Saturday, December 24, 2011

ഭാവിയറിയാതെ പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍

ഷാനവാസ്.എസ് | കൊച്ചി, ഡിസംബര് 24, 2011 14:38
http://thesundayindian.com/ml/story/indefinite-wait-for-plachimada-tribunal-bill/14/2146/
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അലംഭാവം ഒരു ജനതയുടെ ന്യായമായ അവകാശത്തെ പാടെ അവഗണിക്കുന്ന കാഴ്ചയാണ് പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്ലിന്‍റെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കേരള നിയമസഭ ഏകകണ്ഠമായി പാസാക്കി കേന്ദ്രത്തിന് അയച്ച ബില്‍, പത്തു മാസങ്ങള്‍ പിന്നിടുമ്പോഴും തീരുമാനമാകാതെ കിടക്കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിടിപ്പുകേടിനേക്കാള്‍, വ്യക്തമായ ഗുഢാലോചനയാണെന്ന് സംശയം ഉയരുന്നു.

പ്ലാച്ചിമടയിലെ പാരിസ്ഥിതിക നാശത്തിന് കൊക്കക്കോളയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിന് വേണ്ടിയാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ കൊണ്ടുവരുന്നത്. അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ.ജയകുമാര്‍ അധ്യക്ഷനായ വിദഗ്ധസമിതിയാണ് പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണലിന് ശുപാര്‍ശചെയ്തത്. കൊക്കകോളകമ്പനിയുടെ പ്രവര്‍ത്തനം മൂലം ദുരിതമനുഭവിക്കുന്ന പ്ലാച്ചിമടയിലെ ജനങ്ങള്‍ക്ക് 216.26 കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു പ്രധാന ശുപാര്‍ശ. 2011 ഫിബ്രവരി 24ന് കേരള നിയമസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഏകകണ്ഠമായി പാസ്സാക്കിയ ബില്‍, തുടര്‍ന്ന് സംസ്ഥാന ഗവര്‍ണ്ണര്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു.

ഏപ്രില്‍ 13ന് ബില്‍ സംബന്ധിച്ച് കൃഷി, പരിസ്ഥിതി, നിയമം, ജലവിഭവം, ഗ്രാമീണവികസനം തുടങ്ങിയ മന്ത്രാലയങ്ങളുടെ അഭിപ്രായം ആരാഞ്ഞുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തെഴുതി. എന്നാല്‍ വനം, പരിസ്ഥിതി, നിയമ മന്ത്രാലയങ്ങള്‍ ബില്‍ സംബന്ധിച്ച അഭിപ്രായങ്ങള്‍ ഇനിയും അറിയിച്ചിട്ടില്ല. ആഭ്യന്തര മന്ത്രാലയമാകട്ടെ എല്ലാ മന്ത്രാലയങ്ങളുടെയും അഭിപ്രായം വന്നതിനുശേഷം എന്തെങ്കിലും തീരുമാനമെടുക്കാമെന്ന നിലപാടിലാണ്.

അതേസമയം, പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ പാസാക്കിയ കേരള സംസ്ഥാനത്തിന്‍റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് കൊക്കകോള കമ്പനി നല്‍കിയ പരാതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്‍റെ വിശദീകരണം ആരാഞ്ഞുകൊണ്ട് കത്തയച്ചു. ഇത്തരത്തിലുള്ള നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാരിനാണ് അധികാരമെന്നും കേരള നിയമസഭ ഇല്ലാത്ത അധികാരം വിനിയോഗിക്കുകയായിരുന്നുവെന്നുമാണ് കമ്പനിയുടെ ആരോപണം. കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള ഹരിത ട്രൈബ്യൂണലിനെ കൂട്ടുപിടിച്ചുകൊണ്ടാണ് കൊക്കകോളയുടെ പ്രചരണങ്ങള്‍. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ഹരിത ട്രൈബ്യൂണല്‍ ബില്ലിന്‍റെ പരിധിയില്‍ പ്ലാച്ചിമട പ്രശ്‌നവും വരുമെന്നിരിക്കെ, പ്ലാച്ചിമടക്ക് മാത്രമായി മറ്റൊരു ബില്‍ കേരള നിയമസഭ പാസാക്കിയത് നിയമവിരുദ്ധമാണെന്നാണ് അവരുടെ വാദം.

