http://thesundayindian.com/ml/story/is-porotta-really-dangerous-food-fad-and-controversies/1987/
നമുക്കു ചുറ്റും മൈദയുടെ ഒരു അദൃശ്യവലയം ഉണ്ടെന്ന് പറഞ്ഞാല്‍ തെറ്റാകുമെന്ന് തോന്നുന്നില്ല. ഹോട്ടലുകളിലും ബേക്കറിയിലും നിറയുന്ന ആഹാരസാധനങ്ങള്‍ മുതല്‍, വഴിയോര മതിലുകളില്‍ പതിപ്പിച്ചിരിക്കുന്ന ഏതൊരു പോസ്റ്ററിന്‍റെയും പിന്നില്‍ തേച്ചിരിക്കുന്ന പശ വരെ നീളുന്ന അതിന്‍റെ സാന്നിധ്യം മാധ്യമങ്ങളിലും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലും വലിയ ചര്‍ച്ചകള്‍ക്ക് വിഷയമായതോടെ സര്‍വ്വം മൈദമയമായി. “നിങ്ങളില്ലാതെ എനിക്കെന്താഘോഷം” എന്ന് മലയാളിയോട് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ചോദിച്ച അതേ ചോദ്യം മൈദയെയും മൈദ കൊണ്ടുണ്ടാക്കുന്ന ആഹാര സാധനങ്ങളെയും നോക്കി നാം ചോദിച്ചുതുടങ്ങിയിട്ട് കാലം ഏറെയായി. മലയാളിയുടെ ഭക്ഷണക്രമത്തില്‍ മൈദ ഉത്പ്പന്നങ്ങള്‍ അത്രയേറെ ഒഴിച്ചുകൂടാനാവാത്തതാണ്. സാധാരണക്കാരന്‍റെ പ്രധാന ഭക്ഷണമെന്ന് അറിയപ്പെടുന്ന പൊറോട്ട മുതല്‍ ആഢംബര ജീവീതത്തിലും അതിഥി സല്‍ക്കാരത്തിലും ഒഴിച്ചുകൂടാനാവാത്ത ബേക്കറി പലഹാരങ്ങള്‍ വരെയുളളവയുടെ നീണ്ട പട്ടിക പരിശോധിച്ചാല്‍ മൈദയും മൈദ കൊണ്ടുണ്ടാക്കുന്ന ആഹാരങ്ങളും ഒരുപടി മുന്നിലുണ്ടാകും. ജനതയിലെ ഒരു വിഭാഗവും ഇതില്‍ നിന്നും ഒഴിഞ്ഞിരിക്കുന്നില്ല എന്നു സാരം. നാട്ടിന്‍ പുറത്തെ സാധാരണ ചായക്കട മുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ വരെയും മൈദ ഉപയോഗിക്കപ്പെടുന്നു. തീര്‍ച്ചയായും പൊറോട്ടക്കു കിട്ടിയ വലിയ സ്വീകാര്യത തന്നെയാണ് കേരളത്തിലെ മൈദ ഉത്പാദനത്തിന്‍റെയും ഉപയോഗത്തിന്‍റെയും തോത് ഇത്രകണ്ട് വര്‍ധിപ്പിച്ചത്.
പൊറോട്ടക്ക് എങ്ങനെ ഇത്രമാത്രം സ്വീകാര്യത വന്നുവെന്നതിന്‍റെ കാരണങ്ങള്‍ ഇനിയും കണ്ടെ ത്തേണ്ടിയിരിക്കുന്നു. അപ്പവും പുട്ടും ഇഡലിയും ദോശയും ഇടിയപ്പവും അടക്കം സംപുഷ്ടവും വി പുലവുമായ ആഹാര വൈവിധ്യവും ശീലവും വെച്ചു പുലര്‍ത്തിയിരുന്ന മലയാളി പൊറോട്ടയുടെ രുചിയിലേക്ക് വഴുതിവീണതിന്‍റെ കാരണങ്ങള്‍ ക ണ്ടെത്തുക എളുപ്പമായിരിക്കില്ല. ഏതായാലും മലയാളി എങ്ങനെ പൊറോട്ട തിന്നു തുടങ്ങിയെ ന്നതിനപ്പുറം മൈദയുടെയും മൈദ കൊണ്ടുണ്ടാക്കുന്ന ആഹാരത്തിന്‍റെയും ഗുണത്തെയും ദോഷ ത്തെയും കുറിച്ചുളള തര്‍ക്കങ്ങളും വിതര്‍ക്കങ്ങളുമാണ് ഇന്ന് ഏറ്റവും ചൂടേറിയത്. ദേശീയ ഭക്ഷണമായി കേരളീയര്‍ വാഴ്ത്തി ഭക്ഷിച്ചുകൊണ്ടിരുന്ന പൊറോട്ടക്കെതിരെ ഒരുപിടി ചോദ്യശരങ്ങളുമായാണ് സന്നദ്ധ പ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും പ്രകൃതി ജീവനക്കാര്‍-ചികിത്സകര്‍ അടക്കമുളള ആളുകള്‍ രംഗത്തെത്തിയത്.
മൈദക്കെതിരെ ആദ്യം പടവാളോങ്ങിയത് പാലക്കാട് നിന്നുളള മൈദ വര്‍ജ്ജന സമിതിയായിരുന്നു. ഏപ്രില്‍ 18ന് പാലക്കാട് കളക്ട്രേറ്റ് ഉപരോധിച്ചുകൊണ്ട് തുടങ്ങിയ പോരാട്ടം വളരെ പെട്ടെന്നു തന്നെ ശ്രദ്ധിക്കപ്പെട്ടു. പത്രക്കുറിപ്പിലൂടെയും ലഘുലേഖയിലൂടെയും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെയും അതിവേഗം പടര്‍ന്നുപിടിച്ച മൈദ വിരോധം കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. മലപ്പുറം, കോഴിക്കോട്, കോട്ടയം ജില്ലകളിലേക്ക് വ്യാപിച്ചിരിക്കുന്ന മൈദ വിരുദ്ധ പ്രചരണത്തില്‍ നിലവില്‍, പ്രകൃതി ജീവനക്കാരും, ചികിത്സകരുമടക്കം പതിനഞ്ചോളം സംഘടനകള്‍ സജീവമായുണ്ട്. നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് മൈദയും മൈദ കൊണ്ടുണ്ടാക്കുന്ന ആഹാരങ്ങളും കാരണമാകുമെന്ന് അവകാശപ്പെട്ട്, മൈദ നിന്നെയും നിന്‍റെ കുടുംബത്തെയും നശിപ്പിക്കും എന്ന വലിയ ലഘുലേഖ തന്നെ ഇവര്‍ പുറത്തിറക്കിയിരുന്നു. പോഷക വസ്തുക്കള്‍ ഏതുമടങ്ങാത്ത പൊറോട്ടയുടെ സ്ഥിരമായ ഉപയോഗം പ്രമേഹം പോലുളള രോഗങ്ങള്‍ക്കും കാരണമാകുമെന്ന് ഇവര്‍ പറയുന്നു. പ്രമേഹം, അമിത രക്തസമര്‍ദ്ദം, ഹൃദ്രോഗം എന്നിവയാണ് മൈദയിലൂടെയും പൊറോട്ടയിലൂടെയും നമുക്ക് കൈവരുന്നതെന്നായിരുന്നു അവരുടെ പ്രചരണം. ഗോതമ്പു പൊടിയുടെ സംസ്കരണ മാലിന്യമായാണ് അവര്‍ മൈദയെ കാണുന്നത്. മൈദയെ അറിയുക, മൈദക്കെതിരെ പോരാടുക എന്ന ആഹ്വാനവുമായി രംഗത്തെത്തിയ ഇവര്‍ക്ക് പെട്ടെന്ന് മാധ്യമ ശ്രദ്ധയും പൊതുജനങ്ങള്‍ക്കിടയില്‍ താല്‍പര്യവും നേടിയെടുക്കാനായി.
ഗോതമ്പ് സംസ്കരിച്ചതിനുശേഷം, അതായത് ഉമിയും തവിടും നാരുമുളള ഭാഗങ്ങള്‍ നീക്കം ചെയ്ത ശേഷം ലഭിക്കുന്ന സംസ്കരണ മാലിന്യമാണ് നമുക്ക് കടകളില്‍ ലഭിക്കുന്ന മൈദയെന്ന് അവര്‍ വാദിക്കുന്നു. അതാകട്ടെ വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും നിരോധിച്ചതാണത്രെ. കൂടാതെ വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുമ്പോള്‍, ശരീരത്തിന് അപകടരമായ നിരവധി രാസവസ്തുക്കള്‍ ഇതില്‍ ചേര്‍ക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ അവരുടെ പ്രചാരണം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ്, അവര്‍ക്കെതിരെ ലേഖനമെഴുതിക്കൊണ്ട് ഒരു പറ്റം യുവ ശാസ്ത്രജ്ഞര്‍ രംഗപ്രവേശം ചെയ്യുന്നത്. പ്രകൃതി ജീവനക്കാരുടെ ലേഖനത്തിന് രണ്ടു സ്പൂണ്‍ മൈദ+ഒരു ചാക്ക് നുണ = പ്രകൃതി ജീവനപ്പൊറോട്ട എന്ന് മറുപടിയെഴുതി ഇക്കൂട്ടരും ചര്‍ച്ചയില്‍ സജീവമായപ്പോള്‍ ചില മാധ്യമങ്ങളും സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകളും അതിനെ കാര്യമായി ഏറ്റെടുത്തു. മൈദ മാറ്റി ഗോതമ്പ് മാവുകൊണ്ട് പൊറോട്ട ഉണ്ടാക്കി പുതിയ ഭക്ഷണ പരീക്ഷണത്തിന് ചില ഹോട്ടലുകള്‍ തയ്യാറായതുവരെയാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന വെളിച്ചെണ്ണയെ കുറിച്ചുളള തര്‍ക്കങ്ങള്‍ക്കും വിതര്‍ക്കങ്ങള്‍ക്കും ശേഷം കേരളം വളരെയേറെ ശ്രദ്ധിച്ച മറ്റൊരു സംവാദത്തിന് അങ്ങനെ അരങ്ങുണര്‍ന്നു. ഒന്നിനോടും പക്ഷം ചേരാതെ, രണ്ടുവാദങ്ങളെയും പരിശോധിക്കുന്നതിനോ ടൊപ്പം പൊതുസമൂഹത്തിന്‍റെ അഭിപ്രായങ്ങളിലേക്ക് കൂടി നമുക്കൊന്ന് കടന്നുചെല്ലാം.
