്ടി വിട്ട ജസ്വന്ത് സിങ്ങിന്റെ നടപടിയെ എങ്ങനെ കാണുന്നു?
ബിജെപി ഒരു കുടുംബാധിപത്യത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയല്ല. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. എന്നാല്‍ അതൊക്കെ പരിഹരിക്കാനുള്ള വേദിയും പാര്‍ട്ടിയിലുണ്ട്. ജസ്വന്ത് സി്ങ്ങിനെ സംബന്ധിച്ചിടത്തോളം പാര്‍ട്ടി അധ്യക്ഷ പദവിയും പ്രധാനമന്ത്രി സ്ഥാനവുമൊഴികെ സുപ്രധാന പദവികളെല്ലാം തന്നെ പലപ്പോഴായി നല്‍കിയിട്ടുണ്ട്. ഇത്രയൊക്കെ പരിഗണന നല്‍കിയിട്ടും ജസ്വന്ത് സിങ് പുറത്തുപോയതിനെ ന്യായീകരിക്കാനാവില്ല. സീറ്റ് നല്‍കിയിലെന്ന കാരണത്താല്‍ വിമതനാകുന്നതും ശരിയല്ല. കേരളത്തില്‍ നിന്ന് പാര്‍ട്ടിക്ക് ഒരു എംഎല്‍എ പോലുമില്ലാഞ്ഞിട്ടും ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് സജീവമായി പ്രവര്‍ത്തിക്കുന്നത്. ഏത് രാഷ്ട്രീയപാര്‍ട്ടിയിലും അത്തരം സ്ഥിതിവിശേഷങ്ങളുണ്ട്.
ദേശീയ തലത്തില്‍ ബിജെപിയുടെ വിജയപ്രതീക്ഷകള്‍?
യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് താഴെയിറങ്ങേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. രാജ്യം കണ്ടതില്‍ ഏറ്റവും വലിയ അഴിമതിക്കാണ് രണ്ടാം യു.പി.എ സര്‍ക്കാര്‍ കൂട്ടുനിന്നത്. രാജീവ് ഗാന്ധിയുടെ കാലത്ത് 60 കോടി രൂപയുടെ ബോഫോഴ്‌സ് കോഴയായിരുന്നു വലുത്. എന്നാല്‍ പതിനായിരം മുതല്‍ രണ്ട് ലക്ഷം കോടി വരെയുള്ള അഴിമതികളാണ് യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായത്. അഴിമതിക്കാരെ സംരക്ഷിക്കുന്ന നയമാണ് യുപിഎയുടേത്. ഇത്രയൊക്കെ അഴിമതി നടന്നിട്ടും അതിനെതിരെ ഫലപ്രദമായ അന്വേഷണത്തിനു പോലും യുപിഎയ്ക്ക് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ് തയ്യാറായില്ല. ദേശീയ സുരക്ഷയ്ക്കും ആഭ്യന്തര സുരക്ഷയ്ക്കും ഏറെ ഭീഷണി ഉയര്‍ന്നിട്ടും ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ യുപിഎ സര്‍ക്കാരിനായില്ല. വില വര്‍ധനയും വളര്‍ച്ചാ മുരടിപ്പും ദുര്‍ഭരണവും മാത്രമാണ് യുപിഎയുടെ നേട്ടങ്ങള്‍.
അഴിമതിയെക്കുറിച്ച് ബിജെപിയുടെ നിലപാട്, ബി.എസ് യെദ്യൂരപ്പയെ തിരിച്ചെടുത്തതിനെ ന്യായീകരിക്കാനാകുമോ, അഴിമതിക്കാരെ ബിജെപിയും സ്വീകരിക്കുന്നുവെന്നാണോ?
അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം എന്നതാണ് ബിജെപിയുടെ നിലപാട്. അതും യെദ്യൂരപ്പയുമായി ബന്ധമില്ല. അഴിമതിയുടെ പേരില്‍ ഭരണം നഷ്ടമായ ശേഷം യെദ്യൂരപ്പ പുതിയ പാര്‍ട്ടിയുണ്ടാക്കി. എന്നാല്‍ അത് യെദ്യൂരപ്പയ്‌ക്കോ ബിജെപിക്കോ ഗുണം ചെയ്തില്ല. രണ്ടു കൂട്ടര്‍ക്കുമുണ്ടായ നഷ്ടം മനസിലായതിനെത്തുടര്‍ന്നും ഒന്നിച്ചുനില്‍ക്കേണ്ടതിന്റെ ആവശ്യകത ബോധ്യമായതിനാലുമാണ് അദ്ദേഹം വീണ്ടും പാര്‍ട്ടിയിലെത്തിയത്. അല്ലാതെ അഴിമതിക്കാരെ സംരക്ഷിക്കുന്ന തരത്തില്‍ അതിലൊന്നുമില്ല. അഴിമതി കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും പാര്‍ട്ടി തയ്യാറല്ല.
പ്രതിരോധ മന്ത്രി എ.കെ ആന്റണിയെ ബിജെപി നേതൃത്വം കടന്നാക്രമിക്കുന്നുണ്ടല്ലോ?
രാജ്യം കണ്ട ഏറ്റവും ദുര്‍ബലനായ പ്രതിരോധ മന്ത്രിയാണ് എ.കെ ആന്റണി. അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണി വര്‍ധിക്കുമ്പോഴും തീരുമാനമെടുക്കാന്‍ പോലും കഴിവില്ലാത്ത മന്ത്രിയെന്ന നിലയിലാണ് പാര്‍ട്ടി നേതൃത്വം ആന്റണിയെ കടന്നാക്രമിക്കുന്നത്. 500 തവണ ചൈന അതിര്‍ത്തിയില്‍ കടന്നാക്രമണം നടത്തി. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടിയൊന്നുമുണ്ടായില്ല. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തെക്കുറിച്ച്, പാക് പട്ടാള വേഷമിട്ട ഭീകരരാണ് ആക്രമണം നടത്തിയതെന്ന ആന്റണിയുടെ പ്രസ്താവന പ്രതിരോധ മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവുകേട് വ്യക്തമാക്കുന്നതായിരുന്നു.