Saturday, January 7, 2012

തിരിച്ചറിയേണ്ട വേദനകള്‍

നിരീക്ഷണം

ഷാനവാസ്.എസ് | കൊച്ചി, ജനുവരി 7, 2012 15:21
http://thesundayindian.com/ml/story/nurses-on-strike-the-pains-they-take/13/2253/

കച്ചവട സാധ്യതകള്‍ തിരിച്ചറിഞ്ഞ് പരസ്പരം മത്സരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വെല്ലുന്ന മത്സരമാണ് ആരോഗ്യരംഗത്തെ നെടുംതൂണുകളായ ആശുപത്രികളില്‍ അരങ്ങേറുന്നത്. ലാഭക്കൊതിയോടെ പ്രവര്‍ത്തിക്കുന്ന ആശുപത്രിക്കുള്ളില്‍ നടക്കുന്ന സംഭവങ്ങള്‍ പക്ഷെ വളരെ ഗൌരവത്തോടെ ചര്‍ച്ച ചെയ്യേണ്ടതാണ്. അതോടൊപ്പം തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടതും ശാശ്വത പരിഹാരം കാണേണ്ടതുമായ വിഷയമാണ് നേഴ്സുമാര്‍ക്കെതിരെ ആശുപത്രി മാനേജ്മെന്‍റുകള്‍ കാണിക്കുന്ന ക്രൂരതകള്‍.

മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയില്‍ ഗത്യന്തരമില്ലാതെ അടിമവേല ചെയ്യേണ്ടിവരുന്ന അവസ്ഥയിലാണ് നേഴ്സുമാര്‍. നേരത്തെ മുംബൈയിലും ഡല്‍ഹിയിലും കൊല്‍ക്കത്തയിലുമായി നടന്നിരുന്ന ചൂഷണം, കേരളത്തിലെ ആശുപത്രികളിലേക്കു കൂടി വ്യാപിച്ചിരിക്കുന്നു. സര്‍ക്കാര്‍ ആശുപത്രിയെന്നോ സ്വകാര്യ ആശുപത്രിയെന്നോ ജീവകാരുണ്യത്തിന്‍റെ പേരില്‍ നടത്തുന്ന ആശുപ്രതികളോ എന്നുവേണ്ട സകല ആശുപത്രികളിലും നേഴ്സുമാരുടെ സ്ഥിതി വിഭിന്നമല്ല. ഏതാനും ചില ആശുപത്രികള്‍ മാത്രമാണ് ഇതിനൊരപവാദം. സര്‍ക്കാര്‍ ആശുപത്രികളില്‍ ഗവണ്‍മെന്‍റ് നേഴ്സസ് അസോസിയേഷന്‍ പോലുള്ള സംഘടനകള്‍ ഉള്ളതിനാല്‍ അത്രയധികം പ്രശ്നങ്ങള്‍ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നില്ല. എന്നാല്‍ സ്വകാര്യ ആശുപത്രികളിലാകട്ടെ അടിസ്ഥാനമുള്ള ഒരു സംഘടന ഇല്ലെന്നു മാത്രമല്ല, സംഘടിക്കാനുള്ള സാഹചര്യങ്ങളും നീക്കങ്ങളും പലപ്പോഴും ഇല്ലാതാക്കപ്പെടുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ഇവിടങ്ങളില്‍ നേഴ്സുമാര്‍ അനുഭവിക്കുന്ന കഷ്ടപാടുകള്‍ ചെറിയൊരു പക്ഷത്തിന്‍റെ നിലവിളി മാത്രമായി ഒതുങ്ങിപ്പോകുന്ന കാഴ്ചയാണ് കാലങ്ങളായി നാം കണ്ടുവരുന്നത്.