കാലാനുസൃതമായി മാറിക്കൊണ്ടിരിക്കുന്ന മലയാളിയുടെ ഭക്ഷണശീലത്തിലേക്ക് മൈദ എങ്ങനെ കടന്നുവന്നുവെന്ന് ആദ്യം ചിന്തിക്കേണ്ടതുണ്ട്. കൃഷി തുടങ്ങിയ കാലം മുതല്‍ മനുഷ്യന്‍റെ പ്രധാന ആഹാരം ഗോതമ്പായിരുന്നു. പഴയ കാര്‍ഷിക സംസ്കാരത്തോളം പഴക്കമുളളതാണ് മനുഷ്യന്‍റെ ഗോതമ്പ് ഭക്ഷണ രീതികള്‍ക്ക്. ക്രിസ്തുവിന് 6750 വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഗോതമ്പ് പ്രധാന ആഹാര മായി മനുഷ്യര്‍ ഉപയോഗിച്ചതിനെപറ്റി ചരിത്ര പരാമര്‍ശമുണ്ട്. ഇന്‍ഡ്യയില്‍, ഗോതമ്പ് പ്രധാനമായും മൂന്ന് ഉത്പ്പന്നങ്ങളായാണ് മാറ്റപ്പെടുന്നത്. ഗോതമ്പ് മാവ്-ആട്ട, റവ, മൈദ എന്നിങ്ങനെയാണത്. ചപ്പാത്തിയും റൊട്ടിയും വിവിധ തരം പറാത്തയും പൊറോട്ടയും പലഹാരങ്ങളും മുതല്‍ മദ്യം നിര്‍മ്മിക്കുന്നതിന് വരെ ഗോതമ്പ് ഉപയോ ഗിക്കുന്നുണ്ട്. ഇന്‍ഡ്യയിലെ, കൃഷിയിട ത്തില്‍ ഭൂരിഭാഗവും ഗോതമ്പ് കൃഷിക്കായി നീക്കിവെച്ചിരിക്കുന്നത്. എന്നാല്‍, ഗോതമ്പിന്‍റെ തവിടും തോലും നാരും നീക്കം ചെയ്തു അകത്തുളള ഭാഗം മാത്രം വേര്‍തിരിച്ചെടുക്കുന്ന മൈദ ഇന്‍ഡ്യയില്‍ ഭ ക്‌ഷ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു തുടങ്ങുന്നത് ഒന്നും രണ്ടും ലോക മഹായുദ്ധങ്ങള്‍ക്കു ശേഷമാണ്. ലോക മഹായുദ്ധ സമയത്ത് വിദേശ രാജ്യങ്ങളില്‍ സേവനമനുഷ്ഠിച്ച വരിലൂടെയും, യുദ്ധാനന്തരം ഉണ്ടായ ഭക്‌ഷ്യക്ഷാമം പരിഹരിക്കുന്നതിന് അമേരിക്ക നല്‍കിയ ഭക്‌ഷ്യ സഹായം എന്ന നിലയിലുമാണ് മൈദ ഇവിടെയെത്തിയത്. അമേരിക്കന്‍ മാവ് എന്ന പേരില്‍ കേരളത്തിലെ അംഗന്‍വാടികളില്‍ പോലും മൈദ ഏറെ സുലഭമായി തുടങ്ങി. പതുക്കെ കേരളത്തില്‍ ആധി പത്യം ഉറപ്പിച്ച മൈദക്കും മൈദ കൊണ്ടുണ്ടാക്കുന്ന ആഹാരസാധനങ്ങള്‍ക്കും മികച്ച കച്ചവട മൂല്യം നല്‍കികൊണ്ട് ഹോട്ട ലുകളും ബേക്കറികളും ഉയര്‍ന്നുവന്നു. എന്നും പുതിയ രുചിക്കൂട്ടുകള്‍ തേടുന്ന മലയാളി പക്ഷേ, കഴിഞ്ഞ നാല്‍പ്പതിലധികം വര്‍ഷങ്ങളായി മൈദയെ, പൊറോട്ടയെ കൈവിടാതിരിക്കുന്നു എന്നത് തിക ച്ചും അത്ഭുതകരമാണ്.
മൈദക്കെതിരായ പ്രചാരകരുടെ വാദങ്ങളെ ആദ്യം പരിശോധിക്കാം. ഗോതമ്പ് പല ഉത്പ്പന്നങ്ങളായി മാറ്റുന്നതിനായി സംസ്കരിച്ചതിനുശേഷം ലഭിക്കുന്ന ചെ റിയ തരികള്‍ അഥവാ റവ പൊടിച്ചാണ് മൈദയുണ്ടാക്കുന്നത്. സ്വാഭാവികമായും അങ്ങനെ കിട്ടുന്ന പൊടി ഇളംമഞ്ഞ നിറ ത്തിലുളളതായിരിക്കും. നേരത്തെ ലഭിച്ചിരുന്ന മൈദയും ഇത്തരത്തില്‍ ഇളം മഞ്ഞ നിറത്തിലായിരുന്നുവെങ്കില്‍, ഇപ്പോള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ അവ ഉത്പാദിപ്പിക്കുമ്പോള്‍, വെളുത്ത നിറം ലഭിക്കാന്‍ ബെന്‍സോയില്‍ പെറോക്സൈഡ് എന്ന രാസവസ്തു ഉപയോഗിച്ച് ബ്ലീച്ച് ചെയ്യുകയും പിന്നീടതിനെ മൃദുവാക്കാന്‍ അലോക്സാന്‍ എന്ന രാസവ്സ്തു ഉപയോഗിക്കുന്നുവെന്നുമാണ് മൈദ വര്‍ജ്ജന സമിതിയുടെ വാദം. അലോക്സാന്‍ എന്ന രാസവസ്തു, പ്രമേഹ രോഗ ത്തിനുളള മരുന്ന് പരീക്ഷിക്കുന്നതിനായി പരീക്ഷണ ശാലകളില്‍ ഗിനിപ്പന്നികളിലും എലികളിലും പ്രമേഹ രോഗമുണ്ടാക്കാന്‍ കുത്തിവെക്കുന്ന രാസവസ്തുവാണെന്ന് വിദഗ്ധമതം പറയുന്നതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അപ്രകാരമുളള അലോക്സാന്‍ മനുഷ്യശരീരത്തിനുളളില്‍ ചെന്നാല്‍ മനുഷ്യനും പ്രമേഹം ഉണ്ടാകുവാനുളള സാത്യത കൂടുതലാണെന്നും ഇവര്‍ പ്രച രിപ്പിക്കുന്നു. കൂടാതെ, കിഡ്നി, വൃക്ക, ഹൃദയ രോഗങ്ങള്‍ക്കും കരള്‍വീക്കത്തിനുമുളള സാധ്യത വര്‍ധിപ്പിക്കുന്നു. അലോക്സാന്‍ ഉളളില്‍ ചെന്നാല്‍ പാന്‍ക്രിയാസിലെ ബീറ്റാ സെല്ലുകള്‍ ഹൈഡ്രോക്സിന്‍ റാഡിക്കല്‍ ഫോര്‍മേഷന്‍ എന്ന ശാരീരിക പ്രക്രിയക്ക് വിധേയമായി നശിക്കുകയും തന്മൂലം ഇന്‍സുലിന്‍ കുറ ഞ്ഞു പ്രമേഹം ഉണ്ടാകുമെന്ന് ഇവര്‍ പറ യുന്നു. കൂടാതെ, പതിവായി മൈദ ഉപയോഗിക്കുന്നതിലൂടെ കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുമത്രെ. മനുഷ്യനെ അടിമയാക്കാനുളള ശേഷി അലോക്സാന് ഉളളതുകൊണ്ടാണ് ഒരിക്കല്‍ മൈദ കഴിച്ചവര്‍ വീണ്ടും വീണ്ടും പൊറോട്ട കഴിക്കാന്‍ പ്രേരിപ്പിക്ക പ്പെടുന്നതെന്നും ഇവര്‍ പറയുന്നു. പൊറോട്ട പോലെ തന്നെ ബേക്കറി സാധനങ്ങ ളില്‍ മൈദയും വനസ്പതിയും ഡാല്‍ഡ യുമൊക്കെ ചേര്‍ത്തുണ്ടാക്കുന്ന പലഹാര ങ്ങളും ശരീരത്തിന് അപകടം വരുത്തിവെക്കുന്നുവെന്ന് ഇവര്‍ പറയുന്നുണ്ട്. മൈദയെ ദഹിപ്പിക്കാനുളള കഴിവ് ശരീര ത്തിനില്ലെന്നും സ്ഥിരമായി പൊറോട്ട കഴിക്കുന്നവരാണ് കുഴഞ്ഞുവീണു മരിക്കുന്ന വരില്‍ ഏറെയുമെന്ന് വരെ ഇവരുടെ പ്രചരണത്തില്‍ ചൂണ്ടികാണിക്കുന്നു. പ്രിസര്‍വേറ്റിവുകളെയും കൃത്രിമ രുചി, നിറം വര്‍ധക രാസവസ്തുക്കളുടെ ഉപയോഗ ത്തിനെതിരെയും ശക്തമായ രീതിയില്‍ മൈദ വര്‍ജ്ജന സമിതികള്‍ ആഞ്ഞടിക്കുന്നുണ്ട്. ഗോതമ്പില്‍ നമുക്ക് ഒരു ദിവ സം ആവശ്യമായതിന്‍റെ 50 ശതമാനമെങ്കിലും പോഷകങ്ങളുണ്ടെന്നും മൈദയില്‍ ഇതൊന്നും ലഭിക്കില്ലെന്നുമാണ് വാദം. മൈദയിലെ പ്രധാന വില്ലനായി പറയപ്പെടുന്നത് അലോക്സാന്‍റെ സാന്നിധ്യമാണ്. ബ്ലീച്ചിംഗിന് ഉപയോഗിക്കുന്ന ബെന്‍സോയില്‍ പെറോക്സൈഡ്, ക്ലോറിന്‍ ഡയോക്സൈഡ് എന്നിവയും അപകടകാരിയാണ്. ഇതില്‍ അലോക്സാന്‍ ശരീരത്തിലെ ജല തന്മാത്രകളെ നശിപ്പിച്ച് ജലാംശം നഷ്ടമാകുന്നതിന് കാരണമാകുന്നു. അതാണത്രേ പൊറോട്ട കഴിച്ചാല്‍ അധികമായി ദാഹം തോന്നുന്നതിന്‍റെ കാര്യം. സിനിമാ പോസ്റ്ററും മറ്റും ഒട്ടിക്കേണ്ട പശയെ എ ന്തിനാണ് ഭക്ഷണ പദാര്‍ത്ഥമാക്കി മാറ്റുന്ന തെന്നാണ് ഇവരുടെ പ്രധാന ചോദ്യം.
