പുതിയകാലത്തെ പൂര്‍വ വിദ്യാര്‍ഥി - അധ്യാപകസംഗമങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് കച്ചവട താല്‍പ്പര്യങ്ങള്‍
ഷാനവാസ്. എസ് | Issue Dated: ഏപ്രില് 31, 2012
http://www.thesundayindian.com/ml/story/the-business-of-alumni-associations/7/2971/
http://www.thesundayindian.com/ml/story/the-business-of-alumni-associations/7/2971/
മനുഷ്യജീവിതത്തിന്‍റെ സുവര്‍ണ്ണ കാലഘട്ടമെന്ന് വിശേഷിപ്പിക്കുന്ന കലാലയ ജീവീതത്തെ ആര്‍ക്കും പെട്ടെന്നൊന്നും മറക്കാനാവുന്നതല്ലെന്ന് പലരും സാക്‌ഷ്യപ്പെടുത്തുന്നുണ്ട്. “പഴയ വിദ്യാര്‍ത്ഥികളും, കോളെജു വിട്ടുപോയ ചില അധ്യാപകരുമൊക്കെ വിളിക്കുമ്പോള്‍ പൂര്‍വ വിദ്യാര്‍ത്ഥി-അധ്യാപക സംഗമത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. ചിലര്‍ക്ക്, പഴയ ബെഞ്ചിലിരുന്ന് ഒന്നുകൂടി പഠിക്കണം, ക്ലാസ് കേള്‍ക്കണം എന്നിങ്ങനെയൊക്കെയാണ് ആഗ്രഹം. ക്ലാസ്മേറ്റ്സ് എന്ന സിനിമ വന്നതിനുശേഷം, ഗൃഹാതുരമായ ഓര്‍മ്മകളിലേക്ക് ഒരു നിമിഷമെങ്കിലും മടങ്ങിപ്പോകാന്‍ പലരും ശ്രമിക്കുന്നുവെന്നതിന്‍റെ തെളിവാണിത്. സന്തോഷത്തിന്‍റെ ദിനങ്ങള്‍ മാത്രമല്ല, പണ്ടു ചെയ്തുകൂട്ടിയ കുസൃതികളും അതിരുകടന്ന തെറ്റുകളെയും പക്വതയുടെ കാലത്തിരുന്ന് നോക്കിക്കാണുമ്പോഴുളള വിങ്ങലുകള്‍ പങ്കുവെക്കാനുളള വേദിയായാണ് പലരും ഇത്തരം സംഗമങ്ങളെ കാണുന്നത്. പഴയ സഹപാഠികള്‍ തമ്മില്‍ പുതിയൊരു തരം സുഹൃദ്-കുടുംബ ബന്ധം വളര്‍ത്തിയെടുക്കാനും ഇതുമൂലം അവസരമൊരുങ്ങുന്നു എന്നത് ഒരു നല്ല കാര്യം തന്നെയാണ്” വൈക്കം സെന്‍റ് സേവ്യേഴ്സ് കോളെജില്‍ നിന്നും വിരമിച്ച പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകന്‍ എം.എം. മത്തായി പറയുന്നു.
കാലാനുസൃത മാറ്റങ്ങള്‍, ശാസ്ത്ര-വിവര സാങ്കേതിക വിദ്യകളുടെ വളര്‍ച്ച ആശയവിനിമയത്തിനുളള സാധ്യതകള്‍ വര്‍ധിപ്പിച്ചപ്പോള്‍ സൌഹൃദത്തിന്‍റെ പുതിയ തലം തന്നെ സൃഷ്ടിക്കപ്പെട്ടു. മൊബൈലും ഇന്‍റര്‍നെറ്റും അതിനു ഉപാധികളായി. 20-30 വര്‍ഷങ്ങള്‍ക്കു മുമ്പ് ചിന്തിക്കാന്‍ കഴിയാഞ്ഞ കാര്യങ്ങള്‍ ഇന്ന് നടപ്പിലാകുന്നു. പഴയ സുഹൃത്തുക്കളെയും സഹപാഠികളെയും കണ്ടെത്താനോ സ്കൂളിലെയോ കോളെജിലെയോ പൂര്‍വ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും കണ്ടെത്താനോ ഇന്ന് ബുദ്ധിമുട്ടില്ല. ഓര്‍ക്കുട്ട്, ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുളള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളും പഴയ കൂട്ടുകാരെയും സഹപാഠികളെയും കണ്ടെത്താന്‍ മാത്രമുളള സൈറ്റുകളും കാര്യങ്ങള്‍ എളുപ്പമാക്കിയതോടെ ഏതൊരു സ്കൂളും കോളെജും പൂര്‍വ വിദ്യാര്‍ത്ഥി- അധ്യാപക-അനധ്യാപക സംഗമങ്ങള്‍ക്ക് വേദിയൊരുക്കുന്നതില്‍ മത്സരിച്ചു തുടങ്ങി. സംഘടനകളുടെ എണ്ണത്തിലും വന്‍വര്‍ധനയുണ്ടായി.