ഇനിയും പരിഷ്കരിക്കാത്ത സേവനവ്യവസ്ഥകളാണ് ഏറ്റവും വലിയ ശാപം. കൂടാതെ അധിക ജോലി സമയവും. എപ്പോള്‍ വിളിച്ചാലും ജോലി ചെയ്യാന്‍ തയ്യാറായിരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നവര്‍ പക്ഷെ, ശമ്പള പരിഷ്കരണത്തോട് അത്ര താല്‍പ്പര്യമൊന്നും കാണിക്കാറില്ല. അത്തരമൊരു അവസ്ഥയിലാണ് മറുനാട്ടില്‍ സേവന വേതന വ്യവസ്ഥകള്‍ ആവശ്യപ്പെട്ട് മലയാളി നേഴ്സുമാര്‍ നടത്തിയ സമരങ്ങളുടെ ചുവടുപിടിച്ച് കേരളത്തിലും സമരങ്ങള്‍ക്ക് തുടക്കമായത്. കൊല്ലം ശങ്കേഴ്സിലും, കൊച്ചി അമൃതയിലും, ചെറുപുഷ്പത്തിലും, മൂത്തുറ്റിലും തിരുവല്ല പുഷ്പഗിരിയിലുമായി അതിന്‍റെ തിരയിളക്കങ്ങള്‍. കാണാനായി. ചില സ്ഥലങ്ങളില്‍ മാനേജ്മെന്‍റ് തുടക്കത്തില്‍ തന്നെ ഒത്തുതീര്‍പ്പു വ്യവസ്ഥകളുമായി രംഗത്തെത്തി പ്രശ്നത്തിന് പരിഹാരം കണ്ടപ്പോള്‍ ചിലയിടത്ത് അത് രക്തരൂക്ഷിതമായ അക്രമങ്ങള്‍ വരെയെത്തി.

3500-7000 രൂപ വരെയാണ് കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ വേതനം. അതില്‍ ഹോസ്റ്റല്‍ ഫീസും മെസ്സ് ഫീസും കഴിഞ്ഞ് കൈയ്യില്‍ കിട്ടുന്ന തുക നേഴ്സിംഗ് പഠനത്തിനായി എടുത്ത ബാങ്ക് ലോണ്‍ അടയ്ക്കാന്‍ പോലും തികയില്ല എന്നതാണ് സ്ഥിതിവിശേഷം. 12-15 മണിക്കൂര്‍ വരെ പലപ്പോഴും ജോലി ചെയ്യാന്‍ നിയോഗിക്കപ്പെടുന്നവര്‍ക്ക് വസ്ത്രം മാറുന്നതുള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യങ്ങള്‍ പോലും ലഭിക്കുന്നില്ലെന്ന സ്ഥിതിയാണുള്ളത്. അതുകൂടാതെയാണ് ബോണ്ട് സമ്പ്രദായം എന്ന ഊരാകുരുക്ക്. സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരില്‍ ഭൂരിഭാഗവും ആശുപത്രി മാനേജ്‌മെന്‍റിന്‍റെ ബോണ്ട് സമ്പ്രദായത്തിന് ഇരകളാണ്. ഒരിക്കല്‍ ജോലിക്കു കയറിയാല്‍ ബോണ്ട് കാലാവധി തീരുന്നത് വരെ ഇവര്‍ക്ക് രക്ഷയില്ല. 2-3 വര്‍ഷത്തേക്കാണ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അധികാരികള്‍ ബോണ്ട് എഴുതി വാങ്ങുന്നത്. ഈ കാലയളവിനുള്ളില്‍, ഉപരി പഠനത്തിനായോ മികച്ച സാഹചര്യങ്ങളുള്ള മറ്റേതെങ്കിലും ആശുപത്രിയില്‍ ജോലിക്കു ചേരുന്നതിനായോ ജോലി വിടണമെങ്കില്‍ 50,000 മുതല്‍ രണ്ട് ലക്ഷം രൂപ വരെ ബോണ്ടില്‍ പറഞ്ഞ പ്രകാരം പിഴയൊടുക്കേണ്ടിവരും. സ്വന്തം ആശുപ്രതിയില്‍നിന്നും നേഴ്സുമാര്‍ കൊഴിഞ്ഞുപോകാതിരിക്കാനുള്ള, അത്തരമൊരു സാധ്യതക്കു തടയിടുക എന്ന മാനേജ്മെന്‍റിന്‍റെ ദുഷ്ടബുദ്ധിയാണ് ബോണ്ട് സമ്പ്രദായത്തിനു പിന്നില്‍. ചില ആശുപത്രികളാകട്ടെ, ബോണ്ട് കാലാവധി കഴിഞ്ഞാലും ഇത്തരത്തില്‍ ചില കടുംപിടുത്തങ്ങള്‍ നടത്താറുണ്ട്. എക്സ്പീരീയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൂട്ടാക്കാത്ത ആശുപത്രികളും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വന്‍ തുക ആവശ്യപ്പെടുന്ന ആശുപത്രികളുമുണ്ട്. ഇതിനിടയില്‍, അവകാശത്തിനായി മുറവിളി കൂട്ടിയവരും സമരങ്ങളുമായി രംഗത്തെത്തിയവരും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷാവസാനത്തില്‍ ഇന്‍ഡ്യന്‍ രജിസ്റ്റേഡ് നഴ്‍സസ് അസോസിയേഷന്‍ എന്ന പേരില്‍ ഒരു സംഘടനക്ക് രൂപം കൊടുത്തു എന്നതുമാത്രമാണ് അല്‍പ്പമെങ്കിലും പ്രതീക്ഷ നല്‍കുന്ന കാര്യം.