മൈദ വര്‍ജ്ജന സമിതിയുടെ ലഘുലേഖയില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സമര്‍ത്ഥിച്ചുകൊണ്ടാണ് ഡോ. സൂരജ് രാജന്‍, റോബി കുര്യന്‍, സുരേഷ് കുമാര്‍ എന്നിവരടങ്ങുന്ന സംഘം ലേഖനം ഇറക്കിയത്. മൈദ, ഭക്ഷണ സാധനങ്ങളിലുപയോഗിക്കുന്ന കൃത്രിമനിറങ്ങള്‍, മിനറല്‍ ഒയില്‍, പ്രിസര്‍വേറ്റീവുകള്‍, പഞ്ചസാര, അജീനോമോട്ടോ, കൃത്രിമ മധുരങ്ങള്‍ എന്നിവയെ ക്കുറിച്ചൊക്കെ വിശദീകരിക്കുന്നതായിരുന്നു ലേഖനം. ബെന്‍സോയില്‍ പെറോക്സൈഡ് പോലുളള രാസവസ്തുക്കള്‍ മൈദയെ ബ്ലീച്ച് ചെയ്യുക എന്നതിനേക്കാള്‍ അതിമൃദു ആക്കാനാണ് ഉപയോഗിക്കുന്നതെന്ന് ലേഖനത്തില്‍ വിശദീകരിക്കുന്നു. അതുപോലെ ഫൈബറിന്‍റെ തെല്ലും സാന്നിധ്യമില്ലാത്ത ഭക്ഷണങ്ങള്‍ ദഹിക്കില്ലെന്ന് സ്ഥാപിക്കുന്ന തരത്തിലാണ് മൈ ദയെക്കുറിച്ച് പറയുന്നതെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഗോതമ്പിന്‍റെയും മൈദയുടെ ചരിത്രമെന്ന രീതിയില്‍ യൂറോപ്പ്, അമേരിക്ക പോലുളള വന്‍കരകളില്‍ ജീവീക്കുന്നവരുടെ ആഹാര രീതി വ്യക്തമാക്കിയിരിക്കുന്നത് തെറ്റാണെന്നും വാസ്തവത്തിനു നിരക്കാത്തതുമാണെന്നും ലേഖനം പ്രതിപാദിക്കുന്നു. അതുപോലെ അലോക്സാന്‍റെ കാര്യത്തില്‍, മാവ് ബ്ലീച്ച് ചെയ്യുമ്പോള്‍ ചെറിയ തോതില്‍ അലോക്സാന്‍ ഉണ്ടാകുമെ ന്നല്ലാതെ അലോക്സാന്‍ ഉപയോഗിച്ച് ബ്ലീച്ച് ചെയ്യാനാവില്ലെന്ന് ലേഖനത്തില്‍ ശാസ്ത്രീയ വെളിപ്പെടുത്തലുകളോടെ പ്രതിപാദിക്കുന്നുണ്ട്. ചുരുക്കത്തില്‍ അലോക്സാന്‍ ചേര്‍ത്താല്‍ മാവ് കുടുതല്‍ മൃദുവാകുകയോ വെളുക്കുകയോ ചെയ്യില്ലെ ന്നിരിക്കെ, വിപണിയില്‍ ലഭ്യമായ എല്ലാ മൈദയിലും അലോക്സാന്‍ ഉണ്ടെന്ന വാദം തെറ്റാണ്. മാവ് അധികം നാള്‍ ഇരുന്നാല്‍ സ്വയം അലോക്സാന്‍ നേരിയ തോതില്‍ ഉണ്ടാകുമെന്നതാണ് വസ്തുത. അപ്പോള്‍ തന്നെ എലികളില്‍ ഇന്‍സുലിന്‍ ഉത്പാദനത്തെ തടയുന്നതിനും അവയില്‍ പ്രമേഹത്തിനുളള മരുന്ന് പരീക്ഷിക്കുന്നതിനുമായി അലോക്സാന്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും, രണ്ടിലെയും ആഗ്നേയ ഗ്രന്ഥിയിലേക്കും ഇന്‍സുലിന്‍ ഉത്പാദക കോശങ്ങളിലേക്കും കടക്കുന്നതില്‍ വ്യത്യാസ ങ്ങളുണ്ട്. രണ്ടിന്‍റെയും ഘടനകളിലും കോശ ങ്ങളിലും പ്രകടമായ വ്യത്യാസങ്ങളുണ്ട് എന്നതാണ് കാരണം. അതിനാല്‍ അലോക്സാന്‍ എലികളിലും മനുഷ്യരിലും ഒരേപോലെയല്ല പ്രവര്‍ത്തിക്കുന്നത്. ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന കൃത്രിമ നിറക്കൂട്ടുകളെക്കുറിച്ചും ലേഖനം വിശദീകരിക്കുന്നു. നിറക്കൂട്ടുകള്‍ അനുവദനീയമായ അളവില്‍ ചേര്‍ക്കുന്നത് ശരീരത്തിന് ദോഷം ചെയ്യില്ലെന്ന് പറഞ്ഞുവെക്കുന്നതിനൊപ്പം, പ്രകൃതി ജീവനക്കാര്‍ പറയുന്നതുപോലെ അവ കാന്‍സറിന് കാരണമാകുമെന്ന് ശാസ്ത്രീയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും ലേഖനം ശാസ്ത്രത്തെ കൂട്ടുപിടിച്ച പറയുന്നുണ്ട്. മൈദയില്‍ പോഷകഘടകങ്ങള്‍ ഒന്നും ഇല്ലെന്നും മൈദയെ വെളുപ്പിച്ചെടുക്കാനും മൃദു വാക്കാനും ബെന്‍സോയില്‍ പെറോക്സൈഡ്, അലോക്സാന്‍ എന്നീ രാസവസ്തുക്കള്‍ ചേര്‍ക്കുന്നു എന്നതുമാണ് മൈദയെക്കുറിച്ചുളള പ്രധാന ആരോപണങ്ങളെന്ന് മനസിലാക്കാം. ശരീരത്തിനാവശ്യമായ അഞ്ച് പോഷകഘടങ്ങളായ അന്നജം, മാംസ്യം, ജീവകങ്ങള്‍, ധാതുലവണ ങ്ങള്‍, ജലം എന്നിവയില്‍ ഏറ്റവും പ്രധാനമായ അന്നജം കൂടുതലായി നമുക്ക് ലഭിക്കുന്നത് ധാന്യങ്ങളില്‍ നിന്നാണ്. ധാന്യങ്ങളുടെ പുറം പാളികളില്‍ മാസ്യം, ജീവകങ്ങള്‍, ധാതുലവണ ങ്ങളും അവയുടെ ന്യൂക്ലിയസ് അഥവാ ഉള്‍ഭാഗത്ത് അന്നജവും അടങ്ങിയിരിക്കുന്നു. ഉമിയും തവിടും കളഞ്ഞ് അന്നജം മാത്രമായ അരി നാം ചോറിനായി ഉപയോഗിക്കുന്നതുപോലെയാണ് മൈദ ഉപയോഗിക്കുന്നതും. ശരീരത്തിനാ വശ്യമായ ഊര്‍ജോത്പാദനത്തില്‍ സുപ്രധാനമായ അന്നജത്തിന്‍റെ അളവ് മൈദയില്‍ കൂടുത ലാണ്. പോഷകഗുണമെന്നാല്‍ വിറ്റാമിനും പ്രോട്ടീനും മാത്രമാണെന്ന മിഥ്യാധാരണയാണ് മൈദയെ വിര്‍ശിക്കുന്നവര്‍ക്കുളളത്. അതുപോ ലെ അലോക്സാന്‍ പ്രകൃതിജീവനക്കാര്‍ പറ യുന്ന തരത്തില്‍ ഉപയോഗിക്കാനാവില്ലെന്നും വിശദീകരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മൈദയും പ്രമേഹവും തമ്മില്‍ നേരിട്ടുളള ബന്ധമാണ് മറ്റൊരു പ്രചരണം. എന്നാല്‍ ആഹാരത്തിലൂടെ യെത്തുന്ന അന്നജം ചെറുകുടലില്‍ വെച്ച് എന്‍സൈമുകളുടെ സാന്നിധ്യത്തില്‍ ദഹിച്ച്, വിഘടിച്ച് ഗ്ലൂക്കോസ് തന്മാത്രകളായി രക്തത്തില്‍ പ്രവേശിക്കുന്നുവെന്നതാണ് സാമാന്യ ശാസ്ത്രം. ഇങ്ങനെ രക്തത്തില്‍ പ്രവേശിക്കുന്ന ഗ്ലുക്കോസിനും പ്രത്യേക അളവും പരിമിതിയുമുണ്ട്. അ തിനാല്‍ അധികമായി വരുന്ന ഗ്ലൂക്കോസ് രക്ത ത്തില്‍വെച്ച് ഗ്ലൈക്കോജനായി മാറ്റപ്പെടുകയും കരളില്‍ ശേഖരിക്കപ്പെടുകയും ചെ യ്യുന്നു. ഗ്ലൂക്കോസ് ഗ്ലൈക്കോജനായി മാറണമെങ്കില്‍, പാന്‍ക്രിയാസ് ഗ്രന്ഥി ഇന്‍സുലിന്‍ എന്ന എന്‍സൈം രക്തത്തിലേ ക്ക് നേരിട്ട് സ്രവിക്കണം. എന്നാല്‍ പാന്‍ക്രിയാസ് ഗ്രന്ഥിക്ക് ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാനാവാതെ വരുന്ന അവസ്ഥ, ശേഷിക്കുറവാണ് പ്രമേഹം എന്ന അവസ്ഥ. അപ്രകാരം, രക്ത ത്തില്‍ അധികമായി എത്തുന്ന ഗ്ലൂക്കോസ് അതേ രീതിയില്‍ മൂത്രത്തിലൂടെ പുറ ന്തളപ്പെടുന്നു.