എല്ലാ മന്ത്രാലയങ്ങളുടെയും മറുപടി ലഭ്യമാക്കാന്‍ ശാഠ്യം പിടിക്കാതിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൊക്കകോളയുടെ പരാതി ലഭിച്ചയുടന്‍ അതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണം തേടിയതിന്‍റെ പിന്നിലെ വൃത്തികെട്ട രാഷ്ട്രീയവും കാണാതെ പോകാനാവില്ല. ബില്ലിനേക്കാളും സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യത്തെക്കാളും കൊക്കകോള കമ്പനിയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിലകൊടുക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത് എന്ന ആരോപണം ശക്തമാണ്. സംസ്ഥാന സര്‍ക്കാരോട് വിശദീകരണം ചോദിച്ചതോടെ, ബില്ലിനെക്കുറിച്ച് അന്തിമ തീരുമാനത്തിമെടുക്കുന്നതിനുള്ള കാലതാമസത്തിന് കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

കേന്ദ്രത്തിന് മറുപടി നല്‍കാന്‍ വൈകുന്നതിന് സംസ്ഥാന സര്‍ക്കാരിന് പ്രത്യേകിച്ച് കാരണമൊന്നും പറയാനില്ലായിരുന്നു. അക്കാര്യത്തില്‍ വ്യക്തമായ നിലപാടെടുത്തിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ ഭാഷ്യം. ബില്‍ സഭയില്‍ ഏകകണ്ഠമായി പാസാക്കുന്ന സമയത്ത് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടി, മുഖ്യമന്ത്രി കസേരയിലിരിക്കുമ്പോഴാണ് ഇത്തരത്തിലൊരു നാടകം അരങ്ങേറുന്നത്. സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നതുപോലെ, കോണ്‍ഗ്രസ് നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനോടടുക്കുമ്പോള്‍ കോണ്‍ഗ്രസിന് ഉത്തരംമുട്ടുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഏകകണ്ഠമായി പാസാക്കിയ ഒരു ബില്ലിനെക്കുറിച്ച് അന്നത്തെ പ്രതിക്ഷവും ഇന്നത്തെ ഭരണപക്ഷവുമായവര്‍ വ്യക്തമായ നിലപാട് എടുത്തിട്ടില്ലെന്ന് പറയുന്നതിനെ പിന്നെങ്ങനെയാണ് കാണാനാവുക? എന്നിരുന്നാലും, കേന്ദ്രത്തിന് വിശദീകരണം നല്‍കിയെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ലഭിക്കുന്ന ഒടുവിലത്തെ വിവരം. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ട വിശദീകരണം നവം.18ന് തന്നെ സമര്‍പ്പിച്ചതായാണ് ജലവിഭവവകുപ്പ് മന്ത്രി പി ജെ ജോസഫ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചത്. നഷ്ടപരിഹാര ട്രൈബ്യൂണല്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പി ജെ ജോസഫ് വിയ്യൂര്‍ ജയിലിലേക്ക് അയച്ച കുറിപ്പില്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന്, പ്ലാച്ചിമട സമരസമതി-ഐക്യദാര്‍ഢ്യസമതി പ്രവര്‍ത്തകര്‍ വിയ്യൂര്‍ ജയിലില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ബില്‍ നടപ്പാക്കാന്‍ അനിശ്ചിതമായ കാലതാമസം വരുത്തുന്നുവെന്നാരോപിച്ചാണ് സമരസമിതി പ്രതിഷേധവുമായി രംഗത്തെത്തിയത്.

