Thursday, October 2, 2014

രോഗികള്‍ക്ക് സാന്ത്വന സംഗീതം പകര്‍ന്ന് രഞ്ജിനി ജോസ്

October 1, 2014 - http://tvnew.in/news/54764.html

RANJINI-JOSEഎറണാകുളം ജനറല്‍ ആശുപത്രിയില്‍ സാന്ത്വന സംഗീതം പകര്‍ന്ന് രഞ്ജിനി ജോസ്. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ആര്‍ട്‌സ് ആന്റ് മെഡിസിനെന്ന പ്രതിവാര കലാപരിപാടിയുടെ ഭാഗമായാണ് രഞ്ജിനി ജോസ് ഗാനങ്ങള്‍ ആലപിച്ചത്.
മരുന്നിന്റെയും കുത്തിവെയ്പ്പുകളുടെയും വേദന നിറഞ്ഞ അന്തരീക്ഷത്തില്‍ സംഗീതത്തിന്റെ കുളിര്‍ മഴ പെയ്തപ്പോള്‍ രോഗികള്‍ക്ക് അതൊരു പ്രതീക്ഷയായി. ലോകം മുഴുവന്‍ സുഖം പകരാന്‍ സ്‌നേഹദീപമേ മിഴി തുറക്കൂ എന്നു പാടി തുടങ്ങിയ രഞ്ജിനി ജോസ്് എസ്. ജാനകിയുടെയും പി. സുശീലയുടെയും ലതാ മങ്കേഷ്‌ക്കറിന്റെയും ഗാനങ്ങളിലൂടെ സാന്ത്വനമേകി. തിരുമുറിവുകളില്‍ കുളിരമൃതായി പെയ്തിറങ്ങിയ സംഗീതത്തിന് മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര പിന്നണിയൊരുക്കി.
രോഗികളെ സന്ദര്‍ശിച്ച് സ്‌നേഹം പങ്കിട്ട, രഞ്ജിനി ജോസിന്റെ വാക്കുകളിലും സംതൃപ്തി. ഇത്തരമൊരു സാന്ത്വന പരിപാടിയില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇതൊരു പുണ്യ പ്രവര്‍ത്തിയാണ്. മറ്റേത് പരിപാടിയില്‍ പങ്കെടുക്കുന്നതിലും അധികം സന്തോഷം ഇതില്‍ അനുഭവിക്കുന്നുണ്ട്. നമ്മുടെ ഗാനങ്ങള്‍ മറ്റുള്ളവര്‍ക്ക് ആശ്വാസമാകുന്നുവെന്ന് കാണുന്നതിലും സന്തോഷമുണ്ടെന്നും രഞ്ജിനി ജോസ് പറഞ്ഞു.
കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ആര്‍ട്ട് ആന്റ് മെഡിസിന്‍ സാന്ത്വന പരിപാടിയുടെ ഭാഗമാണ് ജനറല്‍ ആശുപത്രിയില്‍ എല്ലാ ആഴ്ച്ചയും കലാപരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്രമന്ത്രിയായിരുന്ന കെ.വി തോമസ് ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഇതുവരെ 32 ഓളം കലാപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കലയുടെ നന്മ സമൂഹത്തിന് പ്രയോജനപ്പെടുത്തുകയാണ് പരിപാടിയുടെ ഉദ്ദേശ്യമെന്ന് കൊച്ചി ബിനാലെ റിസര്‍ച്ച് ഡയറക്ടര്‍ ബോണി തോമസ് പറഞ്ഞു.
സംഗീതംകൊണ്ട് രോഗം ഭേദമാക്കാനാകുമോയെന്ന് തീര്‍ച്ചയില്ല. എന്നാല്‍, രോഗബാധിതമായ മനസിനെ ജീവിതത്തിന്റെ നല്ല നാളെയിലേക്ക് കൈപിടിച്ച് ഉണര്‍ത്താന്‍ സംഗീതത്തിനാകുമെന്ന് ഇവിടത്തെ കാഴ്ചകള്‍ നമ്മെ പഠിപ്പിക്കുന്നു.