http://thesundayindian.com/ml/story/padmasree-bharat-dr-sarojkumar-sreenivasan-pokes-the-hornets-nest/13/2365/
നടനായും തിരക്കഥാകൃത്തായും സംവിധായകനായുമൊക്കെ മലയാള സിനിമയെ അടുത്തറിയുന്ന ശ്രീനിവാസന് സിനിമയിലെ ഒളിച്ചുകളികളെയും താരാധിപത്യത്തെയും കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നത് ശരിയാണെങ്കില്‍ തന്നെയും പത്മശ്രീ ഭരത് ഡോ.സരോജ് കുമാര്‍ എന്ന ചിത്രം സിനിമാവ്യവസായത്തില്‍ പുതിയ പ്രതിസന്ധികള്‍ക്ക് കാരണമാകുമെന്ന ആശങ്കയാണുള്ളത്. പ്രതിസന്ധികളുടെ പടുകുഴിയില്‍ നിന്നും പതുക്കെ കരകയറാന്‍ ശ്രമിക്കുന്ന മലയാള സിനിമയില്‍ പുതിയ വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും ചേരിതിരിവിനും ചിത്രം വഴിവെക്കുമെന്നാണ് സൂചനകള്‍.
സിനിമാലോകത്തുനിന്ന് ശ്രീനിവാസനെതിരായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. സൂപ്പര്‍താരം മോഹന്‍ലാലിന്‍റെ സുഹൃത്തും മുന്‍കാല ഡ്രൈവറും സിനിമാ നിര്‍മ്മാതാവുമൊക്കെയായ ആന്‍റണി പെരുമ്പാവൂര്‍ ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ എസ്. കുമാറിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായുള്ള വെളിപ്പെടുത്തലാണ് സിനിമയെ പൊതുചര്‍ച്ചകളിലേക്ക് കൊണ്ടുവന്നത്. പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കാനായി ശ്രീനിവാസന്‍ പങ്കെടുത്ത ഒരു ചാനല്‍ പരിപാടിയിലാണ് തനിക്ക് ഭീഷണിയുണ്ടായെന്ന് എസ്.കുമാര്‍ വെളിപ്പെടുത്തിയത്. മോഹന്‍ലാലിനെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ചാണ് മോശമായ രീതിയില്‍ തന്നോട് സംസാരിച്ചതെന്നും ശ്രീനിവാസനോട് ഇതിനെതിരെ പ്രതികരിക്കുമെന്ന് ആന്‍റണി പറഞ്ഞതായും എസ്.കുമാര്‍ പറഞ്ഞു. സന്തോഷ് പണ്ഡിറ്റിനെ വെച്ച് ശ്രീനിവാസനോട് സാമ്യമുള്ള കഥാപാത്രം ചെയ്ത് താന്‍ പുറത്തിറക്കുമെന്ന് ആന്‍റണി പറഞ്ഞതായും അദ്ദേഹം പറഞ്ഞു. എന്നാല്‍, ചിത്രത്തില്‍ പരിധി വിട്ട് ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടില്‍ തന്നെയായിരുന്നു ശ്രീനിവാസന്‍. ആരെയും ബോധപൂര്‍വം മോശക്കാരനാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ആരെങ്കിലും ഒരാള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിനെ അത്ര കാര്യമാക്കുന്നില്ലെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു
2005ല്‍ ശ്രീനിവാസന്‍റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഉദയനാണ് താരം എന്ന ചിത്രത്തിലെ ശ്രീനിവാസന്‍റെ കഥാപാത്രമായ സൂപ്പര്‍സ്റ്റാര്‍ സരോജ്കുമാറിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍ അരങ്ങിലെത്തിയത്. മലയാള സിനിമയിലെ താരാധിപത്യത്തെയും അതിന്‍റെ മോശം വശങ്ങളെയും വിമര്‍ശിക്കുന്ന ഉദയനാണ് താരം ജനശ്രദ്ധ നേടിയ ചിത്രമായിരുന്നു. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങളെ കളിയാക്കുന്ന ചിത്രം കൂടിയായിരുന്നിട്ടും അതിലെ ഉദയഭാനു എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മോഹന്‍ലാല്‍ തന്നെയായിരുന്നു. അത്തരമൊരു ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന് മോഹന്‍ലാലിന്‍റെ അടുത്ത സുഹൃത്തുക്കളും ആരാധകരും ഒരേപോലെ അഭിപ്രായപ്പെട്ടിരുന്നതുമാണ്.