എന്നാല്‍ യുവശാസ്ത്രജ്ഞരുടെ ലേഖനത്തിന് മറുപടിയും കൂടുതല്‍ ശാസ്ത്രീയ വിശദീകരണവുമായി കേരള മൈദ വര്‍ജ്ജന സമിതിയും ജനാരോഗ്യ പ്രസ്ഥാനവും മറ്റു സംഘടനകളും രംഗ ത്തെത്തിയതോടെ സംവാദം വീണ്ടും കൊഴുക്കുകയാണ്. മൈദ വര്‍ജ്ജിക്കുന്ന തിനെ അനുകൂലിച്ചുകൊണ്ട് ഏതാനും സാംസ്കാരിക നായകരും രംഗത്തെത്തിയതോടെ ചര്‍ച്ചകള്‍ക്ക് പുതിയൊരു മുഖം വന്നുചേര്‍ന്നിട്ടുണ്ട്. ഇങ്ങനെ ബൌദ്ധിക തലത്തിലും ശാസ്ത്രത്തിന്‍റെ നൂലാമാലകളിലും കോര്‍ത്തിണക്കി നടത്തപ്പെടുന്ന സംവാദത്തിന്‍റെ അകംപൊരുള്‍ അറിയാതെ പെരുവഴിയിലായത് സാധാരണ ജനങ്ങളാണ്. രണ്ടു തരത്തിലുളള വാദങ്ങള്‍ക്കും ശാസ്ത്രം കൂട്ടിനില്‍ക്കുമ്പോള്‍ തെ റ്റിയതും തെറ്റുന്നതും ഏത് പക്ഷമാണെ ന്ന് ഇനിയും തീരുമാനിക്കാന്‍ കഴിയുന്നില്ല എന്നതാണ് ചൂടേറിയ സംവാദത്തിന്‍റെ മറുപുറം. “മൈദക്കെതിരായ പ്രചര ണങ്ങള്‍ ശാസ്ത്രത്തിനോ സാമാന്യയു ക്തിക്ക് നിരക്കാത്തതോ ആണ്. ഇത്തര ത്തില്‍ വാദിക്കുന്നവര്‍ ഏതെങ്കിലും മൈദ ഉത്പാദന യൂണിറ്റില്‍ പോയി, അതിന്‍റെ ഘട്ടങ്ങള്‍ കണ്ടുമനസിലാക്കുകയാണ് ആദ്യം വേണ്ടത്. അവര്‍ പറയുന്ന തരത്തിലുളള ഏതെങ്കിലും കെമിക്കലുകള്‍ ഇവിടെ ഉപയോഗിക്കുന്നില്ല. മൈദക്കെതിരായ പ്രചരണങ്ങള്‍ ചെറിയൊരു വിഭാഗത്തെ സ്വാധീനിച്ചിട്ടുണ്ടാകും. എന്നാല്‍ പണ്ട് വെളിച്ചെണ്ണയെ കുറിച്ചും ഇത്തരത്തില്‍ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. ഒടുവില്‍ അതെല്ലാം തെറ്റാണെന്ന് തെളിയിക്കപ്പെട്ട പ്പോള്‍ ആളുകള്‍ വെളിച്ചെണ്ണയെ സ്വീകരിച്ചതുപോലെ മൈദയുടെ കാര്യത്തിലും സംഭവിക്കും, ” പാലക്കാട് ആ സ്ഥാനമായുളള ഗോതമ്പ്-ൈമദ ഉത്പാദന കമ്പനിയായ പ്രിന്‍സ് ഗ്രൂപ്പിന്‍റെ പിആര്‍ഒ പ്രവീണ്‍ പറഞ്ഞു. മൈദ വിരുദ്ധ പ്രചാരണത്തിന് തുടക്കമിട്ട മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ മൈദയുടെ ഉത്പാദനം മുമ്പത്തെക്കാള്‍ വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട്, മലപ്പുറം, കോട്ടയം, പാല ക്കാട് മേഖലകളില്‍ മൈദക്കു പകരം ഗോതമ്പ് ഉപയോഗിച്ചുളള പൊറോട്ടകള്‍ ലഭിച്ചുതുടങ്ങിയെന്നതാണ് സംവാദത്തിന്‍റെ മറ്റൊരു ഫലം. ആളുകള്‍ മൈദ ഉപേക്ഷിച്ചു ഗോതമ്പ് പൊറോട്ടയുടെ പിറകെ പോകുന്നു എന്ന തരത്തില്‍ മൈദയെ എതിര്‍ക്കുന്നവരും അതുവഴി മാധ്യമങ്ങ ളും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി. എന്നാല്‍, മൈദ പൊറോട്ടയുടെ ജനപ്രിയതയെ വെല്ലാന്‍ ഗോതമ്പ് പൊറോട്ടക്കു കഴിയുന്നില്ലെന്നതാണ് സത്യം. പലരും കൌതുകത്തിന് വേണ്ടി പരീക്ഷിച്ചുനോക്കുന്ന തല്ലാതെ ഗോതമ്പ് പൊറോട്ടക്കു മാത്രം ഇ നിയും ആളുകളായിട്ടില്ല. “മലയാളിക്ക് ഗോതമ്പിന്‍റെ രുചി ഇഷ്ടമാകുമായിരുന്നെ ങ്കില്‍, പണ്ടേ ആളുകള്‍ പൊറോട്ടയെക്കാള്‍ കൂടുതലായി ചപ്പാത്തി കഴിക്കുമായിരുന്നു” എന്ന് പാലായിലുളള പ്രിയ ഹോട്ട ലില്‍ ഗോതമ്പ് പൊറോട്ടക്ക് തുടക്കമിട്ട നാസര്‍ പറയുന്നു. തുടക്കത്തില്‍ ഗോതമ്പ് മാത്രമായി ചുരുക്കണമെന്നാണ് കരുതിയിരുന്നതെങ്കിലും പലര്‍ക്കും ആവ ശ്യം മൈദ പൊറോട്ട ആയതിനാല്‍, മൈ ദയുടെയും ഗോതമ്പിന്‍റെയും പൊറോട്ടയുണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.