ഒന്നോ രണ്ടോ ആശുപത്രി അധികാരികള്‍ മാത്രം മുന്നോട്ടുവന്നാല്‍ തീരുന്ന ഒരു പ്രശ്നമല്ലിത്. അതിനാല്‍ തന്നെ, കാലോചിതമായി നേഴ്സുമാരുടെ വേതനസേവന വ്യവസ്ഥകള്‍ പരിഷ്കരിക്കേണ്ടതുണ്ട്. വേതനം വര്‍ധിപ്പിക്കുക, അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാക്കുക, ജോലിസമയം ക്ലിപ്തപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ നടപടി ആശുപത്രി അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പുകളും സര്‍ക്കാരും ഉറപ്പാക്കുകയാണ് പരമപ്രധാനം. നിര്‍ബന്ധിത ബോണ്ട് സമ്പ്രദായത്തിനൊപ്പം ഉദ്യോഗാര്‍ത്ഥിയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി സൂക്ഷിക്കുന്നതുപോലെയുള്ള നടപടികളും ഇല്ലാതാക്കണം. ലോകത്തിന്‍റെ പല ഭാഗത്തും വളരെ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന മലയാളി നേഴ്സുമാര്‍ക്ക് സ്വന്തം നാട്ടില്‍ നിന്നുണ്ടാകുന്ന ദുരനുഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടരുത്. രാവും പകലും ജോലി ചെയ്യാന്‍ ബാധ്യസ്ഥരാകുന്ന ഇവരുടെ ബുദ്ധിമുട്ടുകള്‍ (സാമ്പത്തികവും, ശാരീരികവും, മാനസികവും) കണ്ടില്ലെന്ന് നടിക്കരുത്. ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ വരെ അംഗീകാരവും അഭിനന്ദനവും ലഭിച്ച കേരളത്തിന്‍റെ ആരോഗ്യമേഖലയുടെ കാവലാളുകളാണ് നേഴ്സുമാര്‍.