പഴയ കൂട്ടുകാരുമായി ഗൃഹാതുരമായ ഓര്‍മ്മകള്‍ പങ്കുവെക്കുന്നതിനൊപ്പം ജീവീതത്തില്‍ വിജയം സമ്മാനിച്ച പഴയ കലാലയത്തിന് തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കുക എന്ന നന്മയുടെ വശം കൂടി ഇത്തരം പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കുണ്ടായിരുന്നു. സമൂഹത്തോടുളള പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിനുളള ഒരു വേദിയായി ഇത്തരം സംഗമങ്ങള്‍ മാറുന്ന കാഴ്ചയും കാണാനായി. ഇതില്‍ മുമ്പന്തിയിലുളള മഹാരാജാസ് കോളെജില്‍ നടത്തപ്പെടുന്ന ‘മഹാരാജകീയം’ പോലുളള പൂര്‍വ വിദ്യാര്‍ത്ഥി സംഗമങ്ങള്‍ ആര്‍ക്കും അനുകരിക്കാനാകുന്ന മാതൃകയാണ്. ഏതെങ്കിലുമൊരു വര്‍ഷത്തെയോ, ഡിപ്പാര്‍ ട്ടുമെന്‍റിലെയോ വിദ്യാര്‍ത്ഥികള്‍ക്കു പകരം കോളെജിന്‍റെ ആരംഭം മുതലുളള, ജീവിച്ചിരിക്കുന്ന പഴയ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അനധ്യാപകരെ യും ഉള്‍പ്പെടുത്തികൊണ്ടുളളതാണ് മഹാരാജകീയം. “ദേശീയ-സംസ്ഥാന രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, സാമുദായിക, അക്കാദമി രംഗങ്ങളില്‍ പ്രശ സ്തരായ ഒട്ടനവധി വ്യക്തികള്‍ മഹാരാജാസിലൂടെ കടന്നുവന്നവരാണ്. കോളെജിന്‍റെ എല്ലാ ആവശ്യങ്ങള്‍ക്കും, ന്യായമായ പോരാട്ടങ്ങള്‍ക്കുമായി ഇന്നും മുന്നില്‍ നില്‍ക്കുന്നത് കോളെജിലെ പഴയ വിദ്യാര്‍ത്ഥികളും സംഘടനയുമാണ്. കോളെജ് ഭൂമി സംരക്ഷണമായാലും, വികസന പ്രവര്‍ത്തനങ്ങളായാലും അങ്ങനെതന്നെ. കച്ചവട താല്‍പ്പര്യങ്ങള്‍ ലക്‌ഷ്യമിട്ട് കോളെജുകളും സ്കൂളുകളും നടത്തുന്ന സംഗമങ്ങളില്‍ നിന്നും മഹാരാജകീയം മാറി നില്‍ക്കുന്നു. വിദേശത്തുളള 344ഓളം പേര്‍ ഒരു ദിവസത്തെ പരിപാടിക്കായി മാത്രം കൊച്ചിയിലെത്തി എന്നു പറയുമ്പോള്‍, മഹാരാജകീയത്തിന്‍റെ പ്രസക്തി മനസിലാകും. ഗൃഹാതുരമായ ഓര്‍മ്മകള്‍ പുതുക്കുകയും ഗുരുക്കന്മാരെ ആദരിക്കുകയും കോളെജിന്‍റെ സംസ്കൃതി ഉയര്‍ത്തിപ്പിടിക്കുന്നതിനുമൊപ്പം ഒരു ഫാമിലി ഗെറ്റ് ടുഗദറിനും മഹാരാജകീയം വേദിയാകുന്നുണ്ട്”. 2012ലെ മഹാരാജകീയത്തിന്‍റെ കണ്‍വീനറായിരുന്ന സിഐസിസി ജയചന്ദ്രന്‍ പറഞ്ഞു.
എന്നാല്‍ പറയത്തക്ക പാരമ്പര്യമില്ലാത്ത സ്കൂളുകളും കോളെജുകളും ‘നൊസ്റ്റാള്‍ജിയ’യുടെ പേരില്‍ നടത്തുന്ന പൂര്‍വ വിദ്യാര്‍ത്ഥി-അധ്യാപക-അനധ്യാപക സംഗമങ്ങള്‍ മറ്റുളളവര്‍ക്കു മുന്നില്‍ ജീവിത നിലവാരം പ്രദര്‍ശിപ്പിക്കാനുളള വേദിയായി മാത്രം മാറിയെന്നതാണ് അംഗീകരിക്കാനാവാത്ത പ്രവണത. അംഗത്വഫീസും, സംഘാടക ചെലവുകളും തുടങ്ങി കച്ചവട താല്‍പ്പര്യത്തിന്‍റെ പുതിയൊരു ഭാവം കൂടി ഇതിന് കൈവന്നിട്ടുണ്ട്. സ്കൂള്‍/കോളെജിന്‍റെ വിവിധ ഫണ്ടിലേക്കുളള ധനസഹായങ്ങള്‍ മുതല്‍ ഡസ്കും ബെഞ്ചും കംപ്യൂട്ടറുകളുമൊക്കെ സംഭാവനകളായതോടെ പൂര്‍വ വിദ്യാര്‍ത്ഥി-അധ്യാപക സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ ഇപ്പോള്‍ തിരക്കു കൂട്ടുന്നത് സ്കൂള്‍, കോളെജ് അധികൃതരാണ്.
ജീവിതത്തിലെ സുവര്‍ണ്ണ കാലഘട്ടത്തെ ആവേശത്തോടെ ഓര്‍ക്കാനും സൌഹൃദം പുതുക്കാനുമാണ് പഴയ തലമുറ സൌഹൃദ കൂട്ടായ്മകള്‍ കൊണ്ട് ലക്‌ഷ്യമിട്ടിരുന്നതെങ്കില്‍, ഇന്നത് വൈകാരികമായ തലത്തിനപ്പുറം സാമ്പത്തിക നേട്ടത്തിനുളള എളുപ്പവഴിയായാണ് പല സംഘാടകരും കാണുന്നത്. ഒര്‍മ്മകളെപ്പോഴും ‘വിലയേറിയതാണെന്ന്’ പറയുന്നതില്‍ അര്‍ത്ഥമില്ലാതില്ല.