കേരളത്തില്‍ മൈദ എന്നാല്‍ പൊറോട്ട മാത്രമല്ല. എന്നിട്ടും, പ്രധാന യുദ്ധം പൊറോട്ടക്കെതിരായി മാത്രം നടക്കുന്നതിന്‍റെ യുക്തി എത്ര ആലോചിച്ചിട്ടും മനസിലാക്കാനാവുന്നില്ല. പൊറോട്ട സാധാരണക്കാരന്‍റെ ആഹാരം മാത്രമായി വേണമെങ്കില്‍ കണക്കാക്കാം. ഫെവ്സ്റ്റാര്‍ ഹോട്ടലുക ളും ബാറുകളും ഉള്‍പ്പെടെ പൊറോട്ട വില്‍ ക്കുന്നുണ്ടെങ്കിലും നാടന്‍ ചായക്കടകളിലും ഹോട്ടലുകളിലും സാധാരണക്കാര ന്‍റെ പ്രധാന ഭക്ഷണമായാണ് പൊറോട്ട വിറ്റഴിയുന്നത്. എന്നാല്‍ ബേക്കറിയില്‍ 90 ശതമാനത്തോളം പലഹാരങ്ങളും മൈദ കൊണ്ടുണ്ടാക്കുന്നതാണെന്ന വസ്തുത പലപ്പോഴും വിസ്മരിക്കപ്പെടുന്നുണ്ട്. ഹല്‍വയും കേക്കും തുടങ്ങി പഫ്സും മീറ്റ് റോളും നാടന്‍ പലഹാരങ്ങളെന്ന് നാം വാഴ്ത്തുന്ന പഴംപൊരിയും സുഖിയനും ഉളളിവടയുമെല്ലാം മൈദയിലും എണ്ണയിലും യഥേഷ്ടം മുങ്ങിയാണ് എത്തുന്നത്. കേക്ക് ബ്രഡ്, ബണ്‍, റസ്ക്, ന്യൂഡില്‍സ്, സമൂസ,ബിസ്ക്കറ്റുകള്‍... എന്നിങ്ങനെ ബേ ക്കറിയിലെ കണ്ണാടിക്കൂട്ടില്‍ നമ്മെ ആകര്‍ഷിക്കുന്ന മൈദ പലഹാരങ്ങളുടെ പട്ടിക നീണ്ടുപോകുന്നു. പൊറോട്ട സാധാരക്കാരനാണ് കൂടുതല്‍ ഉപയോഗിക്കുന്നതെ ങ്കില്‍ ആഡംബര ജീവീതത്തിലും അതിഥിസല്‍ക്കാരത്തിലും ആധുനികതയും ഉപഭോഗ സംസ്കാരവും അമിതമായി പാലിക്കുന്ന ഉന്നതവര്‍ഗമാണ് ബേക്കറി സാധനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത്. അതുകൊണ്ട് മൈദക്കെതിരെയുളളയുദ്ധം പൊറോട്ടക്കു മാത്രമായി ചുരുങ്ങിപോകുന്നതിന്‍റെ പിന്നില്‍ എന്തെന്ന് മനസിലാക്കാനാവില്ല. “മൈദക്കെതിരായ പ്രചാരണം പൊറോട്ട വിരുദ്ധ പ്രചരണമായി വ്യാപിച്ചിരിക്കുന്നതു കൊണ്ട് തല്‍ക്കാലം ബേക്കറികള്‍ രക്ഷപ്പെട്ടെന്നും പറയാം. അനുവദിക്കപ്പെട്ട രീതീയിലും അളവിലും ഗുണത്തിലുമുളള കൃത്രിമ രുചിക്കൂട്ടുക ളും നിറക്കൂട്ടുകളും ഉപയോഗിക്കുന്നുണ്ട്. അല്ലാത്ത രീതിയിലുളള പ്രചരണങ്ങള്‍ വാസ്തവവിരുദ്ധമാണ്. അവര്‍ക്ക് വേറെ യെന്തെങ്കിലും ലക്‌ഷ്യങ്ങളുണ്ടാകാം” വൈക്കത്തെ ബേക്കറി ജീവനക്കാരനായ എബിന്‍ പറഞ്ഞു.
മൈദയെ അനുകൂലിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും ഒരേപോലെ ശാസ്ത്രീയ വശങ്ങള്‍ ചൂണ്ടിക്കാണിക്കാനാകുന്നുണ്ടെങ്കില്‍ മൈദയെക്കുറിച്ചും അതിന്‍റെ ഉപയോഗത്തെയും-ഗുണവും ദോഷവും- കുറിച്ച് ഇനിയും ശാസ്ത്രീയമായ പഠനങ്ങള്‍ ആവശ്യമാണെന്ന വസ്തുത അവശേഷിക്കുന്നു. ശാസ്ത്രത്തെ രണ്ടു രീതിയില്‍ പകുത്തെടുക്കാനാകുന്ന ഒരു സംവാദത്തിന്‍റെ വിശ്വാസ്യതയെയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. വെളിച്ചെണ്ണയില്‍ കത്തിപ്പടര്‍ന്ന വലിയ സംവാദത്തിന്‍റെ ചരിത്രം നമുക്ക് മുന്നിലുണ്ട്. അന്നത്തെ സംവാദങ്ങളില്‍, പാമോലിന്‍ ലോബിയുടെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നെങ്കില്‍ ഇപ്പോഴുളളത് ഏത് ലോബിയാണെന്ന് ചിന്തിക്കേണ്ടതുണ്ട്.
മൈദ അല്ല മൈദയില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് പ്രശ്നമെ ങ്കില്‍, എന്തുകൊണ്ട് ഭക്ഷണ സാധനങ്ങ ളിലും അസംസ്കൃത വസ്തുക്കളിലും മായം ചേര്‍ക്കുന്നതിനോടും രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനോടും അതിനെ നിരോധിക്കുന്നതിനും വേണ്ടി ഇവിടെ പ്രചാരണങ്ങളും യുദ്ധവും നടക്കുന്നില്ല. മൈദയും മൈദ ഉത്പ്പന്നങ്ങളും നിരോധിക്കണമെന്ന് വാദിക്കുന്നവര്‍ പക്ഷെ, അതിലും മാരകമായ എത്രയോ രാസവസ്തുക്ക ളെയും ആഹാരവസ്തുക്കളെയും കണ്ടില്ലെന്ന് നടിക്കുന്നു. പ്രകൃതിജീവനക്കാര്‍ നടത്തുന്ന പ്രകൃതി ഭക്ഷണശാലകളില്‍ ഉപയോഗിക്കുന്ന പച്ചക്കറികളില്‍ പോലും (അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവ) രാസവസ്തുക്കള്‍ അടങ്ങിയിരിക്കുമ്പോള്‍, ആദ്യം നിരോധിക്കേണ്ടതും പ്രചാരണം നടത്തേണ്ടതും ഇത്തരത്തിലുളള രാസവസ്തുക്കള്‍ക്കെതിരെയല്ലേ. ചൈനയില്‍ മൈദ വെളുപ്പിക്കുന്നതിനുളള കൃത്രിമ കൂട്ടുകള്‍ ചേര്‍ക്കുന്നതിനോട് പൊതുരോഷം ഉയരുകയും മൈദയെ വെളുപ്പിക്കാന്‍ ബെന്‍സോയില്‍ പെറോക്സൈഡ്, കാല്‍സിയം പെറോക്സൈഡ് എന്നിവ ഉപയോഗിക്കുന്നതിനെതിരെ 90 ശതമാനം ആളുകളും രംഗത്തു വരികയും ചെയ്തു. മൈദയെന്നും മൈദ തന്നെയാണ്, അതിന്‍റെ നിറം ഒരു ഘടകമല്ല. പിന്നെ എന്തുകൊണ്ട് അതിനെ വെളുപ്പിക്കുന്നു എന്ന ന്യായമായ ചോദ്യം, മൈദയെ വെളു പ്പിക്കുന്നത് നിരോധിക്കാന്‍ വഴിയൊരുക്കി. ചൈനയിലെ പാഠം നമുക്കും ആവര്‍ത്തിക്കാവുന്നതല്ലേ. അതിനു പകരം പൊറോട്ട ക്കെതിരെ പടപ്പുറപ്പാട് നടത്തുന്നതാര്‍ക്കുവേണ്ടിയാണ്. കേരളത്തില്‍ വേരു പിടിക്കാനുളള പരിശ്രമത്തിനിടയില്‍, ആയുഷ് എന്ന കേന്ദ്രപദ്ധതി പ്രകാരം ആശുപത്രികളില്‍ നാച്ചുറോപതി ഡോക്ടര്‍മാരും വേണമെന്ന സ്ഥിതി വന്നതോടെ പ്രകൃതി ജീവനക്കാര്‍ക്ക് പുതിയൊരു ഊര്‍ജം ലഭിച്ചിരുന്നു. പരമാവധി മാധ്യമ ശ്രദ്ധ നേടുന്ന തിനൊപ്പം പ്രകൃതിജീവന-ചികിത്സാ രീതികള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനും അതിന് വിപണി കണ്ടെത്തുന്നതിനുമുളള ഒരു ഗൂഢലക്‌ഷ്യം ഇതിനു പിന്നില്‍ ഒളിഞ്ഞിരിപ്പുണ്ടോയെന്നും ന്യായമായി സംശ യിക്കേണ്ടിയിരിക്കുന്നു.
കൂടാതെ, മൈദയെ പോലെ ഏതെങ്കിലും ഉത്പന്നത്തെ നിരോധിക്കാന്‍ കളക്ട്രേ റ്റിനോ കോര്‍പ്പേറഷനോ അധികാരമുണ്ടോ? പിന്നെയെന്തിനാണ് പാലക്കാട് കള ക്ട്രേറ്റിലും കൊച്ചി കോര്‍പ്പറേഷനിലുമെ ല്ലാം മൈദ നിരോധിക്കണെന്ന തരത്തില്‍ മൈദ വര്‍ജ്ജന സമിതികള്‍ വെറുതെ അധര വ്യായാമം ചെയ്യുന്നത്. “മൈദ ശരീരത്തിന് അപകടകാരിയാണെന്ന് ശാസ്ത്രീയമായി ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. മാത്രമല്ല, ഉന്നത തലങ്ങളില്‍ നിന്നും അത്തരത്തിലുളള ഏതെങ്കിലും നിര്‍ദ്ദേശ മോ, സ്ഥീരീകരണമോ കൂടാതെ ഞങ്ങള്‍ക്ക് എങ്ങനെ മൈദ നിരോധിക്കാനാകും. അതിനുളള അധികാരം ഞങ്ങള്‍ക്കില്ല” കൊച്ചി കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് പറഞ്ഞു.