ഫ്ളോറന്‍സ് നൈറ്റിംഗേലിന്‍റെ പിന്‍ഗാമികളെന്നാണ് ആതുരസേവന രംഗത്തു പ്രവര്‍ത്തിക്കുന്ന നേഴ്സിംഗ് തൊഴിലാളികള്‍ വിളിക്കപ്പെടുന്നത്. എന്നാല്‍ അവരനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ മഹത്തായ ജോലിയുടെ ഭാഗമാണെന്ന് കരുതാനാണ് പൊതുസമൂഹം എപ്പോഴും ഇഷ്ടപ്പെടുന്നത്. അതുകൊണ്ടാകണം സമൂഹ മനസാക്ഷിക്കു മുന്നിലേക്ക് ഇവരുടെ നീറുന്ന പ്രശ്നങ്ങള്‍ ഇനിയും കടന്നുചെല്ലാത്തത്. എന്തിനും ഏതിനും പ്രതികരിക്കുന്ന കേരളത്തിലെ പൊതുസമൂഹം ഇതിനെയും അത്ര കാര്യമായി എടുത്തില്ല. കേരളത്തിനുവെളിയില്‍ മലയാളി നേഴ്സ്മാര്‍ക്കെതിരെ നടന്ന അക്രമങ്ങളെയും അവര്‍ നടത്തിയ സമരത്തെയും വീറോടെ എഴുതിവെച്ച കേരളത്തിലെ സാമുഹ്യ പ്രതിബദ്ധതയുള്ള മുഖ്യധാരാ മാധ്യമങ്ങളില്‍ പലതും കണ്ണിനുമുന്നിലെ പ്രശ്നത്തെ നിസാരവല്‍ക്കരിച്ചു. ആശുപത്രികളും ഉടമകളും അത്ര വലിയ പരസ്യങ്ങളുമായി മാധ്യമങ്ങളുമായി അടുത്തബന്ധം കാത്തുസൂക്ഷിക്കുന്നവര്‍ അല്ലാതിരുന്നിട്ടും കേരളത്തിലെ ഭൂരിഭാഗം മാധ്യമങ്ങളും നേഴ്സുമാരുടെ അവകാശ സമരത്തെ കണ്ടില്ലെന്ന് നടിച്ചു. ഒരുപക്ഷെ സ്വകാര്യ ആശുപ്രതികളില്‍ പലതും സാമുദായിക സംഘടനകളുടെ കീഴില്‍ വരുന്നതുകൊണ്ടാകാം മാധ്യമങ്ങള്‍ കണ്ണടച്ചുകളഞ്ഞത്. അങ്ങിനെ ചിന്തിക്കുമ്പോള്‍ തന്നെയും ഇതിനെല്ലാം പിന്നില്‍ എന്തു യുക്തിയാണ് മറഞ്ഞുകിടക്കുന്നതെന്ന് ഇനിയും മനസിലാക്കാനാകാത്ത കാര്യമാണ്.

അപ്രകാരം മുഖ്യധാരാ മാധ്യമങ്ങള്‍ ഏറ്റെടുക്കാന്‍ മറന്നുപോയ അവകാശ സമരത്തെ ഫേസ്ബുക്ക്, ഓര്‍ക്കുട്ട് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളും ബ്ലോഗ് പോലുള്ള സമാന്തര മാധ്യമങ്ങളും ഏറ്റുപിടിച്ചത് സന്തോഷം നല്‍കുന്നുണ്ട്. പൊതുസമുഹത്തിനു മുന്നിലേക്ക് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ഇത്തരം ശ്രമങ്ങള്‍ക്ക് കഴിയുന്നുമുണ്ട്. അതിനാല്‍ ഇത്തരത്തിലെ സാധ്യതകളെ ഉപയോഗിച്ചുകൊണ്ട് സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ജനകീയ മുഖം നല്‍കാനുള്ള ശ്രമത്തിലാണ് നേഴ്സിംഗ് തൊഴിലാളികളും അവര്‍ രൂപംകൊടുത്ത പുതിയ സംഘടനകളും. ആഗോളസമൂഹത്തില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ വഴിയുള്ള ആഹ്വാനത്തോടെ വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ തന്നെ നടക്കുന്ന കാലയളവില്‍ അവകാശ സമരങ്ങള്‍ക്കായി അത്തരമൊരു വേദി കൂട്ടുപിടിക്കുക ബുദ്ധിപരമായ നീക്കം തന്നെയാണ്. മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍, അധികാരികളുടെ പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്ത പത്തനം തിട്ട സ്വദേശിനിയായ നേഴ്സ് ബീനാ ബേബി നമുക്കൊരു പാഠം തന്നെയാണ്. ഇനിയുമത് തിരിച്ചറിഞ്ഞില്ലെങ്കില്‍, ഇവിടെ നമ്മുടെ കൊച്ചു കേരളത്തിലും ബീനാ ബേബിമാരുണ്ടാകും, തീര്‍ച്ച.

Saturday, December 24, 2011

ഭാവിയറിയാതെ പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍

ഷാനവാസ്.എസ് | കൊച്ചി, ഡിസംബര് 24, 2011 14:38
http://thesundayindian.com/ml/story/indefinite-wait-for-plachimada-tribunal-bill/14/2146/
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അലംഭാവം ഒരു ജനതയുടെ ന്യായമായ അവകാശത്തെ പാടെ അവഗണിക്കുന്ന കാഴ്ചയാണ് പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്ലിന്‍റെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കേരള നിയമസഭ ഏകകണ്ഠമായി പാസാക്കി കേന്ദ്രത്തിന് അയച്ച ബില്‍, പത്തു മാസങ്ങള്‍ പിന്നിടുമ്പോഴും തീരുമാനമാകാതെ കിടക്കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിടിപ്പുകേടിനേക്കാള്‍, വ്യക്തമായ ഗുഢാലോചനയാണെന്ന് സംശയം ഉയരുന്നു.