അതിനിടെ ബില്ലിന് ഉടന്‍ അംഗീകാരം നല്‍കണമെന്നും കൊക്കകോള കമ്പനിയുടെ വാദങ്ങള്‍ തള്ളകളയണമെന്നും ആവശ്യപ്പെട്ട് സാമൂഹ്യ, പരിസ്ഥിതി സംഘടനകളും രംഗത്തെത്തിയിരുന്നു. കൊക്കകോള പറയുന്നതുപോലെ പ്ലാച്ചിമട നിവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹരിത ട്രൈബ്യൂണലിന് കഴിയില്ലെന്നാണ് പരിസ്ഥിതി വിദഗ്ധര്‍ പറയുന്നത്. നഷ്ടപരിഹാരം നല്‍കുന്നതില്‍ നിന്നും ഒഴിവാകാനുള്ള കൊക്കകോള കമ്പനിയുടെ തന്ത്രം മാത്രമാണിതെന്ന് അവര്‍ ആരോപിക്കുന്നു. അഞ്ചുവര്‍ഷത്തിനുള്ളില്‍ സംഭവിച്ച പാരിസ്ഥിതിക നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനേ ഇനിയും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലാത്ത ഹരിത ട്രൈബ്യൂണലിന് അധികാരമുള്ളൂ. പ്ലാച്ചിമടയിലെ പ്രശ്‌നങ്ങളാകട്ടെ പത്തു വര്‍ഷം മുമ്പു തുടങ്ങിയതാണ്. പ്ലാച്ചിമടയിലെ പ്രധാനപ്പെട്ട നാശനഷ്ടങ്ങളെല്ലാം തന്നെ അഞ്ചു വര്‍ഷം മുമ്പ് സംഭവിച്ചതാണെന്ന് പ്ലാച്ചിമട ഉന്നതാധികാര സമിതി കണ്ടെത്തിയിരുന്നു. ചുരുക്കത്തില്‍ ഹരിത ട്രൈബ്യൂണലിനെ എടുത്തുപറഞ്ഞ് സംസ്ഥാനം കൊണ്ടുവന്ന പ്ലാച്ചിമട ട്രൈബ്യൂണലിനെ ഇല്ലാതാക്കി നഷ്ടപരിഹാരം നല്‍കുന്നതില്‍ നിന്നും രക്ഷപ്പെടുക എന്ന എളുപ്പവഴി തേടുകയാണ് കമ്പനി.

ബില്‍ നടപ്പാക്കാതിരിക്കാനുള്ള നീക്കമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നും സംഭവിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് ജനവഞ്ചനയാണെന്ന് പത്രപ്രവര്‍ത്തക ലീലാ മേനോന്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ പറഞ്ഞിരുന്നു. പ്ലാച്ചിമട നഷ്‌ടപരിഹാര ട്രൈബ്യൂണല്‍ ബില്ലിന്‍റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യതാനന്ദന്‍ ആരോപിക്കുന്നു. അതേസമയം, കേരള നിയമസഭ പാസ്സാക്കിയ ബില്‍ രാഷ്ട്രപതിക്ക് അയച്ചുകൊടുക്കേണ്ട നിയമപരമായ ബാധ്യത ഉണ്ടായിരുന്നില്ല എന്ന് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നിരുന്നാലും ഒടുവില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനത്തിന് കാക്കുകയാണ് ബില്‍. ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ കാലതാമസത്തിന്‍റെ പേരില്‍ തടിതപ്പിയ കേന്ദ്രം ഇനിയെങ്ങനെ അത് കൈകാര്യം ചെയ്യുമെന്നതാണ് പ്രധാനം. ബില്‍ സംബന്ധിച്ച് ഇനിയും മറുപടി ലഭിക്കാത്ത മന്ത്രാലയങ്ങളോട് അഭിപ്രായം ആരായുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ത്തിയാക്കേണ്ടി വരും. അതിനൊപ്പം കേന്ദ്ര ഹരിത ട്രൈബ്യൂണലിന്‍റെ വെളിച്ചത്തില്‍ കൊക്കകോള കമ്പനി നടത്തിയ പ്രചരണങ്ങളെ സംസ്ഥാന സര്‍ക്കാര്‍ എപ്രകാരമാണ് പ്രതിരോധിച്ചിരിക്കുന്നതിന്‍റെയും കേന്ദ്ര സര്‍ക്കാര്‍ അതിനനുസരിച്ച് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്‍റെയും അടിസ്ഥാനത്തിലാണ് ബില്ലിന്‍റെ ഭാവി നിശ്ചയിക്കപ്പെടുന്നത്. സംസ്ഥാനത്തെ ഒരു മന്ത്രിയുടെ ഉറപ്പില്‍ മാത്രം ഒതുങ്ങുന്നതല്ല ഇതെന്ന് ചുരുക്കം. കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്താല്‍ അതിനെ സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ സ്വീകരിക്കുമെന്നതും നിര്‍ണ്ണായകമാണ്. അങ്ങനെ വരുമ്പോള്‍ ബില്‍ സംബന്ധിച്ച അന്തിമ തീരുമാനത്തിന് ഇനിയും കാലങ്ങള്‍ കാത്തിരിക്കേണ്ടിവരും.

വൈകിയ നീതി - വൈകുന്ന നീതി - നീതിനിഷേധത്തിനു തുല്യമെന്ന നീതിവാക്യം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.