പ്രകൃതിജീവനക്കാരുടെയോ മൈദ വര്‍ജ്ജന സമിതിയുടെയോ വാദങ്ങളും അവര്‍ക്കെതിരെ പ്രതികരിച്ച യുവ ശാസ്ത്രജ്ഞരുടെയോ വാദങ്ങളില്‍ ഏതിന്‍റെ യെങ്കിലും പക്ഷം ചേര്‍ന്നു പറയുകയല്ല ഈ ലേഖനത്തിന്‍റെ ലക്‌ഷ്യംം. തികച്ചും സ്വതന്ത്രമായി അതിന്‍റെ രണ്ടിന്‍റെയും ഉദ്ദേശ്യങ്ങളെയും ഒപ്പം പൊതുജനങ്ങളിലുണ്ടാക്കുന്ന പ്രതികരണത്തെയും അറിയുകയാണിവിടെ. ഈ ലേഖനം തയ്യറാക്കുന്നതിന്‍റെ ഭാഗമായി സംസാരിച്ച ആളുകളില്‍ ഭൂരിഭാഗത്തിനും മൈദ കൊണ്ട് എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയില്ല. ചില മാധ്യമങ്ങള്‍ പെരുപ്പിച്ചെഴുതിയ വാര്‍ത്ത യായി മാത്രം ഇതിനെ വിശ്വസിക്കുന്നവര്‍ കുറവല്ല. വെളിച്ചെണ്ണയുടെ കാര്യത്തിലും ഇത്തരത്തില്‍ പ്രചരണങ്ങളും സംവാദ ങ്ങളും ഉണ്ടായിട്ടുളളതിനാല്‍ ഇപ്പോഴുളള തര്‍ക്കങ്ങള്‍ക്കും അതിന്‍റെ ആയുസേ ഉണ്ടാകുവെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. പൊറോട്ട-ബീഫ് ഫ്രൈ കോമ്പിനേഷനെ വെല്ലുന്ന ഭക്ഷണമൊന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ലെന്നായിരുന്ന വിദ്യാര്‍ത്ഥികളില്‍ പലരുടെയും അഭിപ്രായം. അതിനാല്‍ പൊറോട്ടക്കെതിരായ പ്രചാ രണങ്ങള്‍ എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയണമെന്നും അവരില്‍ ചിലര്‍ പറഞ്ഞു. അപ്പോള്‍ തന്നെ, രാവിലെ പൊറോട്ട കഴിച്ചിട്ട് ക്ലാസിലെത്തിയാല്‍ മയക്കം തോന്നുമെന്നതിനാല്‍ രാവിലെ അത് ഉപയോഗിക്കുന്നതിനോട് പലരും യോജിക്കുന്നില്ല.
കേരളത്തിലെമ്പാടമുളള തട്ടുകടകളിലും ഹോട്ടലുകളിലും ചെറിയ തോതിലുളള തിരിച്ചടി കാണാനാകുന്നുണ്ട്. പക്ഷെ അതും മൈദയെക്കുറിച്ച് കൃത്യമായി ആളുകള്‍ മനസിലാക്കിയതുകൊണ്ടല്ല. പറഞ്ഞുകേള്‍ക്കുന്നതിന്‍റെയും ഭയത്തിന്‍റെയും അടിസ്ഥാനത്തില്‍ പൊറോട്ട ഉപേക്ഷിച്ചവരാണ് ഏറെയും. ചങ്ങനാശേ രി, കോട്ടയം, പാല ഭാഗങ്ങളില്‍ നേരത്തെ 25-30 കിലോ വരെ മൈദ കൊണ്ട് പൊറോട്ട ഉണ്ടാക്കിക്കൊണ്ടിരുന്ന തട്ടുകടകള്‍ ഇപ്പോള്‍ പകുതിയോ അതില്‍ താഴെയോ അളവിലെ മൈദ പൊറോട്ട ഉണ്ടാക്കുന്നുളളു. അപ്പോള്‍ തന്നെ പൊറോട്ട ഉണ്ടാക്കാന്‍ ആളെ കിട്ടുന്നില്ലെന്ന പരാതിയും അവര്‍ പങ്കുവെച്ചു. മാസം 8000-10000 രൂപ വരെ ശമ്പളം വാങ്ങുന്ന പൊറോട്ട മേക്കര്‍മാരുണ്ടെന്നും കൂടി കേള്‍ക്കുമ്പോള്‍, മല യാളിക്ക് പൊറോട്ട എത്രത്തോളം പ്രിയ പ്പെട്ടതാണെന്ന് മനസിലാക്കാം.
കേരളത്തിലെ ചില തട്ടുകടകളിലും ഹോട്ടലുകളിലും ഇങ്ങനെയൊക്കെ സംഭ വിച്ചിട്ടുണ്ടെങ്കിലും, കേരളത്തിലെ ഏറ്റവും വലിയ റെസ്റ്റോറന്‍റ് ശൃംഖലയായ ഇന്‍ഡ്യന്‍ കോഫീ ഹൌസില്‍ അത്തരത്തിലു ളള മാറ്റങ്ങളൊന്നും തന്നെ വന്നിട്ടില്ല. “ചില മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തകളാണ് പൊറോട്ട അപകടകാരിയാണെന്ന ചിന്ത ആളുകള്‍ക്കിടയില്‍ പ്രചരിക്കുന്നതിന് കാരണമായത്. എന്നാല്‍ അതൊന്നും ഇന്‍ഡ്യന്‍ കോഫിഹൌസിനെ ബാധിച്ചിട്ടില്ല. ഞങ്ങളുടെ റെസ്റ്റോറന്‍റില്‍ ഇപ്പോഴും പൊറോട്ട തന്നെയാണ് ഏറ്റവും അധികം വിറ്റുപോകുന്നത്. ശാസ്ത്രീയവും കുറ്റമറ്റതുമായ രീതിയില്‍ തെളിയിക്കപ്പെടുകയാണെങ്കില്‍ മാത്രം, മാറി ചിന്തിക്കാം” ചേര്‍ത്തലയിലെ ഇന്‍ഡ്യന്‍ കോഫി ഹൌസിലെ ജീവനക്കാരന്‍ പറഞ്ഞു.
ഇതൊക്കെയാണെങ്കിലും, മൈദക്കെതിരായ പ്രചരണങ്ങള്‍ ചെറിയ വിഭാഗത്തെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും, രാവിലെ കട തുറന്നാല്‍, പൊറോട്ട ചോദിച്ചുവാങ്ങുന്ന മലയാളിയുടെ ശീലത്തിന് മാറ്റമില്ല. രസകരമായ മറ്റൊരു കാര്യം കൂടി സൂചിപ്പിക്കാം. കേരളത്തിലെത്തുന്ന വിദേശീയര്‍ക്ക് പൊതുവെ നമ്മുടെ നാടന്‍ ആഹാരത്തോടാണ് ഇഷ്ടമെന്നാണ് കരുതിപ്പോരുന്നത്. എന്നാല്‍ ടൂറിസ്റ്റ് വിസയില്‍ വന്നുപോകുന്നവര്‍ക്ക് അതു തന്നെയാകാം ഇഷ്ടം. എന്നാല്‍ ഇവിടെ പഠനത്തിനോ, മറ്റേതെങ്കിലും ആവശ്യത്തിനോ താമസിക്കുന്നവരുടെ കാര്യമോ? മഹാത്മാഗാന്ധി സര്‍വ്വ കലാശാലയില്‍ പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളില്‍ പലരും അപ്പവും പുട്ടും ഇടിയപ്പവും വിട്ട് പൊറോട്ടയുടെ രുചി തേടാറുണ്ട്. നമീബീയയില്‍ നിന്നുളള എമിലി കസാപ്പുവയുടെ കാര്യം ഉദാഹരണമാക്കാം. ഒരു ദിവസം 6-8 പൊറോട്ട വരെ കഴിച്ച്, രണ്ട് ദിവസം തികഞ്ഞ ഉപവാസം അനുഷ്ഠിക്കുക എമിലിയുടെ രീതിയായിരുന്നു. ചോറ് അധികം കഴിച്ചാല്‍ വയര്‍ ചാടിവരുമെന്നതിനാല്‍ രണ്ട് പൊറോട്ട കഴിച്ച് ശരീര വടിവ് മെയിന്‍റയിന്‍ ചെയ്യാമെന്ന് കണ്ടുപിടിച്ചവരും സ്ത്രീജനങ്ങള്‍ക്കിടയിലുണ്ടെന്ന് അറിയുക. “രാവിലെ പുട്ടും അപ്പവും വില്‍ക്കുന്നതിനേക്കാള്‍ കൂടുതലാണ് പൊറോട്ടയുടെ വില്‍പ്പന. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേപോലെ രാവിലെ പൊറോട്ട കഴിക്കുന്നുണ്ട്. അപ്പവും പുട്ടും സ്ഥിരമായി കഴിക്കുന്നവര്‍ കുറവാണെങ്കില്‍ പൊറോട്ടയുടെ കാര്യത്തില്‍ അത് നേരേതിരിച്ചാണ്” വര്‍ഷങ്ങളായി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഹോസ്റ്റലിനു സമീപം ഹോട്ടല്‍ നട ത്തുന്ന ബേബി പറയുന്നു.