പ്ലാച്ചിമടയിലെ പാരിസ്ഥിതിക നാശത്തിന് കൊക്കക്കോളയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിന് വേണ്ടിയാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ കൊണ്ടുവരുന്നത്. അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ.ജയകുമാര്‍ അധ്യക്ഷനായ വിദഗ്ധസമിതിയാണ് പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണലിന് ശുപാര്‍ശചെയ്തത്. കൊക്കകോളകമ്പനിയുടെ പ്രവര്‍ത്തനം മൂലം ദുരിതമനുഭവിക്കുന്ന പ്ലാച്ചിമടയിലെ ജനങ്ങള്‍ക്ക് 216.26 കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു പ്രധാന ശുപാര്‍ശ. 2011 ഫിബ്രവരി 24ന് കേരള നിയമസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഏകകണ്ഠമായി പാസ്സാക്കിയ ബില്‍, തുടര്‍ന്ന് സംസ്ഥാന ഗവര്‍ണ്ണര്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു.

ഏപ്രില്‍ 13ന് ബില്‍ സംബന്ധിച്ച് കൃഷി, പരിസ്ഥിതി, നിയമം, ജലവിഭവം, ഗ്രാമീണവികസനം തുടങ്ങിയ മന്ത്രാലയങ്ങളുടെ അഭിപ്രായം ആരാഞ്ഞുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തെഴുതി. എന്നാല്‍ വനം, പരിസ്ഥിതി, നിയമ മന്ത്രാലയങ്ങള്‍ ബില്‍ സംബന്ധിച്ച അഭിപ്രായങ്ങള്‍ ഇനിയും അറിയിച്ചിട്ടില്ല. ആഭ്യന്തര മന്ത്രാലയമാകട്ടെ എല്ലാ മന്ത്രാലയങ്ങളുടെയും അഭിപ്രായം വന്നതിനുശേഷം എന്തെങ്കിലും തീരുമാനമെടുക്കാമെന്ന നിലപാടിലാണ്.

അതേസമയം, പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ പാസാക്കിയ കേരള സംസ്ഥാനത്തിന്‍റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് കൊക്കകോള കമ്പനി നല്‍കിയ പരാതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്‍റെ വിശദീകരണം ആരാഞ്ഞുകൊണ്ട് കത്തയച്ചു. ഇത്തരത്തിലുള്ള നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാരിനാണ് അധികാരമെന്നും കേരള നിയമസഭ ഇല്ലാത്ത അധികാരം വിനിയോഗിക്കുകയായിരുന്നുവെന്നുമാണ് കമ്പനിയുടെ ആരോപണം. കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള ഹരിത ട്രൈബ്യൂണലിനെ കൂട്ടുപിടിച്ചുകൊണ്ടാണ് കൊക്കകോളയുടെ പ്രചരണങ്ങള്‍. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ഹരിത ട്രൈബ്യൂണല്‍ ബില്ലിന്‍റെ പരിധിയില്‍ പ്ലാച്ചിമട പ്രശ്‌നവും വരുമെന്നിരിക്കെ, പ്ലാച്ചിമടക്ക് മാത്രമായി മറ്റൊരു ബില്‍ കേരള നിയമസഭ പാസാക്കിയത് നിയമവിരുദ്ധമാണെന്നാണ് അവരുടെ വാദം.