ജനുവരി 14ന് റിലീസ് ചെയ്ത സരോജ്കുമാര്‍ ഉദയനാണ് താരത്തിന്‍റെ രണ്ടാം ഭാഗമല്ലെന്ന് ശ്രീനിവാസന്‍ അവകാശപ്പെടുമ്പോഴും അതേ കഥാപാത്രങ്ങളുടെ തുടര്‍ച്ചയാണ് ചിത്രമെന്ന് പറയാതെ വയ്യ. ഉദയനാണ് താരം എന്ന ചിത്രത്തിലെ അതേ ഭാവത്തിലും രൂപത്തിലുമാണ് സരോജ്കുമാറായി ശ്രീനിവാസന്‍ അവതരിച്ചിരിക്കുന്നത്. അതേപോലെ ഉദയനാണ് താരത്തിലുണ്ടായിരുന്ന മുകേഷ്, ജഗതി ശ്രീകുമാര്‍, സലീംകുമാര്‍ തുടങ്ങിയ താരങ്ങള്‍ അതേ കഥാപാത്രങ്ങളായി സരോജ്കുമാറിലുമുണ്ട്. മോഹന്‍ലാലിനെയും മീനയേയും ഒഴിവാക്കിയപ്പോള്‍, നായികാ സ്ഥാനത്ത് മംമ്ത മോഹന്‍ദാസ് എത്തി. വിനീത് ശ്രീനിവാസന്‍, ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും ചിത്രത്തിലുണ്ട്. നവാഗതനായ സജിന്‍ രാഘവാണ് സംവിധാനം. വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ് രാജനാണ് സിനിമ നിര്‍മ്മിച്ചത്.
"സന്തോഷ് പണ്ഡിറ്റ് വികൃതികളുടെ ശ്രീനിവാസന്‍ സ്റ്റൈല്‍" എന്നാണ് സരോജ്കുമാറിനെക്കുറിച്ച് വൈക്കം, ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ അംഗമായ ശ്രീജിത്ത് അഭിപ്രായപ്പെട്ടത്. മോഹന്‍ലാലിനെ മാത്രമല്ല, മമ്മൂട്ടിയേയും പൃഥ്വിരാജിനെയും ഉള്‍പ്പെടെയുള്ള താരങ്ങളെ സിനിമയില്‍ കളിയാക്കുന്നുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. "ലെഫ്റ്റ്നന്‍റ് കേണല്‍ പദവി, താരവസതികളിലെ ആദായ നികുതി വകുപ്പ് റെയ്ഡ്, ആനക്കൊമ്പ്, ഇംഗ്ലീഷ് സംസാരിക്കുന്ന നടന്‍, അഭിനേതാക്കള്‍ക്ക് വിലക്ക് എന്നിങ്ങനെ മലയാള സിനിമാ ലോകത്തെയും ആരാധക സംഘടനകളെയും ചെളിവാരിയെറിയാനുള്ള ശ്രീനിവാസന്‍റെ അതിബുദ്ധി ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കുമെന്നും" ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.
സൂപ്പര്‍ താരങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുമ്പോള്‍ തന്നെ, മലയാള സിനിമാ ലോകത്ത് ജൂനിയര്‍ സീനിയര്‍ ഭേദമില്ലാതെ അംഗീകരിക്കപ്പെടുന്ന, താര ജാഡകളില്ലാത്ത സിനിമാക്കാരനെന്നാണ് ശ്രീനിവാസന്‍ പൊതുവെ അറിയപ്പെടുന്നത്. ശ്രീനിവാസനില്‍ നിന്നും ഇപ്പോള്‍ വന്നിരിക്കുന്ന ആക്ഷേപ ശരങ്ങള്‍ ഏതുവിധത്തിലുള്ള പ്രതികരണമാകും സൃഷ്ടിക്കുകയെന്ന് പറയാനാവില്ല.