“മൈദ മാത്രമല്ല ജീവീത ശൈലി രോഗങ്ങള്‍ക്ക് കാരണമാകുന്നത്. ഞാന്‍ മുമ്പൊരിക്കല്‍ പറഞ്ഞിട്ടുളളതുപോലെ, ഫാസ്റ്റ്ഫുഡ് സംസ്കാരത്തിന്‍റെ മറവില്‍ ഇവിടെയെത്തുന്ന കലര്‍പ്പ് നിറഞ്ഞ ഭക്ഷണത്തെയും, ആഹാര രീതീയെയുമാണ് നാം ആദ്യം ഇല്ലാതാക്കേണ്ടത്. കാലത്തിനനുസരിച്ച് മാറുന്ന മലയാളി, ഭക്ഷണ കാര്യത്തില്‍ മാത്രം മാറേണ്ടതില്ലെന്ന് അതിനര്‍ത്ഥമില്ല. നമ്മുടെ ജീവീത നിലവാരം മാറുന്നതിനനുസരിച്ച് നാം നമ്മുടെ ശീലങ്ങള്‍ മാറ്റുന്നതുപോലെ, നമ്മുടെ ശാരീരീക ആരോഗ്യത്തിനും നിലനില്‍പ്പിനും അനുസരിച്ചുളള മാറ്റമായിരിക്കണം ഭക്ഷണ കാര്യത്തില്‍ നാം ശീലിക്കേണ്ടത്. കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന് പര്യാപ്തമാണോയെന്ന് ഉറപ്പാക്കുന്നതിനൊപ്പം, അവയുടെ ഗുണമേന്മയും നാം പരിശോധിച്ച് ഉറപ്പാക്കണം” ഡയറ്റീഷ്യന്‍ കൂടിയായ ഷീബ വര്‍ക്കി പറയുന്നു.
മൈദക്കെതിരെ പ്രചരണങ്ങള്‍ നടത്തരുതെന്ന് ഇവിടെ ആരും പറയുന്നില്ല. എ ന്നാല്‍ ജീവിത ശൈലി രോഗങ്ങള്‍ക്കുളള പ്രധാന കാരണം മൈദയും അതിലുപയോഗിക്കുന്ന രാസവസ്തുക്കളും മാത്രമാണെന്ന തലത്തിലേക്ക് ഈ പ്രചാ രണങ്ങളെല്ലാം ഒതുങ്ങിപ്പോകുന്നതിനോട് യോജിക്കാനാവില്ല. നാം ഭക്ഷിക്കുന്ന പച്ചക്കറിയിലും പഴവര്‍ഗങ്ങളിലും മത്സ്യത്തിലും മാംസത്തിലും അരിയിലും ഗോത മ്പിലും പാലിലും എന്നു വേണ്ട എല്ലാ ആഹാര സാധനങ്ങളിലും മായം കലരാനുളള സാധ്യത നിലനില്‍ക്കുന്നിടത്തോളം കാലം മൈദക്കെതിരെ യുദ്ധം നയിക്കുന്നതു കൊണ്ടു മാത്രം, ജനങ്ങളെ രോഗങ്ങളില്‍ നിന്നും രക്ഷിച്ചെടുക്കാനാവുമോ? കഴിഞ്ഞ നാല്‍പ്പതിലധികം വര്‍ഷങ്ങളായി വിവിധ തരത്തിലുളള മൈദ ഉത്പന്നങ്ങള്‍ കേരളീയര്‍ ഉപയോഗിച്ചുവരുന്നു. എന്നാല്‍, അതു കാരണമായി ആര്‍ക്കെങ്കിലും ഏതെങ്കിലും വിധത്തിലുളള അപകടം സംഭവിച്ചതായി ശാസ്ത്രീയമായി തെളിയിക്കാനായിട്ടില്ല. എന്നാല്‍ ക്രമമല്ലാത്ത ഭക്ഷണരീതിക്കൊപ്പം, ശരീരം അനക്കാതെയുളള മലയാളിയുടെ ജീവീതശൈലി കൊളസ്ട്രോള്‍, പൊണ്ണത്തടി, പ്രമേഹം എന്നീ രോഗങ്ങളും അ തിനനുബന്ധമായി കരള്‍വീക്കം, ഹൃദ്രോഗം തുടങ്ങിയവക്ക് കാരണമാകുന്നതായി ഡോക്ടര്‍മാരും വൈദ്യശാസ്ത്രവും ഒരേ പോലെ സാക്‌ഷ്യപ്പെടുത്തുന്നുണ്ട്. പലപ്പോഴും പാശ്ചാത്യ ജീവിത ശൈലിയെ വികല മായി അനുകരിക്കുന്ന നാം അവരുടെ ശീല ങ്ങളെ മുഴുവനായി പകര്‍ത്താറില്ല. ഭക്ഷ ണത്തോടൊപ്പം വ്യായാമവും ഉപവാസവുമെല്ലാം വളരെ ചിട്ടയോടെ അവര്‍ അനുവര്‍ത്തിക്കുമ്പോള്‍ നാം അവരുടെ ഭക്ഷണശീലം മാത്രം അനുകരിക്കുന്നതാണ് ഏറ്റവും അപകടകരമായ വസ്തുത.
മൈദക്കെതിരായി ഇപ്പോഴുണ്ടായിരിക്കുന്ന പ്രചാരണങ്ങള്‍ ഒരു തരത്തില്‍ അനുഗ്രഹമാണ്. പൊറോട്ടയുള്‍പ്പെടെയുളള മൈദ കൊണ്ടുണ്ടാക്കിയ ആഹാര സാധനങ്ങളെ ചുറ്റിപ്പറ്റി ഏറെ നാളായി നിലനില്‍ക്കുന്ന ഊഹാപോഹങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും ഉത്തരം കണ്ടെത്താന്‍ ഇതിലൂടെ ചിലപ്പോള്‍ സാധിച്ചേക്കും. കൂടാതെ, മൈദക്ക് ആവശ്യം ഏറിയതോടെ വ്യാവസായികാടിസ്ഥാനത്തില്‍ അത് ഉത്പാദിപ്പിക്കാന്‍ കമ്പനികളും ഫാക്ടറികളും രംഗത്തെത്തിയതോടെ, മൈദ പല ഗുണഗണങ്ങളില്‍ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. അതിനാല്‍ ഈ പറയപ്പെടുന്ന തരം രാസവസ്തുക്കളോ, അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുളള രാസവസ്തുക്കള്‍ കമ്പനികള്‍ ഉപയോഗിക്കുന്നുണ്ടോ ഇല്ലെയോ എന്നും ഉറപ്പുവരുത്തേണ്ടതും നിലവിലെ പ്രചാരണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. അതോടൊപ്പം, ഇത്തരത്തില്‍ രാസവസ്തുക്കള്‍ ചേര്‍ക്കാതെയാണ് മൈദ ഉത്പാദിപ്പിക്കുന്നതെന്ന മൈദ കമ്പനികളുടെ അവകാശ വാദങ്ങള്‍ നിലനില്‍ക്കെ, മൈദയെ വിവിധ തരം പലഹാരവും ഭക്ഷണസാധനവുമായി മാറ്റിയെടുക്കാന്‍ ഹോട്ടലുകളും ബേക്കറികളും ഏതെങ്കിലും വിധത്തിലുളള കൃത്രിമം കാണിക്കുന്നുണ്ടോയെന്നും ഈ അവസരത്തില്‍ അന്വേഷിച്ചറിയേണ്ടതുണ്ട്. ആരോഗ്യമുളള ജനതയെ സൃഷ്ടിച്ചെടുക്കുക അതത് ഭരണകൂടത്തിന്‍റെ കൂടി പ്രതിബദ്ധ തയാണ്. അതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നു തന്നെ മികച്ച ആരോഗ്യ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്.
മൈദക്കെതിരായ പ്രചാരണങ്ങള്‍ ദിശ മാറി പോകാമെന്നതിനാലും, മൈദയെയും മൈദ ഉത്പ്പന്നങ്ങളെയും വിറ്റഴിച്ച് നില നില്‍ക്കുന്ന ബേക്കറികളില്‍ ഇപ്പോഴുളള ചര്‍ച്ചകളുടെയും പ്രചരണങ്ങളുടെയും നിഴല്‍ പോലും വീണിട്ടില്ലെന്ന പരമാര്‍ത്ഥ വും നിലനില്‍ക്കെ, ശാസ്ത്രത്തിന്‍റെ പിന്‍ ബലത്തില്‍ നടത്തുന്ന വാചക കസര്‍ത്തുകള്‍ അല്ല, ശാസ്ത്രീയമായ കണ്ടെത്തലുകളും ഉത്തരങ്ങളുമാണ് ഇവിടെ ആവശ്യം. ഉദരരോഗങ്ങളും ഹൃദ്രോഗങ്ങളും സമ്മാനിക്കാത്ത നല്ല ആഹാരശീലത്തെ കണ്ടെത്തുന്നതിന് അത് അനിവാര്യമാണ്. ഏതെങ്കിലും സംഘടനയോ വ്യവസായമോ വളര്‍ത്തി ക്കൊണ്ടുവരുന്നതിനുളള പരിശ്രമങ്ങളായി ഇതൊന്നും മാറാതിരിക്കട്ടെ. ഭക്ഷണത്തിലൂടെ അനാരോഗ്യമുളള ജനതയല്ല, ആരോഗ്യമുളള ജനതയാണ് വളര്‍ന്നുവരേണ്ടത്. അതിനുളളതാകണം ഏതൊരു പോരാട്ടവും.