എല്ലാ മന്ത്രാലയങ്ങളുടെയും മറുപടി ലഭ്യമാക്കാന്‍ ശാഠ്യം പിടിക്കാതിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൊക്കകോളയുടെ പരാതി ലഭിച്ചയുടന്‍ അതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണം തേടിയതിന്‍റെ പിന്നിലെ വൃത്തികെട്ട രാഷ്ട്രീയവും കാണാതെ പോകാനാവില്ല. ബില്ലിനേക്കാളും സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യത്തെക്കാളും കൊക്കകോള കമ്പനിയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിലകൊടുക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത് എന്ന ആരോപണം ശക്തമാണ്. സംസ്ഥാന സര്‍ക്കാരോട് വിശദീകരണം ചോദിച്ചതോടെ, ബില്ലിനെക്കുറിച്ച് അന്തിമ തീരുമാനത്തിമെടുക്കുന്നതിനുള്ള കാലതാമസത്തിന് കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

കേന്ദ്രത്തിന് മറുപടി നല്‍കാന്‍ വൈകുന്നതിന് സംസ്ഥാന സര്‍ക്കാരിന് പ്രത്യേകിച്ച് കാരണമൊന്നും പറയാനില്ലായിരുന്നു. അക്കാര്യത്തില്‍ വ്യക്തമായ നിലപാടെടുത്തിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ ഭാഷ്യം. ബില്‍ സഭയില്‍ ഏകകണ്ഠമായി പാസാക്കുന്ന സമയത്ത് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടി, മുഖ്യമന്ത്രി കസേരയിലിരിക്കുമ്പോഴാണ് ഇത്തരത്തിലൊരു നാടകം അരങ്ങേറുന്നത്. സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നതുപോലെ, കോണ്‍ഗ്രസ് നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനോടടുക്കുമ്പോള്‍ കോണ്‍ഗ്രസിന് ഉത്തരംമുട്ടുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഏകകണ്ഠമായി പാസാക്കിയ ഒരു ബില്ലിനെക്കുറിച്ച് അന്നത്തെ പ്രതിക്ഷവും ഇന്നത്തെ ഭരണപക്ഷവുമായവര്‍ വ്യക്തമായ നിലപാട് എടുത്തിട്ടില്ലെന്ന് പറയുന്നതിനെ പിന്നെങ്ങനെയാണ് കാണാനാവുക? എന്നിരുന്നാലും, കേന്ദ്രത്തിന് വിശദീകരണം നല്‍കിയെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ലഭിക്കുന്ന ഒടുവിലത്തെ വിവരം. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ട വിശദീകരണം നവം.18ന് തന്നെ സമര്‍പ്പിച്ചതായാണ് ജലവിഭവവകുപ്പ് മന്ത്രി പി ജെ ജോസഫ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചത്. നഷ്ടപരിഹാര ട്രൈബ്യൂണല്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പി ജെ ജോസഫ് വിയ്യൂര്‍ ജയിലിലേക്ക് അയച്ച കുറിപ്പില്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന്, പ്ലാച്ചിമട സമരസമതി-ഐക്യദാര്‍ഢ്യസമതി പ്രവര്‍ത്തകര്‍ വിയ്യൂര്‍ ജയിലില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ബില്‍ നടപ്പാക്കാന്‍ അനിശ്ചിതമായ കാലതാമസം വരുത്തുന്നുവെന്നാരോപിച്ചാണ് സമരസമിതി പ്രതിഷേധവുമായി രംഗത്തെത്തിയത്.