വേറിട്ട ചിന്തകള്‍
പൊറോട്ടയ്ക്കു വേണ്ടി വാദിക്കുന്നവരും എതിര്‍ക്കുന്നവരും ടിഎസ്ഐയോടു നിലപാടു പങ്കുവെച്ചപ്പോള്‍... നാസര്‍, പ്രിയ ഹോട്ടല്‍, പാലാ
തിരുവനന്തപുരം സ്വദേശിയാണ് നാസര്‍. 20 വര്‍ഷത്തിലധികമായി ഹോട്ടല്‍ ജോലിയില്‍. മൈദക്കും പൊറോട്ട ക്കുമെതിരായ പ്രചാരണങ്ങള്‍ ചൂടുപിടിച്ചപ്പോഴാണ് വേറിട്ടൊരു പൊറോട്ട പരീക്ഷിക്കാന്‍ നാസര്‍ ധൈര്യം കാണിച്ചത്. മൈദക്കു പകരം ഗോതമ്പ് മാവ് ഉപയോഗിച്ചു. കോഴിമുട്ടയുടെ വെളളയും പാളയംകോടന്‍ പഴവും തൈരും ചേര്‍ത്താണ് ഗോതമ്പ് മാവിനെ മൈദയെ പോലെ മെരുക്കിയെടുത്തത്. പരീക്ഷണം വിജയമായിട്ട് ഒരു മാസത്തോട് അടുക്കുന്നെങ്കിലും 15 ശതമാനത്തില്‍ താഴെ ആളുകളേ ഗോതമ്പ് പൊറോട്ടയോട് താല്‍പ്പര്യം കാട്ടുന്നുളളുവെന്ന് നാസര്‍ പറയുന്നു. “ഉദ്യോഗസ്ഥര്‍ കൌതുകത്തിനോ പരീക്ഷണാര്‍ത്ഥമോആണിപ്പോള്‍ ഗോതമ്പ് പൊറോട്ട കഴിക്കുന്നത്. ഭാവിയില്‍ അത് മാറിയേക്കാം. എന്നാല്‍, ഇടത്തരക്കാരും സാധാരണക്കാരുമായവര്‍ ഇപ്പോഴും മൈദ പൊറോട്ട തന്നെയാണ് ഇഷ്ട പ്പെടുന്നതും കഴിക്കുന്നതും. ഗോതമ്പിന്‍റെ രുചി മലയാളികള്‍ക്ക് അത്ര ഇഷ്ടമാകുമായിരുന്നെങ്കില്‍, ഇവിടെ പൊറോട്ടേയേക്കാള്‍ ഇഷ്ടം ചപ്പാത്തിയോടാകുമായിരുന്നു” നാസര്‍ പറയുന്നു. ചുരുക്കത്തില്‍ പൊറോട്ട എന്നാല്‍, മലയാളികള്‍ക്ക് മൈദ തന്നെയാണ്. ഗോതമ്പ് അതിനു പകരമാകില്ല.
ഷങ്കര്‍
ഹോട്ടല്‍ ദുബായ്, കോട്ടയം
തമിഴ്നാട്ടില്‍ നിന്നും ഹോട്ടല്‍ ജോലിക്കെത്തിയ ആളാണ് ഷങ്കര്‍. മൈദക്കെതിരെ മാധ്യമങ്ങള്‍ എഴുതിത്തുടങ്ങിയപ്പോള്‍ ഹോട്ടല്‍ ഉടമസ്ഥനായ അബ്ദുള്‍ സലാമിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഷങ്കര്‍ ഗോതമ്പ് മാവില്‍ പൊറോട്ടയുണ്ടാക്കി തുടങ്ങിയത്. മൈദയെക്കാള്‍ ശ്രമകരമാണ് ഗോതമ്പ് മാവില്‍ പൊറോട്ടയുണ്ടാക്കുന്നത്. ഗോതമ്പ് മാവില്‍ ഉപ്പും വെളളവും മാത്രം ചേര്‍ത്തു, സാധാരണ രീതിയില്‍ തന്നെയാണ് ഷങ്കര്‍ പൊറോട്ടയുണ്ടാക്കുന്നത്. “മൈദ പൊറോട്ട ഒഴിവാക്കിയിരിക്കുന്നതിനാല്‍, ഇവിടെയെത്തുന്നവര്‍ ഗോതമ്പ് പൊറോട്ട തന്നെയാണ് ഉപയോഗിക്കുന്നത്. പുതിയ രുചി തേടിവരുന്നവരുണ്ട്.” ഷങ്കര്‍ പറയുന്നു. മൈദ വിരുദ്ധ പ്രചരണങ്ങള്‍ നടക്കുമ്പോള്‍, അതില്‍ ഏതെങ്കിലും ദൂഷ്യവശങ്ങള്‍ ഉണ്ടെങ്കില്‍ അതിന്‍റെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കുകയാണ് നല്ലതെന്ന് തോന്നിയതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് അബ്ദുള്‍ സലാം പറഞ്ഞു. എന്തായാലും, വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത ഹോട്ടലുടമകളുളള നാട്ടില്‍ വേറിട്ടു ചിന്തിക്കാന്‍ തയ്യാറായ അബ്ദുള്‍ സലാമിന് ഒരു സലാം.
എബിന്‍,
ബേക്കറി ജീവനക്കാരന്‍, വൈക്കം
മൈദക്കെതിരെയുളള പ്രചരണങ്ങളൊന്നും തന്നെ ഞങ്ങളെ ബാധിച്ചിട്ടില്ല. ഇവിടെയുണ്ടാക്കുന്ന പലഹാരങ്ങളില്‍ ഏറെയും മൈദ കൊണ്ടുണ്ടാക്കുന്നതാണ്. കേക്കും ഹല്‍വയും മുതല്‍ പഴംപൊരിയും ഉളളിവട ഹയും സുഖിയനുമെല്ലാം മൈദ ഉപയോഗിക്കുന്നുവെ ന്നതാണ് സത്യം. മൈദക്കെതിരായ പ്രചരണം പൊറോട്ട വിരുദ്ധ പ്രചാരണം പോലെ വ്യാപിച്ചിരിക്കുന്നതു കൊണ്ട് തല്‍ക്കാലം ബേക്കറികള്‍ രക്ഷപ്പെട്ടെന്നും പറയാം. അനുവദിക്കപ്പെട്ട രീതീയിലും അളവിലും ഗുണത്തിലുമുളള കൃത്രിമ രുചിക്കൂട്ടുകളും നിറക്കൂട്ടുകളും ഉപയോഗിക്കുന്നുണ്ട്. അല്ലാത്ത രീതിയിലുളള പ്രചരണങ്ങള്‍ വാസ്തവവിരുദ്ധമാണ്. ഇതിനെക്കുറിച്ചൊന്നും കൃത്യമായി അറിയാന്‍ ശ്രമിക്കാത്തവരാണ് മൈദ വിരുദ്ധ പ്രചാരണവുമായി രംഗത്തുളളത്. അവര്‍ക്ക് വേറെയെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടാകാം.
ഷൈനിമോള്‍
ഗവേഷക, ആലപ്പുഴ
പൊറോട്ടയുടെ രുചിയോട് വല്ലാത്തൊരിഷ്ടമുണ്ട്. അതിന് പകരം വെക്കാനാവില്ല. ശരീരത്തിന് എന്താണ് യോജിച്ചതെന്നത്, വ്യക്തികളെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമാണ്. എനിക്കിഷ്ട പ്പെടുന്നതും എന്‍റെ ശരീരത്തിനും ആരോഗ്യത്തിനും ചേരുന്ന തും മറ്റൊരാള്‍ക്ക് ചേരണമെന്നില്ല. ഭക്ഷണശീലവും ക്രമീകരണ വും തികച്ചും വ്യക്തിപരമാണ്. ഫാസ്റ്റ് ഫുഡും മറ്റും ശരീരത്തിന് കേടുവരുത്തുന്നതുപോലെയാണ് കൃത്രിമ കൂട്ടുകള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷണവും. അതിനാല്‍ ഉപയോഗത്തിലെ മിതത്വമാണ് നാം ശീലിക്കേണ്ടത്.
അമ്പിളി. ജി
റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍, കോട്ടയം
മൈദ കൊണ്ടുണ്ടാക്കിയ ഏത് ആഹാരവും പലപ്പോഴും ദഹിക്കാന്‍ വളരെ പ്രയാസമുളളവയാണ്. കായികാധ്വാനമില്ലാത്തവര്‍ അത് കഴിച്ചാലുണ്ടാകുന്ന ദൂഷ്യം അതിനാല്‍ തന്നെ വളരെ വലുതായിരിക്കും. ഒരു വിഭാഗം മാത്രം വിരുദ്ധ പ്രചരണങ്ങള്‍ നട ത്തിയതുകൊണ്ടു മാത്രം ഏതെങ്കിലും ആഹാരത്തെ പൂര്‍ണ്ണ മായി ഒഴിവാക്കുന്നതിനോട് യോജിക്കാനാവില്ല. കൃത്യമായ പഠനങ്ങള്‍ ആദ്യം നടക്കട്ടെ.
കടപ്പാട് :
മെഡിസിന്‍ @ ഭൂലോകം. ബ്ലോഗ്സ്പോട്ട്. കോം
malayal.am-വെബ് പോര്‍ട്ടല്‍
ഡോ. ഷീബാ വര്‍ക്കി, ഡയറ്റീഷ്യന്‍, കോട്ടയം
അമ്പിളി.ടി ഗവേഷക, കോട്ടയം