അതിനിടെ ബില്ലിന് ഉടന്‍ അംഗീകാരം നല്‍കണമെന്നും കൊക്കകോള കമ്പനിയുടെ വാദങ്ങള്‍ തള്ളകളയണമെന്നും ആവശ്യപ്പെട്ട് സാമൂഹ്യ, പരിസ്ഥിതി സംഘടനകളും രംഗത്തെത്തിയിരുന്നു. കൊക്കകോള പറയുന്നതുപോലെ പ്ലാച്ചിമട നിവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹരിത ട്രൈബ്യൂണലിന് കഴിയില്ലെന്നാണ് പരിസ്ഥിതി വിദഗ്ധര്‍ പറയുന്നത്. നഷ്ടപരിഹാരം നല്‍കുന്നതില്‍ നിന്നും ഒഴിവാകാനുള്ള കൊക്കകോള കമ്പനിയുടെ തന്ത്രം മാത്രമാണിതെന്ന് അവര്‍ ആരോപിക്കുന്നു. അഞ്ചുവര്‍ഷത്തിനുള്ളില്‍ സംഭവിച്ച പാരിസ്ഥിതിക നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനേ ഇനിയും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലാത്ത ഹരിത ട്രൈബ്യൂണലിന് അധികാരമുള്ളൂ. പ്ലാച്ചിമടയിലെ പ്രശ്‌നങ്ങളാകട്ടെ പത്തു വര്‍ഷം മുമ്പു തുടങ്ങിയതാണ്. പ്ലാച്ചിമടയിലെ പ്രധാനപ്പെട്ട നാശനഷ്ടങ്ങളെല്ലാം തന്നെ അഞ്ചു വര്‍ഷം മുമ്പ് സംഭവിച്ചതാണെന്ന് പ്ലാച്ചിമട ഉന്നതാധികാര സമിതി കണ്ടെത്തിയിരുന്നു. ചുരുക്കത്തില്‍ ഹരിത ട്രൈബ്യൂണലിനെ എടുത്തുപറഞ്ഞ് സംസ്ഥാനം കൊണ്ടുവന്ന പ്ലാച്ചിമട ട്രൈബ്യൂണലിനെ ഇല്ലാതാക്കി നഷ്ടപരിഹാരം നല്‍കുന്നതില്‍ നിന്നും രക്ഷപ്പെടുക എന്ന എളുപ്പവഴി തേടുകയാണ് കമ്പനി.

ബില്‍ നടപ്പാക്കാതിരിക്കാനുള്ള നീക്കമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നും സംഭവിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് ജനവഞ്ചനയാണെന്ന് പത്രപ്രവര്‍ത്തക ലീലാ മേനോന്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ പറഞ്ഞിരുന്നു. പ്ലാച്ചിമട നഷ്‌ടപരിഹാര ട്രൈബ്യൂണല്‍ ബില്ലിന്‍റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യതാനന്ദന്‍ ആരോപിക്കുന്നു. അതേസമയം, കേരള നിയമസഭ പാസ്സാക്കിയ ബില്‍ രാഷ്ട്രപതിക്ക് അയച്ചുകൊടുക്കേണ്ട നിയമപരമായ ബാധ്യത ഉണ്ടായിരുന്നില്ല എന്ന് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നിരുന്നാലും ഒടുവില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനത്തിന് കാക്കുകയാണ് ബില്‍. ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ കാലതാമസത്തിന്‍റെ പേരില്‍ തടിതപ്പിയ കേന്ദ്രം ഇനിയെങ്ങനെ അത് കൈകാര്യം ചെയ്യുമെന്നതാണ് പ്രധാനം. ബില്‍ സംബന്ധിച്ച് ഇനിയും മറുപടി ലഭിക്കാത്ത മന്ത്രാലയങ്ങളോട് അഭിപ്രായം ആരായുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ത്തിയാക്കേണ്ടി വരും. അതിനൊപ്പം കേന്ദ്ര ഹരിത ട്രൈബ്യൂണലിന്‍റെ വെളിച്ചത്തില്‍ കൊക്കകോള കമ്പനി നടത്തിയ പ്രചരണങ്ങളെ സംസ്ഥാന സര്‍ക്കാര്‍ എപ്രകാരമാണ് പ്രതിരോധിച്ചിരിക്കുന്നതിന്‍റെയും കേന്ദ്ര സര്‍ക്കാര്‍ അതിനനുസരിച്ച് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്‍റെയും അടിസ്ഥാനത്തിലാണ് ബില്ലിന്‍റെ ഭാവി നിശ്ചയിക്കപ്പെടുന്നത്. സംസ്ഥാനത്തെ ഒരു മന്ത്രിയുടെ ഉറപ്പില്‍ മാത്രം ഒതുങ്ങുന്നതല്ല ഇതെന്ന് ചുരുക്കം. കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്താല്‍ അതിനെ സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ സ്വീകരിക്കുമെന്നതും നിര്‍ണ്ണായകമാണ്. അങ്ങനെ വരുമ്പോള്‍ ബില്‍ സംബന്ധിച്ച അന്തിമ തീരുമാനത്തിന് ഇനിയും കാലങ്ങള്‍ കാത്തിരിക്കേണ്ടിവരും.

വൈകിയ നീതി - വൈകുന്ന നീതി - നീതിനിഷേധത്തിനു തുല്യമെന്ന നീതിവാക്യം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.